ഹാ-മീം സജദഃ
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 54- വിഭാഗം (റുകൂഉ്) 6
സൂറത്ത് `ഫുസ്‌സ്വിലത്ത്’ എന്നും ഇതിന് പേരുണ്ട്.
ഇമാം ബൈഹക്വി, ഹാകിം (رحمه الله) മുതലായ പല ഹദീഥ് പണ്‌ഡിതന്‍മാരും നിവേദനം ചെയ്‌തിട്ടുള്ള ഒരു സംഭവമാണ് ചുവടെ ചേര്‍ക്കുന്നത്:-
ഒരിക്കല്‍ ക്വുറൈശികള്‍ ഒരു യോഗം ചേര്‍ന്ന് ഇങ്ങനെ പ്രസ്‌താവിക്കുകയുണ്ടായി: `നമുക്കിടയില്‍ ഭിന്നിപ്പും ഛിദ്രവും ഉണ്ടാക്കുകയും, നമ്മുടെ മതത്തെ ആക്ഷേപിക്കുകയും ചെയ്യുന്ന ഈ മനുഷ്യന്റെ (നബിയുടെ) അടുക്കല്‍ ചെന്ന് ജാലവിദ്യ, പ്രശ്‌നവിദ്യ, കവിത ആദിയായവയില്‍ സമര്‍ത്ഥനായ ഒരാള്‍ അവനുമായി ഒരു സംഭാഷണം നടത്തി അവനെ അതില്‍നിന്ന് പിന്‍മാറ്റുവാന്‍ സാധിക്കുമോ എന്ന് നോക്കട്ടെ. `ഇതിനായി ഉത്‌ബത്തുബ്‌നു റബീഅഃ (عتبة بن ربيعة) യെ അവര്‍ പറഞ്ഞയച്ചും. ഉത്‌ബത്തു നബി (ﷺ) യുടെ അടുക്കല്‍ ചെന്ന് ഇങ്ങനെ പറഞ്ഞു: `മുഹമ്മദേ, നീയോ (നിന്റെ പിതാവായ) അബ്‌ദുല്ലയോ ഉത്തമന്‍?’ തിരുമേനി മൗനമവലംബിച്ചു. വീണ്ടും ഉത്‌ബത്ത്: `അല്ലെങ്കില്‍ നീയോ (നിന്റെ പിതാമഹന്‍) അബ്‌ദുല്‍ മുത്വലിബോ ഉത്തമന്‍?’ തിരുമേനി ഉത്തരം പറഞ്ഞില്ല. ഉത്‌ബത്ത് തുടര്‍ന്നു. `ഇവരെല്ലാം നിന്നെക്കാള്‍ ഉത്തമന്‍മാരായിരുന്നുവെങ്കില്‍, നീ കുറ്റപ്പെടുത്തുന്ന ഈ ദൈവങ്ങളെ (വിഗ്രഹങ്ങളെ) അവരും ആരാധിച്ചു വന്നിരുന്നു. അവരെക്കാള്‍ ഉത്തമന്‍ നീയാണെന്ന് പറയുന്നുവെങ്കില്‍ നീയൊന്ന് സംസാരിക്കൂ, ഞങ്ങള്‍ കേള്‍ക്കട്ടെ!’
ഉത്‌ബത്ത് തുടര്‍ന്നു: `അല്ലാഹുവാണ സത്യം! ഈ ജനതയില്‍ നിന്നെക്കാള്‍ ലക്ഷണം കെട്ടവന്‍ മറ്റൊരാളും ഉണ്ടായിട്ടില്ല. ഞങ്ങളുടെ ഐക്യം നീ ശിഥിലമാക്കി: ഞങ്ങളുടെ കാര്യങ്ങള്‍ നീ താറുമാറാക്കി: മതത്തെ നീ കുറ്റപ്പെടുത്തി: അറബികളുടെ മുമ്പില്‍ ഞങ്ങളെ അപമാനിച്ചു. ഹേ, മനുഷ്യാ! നിനക്ക് (സാമ്പത്തികമായ) വല്ല ആവശ്യവുമാണെങ്കില്‍, ഞങ്ങള്‍ നിനക്ക് ധനം ശേഖരിച്ചുതന്ന് നിന്നെ ക്വുറൈശികളില്‍ വലിയ ധനികനാക്കിത്തരാം. വിവാഹമാണാവശ്യമെങ്കില്‍, നീ ഇഷ്‌ടപ്പെടുന്ന സ്‌ത്രീയെ നിനക്ക് വിവാഹം ചെയ്‌തുതരാം. വേണമെങ്കില്‍ പത്തുപേരെ വിവാഹം കഴിച്ചുതരാം.’
നബി (ﷺ) ചോദിച്ചു: `താങ്കള്‍ പറഞ്ഞ് കഴിഞ്ഞുവോ?’ ഉത്‌ബത്ത്: `അതെ,’ `എന്നാല്‍ കേള്‍ക്കൂ’ എന്ന് പറഞ്ഞുകൊണ്ട് തിരുമേനി `ഹാ- മീം സജദഃയുടെ `ബിസ്‌മില്ലാഹി’ മുതല്‍ 13-ാം വചനം തീരുന്നതുവരെ (من بسم الله – الى قوله : مثل صاعقة عاد و ثمود ) ഉത്‌ബത്തിനെ ഓതികേള്‍പ്പിച്ചു.
കൈകള്‍ പിന്നോക്കം കെട്ടിനിന്ന് അതെല്ലാം കേട്ട ഉത്‌ബത്ത് നബി (ﷺ) യോട് അപേക്ഷിച്ചു: `മതി!മതി!! ഉത്‌ബത്തിന്റെ വന്നപ്പോഴത്തെ മുഖഭാവം മാറി. ക്വുറൈശികളുടെ സദസ്സിലേക്കല്ല, നേരെ സ്വന്തം വീട്ടിലേക്കായിരുന്നു. അയാള്‍ മടങ്ങിപ്പോയത്.
ഉത്‌ബത്ത് മതം മാറിപ്പോയോ എന്ന് പോലും ക്വുറൈശികള്‍ സംശയിച്ചു. അബൂ ജഹ്‌ല്‍ മുതലായവര്‍ അയാളെ വീട്ടില്‍ ചെന്ന് കണ്ടു. അയാള്‍ അവരോടിങ്ങനെ പറഞ്ഞു: `മുഹമ്മദില്‍ നിന്ന് ഞാന്‍ ചിലതെല്ലാം കേള്‍ക്കുകയുണ്ടായി, അത് ജാലമല്ല, പ്രശ്‌നവുമല്ല, കവിതയുമല്ല. അതുപോലുള്ള വാക്കുകള്‍ ഞാന്‍ കേട്ടിട്ടില്ല. അവസാനം വായക്കുപിടിച്ച് കേണപേക്ഷിച്ചു. എന്നിട്ടാണ് അവനത് നിറുത്തിയത്. നിങ്ങള്‍ക്കറിയാമല്ലോ, മുഹമ്മദ് കളവ് പറയാറില്ലെന്ന്. അതുകൊണ്ട് നമുക്ക് വല്ല ശിക്ഷയും ബാധിച്ചേക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടുപോയി!’
ഒരു നിവേദനത്തില്‍ ഉത്‌ബത്തിന്റെ മറുപടിയില്‍ ഇപ്രകാരവും കാണാം: `മുഹമ്മദിനെയും, അവന്റെ കാര്യത്തെയും നിങ്ങള്‍ വിട്ടേക്കുക. നിശ്ചയമായും അവന്നൊരു ഭാവിയുണ്ട്. ഞാന്‍ ഇപ്പറയുന്നത് നിങ്ങള്‍ അനുസരിക്കണം. വേറെ ഏത് വാക്ക് നിങ്ങള്‍ നിരസിച്ചാലും വിരോധമില്ല. അറബികള്‍ മുഹമ്മദിനെ അപായപ്പെടുത്തിയെങ്കില്‍ നിങ്ങള്‍ക്ക് അവന്റെ ശല്യം നീങ്ങുമല്ലോ. അതല്ല, അവന് പ്രതാപം വര്‍ദ്ധിക്കുകയാണെങ്കില്‍, അത് നിങ്ങളുടെ -ക്വുറൈശികളുടെ- യും പ്രതാപമായിരിക്കും.’ ഉത്‌ബത്തിനെ അമ്പരപ്പിച്ച ആ സൂക്തങ്ങളെ മനസ്സിരുത്തി വായിക്കുമ്പോള്‍ അറിയാം അവയിലടങ്ങിയ ആശയങ്ങളുടെ ഗൗരവം.
بَشِيرًا = സന്തോഷവാർത്ത അറിയിക്കുന്നതായി وَنَذِيرًا = താക്കീത് നൽകുന്നതും. فَأَعْرَضَ = എന്നാൽ(എന്നിട്ട്) തിരിഞ്ഞു കളഞ്ഞു, അവഗണിച്ചു أَكْثَرُهُمْ = അവരിലധികവും فَهُمْ = അങ്ങനെ അവർ لَا يَسْمَعُونَ = കേൾക്കുന്നില്ല,ചെവി കൊടുക്കുന്നില്ല.
41:4സന്തോഷവാർത്ത അറിയിക്കുന്നതും, താക്കീതു നൽകുന്നതുമായികൊണ്ട്. എന്നാൽ, അവരിൽ അധികമാളും (അവഗണിച്ച്) തിരിഞ്ഞുകളഞ്ഞു. അങ്ങനെ, അവർ (ചെവികൊടുത്ത്) കേൾക്കുന്നില്ല.
