വ്യാഖ്യാനകുറിപ്പ്

സൂറത്തുന്നംലിൽ സുലൈമാൻ നബി (عليه السلام) യുടെ കഥയും തൽപരകക്ഷികളുടെ ദുർവ്യാഖ്യാനങ്ങളും



സൂറത്തുന്നംലിൽ സുലൈമാൻ നബി (عليه السلام) യുടെ കഥയും തൽപരകക്ഷികളുടെ ദുർവ്യാഖ്യാനങ്ങളും






വിശുദ്ധ ഖുർആനിൽ വിശ്വസിക്കാത്ത ആളുകൾ അതിലെ ഏത് ഭാഗവും നിഷേധിക്കുക സ്വാഭാവികമാണ്. അതിൽ ശരിക്ക് വിശ്വസിക്കുന്ന ഏവർക്കും അതിലെ ഏതു പ്രസ്താവനയും മുഖവിലക്കുതന്നെ സ്വീകരിക്കൽ നിർബന്ധവുമാണ്. എന്നാൽ ഖുർആന്‍റെ അനുയായികളെന്ന് അവകാശപ്പെടുന്നതിൽ തന്നെ ഒരു തരക്കാരുണ്ട്: ഭൗതികശാസ്ത്രം, യുക്തിവാദം, നൂതനാശയം എന്നിത്യാദി ഏതെങ്കിലും ഒന്നിന്‍റെ ലഹരി നിമിത്തം അതിലെ ചില വശങ്ങൾ നേർക്കുനേരെ അനുകൂലിക്കുവാൻ അവർക്ക് സാധ്യമല്ല. അതിനാൽ തങ്ങളുടെ താല്പര്യത്തിനൊത്ത് അവയെ വ്യാഖ്യാനിക്കുവാൻ അവർ നിർബന്ധിതരാകും. തങ്ങളുടെ താല്പര്യം സംരക്ഷിക്കുവാൻ മാത്രമല്ല, തങ്ങളുടെ ആദർശങ്ങൾ ഖുർആന്‍റെ നാമത്തിൽ പ്രചരിപ്പിക്കുവാനും അവർ അത് ഉപയോഗപ്പെടുത്തുകയും ചെയ്യും. ഇസ്‌ലാമിക വിജ്ഞാനങ്ങളിലും, ഖുർആന്‍റെ ഭാഷാസാഹിത്യത്തിലും കുറെയെല്ലാം പരിചയമുള്ളവർ ഇവരുടെ ദുർവ്യാഖ്യാനങ്ങളിൽ കുടുങ്ങുകയില്ല. എങ്കിലും ശുദ്ധഗതിക്കാരായ സാധാരണക്കാരും, അല്പജ്ഞന്മാരും അതിൽ വഞ്ചിതരാകരുതെന്ന് കരുതി അത്തരം പല ദുർവ്യാഖ്യാനങ്ങളെക്കുറിച്ചും ഇതിനു മുമ്പ് നാം സംസാരിച്ചിട്ടുണ്ട്.



സൂറത്തുന്നംലിൽ സുലൈമാൻ നബി (عليه السلام) യുടെ കഥാവിവരണത്തിൽ ഇവർ നടത്തിയ പല വിക്രിയകളെക്കുറിച്ചും ഒരു നിരൂപണം നടത്തുകയാണ് ഈ കുറിപ്പിന്‍റെ ഉദ്ദേശ്യം. സത്യം സ്വീകരിക്കുവാനുള്ള ഹൃദയവും പറയുവാനുള്ള നാവും അല്ലാഹു നമുക്കെല്ലാവർക്കും പ്രദാനം ചെയ്യട്ടെ. آمين






വാദി – ന്നംല് (وَادِي النّمْل)






സൂറത്തുന്നംല് 18-ാം വചനം (….. حَتَّىٰ إِذَا أَتَوْا عَلَىٰ وَادِ النَّمْلِ قَالَتْ نَمْلَةٌ) നാം വായിച്ചുവല്ലോ സുലൈമാൻ നബി (عليه السلام) യും സൈന്യവും ഒരു ഉറുമ്പിൻ താഴ്‌വരയിലൂടെ അടുത്തു വന്നപ്പോൾ ഒരു ഉറുമ്പ് അതിന്‍റെ കൂട്ടുകാരോട്: പാർപ്പിടങ്ങളിൽ പ്രവേശിച്ചേക്കുക, അല്ലാത്തപക്ഷം സുലൈമാനും സൈന്യവും അറിയാതെ ചവിട്ടിച്ചതച്ചേക്കാം എന്ന് പറഞ്ഞതായി അതിൽ പ്രസ്താവിച്ചിരിക്കുന്നു. ഒരു ഉറുമ്പ് സംസാരിച്ചു. സൈന്യത്തിന്‍റെ വരവിനെക്കുറിച്ചു അത് മനസ്സിലാക്കി എന്നൊക്കെ സമ്മതിക്കുവാൻ ഇക്കൂട്ടർക്കു സാധിക്കുകയില്ല. അതിനാൽ ഖുര്‍ആനിലെ ചില വാക്കുകൾക്ക് അർത്ഥം മാറ്റുവാനും മറ്റും അവർ തയ്യാറായിരിക്കുകയാണ്.



അതിലൊന്ന് വാദിന്നംല് (وَادِي النّمْل) ‘ഉറുമ്പിന്‍റെ താഴ്‌വര’ എന്നാണ് എല്ലാ മുസ്‌ലിംകളെയുംപോലെ നാമും അതിന് അർത്ഥം കൊടുത്തിരിക്കുന്നത്. (വാദീ =താഴ്‌വര; നംല് =ഉറുമ്പ്) . ഉറുമ്പിൻ താഴ്‌വര എന്നല്ല ഇവിടെ ഉദ്ദേശ്യമെന്നും, അതൊരു പ്രദേശത്തിന്‍റെ പേരാണെന്നുമാണ് ഇവരുടെ വാദം. ഈ വാദിന്നംല് എവിടെയായിരുന്നുവെന്നതിൽ മുഫസ്സിറുകൾക്കിടയിൽ ഭിന്നാഭിപ്രായം കാണാം. (ശാമിലാണെന്നും, ത്വായിഫിലാണെന്നും മറ്റും الله اعلم) . അതൊരു പ്രദേശപ്പേരാണ് എന്നതിന് ഇവർ കൊണ്ടുവരുന്ന ന്യായം ഈ അഭിപ്രായങ്ങളാണ്. വാസ്തവത്തിൽ ആ മുഫസ്സിറുകളാരും തന്നെ അതൊരു പ്രദേശപ്പേരാണെന്ന് പറയുന്നില്ല. ഈ സൂറത്തിൽ പ്രസ്താവിച്ച ഉറുമ്പിൻ താഴ്‌വര എവിടെയായിരുന്നുവെന്ന് മാത്രമാണ് അവർ അഭിപ്രായം പറഞ്ഞത്. ആരെങ്കിലും അത് ഒരു പ്രദേശമാണെന്ന് പറഞ്ഞിരുന്നുവെങ്കിൽ ഇവരത് പൊക്കിക്കാട്ടുമായിരുന്നുവല്ലോ. അതെവിടെയായിരുന്നുവെന്ന് പറയുന്നതോടൊപ്പം ആ ഉറുമ്പിൻ കൂട്ടത്തെപ്പറ്റിയും ആ മഹാന്മാർ വിവരിക്കുന്നത് കാണാം: ഈച്ചയെപ്പോലുള്ളവ, ചിറകുള്ളവ, ഇന്നവർഗ്ഗത്തിൽപെട്ടവ എന്നൊക്കെ അവർ തുടർന്ന് രേഖപ്പെടുത്തിയിരിക്കും.



وادى النمل بين جيرين وعسقلان എന്ന് ‘താജുൽഉറൂസിൽ’ ഒരു വാചകമുണ്ട്. വാദിന്നംല് ജബ്‌റീനിന്നും അസ്ക്വലാനിന്നും ഇടയിലാണെന്നർത്ഥം. അതൊരു പ്രദേശത്തിന്‍റെ പേരാണെന്ന് ഈ വാക്യം കാണിക്കുന്നുപോൽ !



ഈ ന്യായം നമുക്ക് മനസ്സിലാകുന്നില്ല. വാസ്തവത്തിൽ അതിന്‍റെ ഗ്രന്ധകർത്താവ് ഉദ്ദേശിക്കുന്നത് ഖുർആനിൽ പ്രസ്താവിച്ച ഉറുമ്പിൻ താഴ്‌വര പ്രസ്തുത രാജ്യങ്ങൾക്കിടയിലാണെന്നാണ്. വാദിന്നംലിനെപ്പറ്റി ബൈദ്വാവി (رحمه الله) പറഞ്ഞ വാചകം:



"وَاد بِالشَام كَثير النمل (ശാമിൽ ഉറുമ്പുകൾ അധികമുള്ള ഒരു താഴ്‌വരയാണ്) " എന്നത്രെ. ജബ്‌റീനും, അസ്ക്വലാനും ശാമിൽപെട്ട രണ്ടു രാജ്യങ്ങളാണെന്ന് പ്രസ്താവ്യമാകുന്നു. അപ്പോൾ, താജുൽ ഉറൂസിന്‍റെയും, ബൈദ്വാവിയുടെയും വാചകങ്ങൾ പരസ്പരം ഭിന്നിപ്പില്ലെന്ന് മാത്രമല്ല, അവ അന്യോന്യം ഉദ്ദേശ്യം മനസ്സിലാക്കുവാൻ സഹായിക്കുകയും ചെയ്യുന്നു.



ചില ജന്തുക്കളുടെ പേരുകൾ അറബികൾ തങ്ങളുടെ നാമങ്ങളായി സ്വീകരിക്കാറുണ്ട്. ഉദാഹരണമായി: അസദ് (സിംഹം) , ഥഅ് ലബ് (കുറുക്കന്‍) , കൽബ് (നായ) എന്നൊക്കെ. പൂർവ്വപിതാക്കളുടെ നാമങ്ങളിലാണ് അറബി ഗോത്രങ്ങൾ അറിയപ്പെട്ടിരുന്നതും. അതിൽപെട്ട ഒന്നാണ് നംലും. അപ്പോൾ വാദിന്നംല് എന്നാൽ നാലു ഗോത്രക്കാരുടെ താഴ്‌വര എന്നായിരിക്കും ഉദ്ദേശ്യം. ഇതാണ് ഇവരുടെ മറ്റൊരു ന്യായവാദം. ജന്തുക്കളുടെ പേരുകൾ അറബികൾ ഉപയോഗിക്കാറുണ്ടെന്നുള്ളത് ശരിതന്നെ. പക്ഷേ, ഏതങ്കിലും ഒരു ജന്തുവിനു ഉപയോഗിക്കുന്ന പദം കാണുമ്പോഴേക്ക് – പ്രത്യേകം തെളിവില്ലാതെ -അത് വ്യക്തിയുടെയോ, ഗോത്രത്തിന്‍റെയോ പേരാണെന്ന് പറയാമോ? ഇവിടെയാണെങ്കിൽ മറിച്ചാണ് തെളിവുള്ളതും. നോക്കുക:



ഗോത്രനാമങ്ങൾ സ്ത്രീലിംഗവും, പ്രത്യേകാനാമവും (المؤنث والمعرفة) ആയിട്ടാണ് അറബിയിൽ ഉപയോഗിക്കുക. സാമാന്യനാമത്തെ (النكرة) പ്രത്യേകനാമം (المعرفة) ആകുവാനുള്ള അൽ (ال) എന്ന അവ്യയം അവയിൽ പ്രവേശിക്കാറില്ല. ഉദാഹരണമായി ക്വുറയ്‌ശ്, അസദ് മുതലായ ഗോത്രനാമങ്ങളിലും, മുഹമ്മദ്‌, ഉമർ മുതലായ വ്യക്തിനാമങ്ങളിലും അൽ പ്രവേശിക്കാറില്ല. ഇതനുസരിച്ചാണ് ഈ സൂറത്തിൽത്തന്നെ സബഉ് ഗോത്രത്തെപറ്റി പറഞ്ഞപ്പോൾ അൽ കൂടാതെ من سبأ എന്ന് പറഞ്ഞത്. അപ്പോൾ നാല് ഗോത്രത്തിന്‍റെ താഴ്‌വര എന്ന് അർത്ഥം വരേണമെങ്കിൽ വാദി നംല് (وَادِي نَمْل) എന്നേ പറയാവൂ എന്ന് ചുരുക്കം. വാദിന്നംല് (വാദി +അൽ +നംല് =വാദിന്നംല്) എന്നും, വാദിൽഅസദ് എന്നും പറഞ്ഞാൽ ക്രമപ്രകാരം ഉറുമ്പിന്‍റെ താഴ്‌വര എന്നും സിംഹത്തിന്‍റെ താഴ്‌വര എന്നും തന്നെയാണർത്ഥം.



സ്ത്രീലിംഗമായ നാമങ്ങളെ വിളിക്കുന്നതി (نداء) ന് ചേർക്കുന്ന അവ്യയം യാ അയ്യുഹ (يا ايها) എന്നാണെങ്കിൽ സ്ത്രീലിംഗത്തിന്‍റെ ചിഹ്നമായ ഹാതാഉം (ة) ഉണ്ടായിരിക്കണം. അൽ പ്രവേശിച്ചിട്ടുള്ള നാമങ്ങളെ വിളിക്കുവാനേ ഈ അവ്യയം ഉപയോഗിക്കയുമുള്ളൂ. ഇതരനാമങ്ങളെ വിളിക്കാൻ യാ (يا) എന്നോ മറ്റോ ആണ് ചേർക്കേണ്ടത്. അപ്പോൾ നംല് ഒരു ഗോത്രപേരാണെങ്കിൽ യാ നംല് (يَا نَمْل) എന്നല്ലാതെ, ആയത്തിൽ കാണുന്നത് പോലെ യാ അയ്യുഹന്നംല് (يَا أَيُّهَا النَمْل) എന്ന് പറയാവതല്ല. ഇപ്പോൾ നംല് എന്ന് ഈ ആയത്തിൽ പറഞ്ഞത് ഗോത്രപ്പേരോ സ്ഥലപ്പേരോ അല്ലെന്നു വ്യക്തമായല്ലോ. യഥാർത്ഥത്തിൽ നംല് എന്ന് ഒരു ഗോത്രത്തിനോ, സ്ഥലത്തിനോ പേരുണ്ടെന്ന് തെളിഞ്ഞാൽ പോലും, ഇവിടത്തെ ഉദ്ദേശ്യം ഉറുമ്പ് തന്നെയാണെന്ന് അറബി വ്യാകരണത്തിൽ അല്പപരിചയമുള്ള ആർക്കും മനസ്സിലാകുന്നതാണ്. ഇക്കൂട്ടർക്കും തന്നെ മിക്കവാറും ഇതൊന്നും അറിയാഞ്ഞിട്ടല്ല -കല്പിച്ചുകൂട്ടി മൂടിവെക്കുകയാണെന്നാണ് മനസ്സിലാകുന്നത്.






നംലതുൻ (نَمْلَة)






അതെ ആയത്തില്‍ ഇവർ അർത്ഥം മാറ്റിയ പദമാണ് قَالَت نَمْلَة എന്ന വാക്യത്തിലെ നംലത്ത്. ഈ വാക്കിന് ഒരു ഉറുമ്പ് പറഞ്ഞു എന്നേ അറബി ഭാഷയിൽ അർത്ഥമുള്ളുവെന്ന് ഇവർക്കും അറിയാം. പക്ഷെ, ഉറുമ്പെങ്ങിനെ പറയും?! തങ്ങളുടെ ശാസ്‌ത്രവും യുക്തിയും അത് സമ്മതിക്കുമോ?! അതുകൊണ്ട് നംല് ഗോത്രകാരിയായ ഒരു സ്ത്രീ പറഞ്ഞു എന്ന് ഒരു പുതിയ അർത്ഥം ഇവർ പടച്ചുണ്ടാക്കി. പ്രാഥമിക അറബിവ്യാകരണ പാഠങ്ങളെങ്കിലും പഠിച്ചവർ ഇതു കണ്ടേക്കുമെന്ന് ഇവർ കരുതാത്തത് അത്ഭുതം തന്നെ. നംല് എന്ന് ഒരു ആൾക്കോ, ഗോത്രത്തിനോ, പ്രദേശത്തിനോ പേരുണ്ടെന്ന് വെച്ചാൽ തന്നെ, ഈ അർത്ഥം തികച്ചും തെറ്റാണ്. കാരണം, ഏതങ്കിലും ഒന്നിനോട് ബന്ധപ്പെടുത്തി نَسْبة ചെയ്തു പറയപ്പെടുമ്പോൾ അതിൽ ബന്ധപ്പെടുത്തുവാനുള്ള ‘യ്യ’ (ياء النسبة) എന്ന അക്ഷരം ചേർക്കൽ നിര്‍ബന്ധമാണ്. സ്ത്രീലിംഗമാണെങ്കിൽ ‘ഹാതാഉം’ (ة) ഉണ്ടായിരിക്കും. ഉദാഹരണമായി നംല് ഗോത്രക്കാരൻ എന്നർത്ഥം വരുവാൻ ‘നംലിയ്യുൻ ‘ (نملى) എന്നും നംല് ഗോത്രക്കാരിയായ സ്ത്രീ എന്നർത്ഥം വരുവാൻ ‘നംലിയ്യത്തുൻ ‘ (نملية) എന്നും, അസദുഗോത്രക്കാരി എന്ന് വരുവാൻ അസദിയ്യത്തുൻ എന്നും തന്നെ ഉപയോഗിക്കണം.



ഈ ‘ഹാതാഉ്’ ചിലപ്പോൾ ഏകവചനത്തെ കുറിക്കുന്നതും ആയിരിക്കാനിടയുണ്ട്: ഉദാ: شَجَرَة (ശജറത്തുൻ=ഒരു വൃക്ഷം) سَمَكَة (സമകത്തുൻ=ഒരു മത്സ്യം) . വൃക്ഷത്തിലും മത്സ്യത്തിലും ആണും പെണ്ണും പരിഗണിക്കപ്പെടാറില്ലല്ലോ. എന്നാൽ كَلْبَة (കൽബത്തുൻ) എന്ന് പറയുന്ന പക്ഷം ‘പെൺനായ’ (പട്ടി) എന്നർത്ഥം. ‘ഒരു നായ’ എന്നും അർത്ഥം വരാം.



