ലഹബ്
മക്കയില്‍ അവതരിച്ചത് – വചനങ്ങൾ 5
[ഈ അദ്ധ്യായത്തിനു സൂറത്തു ‘തബ്ബത്ത്’ (تبت) എന്നും, സൂ: ‘മസദ്’ (المسد) എന്നും പേരുണ്ട്. ഈ വാക്കുകളുടെ അര്‍ത്ഥം താഴെ കാണാം]
സൂറത്തു ശുഅറാഇലെ 214 –ആം സൂക്തമായ وَأَنذِرْ عَشِيرَتَكَ الْأَقْرَبِينَ (നിന്റെ അടുത്ത ബന്ധുക്കള്‍ക്ക് താക്കീതു നല്‍കുക) എന്ന വചനം അവതരിച്ചപ്പോള്‍, നബി (ﷺ) സഫാ കുന്നിന്‍ മുകളിൽ കയറി അടുത്ത കുടുംബങ്ങളെയെല്ലാം വിളിച്ചു വരുത്തി. ‘ഞാന്‍ അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചു നിങ്ങളെ താക്കീതു ചെയ്‌വാൻ അയക്കപ്പെട്ട ദൂതനാണ്’ എന്നു അവരെ പൊതുവായും, ഓരോരുത്തരെ പേരുവിളിച്ചു പ്രത്യേകം പ്രത്യേകമായും അറിയിക്കുകയുണ്ടായി. ഈ അവസരത്തില്‍ തിരുമേനിയുടെ പിതൃവ്യനായ അബൂലഹബ് കൈകുടഞ്ഞു എഴുന്നേറ്റുകൊണ്ടു ഇങ്ങിനെ പറഞ്ഞു: تـبـالك سائر الايام الهذا جمعتنا (എല്ലാ നാളുകളിലും – കാലം മുഴുവനും – നിനക്കു നാശം! ഇതിനു വേണ്ടിയാണോ ഞങ്ങളെ നീ ഒരുമിച്ചു കൂട്ടിയത്?!) ഇതിനെത്തുടര്‍ന്നു ഈ സൂറത്തു അവതരിച്ചു. ബുഖാരിയും മുസ്‌ലിമും (رحمه الله) ഉദ്ധരിച്ചിട്ടുള്ള ഈ സംഭവത്തിന്റെ പൂര്‍ണ്ണരൂപം സൂ: ശുഅറാഇൽ നാം ഉദ്ധരിച്ചിരിക്കുന്നു.