وَقَالُوا = അവർ പറയുകയും ചെയ്തു (ചെയ്യുന്നു) قُلُوبُنَا = ഞങ്ങളുടെ ഹൃദയങ്ങൾ فِي أَكِنَّةٍ = (ചില)മൂടികളിലാണ് مِمَّا = യാതൊന്നിനെപ്പറ്റി تَدْعُونَا = നീ ഞങ്ങളെ ക്ഷണിക്കുന്നു إِلَيْهِ = അതിലേക്ക് وَفِي آذَانِنَا = ഞങ്ങളുടെ കാതുകളിലുമുണ്ട് وَقْرٌ = ഒരു കട്ടി,ഭാരം وَمِنۡ بَيْنِنَا = ഞങ്ങളുടെ ഇടയിലുണ്ട് وَبَيْنِكَ = നിന്റെ ഇടയിലും حِجَابٌ = ഒരു മറ (തടസ്സം) فَاعْمَلْ = ആകയാൽ നീ പ്രവർത്തിച്ചു കൊള്ളുക إِنَّنَا = നിശ്ചയമായും ഞങ്ങൾ عَامِلُونَ = പ്രവർത്തിക്കുന്നവരാണ്
41:5അവർ പറയുകയും ചെയ്യുന്നു: "(മുഹമ്മദേ) നീ യാതൊന്നിലേക്കു ഞങ്ങളെ ക്ഷണിക്കുന്നുവോ അതിനെക്കുറിച്ച് ഞങ്ങളുടെ ഹൃദയങ്ങൾ (ഒരു തരം) മൂടികളിലാണുള്ളത് ; ഞങ്ങളുടെ കാതുകളിലുമുണ്ട് (ഒരു തരം) കട്ടി. ഞങ്ങളുടെയും നിന്റെയും ഇടക്കു (യോജിക്കാത്തവണ്ണം) ഒരു മറയുമുണ്ട്.ആകയാൽ (നീ കണ്ടതു) നീ പ്രവർത്തിച്ചു കൊള്ളുക; നിശ്ചയമായും ഞങ്ങൾ (കണ്ടതു ഞങ്ങളും) പ്രവർത്തിക്കുന്നവരാണ്!"
قُلْ = നീ പറയുക إِنَّمَا أَنَا = നിശ്ചയമായും ഞാൻ بَشَرٌ = ഒരു മനുഷ്യൻ (മാത്രം) مِثْلُكُمْ = നിങ്ങളെപ്പോലുള്ള يُوحَی إِلَيَّ = എനിക്ക് വഹ്യ് നൽകപ്പെടുന്നു أَنَّمَا إِلَـهُكُمْ = നിങ്ങളുടെ ഇലാഹാണെന്നു إِلَهٌ وَاحِدٌ = ഏകനായ (ഒരേ)ഇലാഹ് فَاسْتَقِيمُوا =അതുകൊണ്ട് നിങ്ങൾ ചൊവ്വായി(നേരെ) നിലകൊള്ളുവിൻ إِلَيْهِ = അവങ്കലേക്ക് وَاسْتَغْفِرُوهُ = അവനോട് പാപമോചനം (പൊറുക്കൽ) തേടുകയും ചെയ്യുവിൻ وَوَيْلٌ = കഷ്ടം,നാശം لِلْمُشْرِكِينَ = മുശ്രിക്കുകൾക്കാണ്
41:6(നബിയേ) പറയുക: "ഞാൻ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രം; നിങ്ങളുടെ ഇലാഹു [ആരാധ്യൻ] ഒരേ ഒരു ഇലാഹാണെന്നു എനിക്കു "വഹ്‌യു" [ഉൽബോധനം] നൽകപ്പെടുന്നു. ആകയാൽ, നിങ്ങൾ അവങ്കലേക്കു ചൊവ്വായി നിലകൊള്ളുവിൻ; അവനോട് പാപമോചനം തേടുകയും ചെയ്യുവിൻ." ബഹുദൈവവിശ്വാസികൾക്ക് നാശം.
وَجَعَلَ فِيهَا = അതിൽ അവൻ ആക്കുകയും ചെയ്തു رَوَاسِيَ = ഉറച്ചു നിൽക്കുന്നവയെ (പർവ്വതങ്ങളെ) مِنۡ فَوْقِهَا = അതിന്റെ മുകളിൽ കൂടി(ഉപരിഭാഗത്ത് ) وَبَارَكَ فِيهَا = അതിൽ അവൻ ബർക്കത്ത്(അഭിവൃദ്ധി-നന്മ) ഉണ്ടാക്കുകയും ചെയ്തു وَقَدَّرَ فِيهَا = അതിൽ നിർണ്ണയിക്കുക (വ്യവസ്ഥ ചെയ്യുക)യും ചെയ്തു أَقْوَاتَهَا = അതിലെ അന്നങ്ങളെ, ആഹാരങ്ങളെ فِي أَرْبَعَةِ أَيَّامٍ = നാല് ദിവസങ്ങളിലായി. سَوَاءً = ശരിക്ക്,ശരിയായി, അനുയോജ്യമായി,തക്കതായി لِلسَّائِلِينَ = ചോദിക്കുന്നവർക്ക് (അന്വേഷിക്കുന്നവർക്ക്, ആവശ്യപ്പെടുന്നവർക്ക് )
41:10അതിന്റെ [ഭൂമിയുടെ] മുകളിൽകൂടി (ഇളകാതെ) ഉറച്ചു നിൽക്കുന്ന മലകളെയും അവൻ ഉണ്ടാക്കിയിരിക്കുന്നു; അതിൽ (നന്മകൾ വർദ്ധിപ്പിച്ച് ) അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരവസ്തുക്കൾ അതിൽ (വ്യവസ്ഥ ചെയ്ത്) നിർണ്ണയിക്കുകയും ചെയ്തിരിക്കുന്നു; (എല്ലാംകൂടി) നാലു ദിവസങ്ങളിൽ,(അതെ) ചോദിക്കുന്ന (അഥവാ അന്വേഷിക്കുന്ന)വർക്ക് ശരിക്കും (നാലുദിവസം) !
ثُمَّ = പിന്നെ(അതിനു പുറമെ) اسْتَوَى = അവൻ തിരിഞ്ഞു(ചെന്നു) إِلَى السَّمَاءِ = ആകാശത്തിലേക്ക് وَهِيَ = അത്, അതായിരിക്കെ دُخَانٌ = പുകയായിരുന്നു,ഒരു പുക فَقَالَ = എന്നിട്ടവൻ പറഞ്ഞു لَهَا = അതിനോട് وَلِلْأَرْضِ = ഭൂമിയോടും ائْتِيَا = നിങ്ങൾ രണ്ടും വരുവിൻ طَوْعًا = അനുസരണ പൂർവ്വം, വഴിപ്പെട്ടുകൊണ്ട്(സ്വമനസ്സാലെ) أَوْ كَرْهًا = അല്ലെങ്കിൽ നിർബന്ധിതമായി, (അതൃപ്തിയോടെ) قَالَتَا = അവരണ്ടും പറഞ്ഞു أَتَيْنَا = ഞങ്ങൾ വന്നിരിക്കുന്നു طَائِعِينَ = അനുസരിക്കുന്നവരായിട്ട്
41:11പിന്നെ( അതിനുപുറമെ) അവൻ ആകാശത്തിലേക്കു തിരിഞ്ഞു- അതു ഒരു (തരം) പുകയായിരുന്നു, എന്നിട്ട് അതിനോടും, ഭൂമിയോടും അവൻ പറഞ്ഞു: "നിങ്ങൾ രണ്ടും അനുസരണപൂർവ്വമോ അല്ലെങ്കിൽ നിർബന്ധിതമായോ വരുക!" അവ രണ്ടും പറഞ്ഞു : "ഞങ്ങൾ അനുസരിച്ചുകൊണ്ടു (തന്നെ ഇതാ) വന്നിരിക്കുന്നു."
فَقَضَاهُنَّ = അങ്ങനെ അവൻ അവയെ പൂർത്തിയാക്കി (ആക്കിത്തീർത്തു) سَبْعَ سَمَاوَاتٍ = ഏഴാകാശങ്ങൾ فِي يَوْمَيْنِ = രണ്ടു ദിവസങ്ങളിൽ وَأَوْحَى = അവൻ ബോധനം നൽകുകയും ചെയ്തു فِي كُلِّ سَمَاءٍ = എല്ലാ ആകാശത്തിലും أَمْرَهَا = അതിന്റെ കാര്യം وَزَيَّنَّا = നാം അലങ്കരിക്കുക(ഭംഗിയാക്കുക)യും ചെയ്തു السَّمَاءَ الدُّنْيَا = ഏറ്റം അടുത്ത (ഐഹികമായ) ആകാശം بِمَصَابِيحَ = ചില വിളക്കുകളാൽ وَحِفْظًا = ഒരു കാവലും ذَلِكَ = അത് تَقْدِيرُ الْعَزِيزِ = പ്രതാപശാലിയുടെ നിർണ്ണയം (വ്യവസ്ഥ,കണക്കാക്കൽ) ആകുന്നു الْعَلِيمِ = സർവ്വജ്ഞനായ
41:12അങ്ങനെ, അവയെ [ആകാശങ്ങളെ] രണ്ടു ദിവസങ്ങളിലായി അവൻ ഏഴാകാശങ്ങളാക്കി (സൃഷ്ടിപ്പ് ) പൂർത്തീകരിച്ചു. എല്ലാ (ഓരോ) ആകാശത്തിലും അതതിൻെറ കാര്യം ബോധനം (നൽകി അറിയിച്ചു) കൊടുക്കുകയും ചെയ്തു. (ഭൂമിയുമായി) അടുത്ത ആകാശത്തെ ചില വിളക്കുകൾകൊണ്ട് നാം അലങ്കരിക്കുകയും ചെയ്തു. ഒരു കാവലും (ആക്കിവെച്ചിരിക്കുന്നു.) സർവ്വജ്ഞനായ പ്രതാപശാലിയായുള്ളവൻ (വ്യവസ്ഥ ചെയ്തു) കണക്കാക്കിയതത്രെ അതു (ഒക്കെയും).
