arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
ഫത്ത്ഹ് (വിജയം) മദനീ അദ്ധ്യായം – വചനങ്ങള്‍ 29 – വിഭാഗം (റുകുഅ്) 4 1. ഹിജ്റ 6 -ആം കൊല്ലം ദുല്‍ഖഅ്ദഃ മാസത്തില്‍, നബി (ﷺ) തിരുമേനി സഹാബികളൊന്നിച്ച് ഹുദൈബിയാ സന്ധി കഴിഞ്ഞു മടങ്ങുമ്പോള്‍ വഴിമദ്ധ്യേ വെച്ചാണ് ഈ അദ്ധ്യായത്തിന്‍റെ അവതരണം. മദീനാ ഹിജ്റക്കു ശേഷം അവതരിച്ചതാകകൊണ്ട് ഇതും മദനീ അദ്ധ്യായങ്ങളില്‍ ഉള്‍പ്പെടുന്നു. 2. അഹ്മദ്, ബുഖാരി, തിര്‍മുദി (رحمه الله) മുതലായവര്‍ ഉദ്ധരിക്കുന്ന ഒരു ഹദീസിന്റെ ചുരുക്കം ഇപ്രകാരമാകുന്നു : ‘ഉമര്‍ (رضي الله عنه) പറയുകയാണു : ‘ഞങ്ങള്‍ റസൂല്‍ (ﷺ) തിരുമേനിയൊന്നിച്ചു ഒരു യാത്രയിലായിരുന്നു. ഞാന്‍ തിരുമേനിയോടു ഒരു കാര്യം ചോദിക്കുകയുണ്ടായി. മൂന്നു പ്രാവശ്യം ചോദിച്ചിട്ടും അവിടുന്നു മറുപടി പറഞ്ഞില്ല. ‘മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു ചോദിച്ചിട്ടും നിനക്കു നബി (ﷺ) യില്‍ നിന്നു മറുപടി കിട്ടിയില്ലല്ലോ! നീ നബി (ﷺ) യെ വിഷമിപ്പിച്ചുവല്ലോ ! എന്നു ഞാന്‍ എന്നെ തന്നെ കുറ്റപ്പെടുത്ത. എന്‍റെ കാര്യത്തില്‍ വല്ല വഹയും വന്നേക്കുമോ എന്നും എനിക്കു ഭയം തോന്നി. അങ്ങിനെയിരിക്കെ, അതാ ഒരു വിളി ! ഞാന്‍ വീണ്ടും ഭയപ്പെട്ടുകൊണ്ട് മടങ്ങിച്ചെന്നു. അപ്പോള്‍ നബി (ﷺ) പറഞ്ഞു : ‘കഴിഞ്ഞ രാത്രി എനിക്കൊരു സൂറത്തു അവതരിച്ചിട്ടുണ്ട്. ഈ ലോകത്തേക്കാളും , അതിലുള്ള വസ്തുക്കളെക്കാളും എനിക്കു ഏറ്റവും ഇഷ്ടപ്പെട്ടതാണത്. അതായതു: إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا (എന്ന ഈ അദ്ധ്യായം) . ’ 3. മുആവിയത്തുബ്നു ഖുര്‍- റ (معاوية بن قرة رضي) പറയുന്നു : മക്കാ വിജയത്തിന്‍റെ അന്ന് യാത്രയില്‍ വാഹനപ്പുറത്തുവെച്ച് നബി (ﷺ) തിരുമേനി സൂറത്തുല്‍ ഫത്ത്ഹ് നീട്ടി നീട്ടി ഓതുകയുണ്ടായി, ആളുകള്‍ നമ്മുടെ അടുക്കല്‍ തടിച്ചുകൂടുമെന്ന് ഭയമില്ലായിരുന്നുവെങ്കില്‍, തിരുമേനിയുടെ ആ ഓത്തിന്‍റെ മാതിരി ഞാന്‍ നിങ്ങള്‍ക്കു കാട്ടിത്തരുമായിരുന്നു. (അ; ബു; മു. ) 4. ഹുദൈബിയാ സന്ധി :- ഈ അദ്ധ്യായത്തില്‍ ഹുദൈബിയാ സംഭവത്തിന്‍റെ പല വശങ്ങളെക്കുറിച്ചും പ്രസ്ഥാവിക്കുന്നതുകൊണ്ടു ആ സംഭവത്തിന്‍റെ ചുരുക്കം അറിയുന്നതു നന്നായിരിക്കും. അതു ഇപ്രകാരമാണ് : സ്വഹാബികളൊന്നിച്ച് ‘മസ്ജിദുല്‍ ഹറാമില്‍’ (മക്കയിലെ പള്ളിയില്‍) പ്രവേശിക്കുന്നതായി നബി (ﷺ) സ്വപ്നം കണ്ടു. നബി (ﷺ) യുടെ സ്വപ്നം യഥാര്‍ത്ഥമായിരിക്കുമല്ലോ. അങ്ങനെ, മക്കായിലേക്ക് ഉംറഃ (عمرة) കര്‍മ്മം ചെയ്‌വാനായി തിരുമേനി (ﷺ) പുറപ്പെട്ടു. ആയിരത്തി നാനൂറില്‍പരം സഹാബികളും ഒന്നിച്ചുണ്ടായിരുന്നു. ഖുറൈശികളില്‍ നിന്നു വല്ല തടസ്സവും നേരിട്ടുവെങ്കിലോ എന്നു കരുതി ഉള്‍നാട്ടുകാരായ അറബി (അഅ്റാബി) കളെയും തിരുമേനി (ﷺ) ക്ഷണിച്ചു. പക്ഷെ അവര്‍ ഖുറൈശികളെ ഭയന്ന് പിന്നോക്കം നില്‍ക്കുകയാണ് ചെയ്തത്. സഹാബികള്‍ നബി (ﷺ) യുടെ നിര്‍ദേശപ്രകാരം, സാധാരണ അവര്‍ ഉപയോഗിക്കാറുള്ള ഉറയിലിട്ട വാളുകളല്ലാതെ യുദ്ധായുധങ്ങള്‍ കൊണ്ടുപോയിരുന്നില്ല. അസ്ഫാന്‍ (عسفان) എന്ന സ്ഥലത്തെത്തിയപ്പോള്‍, ഖുറൈശികള്‍ തങ്ങളെ തടയുവാന്‍ വട്ടം കൂട്ടുന്നതായും, ഒരു മുന്നോടി സൈന്യം പുറപ്പെട്ടിരിക്കുന്നതായും വിവരം കിട്ടി. അതിനാല്‍, തിരുമേനി (ﷺ) മറ്റൊരു വഴിയായി യാത്ര തുടര്‍ന്നു. വഴിക്കുവെച്ച് തിരുമേനി (ﷺ) യുടെ ഒട്ടകം മുന്നോട്ടു നടക്കാതെ മുട്ടുകുത്തി. ‘ഖസ്വ്-വാഉ് (*) നടക്കാതായി’ ( خَلَأَتْ الْقَصْوَاءُ) എന്നു ആളുകള്‍ പറയാന്‍ തുടങ്ങി. തിരുമേനി (ﷺ) പറഞ്ഞു : ‘അതു അതിനു സമ്പ്രദായമില്ലാത്തതാണ്. ആനയെ തടഞ്ഞുവെച്ചവന്‍ അതിനെ തടഞ്ഞുവെച്ചതാണ്. (**) . അല്ലാഹു ബഹുമാനിച്ച വസ്തുക്കളെ ബഹുമാനിച്ചുകൊണ്ടുള്ള ഏതു കാര്യത്തിലേക്കും ഖുറൈശികള്‍ എന്നെ ക്ഷണിച്ചാല്‍ ഞാനതു സമ്മതിക്കാതിരിക്കയില്ല. ’
(*) നബി (ﷺ) യുടെ ഒട്ടകത്തിന്‍റെ പേരാണു ‘ഖസ്വ്വാഉ്. (**) മുമ്പ്‌ കഅ്ബഃയെ നശിപ്പിക്കുവാന്‍ അബീസീനിയക്കാര്‍ കൊണ്ടുവന്ന ആനപ്പട്ടാളത്തെ തടഞ്ഞുവെച്ച അല്ലാഹുവിന്റെ പ്രവൃത്തിയാണ്‌ ഇതും എന്ന് സാരം.
മക്കായില്‍ നിന്നും അല്‍പം നാഴിക അകലെ ഹുദൈബിയ്യഃ (حديبية) എന്ന കിണറ്റിന്നരികെ നബി (ﷺ) ഇറങ്ങി. ഖുറൈശികള്‍ ആളയച്ച് അവരുടെ വരവിന്‍റെ ഉദ്ദേശ്യം എന്താണെന്നു അന്വേഷിച്ചു. ഉംറഃ കര്‍മ്മം മാത്രമാണെന്നു തിരുമേനി (ﷺ) അറിയിച്ചു. പക്ഷെ, ഖുറൈശികള്‍ പറഞ്ഞതു ഇതായിരുന്നു: “മുഹമ്മദ്‌ അവന്‍റെ സൈന്യത്തോടു കൂടി നമ്മുടെ ഇടയില്‍ വന്ന് ഉംറഃക്ക് പ്രവേശിക്കുകയോ? നാം അവനുമായി സമരത്തിലായിരിക്കെ, അവന്‍ ഇങ്ങിനെ ബലമായി പ്രവേശിച്ചതു അറബികള്‍ കേള്‍ക്കുമല്ലോ. അതുകൊണ്ട് നാമുള്ള കാലം അതു സംഭവിക്കാന്‍ പോകുന്നില്ല. തുടര്‍ന്നുകൊണ്ട് അന്യോന്യം പല സംസാരങ്ങളും ദൗത്യങ്ങളും നടന്നു. ഇതിനിടെ ഉസ്മാന്‍ (رضي الله عنه) നെ നബി (ﷺ) മക്കായിലേക്കു അയച്ചിട്ടുണ്ടായിരുന്നു. മക്കായില്‍ അവശേഷിച്ചിരുന്ന ദുര്‍ബ്ബലരായ ചില സത്യവിശ്വാസികള്‍ക്കു മനസ്സമാധാനം നല്കുവാനായിരുന്നു അത്. തന്‍റെ കുടുംബത്തില്‍പെട്ട ഒരാള്‍ അഭയം നല്‍കിയതനുസരിച്ചായിരുന്നു അദ്ദേഹം പോയതും. അദ്ദേഹത്തെ ‘ത്വവാഫ്’ (കഅ്ബ പ്രദക്ഷിണം) ചെയ്‌വാന്‍ അവര്‍ അനുവദിച്ചുവെങ്കിലും, തിരുമേനി (ﷺ) ക്ക് അതു അനുവദിക്കപ്പെടാത്ത സ്ഥിതിക്ക് അദ്ദേഹം ‘ത്വവാഫ്’ കര്‍മ്മം ചെയ്കയുണ്ടായില്ല. ഉസ്മാന്‍ (رضي الله عنه) നെ ഖുറൈശികള്‍ അവിടെ തടഞ്ഞുവെച്ചു. അദ്ദേഹം കൊല്ലപ്പെട്ടതായി ഒരു വാര്‍ത്ത മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ഒരു വൃക്ഷത്തിന്‍റെ (***) ചുവട്ടില്‍ വെച്ച് ഒരു പ്രതിജ്ഞ (بيعة) നടന്നു. നബി (ﷺ) യൊന്നിച്ചു മരണംവരെ തങ്ങള്‍ യുദ്ധം ചെയ്തുകൊള്ളാമെന്നായിരുന്നു പ്രതിജ്ഞ. വൃക്ഷത്തിന്‍റെ ചുവട്ടില്‍ വെച്ചായതു കൊണ്ടു ഇതിന്നു بيعة الشجرة (വൃക്ഷത്തിങ്കല്‍ വെച്ചുണ്ടായ പ്രതിജ്ഞ) എന്നും, താഴെ (18-ആം വചനത്തില്‍) കാണുന്ന സന്തോഷവാര്‍ത്തയനുസരിച്ച് بيعة الرضروان (അല്ലാഹുവിന്‍റെ പ്രീതി ലഭിച്ച പ്രതിജ്ഞ എന്നും) പറയപ്പെടുന്നു. ഈ ‘ബൈഅത്തി’നെ (പ്രതിജ്ഞയെ) പ്പറ്റി അറിഞ്ഞപ്പോള്‍ ഖുറൈശികള്‍ക്കു ഭയമായി. അവര്‍ നബി (ﷺ) യുമായി ഒരു സന്ധിക്കു മുമ്പോട്ടു വന്നു.
