ഹശ്ര്‍ (തുരത്തിയോടിക്കല്‍)
മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 24 – വിഭാഗം (റുകൂഅ്) 3
‘അല്‍ഹശ്ര്‍ ‘ (തുരത്തിവിടല്‍ അഥവാ നാടുകടത്തല്‍) എന്ന പേരില്‍ അറിയപ്പെടുന്ന ഈ അദ്ധ്യായത്തിലെ പ്രധാനവിഷയം ‘ബനൂനള്വീര്‍’ എന്ന യഹൂദി ഗോത്രവും, അവരെ മദീനായില്‍നിന്നു നാടുകടത്തിവിട്ട സംഭവവുമാകുന്നു. അതുകൊണ്ട് – ഇമാം ബുഖാരീ (رحمه الله) രേഖപ്പെടുത്തിയതുപോലെ – ഈ സൂറത്തിന്നു – സൂറത്തുല്‍ ന്നള്വീര്‍ എന്നും ഇബ്നു അബ്ബാസ് (رَضِيَ اللهُ عَنْهُ) പേരു പറഞ്ഞിരിക്കുന്നു.
മദീനാപരിസരങ്ങളില്‍ വസിച്ചിരുന്ന രണ്ടു യഹൂദി ഗോത്രങ്ങളായിരുന്നു ‘ഖുറൈളഃ’യും, ‘നള്വീറും.’ ഈ രണ്ടു ഗോത്രങ്ങളുമായും നബി (ﷺ) സമാധാനസഖ്യം സ്ഥാപിച്ചിരുന്നു. പക്ഷേ, വിശ്വാസവഞ്ചനയും, ചതിയും അവരുടെ പ്രകൃതിയായി മാറിയിരുന്നു. ഖന്‍ദഖു യുദ്ധത്തില്‍ മുസ്‌ലീംകള്‍ക്കെതിരില്‍ ഖുറൈളഃ ഗോത്രം ഖുറൈശികളെ സഹായിച്ചു. അതിനെത്തുടര്‍ന്നു നബി (ﷺ) അവരുടെ നേര്‍ക്കു പടയെടുക്കുകയുണ്ടായി. ഈ വിവരം സൂഃ അഹ്സാബില്‍ വിവരിക്കപ്പെട്ടിട്ടുണ്ടല്ലോ. നള്വീര്‍ ഗോത്രവും ഉടമ്പടിക്കെതിരായ പല വഞ്ചനകളും നടത്തി. അവരുടെ ഒരു നേതാവായിരുന്ന കഅ്ബുബ്നുല്‍ അശ്റഫ് (كعب بن الاشرف) ഒരു കവിയായിരുന്നു. അവന്‍ നബി (ﷺ) യെയും സത്യവിശ്വാസികളെയും പഴിച്ചുകൊണ്ടു കവിതകള്‍ രചിച്ചു പ്രചരിപ്പിക്കുകയും, അവര്‍ക്കെതിരായി ഖുറൈശികളെ ഇളക്കി വിടുകയും ചെയ്തിരുന്നു. കഅ്ബിനെക്കൊണ്ടു പൊറുതിമുട്ടിയപ്പോള്‍, നബി (ﷺ) അവനെ ഉപായത്തില്‍ കൊലപ്പെടുത്തുവാന്‍ ഏര്‍പ്പാട് ചെയ്കയുണ്ടായി.