فَإِنْ أَعْرَضُوا = എന്നിരിക്കെ(അപ്പോൾ) അവർ തിരിഞ്ഞാൽ,അവഗണിച്ചാൽ فَقُلْ = എന്നാൽ നീ പറയുക أَنۡذَرْتُكُمْ = ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ്(താക്കീത്)തരുന്നു صَاعِقَةً = ഒരു ഇടിത്തീ,ഘോര ശിക്ഷ مِثْلَ صَاعِقَةِ = ഇടിത്തീ പോലെയുള്ള عَادٍ وَثَمُودَ = ആദിന്റെയും ഥമൂദിന്റെയും
41:13എന്നിരിക്കെ, അവർ (ശ്രദ്ധിക്കാതെ) തിരിഞ്ഞു കളയുകയാണെങ്കിൽ (നബിയേ) പറയുക: "ആദിന്റെയും, ഥമൂദിൻെറയും ഇടിത്തീ (അഥവാ ഘോരശിക്ഷ) പോലെയുള്ള ഒരു ഇടിത്തീയിനെ [വമ്പിച്ച ശിക്ഷയെ]ക്കുറിച്ചു ഞാൻ (ഇതാ) നിങ്ങൾക്കു മുന്നറിയിപ്പു നൽകുന്നു ! "
إِذْجَاءَتْهُمُ = അവർക്ക് വന്നപ്പോൾ الرُّسُلُ = റസൂലുകൾ (ദൂതൻമാർ) مِنْ بَيْنِ أَيْدِيهِمْ = അവരുടെ മുമ്പിൽകൂടി وَمِنْ خَلْفِھِمْ = അവരുടെ പിമ്പിൽകൂടിയും أَلاتَعْبُدُوا = നിങ്ങൾ ആരാധിക്കരുതെന്ന് إِلااللَّهَ = അല്ലാഹുവിനെയല്ലാതെ قَالُوا = അവർ പറഞ്ഞു لَوْ شَاءَ = ഉദ്ദേശിച്ചിരുന്നെങ്കിൽ رَبُّنَا = നമ്മുടെ റബ്ബ് لأَنْزَلَ = അവൻ ഇറക്കുമായിരുന്നു, ഇറക്കേണ്ടതാണ് مَلاىِٕكَةً = മലക്കുകളെ فَإِنَّا = ആകയാൽ നിശ്ചയം ഞങ്ങൾ بِمَا = യാതൊന്നിൽ أُرْسِلْتُمْ بِهِ = അതുമായി നിങ്ങൾ അയക്കപ്പെട്ടിരിക്കുന്നു كَافِرُونَ = അവിശാസികളാണ്
41:14അവരുടെ മുമ്പിലൂടെയും, അവരുടെ പിമ്പിലൂടെയും അവരുടെ അടുക്കൽ റസൂലുകൾ ചെ(ന്ന് ഉപദേശിച്ചു കൊണ്ടിരു) ന്നപ്പോൾ, അല്ലാഹുവിനെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നു; അവർ പറഞ്ഞു: "ഞങ്ങളുടെ റബ്ബ് ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവൻ (ഞങ്ങളിലേക്കു) "മലക്കു" കളെ ഇറക്കുമായിരുന്നു. അതുകൊണ്ട് ,നിങ്ങൾ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതിൽ നിശ്ചയമായും ഞങ്ങൾ അവിശ്വാസികളാണ്. "
فَأَمَّاعَادٌ = എന്നാൽ ആദ് (ഗോത്രം) فَاسْتَكْبَرُوا = അവർ അഹംഭാവം (ഗർവ്വ്) നടിച്ചു فِي الأرْضِ = ഭൂമിയിൽ بِغَيْرِالْحَقِّ = ന്യായം കൂടാതെ, അർഹതയില്ലാതെ وَقَالُوا = അവർ പറയുകയും ചെയ്തു مَنْ أَشَدُّ = ആരാണ് ഊക്കുള്ളവർ, കഠിനൻമാർ مِنَّا = ഞങ്ങളെക്കാൾ قُوَّةً = ശക്തിയിൽ,ബലംകൊണ്ട് أَوَلَمْ يَرَوْا = അവർക്ക് കണ്ടുകൂടേ, കാണുന്നില്ലേ أَنَّ اللَّهَ = അല്ലാഹു ആണെന്ന് الَّذِي خَلَقَھُمْ = അവരെ സൃഷ്ടിച്ചവനായ ھُوَ = അവൻ أَشَدُّمِنْهُمْ = അവരെക്കാൾ ഊക്കുള്ളവനാണ് قُوَّةً = ശക്തിയിൽ وَكَانُوا = അവർ ആയിരുന്നുതാനും بِآيَاتِنَا = നമ്മുടെ ആയത്ത് (ദൃഷ്ടാന്തം, ലക്ഷ്യം)കളെ يَجْحَدُونَ = നിഷേധിക്കും
41:15എന്നാൽ "ആദു" ഗോത്രമാകട്ടെ, അവർ ന്യായമല്ലാത്ത വിധത്തിൽ ഭൂമിയിൽ അഹംഭാവം കാണിച്ചു. "ശക്തിയിൽ ഞങ്ങളെക്കാൾ ഊക്കേറിയവർ ആരാണുള്ളത് !?" എന്നു അവർ പറയുകയും ചെയ്തു. അവർക്കു കണ്ടുകൂടെ ; അവരെ സൃഷ്ടിച്ച അല്ലാഹു അവരെക്കാൾ ശക്തിയിൽ ഊക്കേറിയവനാണെന്ന് ?! അവർ നമ്മുടെ "ആയത്തു" [ലക്ഷ്യദൃഷ്ടാന്തം] കളെ നിഷേധിക്കുകയും ചെയ്തിരുന്നു.
فَأَرْسَلْنَا عَلَيْهِمْ = അപ്പോൾ (അതിനാൽ) അവരിൽ നാം അയച്ചു رِيحًا = ഒരു കാറ്റ് صَرْصَرًا = ശരശരേ"യുള്ള (ഉഗ്രമായ) فِي أَيَّامٍ = ചില ദിവസങ്ങളിൽ نَحِسَاتٍ = ദുർദ്ദശ (ദുശ്ശകുനം) പിടിച്ച,അശുഭകരങ്ങളായ لِنُذِيقَھُمْ = നാം അവർക്ക് ആസ്വദിപ്പിക്കുവാൻ വേണ്ടി عَذَابَ الْخِزْيِ = അപമാനത്തിൻ്റെ (നിന്ദ്യതയുടെ) ശിക്ഷ فِي الْحَيَاةِ الدُّنْيَا = ഐഹികജീവിതത്തിൽ وَلَعَذَابُ الْآخِرَةِ = പരലോകശിക്ഷയാകട്ടെ أَخْزَى = കൂടുതൽ അപമാനകരം (നിന്ദ്യമായത്) ആകുന്നു وَھُمْ = അവർ,അവരോ لاَ يُنْصَرُونَ = സഹായിക്കപ്പെടുന്നതല്ലതാനും
41:16അതിനാൽ, ദുഃശ്ശകുനം പിടിച്ച ചില ദിവസങ്ങളിൽ നാം അവരിൽ ( "ശരശരേ"യുള്ള) ഉഗ്രമായ ഒരു കാറ്റിനെ അയച്ചു ; ഐഹിക ജീവിതത്തിൽ (തന്നെ) അവർക്കു അപമാനത്തിന്റെ ശിക്ഷ ആസ്വദിപ്പിക്കുവാൻ വേണ്ടി. പരലോകശിക്ഷയാകട്ടെ, കൂടുതൽ അപമാനകരവും! അവർ സഹായിക്കപ്പെടുകയില്ലതാനും.
وَأَمَّاثَمُودُ = എന്നാൽ "ഥമൂദ് " فَهَدَيْنَاهُمْ = നാമവർക്ക് സന്മാർഗം കാണിച്ചു فَاسْتَحَبُّوا = അപ്പോഴവർ സ്നേഹം കാണിച്ചു الْعَمَى = അന്ധതയോട് عَلَى الْھُدَى = സന്മാർഗത്തെക്കാൾ, (എതിരെ) فَأَخَذَتْهُمْ = അപ്പോൾ അവരെ പിടിച്ചു صَاعِقَةُالْعَذَابِ = ശിക്ഷയാകുന്ന ഇടത്തീ الْھُونِ = നിന്ദ്യമായ بِمَاكَانُوا = അവരായിരുന്നതുകൊണ്ട് يَكْسِبُونَ = സമ്പാദിച്ചു (ചെയ്തുകൂട്ടി) കൊണ്ടിരിക്കും
41:17എന്നാൽ "ഥമൂദു" ഗോത്രമോ, അവർക്കു നാം സന്മാർഗ്ഗം കാട്ടിക്കൊടുത്തു ; അപ്പോഴവർ സന്മാർഗ്ഗത്തെക്കാൾ അന്ധതയോടു [ദുർമാർഗ്ഗത്തോടു] സ്നേഹം കാണിച്ചുകളഞ്ഞു. അങ്ങനെ, അവർ ചെയ്തു കൂട്ടിയിരുന്നതു നിമിത്തം, നിന്ദ്യമായ ശിക്ഷയാകുന്ന ഇടിത്തീ [ഘോരശബ്ദം] അവരെ പിടികൂടി.
وَيَوْمَ يُحْشَرُ = ഒരുമിച്ചു കൂട്ടപ്പെടുന്ന ദിവസം أَعْدَاءُاللَّهِ = അല്ലാഹുവിന്റെ ശത്രുക്കൾ إِلَى النَّارِ = നരകത്തിലേക്ക് فَھُمْ = അപ്പോഴവർ يُوزَعُونَ = നിയന്ത്രിച്ചുകൊണ്ടുവരപ്പെടും
41:19അല്ലാഹുവിൻ്റെ ശത്രുക്കൾ നരകത്തിലേക്കു ഒരുമിച്ചുകൂട്ടപ്പെടുന്ന ദിവസം ! അപ്പോഴവർ നിയന്ത്രിച്ചുകൊണ്ടുവരപ്പെടുന്നതാണ് .
حَتَّى = അങ്ങനെ (ഇതുവരെ) إِذَامَاجَاءُوھَا = അതിന്നടുക്കൽ അവർ വന്നാൽ (അപ്പോൾ) شَهِدَ عَلَيْهِمْ = അവരുടെമേൽ (അവർക്കെതിരെ) സാക്ഷിനിൽക്കും سَمْعُھُمْ = അവരുടെ കേൾവി (കാത്) وَأَبْصَارُھُمْ = അവരുടെ ദൃഷ്ടി (കാഴ്ച, കണ്ണു) കളും وَجُلُودُھُمْ = അവരുടെ തൊലികളും بِمَا كَانُوا = അവരായിരുന്നതിനെപ്പറ്റി يَعْمَلُونَ = പ്രവർത്തിച്ചുകൊണ്ടിരിക്കും
41:20അങ്ങനെ , അവർ അതിൻ്റെ അടുക്കൽവരുമ്പോൾ , അവരുടെ കേൾവിയും [ കാതുകളും ] , അവരുടെ കാഴ്ചകളും [ കണ്ണുകളും ] അവരുടെ തൊലികളും അവർ പ്രവർത്തിച്ചു കൊണ്ടിരുന്നതിനെക്കുറിച്ചു അവർക്കെതിരിൽ സാക്ഷി പറയുന്നതാണ് .