(***) ഉമര്‍ (رضي الله عنه) ന്‍റെ ഖിലാഫത്തുകാലത്തു ജനങ്ങള്‍ അതിനെ ഒരു പുണ്യവൃക്ഷമായി ഗണിച്ചുവരുന്നുണ്ടെന്നു അദ്ദേഹം അറിഞ്ഞു. അതിനാല്‍ അതു വെട്ടിക്കളയുവാന്‍ അദ്ദേഹം കല്‍പിക്കുകയുണ്ടായി.
ഖുറൈശികളുടെ നിര്‍ബന്ധപ്രകാരം, നബി (ﷺ) അങ്ങേഅറ്റത്തെ വിട്ടുവീഴ്ച ചെയ്തുകൊണ്ട് അവരുമായി സന്ധിവ്യവസ്ഥ രേഖപ്പെടുത്തി. അതിന്‍റെ ചുരുക്കം ഇതാണു : 1) ഇരുകൂട്ടര്‍ക്കുമിടയില്‍ നാലു കൊല്ലം യുദ്ധം നിറുത്തിവെക്കുക. 2) ഖുറൈശികളില്‍ നിന്നു മുസ്‌ലിംകളുടെ പക്ഷത്തേക്കു വരുന്നവരെ അങ്ങോട്ടു തിരിച്ചയക്കുക, മുസ്ലിംകളില്‍ നിന്നു ഖുറൈശികളുടെ പക്ഷത്തേക്കു വരുന്നവരെ തിരിച്ചയക്കാതിരിക്കുകയും ചെയ്യുക. 3) അടുത്ത കൊല്ലം തിരുമേനിയും സഹാബികളും നിരായുധരായി വന്ന് ഉംറഃ കര്‍മ്മം നിര്‍വഹിക്കുക മൂന്നു ദിവസം താമസിക്കുകയും ചെയ്യാം. 4) ഇരുകക്ഷികളും അവരവരുടെ ഇഷ്ടംപോലെ ആരുമായും സഖ്യം നടത്തുന്നതിനു വിരോധമില്ല. ഇത്രയും വിട്ടുവീഴ്ചകള്‍ക്കു നബി (ﷺ) അനുവദിച്ചതു സഹാബികള്‍ക്കു പൊതുവില്‍ ഇഷ്ടമായിരുന്നില്ല. പലരും പലതും പറയുകയുണ്ടായി. നമ്മുടെ അടുക്കല്‍ മുസലിമായി വരുന്നവരെ നാമെങ്ങിനെ അവര്‍ക്കു തിരിച്ചുകൊടുക്കും? ഇതായിരുന്നു അവര്‍ക്കു തീരെ സഹിക്കാന്‍ കഴിയാഞ്ഞത്. അല്ലാഹു അവര്‍ക്കു രക്ഷാമാര്‍ഗ്ഗം ഉണ്ടാക്കിക്കൊടുക്കു മെന്നായിരുന്നു തിരുമേനി (ﷺ) യുടെ മറുപടി. തിരുമേനി (ﷺ) യുടെ സ്വപ്നത്തെക്കുറിച്ചായിരുന്നു മറ്റൊരു സംശയം. ഈ സംശയത്തിനു മറുപടിയായി ഉമര്‍ (رضي الله عنه) നോടു അബൂബക്കര്‍ (رضي الله عنه) ഇപ്രകാരം ചോദിക്കുകയുണ്ടായി: ‘ഇക്കൊല്ലം തന്നെയാണ് അതെന്ന് തിരുമേനി (ﷺ) പറഞ്ഞിട്ടുണ്ടോ? ഇതില്‍നിന്നു ഉമര്‍ (رضي الله عنه) നു കാര്യം മനസ്സിലായി. സന്ധിക്കുശേഷം, തിരുമേനി (ﷺ) യും സഹാബികളും തല്‍കാലം തിരിച്ചുപോരുകയും, അടുത്ത കൊല്ലം പോയി ഉംറഃ കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു. ഈ ഉംറഃക്കാണ് عُمْرَةُ الْقَضَاءِ (ഉംറത്തുല്‍ -ഖള്വാഉ്) എന്നു പറയുന്നത്. ഹിജ്റ ആറാംകൊല്ലം ദുല്‍ഖഅ്ദഃ മാസത്തിലാണ് പ്രസ്തുത സന്ധി നടന്നത്. സന്ധിവ്യവസ്ഥകള്‍ക്കെതിരായി ഖുറൈശികളില്‍നിന്നു ചില സംഭവങ്ങള്‍ ഉണ്ടായി. അതിനെത്തുടര്‍ന്നു അവര്‍ നബി (ﷺ) യെ സമീപിച്ച് സന്ധി പുതുക്കുവാനും, കാലം ദീര്‍ഘിപ്പിക്കുവാനും ഉപായത്തില്‍ ശ്രമം നടത്തി നോക്കി. പക്ഷേ, ഫലപ്പെടുകയുണ്ടായില്ല. ഇരുകൂട്ടരും സമാധാനത്തില്‍ കഴിഞ്ഞ കാലത്ത് ഇസ്ലാമിന്‍റെ പ്രബോധനം അയല്‍പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കുവാനും, കിസ്രാ, ഖൈസര്‍ തുടങ്ങിയ പല നാടുവാഴികളെയും ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ടു എഴുത്തുകുത്തുകള്‍ നടത്തുവാനും നബി (ﷺ) ക്ക് അവസരം കിട്ടി. ഖുറൈശികളുടെ ഭാഗത്തുനിന്നു സന്ധിലംഘനം ഉണ്ടായപ്പോള്‍, നബി (ﷺ) യും പതിനായിരം വരുന്ന സഹാബികളും വേണ്ടുന്ന ഒരുക്കത്തോടുകൂടി മക്കായിലേക്കു നീങ്ങുകയും, വലിയ സംഘട്ടനങ്ങളൊന്നും കൂടാതെ തന്നെ ചരിത്രപ്രസിദ്ധമായ മക്കാവിജയസംഭവം ഉണ്ടാകുകയും ചെയ്തു. അതോടുകൂടി ഖുറൈശികള്‍ മുഴുവനും, അറബികള്‍ പൊതുവിലും ഇസ്ലാമിനു കീഴോതുങ്ങി. ഇതിനെല്ലാം വഴി തെളിയിച്ചതു ഹുദൈബിയ്യാ സന്ധിയായിരുന്നു. എനി, നമുക്ക് ‘വിജയ’ത്തിന്‍റെ അദ്ധ്യായം വായിക്കാം :-


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
إِنَّا فَتَحْنَا لَكَ فَتْحًۭا مُّبِينًۭا﴿١﴾
share
إِنَّا فَتَحْنَا നിശ്ചയമായും നാം തുറന്നുതന്നു (വിജയം നല്‍കി) لَكَ നിനക്കു فَتْحًا مُّبِينًا സ്പഷ്ടമായ ഒരു തുറവി (വിജയം)
48:1(നബിയേ) നിശ്ചയമായും നാം നിനക്കു പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു; -
لِّيَغْفِرَ لَكَ ٱللَّهُ مَا تَقَدَّمَ مِن ذَنۢبِكَ وَمَا تَأَخَّرَ وَيُتِمَّ نِعْمَتَهُۥ عَلَيْكَ وَيَهْدِيَكَ صِرَٰطًۭا مُّسْتَقِيمًۭا﴿٢﴾
share
لِّيَغْفِرَ لَكَ നിനക്കു പൊറുത്തുതരുവാന്‍ വേണ്ടി اللَّـهُ അല്ലാഹു مَا تَقَدَّمَ മുമ്പുണ്ടായതു, മുന്‍കഴിഞ്ഞതു مِن ذَنبِكَ നിന്‍റെ പാപത്തില്‍ നിന്നു وَمَا تَأَخَّرَ പിന്നീടുണ്ടാകുന്നതും, പിന്തിയതും وَيُتِمَّ അവന്‍ പരിപൂര്‍ണ്ണമാക്കുവാനും نِعْمَتَهُ അവന്‍റെ അനുഗ്രഹം عَلَيْكَ നിന്‍റെമേല്‍, നിനക്കു وَيَهْدِيَكَ നിന്നെ നയിക്കുവാനും, കാട്ടിത്തരുവാനും صِرَاطًا مُّسْتَقِيمًا ചൊവ്വായ വഴി, നേരായ പാത
48:2നിന്‍റെ പാപത്തില്‍നിന്ന് മുന്‍കഴിഞ്ഞതും പിന്നീടുണ്ടാകുന്നതും അല്ലാഹു നിനക്കു പൊറുത്തുതരുവാന്‍വേണ്ടിയും, അവന്‍റെ അനുഗ്രഹം നിനക്കവന്‍ പരിപൂര്‍ണ്ണമാക്കുവാനും, (നേരെ) ചൊവ്വായ മാര്‍ഗ്ഗത്തില്‍ നിന്നെ നയിക്കുവാനും,-
وَيَنصُرَكَ ٱللَّهُ نَصْرًا عَزِيزًا﴿٣﴾
share
وَيَنصُرَكَ اللَّـهُ അല്ലാഹു നിന്നെ സഹായിക്കുവാനും نَصْرًا ഒരു സഹായം عَزِيزًا വീര്യപ്പെട്ട (അന്തസ്സാര്‍ന്ന), പ്രതാപകരമായ.
48:3അന്തസ്സാര്‍ന്ന ഒരു സഹായം അല്ലാഹു നിന്നെ സഹായിക്കുവാനും (വേണ്ടിയും).