ഇതനുസരിച്ചാണ് ആയത്തിലെ ‘നംലത്തുന്‍’ എന്ന പദത്തിന് ‘ഒരു ഉറുമ്പ്’ എന്ന അര്‍ത്ഥം നല്‍കുന്നത്. ‘കൽബ്’ ഗോത്രക്കാരിയായ ഒരു അറബി സ്ത്രീയെ ‘യാ കല്‍ബിയ്യത്ത്’ (يَا كَلْبِيَة) എന്ന് വല്ലവരും വിളിച്ചാല്‍ അവള്‍, ‘എന്ത് വേണം’ എന്ന് ചോദിച്ചേക്കും. പക്ഷേ ‘യാ കല്‍ബത്ത്’ (يَا كَلْبَة) എന്നെങ്ങാനും വിളിച്ചുവെങ്കില്‍ അവളില്‍ നിന്ന്‍ വിളിച്ച ആള്‍ക്ക് നല്ല ഒരു പ്രഹരമായിരിക്കും ലഭിക്കുക. എന്തുകൊണ്ടെന്നാല്‍: അവള്‍ ഈ വാക്കിന്‌ ‘ഹേ, പട്ടീ’ എന്നേ അര്‍ത്ഥം കാണുകയുള്ളൂ.



‘നംല്’ എന്ന പേരിലൊരു ഗോത്രമുണ്ടാക്കാന്‍ ഇവര്‍ സമര്‍പ്പിക്കുന്ന രസാവഹമായ ഒരു തെളിവ് الا برقة من مياه نَمْلَة എന്ന ‘ഖാമൂസി’ലെ ഒരു വാചകമാണ്. ‘അല്‍അബ്റഖഃ എന്നത് നംലത്തിലെ ജലാശയങ്ങളില്‍ പെട്ടതാണ്’ എന്നത്രെ ഈ വാചകത്തിന്‍റെ ശരിയായ അര്‍ത്ഥം. ഇവര്‍ അതിന് നല്‍കുന്ന അര്‍ത്ഥമാകട്ടെ, ‘അബ്റഖത്ത് എന്നത് നംല് ഗോത്രക്കാരുടെ ജലാശയങ്ങളില്‍ ഒന്നാണ്’ എന്നാകുന്നു. വാസ്തവത്തില്‍ ‘നംലത്തി’ന് ‘നംലു ഗോത്രക്കാരി’ എന്നര്‍ത്ഥം പറഞ്ഞതിനേക്കാള്‍ വഷളായതാണ് ഈ അര്‍ത്ഥം. അതിലെ കൃത്രിമം മനസ്സിലാക്കുവാന്‍ വ്യാകരണത്തിന്‍റെ ആദ്യപാഠമെങ്കിലും അറിയണം. ഇതിലെ കൃത്രിമം മനസ്സിലാക്കുവാന്‍ അറബി അക്ഷരങ്ങള്‍ വായിക്കുവാനും എണ്ണിനോക്കുവാനും അറിഞ്ഞാല്‍ മാത്രം മതി. നോക്കുക:

ഖാമൂസിലെ വാചകത്തില്‍ ‘നംലത്ത്’ (نَمْلَة) എന്ന നാലക്ഷരമുള്ള പദമാണുള്ളത്. അപ്പോള്‍ ‘നംലത്ത് ഗോത്രക്കാരുടെ…’ എന്നല്ലാതെ, മൂന്നക്ഷരമുള്ള ‘നംല് ഗോത്രക്കാരുടെ….’ എന്ന് വരുന്നതെങ്ങിനെ?! അതേ ഖാമൂസില്‍ തന്നെ وَسَمُوا نَمْلَة (അറബികള്‍ നംലത്ത് എന്ന് പേര്‍ സ്വീകരിച്ചിട്ടുണ്ട്) എന്ന് കാണാം. ഇതു പൊക്കിപ്പിടിച്ചുക്കൊണ്ട് قالت نملة എന്ന വാക്യത്തിന് ‘നംലത്ത് എന്ന സ്ത്രീ പറഞ്ഞു’ എന്ന് ഇവര്‍ക്ക് അര്‍ത്ഥം പറയാമായിരുന്നു. അതായിരുന്നു ഇതിലും ഭേദം. പക്ഷേ, ഈ വാചകം ഇവര്‍ കണ്ടില്ലായിരിക്കും? പിന്നെ, അക്ഷരവ്യത്യാസത്തിന്‍റെ കാര്യമാണുള്ളത്. എന്നാല്‍, ഒന്നോ രണ്ടോ അക്ഷരത്തിലോ ‘ഹർകത്തി’ലോ (അകാര ഇകാരങ്ങളിലോ) വ്യത്യാസമുണ്ടായതുകൊണ്ടൊന്നും പദങ്ങള്‍ക്കിടയില്‍ അര്‍ത്ഥവ്യത്യാസം ഉണ്ടാവാനില്ല എന്നാണ് ഇവര്‍ ധരിച്ചിട്ടുള്ളതെന്ന് വേണം കരുതുവാന്‍. ‘നംല്, നംലത്ത്, നംലിയ്യത്ത് എന്നീ പദങ്ങള്‍ സ്ഥാനം നോക്കാതെ ഇവര്‍ തിരിച്ചും മറിച്ചും ഉപയോഗിച്ചു കാണുന്നത് കൊണ്ടാണ് നാമിത് പറഞ്ഞത്. കാണുക:-



ഖാമൂസിലെ വാചകത്തിന് വികൃതമായ അര്‍ത്ഥം കൊടുത്തശേഷം ഇവര്‍ പറയുന്നു: ‘വിളിച്ചുപറഞ്ഞതായി ഇവിടെ പറയുന്ന ‘നംലത്തുകാരി’ യുടെ പേര്‍ ‘ഹര്‍സ്’ എന്നായിരുന്നുവെന്നും, അവള്‍ ‘ബനൂശീസ്വാന്‍’ ഗോത്രത്തിലെ ഒരംഗമായിരുന്നുവെന്നും ഇമാം ഹസന്‍ പറഞ്ഞതായി ഇബ്നുകഥീര്‍ തന്‍റെ തഫ്സീറില്‍ ഉദ്ധരിച്ചിട്ടുണ്ട്. അതില്‍ നിന്നു വിഷയം കൂടുതല്‍ വ്യക്തമാകുന്നു. ഇബ്നുകഥീറിന്‍റെ വാചകം ഇതാണ്: عن الحسن ان اسم هذه النملة حرس وانها من قبيلة يقال لهم بنو الشيصان ഈ പ്രസ്താവനയില്‍ ഇവര്‍ ഒന്നിലധികം കൃതിമങ്ങള്‍ നടത്തിയിട്ടുണ്ട്: ഇതുവരെ نملة ന് ‘നംല്ഗോത്രക്കാരിയായ സ്ത്രീ’എന്നും മറ്റും അര്‍ത്ഥം കല്‍പിച്ചിരുന്നവര്‍ ഈ വാചകത്തില്‍ അതേ പദത്തിന് ‘നംലത്തുകാരി’ എന്നാക്കി. ഇവരുടെ സങ്കല്‍പ്പത്തിലുള്ള ആ ഗോത്രത്തിന്‍റെ പേര്‍ ‘നംലോ’, ‘നംലത്തോ’? എനിയും അത് തീരുമാനിക്കപ്പെട്ട് കഴിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. നമ്മുടെ രാജ്യങ്ങളില്‍ ‘പറമ്പന്‍’ എന്ന് കുടംബപ്പേരും, ‘പറമ്പത്ത്’ എന്ന് പ്രദേശപ്പേരും ഉണ്ട്. ‘കരിമ്പ്’ എന്ന് ഒരു ചെടിക്കും കരിമ്പ എന്ന് ഒരു പ്രദേശത്തിനും പേരുണ്ട്. ഇവ തമ്മിലുള്ള അല്‍പമാത്ര വ്യത്യാസം അവഗണിച്ച് ‘പറമ്പനും പറമ്പത്തും’ ഒന്നാണെന്നും, ‘കരിമ്പും കരിമ്പയും’ ഒന്നാണെന്നും സമര്‍ത്ഥിക്കാമോ?!



ഹസന്‍ (رضي الله عنه) പറഞ്ഞതായി ഇബ്നു കഥീര്‍ (رحمه الله) ഉദ്ധരിച്ച വാചകത്തിന്‍റെ ആദ്യഭാഗം മാത്രം മുറിച്ചെടുത്തു പൊക്കിക്കാട്ടുകയാണ് ഇവര്‍ ചെയ്തത്. ബാക്കിഭാഗം ഇവര്‍ക്ക് എതിരായ തെളിവ് നല്‍കുന്നത് കൊണ്ട് മൂടിവെച്ചിരിക്കയാണ്. അതിലെ اسم هذه النملة എന്ന വാക്കിന് ‘ഈ നംലത്തുകാരിയുടെ പേര്‍’ എന്ന് അര്‍ത്ഥമാക്കിയത് തെറ്റാണ്. ‘ഈ ഉറുമ്പിന്‍റെ പേര്‍’ എന്നാണ് ആ മഹാന്‍മാര്‍ ഉദ്ദേശിക്കുന്ന ശരിയായ അര്‍ത്ഥം. ഹസനാകട്ടെ (رحمه الله) , ഇബ്നുകഥീറാകട്ടെ (رحمه الله) ‘നംലി’നും ‘നംലത്തി’നും ഇവരുടെ അര്‍ത്ഥം സ്വീകരിക്കുനവരല്ല. പ്രസ്തുത വാചകത്തില്‍ ഇവര്‍ പൂഴ്ത്തിവെച്ച ബാക്കിഭാഗം തന്നെ അതിനു തെളിവാണ്. വാചകത്തിന്‍റെ പൂര്‍ണരൂപം ഇതാണ്: عن الحسن ان اسم هذه النملة حرس وانها من قبيلة يقال لهم بنو الشيصان وانها كانت عرجاء وكانت بقدر الذئب (ഈ ഉറുമ്പിന്‍റെ പേര്‍ ‘ഹറസ്’ എന്നാണെന്നും, അത് ‘ബനൂ ശ്വീസ്വാൻ’ – ശ്വീസ്വാൻ സന്തതികള്‍ എന്ന് പറയപ്പെടുന്ന ഒരു ഖബീലഃയില്‍-ഇനത്തില്‍-പെട്ടതാണെന്നും (*) അതൊരു മുടന്തയായിരുന്നുവെന്നും, ചെന്നായയുടെ (**) വലിപ്പത്തിലുള്ളതായിരുന്നുവെന്നും ഹസനില്‍ നിന്നു നിവേദനം വന്നിട്ടുണ്ട്) ഇബ്നുകഥീര്‍ (رحمه الله) ഇങ്ങിനെ തുടരുന്നു:



أي خافت على النمل ان تحطهما الخيول بحو افرها فامرتهم بالدخول الى مساكنهم ففهم ذلك سليمان عليه السلام منها



(എന്നുവെച്ചാല്‍: കുതിരകള്‍ അവയുടെ കുളമ്പ്കൊണ്ട് ആ ഉറുമ്പുകളെ ചവിട്ടിച്ചതക്കുമെന്ന് ആ ഉറുമ്പ് ഭയപ്പെട്ടു. അതിനാല്‍ അതവരോട് തങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിക്കുവാന്‍ കല്‍പിച്ചു. ഇത് സുലൈമാന്‍ (عليه السلام) ആ ഉറുമ്പില്‍ നിന്ന് മനസ്സിലാക്കി). കുതിരകള്‍ കുളമ്പുകൊണ്ട് ചവിട്ടിച്ചതക്കുമെന്ന ഭയം ഉറുമ്പുകളെക്കുറിച്ചാണെന്നും, മനുഷ്യരെക്കുറിച്ചല്ലെന്നും വ്യക്തമാണ്. പിന്നീട് ഇബുനുകഥീര്‍ (رحمه الله) പറയുന്നു:-



ومن قال من المفسرين ان هذا الوادى كان بارض الشام او بغيره وان هذه النملة كانت ذات جناحين كالذياب او غير ذلك من الاقاويل فلا حاصل لها



(ഈ താഴ്‌വര ശാം നാട്ടിലോ മറ്റൊ ആയിരുന്നുവെന്നും, ഈ ഉറുമ്പ് ഈച്ചകളെപ്പോലെ രണ്ട് ചിറകുള്ളതായിരുന്നുവെന്നും മറ്റും ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പ്രസ്താവിച്ചിട്ടുള്ളതിലൊന്നും ഒരു സാരവുമില്ല). നാമും തന്നെ ഈ വിശദീകരണങ്ങള്‍ക്കൊന്നും ഒരു പ്രസക്തിയും നല്‍കുന്നില്ല. പക്ഷേ, ഈ പ്രസ്താവനകളെല്ലാം തന്നെ, ഉറുമ്പ്‍വര്‍ഗ്ഗങ്ങളെക്കുറിച്ചാണെന്നും, മനുഷ്യഗോത്രങ്ങളെക്കുറിച്ചല്ലെന്നും സ്പഷ്ടമാണല്ലോ. വിളിച്ചു പറഞ്ഞ വക്താവും, വിളിക്കപ്പെട്ട ശ്രോതാക്കളും ഉറുമ്പുകളാണെന്ന് മാത്രമേ ഈ മഹാന്‍മാര്‍ കരുതിയിട്ടുള്ളുവെന്നും സ്പഷ്ടമാണ്.






(*) ‘ഖബീലഃ’ (القبيلة) എന്നാല്‍ ‘ഗോത്രം, വര്‍ഗം, കൂട്ടം, ഇനം, വിഭാഗം’ എന്നിങ്ങനെ അര്‍ത്ഥം വരുന്ന പദമാണ്. ഉദാഹരണമായി: മനുഷ്യനെക്കുറിച്ച് പറയുമ്പോള്‍ അതിന് ‘ഗോത്രം’ എന്ന് അര്‍ത്ഥമാകുന്നു. പക്ഷികളുടെ ‘ഖബീല’കള്‍ (قبائل الطير) എന്ന് പറഞ്ഞാല്‍ അതിലെ ഇനങ്ങളും, വൃക്ഷത്തിന്‍റെ ‘ഖബീല’കള്‍ (قبائل الشجرة) എന്ന് പറഞ്ഞാല്‍ അതിന്‍റെ ഭാഗങ്ങളുമാണുദ്ദേശ്യം. (**) ചെന്നായയുടെ വലുപ്പത്തില്‍ എന്ന് പറഞ്ഞതിനെക്കുറിച്ച് താഴെ പ്രസ്താവിക്കുന്നുണ്ട്.






ചെന്നായയുടെ വലുപ്പത്തിലുള്ളതെന്നും, മുടന്തയായിരുന്നുവെന്നുമുള്ള വിവരണം മനുഷ്യനെക്കുറിച്ചുതന്നെ ആയിക്കൂടേ എന്നൊരു സംശയത്തിന് ഇവിടെ അവകാശമുണ്ട്. ഇബ്നു കഥീര്‍ (رحمه الله) പിന്നീട് തുടര്‍ന്നു ചെയ്ത ഒരു പ്രസ്താവന ഈ സംശയത്തിന് മറുപടി നല്‍കുന്നു. അദ്ദേഹം പറയുന്നു:



وعن نوف البكالى انه قال كان نمل سليمان امثال الذياب هكذا رأيته مضبوطا بالياء المثناة من تحت وانماهو بالباء الموحدة وذلك تصحيف والله اعلم



(സുലൈമാന്‍ നബിയുടെ ഉറുമ്പുകള്‍ ‘ദിയാബ്’ (ചെന്നായകള്‍) പോലെയായിരുന്നുവെന്ന് നൗഫുല്‍ബികാലിയില്‍ നിന്നു നിവേദനം ചെയ്യപ്പെടുന്നു. അടിയില്‍ രണ്ട് പുള്ളിയുള്ള ‘യാഉ്’ (الياء) എന്ന അക്ഷരത്തിലാണ് (الذياب എന്നാണ്) ഈ നിവേദനത്തില്‍ ഞാനത് കണ്ടത്. യഥാര്‍ത്ഥത്തില്‍ ഒരു പുള്ളിയുടെ ‘ബാഉ’ (الباء) എന്ന അക്ഷരത്തിലാണ് (الذباب എന്നാണ്) അതുള്ളത്. അക്ഷരപ്പിഴവ് പറ്റിപ്പോയതാണിത്) (***) മേപ്പടി സംശയം അസ്ഥാനത്താണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാമല്ലോ.






(***) ഈച്ച എന്നര്‍ത്ഥമുള്ള ‘ദുബാബ്’ (ذباب) എന്ന പദവും, ചെന്നായ എന്നര്‍ത്ഥമുള്ള ‘ദിയാബ്’ (ذياب) എന്ന പദവും അറബിയില്‍ ഹര്‍ക്കത്ത് കൂടാതെ എഴുതുമ്പോള്‍ അവ തമ്മില്‍, താഴെ ഒരു പുള്ളിയെന്നും, രണ്ടു പുള്ളിയെന്നുമുള്ള വ്യത്യാസം മാത്രമാണുള്ളത്. ഇതില്‍ നിവേദകന്‍മാര്‍ക്ക് അക്ഷരത്തെറ്റു പിണഞ്ഞു ‘ഈച്ച’യുടെ സ്ഥാനത്ത് ‘ചെന്നായ’ വന്നതാണെന്ന് സാരം.






മറ്റൊരു സംശയം: മേല്‍ക്കണ്ട പ്രസ്താവനയില്‍ അവ ‘ബനൂശീസ്വാന്‍’ എന്ന ഖബീലഃയില്‍പ്പെട്ടതാണെന്നും, വിളിച്ചു പറഞ്ഞ ഉറുമ്പിന് പേര്‍ ‘ഹറസ്’ എന്നായിരുന്നുവെന്നും പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഉറുമ്പുകളില്‍ എങ്ങിനെയാണ് പേരും ഖബീലഃയും ഉണ്ടാകുന്നത്? ഈ സംശയത്തെ ചൂഷണം ചെയ്തുകൊണ്ടാണ് ഈ പുത്തന്‍ വ്യാഖ്യാനക്കാര്‍ ഈ പ്രസ്താവനകളെ തങ്ങള്‍ക്കനുകൂലമാക്കാന്‍ ശ്രമിക്കുന്നത്. ചിലര്‍ ഉറുമ്പിന്‍റെ പേരും ഖബീലഃയും പറഞ്ഞത് ശരിയാണ്. ഇബ്നുകഥീര്‍ (رحمه الله) ചൂണ്ടിക്കാട്ടിയപോലെ, അതിലൊന്നും പ്രയോജനമില്ലെങ്കിലും ചിലരൊക്കെ അങ്ങിനെ ചില പ്രസ്താവനകള്‍ ചെയ്തിട്ടുണ്ട്. അത്രയുമല്ല, വിളിച്ചു പറഞ്ഞ ഉറുമ്പിന്‍റെ പേര്‍ ‘ജുര്‍മാ’ (جرمى) എന്നാണെന്നും ചിലര്‍ പറയുന്നു. ഖാമൂസില്‍ പറയുന്നത് وَطَاخِيَة نَمْلَة َكَلمَت سُلَيْمَان – ع (ത്വാഖിയഃ എന്നത് സലൈമാന്‍ നബിയോട് സംസാരിച്ച ഉറുമ്പാണ്) എന്നത്രെ. പക്ഷേ, ഇതുകൊണ്ടൊന്നും ഖുര്‍ആനില്‍ ഈ പറഞ്ഞ ‘നംലും നംലത്തും’ മനുഷ്യനാകുവാന്‍ പോകുന്നില്ല. മനുഷ്യേതര ജീവികളില്‍ – നിര്‍ജ്ജീവ വസ്തുക്കളില്‍പോലും – ഉള്‍പ്പെട്ട പലതിനും അറബി ഭാഷയില്‍ പേരുകളും വര്‍ഗ്ഗപേരുകളും കാണപ്പെടുക സാധാരണമാണ്.