وَقَالُوا = അവർ പറയും لِجُلُودِهِمۡ = അവരുടെ തൊലികളോട് لِمَ شَهِدۡتُمۡ = എന്തിനാണ് നിങ്ങൾ സാക്ഷി നിന്നത് عَلَيۡنَا = ഞങ്ങൾക്ക് (നമുക്ക് ) എതിരെ قَالُوا = അവർ പറയും أَنۡطَقَنَ اللَّهُ = അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചു الَّذِي أَنۡطَقَ = സംസാരിപ്പിച്ചവനായ كُلَّ شَيۡءٍ = എല്ലാ വസ്തുവെയും وَهُوَ = അവൻ തന്നെ خَلَقَكُمۡ = നിങ്ങളെ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു أَوَّلَ مَرَّۃٍ = ഒന്നാം പ്രാവശ്യം وَإِلَيۡهِ അവനിലേക്ക് തന്നെ تُرۡجَعُونۡ = നിങ്ങൾ മടക്കപ്പെടുന്നു
41:21അവർ തങ്ങളുടെ തൊലികളോടു പറയും : " നിങ്ങൾ എന്തിനായിട്ടാണ് ഞങ്ങൾ (അഥവാ നമ്മൾ) ക്കെതിരിൽ സാക്ഷി പറഞ്ഞത് ? ! " അവർ [തൊലികൾ ] പറയും: "എല്ലാ (സംസാരിക്കുന്ന) വസ്തുവെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചിരിക്കുകയാണ്. അവനാണല്ലോ നിങ്ങളെ ഒന്നാം പ്രാവശ്യം സൃഷ്ടിച്ചത്. അവനിലേക്ക് തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യുന്നു."
وَمَا كُنۡتُمۡ = നിങ്ങളായിരുന്നില്ല تَسۡتَتِرُونَ = നിങ്ങൾ മറഞ്ഞുനിൽക്കും أَنۡ يَشۡهَدَ = സാക്ഷി നിൽക്കുന്നതിന്,സാക്ഷി നിൽക്കുമെന്നതിനാൽ عَلَيۡكُمۡ = നിങ്ങളുടെ മേൽ سَمۡعُكُمۡ = നിങ്ങളുടെ കേൾവി وَلاَ أَبۡصَارُكُمۡ = നിങ്ങളുടെ കാഴ്ച്ച (കണ്ണു)കളും ഇല്ല وَلاَ جُلُودُكُمۡ = നിങ്ങളുടെ തൊലികളും ഇല്ല وَلَكِنۡ ظَنَنۡتُمۡ = പക്ഷെ നിങ്ങൾ ധരിച്ചു أَنَّ اللَّهَ لاَ يَعۡلَمُ = അല്ലാഹു അറിയുകയില്ലെന്ന് كَثِيرًا = അധികം,മിക്കത് مِمَّا تَعۡلَمُونَ = നിങ്ങൾ പ്രവർത്തിക്കുന്നതിൽ നിന്ന്
41:22നിങ്ങളുടെ കേൾവികളാകട്ടെ , കാഴ്ചകളാകട്ടെ , തൊലികളാകട്ടെ , നിങ്ങൾക്കെതിരിൽ സാക്ഷ്യം വഹിക്കുമെന്നതിൽനിന്നു നിങ്ങൾ മറഞ്ഞു നിൽക്കുകയും ചെയ്തിരുന്നില്ല . പക്ഷേ , നിങ്ങൾ ധരിച്ചു , നിങ്ങൾ പ്രവർത്തിക്കുന്നതിൽനിന്നു അധികവും അല്ലാഹു അറിയുകയില്ല എന്ന് !
وَذَلِكُمۡ = അത് ظَنُّكُمُ = നിങ്ങളുടെ ധാരണ, വിചാരം اَلَّذِي ظَنَنۡتُمۡ = നിങ്ങൾ ധരിച്ചതായ بِرَبِّكُمۡ = നിങ്ങളുടെ റബ്ബിനെ കുറിച്ച് أَرۡدَاكُمۡ = അത് നിങ്ങളെ നാശത്തിൽപെടുത്തി فَاَصۡبَحۡتُمۡ = അങ്ങനെ നിങ്ങളായിത്തീർന്നു مِنَ الۡخَاسِرِينَ = നഷ്ടപ്പെട്ടവരിൽ(പെട്ടവർ)
41:23"അതു -- നിങ്ങളുടെ റബ്ബിനെക്കുറിച്ച് നിങ്ങൾ ധരിച്ച് വെച്ച ( ആ ) ധാരണ -- നിങ്ങളെ നാശത്തിൽ പതിപ്പിച്ചു . അങ്ങനെ , നിങ്ങൾ നഷ്ടക്കാരിൽപെട്ടവരായിത്തീർന്നു.
فَإِنۡ يَصۡبِرُو = എനി അവർ ക്ഷമിക്കുന്നപക്ഷം فَالنَّارُ = എന്നാൽ നരകം, നരകമത്രെ مَثۡوًی لَهُمۡ = അവർക്ക് പാർപ്പിടം,വാസസ്ഥലമാണ് وَاِنۡ يَسۡتَعۡتِبُوا = അവർ മടക്കിത്തന്നപേക്ഷിച്ചാൽ, ഖേദം കാണിച്ചാൽ, തൃപ്തിക്കപേക്ഷിച്ചാൽ فَمَاهُمۡ = എന്നാലവരല്ല مِنَ الۡمُعۡتَبِينۡ = മടക്കം സ്വീകരിക്കപ്പെടുന്ന (തൃപ്തി നൽകപ്പെടുന്ന) വരിൽ (പെട്ടവർ)
41:24എനി , അവർ ക്ഷമിക്കുകയാണെങ്കിൽ , നരകമത്രെ അവർക്കു പാർപ്പിടം ! അവർ ഖേദിച്ചു മടങ്ങി ) തൃപ്തിക്കപേക്ഷിക്കുകയാണെങ്കിലോ , എന്നാലവർ , (മടക്കം സ്വീകരിച്ച് ) തൃപ്തി നൽകപ്പെടുന്നവരുടെ കൂട്ടത്തിലും (പെടുന്നതു) അല്ല.
وَ قَيَّضۡنَا = നാം നിശ്ചയിച്ചു,നിയമിച്ചു لَهُمۡ = അവർക്ക് قُرَنَاءَ = ചില കൂട്ടാളികളെ,തുണകളെ فَزَيَّنُوا = എന്നിട്ടവർ അലങ്കാരമാക്കി,ഭംഗിയാക്കിക്കാട്ടി لَهُمۡ = അവർക്ക് مَا بَيۡنَ أَيۡدِيهِمۡ = അവരുടെ മുന്പിലുള്ളതിനെ وَمَا خَلۡفَهُمۡ = അവരുടെ പിമ്പിലുള്ളതിനേയും وَحَقَّ عَلَيۡهِمُ = അവരിൽ യാഥാർത്ഥമാകുക (സ്ഥിരപ്പെടുക)യും ചെയ്തു الۡقَوۡلُ = വാക്ക് فِي أُمَمٍ = സമുദായങ്ങളിലായിട്ട് (സമുദായങ്ങളുടെ കൂട്ടത്തിൽ) قَدۡ خَلَتۡ = കഴിഞ്ഞുപോയിട്ടുള്ള مِنۡ قَبۡلِهِمۡ = അവരുടെ മുൻപ് مِنَ الۡجِنِّ = ജിന്നുകളിൽ നിന്ന് وَ الإِۡنۡسِ = മനുഷ്യരിൽ നിന്നും إِنَّهُمۡ كَانُوا = നിശ്ചയമായും അവരായിരുന്നു خَاسِرِينَ = നഷ്ടപ്പെട്ടവർ
41:25നാം അവർക്ക് ചില കൂട്ടാളികളെ നിശ്ചയിച്ചു ; എന്നിട്ട് , അവർ അവരുടെ മുമ്പിലുള്ളതും , പിമ്പിലുള്ളതും അവർക്ക് ഭംഗിയാക്കിക്കാണിച്ചു . ജിന്നുകളിൽനിന്നും , മനുഷ്യരിൽനിന്നും തങ്ങളുടെ മുമ്പ്ക ഴിഞ്ഞുപോയിട്ടുള്ള സമുദായങ്ങളുടെ കൂട്ടത്തിൽ , അവരുടെമേൽ (ശിക്ഷയുടെ ) വാക്ക് (യഥാർത്ഥമായി) സ്ഥിരപ്പെടുകയും ചെയ്തു . നിശ്ചയമായും അവർ നഷ്ടപ്പെട്ടവരായിരുന്നു.
وَ قَالَ الَّذِينَ كَفَرُوا = അവിശ്വസിച്ചവർ പറയുകയാണ്, പറയും لاَ تَسۡمَعُوا = നിങ്ങൾ കേൾക്കരുത് (ചെവി കൊടുക്കരുത്) لِهَذَا الۡقُرۡآنِ = ഈ ഖുർആനിലേക്ക് وَالۡغَوۡ فِيهِ = അതിൽ നിങ്ങൾ ഒച്ചപ്പാടുണ്ടാക്കുക (തിരക്ക് കൂട്ടുക)യും ചെയ്യുവിൻ لَعَلَّكُمۡ = നിങ്ങളായേക്കാം, ആകുവാൻ വേണ്ടി تَغْلِبُون = നിങ്ങൾ ജയിക്കും,മികച്ചു നിൽക്കുന്ന (വർ)
41:26അവിശ്വസിച്ചവർ പറയുകയാണ് : ‘ നിങ്ങൾ ഈ ഖുർആനിലേക്ക് ചെവികൊടുക്കരുത് ; നിങ്ങൾ അതിൽ (ബഹളംകൂട്ടി) ഒച്ചപ്പാടുണ്ടാക്കുകയും ചെയ്യുവിൻ , നിങ്ങൾ ജയം നേടിയേക്കാം .’