ഒരിക്കല്‍ നബി (ﷺ) തിരുമേനിയും ചില സഹാബികളും കൂടി അവരുടെ വാസസ്ഥലത്തു ചെന്നിരുന്ന അവസരത്തില്‍, ഒരു കെട്ടിടത്തിന്‍റെ മുകളില്‍ വമ്പിച്ച ഒരു പാറക്കല്ലുമായി കാത്തിരുന്ന് നബി (ﷺ) താഴെ നടന്നു പോകുന്ന തക്കംനോക്കി തലയ്ക്കിടുവാന്‍ അവന്‍ ഗൂഢമായി ശട്ടംകെട്ടി. അല്ലാഹു തിരുമേനി (ﷺ) ക്കു ഈ വിവരം വഹ്യുമൂലം അറിയിച്ചു. നബി (ﷺ) തിരുമേനി അവരുടെ ചതിയില്‍പെടാതെ രക്ഷപെട്ടു. അനന്തരം തിരുമേനി (ﷺ) ഒരു സൈന്യം തയ്യാറാക്കി. നള്വീര്‍ ഗോത്രത്തോടു മദീനാവിട്ടു പോയിക്കൊള്ളണമെന്ന് ആള്‍ മുഖേന അറിയിച്ചു. ‘അതിനെക്കാള്‍ ഭേദം മരിക്കുകയാണ്’ എന്നായിരുന്നു അവരുടെ മറുപടി. കപടവിശ്വാസികളുടെ നേതാവായിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യും അവന്‍റെ അനുയായികളും അവസരം പാഴാക്കിയില്ല. അവര്‍ യഹൂദികളെ സമീപിച്ചു യുദ്ധത്തിനു പ്രേരിപ്പിച്ചു. ‘നാടുവിട്ടു ഒരിക്കലും പോകരുത്; വേണ്ടിവന്നാല്‍ ഞങ്ങളും നിങ്ങളുടെകൂടെ പോന്നുകൊള്ളാം; മുസ്‌ലിംകള്‍ക്കെതിരില്‍ യുദ്ധം ചെയ്തു ഞങ്ങള്‍ നിങ്ങളെ സഹായിക്കും’ എന്നെല്ലാം അവര്‍ തട്ടിവിട്ടു. അങ്ങിനെ യഹൂദികള്‍ തങ്ങളുടെ ശക്തമായ കോട്ടകള്‍ക്കുള്ളില്‍ അടച്ചിരുന്നു. നബി (ﷺ) യുടെ സൈന്യം ഇരുപത്തൊന്നു ദിവസം കോട്ട ഉപരോധം ചെയ്തു. കോട്ടയില്‍നിന്നു വെളിക്കുവരുവാന്‍ അവരെ നിര്‍ബന്ധിതരാക്കുമാറു കോട്ടക്കു വെളിയിലുണ്ടായിരുന്ന അവരുടെ കുറെ ഈത്തപ്പനകള്‍ മുസ്‌ലിംകള്‍ മുറിച്ചുവീഴ്ത്തി. കപടവിശ്വാസികളുടെ ഭാഗത്തുനിന്നു യാതൊരു സഹായവും അവര്‍ക്കു ലഭിച്ചതുമില്ല. എല്ലാംകൂടി യഹൂദികള്‍ക്കു അല്ലാഹു ഭീതി ഉളവാക്കി. ഒടുക്കം അവര്‍ സന്ധിക്കപേക്ഷിച്ചു. തിരുമേനി (ﷺ) ആ അപേക്ഷ നിരസിക്കുകയും നാടുവിടുക തന്നെ വേണമെന്നു നിര്‍ബന്ധിക്കുകയും ചെയ്തു.
ഓരോ മുമ്മൂന്നു വീട്ടുകാര്‍ക്കും ഒരു ഒട്ടകപ്പുറത്തു കൊണ്ടുപോകാവുന്ന വീട്ടുസാമാനങ്ങള്‍ സഹിതം, യാതൊരു യുദ്ധസാമഗ്രികളും കൂടാതെ കടന്നുപോകണമെന്നായിരുന്നു നബി (ﷺ) യുടെ കല്‍പന. അങ്ങിനെ കഴിയുന്നത്ര സാമാനങ്ങള്‍ കൂടെ എടുത്തുകൊണ്ടും, മുസ്‌ലിംകള്‍ക്കു ലഭിക്കാതിരിക്കുവാനായി കഴിയുന്നിടത്തോളം സാധനങ്ങള്‍ സ്വന്തം കൈകളാല്‍ നശിപ്പിച്ചുകൊണ്ടും അവര്‍ കൂട്ടത്തോടെ സ്ഥലംവിട്ടു. അവരില്‍ രണ്ടു കുടുംബങ്ങലൊഴിച്ചു ബാക്കിയുള്ളവര്‍ ശാമിലേക്കു (സിരിയയിലേക്കു) നീങ്ങി. അരീഹാ, അദ്രിആത്ത് (اريحاء, اذرعات) എന്നിവിടങ്ങളില്‍ താമസമാക്കി. രണ്ടു കുടുംബങ്ങളില്‍ ഒന്നു ഖൈബറിലേക്കും, മറ്റേതു ഹീറഃയിലേക്കുമാണ് മാറിത്താമസിച്ചത്. അമ്പതു പടഅങ്കികളും, അമ്പതു പടത്തൊപ്പികളും അടങ്ങുന്ന കുറെ യുദ്ധസാമഗ്രികളും, അവര്‍ വിട്ടേച്ചുപോയ മറ്റു സ്വത്തുക്കളും നബി (ﷺ) ക്കു അധീനമാക്കുകയും ചെയ്തു. കൂടുതല്‍ വിവരം സൂറത്തില്‍വെച്ചു കാണാവുന്നതാണ്.
‘തസ്ബീഹി’ന്‍റെ വാചകംകൊണ്ടു ആരംഭിക്കുന്ന രണ്ടാമത്തെ സൂറത്താണിത്. ഒന്നാമത്തേതായ സൂറത്തുല്‍ ഹദീദിന്റെ ആരംഭത്തില്‍ പ്രസ്താവിച്ച കാര്യങ്ങള്‍ ഇവിടെയും, ഇതുപോലെ താഴെ വരുന്ന സൂറത്തുകളിലും സ്മരണീയമത്രെ. എല്ലാ സ്തോത്രകീര്‍ത്തനങ്ങള്‍ക്കും അല്ലാഹുവിനുള്ള അര്‍ഹതയെ ഉദാഹരിക്കുന്നതായിരിക്കും തുടര്‍ന്നുള്ള ആയത്തുകളിലെ പ്രതിപാദ്യവിഷയങ്ങളെന്നു കാണാവുന്നതാണ്.
هُوَ അവന്‍ الَّذِي أَخْرَجَ പുറത്താക്കിയവനാണ് الَّذِينَ كَفَرُوا അവിശ്വസിച്ചവരെ مِنْ أَهْلِ الْكِتَابِ വേദക്കാരില്‍ നിന്നു مِن دِيَارِهِمْ അവരുടെ വാസസ്ഥലങ്ങളില്‍നിന്നു لِأَوَّلِ الْحَشْرِ ഒന്നാമത്തെ തുരത്തലില്‍, നാടുകടത്തലിനുവേണ്ടി مَا ظَنَنتُمْ നിങ്ങള്‍ ധരിച്ചില്ല أَن يَخْرُجُوا അവര്‍ പുറത്തുപോകുമെന്നു وَظَنُّوا അവര്‍ ധരിക്കയും ചെയ്തു أَنَّهُم നിശ്ചയമായും അവരാണെന്നു مَّانِعَتُهُمْ അവരെ തടയുന്ന (രക്ഷിക്കുന്ന) താണെന്നു حُصُونُهُم അവരുടെ കോട്ടകള്‍ مِّنَ اللَّـهِ അല്ലാഹുവില്‍ നിന്നു فَأَتَاهُمُ اللَّـهُ എന്നാല്‍ അല്ലാഹു അവരുടെ അടുക്കല്‍ചെന്നു مِنْ حَيْثُ വിധത്തില്‍ കൂടി, വിധേന لَمْ يَحْتَسِبُوا അവര്‍ വിചാരിക്കാത്ത, കണക്കാക്കാത്ത وَقَذَفَ അവന്‍ ഇടുകയും ചെയ്തു فِي قُلُوبِهِمُ അവരുടെ ഹൃദയങ്ങളില്‍ الرُّعْبَ ഭീതി, പേടി يُخْرِبُونَ അവര്‍ കേടുവരുത്തി (നാശപ്പെടുത്തി, ശൂന്യമാക്കി)യിരുന്നു بُيُوتَهُم തങ്ങളുടെ വീടുകളെ بِأَيْدِيهِمْ തങ്ങളുടെ കൈകളാല്‍ وَأَيْدِي الْمُؤْمِنِينَ സത്യവിശ്വാസികളുടെ കൈകളാലും فَاعْتَبِرُوا അപ്പോള്‍ (അതിനാല്‍) ഉറ്റാലോചിക്കുവിന്‍, ചിന്തിക്കുവിന്‍ يَا أُولِي الْأَبْصَارِ കാഴ്ചകള്‍ (കണ്ണുകള്‍) ഉള്ളവരെ.