തഫ്സീർ : 1-3
View   
هُوَ ٱلَّذِىٓ أَنزَلَ ٱلسَّكِينَةَ فِى قُلُوبِ ٱلْمُؤْمِنِينَ لِيَزْدَادُوٓا۟ إِيمَـٰنًۭا مَّعَ إِيمَـٰنِهِمْ ۗ وَلِلَّهِ جُنُودُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَكَانَ ٱللَّهُ عَلِيمًا حَكِيمًۭا﴿٤﴾
share
هُوَ الَّذِي അവന്‍ യാതൊരുവന്‍ أَنزَلَ ഇറക്കിയ السَّكِينَةَ ശാന്തത, സമാധാനം, അടക്കം فِي قُلُوبِ ഹൃദയങ്ങളില്‍ الْمُؤْمِنِينَ സത്യവിശ്വാസികളുടെ لِيَزْدَادُوا അവര്‍ (അവര്‍ക്കു) വര്‍ദ്ധിപ്പിക്കുവാന്‍ إِيمَانًا വിശ്വാസം, വിശ്വാസത്തില്‍ مَّعَ إِيمَانِهِمْ അവരുടെ വിശ്വാസത്തോടു കൂടി وَلِلَّـهِ അല്ലാഹുവിനുണ്ട് جُنُودُ السَّمَاوَاتِ ആകാശങ്ങളിലെ സൈന്യങ്ങള്‍ وَالْأَرْضِ ഭൂമിയിലെയും وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَلِيمًا സര്‍വ്വജ്ഞന്‍ حَكِيمًا അഗാധജ്ഞന്‍
48:4അവനത്രെ, സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തത ഇറക്കിക്കൊടുത്തവന്‍; അവരുടെ വിശ്വാസത്തില്‍ കൂടി (വീണ്ടും) അവര്‍ക്കു വിശ്വാസം വര്‍ദ്ധിക്കുവാന്‍വേണ്ടി. അല്ലാഹുവിനു ആകാശങ്ങളിലെയും, ഭൂമിയിലെയും സൈന്യങ്ങളുണ്ട്. അല്ലാഹു സര്‍വ്വജ്ഞനും, അഗാധജ്ഞനുമാകുന്നു.
لِّيُدْخِلَ ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ جَنَّـٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا وَيُكَفِّرَ عَنْهُمْ سَيِّـَٔاتِهِمْ ۚ وَكَانَ ذَٰلِكَ عِندَ ٱللَّهِ فَوْزًا عَظِيمًۭا﴿٥﴾
share
لِّيُدْخِلَ അവന്‍ പ്രവേശിപ്പിക്കുവാന്‍വേണ്ടി الْمُؤْمِنِينَ സത്യവിശ്വാസികളെ وَالْمُؤْمِنَاتِ സത്യവിശ്വാസിനികളെയും جَنَّاتٍ സ്വര്‍ഗ്ഗങ്ങളില്‍ تَجْرِي ഒഴുകുന്ന, നടക്കുന്ന مِن تَحْتِهَا അതിന്‍റെ അടിഭാഗത്തുകൂടി الْأَنْهَارُ അരുവി(നദികള്‍) خَالِدِينَ فِيهَا അതില്‍ നിത്യവാസികളായിട്ടു وَيُكَفِّرَ عَنْهُمْ അവര്‍ക്കു മാപ്പ് ചെയ്‌വാനും, മൂടിവെക്കുവാനും سَيِّئَاتِهِمْ അവരുടെ തിന്മകള്‍ وَكَانَ ذَٰلِكَ അതാകുന്നു عِندَ اللَّـهِ അല്ലാഹുവിങ്കല്‍ فَوْزًا عَظِيمًا മഹത്തായ (വമ്പിച്ച) ഭാഗ്യം, വിജയം.
48:5സത്യവിശ്വാസികളെയും, സത്യവിശ്വാസിനികളെയും അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകി കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ – അവരതില്‍ നിത്യവാസികളായ നിലക്ക് – അവന്‍ പ്രവേശിപ്പിക്കുവാനും; അവര്‍ക്കു അവരുടെ തിന്മകളെ (മാപ്പ് ചെയ്ത്) മൂടിവെച്ച് കൊടുക്കുവാനും വേണ്ടി (യാണ് അത്) അതു അല്ലാഹുവിന്‍റെ അടുക്കല്‍ മഹത്തായ ഭാഗ്യമാകുന്നു.
തഫ്സീർ : 4-5
View   
وَيُعَذِّبَ ٱلْمُنَـٰفِقِينَ وَٱلْمُنَـٰفِقَـٰتِ وَٱلْمُشْرِكِينَ وَٱلْمُشْرِكَـٰتِ ٱلظَّآنِّينَ بِٱللَّهِ ظَنَّ ٱلسَّوْءِ ۚ عَلَيْهِمْ دَآئِرَةُ ٱلسَّوْءِ ۖ وَغَضِبَ ٱللَّهُ عَلَيْهِمْ وَلَعَنَهُمْ وَأَعَدَّ لَهُمْ جَهَنَّمَ ۖ وَسَآءَتْ مَصِيرًۭا﴿٦﴾
share
وَيُعَذِّبَ അവന്‍ ശിക്ഷിക്കുവാനും الْمُنَافِقِينَ കപടവിശ്വാസികളെ وَالْمُنَافِقَاتِ കപടവിശ്വാസിനികളെയും وَالْمُشْرِكِينَ ബഹുദൈവവിശ്വാസികളെയും وَالْمُشْرِكَاتِ ബഹുദൈവവിശ്വാസിനികളെയും الظَّانِّينَ ധരിക്കുന്ന (ഊഹിക്കുന്ന - വിചാരിക്കുന്ന)വരായ بِاللَّـهِ അല്ലാഹുവിനെപ്പറ്റി ظَنَّ السَّوْءِ ദുഷിച്ച ധാരണ, ചീത്തവിചാരം عَلَيْهِمْ അവരുടെമേല്‍ ഉണ്ട് دَائِرَةُവൃത്തം, വലയം السَّوْءِ തിന്മയുടെ, ദൂഷ്യത്തിന്‍റെ وَغَضِبَ കോപിക്കുകയും ചെയ്തിരിക്കുന്നു اللَّـهُ അല്ലാഹു عَلَيْهِمْ അവരുടെമേല്‍ وَلَعَنَهُمْ അവരെ ശപിക്കുകയും ചെയ്തിരിക്കുന്നു وَأَعَدَّ لَهُمْ അവര്‍ക്കു ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു جَهَنَّمَ ജഹന്നം وَسَاءَتْ അതു വളരെ മോശപ്പെട്ടതാണ് مَصِيرًا പര്യവസാനസ്ഥലം, പര്യവസാനം, മടക്കം, മടക്കസ്ഥാനം
48:6 അല്ലാഹുവിനെക്കുറിച്ച് ദുഷിച്ചധാരണ ധരിച്ചുകൊണ്ടിരിക്കുന്ന കപടവിശ്വാസികളെയും, കപടവിശ്വാസിനികളെയും, ബഹുദൈവവിശ്വാസികളെയും, ബഹുദൈവവിശ്വാസിനികളെയും അവന്‍ ശിക്ഷിക്കുവാനും (കൂടിയാകുന്നു അത്). അവരുടെ മേല്‍ തിന്മയുടേതായ വലയം ഉണ്ട്; അല്ലാഹു അവരുടെമേല്‍ കോപിക്കുകയും, അവരെ ശപിക്കുകയും, അവര്‍ക്ക് "ജഹന്നം" [നരകം] ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. അതു വളരെ മോശമായ പര്യവസാന സ്ഥലം!
وَلِلَّهِ جُنُودُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًا﴿٧﴾
share
وَلِلَّـهِ അല്ലാഹുവിനുണ്ട് جُنُودُ السَّمَاوَاتِ ആകാശങ്ങളിലെ സൈന്യങ്ങള്‍ وَالْأَرْضِ ഭൂമിയിലെയും وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَزِيزًا പ്രതാപശാലി حَكِيمًا അഗാധജ്ഞന്‍
48:7അല്ലാഹുവിനു ആകാശങ്ങളിലെയും, ഭൂമിയിലെയും സൈന്യങ്ങളുണ്ട്. അല്ലാഹു പ്രതാപശാലിയും അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 6-7
View   
إِنَّآ أَرْسَلْنَـٰكَ شَـٰهِدًۭا وَمُبَشِّرًۭا وَنَذِيرًۭا﴿٨﴾
share
إِنَّا أَرْسَلْنَاكَ നിശ്ചയമായും നാം നിന്നെ അയച്ചിരിക്കുന്നു شَاهِدًا സാക്ഷിയായിട്ടു وَمُبَشِّرًا സന്തോഷവാര്‍ത്ത അറിയിക്കുന്നവനായും وَنَذِيرًا താക്കീതുകാരനായും
48:8(നബിയേ) നിശ്ചയമായും നിന്നെ ഒരു സാക്ഷിയും, സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതു നല്‍കുന്നവനുമായി നാം (നിയോഗിച്ച്) അയച്ചിരിക്കുകയാണ്.
തഫ്സീർ : 8-8
View   
لِّتُؤْمِنُوا۟ بِٱللَّهِ وَرَسُولِهِۦ وَتُعَزِّرُوهُ وَتُوَقِّرُوهُ وَتُسَبِّحُوهُ بُكْرَةًۭ وَأَصِيلًا﴿٩﴾
share
لِّتُؤْمِنُوا നിങ്ങള്‍ വിശ്വസിക്കുവാന്‍വേണ്ടി بِاللَّـهِ അല്ലാഹുവിലും وَرَسُولِهِഅവന്‍റെ റസൂലിലും وَتُعَزِّرُوهُ അവനെ സഹായിക്കുവാനും, ബഹുമാനിക്കുവാനും وَتُوَقِّرُوهُ അവനെ വന്ദിക്കുവാനും وَتُسَبِّحُوهُ അവന് തസ്ബീഹു ചെയ്യുവാനും بُكْرَةً രാവിലെ, നേരത്തെ وَأَصِيلًا വൈകുന്നേരവും, വൈകിയിട്ടും
48:9നിങ്ങള്‍ അല്ലാഹുവിലും, അവന്‍റെ "റസൂലി"ലും വിശ്വസിക്കുകയും, അവനെ (ബഹുമാനിച്ച്) സഹായിക്കുകയും, വന്ദിക്കുകയും ചെയ്‌വാനും, കാലത്തും, വൈകുന്നേരവും നിങ്ങള്‍ അവന് "തസ്ബീഹു" (സ്തോത്രകീര്‍ത്തനം) ചെയ്‌വാനും (വേണ്ടിയാണത്).