فَلَنُذِيقَنَّ = എന്നാൽ നിശ്ചയമായും നാം ആസ്വദിപ്പിക്കും (അനുഭവിപ്പിക്കും) الَّذِينَ كَفَرُوا = അവിശ്വസിച്ചവർക്ക് عَذَاباً شَدِيدًا = കഠിനമായ ശിക്ഷ وَلَنَجْزِيَنَّهُمْ = അവർക്ക് നാം പ്രതിഫലം കൊടുക്കുകയും തന്നെ ചെയ്യും أَسْوَأَالَّذِي = യാതൊന്നിലെ തിന്മക്ക് كَانُوا يَعْمَلُونَ = അവർ പ്രവർത്തിച്ചിരുന്ന
41:27എന്നാൽ , (ആ) അവിശ്വസിച്ചവർക്ക് നിശ്ചയമായും കഠിനമായ ശിക്ഷ നാം ആസ്വദിപ്പിക്കുന്നതാണ്. അവർ പ്രവർത്തിച്ചുകൊണ്ടിരുന്നതിലെ തിന്മ ( കൾ ) ക്കു അവർക്കു നാം പ്രതിഫലം നൽകുകയും തന്നെ ചെയ്യും.
ذَلِكَ جَزَاءُ = അത് (അതാ) പ്രതിഫലം أَعْدَاءِ اللَّـهِ = അല്ലാഹുവിന്റെ ശത്രുക്കളുടെ النَّارُ = നരകം لَهُمْ فِيهَا = അതിൽ അവർക്കുണ്ട് دَارُ الْخُلْدِ = സ്ഥിരവാസത്തിന്റെ വീട് (ഭവനം) جَزَاءً = പ്രതിഫലമായിട്ട് بِمَا كَانُوا = അവരായിരുന്നതിന് بِآيَاتِنَا = നമ്മുടെ ആയത്തുകളെ يَجْحَدُونَ = നിഷേധിക്കും
41:28അതാ, അല്ലാഹുവിന്റെ ശത്രുക്കളുടെ പ്രതിഫലം - നരകം ! അവർക്കതിൽ സ്ഥിരവാസത്തിന്റെ ഭവനമുണ്ട് ; നമ്മുടെ (ലക്ഷ്യ) ദൃഷ്ടാന്തങ്ങളെ അവർ നിഷേധിച്ചിരുന്നതിനു പ്രതിഫലമായിട്ട്.
وَقَالَ = പറയും الَّذِينَ كَفَرُوا = അവിശ്വസിച്ചവർ رَبَّنَا أَرِنَا = ഞങ്ങളുടെ റബ്ബേ ഞങ്ങൾക്ക് കാട്ടിത്തരണം الَّذَيْنِ = യാതൊരു രണ്ടുകൂട്ടരെ أَضَلّانَا = ഞങ്ങളെ വഴിപിഴപ്പിച്ച مِنَ الْجِنِّ = ജിന്നിൽനിന്ന് وَالإِنۡسِ = മനുഷ്യരിൽ നിന്നും نَجْعَلْهُمَا = രണ്ട് കൂട്ടരെയും ഞങ്ങൾ ആക്കട്ടെ تَحْتَ أَقْدَامِنَا = ഞങ്ങളുടെ കാലടികൾക്ക് താഴെ لِيَكُونَا = അവർ ആയിത്തീരുവാൻ مِنَ الأَسْفَلِينَ = ഏറ്റവും അധമൻമാരിൽ, താണവരിൽ
41:29അവിശ്വസിച്ചവർ (അവിടെവെച്ചു) പറയും ;`ഞങ്ങളുടെ റബ്ബേ ! ജിന്നുകളിൽനിന്നും മനുഷ്യരിൽനിന്നും ഞങ്ങളെ വഴിപിഴപ്പിച്ച ഇരുകൂട്ടരെയും ഞങ്ങൾക്ക് കാട്ടിത്തരേണമേ; രണ്ടുകൂട്ടരും ഏറ്റവും അധമന്മാരുടെ കൂട്ടത്തിലായിത്തീരുവാൻ വേണ്ടി, ഞങ്ങൾ അവരെ ഞങ്ങളുടെ കാലടികൾക്കു താഴെയാ(ക്കി ചവിട്ടിയേ)ക്കട്ടെ.
إِنَّ الَّذِينَ = നിശ്ചയമായും യാതൊരുവർ قَالُوا = അവർ പറഞ്ഞു رَبُّنَا اللَّـهُ = ഞങ്ങളുടെ റബ്ബ് അല്ലാഹുവാണ് എന്ന് ثُمَّ اسْتَقَامُوا = പിന്നെ അവർ ചൊവ്വിന് നിന്നു,നേരെ നിന്നു تَتَنَزَّلُ = ഇറങ്ങിവരും عَلَيْهِمُ = അവരിൽ المَلَائِكَةُ = മലക്കുകൾ أَلا تَخَافُوا = നിങ്ങൾ ഭയപ്പെടരുത് എന്ന് (പറഞ്ഞുകൊണ്ട്) وَلَا تَحْزَنُوا = നിങ്ങൾ വ്യസനിക്കുകയും ചെയ്യരുത് وَأَبْشِرُوا = നിങ്ങൾ സന്തോഷപ്പെടുകയും ചെയ്യുവിൻ بِالْجَنَّةِ الَّتِي = യാതൊരു സ്വർഗം കൊണ്ട് كُنۡتُمْ تُوعَدُونَ = നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന
41:30‘ഞങ്ങളുടെ റബ്ബ് അല്ലാഹുവാണ് എന്നു പറയുകയും, പിന്നീട് (അതനുസരിച്ചു) ചൊവ്വായി നിലകൊള്ളുകയും ചെയ്തിട്ടുള്ളവർ, അവരിൽ മലക്കുകൾ (സന്തോഷവാർത്തയുമായി) ഇറങ്ങിവരുന്നതാണ്: അതായതു: ‘ നിങ്ങൾ പേടിക്കേണ്ടാ, നിങ്ങൾ വ്യസനിക്കുകയും വേണ്ടാ, നിങ്ങളോടു വാഗ്ദാനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സ്വർഗ്ഗം കൊണ്ടു നിങ്ങൾ സന്തോഷമടഞ്ഞുകൊള്ളുവിൻ !
نَحْنُ = ഞങ്ങൾ أَوْلِيَاؤُكُمْ = നിങ്ങളുടെ ബന്ധുക്കളാണ്, മിത്രങ്ങളാണ് فِي الْحَيَاةِ الدُّنْيَا = ഐഹിക ജീവിതത്തിൽ وَفِي الْآخِرَةِ = പരലോകത്തിലും وَلَكُمْ فِيهَا = അതിൽ നിങ്ങൾക്കുണ്ട്താനും مَاتَشْتَهِي = ഇച്ഛിക്കുന്നത് , ആശിക്കുന്നത് أَنۡفُسُكُمْ = നിങ്ങളുടെ മനസ്സുകൾ وَلَكُمْ فِيهَا = അതിൽ നിങ്ങൾക്കുണ്ട് مَا تَدَّعُونَ = നിങ്ങൾ വിളിച്ചാവശ്യപ്പെടുന്നതും
41:31`ഇഹത്തിലും, പരത്തിലും നിങ്ങളുടെ ബന്ധുമിത്രങ്ങളാണ് ഞങ്ങൾ, നിങ്ങൾക്കു അവിടത്തിൽ [പരലോകത്തു ] നിങ്ങളുടെ മനസ്സുകൾ എന്തു ഇച്ഛിക്കുന്നുവോ അതു (മുഴുവനും) ഉണ്ടായിരിക്കും. നിങ്ങൾ അവിടെ വെച്ച് എന്തു ആവശ്യപ്പെടുന്നുവോ അതും നിങ്ങൾക്കുണ്ടായിരിക്കും ;-
وَمَنْ = ആരാണ് أَحْسَنُ = അധികം നല്ലവൻ قَوْلًا = വാക്ക്, വാക്കിൽ مِمَّنۡ دَعَا = വിളിച്ച(ക്ഷണിച്ച) വനെക്കാൾ إِلَى اللَّـهِ = അല്ലാഹുവിലേക്ക് وَعَمِلَ صَالِحًا = സൽക്കർമം (നല്ലത് ) പ്രവർത്തിക്കുകയും ചെയ്ത وَقَالَ = പറയുകയും ചെയ്തു إِنَّنِي = നിശ്ചയമായും ഞാൻ مِنَ الْمُسْلِمِينَ = മുസ്‌ലിംകളിൽപെട്ട(വനാണ്)
41:33അല്ലാഹുവിലേക്കു ക്ഷണിക്കുകയും, സല്ക്കർമ്മം പ്രവർത്തിക്കുകയും, നിശ്ചയമായും ഞാൻ `മുസ്‌ലിം´ കളിൽപെട്ടവനാണ് എന്നു പറയുകയും ചെയ്തവനെക്കാൾ നല്ല വാക്കു പറയുന്നവൻ ആരാണുള്ളത് ?! [ആരുമില്ലതന്നെ.]
وَلَا تَسْتَوِي = സമമാവുകയില്ല الْحَسَنَةُ = നന്മ وَلَا السَّيِّئَةُ = തിന്മയും ഇല്ല ادْفَعْ = നീ തടുക്കുക ,തട്ടുക بِالَّتِي = യാതൊന്നുകൊണ്ട് هِيَ أَحْسَنُ = അത് കൂടുതൽ നല്ലതാണ് فَإِذَا = എന്നാലപ്പോൾ الَّذِي = യാതൊരുവൻ بَيْنَكَ وَبَيْنَهُ = നിൻ്റെയും അവന്റെയും ഇടയിലുണ്ട് عَدَاوَةٌ = വല്ല ശത്രുതയും كَأَنَّهُ وَلِيٌّ = അവനൊരു ബന്ധുവെന്നപോലെയിരിക്കും حَمِيمٌ ചൂടു പിടിച്ച (ഉറ്റ, അടുത്ത)
41:34നന്മയും തിന്മയും സമമാകുകയില്ല തന്നെ. കൂടുതൽ നല്ലതേതോ അതുകൊണ്ടു നീ (തിന്മയെ) തടുത്തുകൊള്ളുക. എന്നാൽ, നിന്റെയും യാതൊരുവന്റെയും ഇടയിൽ വല്ല ശത്രുതയുമുണ്ടോ അവൻ, ഒരു ഉറ്റബന്ധുവെന്നപോലെ ആയിരിക്കുന്നതാണ്.
