arrow_back_ios
1
2
3
4
5
ഫീല്‍ (ആന) [മദീനയില്‍ അവതരിച്ചത് – വചനങ്ങള്‍ 5] വിശുദ്ധ കഅ്ബഃയെ പൊളിച്ചുനീക്കുവാന്‍ തയ്യാറെടുത്തുവന്ന ഒരു ആനപ്പട്ടാളത്തെ അല്ലാഹു കഠിനമായി ശിക്ഷിച്ചു പരാജയപ്പെടുത്തുകയും, ഖുറൈശികളെയും മക്കാനിവാസികളെയും രക്ഷപ്പെടുത്തുകയും ചെയ്ത ചരിത്രപ്രസിദ്ധമായ സംഭവമാണ് ഈ സൂറത്തില്‍ അടങ്ങിയിരിക്കുന്നത്. പ്രസ്തുത സംഭവം മുഖേന അല്ലാഹു അവര്‍‍ക്ക് ചെയ്ത അനുഗ്രഹം, അതിലടങ്ങിയ ദൈവികദൃഷ്ടാന്തം എന്നിവയെക്കുറിച്ച് അവയെ അനുസ്മരിപ്പിക്കുകയും ചെയ്യുന്നു. ഈ സൂറത്തു അവതരിക്കുമ്പോള്‍, ആ സംഭവത്തിന് ദൃക്‌സാക്ഷികളായിരുന്ന പലരും അറബികളില്‍ ജീവിച്ചിരിപ്പുണ്ട്. ആ നിലക്ക് ഈ അനുസ്മരണം കൂടുതല്‍ ഫലവത്തായിരിക്കുമല്ലോ. ഖുറൈശികള്‍ക്കിടയില്‍ ഒരു വമ്പിച്ച സംഭവമായി ഗണിക്കപ്പെട്ടിരുന്ന അതിന്‍റെ വിശദാംശങ്ങളില്‍ ഭിന്നാഭിപ്രായങ്ങള്‍ കാണാമെങ്കിലും സംഭവത്തിന്‍റെ ചുരുക്കം ഇപ്രകാരമാണ്:- ഹബ്ശഃ (അബീസീനിയാ) യിലെ ചക്രവര്‍ത്തിയായിരുന്ന നജജാശീ (നെഗാശീ) യുടെ കീഴില്‍ യമന്‍ ഭരിച്ചിരുന്ന അബ്രഹത്ത് എന്ന് പേരായ ഒരു രാജാവുണ്ടായിരുന്നു. ചക്രവര്‍ത്തിയുടെ പ്രീതി സമ്പാദിക്കുവാന്‍ വേണ്ടി യമനില്‍ ഒരു വമ്പിച്ച ക്രിസ്തീയദേവാലയം അവന്‍ പണിതു. ജനങ്ങളെ അങ്ങോട്ട് ആകര്‍ഷിക്കുവാന്‍ അവന്‍ ഒരു ഉപായം കണ്ടുപിടിച്ചു. മക്കായിലേക്ക് ജനങ്ങള്‍ ഹജ്ജ് കര്‍മത്തിന് പോകുന്ന പതിവു നിര്‍ത്തലാക്കി പകരം ആ ദേവാലയത്തിലേക്ക് അവരെ തിരിച്ചുവിടണമെന്നായിരുന്നു പരിപാടി. അതില്‍ പ്രതിഷേധിച്ച് ഒരു അറബി ആ ദേവാലയത്തില്‍ കടന്ന് മലവിസര്‍ജ്ജനം നടത്തി വൃത്തികേടാക്കുകയുണ്ടായെന്നും പറയപ്പെടുന്നു. ഏതായാലും, ഖുറൈശികളുടെ കഅ്ബഃ പൊളിച്ചുനീക്കുമെന്ന് ശപഥം ചെയ്തുകൊണ്ട് അബ്രഹത്ത് ഒരു വമ്പിച്ച സേനയുമായി മക്കായിലേക്കു നീങ്ങി. വഴിമദ്ധ്യേ ഒന്നിലധികം സ്ഥലത്തുവെച്ച് ചില അറബിഗോത്രങ്ങള്‍ അവരുമായി സംഘട്ടനത്തിലേര്‍പ്പെട്ടുവെങ്കിലും അതിലെല്ലാം അബ്രഹത്തും സൈന്യവും ജയിച്ചു മുന്നേറി മക്കായുടെ അടുത്തെത്തി. സൈന്യത്തില്‍ ഒന്നോ അധികമോ ആനയും ഉണ്ടായിരുന്നു. ഈ സേനക്ക് ആനപ്പട്ടാളം എന്ന് പറയപ്പെടുവാന്‍ ഇതാണ് കാരണം. മക്കായുടെ അടുത്തൊരു സ്ഥലത്തുവന്ന് തങ്ങളുടെ വരവിന്‍റെ ഉദ്ദേശ്യം അറിയിക്കുവാനായി അബ്രഹത്ത് ഖുറൈശികളുടെ അടുക്കലേക്ക് ആളയച്ചു. തങ്ങള്‍ ഒരു യുദ്ധം നടത്തി നാടു കീഴടക്കുവാന്‍ ഉദ്ദേശിച്ച് വന്നതല്ലെന്നും, കഅ്ബഃ പൊളിച്ചുനീക്കല്‍ മാത്രമാണ് വരവിന്‍റെ ഉദ്ദേശ്യമെന്നും അറിയിച്ചു. തങ്ങളുടെ ജീവനെപ്പോലെ ബഹുമാനിച്ചാദരിച്ചു വരുന്ന കഅ്ബഃ പൊളിക്കുന്നതില്‍ അങ്ങേഅറ്റത്തെ വെറുപ്പും വ്യസനവും ഉണ്ടെങ്കിലും, ആ സൈന്യത്തെ നേരിടുവാനുള്ള കെല്‍പോ കരുത്തോ അവര്‍ക്കുണ്ടായിരുന്നില്ല. ആനപ്പട്ടാളത്തെ നേരിട്ടുകൊണ്ടുള്ള യുദ്ധവും അവര്‍ക്ക് അപരിചിതമായിരുന്നു. അങ്ങനെ, ആ കാഴ്ച തങ്ങള്‍ കാണരുതെന്നും, അതിനാല്‍ നേരിടാവുന്ന ആപത്ത് തങ്ങള്‍ക്ക് പിണയരുതെന്നും കരുതി അവര്‍ സ്ഥലം വിട്ടുപോകുകയാണുണ്ടായത്. അന്ന് ഖുറൈശികളുടെ നേതാവും, കഅ്ബയുടെ മേല്‍നോട്ടം വഹിക്കുന്ന ആളും നബി (ﷺ) യുടെ പിതാമഹന്‍ അബ്‌ദുല്‍മുത്ത്വലിബായിരുന്നു. വഴിമദ്ധ്യേ അബ്രഹത്ത് അദ്ദേഹത്തിന്‍റെ ഇരുനൂറു ഒട്ടകങ്ങളെ പിടിച്ചടക്കിയിരുന്നു. അബ്രഹത്ത് അദ്ദേഹത്തെ ആളയച്ചുവരുത്തി തന്‍റെ ലക്ഷ്യത്തെപ്പറ്റി സംസാരിച്ചകൂട്ടത്തില്‍, താങ്കള്‍ക്കു വല്ലതും പറയുവാനുണ്ടോ എന്ന് അന്വേഷിക്കുകയുണ്ടായി. അബ്‌ദുല്‍മുത്ത്വലിബിന്‍റെ മറുപടി ഇതായിരുന്നു: ‘താങ്കളുടെ ആള്‍ക്കാര്‍ എന്‍റെ ഒട്ടകത്തെ പിടിച്ചുവെച്ചിട്ടുണ്ട്. അവയെ വിട്ട് തരണം.’ ഇത് കേട്ടപ്പോള്‍ അബ്രഹത്ത് പരിഹാസപൂര്‍വ്വം ഇങ്ങനെ പറഞ്ഞു: ‘നിങ്ങളുടെ പൂര്‍വി‍കന്‍മാരായി ബഹുമാനിച്ചുവരുന്ന നിങ്ങളുടെ മതകേന്ദ്രം നശിപ്പിക്കുന്നതിനെക്കുറിച്ചൊന്നും പറയാനില്ലാതെ, കേവലം താങ്കളുടെ ഒട്ടകത്തെക്കുറിച്ച് മാത്രം സംസാരിച്ച നിങ്ങള്‍ ഒരു കൊള്ളരുതാത്തവന്‍ തന്നെ, താങ്കളെ കണ്ടമാത്രയില്‍ എനിക്ക് തോന്നിയ മതിപ്പ് ഇത് കേട്ടപ്പോള്‍ നശിച്ചുപോയി!’ അബ്ദുല്‍ മുത്ത്വലിബ് പ്രതിവചിച്ചു: ‘ഞാനാണ് ഒട്ടകത്തിന്‍റെ ഉടമസ്ഥന്‍. ആ മന്ദിരത്തിന് ഒരു ഉടമസ്ഥനുണ്ട് . അതവന്‍ രക്ഷിച്ചുകൊള്ളും.’ അങ്ങനെ, മുമ്പില്‍ ആനയുമായി സൈന്യം മുന്നോട്ടുവെച്ചു. കഅ്ബായുടെ നേര്‍ക്ക് ‌തിരിഞ്ഞതോടെ ആന മുട്ടുകുത്തി മുമ്പോട്ടു നീങ്ങാതായി. വളരെ കിണഞ്ഞു പരിശ്രമിച്ചിട്ടും ആന മുമ്പോട്ടു അടിവെക്കുന്നില്ല. മറ്റേത് ഭാഗത്തേക്ക് തിരിച്ചാലും അങ്ങോട്ട് തിരിയുവാന്‍ അതിന് തടസ്സമില്ല. അല്ലാഹു അവരില്‍ ഒരു തരം പക്ഷിക്കൂട്ടങ്ങളെ നിയോഗിച്ചയച്ചു. ഒരു പ്രത്യേകതരം കല്ലുകള്‍ അവ സൈന്യത്തിന് മീതെ വര്‍ഷിച്ചു. ഇതുവഴി സൈന്യം നാമാവശേഷമായിത്തീര്‍ന്നു. അല്ലാഹു അവന്‍റെ മന്ദിരത്തെ കാത്തുരക്ഷിക്കുകയും ചെയ്തു. മിക്കവാറും ക്രിസ്താബ്ദം 570 – 571 ലാണ് ഈ സംഭവം ഉണ്ടായത്. 571-ആം കൊല്ലം ഏപ്രില്‍ 2-ആം തിയ്യതിയാണെന്ന്‍ ചിലര്‍ ക്ലിപ്തപ്പെടുത്തി പ്രസ്താവിച്ചിട്ടുമുണ്ട്. ഈ കൊല്ലത്തിലായിരുന്നു നബി (ﷺ) തിരുമേനിയുടെ ജനനവും ഉണ്ടായത്. അറബികളുടെ ഇടയില്‍ പൊതുവിലും, ഖുറൈശികള്‍ക്കിടയില്‍ വിശേഷിച്ചും വളരെ ഗൗരവമേറിയ ഒരു സംഭവമാണിതെന്നു പറയേണ്ടതില്ലല്ലോ. അതിനാല്‍, പിന്നീടുണ്ടാകുന്ന സംഭവങ്ങള്‍ക്ക് അവര്‍ ആനക്കലഹം മുതല്‍ കാലം നിര്‍ണ്ണയിക്കുക പതിവായിത്തീര്‍ന്നു. മദീനാ ഹിജ്റ മുതല്‍ വര്‍ഷാരംഭം നിര്‍ണ്ണയിക്കുന്ന പതിവ് ഇസ്‌ലാമില്‍ അംഗീകരിക്കപ്പെടുന്നതുവരെ ആ പതിവു തുടര്‍ന്നുപോന്നു. ആനപ്പട്ടാളത്തെ നശിപ്പിച്ച പക്ഷിപ്പട്ടാളം ഏത് തരത്തിലുള്ളതായിരുന്നു, അവ എവിടെ നിന്നുവന്നു, അവ ശത്രുക്കളെ എറിയുവാന്‍ കൊണ്ടുവന്ന കല്ലുകള്‍ ഏത് വിധത്തിലുള്ളതായിരുന്നു, സൈന്യത്തില്‍ ആ കല്ലുകള്‍ എന്തു വിനയാണ് വരുത്തിയത് എന്നൊന്നും തീര്‍ത്തുപറയുക നമുക്ക് സാധ്യമല്ല. പലരും പല അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്നു മാത്രം. ഒന്നൊന്നായി സ്വീകരിക്കുവാന്‍ തെളിവുകളില്ല. ഈ അദ്ധ്യായത്തില്‍ അല്ലാഹു അതിനെപ്പറ്റി പ്രസ്താവിച്ച വാക്യങ്ങളില്‍ നിന്ന് വ്യക്തമാകുന്ന രൂപത്തില്‍ -അതിന് യാതൊരു ദുര്‍വ്യാഖ്യാനവും നല്‍കാതെ– നമുക്കത് സ്വീകരിക്കാം. അത് അതേപടി വിശ്വസിക്കുകയും ചെയ്യാം.