തഫ്സീർ : 9-9
View   
إِنَّ ٱلَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ ٱللَّهَ يَدُ ٱللَّهِ فَوْقَ أَيْدِيهِمْ ۚ فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَىٰ نَفْسِهِۦ ۖ وَمَنْ أَوْفَىٰ بِمَا عَـٰهَدَ عَلَيْهُ ٱللَّهَ فَسَيُؤْتِيهِ أَجْرًا عَظِيمًۭا﴿١٠﴾
share
إِنَّ الَّذِينَ നിശ്ചയമായും യാതൊരുവര്‍ يُبَايِعُونَكَ നിന്നോടു ബൈഅത്തു (പ്രതിജ്ഞ) ചെയ്യുന്നവര്‍ إِنَّمَا يُبَايِعُونَ അവര്‍ ബൈഅത്തു ചെയ്യുക തന്നെയാണ് (മാത്രമാണ്) اللَّـهَ അല്ലാഹുവിനോടു يَدُ اللَّـهِ അല്ലാഹുവിന്‍റെ കൈ فَوْقَ أَيْدِيهِمْ അവരുടെ കൈകള്‍ക്കു മീതെയുണ്ട് فَمَن نَّكَثَ അതിനാല്‍ ആരെങ്കിലും ലംഘിച്ചാല്‍ فَإِنَّمَا يَنكُثُ എന്നാലവന്‍ ലംഘിക്കുക്കതന്നെ (മാത്രം) ചെയ്യുന്നു عَلَىٰ نَفْسِهِ തന്‍റെ മേല്‍ (തനിക്കെതിരെ) وَمَنْ أَوْفَىٰ ആരെങ്കിലും നിറവേറ്റിയാല്‍, ആര്‍ നിറവേറ്റിയോ بِمَا യാതൊന്നിനെ عَاهَدَ عَلَيْهُ അതിന്‍റെ പേരില്‍ അവന്‍ ഉടമ്പടി (കരാര്‍) ചെയ്തു اللَّـهَ അല്ലാഹുവിനോടു فَسَيُؤْتِيهِ എന്നാല്‍ (വഴിയെ) അവനു അവന്‍ കൊടുക്കും أَجْرًا عَظِيمًا വമ്പിച്ച (മഹത്തായ) പ്രതിഫലം.
48:10നിശ്ചയമായും, നിന്നോടു (സത്യ) പ്രതിജ്ഞ ചെയ്യുന്നവര്‍, അല്ലാഹുവിനോടുതന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്. അല്ലാഹുവിന്‍റെ കൈ അവരുടെ കൈകള്‍ക്കു മീതെയുണ്ട്. അതിനാല്‍, ആരെങ്കിലും (പ്രതിജ്ഞ) ലംഘിച്ചാല്‍ അവന്‍, തനിക്കെതിരായിത്തന്നെയാണ് (അതു) ലംഘിക്കുന്നത്. അല്ലാഹുവുമായി ഉടമ്പടി ചെയ്തതിനെ ആര്‍ നിറവേറ്റിയോ അവനു മഹത്തായ പ്രതിഫലം അവന്‍ കൊടുത്തേക്കുന്നതാണ്.
തഫ്സീർ : 10-10
View   
سَيَقُولُ لَكَ ٱلْمُخَلَّفُونَ مِنَ ٱلْأَعْرَابِ شَغَلَتْنَآ أَمْوَٰلُنَا وَأَهْلُونَا فَٱسْتَغْفِرْ لَنَا ۚ يَقُولُونَ بِأَلْسِنَتِهِم مَّا لَيْسَ فِى قُلُوبِهِمْ ۚ قُلْ فَمَن يَمْلِكُ لَكُم مِّنَ ٱللَّهِ شَيْـًٔا إِنْ أَرَادَ بِكُمْ ضَرًّا أَوْ أَرَادَ بِكُمْ نَفْعًۢا ۚ بَلْ كَانَ ٱللَّهُ بِمَا تَعْمَلُونَ خَبِيرًۢا﴿١١﴾
share
سَيَقُولُ لَكَ നിന്നോടു (വഴിയെ) പറഞ്ഞേക്കും الْمُخَلَّفُونَ പിന്തിക്കപ്പെട്ടവര്‍ (പിന്നോക്കം നിന്നവര്‍) مِنَ الْأَعْرَابِ അഅ്റാബി (മരുഭൂവാസികളായ - ഗ്രാമീണ - അറബി)കളില്‍ നിന്നു شَغَلَتْنَا ഞങ്ങളെ ജോലിത്തിരക്കിലാക്കി (ഒഴിവില്ലാതാക്കി) أَمْوَالُنَا ഞങ്ങളുടെ സ്വത്തുക്കള്‍ وَأَهْلُونَا ഞങ്ങളുടെ കുടുംബങ്ങളും فَاسْتَغْفِرْ لَنَا അതുകൊണ്ടു ഞങ്ങള്‍ക്കു പാപമോചനം തേടണം يَقُولُونَ അവര്‍ പറയുന്നു, പറയും بِأَلْسِنَتِهِم അവരുടെ നാവുകളാല്‍ مَّا لَيْسَ ഇല്ലാത്തതു فِي قُلُوبِهِمْ അവരുടെ ഹൃദയങ്ങളില്‍, മനസ്സില്‍ قُلْ പറയുക فَمَن يَمْلِكُ എന്നാല്‍ ആര്‍ക്കു സാധിക്കും, ആര്‍ സ്വാധീനമാക്കും لَكُم നിങ്ങള്‍ക്കു مِّنَ اللَّـهِ അല്ലാഹുവില്‍നിന്നു شَيْئًا ഒരു കാര്യത്തിനു, വല്ലതിനും إِنْ أَرَادَ അവന്‍ ഉദ്ദേശിച്ചുവെങ്കില്‍ بِكُمْ നിങ്ങളില്‍ ضَرًّا ഒരു ഉപദ്രവം (തിന്മ) أَوْ أَرَادَ അല്ലെങ്കില്‍ ഉദ്ദേശിച്ചു بِكُمْ نَفْعًا നിങ്ങളില്‍ വല്ല ഉപകാരവും بَلْ പക്ഷേ, എങ്കിലും كَانَ اللَّـهُ അല്ലാഹു ആകുന്നു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി خَبِيرًا സൂക്ഷ്മമായറിയുന്നവന്‍
48:11"അഅ്റാബി" [മരുഭൂവാസികളായ (ഗ്രാമീണ) അറബി]കളില്‍നിന്നു പിന്നോക്കം നിന്നവര്‍ നിന്നോടു പറഞ്ഞേക്കും: "ഞങ്ങളുടെ സ്വത്തുക്കളും കുടുംബങ്ങളും ഞങ്ങളെ ജോലിത്തിരക്കിലാക്കി. അതുകൊണ്ട് ഞങ്ങള്‍ക്കുവേണ്ടി താങ്കള്‍ പാപമോചനം തേടണം". തങ്ങളുടെ ഹൃദയത്തില്‍ ഇല്ലാത്തതു അവര്‍ തങ്ങളുടെ നാവുകൊണ്ടു പറയുന്നതാണ്. പറയുക: "എന്നാല്‍, അല്ലാഹു നിങ്ങളില്‍ വല്ല ഉപദ്രവവും [തിന്മയും] ഉദ്ദേശിക്കുകയോ, അല്ലെങ്കില്‍ അവന്‍ നിങ്ങളില്‍ വല്ല ഉപകാരവും [നന്മയും] ഉദ്ദേശിക്കുകയോ ചെയ്തുവെങ്കില്‍ അവനില്‍നിന്നു നിങ്ങള്‍ക്കു വല്ല ഒരു കാര്യത്തിനും സാധിക്കുന്നവര്‍ ആരാണുള്ളത്?! പക്ഷേ, (അതിനും പുറമെ) നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായറിയുന്നവനാകുന്നു.
بَلْ ظَنَنتُمْ أَن لَّن يَنقَلِبَ ٱلرَّسُولُ وَٱلْمُؤْمِنُونَ إِلَىٰٓ أَهْلِيهِمْ أَبَدًۭا وَزُيِّنَ ذَٰلِكَ فِى قُلُوبِكُمْ وَظَنَنتُمْ ظَنَّ ٱلسَّوْءِ وَكُنتُمْ قَوْمًۢا بُورًۭا﴿١٢﴾
share
بَلْ ظَنَنتُمْ പക്ഷെ നിങ്ങള്‍ ധരിച്ചു, കരുതി أَن لَّن يَنقَلِبَ തിരിച്ചെത്തുന്നതേയല്ലെന്നു الرَّسُولُ റസൂല്‍ وَالْمُؤْمِنُونَ സത്യവിശ്വാസികളും إِلَىٰ أَهْلِيهِمْ അവരുടെ കുടുംബങ്ങളി (സ്വന്തക്കാരി) ലേക്കു أَبَدًا ഒരിക്കലും, എന്നും وَزُيِّنَ ذَٰلِكَ അതു ഭംഗിയാക്കപ്പെടുകയും ചെയ്തു فِي قُلُوبِكُمْ നിങ്ങളുടെ ഹൃദയങ്ങളില്‍, മനസ്സില്‍ وَظَنَنتُمْ നിങ്ങള്‍ ധരിക്കുകയും ചെയ്തു ظَنَّ السَّوْءِ ദുഷിച്ച ധാരണ, ദുര്‍വിചാരം وَكُنتُمْ നിങ്ങളാണു താനും , ആകുകയും ചെയ്തു قَوْمًا بُورًا നശിച്ച (നാശോന്മുഖരായ) ഒരു ജനത
48:12"പക്ഷെ, നിങ്ങള്‍ ധരിച്ചു, "റസൂലും" സത്യവിശ്വാസികളും അവരുടെ കുടുംബങ്ങളിലേക്കു ഒരിക്കലും തിരിച്ചെത്തുകയില്ലെന്നു. അതു നിങ്ങളുടെ ഹൃദയങ്ങളില്‍ ഭംഗിയാ(യി തോന്നിപ്പി)ക്ക പ്പെടുകയും, നിങ്ങള്‍ ദുഷിച്ചധാരണ ധരിക്കുകയും ചെയ്തു. നിങ്ങള്‍ നാശോന്മുഖരായ ഒരു ജനതയുമാകുന്നു."
وَمَن لَّمْ يُؤْمِنۢ بِٱللَّهِ وَرَسُولِهِۦ فَإِنَّآ أَعْتَدْنَا لِلْكَـٰفِرِينَ سَعِيرًۭا﴿١٣﴾
share
وَمَن لَّمْ يُؤْمِن ആര്‍ വിശ്വസിച്ചില്ലയോ بِاللَّـهِ അല്ലാഹുവില്‍ وَرَسُولِهِ അവന്‍റെ റസൂലിലും فَإِنَّا أَعْتَدْنَا എന്നാല്‍ നിശ്ചയമായും നാം ഒരുക്കിവെച്ചിരിക്കുന്നു لِلْكَافِرِينَ അവിശ്വാസികള്‍ക്കു سَعِيرًا ജ്വലിക്കുന്ന അഗ്നി
48:13അല്ലാഹുവിലും, അവന്‍റെ "റസൂലി"ലും ആര്‍ വിശ്വസിക്കുന്നില്ലയോ, എന്നാല്‍, (ആ) അവിശ്വാസികള്‍ക്കു നിശ്ചയമായും നാം ജ്വലിക്കുന്ന അഗ്നി ഒരുക്കിവെച്ചിരിക്കുന്നു.
وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ يَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۚ وَكَانَ ٱللَّهُ غَفُورًۭا رَّحِيمًۭا﴿١٤﴾
share
وَلِلَّـهِ അല്ലാഹുവിനാണ് مُلْكُ السَّمَاوَاتِ ആകാശങ്ങളുടെ രാജത്വം وَالْأَرْضِ ഭൂമിയുടെയും يَغْفِرُ അവന്‍ പൊറുക്കും لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَيُعَذِّبُ ശിക്ഷിക്കുകയും ചെയ്യും مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَكَانَ اللَّـهُ അല്ലാഹു ആകുന്നു غَفُورًا വളരെ പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധി
48:14അല്ലാഹുവിനാണ് ആകാശങ്ങളുടെയും ഭൂമിയുടെയും രാജാധിപത്യം. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും; അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
തഫ്സീർ : 11-14
View   
سَيَقُولُ ٱلْمُخَلَّفُونَ إِذَا ٱنطَلَقْتُمْ إِلَىٰ مَغَانِمَ لِتَأْخُذُوهَا ذَرُونَا نَتَّبِعْكُمْ ۖ يُرِيدُونَ أَن يُبَدِّلُوا۟ كَلَـٰمَ ٱللَّهِ ۚ قُل لَّن تَتَّبِعُونَا كَذَٰلِكُمْ قَالَ ٱللَّهُ مِن قَبْلُ ۖ فَسَيَقُولُونَ بَلْ تَحْسُدُونَنَا ۚ بَلْ كَانُوا۟ لَا يَفْقَهُونَ إِلَّا قَلِيلًۭا﴿١٥﴾
share
سَيَقُولُ (വഴിയെ) പറഞ്ഞേക്കും الْمُخَلَّفُونَ പിന്നോക്കം നിന്നവര്‍ إِذَا انطَلَقْتُمْ നിങ്ങള്‍ പോയാല്‍, പോകുമ്പോള്‍ إِلَىٰ مَغَانِمَ "ഗനീമത്തു"കളിലേക്കു لِتَأْخُذُوهَا നിങ്ങള്‍ അതു എടുക്കുവാന്‍വേണ്ടി ذَرُونَا ഞങ്ങളെ വിട്ടേക്കുവിന്‍ (അനുവദിക്കണം) نَتَّبِعْكُمْ ഞങ്ങള്‍ നിങ്ങളെ അനുഗമിക്കട്ടെ, പിന്‍തുടരട്ടെ يُرِيدُونَ അവര്‍ ഉദ്ദേശിക്കുന്നു أَن يُبَدِّلُوا മാറ്റിമറിക്കുവാന്‍ كَلَامَ اللَّـهِ അല്ലാഹുവിന്‍റെ വാക്യം قُل പറയുക لَّن تَتَّبِعُونَا നിങ്ങള്‍ ഞങ്ങളെ അനുഗമിക്കുന്നതേയല്ല كَذَٰلِكُمْ അപ്രകാരം قَالَ اللَّـهُ അല്ലാഹു പറഞ്ഞിരിക്കുന്നു مِن قَبْلُ മുമ്പ്, മുമ്പേ فَسَيَقُولُونَ അപ്പോള്‍ (എന്നാല്‍) അവര്‍ പറഞ്ഞേക്കും بَلْ تَحْسُدُونَنَا പക്ഷേ നിങ്ങള്‍ ഞങ്ങളോടു അസൂയ കാണിക്കുകയാണ് بَلْ كَانُوا പക്ഷേ അവരാകുന്നു, ആയിരിക്കുന്നു لَا يَفْقَهُونَ അവര്‍ ഗ്രഹിക്കുന്നില്ല إِلَّا قَلِيلًا അല്പമല്ലാതെ.
48:15നിങ്ങള്‍ വല്ല "ഗനീമത്തു" [യുദ്ധത്തില്‍ ശത്രുക്കളില്‍നിന്നു ലഭിക്കുന്ന] സ്വത്തുക്കളിലേക്കും - അവ എടുക്കുവാന്‍വേണ്ടി - പോകുന്നതായാല്‍ (ആ) പിന്നോക്കം നിന്നവര്‍ പറഞ്ഞേക്കും : "ഞങ്ങളെ വിട്ടേക്കണം [അനുവദിക്കണം] ഞങ്ങള്‍ നിങ്ങളെ അനുഗമിക്കട്ടെ." അവര്‍ അല്ലാഹുവിന്‍റെ വാക്യത്തെ മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുകയാണ്. (നബിയേ) പറയുക : "നിങ്ങള്‍ ഞങ്ങളെ അനുഗമിച്ചു വരികയില്ല (അഥവാ വരാവതല്ല) തന്നെ. അല്ലാഹു മുമ്പേ അങ്ങിനെ പറഞ്ഞിരിക്കുന്നു." അപ്പോള്‍ അവര്‍ പറഞ്ഞേക്കും: "(അല്ല) പക്ഷെ, നിങ്ങള്‍ ഞങ്ങളോടു അസൂയ കാണിക്കുകയാണ്." (അല്ല) പക്ഷേ, അവര്‍ അല്പമാത്രമല്ലാതെ (കാര്യം) ഗ്രഹിക്കാതിരിക്കുകയാണ്.
തഫ്സീർ : 15-15
View   
قُل لِّلْمُخَلَّفِينَ مِنَ ٱلْأَعْرَابِ سَتُدْعَوْنَ إِلَىٰ قَوْمٍ أُو۟لِى بَأْسٍۢ شَدِيدٍۢ تُقَـٰتِلُونَهُمْ أَوْ يُسْلِمُونَ ۖ فَإِن تُطِيعُوا۟ يُؤْتِكُمُ ٱللَّهُ أَجْرًا حَسَنًۭا ۖ وَإِن تَتَوَلَّوْا۟ كَمَا تَوَلَّيْتُم مِّن قَبْلُ يُعَذِّبْكُمْ عَذَابًا أَلِيمًۭا﴿١٦﴾
share
قُل لِّلْمُخَلَّفِينَ പിന്നോക്കം നിന്നവരോടു പറയുക مِنَ الْأَعْرَابِ അഅ്റാബികളില്‍നിന്നു سَتُدْعَوْنَ നിങ്ങള്‍ (വഴിയെ) ക്ഷണിക്കപ്പെടും إِلَىٰ قَوْمٍ ഒരു ജനതയുടെ അടുക്കലേക്കു أُولِي بَأْسٍ സമരശേഷി (ശക്തി, ധീരത)യുള്ളവരായ شَدِيدٍ കഠിനമായ, ശക്തമായ تُقَاتِلُونَهُمْ നിങ്ങളവരോടു യുദ്ധം ചെയ്യണം أَوْ يُسْلِمُونَ അല്ലെങ്കില്‍ അവര്‍ കീഴോതുങ്ങണം (മുസ്ലിമാവണം) فَإِن تُطِيعُوا അപ്പോള്‍ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം يُؤْتِكُمُ اللَّـهُ അല്ലാഹു നിങ്ങള്‍ക്കു നല്‍കും أَجْرًا حَسَنًا നല്ലകൂലി, പ്രതിഫലം وَإِن تَتَوَلَّوْا നിങ്ങള്‍ പിന്‍തിരിയുന്ന പക്ഷം كَمَا تَوَلَّيْتُم നിങ്ങള്‍ പിന്‍തിരിഞ്ഞതുപോലെ مِّن قَبْلُ മുമ്പ് يُعَذِّبْكُمْ നിങ്ങളെ അവന്‍ ശിക്ഷിക്കും عَذَابًا أَلِيمًا വേദനയറിയ ശിക്ഷ
48:16"അഅ്റാബി" [മരുഭൂവാസികളായ അറബി]കളില്‍ പിന്നോക്കം നിന്നവരോടു പറയുക: "ശക്തിമത്തായ സമരശേഷിയുള്ള ഒരു ജനതയുടെ അടുക്കലേക്ക് നിങ്ങള്‍ (വഴിയെ) ക്ഷണിക്കപ്പെട്ടേക്കും; നിങ്ങളവരോടു യുദ്ധം ചെയ്യണം, അല്ലാത്തപക്ഷം അവര്‍ കീഴോതുങ്ങണം. (അഥവാ ഇസ്ലാമിനെ അംഗീകരിക്കണം) അപ്പോള്‍, നിങ്ങള്‍ അനുസരിക്കുന്നപക്ഷം അല്ലാഹു നിങ്ങള്‍ക്കു നല്ലതായ പ്രതിഫലം നല്‍കും; നിങ്ങള്‍ മുമ്പ് പിന്‍തിരിഞ്ഞതുപോലെ പിന്തിരിയുകയാണെങ്കിലോ, അവന്‍ നിങ്ങളെ വേദനയേറിയ ശിക്ഷ ശിക്ഷിക്കുകയും ചെയ്യും.
തഫ്സീർ : 16-16
View   
لَّيْسَ عَلَى ٱلْأَعْمَىٰ حَرَجٌۭ وَلَا عَلَى ٱلْأَعْرَجِ حَرَجٌۭ وَلَا عَلَى ٱلْمَرِيضِ حَرَجٌۭ ۗ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ يُدْخِلْهُ جَنَّـٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ وَمَن يَتَوَلَّ يُعَذِّبْهُ عَذَابًا أَلِيمًۭا﴿١٧﴾
share
لَّيْسَ عَلَى الْأَعْمَىٰ അന്ധന്‍റെ മേല്‍ ഇല്ല وَلَا عَلَى الْأَعْرَجِ ഒരു വിഷമവും (കുറ്റം, തെറ്റു) حَرَجٌ വിഷമം وَلَا عَلَى الْمَرِيضِ രോഗിയുടെമേലും ഇല്ല حَرَجٌ വിഷമം وَمَن يُطِعِ ആര്‍ അനുസരിക്കുന്നു (വഴിപ്പെടുന്നു)വോ اللَّـهَ അല്ലാഹുവിനു وَرَسُولَهُ അവന്‍റെ റസൂലിനും يُدْخِلْهُ എന്നാലവനെ അവന്‍ പ്രവേശിപ്പിക്കും جَنَّاتٍ സ്വര്‍ഗ്ഗങ്ങളില്‍ تَجْرِي സഞ്ചരിക്കുന്ന مِن تَحْتِهَا അതിന്‍റെ അടിഭാഗത്തുകൂടി الْأَنْهَارُ അരുവി(നദി)കള്‍ وَمَن يَتَوَلَّ ആര്‍ പിന്തിരിഞ്ഞുവോ يُعَذِّبْهُ അവനെ അവന്‍ ശിക്ഷിക്കും عَذَابًا أَلِيمًا വേദനയേറിയ ശിക്ഷ.
48:17അന്ധന്‍റെ മേല്‍ വിഷമം [കുറ്റം] ഇല്ല; മുടന്തന്‍റെ മേലും വിഷമം ഇല്ല; രോഗിയുടെമേലും വിഷമം ഇല്ല. അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും ആര്‍ അനുസരിക്കുന്നുവോ അവനെ, അടിഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ അവന്‍ പ്രവേശിപ്പിക്കുന്നതാണ്. ആര്‍ പിന്തിരിയുന്നുവോ അവനെ അവന്‍ വേദനയേറിയ ശിക്ഷ ശിക്ഷിക്കുകയും ചെയ്യും.