59:2വേദക്കാരില്‍ നിന്നു അവിശ്വസിച്ചവരെ ഒന്നാമത്തെ തുരത്തലില്‍ തങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു പുറത്താക്കിയവനാണ് അവന്‍. അവര്‍ പുറത്തുപോകുമെന്ന് നിങ്ങള്‍ ധരിച്ചില്ല. തങ്ങളുടെ കോട്ടകള്‍ തങ്ങളെ അല്ലാഹുവില്‍നിന്നു (തടുത്തു) രക്ഷിക്കുന്നവയാണെന്ന് അവര്‍ ധരിക്കയും ചെയ്തു. എന്നാല്‍, അവര്‍ കണക്കാക്കാത്തവിധത്തില്‍കൂടി അല്ലാഹു അവരുടെ അടുക്കല്‍ ചെന്നു; അവരുടെ ഹൃദയങ്ങളില്‍ അവ൯ ഭീതി ഇട്ടേക്കുകയും ചെയ്തു. തങ്ങളുടെ വീടുകളെ അവര്‍, തങ്ങളുടെ കൈകളാല്‍ നശിപ്പിച്ചിരുന്നു; സത്യവിശ്വാസികളുടെ കൈകളാലും (നശിപ്പിച്ചിരുന്നു). അപ്പോള്‍ - കാഴ്ചയുള്ള ആളുകളേ-നിങ്ങള്‍ ഉറ്റാലോചിച്ചു നോക്കുവിന്‍ !
وَلَوْلَا ഇല്ലെങ്കിലും, ഇല്ലായിരുന്നാലും أَن كَتَبَ എഴുതിവെക്കല്‍, രേഖപ്പെടുത്തല്‍, നിയമിക്കല്‍ اللَّـهُ അല്ലാഹു عَلَيْهِمُ അവരുടെ മേല്‍ الْجَلَاءَ നാടുവിടല്‍, വെളിക്കുപോകല്‍, കടന്നുപോക്കു لَعَذَّبَهُمْ അവരെ അവന്‍ ശിക്ഷിക്കുക തന്നെ ചെയ്യുമായിരുന്നു فِي الدُّنْيَا ഇഹത്തില്‍ وَلَهُمْ അവര്‍ക്കുണ്ട് താനും فِي الْآخِرَةِ പരലോകത്തില്‍ عَذَابُ النَّارِ നരകശിക്ഷ.
59:3(ഈ) നാടുകടന്നുപോകല്‍ അവരുടെ മേല്‍ അല്ലാഹു (വിധിച്ച്) രേഖപ്പെടുത്തലുണ്ടായിരുന്നില്ലെങ്കിലും, ഇഹത്തില്‍ വെച്ചു അവരെ അവന്‍ (മറ്റുവിധേന) ശിക്ഷിക്കുകതന്നെ ചെയ്യുമായിരുന്നു. പരലോകത്തില്‍ നരകശിക്ഷയും അവര്‍ക്കുണ്ട്.
59:5(സത്യവിശ്വാസികളേ) നിങ്ങള്‍ ഈന്തപ്പനയില്‍ നിന്നു (വല്ലതും) മുറിക്കുകയോ, അല്ലെങ്കില്‍ അവയെ അവയുടെ മുരടുകളില്‍ നിലകൊള്ളുന്നതായി വിട്ടേക്കുകയോ ചെയ്തിട്ടുള്ളതു അല്ലാഹുവിന്‍റെ സമ്മതപ്രകാരമാകുന്നു; (ആ) തോന്നിയവാസികളെ അപമാനപ്പെടുത്തുവാന്‍ വേണ്ടിയും ആകുന്നു.
59:6അവരില്‍നിന്നു അല്ലാഹു തന്‍റെ റസൂലിനു കൈവരുത്തി ("ഫൈആ"ക്കി) ക്കൊടുത്തതു എന്തോ (അതു), അതിനായി നിങ്ങള്‍ കുതിരകളെയോ, (ഒട്ടക) വാഹനങ്ങളോ ഓട്ടുകയുണ്ടായിട്ടില്ല. എങ്കിലും, അല്ലാഹു ഉദ്ദേശിക്കുന്നവരുടെമേല്‍ അവന്‍ തന്‍റെ റസൂലുകളെ അധികാരപ്പെടുത്തുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്.