وَإِمَّا يَنۡزَغَنَّكَ = നിന്നെ (വല്ലപ്പോഴും -വല്ല വിധത്തിലും )ഇളക്കിവിടുന്നപക്ഷം (ദുഷ്‌പ്രേരണ ഉണ്ടാക്കിയാൽ) مِنَ الشَّيْطَانِ = പിശാചിൽ നിന്ന് نَزْغٌ = വല്ല ഇളക്കിവിടലും (ദുഷ്‌പ്രേരണയും) فَاسْتَعِذْ = അപ്പോൾ നീ ശരണം (കാവൽ) തേടുക بِاللَّـهِ = അല്ലാഹുവിനോട് إِنَّهُ هُوَ = നിശ്ചയമായും അവൻ തന്നെ السَّمِيعُ = (എല്ലാം)കേൾകുന്നവൻ الْعَلِيمُ = അറിയുന്നവൻ
41:36പിശാചിൽനിന്ന് വല്ല ദുഷ്പ്രേരണയും (എപ്പോഴെങ്കിലും ) നിന്നെ ഇളക്കിവിട്ടേക്കുന്നപക്ഷം, അപ്പോൾ നീ അല്ലാഹുവിനോടു ശരണം തേടുകയും ചെയ്തു കൊള്ളുക. നിശ്ചയമായും, അവനത്രെ, (എല്ലാം ) കേൾക്കുന്നവനും അറിയുന്നവനും.
وَمِنْ آيَاتِهِ = അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് أَنَّكَ تَرَى = നീ കാണുന്നുവെന്നുള്ളത് الْأَرْضَ = ഭൂമിയെ خَاشِعَةً = (ഭയപ്പെട്ടമാതിരി) അടങ്ങിയതായി فَإِذَا أَنۡزَلْنَا = എന്നിട്ട് നാം ഇറക്കിയാൽ عَلَيْهَا = അതിൽ ,അതിൻമേൽ الْمَاءَ = വെള്ളം اهْتَزَّتْ = അത് കിളറും (കുതിരും ,തരിക്കും ,ഇളകും) وَرَبَتْ = ചീർക്കുക (പൊന്തുക)യും ചെയ്യും إِنَّ = നിശ്ചയമായും الَّذِي أَحْيَاهَا = അതിനെ ജീവിപ്പിച്ചവൻ لَمُحْىِ = ജീവിപ്പിക്കുന്നവൻ തന്നെ الْمَوْتَى = മരണപ്പെട്ടവരെ إِنَّهُ = നിശ്ചയമായും അവൻ عَلَى كُلِّ شَيْءٍ = എല്ലാ കാര്യത്തിനും قَدِيرٌ = കഴിവുള്ളവനാണ്
41:39അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതു തന്നെയാണ് ഭൂമിയെ അടങ്ങി (ഇറുകി )യതായി നീ കാണുന്നതും. എന്നിട്ടു അതിൽ നാം (മഴ) വെള്ളം ഇറക്കിയാൽ അതു (കുതിർന്നു ) ഇളകുകയും, ചീർക്കുകയും ചെയ്യുന്നു. അതിനു ജീവസ്സു നൽകുന്നവൻ, നിശ്ചയമായും മരണപ്പെട്ടവരെ ജീവിപ്പിക്കുന്നവൻ തന്നെയാകുന്നു. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവൻ തന്നെ.
إِنَّ الَّذِينَ = നിശ്ചയമായും യാതൊരുകൂട്ടർ يُلْحِدُونَ = വക്രത കാണിക്കുന്ന , കുത്തിപ്പറയുന്ന ,തെറ്റിക്കളയുന്ന فِي آيَاتِنَا = നമ്മുടെ ആയത്തുകളിൽ لَا يَخْفَوْنَ = അവർ മറഞ്ഞു പോകയില്ല, അജ്ഞാതമല്ല عَلَيْنَا = നമ്മുടെ മേൽ ,നമുക്ക് أَفَمَنۡ = അപ്പോൾ (എന്നാൽ) യാതൊരുവനോ يُلْقَى فِي النَّارِ = നരകത്തിൽ ഇടപ്പെടുന്ന خَيْرٌ = ഉത്തമം أَمۡ مَنۡ = അതോ ഒരുവനോ يَأْتِي = അവൻ വരും آمِنًا = നിർഭയനായികൊണ്ട് يَوْمَ الْقِيَامَةِ = ക്വിയാമത്തുനാളിൽ اعْمَلُوا = നിങ്ങൾ പ്രവർത്തിച്ചുകൊള്ളുക مَا شِئْتُمْ = നിങ്ങൾ ഉദ്ദേശിച്ചത് إِنَّهُ بِمَا تَعْمَلُونَ = നിശ്ചയമായും നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അവൻ بَصِيرٌ = കണ്ടറിയുന്നവനാണ്
41:40നമ്മുടെ `ആയത്തു´കളിൽ [ലക്ഷ്യദൃഷ്ടാന്തങ്ങളിൽ] വക്രത കാണിക്കുന്നവർ നമുക്കു (കാണ്മാൻ കഴിയാതെ) നിശ്ചയമായും മറഞ്ഞുപോകുന്നതല്ല. എന്നാൽ, നരകത്തിൽ ഇടപ്പെടുന്ന ഒരുവനോ ഉത്തമൻ, അതല്ല ഖിയാമത്തു നാളിൽ നിർഭയനായ നിലയിൽ വരുന്നവനോ?! (ഹേ വക്രൻമാരെ) നിങ്ങളുദ്ദേശിച്ചതു നിങ്ങൾ പ്രവർത്തിച്ചുകൊള്ളുക! നിശ്ചയമായും അവൻ [അല്ലാഹു] നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
إِنَّ الَّذِينَ كَفَرُوا = നിശ്ചയമായും അവിശ്വസിച്ചവർ بِالذِّكۡرِ = (ഈ)സന്ദേശത്തിൽ, പ്രമാണത്തൽ لَمَّا جَاءَهُمۡ = അതവർക്ക് വന്നപ്പോൾ وَإِنَّهُ = അതാകട്ടെ, നിശ്ചയമായും അത് لَكِتَابٌ = ഒരു ഗ്രന്ഥം തന്നെ عَزِيزٌ = വീര്യപ്പെട്ട,പ്രബലമായ
41:41(ഈ ഖുർആനാകുന്ന ) സന്ദേശം തങ്ങൾക്കുവന്നെത്തിയപ്പോൾ അതിൽ അവിശ്വസിച്ചിട്ടുള്ളവർ നിശ്ചയമായും...... ! [അവർ അങ്ങേഅറ്റം കഷ്ടനഷ്ടത്തിൽ തന്നെ !] അതാകട്ടെ, പ്രബലമായ (അഥവാ വീര്യപ്പെട്ട ) ഒരു ഗ്രന്ഥം തന്നെയാകുന്നു ;-
لاَ يَأۡتِيهِ = അതിൽ വരികയില്ല الۡبَاطِلُ = മിഥ്യ, നിരർത്ഥം (അനാവശ്യം) مِنۡ بَيۡنِ يَدَيۡهِ = അതിന്റെ മുമ്പിൽ കൂടി وَلَا مِنۡ خَلۡفِهِ = അതിന്റെ പിമ്പിൽ കൂടിയും ഇല്ല تَنۡزِيلٌ = അവതരിപ്പിച്ചതാണ് مِنۡ حَكِيمٍ = ഒരു അഗാധജ്ഞനിൽ (യുക്തിമാനിൽ) നിന്ന് حَمِيدٍ = സ്തുത്യാർഹനായ,സ്തുതിക്കപ്പെടുന്ന
41:42അതിന്റെ മുന്നിൽകൂടിയാകട്ടെ, അതിന്റെ പിന്നിൽകൂടിയാകട്ടെ, മിഥ്യയായുള്ളത് അതിൽ വന്നു ചേരുന്നതല്ല, അഗാധജ്ഞനും, സ്തുത്യർഹനുമായുള്ള ഒരുവന്റെ [അല്ലാഹുവിന്റെ ] അടുക്കൽനിന്നുള്ള അവതരണമാണ് (അത് ).
41:43(നബിയേ) നിന്റെ മുമ്പുണ്ടായിരുന്ന `റസൂലു ´ കളോടു പറയപ്പെടുകയുണ്ടായിട്ടുള്ളതല്ലാതെ (പുതുതായൊന്നും) നിന്നോട് പറയപ്പെടുന്നില്ല. നിശ്ചയമായും നിന്റെ റബ്ബ് പാപമോചനം നൽകുന്നവനും, വേദനയേറിയ ശിക്ഷ നൽകുന്നവനും ആകുന്നു.