തഫ്സീർ : 17-17
View   
لَّقَدْ رَضِىَ ٱللَّهُ عَنِ ٱلْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ ٱلشَّجَرَةِ فَعَلِمَ مَا فِى قُلُوبِهِمْ فَأَنزَلَ ٱلسَّكِينَةَ عَلَيْهِمْ وَأَثَـٰبَهُمْ فَتْحًۭا قَرِيبًۭا﴿١٨﴾
share
لَّقَدْ رَضِيَ തീര്‍ച്ചയായും തൃപ്തിപ്പെട്ടിട്ടുണ്ട് اللَّـهُ അല്ലാഹു عَنِ الْمُؤْمِنِينَ സത്യവിശ്വാസികളെക്കുറിച്ചു إِذْ يُبَايِعُونَكَ അവര്‍ നിന്നോടു ബൈഅത്തു ചെയ്യുമ്പോള്‍ تَحْتَ الشَّجَرَةِ വൃക്ഷത്തിന്‍റെ ചുവട്ടില്‍ വെച്ചു فَعَلِمَ അപ്പോള്‍ അവന്‍ അറിഞ്ഞിരിക്കുന്നു مَا فِي قُلُوبِهِمْ അവരുടെ ഹൃദയങ്ങളിലുള്ളതു فَأَنزَلَ അതിനാല്‍ (എന്നിട്ടു) അവന്‍ ഇറക്കി السَّكِينَةَ ശാന്തത, അടക്കം, സമാധാനം عَلَيْهِمْ അവരില്‍ وَأَثَابَهُمْ അവര്‍ക്കു പ്രതിഫലം കൊടുക്കുകയും ചെയ്തു فَتْحًا قَرِيبًا ആസന്നമായ (അടുത്ത) ഒരു വിജയം.
48:18(ആ) വൃക്ഷത്തിന്‍റെ ചുവട്ടില്‍വെച്ചു നിന്നോടു പ്രതിജ്ഞ ["ബൈഅത്തു"] ചെയ്യുമ്പോള്‍ (ആ) സത്യവിശ്വാസികളെക്കുറിച്ച് തീര്‍ച്ചയായും അല്ലാഹു തൃപ്തിപ്പെട്ടിട്ടുണ്ട്. അപ്പോള്‍, അവരുടെ ഹൃദയങ്ങളിലുള്ളതു അവന്‍ അറിഞ്ഞിരിക്കുന്നു. അതിനാല്‍, അവരില്‍ അവന്‍ ശാന്തത ഇറക്കിക്കൊടുത്തു; ആസന്നമായ ഒരു വിജയം അവര്‍ക്കു പ്രതിഫലം കൊടുക്കുകയും ചെയ്തു.
وَمَغَانِمَ كَثِيرَةًۭ يَأْخُذُونَهَا ۗ وَكَانَ ٱللَّهُ عَزِيزًا حَكِيمًۭا﴿١٩﴾
share
وَمَغَانِمَ "ഗനീമത്തു"കളെയും كَثِيرَةً വളരെ يَأْخُذُونَهَا അവര്‍ പിടിച്ചെടുക്കുന്ന, അവരതു എടുക്കും وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَزِيزًا പ്രതാപശാലി حَكِيمًا അഗാധജ്ഞനായ.
48:19(കൂടാതെ) അവര്‍ പിടിച്ചെടുക്കുന്ന വളരെ "ഗനീമത്തു"കളും! അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 18-19
View   
وَعَدَكُمُ ٱللَّهُ مَغَانِمَ كَثِيرَةًۭ تَأْخُذُونَهَا فَعَجَّلَ لَكُمْ هَـٰذِهِۦ وَكَفَّ أَيْدِىَ ٱلنَّاسِ عَنكُمْ وَلِتَكُونَ ءَايَةًۭ لِّلْمُؤْمِنِينَ وَيَهْدِيَكُمْ صِرَٰطًۭا مُّسْتَقِيمًۭا﴿٢٠﴾
share
وَعَدَكُمُ اللَّـهُ അല്ലാഹു നിങ്ങളോടു (നിങ്ങള്‍ക്കു) വാഗ്ദാനം ചെയ്തിരിക്കുന്നു مَغَانِمَ كَثِيرَةً വളരെ ഗനീമത്തുകള്‍ تَأْخُذُونَهَا നിങ്ങള്‍ പിടിച്ചെടുക്കുന്ന , നിങ്ങളതു എടുക്കും فَعَجَّلَ എന്നാല്‍ വേഗമാക്കി (ക്ഷണമാക്കി)ത്തന്നു لَكُمْ هَـٰذِهِ നിങ്ങള്‍ക്കു ഇതു وَكَفَّ അവന്‍ തടുക്കുക (തടയുക)യും ചെയ്തു أَيْدِيَ النَّاسِ ജനങ്ങളുടെ കൈകളെ عَنكُمْ നിങ്ങളില്‍ നിന്നു وَلِتَكُونَ അതു (ഇതു) ആകുവാനും آيَةً لِّلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു ദൃഷ്ടാന്തം وَيَهْدِيَكُمْ നിങ്ങളെ നയിക്കുവാനും, കാട്ടിത്തരുവാനും صِرَاطًا പാത, വഴി مُّسْتَقِيمًا ചൊവ്വായ, നേരായ.
48:20നിങ്ങള്‍ (പിന്നീടു) പിടിച്ചെടുക്കുന്ന വളരെ "ഗനീമത്തുകളെ" അല്ലാഹു നിങ്ങളോടു വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാല്‍, ഇതു അവന്‍ നിങ്ങള്‍ക്കു വേഗമാക്കിത്തന്നിരിക്കുകയാണ്. ജനങ്ങളുടെ കൈകളെ നിങ്ങളില്‍നിന്നു അവന്‍ തടുക്കുകയും ചെയ്തു. സത്യവിശ്വാസികള്‍ക്കു ഇതൊരു ദൃഷ്ടാന്തമായിരിക്കുവാനും, നിങ്ങളെ ചൊവ്വായ പാതയില്‍ നയിക്കുവാനും കൂടിയാകുന്നു (ഇതെല്ലാം).
തഫ്സീർ : 20-20
View   
وَأُخْرَىٰ لَمْ تَقْدِرُوا۟ عَلَيْهَا قَدْ أَحَاطَ ٱللَّهُ بِهَا ۚ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍۢ قَدِيرًۭا﴿٢١﴾
share
وَأُخْرَىٰ വേറെയും (ചിലതു) لَمْ تَقْدِرُوا നിങ്ങള്‍ക്കു കഴിവുണ്ടായിട്ടില്ല عَلَيْهَا അതിനു, അവയ്ക്കു قَدْ أَحَاطَ വലയം ചെയ്തിട്ടുണ്ട് اللَّـهُ അല്ലാഹു بِهَا അവയെ وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും , എല്ലാ വസ്തുവിന്‍റെ മേലും قَدِيرًا കഴിവുള്ളവന്‍.
48:21വേറെ ചിലതും (ഉണ്ട്): നിങ്ങള്‍ക്ക് അതിനു കഴിവുണ്ടായിട്ടില്ല; അല്ലാഹു അവയെ വലയം ചെയ്തിട്ടുണ്ട്. [സൂക്ഷ്മമായി അറിയുന്നുണ്ട്]. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
തഫ്സീർ : 21-21
View   
وَلَوْ قَـٰتَلَكُمُ ٱلَّذِينَ كَفَرُوا۟ لَوَلَّوُا۟ ٱلْأَدْبَـٰرَ ثُمَّ لَا يَجِدُونَ وَلِيًّۭا وَلَا نَصِيرًۭا﴿٢٢﴾
share
وَلَوْ قَاتَلَكُمُ നിങ്ങളോടു യുദ്ധം ചെയ്തിരുന്നെങ്കില്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَوَلَّوُا അവര്‍ തിരിക്കും الْأَدْبَارَ പിന്‍പുറങ്ങള്‍ (പിന്‍തിരിഞ്ഞു പോകും) ثُمَّ لَا يَجِدُونَ പിന്നീടവര്‍ കണ്ടെത്തുകയില്ല (കിട്ടുകയില്ല) وَلِيًّا ഒരു രക്ഷാകര്‍ത്താവിനെ (ബന്ധുവെയും) وَلَا نَصِيرًا സഹായകനെയും ഇല്ല.
48:22(ആ) അവിശ്വസിച്ചവര്‍ നിങ്ങളുമായി യുദ്ധം ചെയ്തിരുന്നുവെങ്കില്‍തന്നെ, അവര്‍ പിന്‍തിരിഞ്ഞുപോകുമായിരുന്നു. പിന്നീടു, ഒരു രക്ഷാധികാരിയെ (അഥവാ ബന്ധുവിനെ) യാകട്ടെ, ഒരു സഹായകനെയാകട്ടെ, അവര്‍ കണ്ടെത്തുന്നതല്ല.
سُنَّةَ ٱللَّهِ ٱلَّتِى قَدْ خَلَتْ مِن قَبْلُ ۖ وَلَن تَجِدَ لِسُنَّةِ ٱللَّهِ تَبْدِيلًۭا﴿٢٣﴾
share
سُنَّةَ اللَّـهِ അല്ലാഹുവിന്‍റെ നടപടിക്രമം, ചട്ടം, വഴക്കം الَّتِي قَدْ خَلَتْ കഴിഞ്ഞുപോയിട്ടുള്ളതായ مِن قَبْلُ മുമ്പേ, മുമ്പുമുതല്‍ وَلَن تَجِدَ നീ കണ്ടെത്തുന്നതേയല്ല لِسُنَّةِ اللَّـهِ അല്ലാഹുവിന്‍റെ നടപടിക്രമത്തിനു تَبْدِيلًا ഒരു മാറ്റത്തിരുത്തവും, മാറ്റലും.
48:23(അതെ) മുമ്പുമുതല്‍ക്കേ (നടന്നു) കഴിഞ്ഞിട്ടുള്ള അല്ലാഹുവിന്‍റെ നടപടിക്രമം! അല്ലാഹുവിന്‍റെ നടപടിക്രമത്തിനു യാതൊരു മാറ്റത്തിരുത്തവും നീ കണ്ടെത്തുകയില്ല തന്നെ.
തഫ്സീർ : 22-23
View   
وَهُوَ ٱلَّذِى كَفَّ أَيْدِيَهُمْ عَنكُمْ وَأَيْدِيَكُمْ عَنْهُم بِبَطْنِ مَكَّةَ مِنۢ بَعْدِ أَنْ أَظْفَرَكُمْ عَلَيْهِمْ ۚ وَكَانَ ٱللَّهُ بِمَا تَعْمَلُونَ بَصِيرًا﴿٢٤﴾
share
وَهُوَ الَّذِي അവനത്രെ യാതൊരുവന്‍, അവന്‍ യാതൊരുവനാണ് كَفَّ أَيْدِيَهُمْ അവരുടെ കൈകളെ തടുത്ത, തടഞ്ഞ عَنكُمْ നിങ്ങളില്‍നിന്നു وَأَيْدِيَكُمْ നിങ്ങളുടെ കൈകളെയും عَنْهُم അവരില്‍നിന്നു بِبَطْنِ مَكَّةَ മക്കായുടെ ഉള്ളില്‍വെച്ചു مِن بَعْدِ ശേഷം, പിന്നീടായി أَنْ أَظْفَرَكُمْ നിങ്ങളെ ജയിപ്പിച്ച (നിങ്ങള്‍ക്കു ജയം നല്‍കിയ)തിന്‍റെ عَلَيْهِمْ അവരോടു, അവരുടെമേല്‍ وَكَانَ اللَّـهُ അല്ലാഹു ആകുന്നു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرًا കണ്ടറിയുന്നവന്‍.
