കാഫിറൂന്‍ (സത്യനിഷേധികള്‍)
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 6
ഈ സൂറത്തും, സൂറത്തുല്‍ ‘ഇഖ്‌ലാസും ‘കഅ്ബഃയെ’ ‘ത്വവാഫ്’ (പ്രദക്ഷിണം) ചെയ്തു കഴിഞ്ഞശേഷമുള്ള സുന്നത്ത് നമസ്കാരത്തില്‍ നബി (ﷺ) ഓതാറുണ്ടായിരുന്നതായി ജാബിര്‍ (رضي الله عنه) പ്രസ്താവിച്ചതായും , സുബ്ഹി നമസ്ക്കാരത്തിനു മുമ്പുള്ള സുന്നത്ത് നമസ്കാരത്തില്‍ തിരുമേനി (ﷺ) രണ്ടും ഓതാറുണ്ടായിരുന്നതായി അബൂഹുറൈറ (رضي الله عنه) പ്രസ്താവിച്ചതായും ഇമാം മുസ്‌ലിം (رحمه الله) രേഖപ്പെടുത്തിയിരിക്കുന്നു. സുബ്ഹിന്റെ മുമ്പും മഗ്‌രിബിന്റെ ശേഷവുമുള്ള സുന്നത്ത് നമസ്കാരങ്ങളില്‍ തിരുമേനി (ﷺ) ഈ രണ്ടു സൂറത്തുകളും പലവട്ടം ഓതുകയുണ്ടായിട്ടുണ്ടെന്ന് അഹ്‌മദ്, തിര്‍മദീ, ഇബ്നുമാജഃ (رحمه الله) മുതലായവര്‍ ഉദ്ധരിച്ച ഹദീസുകളിലും വന്നിരിക്കുന്നു. ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ ഈ സൂറത്തു ഓതുന്നത് നല്ലതാണെന്ന് കാണിക്കുന്ന ചില ഹദീസുകള്‍ അഹ്‌മദും (رحمه الله) മറ്റും ഉദ്ധരിച്ചിട്ടുമുണ്ട് .
ഇബ്നു ജരീര്‍ (رحمه الله), ഇബ്നു അബീഹാതിം (رحمه الله) എന്നിവര്‍ ഉദ്ധരിക്കുന്ന ഒരു രിവായത്തിന്റെ സാരം ഇപ്രകാരമാണ് : ചില ഖുറൈശീ നേതാക്കള്‍ നബി (ﷺ) യോടു ഇങ്ങനെ പറഞ്ഞു : ‘മുഹമ്മദേ , ഞങ്ങളുടെ മതം നീ പിന്‍പറ്റുക . നിന്റെ മതം ഞങ്ങളും പിന്‍പറ്റാം. ഞങ്ങളുടെ ദൈവങ്ങളെ നീയും ആരാധിക്കുക. നിന്റെ ദൈവത്തെ ഞങ്ങളും ആരാധിക്കാം. എന്നാല്‍ നിന്റെതാണ് ഉത്തമമെങ്കില്‍ അതില്‍ ഞങ്ങളും , ഞങ്ങളുടേതാണ് ഉത്തമമെങ്കില്‍ അതില്‍ നീയും ഭാഗഭാക്കാകുമല്ലോ . ‘ അപ്പോള്‍ നബി (ﷺ) പറഞ്ഞു : معاذ الله ان اشرك به غيره “അല്ലാഹുവിനോടു മറ്റൊന്നിനെ പങ്കു ചേര്‍ക്കുന്നതില്‍ നിന്ന് ഞാന്‍ അവനോടു ശരണം തേടുന്നു!.” ഇതിനെ തുടര്‍ന്ന് ഈ സൂറത്ത് അവതരിച്ചു . അനന്തരം മസ്ജിദുല്‍ ഹറാമില്‍ വെച്ച് ഖുറൈശീ പ്രമാണികളുടെ സാന്നിദ്ധ്യത്തില്‍ തിരുമേനി (ﷺ) ഈ അദ്ധ്യായം ഓതി വിളംബരം ചെയ്യുകയും ചെയ്തു.