ഉദാഹരണമായി: തേളിന് ‘ഉമ്മുഇർയത്വ്’ (ام عريط) എന്നും,

ചെന്നായക്ക് ‘അബൂജഅ്ദ: (ابو جعدة) എന്നും വർഗപ്പേരുണ്ട്.

‘വാശിക്വ്’ (واشق) എന്നൊരു നായക്കും

‘ലാഹിക്വ്’ (لاحق) എന്നൊരു കുതിരക്കും പേരുണ്ട്.

ഒരു പ്രത്യേകതരം കൂൺവർഗ്ഗത്തിന് بنات الأوبر (ഔബറിന്റ പെൺമക്കൾ) എന്നും

കുറുനരികൾക്ക് بنات آوى (‘ആവാ’ യുടെ പെൺമക്കൾ) എന്നും

കീരികൾക്ക് بنات عرس (ഇർസിന്റെ പെൺമക്കൾ) എന്നും പേരുകളുണ്ട്.

ഒരു കുറുനരിയാകുമ്പോൾ ابن آوى (‘ആവാ’ യുടെ മകൻ) എന്നും,

ഒരു കീരിയാകുമ്പോൾ ابن عرس (ഇർസിന്റെ മകൻ) എന്നുമാണ് പറയുക ഈ പേരുകളെല്ലാം കാണുമ്പോൾ മനുഷ്യനെ ഉദ്ദേശിച്ചാണെന്ന് സമർത്ഥിക്കുന്നത് അബദ്ധമാണല്ലോ.



അറബിയല്ലാത്ത ഭാഷകളിലും ഇങ്ങിനെയുള്ള വിവിധ പേരുകൾ കണ്ടേക്കും. മലയാളഭാഷയിൽ തന്നെ, ഉറുമ്പുകൾക്ക് എത്രയോ പേരുകൾ ഉപയോഗത്തിലുണ്ട്. ‘ചോണൻ, കുനിയൻ, കട്ടുറുമ്പ്, നെയ്യുറുമ്പ്, പാമ്പുറുമ്പ്, പാറ്റ ഉറുമ്പ്…’ അങ്ങിനെ പലതും. വാസ്തവത്തിൽ ‘ഹറസ്, ശീസ്വാൻ’: എന്നീ പേരുകൾ ഇത്തരത്തിൽ പെട്ടതാണ്. ഇത്രയും പറഞ്ഞതിൽ നിന്ന് സൂ: നംല് 18-ൽ കാണുന്ന ‘നംലും, നംലതും’ മനുഷ്യരല്ല -ഉറുമ്പുകളാണ് -എന്ന് വ്യക്തമായല്ലോ.






അൽഹുദ്ഹുദ് (الهد هد)






ഈ സൂറത്തിൽ ഇവർ അർത്ഥം മാറ്റിയ മറ്റൊരു പദമാണ് അൽഹുദ്ഹുദ് (الهد هد) . സുലൈമാൻ നബി (عليه السلام) സൈന്യത്തിലെ പക്ഷി വിഭാഗത്തെ പരിശോധിച്ചു. അതിൽ മരംക്കൊത്തിയെ കണ്ടില്ല. തക്കതായ കാരണമില്ലാതെ ഹാജരാവാതിരുന്നതാണെങ്കിൽ അതിനെ ശിക്ഷിക്കും എന്ന് അദ്ദേഹം പറഞ്ഞു. താമസിയാതെ സബഇൽ നിന്നുമുള്ള ഒരു ദൃഢമായ വാർത്തയും കൊണ്ട് മരക്കൊത്തി വന്നു. സബഇലെ റാണിയെക്കുറിച്ചും മറ്റും അത് ഒരു പ്രസ്താവന ചെയ്തു. പിന്നീട് അതിന്റെ പക്കൽ തന്നെ അദ്ദേഹം ഒരു എഴുത്ത് റാണിക്ക് കൊടുത്തയച്ചു എന്നൊക്കെയാണ് സൂ: നംല് 20-28 വചനങ്ങളിൽ അല്ലാഹു പറയുന്നത്. ഇതിൽ പക്ഷി സംസാരിച്ചുവെന്നും, ചില ഗൗരവമേറിയ കാര്യങ്ങൾ അത് മനസ്സിലാക്കിയെന്നും സുലൈമാൻ നബി (عليه السلام) യെ അതറിയിച്ചുവെന്നും പറയുന്നത് ഇവർക്ക് സ്വീകരിക്കുവാൻ നിവർത്തിയില്ലല്ലോ. അങ്ങനെ ഉറുമ്പിനെ സ്ത്രീയാക്കിയ ഇവർ മരക്കൊത്തിയെ പട്ടാള നേതാവാക്കുകയാണ് ചെയ്യുന്നത്.



മരക്കൊത്തിപ്പക്ഷി എന്നതിന് അല്ലാഹു (20-ാംവചനത്തിൽ) ഉപയോഗിച്ച പദം الهد هد (അൽഹുദ്ഹുദ്) എന്നത്രെ. അതാണിതിന്റെ ഭാഷാർത്ഥം. പക്ഷെ, സൈന്യത്തിലെ രഹസ്യവാർത്താന്വേഷണ വകുപ്പിലെ ഒരു പ്രധാന ഉദ്ധ്യോഗസ്ഥന്റെ പേരാണത് എന്നത്രെ ഇവർ സമർത്ഥിക്കുന്നത്. കേൾക്കുവാൻ കൗതുകം തോന്നുന്ന ഈ വാദത്തിന് ഇവർ പല ന്യായീകരണങ്ങളും കൊണ്ടുവന്നിട്ടുണ്ട്. അതിൽ പ്രധാനമായത് രണ്ടെണ്ണമാണ്. ആദ്യം അവയെക്കുറിച്ച് നമുക്ക് പരിശോധിക്കാം:



1-ാമത്തേത്: ‘ഹദദ്, ഹദാഹിദ്’ എന്നൊക്കെ മുൻകാലത്ത് മനുഷ്യർക്ക് പേരുണ്ടായിരുന്നു. ഈ പേരുകൾക്ക് രൂപഭേദം വന്നതായിരിക്കും ഹുദ്ഹുദ്. മാത്രമല്ല, സബഇലെ റാണിയുടെ പിതാവിന്റെ പേർ തന്നെ ഹുദ്ഹുദ് എന്നാണെന്നും ചിലർ പ്രസ്താവിച്ചിട്ടുണ്ട്. അപ്പോൾ അത് ഒരു മനുഷ്യന്റെ പേരാണെന്ന് മനസ്സിലാക്കാം. ഇതാണ് ന്യായത്തിന്റെ ചുരുക്കം. അക്കാലത്ത് ഹുദ്ഹുദ് എന്ന് പേരുള്ളവർ ഉണ്ടായിരുന്നതുകൊണ്ട് ആയത്തിൽ പ്രസ്താവിക്കപ്പെട്ട അൽ ഹുദ്ഹുദ് ഒരാളുടെ പേരായിരുന്നുവെന്ന് തീർച്ചപ്പെടുത്തുവാൻ നിവർത്തിയില്ല. അതിന് വേറെ തെളിവ് വേണം.



നാം മുമ്പ് ചൂണ്ടിക്കാട്ടിയതുപോലെ ഹുദ്ഹുദ് ഒരു മനുഷ്യന്റെ പേരാണ് (اسم العلم) എന്ന് വെക്കുന്ന പക്ഷം വ്യാകരണമുറയനുസരിച്ച് അൽ (ال) ചേർക്കാതെയാണ് ഉപയോഗിക്കേണ്ടത്. അഥവാ هد هد എന്ന് പറയേണ്ടിയിരുന്നു. അൽ ചേർത്ത് (الهد هد എന്ന്) പറഞ്ഞത് കൊണ്ട് ഒന്നുകിൽ അത് മരക്കൊത്തികളുടെ വർഗ്ഗപ്പേർ (اسم الجنس) എന്ന നിലക്കായിരിക്കണം. അല്ലെങ്കിൽ പ്രതേക മരക്കൊത്തിയെ ഉദ്ദേശിച്ചായിരിക്കണം എന്ന് തീർച്ചയാണ് (*) വർഗ്ഗപേർ എന്ന നിലക്കാണെങ്കിൽ مالي لاارى الهد هد എന്ന (20-ാം ആയത്തിലെ) വാചകത്തിന്റെ താല്പര്യം എന്തുകൊണ്ട് മരക്കൊത്തി വർഗ്ഗത്തെ കാണുന്നില്ല എന്നും ഒരു പ്രത്യേക മരക്കൊത്തിയെ ഉദ്ദേശിച്ചാണെങ്കിൽ എന്തുകൊണ്ട് ആ പ്രത്യേക മരക്കൊത്തിയെ കാണുന്നില്ല എന്നുമായിരിക്കും താല്പര്യം. ഇവർ വാദിക്കുന്ന പട്ടാള ഉദ്യോഗസ്ഥന്റെ പേർ അൽ ഹുദ്ഹുദ് എന്നാണെന്ന് ഇവർ തന്നെയും വാദിക്കുന്നുമില്ല. അതേ സമയത്ത് ഈ മരക്കൊത്തിക്ക് അൻബർ (عنبر) എന്നായിരുന്നു പേരെന്ന് ചിലർ പ്രസ്താവിച്ചു കാണുന്നുമുണ്ട്. (**) الله اعلم



അറബികളിൽ كلب (കൽബ്) എന്ന പേരിൽ ഒരു ഗോത്രമുണ്ടായിരുന്നു. അതവരുടെ പൂർവ്വ പിതാവിന്റെ പേരാണ്. നായ എന്നാണ് വാക്കിന്റെ അർത്ഥം. അപ്പോൾ എവിടെയെങ്കിലും غزا كلب (ഗസാ കൽബൂൻ) എന്ന് കണ്ടാൽ (***) അതിന് നായ യുദ്ധം ചെയ്തു എന്നർത്ഥം കൽപിച്ചാലത്തെ സ്ഥിതി എന്താണ്? എന്നിങ്ങിനെ ഇക്കൂട്ടർ പരിഹാസപൂർവം ചോദിക്കുന്നു. ഈ ചോദ്യത്തിലടങ്ങിയ വിഡ്ഢിത്തം ആരും ഗൗനിക്കുകയില്ലെന്ന് ഇവർ കരുതിയിരിക്കണം. غزى كلب (ഗസാ കൽബൂൻ) എന്ന് പറയുമ്പോൾ ‘കൽബ് ഗോത്രം യുദ്ധം ചെയ്തു’ എന്നർത്ഥമായിരിക്കാമെന്ന് നാമും സമ്മതിക്കുന്നു. പക്ഷേ, ‘അൽ ഹുദ്ഹുദ്’ പോലെ അൽ ചേർത്തുകൊണ്ട് غزى الكلب (ഗസൽ കൽബ്) എന്ന് പറയുമ്പോൾ ‘നായ യുദ്ധം ചെയ്തു’ എന്ന് തന്നെയാണ് ആ വാക്കിന്നർത്ഥം. നായ യുദ്ധം ചെയ്യുമോ, ഇല്ലേ എന്നത് വേറെ പ്രശ്നമാണ്. ആയത്തിലും ഇതുപോലെ അൽ കൂടാതെ ഹുദ്ഹുദൻ (هد هدا) എന്നാണ് പറഞ്ഞിരുന്നതെങ്കിൽ ഈ ചോദ്യത്തിന് തെല്ലൊരു കഴമ്പുണ്ടാകുമായിരുന്നു.






(*) لان ال إما أن يكون هنا للجنس أو للعهد لا غير كما يعرفه من له أدنى معرفة فى علم النحو

(**) كما حكاه ابن كثير تفسيره عن ابن أبى حاتم

(***) കൽബ് എന്നത് ഗോത്രപ്പേരായിരിക്കുമ്പോൾ അത് സ്ത്രീലിംഗമായി ഉപയോഗിക്കപ്പെടുന്നത് കൊണ്ട് ക്രിയയിലും സ്ത്രീലിംഗത്തിന്റെ അടയാളം കൊടുത്തുകൊണ്ട് غزى كلب എന്ന് പറയുകയായിരുന്നു നല്ലത്. ഇക്കാര്യം ഇവർ വിസ്മരിച്ചതായിരിക്കാം.






ഇതിനെല്ലാം പുറമെ, ആയത്തിൽ മരക്കൊത്തിയെയാണ് ഉദ്ദേശിച്ചിട്ടുള്ളതെന്നുള്ളതിന് ആയത്തിലെ വാക്കുകളും സന്ദർഭവും സാക്ഷ്യം വഹിക്കുന്നുണ്ട് താനും. സുലൈമാൻ (عليه السلام) പക്ഷികളെ പരിശോധിച്ചപ്പോഴാണല്ലോ അദ്ദേഹം ഞാൻ ഹുദ്ഹുദിനെ കാണുന്നില്ല (لاارى الهد هد) എന്ന് പറഞ്ഞത്. അപ്പോൾ പക്ഷികളിൽ പെട്ട ഒന്നായിരിക്കണ്ടേ ഹുദ്ഹുദ്?!.



ഒരാൾ പെട്ടിയിലെ സാധനം പരിശോധിക്കുമ്പോൾ ഇതിൽ പൊന്ന് കാണുന്നില്ല എന്നു പറയുന്നുവെങ്കിൽ പൊന്ന് എന്ന് പേരുള്ള അയൽപക്കത്തെ തട്ടാനെയാണ് അയാൾ ഉദ്ദേശിച്ചതെന്നു ആരെങ്കിലും പറയുമോ, ! അല്ലെങ്കിൽ, ഒരു അദ്ധ്യാപകൻ വിദ്യാർത്ഥിയുടെ പാഠക്കുറിപ്പ് നോക്കിക്കൊണ്ട് ഇതിൽ വള്ളിയും പുള്ളിയും കാണുന്നില്ല എന്നു പറഞ്ഞാൽ അർത്ഥം വള്ളി എന്നു പേരുള്ള ഈഴവസ്ത്രിയും, തടവുകാരനെ (*) യും കാണുന്നില്ല എന്നാണെന്ന് കരുതാമോ.?! ആദ്യത്തേതിൽ സ്വർണവും, രണ്ടാമത്തേതിൽ അക്ഷരങ്ങളിൽ കൊടുക്കേണ്ടതുളള ചില ചിഹ്നങ്ങളും തന്നെയാണുദ്ദേശ്യം എന്ന് വ്യക്തമാണ്. പക്ഷികളെ പരിശോധിക്കുമ്പോൾ ഹുദ്ഹുദിനെ കാണുന്നില്ലെന്ന് പറയുമ്പോഴൊത്തെ സ്ഥിതിയും ഇതുതന്നെ. ഇതെല്ലാം സാഹിത്യ ശാസ്ത്രത്തിൽ (علم البلاغة) പരിചയമുള്ളവർക്കറിയാവുന്നതാണ്.






(*) പുള്ളി എന്ന വാക്കിന് തടവുകാരൻ എന്നർത്ഥമുണ്ട്.






നബിമാർ മുഖേന അല്ലാഹു വെളിപ്പെടുത്താറുള്ള ചില അസാധാരണ സംഭവങ്ങളെക്കുറിച്ച് ക്വുർആനിലോ ഹദീസിലോ കണ്ടാൽ സാധാരണ സംഭവങ്ങളാക്കി തരംതാഴ്ത്തുവാൻ ഇക്കൂട്ടർ നടത്തുന്ന പരിശ്രമങ്ങൾ പരസ്പരം ഒരു ഗൂഢാലോചനപോലും നടത്തിക്കൊണ്ടാണ് ചെയ്യുന്നതെന്ന് ഇവരുടെ ചില പ്രസ്താവനകളിൽ നിന്ന് തന്നെ മനസ്സിലാകുന്നു. ഇവരിൽ ഇന്ന് നമ്മുടെ രാജ്യങ്ങളിൽ തലയെടുപ്പുള്ള ഒരാൾ അല്പം കൊല്ലങ്ങൾക്ക് മുമ്പ് തനിക്ക് ക്വുർആൻ വ്യാഖ്യാനവിഷയത്തിൽ പല ഉപദേശ നിർദ്ദേശങ്ങളും നൽകിയ ഒരു ‘മൗലാന’ യെ പറ്റി പ്രസ്താവിക്കുന്ന മദ്ധ്യേ ഇങ്ങിനെ പറയുന്നു: എനിക്ക് വിശദീകരിക്കുവാൻ പ്രയാസം തോന്നിയ ചില ഭാഗങ്ങൾ അദ്ദേഹത്തിന്റെ മുമ്പിൽ വെച്ചപ്പോൾ അദ്ദേഹത്തിനവിടെ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. കാരണം, അതെല്ലാം അദ്ദേഹം ദീർഘകാലത്തെ പരിശോധനകൾ കഴിച്ചു സ്വരൂപിച്ചുവെച്ച തീരുമാനങ്ങളായിരുന്നു…. എനിക്ക് തെറ്റുപറ്റിപ്പോയെങ്കിലോ എന്നോർത്ത് ഞാൻ ചോദിക്കാത്ത ചില വശങ്ങളും എടുത്തു എന്നെ അദ്ദേഹം ഓർമ്മപ്പെടുത്തി. ‘ഹുദ്ഹുദ്’, ‘നംലത്ത്’ ഇവയെല്ലാം അതിൽപെട്ടതാണ്.