48:24മക്കയുടെ ഉള്ളില്‍വെച്ച് അവരുടെ കൈകളെ നിങ്ങളില്‍നിന്നും, നിങ്ങളുടെ കൈകളെ അവരില്‍നിന്നും (പരസ്പരം ഏറ്റുമുട്ടാതെ) തടുത്തുവെച്ചവനും അവനത്രെ; നിങ്ങള്‍ക്കു അവരുടെമേല്‍ ജയം നല്‍കിയതിനുശേഷം. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
തഫ്സീർ : 24-24
View   
هُمُ ٱلَّذِينَ كَفَرُوا۟ وَصَدُّوكُمْ عَنِ ٱلْمَسْجِدِ ٱلْحَرَامِ وَٱلْهَدْىَ مَعْكُوفًا أَن يَبْلُغَ مَحِلَّهُۥ ۚ وَلَوْلَا رِجَالٌۭ مُّؤْمِنُونَ وَنِسَآءٌۭ مُّؤْمِنَـٰتٌۭ لَّمْ تَعْلَمُوهُمْ أَن تَطَـُٔوهُمْ فَتُصِيبَكُم مِّنْهُم مَّعَرَّةٌۢ بِغَيْرِ عِلْمٍۢ ۖ لِّيُدْخِلَ ٱللَّهُ فِى رَحْمَتِهِۦ مَن يَشَآءُ ۚ لَوْ تَزَيَّلُوا۟ لَعَذَّبْنَا ٱلَّذِينَ كَفَرُوا۟ مِنْهُمْ عَذَابًا أَلِيمًا﴿٢٥﴾
share
هُمُ അവര്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവരാണ് وَصَدُّوكُمْ നിങ്ങളെ തടയുക (മുടക്കുക)യും ചെയ്ത عَنِ الْمَسْجِدِ الْحَرَامِ മസ്ജിദുല്‍ ഹറാമില്‍നിന്നു وَالْهَدْيَ ബലിമൃഗത്തെയും مَعْكُوفًا മുടക്കപ്പെട്ട (തടസ്സം ചെയ്യപ്പെട്ട) നിലയില്‍ أَن يَبْلُغَ അതു എത്തിച്ചേരുന്നതു مَحِلَّهُ അതിന്‍റെ നിശ്ചിത സ്ഥലത്തു, എത്തേണ്ട സ്ഥാനത്തു وَلَوْلَا رِجَالٌ ചില പുരുഷന്മാര്‍ ഇല്ലായിരുന്നുവെങ്കില്‍ مُّؤْمِنُونَ സത്യവിശ്വാസികളായ وَنِسَاءٌ مُّؤْمِنَاتٌ വിശ്വാസിനികളായ സ്ത്രീകളും لَّمْ تَعْلَمُوهُمْ നിങ്ങളവരെ അറിഞ്ഞിട്ടില്ലാത്ത أَن تَطَئُوهُمْ അതായതു നിങ്ങളവരെ ചവിട്ടിയേക്കുന്നതു (നശിപ്പിക്കുന്നതു) فَتُصِيبَكُم അങ്ങനെ (അതിനാല്‍) നിങ്ങള്‍ക്കു ബാധിക്കുക (പിണയുക)യും مِّنْهُم അവര്‍ മൂലം, അവരാല്‍ مَّعَرَّةٌ വല്ല അനിഷ്ടവും (പാപവും, വിഷമവും, ബാധ്യതയും) بِغَيْرِ عِلْمٍ അറിയാതെ لِّيُدْخِلَ اللَّـهُ അല്ലാഹു പ്രവേശിപ്പിക്കുവാന്‍വേണ്ടി فِي رَحْمَتِهِ തന്‍റെ കാരുണ്യത്തില്‍ مَن يَشَاءُ താന്‍ ഉദ്ദേശിക്കുന്നവരെ لَوْ تَزَيَّلُوا അവര്‍ നീങ്ങി (വേറിട്ടു) നിന്നിരുന്നുവെങ്കില്‍ لَعَذَّبْنَا നാം ശിക്ഷിക്കുക തന്നെ ചെയ്തിരുന്നു الَّذِينَ كَفَرُوا مِنْهُمْ അവരില്‍ അവിശ്വസിച്ചവരെ عَذَابًا أَلِيمًا വേദനയേറിയ ശിക്ഷ.
48:25അവിശ്വസിക്കുകയും, "മസ്ജിദുല്‍ഹറാമി"ല്‍ [പവിത്രമായ പള്ളിയില്‍] നിന്നു നിങ്ങളെ തടയുകയും ചെയ്തവരത്രെ അവര്‍; ബലിമൃഗം അതിന്‍റെ നിശ്ചിതസ്ഥാനത്ത് എത്തിച്ചേരുന്നതിന് മുടക്കം ചെയ്യപ്പെട്ട നിലയില്‍ അതിനെയും (അവര്‍ തടഞ്ഞു). നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത സത്യവിശ്വാസികളായ ചില പുരുഷന്മാരും, സത്യവിശ്വാസിനികളായ സ്ത്രീകളും ഇല്ലായിരുന്നുവെങ്കില്‍. അതായതു, നിങ്ങള്‍ അവരെ ചവിട്ടി [അപകടപ്പെടുത്തി]യേക്കുകയും, അങ്ങനെ, അറിയാത്ത വിധത്തില്‍ അവര്‍മൂലം നിങ്ങള്‍ക്കു വല്ല അനിഷ്ടവും [തെറ്റുകുറ്റവും] പിണയുകയും ചെയ്യുക(യില്ലായിരുന്നുവെങ്കില്‍). [എന്നാല്‍ ഇരുകൂട്ടരെയും അവന്‍ കൂട്ടിമുട്ടിക്കുമായിരുന്നു.] (അതെ) അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്‍റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുവാന്‍വേണ്ടിയാണ് (കൂട്ടിമുട്ടിക്കാതിരുന്നത്). അവര്‍ (വേറിട്ടു) നീങ്ങി നിന്നിരുന്നുവെങ്കില്‍, അവരില്‍ (ആ) അവിശ്വസിച്ചവരെ നാം ശിക്ഷ ശിക്ഷിക്കുക തന്നെ ചെയ്യുമായിരുന്നു.
തഫ്സീർ : 25-25
View   
إِذْ جَعَلَ ٱلَّذِينَ كَفَرُوا۟ فِى قُلُوبِهِمُ ٱلْحَمِيَّةَ حَمِيَّةَ ٱلْجَـٰهِلِيَّةِ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلْمُؤْمِنِينَ وَأَلْزَمَهُمْ كَلِمَةَ ٱلتَّقْوَىٰ وَكَانُوٓا۟ أَحَقَّ بِهَا وَأَهْلَهَا ۚ وَكَانَ ٱللَّهُ بِكُلِّ شَىْءٍ عَلِيمًۭا﴿٢٦﴾
share
إِذْ جَعَلَ ആക്കിയ (വെച്ചു കൊണ്ടിരുന്ന)പ്പോള്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ فِي قُلُوبِهِمُ അവരുടെ ഹൃദയങ്ങളില്‍ الْحَمِيَّةَ ചൂടു (ദുരഭിമാനം, കോപത്തള്ളല്‍) حَمِيَّةَ الْجَاهِلِيَّةِ അജ്ഞാന (കാല) സമ്പ്രദായത്തിന്‍റെ ചൂടു (ദുരഭിമാനം) فَأَنزَلَ اللَّـهُ അപ്പോള്‍ അല്ലാഹു ഇറക്കി سَكِينَتَهُ അവന്‍റെ (വക) ശാന്തത, സമാധാനം عَلَىٰ رَسُولِهِ തന്‍റെ റസൂലിന്‍റെ മേല്‍ وَعَلَى الْمُؤْمِنِينَ സത്യവിശ്വാസികളുടെ മേലും وَأَلْزَمَهُمْ അവരെ നിര്‍ബ്ബന്ധിക്കുക (മുറുകെ പിടിപ്പിക്കുക)യും ചെയ്തു كَلِمَةَ التَّقْوَىٰ സൂക്ഷ്മതയുടെ വാക്യം وَكَانُوا അവരായിരുന്നു (ആകുന്നു) താനും أَحَقَّ بِهَا അതിനു കൂടുതല്‍ അര്‍ഹര്‍, അവകാശപ്പെട്ടവര്‍ وَأَهْلَهَا അതിന്‍റെ ആള്‍ക്കാരും وَكَانَ اللَّـهُ അല്ലാഹു ആകുന്നു بِكُلِّ شَيْءٍ എല്ലാ വസ്തുവെ(കാര്യത്തെ) പ്പറ്റിയും عَلِيمًا അറിവുള്ളവന്‍.
48:26(ആ) അവിശ്വസിച്ചവര്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ദുരഭിമാനം – അജ്ഞാന (കാല) സമ്പ്രദായത്തിന്‍റെ ദുരഭിമാനം – വെച്ചുകൊണ്ടിരുന്ന സന്ദര്‍ഭം! അപ്പോള്‍, അല്ലാഹു അവന്‍റെ റസൂലിന്‍റെമേലും, സത്യവിശ്വാസികളുടെ മേലും അവന്‍റെ (വക) ശാന്തത ഇറക്കിക്കൊടുത്തു. സൂക്ഷ്മതയുടെ വാക്യം (മുറുകെ പിടിക്കുവാന്‍) അവരെ അവന്‍ നിര്‍ബ്ബന്ധിക്കുകയും ചെയ്തു. അവര്‍, അതിനു കൂടുതല്‍ അര്‍ഹതയുള്ളവരും, അതിന്‍റെ ആള്‍ക്കാരുമായിരുന്നുതാനും. അല്ലാഹു എല്ലാ വസ്തുവെപ്പറ്റിയും അറിവുള്ളവനാകുന്നു.
തഫ്സീർ : 26-26
View   
لَّقَدْ صَدَقَ ٱللَّهُ رَسُولَهُ ٱلرُّءْيَا بِٱلْحَقِّ ۖ لَتَدْخُلُنَّ ٱلْمَسْجِدَ ٱلْحَرَامَ إِن شَآءَ ٱللَّهُ ءَامِنِينَ مُحَلِّقِينَ رُءُوسَكُمْ وَمُقَصِّرِينَ لَا تَخَافُونَ ۖ فَعَلِمَ مَا لَمْ تَعْلَمُوا۟ فَجَعَلَ مِن دُونِ ذَٰلِكَ فَتْحًۭا قَرِيبًا﴿٢٧﴾
share
لَّقَدْ صَدَقَ തീര്‍ച്ചയായും സത്യമാക്കിയിരിക്കുന്നു اللَّـهُ അല്ലാഹു رَسُولَهُ തന്‍റെ റസൂലിനു, റസൂലിനോടു الرُّؤْيَا സ്വപ്നം بِالْحَقِّ യഥാര്‍ത്ഥപ്രകാരം (ന്യായമായവിധം) لَتَدْخُلُنَّ നിശ്ചയമായും നിങ്ങള്‍ പ്രവേശിക്കും (എന്നു) الْمَسْجِدَ الْحَرَامَ മസ്ജിദുല്‍ ഹറാമില്‍ إِن شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചാല്‍ آمِنِينَ നിര്‍ഭയരായ നിലയില്‍ (സമാധാനപൂര്‍വ്വം) مُحَلِّقِينَ (മുടി) കളഞ്ഞ(വരണ്ടിയ)വരായി رُءُوسَكُمْ നിങ്ങളുടെ തല (മുടി)കളെ وَمُقَصِّرِينَ വെട്ടിയവരായും لَا تَخَافُونَ നിങ്ങള്‍ പേടിക്കാത്ത നിലയില്‍, പേടിക്കുക (പേടിക്കേണ്ടി വരിക)യില്ല فَعَلِمَ എന്നാല്‍ അവന്‍ അറിഞ്ഞിരിക്കുന്നു مَا യാതൊന്നു, ചില കാര്യം لَمْ تَعْلَمُوا നിങ്ങള്‍ക്കറിയാത്ത فَجَعَلَ അങ്ങിനെ അവന്‍ ഉണ്ടാക്കി, ഏര്‍പ്പെടുത്തി مِن دُونِ ذَٰلِكَ അതിനുപുറമെ, അതുകൂടാതെ فَتْحًا ഒരു വിജയം قَرِيبًا അടുത്ത, ആസന്നമായ.
