അലഖ് (ഭ്രൂണം)
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 19
വിഭാഗം - 1
നബി (ﷺ) തിരുമേനിക്ക് ഒന്നാമതായി അവതരിച്ച ഖുര്‍ആന്‍ വചനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ സൂറത്ത്. തിരുമേനിക്ക് പ്രവാചകത്വം സിദ്ധിച്ചതും അതോട് കൂടിയാണ്. ഇമാം അഹ്‌മദ്, ബുഖാരി, മുസ്‌ലിം (رَحِمَهُمُ الله) മുതലായവര്‍ ആയിശ (رَضِيَ اللهُ عَنْها) യില്‍ നിന്ന് ഉദ്ധരിച്ചിട്ടുള്ള ആ സംഭത്തിന്റെ സംഗ്രഹം ഇപ്രകാരമാകുന്നു:-
‘റസൂല്‍ (ﷺ) തിരുമേനിക്ക് ആദ്യം ഉണ്ടായത് യഥാര്‍ത്ഥമായിപ്പുലരുന്ന സ്വപ്നങ്ങള്‍ കാണലായിരുന്നു. പിന്നീട് ജനങ്ങളില്‍ നിന്നും ഒഴിവായിരിക്കുവാന്‍ ആഗ്രഹം തോന്നി. അങ്ങനെ, അവിടെ നിന്ന് ഹിറാമലയിലെ ഗുഹയില്‍ ചെന്ന് കുറെ ദിവസങ്ങളോളം വീട്ടിലേക്ക് വരാതെ അവിടെ ആരാധന നടത്തികൊണ്ടിരിക്കുമായിരുന്നു. കൊണ്ടുപോയ ഭക്ഷണ സാധനങ്ങള്‍ തീരുമ്പോള്‍ വീണ്ടും ഖദീജ (رَضِيَ اللهُ عَنْها) യുടെ അടുക്കല്‍വന്ന് അത്ര നാളത്തേക്കുള്ള ഭക്ഷണം കൊണ്ടുപോകും. ഇങ്ങനെ, ഒരുദിവസം പെട്ടന്ന് ഗുഹയില്‍വെച്ച് ആ യഥാര്‍ത്ഥം സംഭവിച്ചു. മലക്ക് വന്ന് ഞാന്‍ ജിബ്രീലാണെന്നും, താങ്കള്‍ ഈ സമുദായത്തിലേക്ക് അല്ലാഹുവിന്റെ റസൂലാണെന്നും സന്തോഷവാര്‍ത്ത അറിയിച്ചു. അനന്തരം മലക്ക് ‘ഓതുക (اقرأ)’ എന്ന് പറഞ്ഞു. തിരുമേനി പറഞ്ഞു: ‘ഞാന്‍ ഓതുന്നവനല്ല (مَا أَنَا بِقَارِئٍ)’. തിരുമേനി പറയുകയാണ്: ‘അപ്പോള്‍, എനിക്ക് വിഷമം അനുഭവപ്പെടുമാറ് മലക്ക് എന്നെ കൂട്ടിപ്പിടിച്ചു. പിന്നീട് എന്നെ വിട്ടുകൊണ്ട് ഓതുക എന്ന് വീണ്ടും പറഞ്ഞു. ഞാന്‍ ഓതുന്നവനല്ല (എനിക്ക് ഓതാന്‍ അറിഞ്ഞുകൂടാ) എന്ന് ഞാനും പറഞ്ഞു. രണ്ടാമതും മൂന്നാമതും അദ്ദേഹം അങ്ങിനെ എന്നെ കൂട്ടിപ്പിടിച്ചു വിടുകയുണ്ടായി. എന്നിട്ട് ٱقۡرَأۡ بِٱسۡمِ رَبِّكَ ٱلَّذِى خَلَقَ ….عَلَّم ٱلۡإِنسَـٰنَ مَا لَمۡ يَعۡلَمۡ എന്നീ (1 മുതല്‍ 5 കൂടി) വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചുതന്നു’.