وَلَوۡ جَعَلۡناَهُ = നാമതിനെ ആക്കിയിരുന്നെങ്കിൽ قُرۡآنًا أَعۡجَمِيًّا = അനറബി (അറബിയല്ലാത്ത) ഭാഷയിലുളള ഖുർആൻ لَقَالُوا = അവർക്ക് പറയുക തന്നെ ചെയ്യും لَوۡلَا فُصِّلَتۡ = എന്തുകൊണ്ട് വിശദീകരിക്കപ്പെട്ടില്ല, വിവരിച്ച് പറയപ്പെടാത്തതെന്താണ് آيَاتُهُ = അതിലെ ആയത്തു (സൂക്തം)കൾ أَأَعۡجَمِيٌّ = ഒരു അനറബിയോ وَعَرَبِيٌ = ഒരു അറബിയുമോ قُلۡ هُوَ = പറയുക അത് لِلَّذِينَ آمَنُوا = വിശ്വസിച്ചവർക്ക് هُدًی = മാർഗ്ഗദർശനമാണ് وَشِفاءٌ = ശമനവും, ആശ്വാസവും وَالَّذِينَ لَا يُؤۡمِنُونَ = വിശ്വാസിക്കാത്തവരാകട്ടെ في آذَانِهِمۡ = അവരുടെ കാതുകളിലുണ്ട് وَقۡرٌ = ഒരു കട്ടി,ഭാരം وَهُوَ = അത് عَلَيۡهِمۡ = അവരിൽ,അവർക്ക് عَمًی = ഒരു അന്ധതയുമാണ് أُولَئِكَ = അക്കൂട്ടർ يُنَادَونَ = അവർ വിളിക്കപ്പെടുന്നു مِنۡ مَكَانٍ = ഒരു സ്ഥലത്ത് നിന്നു بَعِيد = ദൂരമായ
41:44നാം അതിനെ അറബിയല്ലാത്ത `ഖുർആൻ ´ ആക്കിയിരുന്നുവെങ്കിൽ അവർ പറഞ്ഞേക്കും: `അതിന്റെ `ആയത്തു´കൾ [സൂക്തങ്ങൾ] വിശദീകരിച്ചു പറയപ്പെടാത്തതെന്താണ് ?! (ഗ്രൻഥം) ഒരു അനറബിയും, (പ്രവാചകൻ) ഒരു അറബിയുമോ [ഇതെന്തു കഥ] ?!´ പറയുക: ` വിശ്വസിച്ചവർക്ക് അത് മാർഗ്ഗദർശനവും (രോഗ)ശമനവും (അഥവാ ആശ്വാസപ്രദവും) ആകുന്നു. വിശ്വസിക്കാത്തവർക്കാകട്ടെ, അവരുടെ കാതുകളിൽ ഒരു (തരം) കട്ടിയുണ്ട് ; അത് അവർക്ക് ഒരു (തരം) അന്ധതയുമാണ്, ´ അക്കൂട്ടർ ഒരു വിദൂരമായ സ്ഥലത്തുനിന്നു വിളിക്കപ്പെടുകയാണ്.
وَلَقَدۡ آتَيۡنَا = നാം കൊടുത്തിട്ടുണ്ട് مُوسَی الۡكِتَابَ = മൂസാക്ക് ഗ്രന്ഥം فَاخۡتُلِفَ = എന്നിട്ട് ഭിന്നിക്കപ്പെട്ടു (ഭിന്നിപ്പുണ്ടായി) فِيهِ = അതിൽ وَلَوۡلاَ كَلِمَۃٌ = ഒരു വാക്ക് ഇല്ലായിരുന്നുവെങ്കിൽ سَبَقَتْ = മുൻ കഴിഞ്ഞ,മുമ്പുണ്ടായി مِنۡ رَبِّكَ = നിന്റെ റബ്ബിന്റെ പക്കൽ നിന്ന് لَقُضِيَ = വിധിക്ക(തീരുമാനിക്ക) പ്പെടുമായിരുന്നു بَيۡنَهُمۡ = അവർക്കിടയിൽ وَإِنَّهُمۡ = നിശ്ചയമായും അവർ لَفِي شَكٍّ = സംശയത്തിൽ തന്നെയാണ് مِنۡهُ = അതിനെ പറ്റി مُرِيبٍ = സന്ദേഹകരമായ,ആശങ്കാജനകമായ
41:45മൂസാക്ക് നാം വേദഗ്രന്ഥം കൊടുക്കുകയുണ്ടായി. എന്നിട്ട് അതിലും ഭിന്നിപ്പുണ്ടായി. നിന്റെ റബ്ബിന്റെ പക്കൽനിന്ന് ഒരു വാക്ക് മുമ്പുണ്ടായിട്ടില്ലായിരുന്നുവെങ്കിൽ, അവർക്കിടയിൽ (ഉടൻതന്നെ ) വിധി നടത്തപ്പെടുമായിരുന്നു. നിശ്ചയമായും അവർ, ഇതിനെ [ഖുർആനെ ] ക്കുറിച്ച് ആശങ്കാജനകമായ സംശയത്തിൽ തന്നെ.
مَنۡ عَمِلَ = ആരെങ്കിലും പ്രവർത്തിച്ചാൽ صَالِحاً = നല്ലത്(സൽകർമ്മം) فَلِنَفۡسِهِ = എന്നാൽ (അത്)തനിക്ക് (തന്റെ ദേഹത്തിന്) തന്നെ وَمَنۡ أَسَاءَ = ആരെങ്കിലും തിന്മ ചെയ്താൽ فَعَلَيۡهَا = തന്റെ(അതിന്റെ) മേൽ തന്നെ وَمَا رَبُّكَ = നിന്റെ റബ്ബ് അല്ല بِظَلاَّمٍ = അക്രമകാരി لِلۡعَبِيدِ = അടിമകളോട്
41:46ആരെങ്കിലും സൽക്കർമ്മം പ്രവർത്തിച്ചാൽ, തനിക്കുതന്നെയാണു (അതിന്റെ ഗുണം). ആരെങ്കിലും തിൻമചെയ്താലും അതിന്റെ മേൽതന്നെ (അതിന്റെ ദോഷം). നിന്റെ റബ്ബ് അടിമകളോട് അക്രമം പ്രവർത്തിക്കുന്നവനല്ലതന്നെ.
إِلَيْهِ يُرَدُّ = അവങ്കലേക്കത്രെ മടക്കപ്പെടുക عِلْمُ السَّاعَةِ = അന്ത്യഘട്ടത്തിന്റെ അറിവ് وَمَا تَخْرُجُ = പുറപ്പെടുന്നില്ല , പുറത്ത് വരികയില്ല مِنۡ ثَمَرَاتٍ = ഫലങ്ങളിൽ നിന്ന് (യാതൊന്നും) مِنْ أَكْمَامِهَا = അവയുടെ പാള (പോള ,പൊതുമ്പ്) കളിൽനിന്ന് وَمَا تَحْمِلُ = ഗർഭം ധരിക്കുന്നുമില്ല مِنْ أُنۡثَى = ഒരു സ്ത്രീയും وَلَا تَضَعُ = അവൾ പ്രസവിക്കുന്നുമില്ല إِلَّا بِعِلْمِهِ = അവന്റെ അറിവോടെയല്ലാതെ وَيَوْمَ يُنَادِيهِمْ = അവൻ അവരെ വിളിക്കുന്ന (വിളിച്ച് ചോദിക്കുന്ന) ദിവസം أَيْنَ شُرَكَائِي = എന്റെ പങ്കുകാർ എവിടെ قَالُوا = അവർ പറയും آذَنَّاكَ = ഞങ്ങൾ നിന്നോട് പ്രഖ്യാപിക്കുന്നു ,അറിയിപ്പ് നൽകുന്നു مَا مِنَّا = ഞങ്ങളിൽ നിന്ന് (ആരും) ഇല്ല مِنۡ شَهِيدٍ = സാക്ഷ്യം വഹിക്കുന്ന ഒരാളും, ദൃക്‌സാക്ഷിയും
41:47അവങ്കലേക്കാണ് അന്ത്യസമയത്തിന്റെ [ലോകാവസാനഘട്ടത്തിന്റെ] അറിവ് മടക്കപ്പെടുന്നത്. ഏതു ഫലങ്ങളും തന്നെ, അവയുടെ ( കുലകളിലുള്ള ) പോളകളിൽനിന്നു പുറത്തുവരുന്നില്ല; ഒരു സ്ത്രീയും ഗർഭം ധരിക്കുന്നുമില്ല ; പ്രസവിക്കുന്നുമില്ല; അവന്റെ അറിവോടുകൂടിയല്ലാതെ ! "എന്റെ പങ്കുകാർ എവിടെ ? !" എന്നു അവൻ അവരെ വിളി ( ച്ചു ചോദി ) ക്കുന്ന ദിവസം , അവൻ പറയും : " ഞങ്ങൾ നിന്നോട് പ്രഖ്യാപിക്കുന്നു , ഞങ്ങളിൽ ( അതിനു ) സാക്ഷ്യം വഹിക്കുന്ന ഒരാളുമില്ലെന്ന് ! "
وَضَلَّ = പിഴച്ചു(തെറ്റി ,മറഞ്ഞു) പോവുകയും ചെയ്യും عَنْهُمۡ = അവരെ വിട്ട് مَا كَانُوا = അവരായിരുന്നത് يَدْعُونَ = അവർ വിളിക്കുക, പ്രാർത്ഥിക്കുക مِنۡ قَبْلُ = മുമ്പ് وَظَنُّوا = അവർക്ക് വിചാരമുണ്ടാകുക (അവർ ധരിക്കുക ,ഉറപ്പിക്കുക)യും ചെയ്യും مَا لَهُمۡ = അവർക്കില്ല എന്ന് مِنۡ مَحِيصٍ = ഓടിപ്പോകാനുള്ള (രക്ഷപ്പെടാനുള്ള)ഒരു സ്ഥലവും
41:48അവർ മുമ്പു വിളിച്ചു (പ്രാർത്ഥിച്ചു) വന്നിരുന്നവ അവരിൽനിന്നു തെറ്റി ( മറഞ്ഞു ) പോകയും ചെയ്യും . ഓടിപ്പോകാവുന്ന ഒരു (രക്ഷാ) സ്ഥലവും തങ്ങൾക്ക് ഇല്ലെന്ന് അവർക്ക് വിചാരം [ഉറപ്പു] വരുകയും ചെയ്യും.
لَا يَسْأَمُ = മടുക്കുക[വെറുക്കുക, കുഴങ്ങുക]യില്ല الْإِنۡسَانُ = മനുഷ്യൻ مِنۡ دُعَاءِ = പ്രാർത്ഥന നിമിത്തം, പ്രാർത്ഥനയാൽ الْخَيْرِ = നന്മയുടെ(ഗുണത്തിനുള്ള) وَإنۡ مَسَّهُ = അവനെ ബാധിച്ചുവെങ്കിൽ الشَّرُّ = ദോഷം ,തിന്മ فَيَئُوسٌ = അപ്പോൾ നിരാശനായിരിക്കും قَنُوطٌ = ആശയറ്റ ,ആശ മുറിഞ്ഞവൻ
41:49ഗുണത്തിനു ( വേണ്ടി ) പ്രാർത്ഥിക്കുന്നതിനാൽ മനുഷ്യനു മടുപ്പുണ്ടാകുന്നതല്ല ; അവനെ ദോഷംബാധിച്ചുവെങ്കിലോ , അപ്പോൾ ( അവൻ ) ആശ മുറിഞ്ഞു നിരാശനുമായിരിക്കും .