ആലോചിച്ചു നോക്കുക: അടുത്തകാലംവരെ നടപ്പിലില്ലാത്ത ഇമ്മാതിരി വ്യാഖ്യാനങ്ങൾ, ഇപ്പോൾ ചില ആളുകൾ തങ്ങളുടെ താല്പര്യങ്ങൾക്കൊത്തവണ്ണം തലകാഞ്ഞാലോചിച്ചു സ്വരൂപിച്ചുണ്ടാക്കിയതാണെന്നും, അവരത് പ്രചരിപ്പിക്കുവാൻ കൂട്ടുശ്രമം നടത്തിവരുന്നുവെന്നുമല്ലേ ഈ പ്രസ്താവനയിൽ കാണുന്നത്?! അതെ, ആധുനിക ഭ്രമം പിടിപ്പെട്ടവരും, ഖാദിയാനി എന്ന അഹ്മദിയ്യ മതക്കാരും മറ്റും ഉടലെടുത്തു തുടങ്ങിയതുമുതൽ പുറത്തിറങ്ങുന്നതാണ് ഈ വക അർത്ഥ വ്യാഖ്യാനങ്ങൾ. താഴെ കാണുന്നതുപോലുള്ള ചില ക്വുർആൻ വചനങ്ങൾ ഓർമവരികയാണ്:



ഹൃദയത്തിൽ വക്രതയുള്ളവർ, കുഴപ്പമുണ്ടാക്കുവാനും, വ്യഖ്യാനമുണ്ടാക്കുവാനും ഉദ്ദേശിച്ചുകൊണ്ട് ക്വുർആനിലെ മുതശാബിഹ് (*) കളുടെ (പരസ്പര സാദൃശ്യമുള്ളവയുടെ) പിന്നാലെ കൂടുന്നതാണ്. (ആലു-ഇംറാൻ:7) .

എല്ലാ നബിമാർക്കും മനുഷ്യരിലും ജിന്നുകളിലുംപെട്ട പിശാചുക്കളെ നാം ശത്രുക്കളാക്കി വെച്ചിട്ടുണ്ട്. അവരില്‍ ചിലര്‍ ചിലരോട് കൃത്രിമമായി അലങ്കാരവാക്കുകൾ സ്വകാര്യഭാഷണം നടത്തുന്നതാണ് (അൻആം -112)

നിങ്ങളോട് തര്‍ക്കം നടത്തുവാനായ് പിശാചുക്കൾ തങ്ങളുടെ ബന്ധുക്കളോട് സ്വകാര്യ ഭാഷണം നടത്തുന്നതാണ്. നിങ്ങൾ അവരെ അനുസരിക്കുന്ന പക്ഷം നിങ്ങൾ മുശ്രിക്കുകളായിരിക്കും (അന്‍ആം.121) . അല്ലാഹു നമ്മെ കാക്കട്ടെ ആമീൻ.






*മുതശാബീഹിനെ കുറിച്ച് മുഖവുരയിൽ വിവരിച്ചിട്ടുണ്ട്‌.






എനി രണ്ടാമത്തെ ന്യായം ഇതാണ്. അല്ലാഹു ഓരോതരം സൃഷ്ടികളെ ഓരോതരം സ്വഭാവങ്ങളോട്കൂടി സൃഷ്ടിച്ചിട്ടുണ്ടെന്നും അല്ലാഹു മാറ്റംവരുത്തുകയില്ലെന്നും അല്ലാഹു തന്നെ ക്വുർആനിൽ (30:30 ല്‍) പ്രഖ്യാപിച്ചിട്ടുണ്ട്. لا تبديل لخلق الله എന്ന വാക്കിന്റെ അർത്ഥം അതാണ്. ഇതാണതിന്റെ ചുരുക്കം. അല്ലാഹു ഓരോ വസ്തുവിനും നൽകിയിട്ടുള്ള സ്വഭാവത്തിലൊന്നും അവൻ ഒരിക്കലും മാറ്റം വരുത്തുകയില്ലന്നല്ല വാസ്തവത്തിൽ ഈ വാക്യത്തിന്റെ താൽപര്യം.’അല്ലാഹു മാറ്റം വരുത്തുകയില്ല ‘ എന്ന് ഈ ആയത്തിൽ പറഞ്ഞിട്ടുമില്ല ‘അല്ലാഹുവിന്റെ സൃഷ്ടിപ്പിന് യാതൊരു മാറ്റവുമില്ല ‘. എന്നാണ് ഈ വാക്യത്തിന്റെ ശരിയായ അർത്ഥം. ഈ അർത്ഥം നാം മാത്രം പറഞ്ഞതല്ല. ഇവർ തന്നെയും തങ്ങളുടെ കൃതികൾ തൽസ്ഥാനത്ത് (സു:റൂമിൽ) വെച്ച് ഇതേ അർത്ഥമാണ് അതിന് കൊടുത്തിട്ടുള്ളതും. അല്ലാഹുവിന്റെ സൃഷ്ടിപ്പിന് – അഥവാ ഓരോന്നിനും അവൻ നൽകിയ രൂപം സ്വഭാവം മുതലായ പ്രക്യതി വിശേഷങ്ങൾക്ക് മാറ്റം വരുത്തുവാൻ ആർക്കും സാധ്യമല്ല; അവയൊന്നും മാറ്റിതിരുത്തങ്ങൾ സ്വീകരിക്കുന്നതുമല്ല എന്നൊക്കെയാണിതിന്റെ സാരം.

ഓരോ വസ്തുക്കളിലും സാധാരണ നാം കണ്ടുവരാറുള്ള സ്വഭാവ പ്രകൃതികളില്‍ അല്ലാഹു ഒരിക്കലും മാറ്റം വരുത്തുകയില്ലന്ന് സ്ഥാപിച്ചു കിട്ടിയാൽ അതുവഴി ഇവർക്കു പല നേട്ടങ്ങളും ലഭിക്കാനുണ്ട്. തീയീന് ഒരിക്കലും തണുപ്പുണ്ടാവുകയില്ല എന്ന് പറഞ്ഞു ഇബ്രാഹിം നബി (عليه السلام) അഗ്നിയിൽ നിന്നും രക്ഷപെട്ട സംഭവത്തെ നിഷേധിക്കാം. മരക്കൊത്തിയും ഉറുമ്പും സംസാരിക്കയില്ലെന് പറഞ്ഞു ആ സംഭവങ്ങളെയും തള്ളിക്കളയാം. വടികൊണ്ടടിച്ചാൽ സമുദ്രം പിളരുകയില്ലെന്ന് വെച്ച് മൂസ നബി (عليه السلام) യും ഇസ്രാഈല്യരും അസാധാരണ രൂപത്തിൽ ചെങ്കടൽ കടന്ന സംഭവത്തെയും ഖണ്ഡിക്കാം. അങ്ങനെ പലതും لا تبديل لخلق الله എന്നതിന്റെ താൽപര്യം ഇവർ കാണിച്ച മാതിരിയാണെങ്കിൽ, ഈസാ (عليه السلام) പിതാവില്ലാതെ ജനിച്ചതെങ്ങനെയാണ്, മരണപ്പെട്ടവരെ ജനിപ്പിക്കുക, കളിമണ്ണ് കൊണ്ട് കുരുവികളെ ഉണ്ടാക്കി വിടുക മുതലായ (സു :ആലുഇംറാൻ 49-ൽ പ്രസ്താവിച്ച) അമാനുഷിക കൃത്യങ്ങൾ അദ്ദേഹത്തിന്റെ കൈക്ക് എങ്ങനെ നടക്കും? മൂസാ നബി (عليه السلام) യുടെ വടി ഒരു പെരുമ്പാമ്പായി മാറുകയും, ജാലവിദ്യക്കാരുടെ വടികളും കയറുകളും വിഴുങ്ങുകയും ചെയ്തതെങ്ങനെ? ആലോചിച്ചു നോക്കൂ.



ഓരോ വസ്തുവിനും ചില പ്രത്യേക സ്വഭാവ പ്രകൃതികൾ അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്.അതിൽ മറ്റാർക്കും യാതൊരു മാറ്റവും വരുത്തുക സാധ്യമല്ല. പക്ഷെ അല്ലാഹു ഉദ്ദേശിക്കുമ്പോൾ അവൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾ അതിൽ വരുത്തിക്കൂടാ എന്നില്ലാതാനും. നമ്മുടെ നിത്യപരിചയത്തെ അടിസ്ഥാനമാക്കി ചില വസ്തുക്കളുടെ പ്രകൃതിയായി നാം ചില കാര്യങ്ങളെ ഗണിച്ചുവരുന്നു. അതിനെതിരിൽ വല്ലതും സംഭവിച്ചു കാണുമ്പോൾ നാമതിന് പ്രകൃതി വിരുദ്ധമെന്നോ അസാധാരണമെന്നോ വിധി കല്പിക്കുന്നു അത്രമാത്രം ഒരു പക്ഷെ നാം കണ്ടുവരുന്ന പ്രകൃതി നിയമങ്ങൾക്കെല്ലാം നിദാനമായ മറ്റൊരു പ്രകൃതിനിയമം അല്ലെങ്കിൽ കാരണങ്ങൾക്കെല്ലാം കാരണമാകുന്ന മറ്റൊരു വ്യവസ്ഥ, അതുമല്ലെങ്കിൽ ഭൗതിക പ്രകൃതിക്കതീയമായ ഒരു അഖിലാണ്ഡ വ്യവസ്ഥ അല്ലാഹുവിൽ ഉണ്ടായിരിക്കും. الله اعلم.



എനി, لا تبديل لخلق الله എന്ന വാക്യത്തിന്റെ താൽപര്യം ഇവർ പറഞ്ഞ പോലെയാണെന് വെച്ചാൽപോലും നമ്മുടെ ഉറുമ്പിന്റെയും, മരക്കൊത്തിയുടെയും സംഭവങ്ങൾ അതിന് വിരുദ്ധമാവുന്നില്ല. അവ മനുഷ്യഭാഷയിൽ സംസാരിച്ചുവെന്നും മനുഷ്യൻ ആഗ്രഹിക്കുന്ന അതേ രൂപത്തിൽ തന്നെ ഗ്രഹിച്ചുവെന്നും വന്നാൽ മാത്രമേ പ്രത്യക്ഷത്തിലെങ്കിലും അത് ആ വാക്യത്തിൻ എതിരാവുകയുള്ളു. 16-ാം വചനത്തിൽ علمنا منطق الطير (പക്ഷികളുടെ സംസാരം നമുക്ക് പഠിപ്പിക്കപ്പെട്ടിരിക്കുന്നു) എന്ന് സുലൈമാൻ നബി (عليه السلام) പറഞ്ഞുവല്ലോ ‘ഇതിന്റെ വ്യാഖ്യാനത്തിൽ ഇമാം ബൈദ്വാവിയുടെ വിവരണം ശരിവെച്ചുകൊണ്ട് ഇവർ തന്നെ പ്രസ്താവിക്കുന്നത് നോക്കുക: ഇതിന്റെ വ്യാഖ്യാനത്തിൽ പലരും പലതും എഴുതിയിട്ടുണ്ട്.എല്ലാ ജീവികൾക്കും അവയുടെ വിചാരങ്ങളും വികാരങ്ങളും പ്രകടിപിക്കുവാൻ ചില ശബ്ദങ്ങളുണ്ടെന്നും ആ ശബ്ദങ്ങളുടെ അർത്ഥം മനസ്സിലാക്കുവാനുള്ള കഴിവ് ദൈവികമായി സുലൈമാൻ നബി (عليه السلام) ക്ക് ലഭിച്ചിരിക്കാമെന്നുമാണ് ഇമാം ബൈദ്വാവി അദ്ദേഹത്തിന്റെ തഫ്സീറിൽ പറയുന്നത്. ആ വ്യാഖ്യാനമാണ് കൂടുതൽ സ്വീകാരമായി തോന്നുന്നത്. സുലൈമാൻ നബി (عليه السلام) യുടെ സേനാ വിഭാഗങ്ങളിൽ ഒരു വിഭാഗം പക്ഷികളായിരുന്നുവെന്ന് 17-ാം വാക്യത്തിൽ പറയുന്നുണ്ടല്ലോ.സൈന്യത്തിൽ പക്ഷികളുടെ ഉപയോഗം ഏതെന്നു എല്ലാവർക്കും അറിയാം.വാർത്തകൾ അങ്ങോട്ടും ഇങ്ങോട്ടും എത്തിക്കുക, വല്ല വിശേഷങ്ങളും കണ്ടാൽ അവയുടെ ഭാഷയിൽ അവരുടെ നാഥന്മാരെ അറിയിക്കുക ഇവയെല്ലാമാണ് അവയുടെ ജോലി. അപ്പോൾ ആ നിലക്ക് ഇവയെ ഉപയോഗപ്പെടുത്തുമ്പോൾ അവയുടെ റിപ്പോർട്ടുകളും, അവ നൽകുന്ന സൂചനകളും അവയുടെ നാഥന്മാർ ശരിക്ക് പേടിച്ചിരിക്കണം, അത് ഞങ്ങൾ പരിചയിച്ചു വെച്ചിട്ടുണ്ടന്നാണ് സുലൈമാൻ നബി (عليه السلام) പറയുന്നത്.



അല്പമൊന്ന് ആലോചിച്ചു നോക്കുക! നാം ഇപ്പോൾ വായിച്ച ഈ പ്രസ്താവന – അതിൽ അല്പം ചില നീക്കുപോക്കുകൾ ഉണ്ടെങ്കിലും -പുറപ്പെടുവിച്ച അതേ ആളുകൾ പിന്നീട് രണ്ട് ആയത്തുകൾ കഴിഞ്ഞപ്പോഴേക്കും ഇതെല്ലാം മറന്നുകൊണ്ട് അതൊക്കെ അല്ലാഹു നൽകിയ പ്രകൃതിക്ക് വിരുദ്ധമാണെന്നും لاتبديل الخلق الله എന്ന ക്വുർആന്‍ വാക്യത്തിന്‌ എതിരാണെന്നും സമർത്ഥിക്കുന്നതും മറ്റും കാണുമ്പോൾ ആർക്കാണ് ആശ്ചര്യം തോന്നാത്തത്?! ഈ പ്രസ്താവന മനഃ പൂർവം ചെയ്ത ഒരാൾ പിന്നെയും ഉറുമ്പിനെയും, മരക്കൊത്തിയെയും മനുഷ്യനാക്കാൻ ശ്രമിക്കുന്നതെന്തിനാണ്?! പുത്തൻ ആദർശങ്ങൾ പ്രചരിപ്പിക്കുന്നതിലും വേണ്ടേ ഒരു സ്ഥിരതയും മനഃസാക്ഷിയും?!






ചില മുട്ടുചോദ്യങ്ങൾ






ഈക്കൂട്ടർ മുട്ടുചോദ്യങ്ങൾ ചോദിക്കുന്നു: സുലൈമാൻ നബി (عليه السلام) ഫലസ്തീനിൽ നിന്നും യമനിലേക്കാണ് പോകുന്നത്. ഏതാണ്ട് 1500 നാഴിക അകലെയാണത്. ഇതിനിടക്ക് ഒരു ഉറുമ്പിന്റെ സംസാരം മാത്രമേ അദ്ദേഹം കേട്ടിട്ടുള്ളു, സുലൈമാൻ നബിയെ ഉറുമ്പ് എങ്ങിനെ അറിഞ്ഞു, മുമ്പ്‌ കണ്ടിട്ടുണ്ടോ? വമ്പിച്ച ആ പട്ടാളത്തിന്റെ വലിപ്പം അതെങ്ങിനെ നോക്കിക്കണ്ടു, എന്നൊക്കെയാണ് ഉറുമ്പിനെക്കുറിച്ചുള്ള ചോദ്യങ്ങൾ. ഇവക്ക് മറുപടി പറയുവാൻ ഒരിക്കലും സാധ്യമല്ല എന്ന് ഇവർ സ്വയം വിധി കല്പിക്കുകയും ചെയുന്നു. മരക്കൊത്തിയെ സംബന്ധിക്കുന്ന ചോദ്യാവലിയുടെ ചുരുക്കം ഇതാണ്: ഒരു മനുഷ്യന്റെ ബുദ്ധിയല്ലേ മരക്കൊത്തിയിൽ കാണുന്നത്? അല്ലാഹുവിന്റെ ഏകത്വത്തെയും, ബിൽക്വീസിന്റെ സിംഹാസനത്തെയുംകുറിച്ചു അതെങ്ങിനെ അറിഞ്ഞു? സൂര്യനെ ആരാധിച്ചുകൂടാ എന്നും, പിശാചാണ് സബഉകാരെ വഴിപിഴപ്പിച്ചതെന്നും എങ്ങിനെ മനസ്സിലാക്കി?….. ഇതൊക്കെ മനസ്സിലാക്കുവാൻ അതിന്നെവിടെയാണ് ബുദ്ധിയും ചിന്താശീലവും? ദിവസം 100 നാഴികയിലേറെ പറക്കാൻ മരക്കൊത്തിക്ക് കഴിവില്ല. അപ്പോൾ 1500 നാഴിക ദൂരത്തേക്കൊരു കത്ത് കൊണ്ടുപോയി മടങ്ങാൻ അതിന് ഒരു മാസം വേണ്ടേ? അപ്പോഴേക്കും ഒരു പ്രബലരാഷ്‍ട്രത്തോട് യുദ്ധത്തിന് പുറപ്പെട്ട ആ പട്ടാളത്തിന്റെ നില അപകടത്തിലാവുകയില്ലേ….,



കൂടാതെ–മറ്റു പല സംഭവങ്ങളിലെന്ന പോലെ– ഈ കഥയിലും ജനമദ്ധ്യേ പ്രചാരത്തിലുള്ള ഊഹാപോഹങ്ങളെ പൊക്കിപ്പിടിച്ചുകൊണ്ടുള്ള പരിഹാസ ചോദ്യങ്ങൾ വേറെയും കാണാം. അതിലേക്ക് നാമിപ്പോൾ തിരിയുന്നില്ല. കണ്ടതും കേട്ടതുമെല്ലാം അപ്പടി രേഖപ്പെടുത്താറുള്ള ചില ഗ്രന്ഥകാരന്മാരുടെ കൃതിയിൽ സ്ഥലം പിടിച്ചിരിക്കുന്ന അത്തരം കഥാവിസ്‍തീർണങ്ങളെയും, പാമരന്മാരുടെ ഇടയിൽ പ്രചാരത്തിലുണ്ടാകുന്ന ഇതിഹാസങ്ങളെയും ആദ്യം കൂട്ടിയിണക്കി ഒരു കഥാരൂപം ഉണ്ടാക്കുക, പിന്നീട് അതാണ് പൊതുവിൽ മുസ്‍ലിംങ്ങൾ വിശ്വസിച്ചു വരുന്നതെന്ന് വരുത്തിത്തീർക്കുക, തുടർന്നുകൊണ്ട് സംഭവം അപ്പാടെ ഖണ്ഡിക്കുക, പകരം ഒരു പുതിയ രൂപം അവതരിപ്പിക്കുക, ഇതെല്ലാം ഇവരുടെ പതിവാണെന്ന് നാം മുമ്പേ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.