അനന്തരം തിരുമേനി (ﷺ) വിറച്ച് കൊണ്ട് വീട്ടില്‍ ചെന്ന്. ‘എനിക്ക് വസ്ത്രമിട്ട് പുതച്ചു തരുവിന്‍, പുതച്ചു തരുവിന്‍ (زملوني زملوني)’ എന്ന് പറഞ്ഞു. പരിഭ്രമം നീങ്ങിയപ്പോള്‍ ഖദീജ: (رضي الله عنها) യോട് വിവരം പറഞ്ഞു. അവര്‍ ഇങ്ങനെ സമാധാനിപ്പിച്ചു: ‘പേടിക്കേണ്ട! സന്തോഷപ്പെട്ടുകൊള്ളുക. അല്ലാഹു അങ്ങയെ ഒരിക്കലും അപമാനപെടുത്തുകയില്ല. അവിടുന്ന് കുടുംബബന്ധം പാലിക്കുകയും, അന്യരുടെ ഞെരുക്കം ഏറ്റെടുക്കുകയും, ഇല്ലാത്തവന് സഹായം നല്‍കുകയും, അതിഥികളെ സല്‍കരിക്കുകയും, വേണ്ടപ്പെട്ട കാര്യങ്ങളില്‍ സഹായസഹകരണം ചെയ്യുകയും ചെയ്യുന്ന ആളാണല്ലോ.’ പിന്നീട് ഖദീജ (رضي الله عنها) തിരുമേനിയെയും കൊണ്ട് തന്റെ പ്രിതൃവ്യപുത്രനും വയോധികനുമായ വറഖത്തുബ്നു നൗഫലിന്റെ അടുക്കല്‍ പോയി. അദ്ധേഹം നസ്രാനി (ക്രിസ്തു മതം സ്വീകരിച്ചവന്‍) ആയിട്ടുണ്ടായിരുന്നു. അദ്ദേഹം അറബി എഴുതുകയും, ഇഞ്ചീലില്‍ നിന്ന് ചില ഭാഗങ്ങള്‍ അറബി ഭാഷയില്‍ എഴുതി എടുക്കുകയും ചെയ്യുമായിരുന്നു. തിരുമേനി കണ്ട വര്‍ത്തമാനം അദ്ദേഹത്തെ അറിയിച്ചു. അത് കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അത് മൂസ (عليه السلام) നബിയുടെ അടുക്കല്‍ വരാറുണ്ടായിരുന്ന ആ മഹാദൂതനത്രേ. താങ്കളെ താങ്കളുടെ ജനത പുറത്താക്കുന്ന അവസരത്തില്‍ ഞാന്‍ ജീവനോടിരിക്കുന്നുണ്ടെങ്കില്‍ നന്നായിരുന്നു!’ തിരുമേനി ചോദിച്ചു: ‘അവര്‍ എന്നെ പുറത്താക്കുമോ! അദ്ദേഹം പറഞ്ഞു: ‘താങ്കള്‍ കൊണ്ടുവന്നതുപോലെയുള്ള കാര്യവുമായി വരുന്ന ആരും തന്നെ ഉപദ്രവിക്കപ്പെടാതിരിക്കയില്ല. ഞാന്‍ അന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ താങ്കള്‍ക്ക് ഞാന്‍ ശക്തിമത്തായ സഹായം ചെയ്യുമായിരുന്നു’. അധികം താമസിയാതെ വറഖത്തു മരണമടയുകയാണ് ഉണ്ടായത്…..’ (അ; ബു; മു.)
ഈ സൂറത്തിലെ ആദ്യത്തെ അഞ്ചു വചനങ്ങളാണ് നബി (ﷺ) ക്ക് ഒന്നാമതായി അവതരിച്ച ഖുര്‍ആന്‍ വചനങ്ങളെന്ന് ഇതില്‍ നിന്നും വ്യക്തമായല്ലോ. പിന്നീട്, പ്രബോധനം ആരംഭിക്കുകയും, ഖുറൈശികളുടെ നിഷേധം മുഴുത്തുവരികയും ചെയ്തപ്പോഴാണ് ബാക്കിഭാഗം അവതരിച്ചതെന്നാണ് മനസ്സിലാകുന്നത്. ആദ്യവചനങ്ങളുടെയും പിന്നീടുള്ള വചനങ്ങളുടേയും ഉള്ളടക്കംകൊണ്ട് ഇത് മനസ്സിലാക്കാവുന്നതാണ്. والله اعلم