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَـٰبِ ٱلْفِيلِ﴿١﴾
volume_up share
أَلَمْ تَرَ നീ കണ്ടില്ലേ كَيْفَ فَعَلَ എങ്ങനെ ചെയ്തുവെന്നു رَبُّكَ നിന്‍റെ റബ്ബ് بِأَصْحَابِ الْفِيلِ ആനക്കാരെക്കൊണ്ടു
105:1ആനക്കാരെക്കൊണ്ട്‌ നിന്‍റെ റബ്ബ് ചെയ്തതെങ്ങനെയാണെന്നു നീ കണ്ടില്ലേ?!-
أَلَمْ يَجْعَلْ كَيْدَهُمْ فِى تَضْلِيلٍۢ﴿٢﴾
volume_up share
أَلَمْ يَجْعَلْ അവന്‍ ആക്കിയില്ലേ كَيْدَ هُمْ അവരുടെ തന്ത്രം , ഉപായം فِي تَضْلِيلٍ പിഴവില്‍, പാഴില്‍, നഷ്ടത്തില്‍, വഴികേടില്‍
105:2അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ?!-
وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ﴿٣﴾
volume_up share
وَأَرْسَلَ عَلَيْهِمْ അവരുടെമേല്‍ അവന്‍ അയക്കുകയും ചെയ്തു طَيْرًا ഒരുതരം പക്ഷികളെ أَبَابِيلَ കൂട്ടംകൂട്ടമായി
105:3അവരുടെമേല്‍ അവന്‍ കൂട്ടംകൂട്ടമായി ഒരുതരം പക്ഷികളെ അയക്കുകയും ചെയ്തു: -
تَرْمِيهِم بِحِجَارَةٍۢ مِّن سِجِّيلٍۢ﴿٤﴾
volume_up share
تَرْمِيهِم അവ അവരെ എറിഞ്ഞിരുന്നു, എറിഞ്ഞും കൊണ്ട് بِحِجَارَةٍ ഒരു (തരം) കല്ലുകൊണ്ട് مِّن سِجِّيلٍ സിജ്ജീലില്‍ (ഇഷ്ടികക്കല്ലില്‍-ചൂളക്കല്ലില്‍-കളിമണ്ണുകല്ലില്‍) പെട്ട
105:4അവ അവരെ (ചൂളവെച്ച ) ഇഷ്ടികക്കല്ലുകൊണ്ടു എറിഞ്ഞിരുന്നു
فَجَعَلَهُمْ كَعَصْفٍۢ مَّأْكُولٍۭ﴿٥﴾
volume_up share
فَجَعَلَهُمْ അങ്ങനെ (എന്നിട്ട്) അവന്‍ അവരെ ആക്കി كَعَصْفٍ വൈക്കോല്‍ തുരുമ്പുപോലെ مَّأْكُولٍ തിന്നപ്പെട്ട
105:5അങ്ങനെ, അവരെ അവന്‍ തിന്നപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെ ആക്കി
തഫ്സീർ : 1-5
View