ഇവർ 1500 നാഴിക കണക്കാക്കിയത് ഫലസ്‍തീനിൽ നിന്ന് യമനിലേക്കായിരിക്കുമല്ലോ? (*) അന്ന് ഫലസ്‍തീൻ രാഷ്‍ട്രത്തിന്റെ തെക്കേ അതിരും, യമൻ രാഷ്‍ട്രത്തിന്റെ വടക്കേ അതിരും എവിടെയായിരുന്നു? സുലൈമാൻ നബി (عليه السلام) യും പട്ടാളവും ഉന്നം വെച്ചുപോകുന്നത് എങ്ങോട്ടായിരുന്നു? ഉറുമ്പിനെ കണ്ടതും, മരക്കൊത്തിയുടെ സംഭവം നടന്നതും എവിടെ എത്തിയപ്പോഴാണ്? ഇതൊന്നും ഉറപ്പിച്ചു പറയുവാൻ യാതൊരു തെളിവും ഇല്ല. അത്‍പോലെത്തന്നെ, മരക്കൊത്തി അറിയിച്ച വാർത്തകൾ – ഇവരുടെ ഭാഷയിൽ പറഞ്ഞാൽ പട്ടാള ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് – കിട്ടുന്നതിന് മുബ് സബഇലെ രാജ്ഞിയെക്കുറിച്ച്‌ സുലൈമാൻ നബി (عليه السلام) ക്ക് കാര്യമായ വല്ല വിവരങ്ങളും ലഭിച്ചിരുന്നുവെന്ന്‌ കാണിക്കുന്ന തെളിവും ഖുർആനിൽ ഇല്ല. വേണമെങ്കിൽ ഖുർആനിൽ തെളിവ് കാണുന്നത് മറിച്ചാണ് താനും. (ഇതിനെപ്പറ്റി വഴിയെ പ്രസ്‍താവിക്കാം) . എന്നിരിക്കെ, സബഇലെ രാജ്ഞി യുദ്ധത്തിന്ന് പുറപ്പെടുന്നുണ്ടെന്ന് എങ്ങിനെയോ കേട്ടത് നിമിത്തം അവരോടങ്ങോട്ട് ചെന്നു യുദ്ധം ചെയ്‌വാനാണ് സുലൈമാൻ നബി (عليه السلام) യും സൈന്യവും യമനിലേക്ക് പുറപ്പെട്ടിരുന്നത് എന്ന് ഇവർ സ്വയം സങ്കൽപ്പിച്ചു രൂപപ്പെടുത്തിയത് മാത്രമാണ്‌.



ഏതായാലും, അദ്ദേഹം പോകുന്ന വഴിക്ക് ഒന്നല്ല, വളരെ ഉറുമ്പിൻ കൂട്ടങ്ങൾ തന്നെ കണ്ടിരിക്കാം. പക്ഷേ, ഒരു കൂട്ടത്തെയും, ഒരു ഉറുമ്പിന്റെ സംസാരത്തെയും സംബന്ധിച്ച് മാത്രമേ അല്ലാഹു നമുക്ക് പറഞ്ഞുതന്നിട്ടുള്ളൂ. അസാധാരണമായ ഒരു പ്രത്യേക സംഭവമായതുകൊണ്ടാണ്‌ അല്ലാഹു അത് മാത്രം പ്രസ്‍താവിച്ചതെന്നത്രെ നാം കരുതുന്നത്. ഈ സൂറത്തിലെ 15 മുതൽ 19 കൂടിയ വചനങ്ങൾ തുറന്ന ഹൃദയത്തോടെ – മുൻകൂട്ടിയുള്ള യാതൊരു തീരുമാനവും ആഗ്രഹവും മനസ്സില്‍വെക്കാതെ – വായിച്ചു നോക്കുന്ന ഏതൊരു സത്യവിശ്വാസിക്കും അതാണ് മനസ്സിലാവുക. അപ്പോള്‍ കോടിക്കണക്കിലുള്ള ഉറുമ്പുകളെപ്പറ്റി ഖുര്‍ആന്‍ മൗനമവലംബിച്ചതില്‍ പരിഭവിക്കുവാനൊന്നും വക കാണുന്നില്ല. ഒരാള്‍ തന്‍റെ ഒരു നീണ്ട യാത്രാവിവരണത്തില്‍ വഴിക്ക് വെച്ച് ഒരാളുമായുണ്ടായ വല്ല സംഭാഷണമോ സംഭവമോ പറഞ്ഞുകണ്ടാല്‍, അയാള്‍ ആ യാത്രയില്‍ മറ്റാരെയും കണ്ടില്ലെന്ന് എങ്ങിനെ ഊഹിക്കാം?!

സുലൈമാന്‍ നബി (عليه السلام) യുടെ സൈന്യത്തില്‍ പക്ഷിവിഭാഗവും ഉണ്ടായിരുന്നുവെന്നും, വാര്‍ത്തകള്‍ അങ്ങുമിങ്ങും എത്തിക്കലും, വിശേഷവര്‍ത്തമാനം അവയുടെ നായകന്‍മാര്‍ക്ക് എത്തിച്ചുകൊടുക്കലുമാണവയുടെ ജോലിയെന്നും ഇക്കൂട്ടര്‍ തന്നെ പ്രസ്താവിച്ചുവല്ലോ. അപ്പോള്‍ മരക്കൊത്തി ബില്‍ഖീസിന് കത്ത് കൊണ്ടുപോയതില്‍ ഇവര്‍ അത്ഭുതപ്പെടുവാന്‍ ന്യായം കാണുന്നില്ല. പിന്നെ വഴിദൂരത്തിന്റെ കാര്യമാണുള്ളത്. 1500 നാഴിക പോയി മടങ്ങാന്‍ മരക്കൊത്തിക്ക് ചുരുങ്ങിയത് ഒരു മാസം പിടിക്കുമെന്നും, അപ്പോഴേക്കും പട്ടാളത്തിന്റെ കാര്യം കുഴപ്പത്തിലാകുമെന്നാണ് ഇവര്‍ തട്ടിവിടുന്നത്. ഇത് ഒട്ടും പ്രസക്തമല്ലാത്ത ഒരു ജല്‍പനമാണ്. കാരണം ഹുദ്ഹുദ് എന്ന് പേരുള്ള ഒരു ഉദ്ധ്യോഗസ്ഥനാണ് കത്തു കൊണ്ടുപോയതെങ്കില്‍ അവന്നു വേണ്ടേ ആ 1500 നാഴികക്ക് ഒരുമാസക്കാലം? അല്ല അതിലധികം തന്നെ കാലം വേണ്ടതില്ലേ എന്നാണ് നമുക്ക് ചോദിക്കാനുള്ളത്. ഒരു മരക്കൊത്തിപ്പക്ഷി വായുവില്‍ കൂടി യാതൊരു വളവും തിരിവുമില്ലാതെ, ഒരേ നേര്‍രേഖ പിടിച്ചു അതിവേഗത്തില്‍ പറന്നു പോകുന്നതിനെക്കാള്‍ എളുപ്പത്തില്‍ ഇവരുടെ ഉദ്ധ്യോഗസ്ഥന് യമനില്‍ പോയിവരുവാന്‍ കഴിയുമെന്നോ?! കഴിയുമെന്ന്‍ പറയുവാന്‍ ഇവര്‍ക്ക് മാത്രമേ ധൈര്യം വരികയുള്ളു. കാടും മലയും ചുറ്റി, തരിശും മരുഭൂമിയും തരണം ചെയ്തു വളഞ്ഞുപുളഞ്ഞ മാര്‍ഗങ്ങളില്‍കൂടിവേണം അന്നവിടങ്ങളില്‍ യാത്ര ചെയ്‌വാന്‍. ഇന്നത്തെപ്പോലെയുള്ള പരിഷ്കൃത വാഹനങ്ങളും നിരത്തുകളും അന്നില്ല (ക്രിസ്ത്വാബ്ദത്തിന് ഏറെക്കുറെ 1000 കൊല്ലം മുമ്പാണ് ഈ സംഭവം നടക്കുന്നത്) . ഒട്ടകമോ, കുതിരയോ ആണ് അന്ന്‍ വാഹനങ്ങള്‍. അതേ സമയത്ത് കരമാര്‍ഗത്തിലൂടെയുള്ള ദൂരത്തെക്കാള്‍ എത്രയോ കുറവായിരിക്കും ആകാശമാര്‍ഗത്തിലൂടെയുള്ള ദൂരമെന്നും വ്യക്തമാണ് (1500 നാഴികയുടെ മതിപ്പ് അപ്പടി സ്വീകാര്യമല്ലെന്ന് നാം ഇതിന് മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്) . ചില പക്ഷികളെ വാര്‍ത്തകള്‍ എത്തിക്കുന്നതിന് ഉപയോഗിക്കുന്ന പതിവ് അന്നും ഇന്നും ഉള്ളതാണ്. സുലൈമാന്‍ നബി (عليه السلام) ക്കാകട്ടെ, അല്ലാഹു പക്ഷികളെ പ്രത്യേകം കീഴ്പ്പെടുത്തിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. ചുരുക്കത്തില്‍, ആ കത്ത് കൊടുത്തയക്കുവാന്‍ പല നിലക്കും മരക്കൊത്തിയാണ് കൂടുതല്‍ അനുയോജ്യമായത്.



ഓരോ ജീവിക്കും ഓരോ തരത്തിലുള്ള ബോധങ്ങളും ഇംഗിതങ്ങളുമുണ്ട്, അതതിന്റെ വികാരവിചാരങ്ങള്‍ പ്രകടിപ്പിക്കുവാനും, അതതിനാവശ്യമായ കാര്യങ്ങള്‍ ഗ്രഹിക്കുവാനും അവയ്ക്ക് അല്ലാഹു പ്രകൃത്യാ ചില കഴിവുകള്‍ നല്‍കിയിട്ടുണ്ട് എന്നീ വസ്തുതകള്‍ പരക്കെ അറിയപ്പെട്ടതാണ്. ഇന്നത്തെ ജന്തുശാസ്ത്രവിദഗ്ധന്മാര്‍ക്ക് ഈ തുറയില്‍ കൂടുതല്‍ പുരോഗതി ലഭിച്ചിട്ടുണ്ടെന്ന് വേണം പറയുവാന്‍. അവരത് വര്‍ദ്ധിപ്പിക്കുവാനായി ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തിവരികയാണ്. ചില ചെടികള്‍ക്കുപോലും ചില വികാരങ്ങള്‍ ഉണ്ടെന്ന്‍ കൂടി ശാസ്ത്രജ്ഞന്‍മാര്‍ സിദ്ധാന്തിക്കുന്നത് കാണാം. ഉറുമ്പിനെപ്പോലെയുള്ള ചില ജീവികളുടെ ഗ്രഹണസാമര്‍ത്ഥ്യത്തെയും, വ്യവസ്ഥാബോധത്തെയും കുറിച്ച് പല ശാസ്ത്രവിദഗ്ദന്മാരും അത്ഭുതാവഹമായ വിവരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു (ചുരുക്കം ചിലത് സൂറത്തിന്റെ വിവരണത്തില്‍ നാം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്) . എന്നാല്‍, ഖുര്‍ആനില്‍ പ്രസ്താവിക്കുന്ന സംഭവങ്ങളുടെ സത്യതയും, സംഭവ്യതയും സ്ഥാപിക്കുവാന്‍ ആരുടെ അഭിപ്രായവും ആരായേണ്ടതില്ല. അതിന്‍റെ തന്നെ പ്രസ്താവനകളും അതിന്‍റെ ഏറ്റവും അംഗീകൃതവ്യാഖ്യാനമായ നബി വചനങ്ങളും മാത്രം മതി. ഇത് രണ്ടും പരിശോധിച്ചാല്‍ സാധ്യതയുടെ വൃത്തം കൂടുതല്‍ വിശാലമായിട്ടാണിരിക്കുന്നത്. അതുകൊണ്ട് ഈ വിഷയകമായി വന്നിട്ടുള്ള ചില ഖുര്‍ആന്‍ വചനങ്ങളും, ചില നബി വചനങ്ങളും ഇവിടെ ഉദ്ധരിക്കുന്നത് നന്നായിരിക്കും. ഉറുമ്പിന്റെയും മരക്കൊത്തിയുടെയും കഥയിലേക്ക് മാത്രമല്ല, മറ്റു പലതിലേക്കും വെളിച്ചം നല്‍കുവാനും, നിഷ്പക്ഷഹൃദയരായ സത്യവിശ്വാസികള്‍ക്ക് മനോവികാസം വരുത്തുവാനും അവ ഉപകരിക്കുന്നതാണ്. കൂടാതെ, ഇവരുടെ മേല്‍ കണ്ട മിക്ക ചോദ്യങ്ങള്‍ക്കുമുള്ള സമാധാനവും അവയില്‍ നിന്നും ലഭിക്കുന്നതാണ്. إن شاء الله



(1) അല്ലാഹു പറയുന്നു: –



وَمَا مِن دَآبَّةٍۢ فِى ٱلْأَرْضِ وَلَا طَـٰٓئِرٍۢ يَطِيرُ بِجَنَاحَيْهِ إِلَّآ أُمَمٌ أَمْثَالُكُم :الأنعام – ٣٨



(ഭൂമിയിലുള്ള ഏതൊരു പ്രാണി- അഥവാ ജീവി -യാകട്ടെ രണ്ട് ചിറക് കൊണ്ട് പറക്കുന്ന പക്ഷിയാകട്ടെ, നിങ്ങളെപ്പോലെയുള്ള ചില സമുദായങ്ങളല്ലാതെ മറ്റൊന്നുമല്ല. [സൂ: അന്‍ആം])



അപ്പോള്‍, ഓരോ ജന്തുവര്‍ഗവും ഓരോ സമുദായമാണ്. അതത് സമൂഹത്തിലെ അംഗങ്ങള്‍ക്കിടയില്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള സാമൂഹ്യബന്ധവും, ജീവിതാഭിലാഷവും വിചാര വികാരങ്ങള്‍ പ്രകടിപ്പിക്കുവാനുള്ള ചില നിശ്ചിത ഭാഷകളും അനിവാര്യമാണ്. ഈ തുറയില്‍ അങ്ങേയറ്റം പരിമിതമായ അറിവേ മനുഷ്യന് ഇത് വരെയും ലഭിച്ചിട്ടുള്ളൂ. കൂടുതല്‍ അറിയുവാന്‍ ഗവേഷണങ്ങള്‍ നടത്തപ്പെടുന്നുവെങ്കിലും, അവ ഒരിക്കലും പരിപൂര്‍ണമോ, ഖണ്ഡിതമോ ആയിരിക്കയില്ല. സുലൈമാന്‍ നബി (عليه السلام) ക്ക് ഈ തുറയില്‍ സിദ്ധിച്ച അറിവാകട്ടെ, ഗവേഷണപരമോ നിരീക്ഷണപരമോ അല്ല. അല്ലാഹു അദ്ദേഹത്തിന് നല്‍കിയ ഒരു പ്രത്യേക അനുഗ്രഹമായിരുന്നു. ഖുര്‍ആനില്‍ നിന്ന് തന്നെ സ്പഷ്ടമായി മനസ്സിലാക്കാവുന്നതാണിത്. എന്നിരിക്കെ, അതിന് നമ്മുടെ അറിവിന്റെ മാനദണ്ഡംകൊണ്ടളന്നു കണക്കാക്കുന്നത് ശരിയല്ല.



സൂറത്തുന്നൂര്‍ 41-ല്‍ അല്ലാഹു പറയുന്നു: أَلَمْ تَرَ أَنَّ ٱللَّهَ يُسَبِّحُ لَهُۥ – إلى قوله يفعلون (ആകാശങ്ങളിലും, ഭൂമിയിലും ഉള്ളവരും അണിനിരന്നു – വായുവില്‍ ചിറകു വിടര്‍ത്തി – കൊണ്ടുള്ള പറവകളും അല്ലാഹുവിന് തസ്ബീഹ് – പ്രകീര്‍ത്തനം – നടത്തുന്നുണ്ടെന്ന് നീ കാണുന്നില്ലേ?! എല്ലാറ്റിനും തന്നെ അതതിന്റെ നമസ്കാരവും തസ്ബീഹും അറിയാവുന്നതാണ്. അവര്‍ പ്രവൃത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നതാണ്) സൂ: ഇസ്റാഉ് 44-ല്‍ അല്ലാഹു പറയുന്നു: وَإِن مِّن شَىْءٍ إِلَّا يُسَبِّحُ بِحَمْدِهِۦ وَلَـٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ : الإسراء -٣٧ (ഒരു വസ്തുവും തന്നെ അല്ലാഹുവിനെ സ്തോത്രം ചെയ്തുകൊണ്ട് പ്രകീര്‍ത്തനം ചെയ്യാതെയില്ല. പക്ഷേ, നിങ്ങള്‍ക്ക് അവരുടെ പ്രകീര്‍ത്തനം ഗ്രാഹ്യമാകുന്നതല്ല) എല്ലാ ജീവികള്‍ക്കും ചില അന്തര്‍ബോധങ്ങളുണ്ടെന്നും അവ അത് പ്രകടമാക്കുമെന്നും, മനുഷ്യന് അത് ഗ്രഹിക്കുവാന്‍ കഴിയാത്തതാണെന്നും ഈ വചനങ്ങളില്‍നിന്നു സ്പഷ്ടമാണല്ലോ. ഈ ഒടുവിലത്തെ വചനത്തില്‍ ജീവികള്‍ മാത്രമല്ല, നിര്‍ജ്ജീവ വസ്തുക്കളും ഉള്‍പ്പെടുന്നുവെന്ന് കാണാം. സൂ: അല്‍ബഖറ 74-ല്‍ കല്ലുകളെക്കുറിച്ച് പ്രത്യേകം അല്ലാഹു ഇങ്ങിനെ പറയുന്നു: وَإِنَّ مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ ٱللَّهِ : البقرة – ٧٤ (നിശ്ചയമായും അവയില്‍ ചിലത് അല്ലാഹുവിനെ ഭയന്നു കീഴ്പോട്ട് ഇറങ്ങുന്നവയുണ്ട്) അല്ലാഹുവിന്‍റെ ഈ പ്രസ്താവനകളില്‍ ശരിക്ക് വിശ്വസിക്കുവാന്‍ സാധിക്കുന്ന ഏവര്‍ക്കും, ഉറുമ്പിന്റെയും മരക്കൊത്തിയുടെയും കാര്യത്തില്‍ ഇത്ര സംശയങ്ങളൊന്നും തോന്നേണ്ടാതായിട്ടില്ല.