48:27തീര്‍ച്ചയായും, അല്ലാഹു അവന്‍റെ റസൂലിനു സ്വപ്നം യഥാര്‍ത്ഥപ്രകാരം സത്യമാക്കിയിരിക്കുന്നു" (അതായതു:) അല്ലാഹു ഉദ്ദേശിച്ചാല്‍ നിശ്ചയമായും "മസ്ജിദുല്‍ ഹറാമില്‍ [അലംഘനീയമായ പള്ളിയില്‍] നിങ്ങള്‍ നിര്‍ഭയരായ നിലയില്‍ - നിങ്ങളുടെ തലമുടി കളഞ്ഞവരും വെട്ടിയവരുമായിക്കൊണ്ടു - പ്രവേശിക്കുന്നതാണ്, നിങ്ങള്‍ പേടിക്കേണ്ടി വരികയില്ല. (ഇതാണ് സ്വപ്നം.) എന്നാല്‍, നിങ്ങള്‍ക്കറിയാത്ത (ചില)തു അവന്‍ [അല്ലാഹു] അറിഞ്ഞിരിക്കുന്നു. അങ്ങിനെ, അതിനുപുറമെ ഒരു സമീപമായ വിജയം അവന്‍ ഉണ്ടാക്കി.
തഫ്സീർ : 27-27
View   
هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ ۚ وَكَفَىٰ بِٱللَّهِ شَهِيدًۭا﴿٢٨﴾
share
هُوَ الَّذِي അവനത്രെ യാതൊരുവന്‍ أَرْسَلَ അയച്ച رَسُولَهُ തന്‍റെ റസൂലിനെ بِالْهُدَىٰ സന്മാര്‍ഗ്ഗ (നേര്‍മാര്‍ഗ്ഗ)വുമായി وَدِينِ الْحَقِّ യഥാര്‍ത്ഥ (സത്യ) മതവും لِيُظْهِرَهُ അതിനെ പ്രത്യക്ഷപ്പെടുത്തുവാന്‍, വിജയിപ്പിക്കുവാന്‍, മേലെയാക്കുവാന്‍ عَلَى الدِّينِ മതത്തെക്കാള്‍ كُلِّهِ എല്ലാ (മതത്തെക്കാളും) وَكَفَىٰ മതി بِاللَّـهِ അല്ലാഹു (തന്നെ) شَهِيدًا സാക്ഷിയായിട്ടു.
48:28അവനത്രെ, സന്മാര്‍ഗ്ഗവും, യഥാര്‍ത്ഥമതവുമായി തന്‍റെ റസൂലിനെ അയച്ചവന്‍, എല്ലാ മതങ്ങളെക്കാളും അതിനെ (മേലേയാക്കി) പ്രത്യക്ഷപ്പെടുത്തുവാന്‍വേണ്ടി. അല്ലാഹു തന്നെ മതി, സാക്ഷിയായിട്ട്‌!.
തഫ്സീർ : 28-28
View   
مُّحَمَّدٌۭ رَّسُولُ ٱللَّهِ ۚ وَٱلَّذِينَ مَعَهُۥٓ أَشِدَّآءُ عَلَى ٱلْكُفَّارِ رُحَمَآءُ بَيْنَهُمْ ۖ تَرَىٰهُمْ رُكَّعًۭا سُجَّدًۭا يَبْتَغُونَ فَضْلًۭا مِّنَ ٱللَّهِ وَرِضْوَٰنًۭا ۖ سِيمَاهُمْ فِى وُجُوهِهِم مِّنْ أَثَرِ ٱلسُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِى ٱلتَّوْرَىٰةِ ۚ وَمَثَلُهُمْ فِى ٱلْإِنجِيلِ كَزَرْعٍ أَخْرَجَ شَطْـَٔهُۥ فَـَٔازَرَهُۥ فَٱسْتَغْلَظَ فَٱسْتَوَىٰ عَلَىٰ سُوقِهِۦ يُعْجِبُ ٱلزُّرَّاعَ لِيَغِيظَ بِهِمُ ٱلْكُفَّارَ ۗ وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ مِنْهُم مَّغْفِرَةًۭ وَأَجْرًا عَظِيمًۢا﴿٢٩﴾
share
مُّحَمَّدٌ മുഹമ്മദു رَّسُولُ اللَّـهِ അല്ലാഹുവിന്‍റെ ദൂതനാണ്‌ وَالَّذِينَ مَعَهُ അദ്ദേഹത്തിന്‍റെ കൂടെയുള്ളവര്‍ أَشِدَّاءُ കഠിനന്മാരാണ്, ഊക്കന്മാരാണ് عَلَى الْكُفَّارِ അവിശ്വാസികളുടെമേല്‍ رُحَمَاءُ ദയാലുക്കളാണ്, കൃപയുള്ളവരാണ് بَيْنَهُمْ തങ്ങള്‍ക്കിടയില്‍, തമ്മില്‍ تَرَاهُمْ നിനക്കവരെ കാണാം, നീ അവരെ കാണും رُكَّعًا റുക്കുഉ് ചെയ്യുന്നവരായി سُجَّدًا സുജൂദു ചെയ്യുന്നവരായി يَبْتَغُونَ അവര്‍ തേടിക്കൊണ്ടിരിക്കും, അന്വേഷിക്കുന്നു فَضْلًا അനുഗ്രഹം, ദയവു, ദാക്ഷിണ്യം مِّنَ اللَّـهِ അല്ലാഹുവില്‍നിന്നു وَرِضْوَانًا പ്രീതിയും, പൊരുത്തപ്പാടും سِيمَاهُمْ അവരുടെ അടയാളം, ലക്ഷണം, പ്രത്യേകത فِي وُجُوهِهِم അവരുടെ മുഖങ്ങളിലുണ്ടു مِّنْ أَثَرِ السُّجُودِ സുജൂദിന്‍റെ ഫലമായി, പാടുനിമിത്തം ذَٰلِكَ അതു مَثَلُهُمْ അവരുടെ ഉപമയാണ് فِي التَّوْرَاةِ തൗറാത്തില്‍ وَمَثَلُهُمْ അവരുടെ ഉപമ فِي الْإِنجِيلِ ഇഞ്ചീലിലുമുണ്ട് كَزَرْعٍ അതായതു ഒരു വിളപോലെ, വിളപോലെയാണ് أَخْرَجَ അതു പുറത്തുകാട്ടി, വെളിപ്പെടുത്തി شَطْأَهُ അതിന്‍റെ കൂമ്പു, സൂചിമുള فَآزَرَهُ എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി, പോഷിപ്പിച്ചു فَاسْتَغْلَظَ എന്നിട്ടതു കട്ടികൂടി, തടിച്ചുവന്നു فَاسْتَوَىٰ എന്നിട്ടത് ശരിക്കു നിന്നു, ശരിയായി വന്നു عَلَىٰ سُوقِهِ അതിന്‍റെ തണ്ടുകളില്‍, തടിമരങ്ങളില്‍ يُعْجِبُ ആശ്ചര്യപ്പെടുത്തുമാറു, അതിശയിപ്പിച്ചുകൊണ്ടു الزُّرَّاعَ കൃഷിക്കാരെ لِيَغِيظَ കോപിപ്പിക്കുവാന്‍ വേണ്ടിയാണ്, ദ്വേഷ്യം പിടിപ്പിക്കുവാന്‍ بِهِمُ അവര്‍ മൂലം, അവരെകൊണ്ടു الْكُفَّارَ അവിശ്വാസികളെ وَعَدَ اللَّـهُ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു الَّذِينَ آمَنُوا വിശ്വസിച്ചവരോടു وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത مِنْهُم അവരില്‍നിന്നു, അവരാകുന്നു مَّغْفِرَةً പാപമോചനം, പൊറുതി وَأَجْرًا عَظِيمًا മഹത്തായ പ്രതിഫലവും, കൂലിയും.
48:29മുഹമ്മദ്‌ അല്ലാഹുവിന്‍റെ റസൂലാകുന്നു. [ദൂതനാണ്‌]. അദ്ദേഹത്തിന്‍റെ കൂടെയുള്ളവരാകട്ടെ, അവിശ്വാസികളുടെമേല്‍ കഠിനന്മാരാണ്, തങ്ങള്‍ക്കിടയില്‍ ദയാലുക്കളാണ്. "റുകൂഉം", "സുജൂദും" ചെയ്തു [കുമ്പിട്ടും, സാഷ്ടാംഗം ചെയ്തും നമസ്കാരം നിര്‍വ്വഹിച്ചു] കൊണ്ടിരിക്കുന്നവരായി അവരെ നിനക്കു കാണാം. അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹവും (അഥവാ ദയയും) പ്രീതിയും അവര്‍ തേടിക്കൊണ്ടിരിക്കുന്നു. "സുജൂദി"ന്‍റെ [സാഷ്ടാംഗ നമസ്കാരത്തിന്‍റെ] ഫലമായി അവരുടെ അടയാളം [പ്രത്യേകത] അവരുടെ മുഖങ്ങളിലുണ്ട്. "തൌറാത്തി"ല്‍ (വര്‍ണ്ണിച്ച) അവരുടെ ഉപമയാണത്. അവരുടെ ഉപമ "ഇഞ്ചീലി"ലും ഉണ്ടു; (അതായതു) ഒരു വിളപോലെ : അതു അതിന്‍റെ കൂമ്പ് പുറപ്പെടുവിച്ചു [വിത്തില്‍നിന്നു സൂചിമുള പുറത്തുവന്നു]; എന്നിട്ട് അതിനെ (ചിനച്ചു) പുഷ്ടിപ്പെടുത്തി; അങ്ങനെ അതു (തടിച്ചു) കട്ടികൂടി; എന്നിട്ട് കൃഷിക്കാരെ ആശ്ചര്യപ്പെടുത്തുമാറ് അതിന്‍റെ തണ്ടുകളില്‍ അതു (സ്വയം) ശരിപ്പെട്ടുനിന്നു. അവിശ്വാസികള്‍ക്കു അവര്‍മൂലം കോപം പിടിപ്പിക്കുവാന്‍ വേണ്ടിയാണ് (ഇങ്ങിനെ ഉപമിച്ചതു, അഥവാ ഇപ്രകാരം വളര്‍ത്തികൊണ്ടുവന്നത്). അവരില്‍ വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കു അല്ലാഹു പാപമോചനവും, മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു.
തഫ്സീർ : 29-29
View