59:9അവരുടെ മുമ്പായി [മുഹാജിറുകളുടെ വരവിനുമുമ്പായി] വാസസ്ഥലവും സത്യവിശ്വാസവും സ്വീകരിച്ചു ]സൗകര്യപ്പെടുത്തി] വെച്ചവരും (ആയ ദരിദ്രന്‍മാര്‍ക്കും). തങ്ങളുടെ അടുക്കലേക്കു ഹിജ്രവന്ന [നാടുവിട്ടുവന്ന] വരെ അവര്‍ സ്നേഹിക്കുന്നു; തങ്ങള്‍ക്കു നല്കപ്പെട്ടതു സംബന്ധിച്ച് അവരുടെ നെഞ്ചു [മനസ്സു] കളില്‍ യാതൊരാവശ്യവും അവര്‍ കണ്ടെത്തുന്നുമില്ല! തങ്ങളില്‍ വല്ലവിടവും (അഥവാ ദാരിദ്ര്യം) ഉണ്ടായിരുന്നാല്‍ പോലും അവര്‍ തങ്ങളുടെ ദേഹങ്ങളെക്കാള്‍ (മറ്റുള്ളവര്‍ക്കു) പ്രാധാന്യം നല്‍കുകയും ചെയ്യുന്നു! ഏതൊരുവന്‍ തന്‍റെ മനസ്സിന്‍റെ പിശുക്കില്‍ (അഥവാ ആര്‍ത്തിയില്‍) നിന്നു കാത്തു രക്ഷിക്കപ്പെടുന്നുവോ, അങ്ങിനെയുള്ളവര്‍ തന്നെയാണ് വിജയികള്‍.
وَالَّذِينَ جَاءُوا വന്നവരും مِن بَعْدِهِمْ അവരുടെശേഷം يَقُولُونَ അവര്‍ പറയും, പറയുന്നു رَبَّنَا ഞങ്ങളുടെ റബ്ബേ اغْفِرْ لَنَا ഞങ്ങള്‍ക്കു പൊറുത്തു തരേണമേ وَلِإِخْوَانِنَا ഞങ്ങളുടെ സഹോദരങ്ങള്‍ക്കും الَّذِينَ سَبَقُونَا ഞങ്ങള്‍ക്കു മുന്‍കഴിഞ്ഞ (മുന്‍കടന്ന) വരായ بِالْإِيمَانِ സത്യവിശ്വാസത്തോടെ وَلَا تَجْعَلْ ആക്കരുതേ, ഉണ്ടാക്കരുതേ فِي قُلُوبِنَا ഞങ്ങളുടെ ഹൃദയങ്ങളില്‍ غِلًّا വിദ്വേഷം, പക, ചതി, കെട്ടിക്കുടുക്ക് لِّلَّذِينَ آمَنُوا വിശ്വസിച്ചവരോടു رَبَّنَا ഞങ്ങളുടെ റബ്ബേ إِنَّكَ നിശ്ചയമായും നീ رَءُوفٌ വളരെ കൃപ(ദയ) ഉള്ളവനാണു رَّحِيمٌ കരുണാനിധിയാണു.
59:10അവരുടെ ശേഷം വന്നവരും (ആയദരിദ്രന്മാര്‍ക്കും). അവര്‍ പറയും: "ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്കും, സത്യവിശ്വാസത്തോടെ ഞങ്ങള്‍ക്കു മുന്‍കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ! "സത്യവിശ്വാസം സ്വീകരിച്ചവരോടു ഞങ്ങളുടെ ഹൃദയങ്ങളില്‍ ഒരു വിദ്വേഷവും (അഥവാ പകയും) ഉണ്ടാക്കരുതേ! ഞങ്ങളുടെ റബ്ബേ! നിശ്ചയമായും നീ വളരെ കൃപയുള്ളവനാണ്, കരുണാനിധിയാണ്".