സുലൈമാന്‍ നബി (عليه السلام) ഒരിക്കല്‍ മഴക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തുവാനായി പുറപ്പെട്ടപ്പോള്‍ ഒരു ഉറുമ്പ് മലര്‍ന്നുകിടന്ന്‍ മഴക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് കണ്ടുവെന്നും, നമുക്ക് വെള്ളം കിട്ടിപ്പോയി, എനി നിങ്ങള്‍ക്ക് മടങ്ങിപ്പോകാം എന്ന് കൂടെയുള്ളവരോട് പറഞ്ഞുവെന്നും ഹാകിം (رحمه الله) ഉദ്ധരിച്ച ഒരു ഹദീഥ് 19-ാം വചനത്തിന്റെ വിവരണത്തില്‍ നാം ഉദ്ധരിച്ചിട്ടുണ്ട്. പ്രസ്തുത ഹദീഥിനെക്കുറിച്ച് സംസാരിക്കുന്ന കൂട്ടത്തില്‍ അല്ലാമാ സ്വന്‍ആനീ (رحمه الله) പ്രസ്താവിച്ചിട്ടുള്ള ചില വാക്യങ്ങള്‍ ശ്രദ്ധേയമാകുന്നു. അദ്ദേഹം പറയുന്നു: മഴക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തലും, അതിനായി വെളിസ്ഥലത്ത് (മൈതാനത്തില്‍) പോകലും, പണ്ടേയുള്ള നടപടിയാണെന്നും മഴക്ക് വേണ്ടിയുള്ള പ്രാര്‍ഥനാസ്ഥലത്ത് കാലികളെയും കൊണ്ടുപോകുന്നത് നല്ലതാണെന്നും ഈ ഹദീഥില്‍ നിന്ന്‍ മനസ്സിലാക്കാം. അല്ലാഹുവിനെക്കുറിച്ചുള്ള അറിവ്, ദിക്ര്‍ (സ്മരണ) എന്നിവയില്‍ അവയ്ക്ക് ഒരുതരം ബോധമുണ്ട് എന്നും ഇതില്‍ നിന്ന്‍ സിദ്ധിക്കുന്നു. ഇത് സംബന്ധമായി പലതും ഉദ്ധരിക്കുവാനുണ്ട്. പക്ഷേ ദീര്‍ഘിച്ചുപോകും. അല്ലാഹുവിന്‍റെ കിത്താബിലെ പല ആയത്തുകളും ഇതിനെപ്പറ്റി മനസ്സിലാക്കിത്തരുന്നുണ്ട്. അതൊക്കെ ദുര്‍വ്യാഖ്യാനം ചെയ്യുന്നവരുടെ വ്യാഖ്യാനങ്ങള്‍ യാതൊരു അവലംബവും ഇല്ലാത്തവയാണ്‌.



നബിﷺക്ക് പ്രവാചകത്വം സിദ്ധിക്കുന്നതിന് മുമ്പ് തിരുമേനിക്ക് മക്കഃയിലെ ഒരു കല്ല് സലാം പറഞ്ഞിരുന്നതായും, ആ കല്ലിനെ ഞാന്‍ ഇപ്പോഴും അറിയുമെന്ന്‍ അവിടുന്ന്‍ പറഞ്ഞതായും ഇമാം മുസ്‌ലിം (رحمه الله) ഉദ്ധരിക്കുന്നു. തിരുമേനിക്ക് പ്രസംഗിക്കുവാന്‍ വേണ്ടി മിമ്പര്‍ (പ്രസംഗപീഠം) ഉണ്ടാക്കപ്പെടുന്നതിന് മുമ്പ് പ്രസംഗവേളയില്‍ അവിടുന്ന് ചാരിനില്‍ക്കാറുണ്ടായിരുന്ന ഒരു ഈന്തത്തടി-തിരുമേനി മിമ്പറില്‍ കയറി പ്രസംഗിക്കുവാന്‍ തുടങ്ങിയ അവസരത്തില്‍ – അത് പൊട്ടിപ്പിളരുമാറ് അട്ടഹസിക്കുകയും, ശിശുക്കളെപ്പോലെ തേങ്ങിക്കരയുകയും ഉണ്ടായി. തിരുമേനി ഇറങ്ങിവന്നു അതിനെ അണച്ചു കുട്ടിപ്പിടിച്ചു സമാധാനിപ്പിച്ചപ്പോഴാണ് അത് അടങ്ങിയത്. മുമ്പ് ദിക്ര്‍ കേട്ടുവന്നിരുന്നത് (നഷ്‍ടപ്പെട്ടുപോയത്) കൊണ്ടാണ് അത് കരഞ്ഞതെന്ന് നബി ﷺ പറയുകയും ചെയ്തു. ഈ പ്രസിദ്ധ സംഭവം ഇമാം ബുഖാരി (رحمه الله) ഉദ്ധരിച്ചിട്ടുള്ളതാണ്.



ഇങ്ങനെ, നമുക്ക് അജ്ഞാതമായ എത്രയോ രഹസ്യങ്ങള്‍ മനുഷ്യേതര വസ്തുക്കളില്‍ ഒളിഞ്ഞുകിടപ്പുണ്ട്. അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അവന്‍റെ പ്രവാചകന്‍മാര്‍ക്ക് അവയില്‍ ചിലത് അവന്‍ അറിയിച്ചു കൊടുക്കുന്നു. അവര്‍ മുഖേന മാത്രം നാം അതില്‍ ചിലത് കേള്‍ക്കുകയും, അതില്‍ വിശ്വസിക്കുകയും ചെയ്യുന്നു. മനുഷ്യസഹജമായ അറിവിനും കഴിവിനും അതീതമായതുകൊണ്ട് നാം അതിനെ അമാനുഷിക സംഭവങ്ങളെന്നും, സാധാരണ ലൗകീക നടപടി ക്രമങ്ങള്‍ക്കതീതമായതുകൊണ്ട് അസാധാരണ സംഭവങ്ങളെന്നും പറഞ്ഞുവരുന്നു.



ഉറുമ്പിനെക്കുറിച്ച് ചോദിച്ചത് പോലെ മരക്കൊത്തിയെക്കുറിച്ചും ഇവര്‍ ചോദിക്കുന്നു: ആ പട്ടാളത്തില്‍ ഒരൊറ്റ മരക്കൊത്തിയാണോ ഉണ്ടായിരുന്നത്? അതിനെ ആസ്പദമാക്കിയാണോ സൈന്യകാര്യങ്ങള്‍ നടത്തപ്പെട്ടിരുന്നത്, എന്നൊക്കെ. നമുക്ക് പറയുവാനുള്ളത് ഇത്രമാത്രമാണ്: അതില്‍ പക്ഷിവിഭാഗമുണ്ടായിരുന്നതായി അല്ലാഹു നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. ഏതെല്ലാം പക്ഷികളാണ്, മരക്കൊത്തി എത്രയാണ് എന്നൊന്നും പറഞ്ഞുതന്നിട്ടില്ല. ഒരു പക്ഷേ, ആ മരക്കൊത്തി പക്ഷിവിഭാഗത്തിലെ -അല്ലെങ്കില്‍ മരക്കൊത്തി വിഭാഗത്തിലെ – നേതാവായിരുന്നുവെന്നും, മറ്റു മരക്കൊത്തികള്‍ക്കില്ലാത്ത വല്ല വിശേഷതയും അതിനുണ്ടായിരുന്നുവെന്നും വരാം. വാസ്തവം അല്ലാഹുവിനറിയാം. ഏതായാലും ഈ മരക്കൊത്തിയെ ആസ്പദമാക്കിയല്ല ആ പട്ടാളത്തിന്റെ കാര്യങ്ങൾ നടത്തപ്പെട്ടിരുന്നതെന്നു നമുക്കും അറിയാം. മറ്റനേകം കാര്യങ്ങളുള്ളതിൽ അതും ഒന്നായിരുന്നുവെന്നു മാത്രം. സൈന്യത്തിന്റെ മേലധികാരവും, കൈകാര്യവും സുലൈമാൻ നബി (عليه السلام) യുടെ കയ്യിലാണെന്നിരിക്കെ ഈ ചോദ്യത്തിന് വലിയ പ്രസക്തിയൊന്നുമില്ല.



18-ാം വചനത്തിന്റെ വിവരണത്തിൽ നാം ഉദ്ധരിച്ചത് പോലെ, ഇബ്നു അബ്ബാസ് (رضي الله عنه) ന്റെ ഒരു പ്രസ്താവനയിൽ പ്രസ്തുത മരക്കൊത്തി ഭൂമിയുടെ അടിയിൽ വെള്ളം സ്ഥിതി ചെയ്യുന്ന സ്ഥാനം സുലൈമാൻ നബി (عليه السلام) ക്കു അറിയിച്ചുകൊടുക്കുമെന്നും, അദ്ദേഹം ആ സ്ഥലത്തു കുഴിപ്പിച്ചു വെള്ളമെടുക്കുമെന്നും വന്നിട്ടുണ്ട്. ഇതൊന്നും നമ്മുടെ യുക്തിവാദക്കാർക്കു ഒരിക്കലും സ്വീകരിപ്പാൻ നിവൃത്തിയില്ലല്ലോ. അതുകൊണ്ടാണ് അവർ പരിഹാസപൂർവ്വം മേൽപറഞ്ഞ ചോദ്യം ഉന്നയിക്കുന്നത്. നമ്മെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കിൽ, ഇത് അനിഷേധ്യമായ ഒരു യാഥാർഥ്യമായിരുന്നുവെന്നു ഉറപ്പിച്ചു പറയത്തക്ക തെളിവുകളൊന്നും നമുക്കില്ല. എങ്കിലും, ഈ മരക്കൊത്തിയെക്കുറിച്ചു ഇതിനേക്കാൾ വലിയ സംഭവങ്ങൾ, വ്യക്തമായ ഭാഷയിൽ ഖുർആൻ പ്രതിപാദിച്ചിട്ടുള്ള സ്ഥിതിക്ക് ഈ പ്രസ്താവനയെ ശരിയായ കാരണം കൂടാതെ തള്ളിക്കളയുന്നത് ശരിയല്ല (*) അതേ സമയത്ത് കഥാകാരന്മാരുടെ നീണ്ട വിശദീകരണങ്ങൾക്ക് നാമൊട്ടും വില കൽപ്പിക്കുന്നുമില്ല.






(*) ആഫ്രിക്കയിലെ ഒരു സ്ക്കൂൾകുട്ടിയെപ്പറ്റി പ്രസിദ്ധീകരിക്കപ്പെട്ട വാർത്ത ഒരു നിലക്ക് ഇതിലേറെ ആശ്ചര്യകരമാണ്. ഭൂമിക്കടിയിൽ കിടപ്പുള്ള പല വസ്തുക്കളും ആ കുട്ടിക്ക് സ്വന്തം കണ്ണുകൾകൊണ്ട് കാണാമായിരുന്നുവത്രെ. ഇന്ന സ്ഥലത്ത് എണ്ണയുണ്ട്, വെള്ളമുണ്ട്, സ്വർണ്ണമുണ്ട്, കൽക്കരിയുണ്ട്, എന്നൊക്കെ അവൻ കുറേനേരം നോക്കിയാൽ അറിയാമായിരുന്നു. വെള്ളത്തെപ്പറ്റി അവൻ സൗജന്യമായി പറഞ്ഞുകൊടുക്കും. മറ്റുള്ളവയെക്കുറിച്ചു പറയണമെങ്കിൽ തക്ക പ്രതിഫലം തന്നെ അവനു ലഭിക്കണം. ഇതായിരുന്നു കുട്ടിയുടെ നില. (എ.ആർ.പി. നിഘണ്ടു: 3-ാം പതിപ്പ്, പേ. 1518 നോക്കുക) മൂന്നു ദിവസത്തെ യാത്രാദൂരത്തിൽ സ്ഥിതിചെയ്യുന്ന വസ്തുക്കളെ തിരിച്ചറിയുമാറ് കണ്ണിന് മൂർച്ച (കാഴ്ച ശക്തി) യുള്ള ഒരു സ്ത്രീയുടെ പേർ അറബി സാഹിത്യങ്ങളിൽ പ്രസിദ്ധമാണ്. സർക്വാഉൽ യമാമഃ (زرقاع اليمامة)






സുലൈമാൻ നബി (عليه السلام) സബഉകാരോട് യുദ്ധത്തിന് പുറപ്പെട്ടതായിരുന്നുവോ?






സുലൈമാൻ നബി (عليه السلام) യുടെ ഭരണത്തെക്കുറിച്ചു കേട്ടറിഞ്ഞപ്പോൾ അവർക്കുണ്ടായ അഹംഭാവവും, അസൂയയും നിമിത്തം അവർ അദ്ദേഹത്തോട് യുദ്ധം ചെയ്തു രാജ്യം ആക്രമിക്കുവാൻ പരിപാടി ഇട്ടിരുന്നു. ആ വിവരം അദ്ദേഹം എങ്ങിനെയോ അറിഞ്ഞു. അതിനാൽ അങ്ങോട്ട് ചെന്ന് യുദ്ധം ചെയ്‍വാൻ സർവ്വ സൈന്യവിഭാഗങ്ങളെയും ശേഖരിച്ചു ഒരുക്കം നടത്തുകയായിരുന്നു. ഈ അവസരത്തിലാണ് കൂടുതൽ വിവരം അറിയുവാനായി ഹുദ്ഹുദ് എന്ന് പേരുള്ള രഹസ്യ വകുപ്പിലെ ഉദ്യോഗസ്ഥൻ യമനിലേക്ക് പോകുന്നത് എന്നൊക്കെയാണ് നമ്മുടെ കൂട്ടർ സമർത്ഥിക്കുന്നത്. ഇപ്പറഞ്ഞതെല്ലാം തന്നെ സംഭവത്തിനൊരു പുതിയരൂപം നൽകുവാൻ പറ്റിയ കണ്ടുപിടിത്തം മാത്രമാകുന്നു. ഇതിനു ഏക തെളിവായി ഇവർ ഉദ്ധരിക്കുന്നത് ഈ സൂറത്തിലെ 31-ാം വചനമാണ്. പോരാത്തത് കുറെ യുക്തിവാദങ്ങളും. ആ വചനത്തിന് ഇവർ കൽപ്പിക്കുന്ന അർത്ഥം വകവെച്ചു കൊടുത്താൽ പോലും, ആ വാക്യം യുദ്ധത്തിന്റെ മൂലകാരണത്തെ വ്യക്തമായി ചൂണ്ടിക്കാട്ടുന്നു എന്ന ഇവരുടെ വാദം ശരിയാകുന്നില്ല. അദ്ദേഹത്തിന്റെ സൈന്യസമേതമുള്ള യാത്രോദ്ദേശ്യം എന്തായിരുന്നുവെന്ന് ഖുർആനിൽ നിന്ന് വ്യക്തമല്ലാത്തതുകൊണ്ട് നാം അതിൽ മൗനമവലംബിക്കുകയാണ് ചെയ്യുന്നത്. എങ്കിലും ഇവർ സമർത്ഥിച്ച പ്രസ്തുത കാരണവും, ആ അടിസ്ഥാനത്തിലുള്ള വിശദീകരണവും വിമർശനാർഹമാകുന്നു:



31-ാം വചനമെന്ന് പറഞ്ഞത് സുലൈമാൻ നബി (عليه السلام) രാജ്ഞിക്കയച്ച കത്തിലെ വാചകമാകുന്നു. أَلا تَعْلُوا عَلَيَّ وَأْتُونِي مُسْلِمِينَ (നിങ്ങൾ എന്നോട് ഔന്നിത്യം കാണിക്കരുത്. നിങ്ങൾ മുസ്ലിങ്ങളായി–അഥവാ കീഴൊതുങ്ങിയവരായി–എന്റെ അടുക്കൽ വരണം) . ഇതാണ് ആ വചനം. ഇതിനു ഇവർ കൊടുക്കുന്ന അർത്ഥം: നിങ്ങൾ എന്നെ കീഴ്പെടുത്തുവാൻ ഒരുങ്ങേണ്ട, (എനിക്ക്) കീഴൊതുങ്ങിയും കൊണ്ട് എന്റെ അടുക്കലേക്ക് വരിക എന്നാകുന്നു. ഇവർ സ്വയം നിർണയിച്ച ആ മൂലകാരണത്തിന്റെ വിവരണത്തിലേക്ക് ഖുർആനെ യോജിപ്പിക്കുവാൻ വേണ്ടുന്ന ഒരു മുൻകരുതലായിട്ടാണ് ഈ വചനത്തിന് ഈ അർത്ഥം ഇവർ കൊടുത്തിട്ടുള്ളത്. അല്പം അറബി അറിയാവുന്ന ഏവർക്കും ഇത് മനസ്സിലാക്കാം لا تَعْلُوا عَلَيَّ (ലാ –തഅ് ലൂ–അലയ്യ) എന്ന വാക്കിന്റെ അർത്ഥമെന്ന നിലക്കാണല്ലോ, നിങ്ങൾ എന്നെ കീഴ്പെടുത്തുവാൻ ഒരുങ്ങേണ്ട എന്ന് പറഞ്ഞത്. ഇതിൽ ഒരുങ്ങേണ്ടാ എന്ന് കൂട്ടിച്ചേർത്തത് ഇവരുടെ ഒരു അലങ്കാരപദമാണെന്ന് സമ്മതിച്ചു കൊടുത്തേക്കുക. പക്ഷെ, കീഴ്പെടുത്തുകയെന്ന് തഅ് ലൂ എന്ന ക്രിയക്ക് അർത്ഥമാക്കിയത് അറബിഭാഷാ മുറപ്രകാരം ശരിയല്ല. കാരണം:



عَلاَ (അലാ) എന്നതിന്റെ നിരോധക്രിയ (نَهِي) രൂപമാണ് لاَ تَعْلُوا എന്നത്. ഈ ക്രിയ അകർമ്മകക്രിയ (لازم) യായും, സകർമകക്രിയ (متعدى) യായും ഉപയോഗിക്കപ്പെടും. അകർമ്മകക്രിയയായി വരുമ്പോൾ, അതോട് ബന്ധപ്പെട്ടു നിൽക്കുന്ന അവ്യയങ്ങളുടെ തോതനുസരിച്ചു ഉയർന്നു, പൊന്തി, ഗർവ്വ് കാണിച്ചു, മേന്മ നടിച്ചു, ഔന്നത്യം നടിച്ചു, മേലെയായി, പ്രത്യക്ഷപ്പെട്ടു (وَنَحْوَهَا, ظهر, تَجَبَر, تكبر, استكبر, ارتفع) എന്നിങ്ങനെയുള്ള അർത്ഥങ്ങളാണ് അതിനുണ്ടാവുക. സകർമ്മകക്രിയയാകുമ്പോൾ –അഥവാ നേർക്കുനേരെയുള്ള കർമ്മം (المفعول به) ഉണ്ടാകുമ്പോൾ മാത്രമേ കീഴൊതുങ്ങി, ജയിച്ചടക്കി, കീഴൊതുക്കി, കയറി, വെട്ടി എന്നൊക്കെയുള്ള അർത്ഥങ്ങൾ അതിനുണ്ടാവുകയുള്ളൂ. നിഘണ്ടുക്കളിൽ കാണാവുന്ന ചില ഉദാഹരണങ്ങൾ നോക്കുക:



‘അലാ’ അകർമക ക്രിയയാകുമ്പോൾ (علا اللازم)

1. ارتفع: علا النهار = പകൽ (സൂര്യൻ) ഉയർന്നു

2. تجبر وتكبر : علا في الارض = ഭൂമിയിൽ: ഗർവ്വ് കാട്ടി, പൊങ്ങച്ചം നടിച്ചു

3. تكبر : علا بعضهم على بعض = ചിലർ ചിലരോട് : അഹംഭാവം നടിച്ചു

4. شرف: علا فى المكارم = ഉൽകൃഷ്ട സ്വഭാവത്തിൽ: ഉയർന്നു, യോഗ്യനായി






‘അലാ’ സകർമക ക്രിയയാകുമ്പോൾ (علا المتعدى)






5. قهره وغلبه : علا الرجال = പുരുഷനെ: കീഴ്പ്പെടുത്തി, ജയിച്ചടക്കി

6. ضربه به: علا بالسيف = അവനെ വാളുകൊണ്ട് : വെട്ടി

7. صعده :علا الجبل = മല: കയറി

8. ركبها : علا الدابة = മൃഗത്തെ: സവാരി ചെയ്തു (പുറത്തു കയറി)



ഈ ആയത്തിലാകട്ടെ, കർമമില്ലാത്ത രൂപത്തിലാണ് ഈ ക്രിയ വന്നിട്ടുള്ളത്. തൊട്ടുനിൽക്കുന്ന അവ്യയം 3 -ാം ഉദാഹരണത്തിലുള്ളത് പോലെ عَلَى എന്നുമാകുന്നു. അപ്പോൾ അതിനു കീഴ്പ്പെടുത്തുക എന്നർത്ഥം വരികയില്ല. ഔന്നിത്യം നടിക്കുക, അഹംഭാവം കാണിക്കുക എന്നിങ്ങിനെയാണ് അർത്ഥമാകുക. കീഴ്പ്പെടുത്തുക എന്ന് അർത്ഥം വരണമെങ്കിൽ 5 -ാം ഉദാഹരണത്തിലേതു പോലെയുള്ള കർമം ഉണ്ടായിരിക്കണം.



ഈ ആയത്തിലെ 2 -ാം വാക്യത്തിന് ഇവർ കൊടുത്ത അർത്ഥത്തിലും സ്വല്പം ആലോചിക്കേണ്ടതുണ്ട്. وَأْتُونِي مُسْلِمِينَ എന്ന വാക്യത്തിന് ‘ (എനിക്ക്) കീഴൊതുങ്ങിയും കൊണ്ട് എന്റെ അടുക്കലേക്ക് വരിക’ എന്നാണല്ലോ ഇവർ അർത്ഥം കൊടുത്തത്. ഇതിൽ ‘എനിക്ക്’ എന്ന് ചേർത്തത് താല്പര്യപൂർവ്വം ചെയ്തതാണ്. മുസ്ലിമീൻ (مُسْلِمِينَ) എന്ന വാക്കിനാണ് ‘കീഴൊതുങ്ങിയും കൊണ്ട്’ എന്ന് അർത്ഥം കൊടുക്കുന്നത്. സുലൈമാൻ നബി (عليه السلام) ക്ക് കീഴൊതുങ്ങിക്കൊണ്ട് എന്നോ, അല്ലാഹുവിനു കീഴൊതുങ്ങിക്കൊണ്ട് എന്നോ ആയത്തിൽ വ്യക്തമാക്കിയിട്ടില്ല. അപ്പോൾ, രണ്ടുതരത്തിലും അതിനെ വ്യാഖ്യാനിക്കാമെന്നു വരാം. രണ്ടിലൊന്ന് നിർണയിക്കുവാൻ എന്തെങ്കിലും തെളിവ് വേണം. മുസ്ലിമിന്റെ ബഹുവചനമാണ് മുസ്ലിമീൻ എന്ന വാക്ക്. ഈ വാക്ക് സാധാരണമായി ഖുർആനിലും ഹദീഥിലുമെല്ലാം നിരുപാധികമായി ഉപയോഗിച്ചുവരുന്നത് അല്ലാഹുവിനു കീഴൊതുങ്ങിയവർ–അഥവാ ഇസ്ലാമിനെ അംഗീകരിച്ചവർ–എന്ന അർത്ഥത്തിലാണ്. هو سماكم المسلمين (അവൻ –അല്ലാഹു –നിങ്ങൾക്ക് മുസ്ലിംകൾ എന്ന പേർ വെച്ചിരിക്കുന്നു) എന്ന് ഖുർആനിൽ അല്ലാഹു തന്നെ പ്രസ്താവിച്ചതാണ്. ഈ ആയത്തിലും അതേ അർത്ഥത്തിലാണുള്ളതെന്ന് ഇതേ സംഭവത്തെക്കുറിച്ചു പ്രസ്താവിക്കുന്ന ഒടുവിലത്തെ ആയത്ത് (44 -ാം വചനം) കാണിച്ചു തരുന്നു. ബിൽക്വീസ് സുലൈമാൻ നബി (عليه السلام) യുടെ അടുക്കൽ വന്നു സത്യവിശ്വാസം സ്വീകരിച്ചു മുസ്ലിമായതിനെക്കുറിച്ച് അവളുടെ പ്രസ്താവനയാണ് അതിലുള്ളത്. അതിലെ വാചകം ഇതാണ്:



قَالَتْ رَبِّ إِنِّي ظَلَمْتُ نَفْسِي, وَأَسْلَمْتُ مَعَ سُلَيْمَانَ لِله رَبِّ الْعَالَمِينَ



(അവൾ പറഞ്ഞു: റബ്ബേ! ഞാൻ എന്നോട് തന്നെ അക്രമം പ്രവർത്തിച്ചിരിക്കുന്നു. ഞാൻ സുലൈമാനോടൊപ്പം ലോകരക്ഷിതാവായ അല്ലാഹുവിന് കീഴൊതുങ്ങുകയും ചെയ്തിരിക്കുന്നു)



സുലൈമാൻ (عليه السلام) അവൾക്കയച്ചിരുന്ന കത്തിൽ മുസ്ലിമായും കൊണ്ട് വരണം എന്ന് ആവശ്യപ്പെട്ടതിന്റെ താൽപര്യം ഇതാണെന്ന് ഈ വാക്യത്തിൽ നിന്നും സ്പഷ്ടമായല്ലോ. അല്ലാത്ത പക്ഷം ഞാൻ സുലൈമാന് കീഴൊതുങ്ങി എന്നായിരുന്നു അവൾ പറയേണ്ടിയിരുന്നത്. മനസ്സാക്ഷിയോടെ ആലോചിച്ചു നോക്കുക. (കൂടുതൽ വിവരം യഥാസ്ഥലത്ത് വെച്ച് നാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്).



ചുരുക്കത്തിൽ, ബിൽക്കീസ് ഒരു യുദ്ധത്തിന് പ്ലാനിട്ട വിവരം അറിഞ്ഞിട്ടാണ് സുലൈമാൻ നബി (عليه السلام) പട്ടാളസമേതം മാർച്ച് ചെയ്തതെന്ന് നിശ്ചയിക്കുവാൻ യാതൊരു തെളിവും ആയത്തിലില്ല. അവളെ ഇസ്ലാമിലേക്ക് – തൗഹീദിലേക്ക്- ക്ഷണിച്ചുകൊണ്ടും, തന്റെ ഇസ്ലാമിക രാഷ്ട്രത്തോട് അഹങ്കാരവും, ഔന്നത്യവും പ്രദർശിപ്പിക്കുവാൻ ശ്രമിക്കരുതെന്ന് സബഉകാരെ താക്കീത് ചെയ്തുകൊണ്ടുമായിരുന്നു അദ്ദേഹം കത്തയച്ചത്. അഥവാ മുസ്ലിം ആവണം, ഇല്ലെങ്കിൽ യുദ്ധം ചെയ്യും എന്നുള്ള ഒരു ഭീഷണിയായിരുന്നില്ല. ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ഇത്തരം ക്ഷണങ്ങൾ പ്രവാചകൻമാരുടെ ദൗത്യനിർവ്വഹണത്തിൽപെട്ടതാണ് താനും. നബി പലരാജാക്കൾക്കും, നാടുവാഴികൾക്കും ഇങ്ങിനെ കത്തയച്ചത് പ്രസിദ്ധമാണ്.



ബിൽക്കീസ് രാജ്ഞി ഒരു യുദ്ധത്തിന് വട്ടം കൂട്ടുന്നുണ്ടെന്ന് കേട്ടു പുറപ്പെട്ടതായിരുന്നില്ല സുലൈമാൻ നബി (عليه السلام) എന്നാണ് ഖുർആനിൽനിന്ന് മനസ്സിലാകുന്നത്. അത്രയുമല്ല, ഖുർആന്റെ പല പ്രസ്താവനകളും കാണുമ്പോൾ, സബഉ് രാഷ്ട്രത്തിന്റെ സ്ഥിതിഗതികളെക്കുറിച്ച് അധിക വിവരമൊന്നും സുലൈമാൻ നബിക്ക് മുമ്പ് സിദ്ധിച്ചിരുന്നില്ലെന്നും, ഹുദ്ഹുദിന്റെ (മരക്കൊത്തിയുടെ-ഇവരുടെ അഭിപ്രായപ്രകാരം ഹുദ്ഹുദ് എന്ന ഉദ്ദ്യോഗസ്ഥന്റെ) പ്രസ്താവന മുതൽക്കാണ് ആ വിവരം ലഭിച്ചു തുടങ്ങിയതെന്നും കരുതുവാൻ ആണ് ന്യായമുള്ളത്. സബഇനെപ്പറ്റി ഹുദ്ഹുദ് ആദ്യമായി പറഞ്ഞവാക്ക് (അങ്ങ് സൂക്ഷമമായി അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഞാൻ സൂക്ഷമമായി അറിഞ്ഞിരിക്കുന്നു) എന്നാകുന്നു. തുടർന്ന് പറഞ്ഞ വിവരമൊന്നും അതിന് മുമ്പ് അദ്ദേഹം അറിഞ്ഞിരുന്നില്ലെന്നാണല്ലോ ഈ വാക്ക് കാണിക്കുന്നത് (സബഇൽ നിന്ന് ദൃഢമായ ഒരു വർത്തമാനവും കൊണ്ട് ഞാൻ അങ്ങയുടെ അടുക്കൽ വന്നിരിക്കുകയാണ്) എന്നത്രേ അടുത്ത വാക്യം. ഇതിൽ ‘ഒരു വർത്തമാനം’ (نبٱ) എന്ന പ്രയോഗത്തിൽ നിന്ന് ആ വിവരം മുമ്പ് സുലൈമാൻ നബി (عليه السلام) ക്ക് അറിയാത്തതാണെന്നും, അദ്ദേഹം ആ വർത്തമാനം പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നില്ലെന്നും വരുന്നു.ദൃഢമായ (يَقِين) എന്ന വിശേഷണം, തന്റെ പ്രസ്താവനയിൽ സംശയത്തിന് അവകാശമില്ലെന്ന് ബോധ്യപ്പെടുത്തുവാൻ വേണ്ടിയാണ്.അദ്ദേഹം ഏറെക്കുറെ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന, അല്ലെങ്കിൽ ആഗ്രഹിച്ചു കൊണ്ടിരിക്കുന്ന ഒരു വർത്തമാനമായിരുന്നു അതെങ്കിൽ, النبأ اليقين (ദൃഢമായ വർത്തമാനവും കൊണ്ട്) എന്നായിരുന്നു പറയേണ്ടത്. (അഥവാ ال ചേർത്ത് معرفة ആക്കുമായിരുന്നു) ഇങ്ങിനെയൊക്കെയാണ് അറബി ഭാഷാ പ്രയോഗ സമ്പ്രദായം.



ഈ മുഖവുര കഴിഞ്ഞശേഷം, സുലൈമാൻ നബി (عليه السلام) ക്ക് അജ്ഞാതമായിരുന്ന ആ വർത്തമാനം ഹുദ്ഹുദ് ഇങ്ങിനെ വിവരിക്കുന്നു: اِنِّي وَجَدتُّ اِمُرَٱةً تَمُلِكُهُم (അവരെ ഭരിച്ചു വരുന്ന ഒരു സ്ത്രീയെ ഞാൻ കണ്ടു) ഒരു സ്ത്രീ എന്ന പ്രയോഗത്തിൽ നിന്ന് മനസ്സിലാക്കേണ്ടത് സബഉ് രാഷ്ട്രത്തിന്റെ ആധിപത്യം വഹിക്കുന്ന ആൾ ഒരു സ്ത്രീയാണെന്ന് സുലൈമാൻ (عليه السلام) ഇപ്പോൾ നടാടെ അറിയുകയാണെന്നാകുന്നു. അല്ലായിരുന്നുവെങ്കിൽ അവരെ ഭരിച്ചു വരുന്ന സ്ത്രീയെ ഞാൻ കണ്ടു എന്നാണല്ലോ പറയേണ്ടത്. (امرٱة എന്നതിന്റെ معرفة ആകുമായിരുന്നു എന്ന് സാരം) അനന്തരം അവൾക്ക് വേണ്ടതെല്ലാം നൽകപ്പെട്ടിട്ടുണ്ട്. അവൾക്ക് വമ്പിച്ച ഒരു സിംഹാസനവുമുണ്ട്, അവളും ജനതയും സൂര്യാരാധകൻമാരാണ്, എന്നിങ്ങിനെയുള്ള വിവരങ്ങൾ അത് പറയുന്നു. (23-26 നോക്കുക) ഇപ്പറഞ്ഞതെല്ലാം സുലൈമാൻ നബി (عليه السلام) ക്ക് ഇതിനുമുമ്പ് ശരിക്കറിയാത്ത ആ ‘വർത്തമാനത്തിന്റെ’ വിശദീകരണമാണല്ലോ. ഇതിൽ എവിടെയെങ്കിലും ഒരു യുദ്ധഭീഷണി യുടെയോ, യുദ്ധസന്നാഹത്തിന്റെയോ സൂചനപോലും കാണപ്പെടുന്നില്ല. ഈ വാർത്ത ലഭിക്കുന്നതിന് മുമ്പ് സുലൈമാൻ (عليه السلام) സബഇനെക്കുറിച്ച് വല്ല അന്വേഷണവും നടത്തിയതായും ഖുർആൻ സൂചിപ്പിച്ചിട്ടില്ല. ഇപ്പോഴാകട്ടെ, മരക്കൊത്തിയിൽ നിന്ന് കേട്ട വിവരം- സബഇനെ ഭരിക്കുന്നത് ഒരു സ്ത്രീയാണെന്ന് തുടങ്ങിയ വാർത്തകൾ- സത്യമോ അസത്യമോ എന്ന് ഞാൻ പരീക്ഷിച്ചു നോക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് അതിന്റെ വശം തന്നെ ഒരെഴുത്ത് അദ്ദേഹം കൊടുത്തയക്കുകയാണ് ചെയ്യുന്നത്. (27-ാം വചനം നോക്കുക) ഹുദ് ഹുദ് പ്രസ്താവിച്ച അത്രയും കാര്യങ്ങളെങ്കിലും സബഇനെപ്പറ്റി അദ്ദേഹത്തിന് മുമ്പ് അറിയുമായിരുന്നുവെങ്കിൽ ഈ പരിശോധനക്ക് എന്താണർത്ഥം?!



പ്രസ്തുത കത്തിലെ വാചകമാണ് 31-ാം വചനത്തിലുള്ളത്. അതാകട്ടെ, ഇസ്ലാമിലേക്കുള്ള ക്ഷണവും. കത്തു വായിച്ചപ്പോൾ അതയച്ച സുലൈമാൻ നബി (عليه السلام) ഒരു സാധാരണ മട്ടിലുള്ള രാജാവോ, അതല്ല പ്രവാചകനോ എന്നൊന്നും ബിൽഖീസിന് മനസ്സിലായില്ല. അതിനാൽ കത്തിനെത്തുടർന്ന് എന്ത്ചെയ്യണമെന്നറിയാതെ രാജ്ഞി വിഷമിച്ചു. അങ്ങനെയാണ് വിഷയം കാര്യാലോചന സഭയുടെ മുമ്പിൽ ചർച്ചക്ക് വെച്ചത്. വേണ്ടിവന്നാൽ നമുക്കൊരു യുദ്ധത്തിനാവശ്യമായ ശക്തിയുണ്ടെന്നും രാജ്ഞിയുടെ യുക്തംപോലെ ചെയ്യാമെന്നും സഭക്കാർ മറുപടിയും പറഞ്ഞു. യുദ്ധത്തിന് ഇടയാക്കുന്നത് നാട്ടിന് ദോഷം ചെയ്യുമെന്ന കാരണത്താൽ, കുറെ സമ്മാനവുംകൊണ്ട് ഈ കത്തയച്ച സുലൈമാന്റെ അടുക്കലേക്ക് ആളയച്ചു നോക്കാമെന്നും, അതിന്റെ പ്രതികരണം അറിഞ്ഞുവേണ്ടത് ചെയ്യാമെന്നുമാണ് ഒടുക്കം തീരുമാനിച്ചത്. ഈ ചർച്ചയിൽ സഭാംഗങ്ങൾ നേരിയ ഒരു യുദ്ധധ്വനി പുറപ്പെടുവിക്കുകയുണ്ടായെങ്കിലും, അത് രാജ്ഞിയും അവരും തമ്മിൽ നടന്ന സംഭാഷണത്തിൽ മാത്രമായിരുന്നുവെന്നും, സുലൈമാൻ നബി (عليه السلام) യുടെ എഴുത്ത് കിട്ടിയ ശേഷമായിരുന്നു അതെന്നും പറയേണ്ടതില്ല. ഇത്രയും സംഭവങ്ങൾ വിവരിക്കുന്നതിനിടക്ക് എവിടെയെങ്കിലും ഇവരുടെ വാദത്തിന് – സബഉകാർ യുദ്ധത്തിനൊരുങ്ങുന്നുണ്ടെന്ന് അറിഞ്ഞതുകൊണ്ട് സുലൈമാൻ (عليه السلام) അങ്ങോട്ട് യുദ്ധത്തിന് പുറപ്പെട്ടതാണ് എന്നുള്ളതിന് – ഒരു നേരിയ സൂചന പോലും ഖുർആൻ നൽകുന്നില്ല.ഇതിനെതിരിൽ പലതും നാം കാണുകയും ചെയ്തു. സബഉ്കാർക്ക് ഇതിന് മുമ്പ് സുലൈമാൻ നബി (عليه السلام) യോട്‌ വല്ല അസൂയയും പിടിപെട്ടിട്ടുണ്ടായിരുന്നുവെങ്കിൽ, അവരുടെ സ്വകാര്യ ചർച്ചാവേളയിൽ ഒരു വാക്കെങ്കിലും അതിനെപ്പറ്റി കേൾക്കേണ്ടിയിരുന്നു. അതുമില്ല. സുലൈമാൻ നബി (عليه السلام) യുടെ രാഷ്ട്രത്തിന്റെ സ്വഭാവത്തെപ്പറ്റി അവർക്ക് കാര്യമായ വിവരമൊന്നും ഉണ്ടായിരുന്നില്ല എന്നാണ് അവരുടെ സംഭാഷണവും തെളിയിക്കുന്നത്. (29 -34 വചനങ്ങൾ വായിച്ചു നോക്കുക) .