وَلَئِنْ أَذَقْنَاهُ = അവനെ നാം ആസ്വദിപ്പിച്ചുവെങ്കിലോ رَحْمَةً مِنَّا = നമ്മുടെ പക്കൽ നിന്ന് വല്ല കാരുണ്യവും مِنۡ بَعْدِ ضَرَّاءَ = കഷ്ടതക്ക് ശേഷം مَسَّتْهُ = അവനെ ബാധിച്ച لَيَقُولَنَّ = നിശ്ചയമായും അവൻ പറയും هَـذَا لِي = ഇത് എനിക്കുള്ളതാണ്, എന്റേതാണ് وَمَا أَظُنُّ = ഞാൻ വിചാരിക്കുന്നുമില്ല السَّاعَةَ = അന്ത്യസമയത്തെ قَائِمَةً = നിലവിൽ വരുന്നതാണെന്ന് وَلَئِنۡ رُجِعْتُ = ഞാൻ (എന്നെ)മടക്കപ്പെട്ടുവെങ്കിൽ തന്നെ إِلَی رَبِّي = എന്റെ റബ്ബിങ്കലേക്ക് إِنَّ لِي = നിശ്ചയമായും എനിക്കുണ്ടായിരിക്കും عِنۡدَهُ അവന്റെ അടുക്കൽ لَلْحُسْنَى = എറ്റവും നല്ലതു തന്നെ فَلَنُنَبِّئَنَّ = എന്നാൽ നിശ്ചയമായും നാം ബോധ്യപ്പെടുത്തും ,അറിയിച്ചു കൊടുക്കും الَّذِينَ كَفَرُوا = അവിശ്വസിച്ചവർക്ക് بِمَا عَمِلُوا = അവർ പ്രവർത്തിച്ചതിനെപ്പറ്റി وَلَنُذِيقَنَّهُمۡ = അവർക്ക് നാം ആസ്വദിപ്പിക്കുകയും ചെയ്യും مِنۡ عَذَابٍ = ശിക്ഷയിൽ നിന്ന് غَلِيظٍ = കടുത്ത ,ഉരത്ത ,കനത്ത
41:50അവനു ബാധിച്ച കഷ്ടതക്കുശേഷമായി നമ്മുടെ പക്കൽനിന്നു വല്ല കാരുണ്യവും (അഥവാ അനുഗ്രഹവും) നാമവനെ ആസ്വദിപ്പിച്ചുവെങ്കിലോ , നിശ്ചയമായും അവൻ പറയും: " ഇതു എനിക്കു (അർഹതയു) ള്ളതാണ് ; അന്ത്യസമയം നിലവിൽ വരുന്ന ഒന്നാണെന്ന് ഞാൻ വിചാരിക്കുന്നില്ല ; എൻ്റെ രക്ഷിതാവിങ്കലേക്കു (ഒരു പക്ഷേ,) ഞാൻ മടക്കപ്പെട്ടാൽപോലും , നിശ്ചയമായും എനിക്ക് അവൻ്റെ അടുക്കൽ ഏറ്റവും നല്ല നിലതന്നെ ഉണ്ടായിരിക്കുന്നതാണ്." എന്നാൽ, (ഇങ്ങിനെ) അവിശ്വസിച്ചവരെ അവർ പ്രവർത്തിച്ചതിനെപ്പറ്റി നാം ബോധ്യപ്പെടുത്തുക തന്നെ ചെയ്യും; അവർക്കു കടുത്ത ശിക്ഷയിൽനിന്നു നാം ആസ്വദിപ്പിക്കുകയും ചെയ്യും.
وَإِذَا أَنْعَمْنَا = നാം അനുഗ്രഹം ചെയ്താൽ عَلَى الْإِنۡسَانِ = മനുഷ്യന്റെ മേൽ أَعْرَضَ = അവൻ തിരിഞ്ഞു കളയും وَنَأَى = അവൻ അകന്ന് (ഒഴിഞ്ഞ്)പോകയും ചെയ്യും بِجَانِبِهِ = അവന്റെ പാർശ്വവുമായി ,പാർശ്വം കൊണ്ട് وَإِذَا مَسَّهُ = അവനെ സ്പർശിച്ചാൽ, തൊട്ടാൽ الشَّرُّ = ദോഷം ,തിന്മ فَذُو دُعَاءٍ = അപ്പോൾ പ്രാർത്ഥനക്കാരനായിരിക്കും عَرِيضٍ = വിശാല (വിസ്‌തൃത)മായ
41:51മനുഷ്യൻറെ മേൽ നാം അനുഗ്രഹം ചെയ്താൽ, അവൻ (അവഗണിച്ച് ) തിരിഞ്ഞുകളയുകയും, (അഹംഭാവം നടിച്ച്) തൻറെ പാർശ്വവുമായി അകന്നുപോകുകയും ചെയ്യും . അവനെ ദോഷം ബാധിച്ചാൽ, അപ്പോൾ (അവൻ) വിശാലമായ പ്രാർത്ഥനക്കാരനുമായിരിക്കും.
قُلْ = നീ പറയുക أَرَأَيْتُمْ = നിങ്ങൾ കണ്ടുവോ إِنۡ كَانَ = അതാണെങ്കിൽ مِنْ عِنۡدِ اللَّـهِ = അല്ലാഹുവിന്റെ പക്കൽ നിന്ന് ثُمَّ = എന്നിട്ട് (പിന്നെ) كَفَرْتُمۡ = നിങ്ങൾ അവിശ്വസിച്ചു ,അവിശ്വസിച്ചിരിക്കയാണ് بِهِ = അതിൽ مَنْ أَضَلُّ = ആരാണ് അധികം വഴിപിഴച്ചവൻ مِمَّنْ = ഒരുവനെക്കാൾ هُوَ = അവൻ فِي شِقَاقٍ = കക്ഷിത്വത്തിൽ (ചേരിപിരിവിൽ ,ഭിന്നിപ്പിൽ ആകുന്നു) بَعِيدٍ = വിദൂരമായ ,അകന്ന
41:52(നബിയേ) പറയുക : "നിങ്ങൾ കണ്ടുവോ (ഒന്നു പറയുവിൻ) : ഇതു [ഖുർആൻ] അല്ലാഹുവിങ്കൽ നിന്നുള്ളതായിരിക്കുകയും , എന്നിട്ടു നിങ്ങളതിൽ അവിശ്വസിക്കുകയുമാണ് ചെയ്യുന്നതെങ്കിൽ , വിദൂരമായ കക്ഷി മത്സരത്തിൽ സ്ഥിതി ചെയ്യുന്നവരെ [നിങ്ങളെ] ക്കാൾ വഴിപിഴച്ചവർ (വേറെ) ആരാണ് ? ! "
سَنُرِيهِمْ = അവർക്ക് നാം അടുത്ത് കാട്ടിക്കൊടുക്കും آيَاتِنَا = നമ്മുടെ ദൃഷ്ടാന്തങ്ങൾ فِي الْآفَاقِ = നാനാ ഭാഗങ്ങളിൽ ,പല മണ്ഡലങ്ങളിൽ وَفِي أَنۡفُسِهِمْ = അവരിൽ തന്നെയും حَتَّى يَتَبَيَّنَ = വ്യക്തമാകുന്നത് വരെ ,അങ്ങനെ സ്പഷ്ടമാകും لَهُمْ = അവർക്ക് أَنَّهُ الْحَقُّ = അത് യാഥാർത്ഥമാണെന്ന് أَوَلَمْ يَكْفِ = പോരെ,മതിയാവുകയില്ലേ بِرَبِّكَ = നിന്റെ റബ്ബ് തന്നെ أَنَّهُ = അതായത് അവനാണെന്നുള്ളത് عَلَی كُلِّ شَيْءٍ = എല്ലാ കാര്യത്തിനും شَهِيدٌ = ദൃക്‌സാക്ഷിയാണ്
41:53നാനാഭാഗങ്ങളിലും - അവരിൽതന്നെയും - നമ്മുടെ ദൃഷ്ടാന്തങ്ങൾ നാമവർക്കു അടുത്തു കാട്ടിക്കൊടുക്കുന്നതാണ് ; അങ്ങനെ , അതു [ ഖുർആൻ ] യഥാർത്ഥം തന്നെയാണെന്ന് അവർക്ക് സ്പഷ്ടമായിത്തീരുന്നതാണ്. ( നബിയേ ) നിൻറെ രക്ഷിതാവ് - അതായതു , അവൻ എല്ലാ കാര്യത്തിനും ദൃക്സാക്ഷിയാണെന്നുള്ളതു - തന്നെ മതിയാകയില്ലേ ? ! [ എന്നിരിക്കെ വല്ല തെളിവിൻ്റെയും ആവശ്യമുണ്ടോ ? ! ]
أَلَا = അല്ലാ,അറിയുക إِنَّهُمْ = നിശ്ചയമായും അവർ فِي مِرْيَةٍ = സന്ദേഹ (സംശയ)ത്തിലാണ് مِنۡ لِقَاءِ = കാണുന്ന (കണ്ടുമുട്ടുന്ന)തിനെക്കുറിച്ച് رَبِّهِمْ = തങ്ങളുടെ റബ്ബിനെ ,റബ്ബും ആയി أَلَا إِنَّهُ = അല്ലാ(അറിയുക)നിശ്ചയമായും അവൻ بِكُلِّ شَيْءٍ = എല്ലാ വസ്തുവിനെയും مُحِيطٌ = വലയം ചെയ്തവനാണ്
41:54അല്ലാ ! (അറിയുക;) നിശ്ചയമായും അവർ തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെക്കുറിച്ച് സന്ദേഹത്തിലാണ്. അല്ലാ ! (അറിയുക:) നിശ്ചയമായും , അവൻ എല്ലാ വസ്തുവെയും വലയം ചെയ്തവനാകുന്നു.