أَلَمْ تَرَ നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الَّذِينَ യാതൊരുവരിലേക്കു نَافَقُوا കപടത പ്രവര്‍ത്തിച്ച (കപടവിശ്വാസം സ്വീകരിച്ച) يَقُولُونَ അവര്‍ പറയുന്നു لِإِخْوَانِهِمُ തങ്ങളുടെ സഹോദരന്‍മാരോടു الَّذِينَ كَفَرُوا അവിശ്വസിച്ചവരായ مِنْ أَهْلِ الْكِتَابِ വേദക്കാരിൽ നിന്ന് لَئِنْ أُخْرِجْتُمْ നിങ്ങള്‍ ബഹിഷ്ക്കരിക്കപ്പെട്ടുവെങ്കില്‍ لَنَخْرُجَنَّ നിശ്ചയമായും ഞങ്ങള്‍ പുറപ്പെടും, പുറത്തുപോകും مَعَكُمْ നിങ്ങളുടെ കൂടെ, ഒപ്പം وَلَا نُطِيعُ ഞങ്ങള്‍ അനുസരിക്കുകയുമില്ല فِيكُمْ നിങ്ങളുടെ വിഷയത്തില്‍ أَحَدًا ഒരാളെയും أَبَدًا ഒരു കാലത്തും وَإِن قُوتِلْتُمْ നിങ്ങളോടു യുദ്ധം ചെയ്യപ്പെട്ടുവെങ്കിലോ لَنَنصُرَنَّكُمْ നിശ്ചയമായും ഞങ്ങള്‍ നിങ്ങളെ സഹായിക്കും وَاللَّـهُ يَشْهَدُ അല്ലാഹു സാക്ഷ്യം വഹിക്കുന്നു, സാക്ഷ്യപ്പെടുത്തുന്നു إِنَّهُمْ നിശ്ചയമായും അവര്‍ لَكَاذِبُونَ വ്യാജം പറയുന്നവര്‍ തന്നെ എന്ന്
59:11(നബിയേ) കപടതകാണിക്കുന്നവരെ നീ കണ്ടില്ലേ? വേദക്കാരിൽ നിന്ന് അവിശ്വസിച്ചവരായ തങ്ങളുടെ സഹോദരന്‍മാരോടു അവര്‍ പറയുന്നു: "നിങ്ങള്‍ പുറത്താക്കപ്പെട്ടുവെങ്കില്‍, നിശ്ചയമായും, ഞങ്ങളും നിങ്ങളോടൊപ്പം പുറപ്പെടുകതന്നെ ചെയ്യും; നിങ്ങളുടെ വിഷയത്തില്‍ ഒരാളെയും ഒരു കാലത്തും ഞങ്ങള്‍ അനുസരിക്കുന്നതുമല്ല; നിങ്ങളോടു യുദ്ധം ചെയ്യപ്പെട്ടുവെങ്കിലോ, നിശ്ചയമായും ഞങ്ങള്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും." അല്ലാഹു സാക്ഷ്യപ്പെടുത്തുന്നു: നിശ്ചയമായും അവര്‍ വ്യാജം പറയുന്നവരാകുന്നു എന്ന്.
لَئِنْ أُخْرِجُوا അവര്‍ പുറത്താക്കപ്പെട്ടുവെങ്കില്‍ لَا يَخْرُجُونَ ഇവര്‍ പുറത്തുപോകുയില്ല, പുറപ്പെടുകയില്ല مَعَهُمْ അവരുടെ ഒപ്പം وَلَئِن قُوتِلُوا അവരോടു യുദ്ധം ചെയ്യപ്പെട്ടെങ്കിലോ لَا يَنصُرُونَهُمْ ഇവര്‍ അവരെ സഹായിക്കയില്ല وَلَئِن نَّصَرُوهُمْ അവരെ ഇവര്‍ സഹായിച്ചാല്‍തന്നെയും لَيُوَلُّنَّ الْأَدْبَارَ ഇവര്‍ പിന്‍തിരിഞ്ഞോടും ثُمَّ لَا يُنصَرُونَ പിന്നെ അവര്‍ സഹായിക്കപ്പെടുക (അവര്‍ക്കു സഹായം ലഭിക്കുക) യില്ല.
59:12അവര്‍ പുറത്താക്കപ്പെട്ടുവെങ്കില്‍, ഇവര്‍ [കപടവിശ്വാസികള്‍] അവരൊന്നിച്ചു പുറപ്പെട്ടു പോകയില്ലതന്നെ; അവരോടു യുദ്ധം ചെയ്യപ്പെട്ടുവെങ്കില്‍ ഇവര്‍ അവരെ സഹായിക്കുകയുമില്ല;
അവരെ ഇവര്‍ സഹായിച്ചാല്‍ തന്നെയും ഇവര്‍ നിശ്ചയമായും, പിന്‍തിരിഞ്ഞോടുന്നതാണ്. പിന്നീടു അവര്‍ക്കു സഹായം ലഭിക്കുന്നതല്ല.
لَأَنتُمْ നിങ്ങള്‍, നിങ്ങള്‍തന്നെ أَشَدُّ رَهْبَةً പേടിയില്‍ അധികം കാഠിന്യമുള്ളവരാണു (അധികം പേടിക്കപ്പെടുന്നവരാണ്) فِي صُدُورِهِم അവരുടെ നെഞ്ചു (ഹൃദയം) കളില്‍ مِّنَ اللَّـهِ അല്ലാഹുവിനെക്കാളും ذَٰلِكَ അതു بِأَنَّهُمْ قَوْمٌ അവര്‍ ഒരു ജനതയാണെന്നതുകൊണ്ടാണു لَّا يَفْقَهُونَ ഗ്രഹിക്കാത്ത, കാര്യം തിരിയാത്ത.
59:13നിശ്ചയമായും, നിങ്ങളാണ് അവരുടെ നെഞ്ചു [മനസ്സു]കളില്‍ അല്ലാഹുവിനെക്കാള്‍ കഠിനമായി ഭയമുള്ളത്. അതു് അവര്‍ (കാര്യം) ഗ്രഹിക്കാത്ത ഒരു ജനതയാണെന്നുള്ളതു കൊണ്ടാകുന്നു.
لَا يُقَاتِلُونَكُمْ അവര്‍ നിങ്ങളോടു യുദ്ധം ചെയ്കയില്ല جَمِيعًا മുഴുവനായിട്ടു (യോജിച്ചു-ഒരുമിച്ചു-സംഘടിച്ചുകൊണ്ടു) إِلَّا فِي قُرًى രാജ്യങ്ങളില്‍ (നാടുകളില്‍) വെച്ചല്ലാതെ مُّحَصَّنَةٍ കോട്ടകെട്ടപ്പെട്ട, ഭദ്രമാക്കപ്പെട്ട أَوْ مِن وَرَاءِ അല്ലെങ്കില്‍ പിന്നില്‍ നിന്നല്ലാതെجُدُرٍ വല്ല മതിലുകളുടെയും بَأْسُهُم അവരുടെ സമരം, ശക്തി, ശൂരത بَيْنَهُمْ അവര്‍ക്കിടയില്‍ شَدِيدٌ കഠിനമായതാണ് تَحْسَبُهُمْ നീ അവരെ വിചാരിക്കും, ഭാവിക്കുന്നു جَمِيعًا ഒരുമിച്ച(യോജിച്ച)വരാണെന്നു وَقُلُوبُهُمْ അവരുടെ ഹൃദയങ്ങളാകട്ടെ شَتَّىٰ ഭിന്നങ്ങളാണ്, ചിന്നിച്ചിതറിയാണ് ذَٰلِكَ അതു بِأَنَّهُمْ അവര്‍ ആകുന്നുവെന്നതു കൊണ്ടാണ് قَوْمٌ ഒരു ജനത لَّا يَعْقِلُونَ ബുദ്ധികൊടുക്കാത്ത, മനസ്സിലാക്കാത്ത.
59:14കോട്ടയാ (ക്കിഭദ്രമാ) ക്കപ്പെട്ട രാജ്യങ്ങളില്‍വെച്ചോ, അല്ലെങ്കില്‍ വല്ല മതിലുകളുടെയും പിന്നില്‍ നിന്നോ അല്ലാതെ. അവര്‍ ഒരുമിച്ചു (യോജിച്ചു) കൊണ്ട് നിങ്ങളോടു യുദ്ധം ചെയ്കയില്ല. തങ്ങള്‍ക്കിടയില്‍ അവരുടെ സമരശക്തി (അഥവാ ശൂരത) കടുത്തതാകുന്നു. നീ അവരെ യോജിച്ചവരാണെന്നു വിചാരിക്കുന്നു; അവരുടെ ഹൃദയങ്ങളാകട്ടെ, വിഭിന്നങ്ങളാകുന്നു. അതു, അവര്‍ ബുദ്ധികൊടു(ത്തു മനസ്സിലാ)ക്കാത്ത ഒരു ജനതയാണെന്നുള്ളതുകൊണ്ടത്രെ.
كَمَثَلِ الَّذِينَ യാതൊരുത്തരുടെ മാതിരിത്തന്നെ, ഒരു കൂട്ടരെപ്പോലെ مِن قَبْلِهِمْ അവരുടെ മുമ്പുള്ള قَرِيبًا അടുത്തു, സമീപകാലത്തു ذَاقُوا അവര്‍ ആസ്വദിച്ചു, രുചിനോക്കി وَبَالَ أَمْرِهِمْ അവരുടെ കാര്യത്തിന്‍റെ ദുഷ്ഫലം, കെടുതി, നാശം وَلَهُمْ അവര്‍ക്കുണ്ട്താനും عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ.
59:15(ഇവരുടെ സ്ഥിതി) അടുത്തകാലത്ത് ഇവരുടെ മുമ്പുണ്ടായിരുന്നവരുടെ മാതിരിത്തന്നെ; അവര്‍ തങ്ങളുടെ കാര്യത്തിന്‍റെ ദുഷ്ഫലം ആസ്വദിച്ചു; അവര്‍ക്കു വേദനയേറിയ ശിക്ഷയുണ്ട്.
يَا أَيُّهَا الَّذِينَ ءَامَنُو ഹേ വിശ്വസിച്ചവരെ اتَّقُوا اللَّـهَ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَلْتَنظُرْ നോക്കട്ടെ, ആലോചിക്കട്ടെ نَفْسٌ ഓരോ ദേഹവും (ആത്മാവും, ആളും) مَّا قَدَّمَتْ അതു (താന്‍) മുന്‍ ചെയ്തു (ഒരുക്കി)വെച്ചതു لِغَدٍ നാളേക്കുവേണ്ടി وَاتَّقُوا اللَّـهَ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു خَبِيرٌ സൂക്ഷ്മമായി അറിയുന്നവനാണു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
59:18ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. ഓരോ ആത്മാവും [ആളും] നാളെത്തേക്കു വേണ്ടി താന്‍ എന്താണ് മുന്നൊരുക്കം ചെയ്തിട്ടുള്ളതെന്നു നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്.
لَوْ أَنزَلْنَا നാം ഇറക്കിയിരുന്നെങ്കില്‍ هَـٰذَا الْقُرْآنَ ഈ ഖുര്‍ആന്‍ عَلَىٰ جَبَلٍ ഒരു പര്‍വ്വതത്തിനു, മലയുടെ മേല്‍ لَّرَأَيْتَهُ അതിനെ നീ കാണുമായിരുന്നു, കണ്ടേനെ خَاشِعًا വിനയം കാണിക്കുന്നതായി, താഴ്മ (ഭക്തി) ചെയ്യുന്നതായി مُّتَصَدِّعًا പൊട്ടിപ്പൊളിയുന്നതായി مِّنْ خَشْيَةِ اللَّـهِ അല്ലാഹുവിനെ പേടിച്ചതു നിമിത്തം وَتِلْكَ الْأَمْثَالُ ആ ഉപമ (ഉദാഹരണം, മാതിരി)കള്‍ نَضْرِبُهَا നാം അവയെ ഏര്‍പ്പെടുത്തുന്നു, വിവരിക്കുന്നു لِلنَّاسِ ജനങ്ങള്‍ക്കു لَعَلَّهُمْ يَتَفَكَّرُونَ അവര്‍ ചിന്തിക്കുവാന്‍വേണ്ടി, ചിന്തിച്ചേക്കാം.
59:21ഈ ഖുര്‍ആന്‍ വല്ല പര്‍വ്വതത്തിനും നാം ഇറക്കിക്കൊടുത്തിരുന്നെങ്കില്‍, വിനയം കാണിക്കുന്നതായും, അല്ലാഹുവിനെ പേടിച്ചതു നിമിത്തം പൊട്ടിപ്പൊളിയുന്നതായും അതിനെ നീ കാണുമായിരുന്നു! ആ ഉപമകളെ നാം മനുഷ്യര്‍ക്കുവേണ്ടി വിവരിക്കുകയാണ്; അവര്‍ ചിന്തിക്കുവാന്‍വേണ്ടി.