എങ്ങിനെയോ അറിഞ്ഞപ്പോൾ എന്ന് പറഞ്ഞതിൽ വമ്പിച്ച ഒരമളി ഇവർക്ക് പിണഞ്ഞിട്ടുളളത് ഇവർ ഗൗനിച്ചിട്ടില്ലെന്ന് തോന്നുന്നു. കാരണം : ഇവരുടെ വാദപ്രകാരം ഹുദ് ഹുദ് എന്നുപേരുള്ള സ്വകാര്യ വകുപ്പിലെ തലവൻ നേരിൽ തന്നെ യമനിൽ പോയി അവിടത്തെ വർത്തമാനങ്ങൾ ഗൂഢമായി അറിഞ്ഞു വന്നിരിക്കയാണല്ലോ. അപ്പോൾ പിന്നെ എങ്ങിനെയോ അറിഞ്ഞപ്പോൾ എന്ന വാക്കിന് സ്ഥാനമില്ല. ഇതേ ഉദ്യോഗസ്ഥന്റെ (ഹുദ് ഹുദിന്റെ) പക്കൽ തന്നെയാണ് നീ പറഞ്ഞത് കളവോ സത്യമോ എന്ന് പരിശോധിക്കുവാൻ സുലൈമാൻ നബി (عليه السلام) ബിൽഖീസിന് കത്ത് കൊടുത്തയക്കുന്നതും! ഒരു മരക്കൊത്തിയിലുള്ള അത്ര വിശ്വാസവും ഈ പട്ടാളത്തലവനിൽ സുലൈമാൻ നബി (عليه السلام) ക്കില്ലെന്നോ?! ബുദ്ധിയുള്ളവർ ആലോചിച്ചുനോക്കുക! കഥ കെട്ടുന്നതിനും വേണ്ടേ ഒരതിര്?!



കത്തു കൊണ്ടുപോയത് മരക്കൊത്തിയല്ല – പട്ടാള ഉദ്യോഗസ്ഥനാണ് – എന്ന വാദം ശരിയല്ലെന്ന് നാം ഇത്‌വരെ സംസാരിച്ചതിൽ നിന്ന് തന്നെ ധാരാളം വ്യക്തമായിട്ടുണ്ട്. കത്തിനെപ്പറ്റി സുലൈമാൻ നബി (عليه السلام) യും ബിൽഖീസും പ്രസ്താവിച്ച ചില വാക്കുകളും കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. സുലൈമാൻ കത്ത് കൊടുത്തയച്ചപ്പോൾ, അത് കൊടുത്തേൽപ്പിച്ച ആളോട് പറഞ്ഞത് اذْهَب بِّكِتَابِي هَٰذَا فَأَلْقِهْ إِلَيْهِمْ ثُمَّ تَوَلَّ عَنْهُمْ فَانظُرْ مَاذَا يَرْجِعُونَ എന്നാണ്. എന്റെ ഈ എഴുത്തും കൊണ്ടുപോകുക, എന്നിട്ട് അതവർക്ക് ഇട്ടുകൊടുക്കുക, പിന്നെ നീ അവരിൽ നിന്ന് മാറി നിന്ന് അവർ എന്തു മറുപടി പറയുന്നുവെന്ന് നോക്കുക എന്നാണിതിന്റെ അർത്ഥം. ഇവിടെ ഇട്ടു കൊടുക്കുക എന്ന് അർത്ഥം പറഞ്ഞത് اَلْقِ (അൽക്വി) എന്ന ആജ്ഞക്രിയക്കാണ്. ഇതിന് സന്ദർഭമനുസരിച്ച് മലയാള വിവർത്തനം ചെയ്യുമ്പോൾ പല അർത്ഥവും പറയാമെങ്കിലും, സാക്ഷാൽ അർത്ഥം ‘ഇടുക ‘ (اطرح) എന്നത്രെ. ഖുർആനിൽ വളരെ സ്ഥലങ്ങളിൽ ഇതേ അർത്ഥത്തിൽ ആ ക്രിയയുടെ വിവിധ രൂപങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഒരു മനുഷ്യനോട് കത്ത് കൊടുക്കുവാൻ ഏൽപ്പിക്കുമ്പോഴും ഈ വാക്ക് ഉപയോഗിക്കുന്നതിന് വിരോധമില്ലെങ്കിലു ബാഹ്യത്തിൽ ആ പ്രയോഗം കാണിക്കുന്നതും കത്ത് കൊണ്ടുപോകുന്ന ദൂതൻ മനുഷ്യനല്ല – മരക്കൊത്തിയാണ് എന്നാകുന്നു. ‘പിന്നീടവരിൽ നിന്ന് മാറിനിൽക്കുക’ (ثُمَّ تَوَلَّ عَنْهُمْ) എന്നും ‘എന്നിട്ട് അവരെന്ത് മറുപടി പറയുന്നുവെന്ന് നോക്കുക’ (فَانظُرْ مَاذَا يَرْجِعُونَ) എന്നുളള കൽപ്പനയും ഇത് തന്നെയാണ് കാണിക്കുന്നത്. ഇവർ പറയും പോലെ അതൊരു രാജകീയ ദൂതനായിരുന്നുവെങ്കിൽ മാറിനിൽക്കുവാൻ പറയുന്നതെന്തിനാണ്?! അതെ, കത്തുകൊണ്ടുപോയ മരക്കൊത്തി കത്ത് എങ്ങിനെയോ രാജഞിക്ക് ഇട്ടുകൊടുത്തതിന് ശേഷം അവരറിയാതെ ഒരിടത്ത് മാറിനിന്നു അവിടെ നടക്കുന്ന സംസാരങ്ങളും പ്രതികരണങ്ങളും മനസ്സിലാക്കുവാനാണ് അദ്ദേഹം പറഞ്ഞത്. കത്ത് കിട്ടിയ ശേഷം അവിടെ നടന്ന സംഗതികളും സംസാരങ്ങളും മരക്കൊത്തി ഗൂഢമായി മനസ്സിലാക്കുകയും, തിരിച്ചുവന്നു അതെല്ലാം യജമാനനെ അറിയിക്കുകയും ചെയ്തിരിക്കുമെന്ന് തീർച്ചയാണ്. കാരണം, ഇതിനെപ്പറ്റി ഖുർആൻ ഒന്നും പ്രസ്താവിച്ചിട്ടില്ലെങ്കിലും യജമാനന്റെ കൽപ്പന അതനുസരിക്കാതിരിക്കുവാൻ വഴിയില്ലല്ലോ. ബിൽഖീസും കൂട്ടുകാരും തന്റെയടുക്കൽ മുസ്ലിംകളായിക്കൊണ്ട് വരുമെന്ന് സുലൈമാൻ നബി (عليه السلام) ക്ക് മുൻകൂട്ടിതന്നെ അറിവുണ്ടായിരുന്നുവെന്ന് 38-ാം വചനത്തിൽ കാണുന്ന സൂചനയും ഇവിടെ ശ്രദ്ധേയമാണ്. കത്തുമായി പോയത് ഒരു മനുഷ്യനാണെങ്കിൽ, ആ കത്തിനെക്കുറിച്ച് രാജ്ഞിയും, രാജ്ഞിയുടെ ആൾക്കാരും തമ്മിൽ നടക്കുന്ന സ്വകാര്യ ചർച്ചകളും മറ്റും കേൾക്കുവാൻ അവർ അയാളെ അനുവദിക്കുമോ?!



കത്ത് കൊണ്ടുചെന്നത് ഒരു ഔദ്ദ്യോഗിക മനുഷ്യനായിരുന്നില്ല എന്ന് തന്നെയാണ് ബിൽഖീസിന്റെ വാക്കും കാണിക്കുന്നത്. ‘എനിക്ക് മാന്യമായ ഒരു കത്ത് ഇട്ടുതരപ്പെട്ടിരിക്കുന്നു’ (القى الى كتاب) എന്നാണവൾ അതിനെക്കുറിച്ച് പറഞ്ഞത്. ആരാണ് അത് കൊണ്ടുവന്നത് എന്നും, എങ്ങിനെയാണവിടെ എത്തിയതെന്നും അറിയാത്തത് കൊണ്ടായിരിക്കണം കർത്താവറിയാത്ത രൂപത്തിൽ (مجهول ആയിക്കൊണ്ട്) ‘ഇട്ടുതരപ്പെട്ടു’ എന്ന് പറയുന്നത്.ഏതായാലും, ആ കത്ത് ഒരു മാന്യസ്ഥാനത്തുനിന്നുളളതും, അധികൃതമായിട്ടുളളതുമാണെന്ന് അവൾക്ക് ബോധ്യമായിരുന്നു. അതുകൊണ്ടാണവൾ കത്തിന് മാന്യമായ എന്ന് വിശേഷിപ്പിച്ചത്. اللّه اعلم






ബിൽക്വീസിന്റെ സമ്മാനം സുലൈമാൻ നബി (عليه السلام) സ്വീകരിച്ചുവോ?






മരക്കൊത്തിയുടെ ആദ്യത്തെ പ്രസ്താവനയിൽ നിന്ന് സബഉ് രാഷ്ട്രത്തിന്റെ സ്വഭാവം സുലൈമാൻ (عليه السلام) ഏതാണ്ടൊക്കെ മനസ്സിലാക്കിയിട്ടുണ്ട്. പിന്നീട്, കത്ത് കൊണ്ടു പോയപ്പോൾ അദ്ദേഹം ആജ്ഞാപിച്ച പ്രകാരം അതിനുശേഷമുണ്ടായ സ്ഥിതിഗതികൾ മടങ്ങിവന്നശേഷം മരക്കൊത്തി അറിയിക്കുകയും ചെയ്തിരിക്കും. ഈ രണ്ടാമത്തെ വാർത്തയിൽ നിന്ന് വേണ്ടി വന്നാൽ യുദ്ധം ചെയ്വാൻ സബഉകാർക്കുള്ള സന്നദ്ധതയും, ഒരു ദൗത്യ സംഘത്തെ പരീക്ഷണാർത്ഥം അയക്കാമെന്ന തീരുമാനവും സുലൈമാൻ (عليه السلام) മനസ്സിലാക്കിയിരിക്കുക സ്വാഭാവികമാണ്. എനി, സമ്മാനവും കൊണ്ട് രാജ്ഞിയുടെ ആൾക്കാർ വരുമ്പോൾ അദ്ദേഹം എന്ത് നയം സ്വീകരിക്കണം? സമ്മാനം സ്വീകരിക്കുകയും ദൂതൻമാരെ ആദരിക്കുകയും, സബഉ് രാഷ്ട്രത്തോട് സൗഹാർദ്ദം രേഖപ്പെടുത്തുകയും ചെയ്യുന്നപക്ഷം അത് ഒരു തരത്തിൽ അദ്ദേഹത്തിന്റെ ദൗർബല്യമാണ്. അതിന് പുറമെ, അദ്ദേഹം അയച്ച കത്തിന്റെ താൽപര്യത്തിന് യോജിക്കുന്നതുമല്ല. സമ്മാനം വാങ്ങിവെക്കുന്നതോടൊപ്പം അവരോട് കീഴൊതുങ്ങിവരണമെന്ന് നിർബന്ധിക്കുന്ന പക്ഷം അത് മര്യാദയുമല്ല. അദ്ദേഹം ധനമോഹിയായ ഒരു രാജാവല്ല. നീതിമാനായ രാജാവും ഒരു പ്രവാചകവര്യനു കൂടിയാകുന്നു. മറ്റാർക്കും ലഭിച്ചിട്ടില്ലാത്ത വമ്പിച്ച അനുഗ്രഹങ്ങളാൽ അനുഗൃഹീതനുമാണ്. എന്നിരിക്കെ, താൻ ഇസ്ലാമിലോക്ക് ക്ഷണിച്ചപ്പോൾ, സ്വന്തം ശക്തിയിൽ അഭിമാനം കൊള്ളുകയും, തന്നെ പരീക്ഷിക്കുവാനും, വശപ്പെടുത്തുവാനും ശ്രമം നടത്തുകയും ചെയ്യുന്ന ഒരു രാജ്ഞിയുടെ പാരിതോഷികങ്ങൾ സ്വീകരിക്കാതെ മടക്കി അയക്കുകയാണ് അദ്ദേഹത്തിന്റെ മാനത്തിനും, സ്ഥാനത്തിനും യോജിച്ചത്.അത് തന്നെയാണ് അദ്ദേഹം ചെയ്തതും 36 ഉം 37 ഉം വചനങ്ങൾ നോക്കുക.



നമ്മുടെ പുത്തൻ വ്യാഖ്യാനക്കാർ, തങ്ങളുടെ പുത്തൻ അഭിപ്രായങ്ങൾക്ക് കളമൊരുക്കുന്ന കൂട്ടത്തിൽ, ബിൽ ക്വീസ് കൊടുത്തയച്ച സമ്മാനങ്ങളെ സുലൈമാൻ (عليه السلام) സ്വീകരിച്ചിട്ടുണ്ടെന്നാണ് സമർത്ഥിച്ചു കാണുന്നത്. ക്വുർആന്റെ പ്രസ്താവനകൾക്ക് ഒട്ടും നിരക്കാത്തതും, എല്ലാ ക്വുർആൻ വ്യാഖ്യാതാക്കൾക്കും, എതിരായിട്ടുള്ളതുമായ ഈ വാദത്തിന് ഇവർ മുതിരുന്നതിന്റെ രഹസ്യം നമുക്ക് വഴിയെ മനസ്സിലാക്കാം. ആ സമ്മാനം അദ്ദേഹം സ്വീകരിക്കാതെ മടക്കി അയച്ചുവെന്ന് തുടർന്നുളള 36, 37 വചനങ്ങൾ നിഷ്കളങ്ക ഹൃദയത്തോടെ വായിക്കുന്ന ഏതൊരുവന്നും അദ്ദേഹം ആ സമ്മാനം സ്വീകരിച്ചിട്ടില്ല എന്നേ മനസ്സിലാക്കുകയുള്ളൂ. സമ്മാനം കൊണ്ടുവന്നവനോട് അദ്ദേഹം പറഞ്ഞ ഓരോ വാക്യവും ഇതിനു തെളിവാണ്.



ആ വാക്യങ്ങൾ നോക്കുക

1.أَتُمِدُّونَنِ بِمَالٍ (നിങ്ങൾ എന്നെ ധനം കൊണ്ട് സഹായിക്കുകയോ, !)

2. فَمَا آتَانِيَ اللَّهُ خَيْرٌ مِّمَّا آتَاكُم (എന്നാൽ അല്ലാഹു എനിക്ക് നൽകിയിട്ടുള്ളത് നിങ്ങൾക്കവൻ നൽകിയിട്ടുള്ളതിനെക്കാ ൾ ഉത്തമ്മായതാണ്,

3. بَلْ أَنتُم بِهَدِيَّتِكُمْ تَفْرَحُونَ (പക്ഷേ, നിങ്ങൾ നിങ്ങളുടെ സമ്മാനം മൂലം സന്തോഷമടയുന്നു)

4. ارْجِعْ إِلَيْهِمْ (നീ അവരുടെ – നിന്നെ അയച്ചവരുടെ – അടുക്കലേക്ക് മടങ്ങിക്കൊള്ളുക)

5.فَلَنَأْتِيَنَّهُم بِجُنُودٍ لَّا قِبَلَ لَهُم (അവർക്ക് നേരിടുവാൻ കഴിയാത്ത സൈന്യങ്ങളുമായി നാം അവരുടെ അടുക്കൽ വരുന്നതാണ്)

6. بِهَا وَلَنُخْرِجَنَّهُم مِّنْهَا أَذِلَّةً وَهُمْ صَاغِرُونَ (നിസ്സാരന്മാരായ നിലയിൽ നിന്ദ്യരായി കൊണ്ട് നാമവരെ അവിടെ നിന്ന് പുറത്താക്കുക തന്നെ ചെയ്യും).



സമ്മാനം കൊണ്ടുവന്ന ദൂതരോട് സുലൈമാൻ (عليه السلام) പറഞ്ഞ വാക്യങ്ങളാണിവ. ഇതെല്ലാം പറഞ്ഞ – അല്ല, ഇതിൽ ഏതെങ്കിലും ഒരു വാക്ക് പറഞ്ഞ – സുലൈമാൻ നബി (عليه السلام) ആ സമ്മാനം വാങ്ങി വെച്ചുവെന്ന് പറയുവാൻ ഇക്കൂട്ടർക്കല്ലാതെ ആർക്കാണ് നാവോടുക?!



ഒരു രാഷ്ട്രത്തലവൻ കാഴ്ചവെച്ച സമ്മാനങ്ങളെല്ലാം സ്വീകരിച്ചു ഏറ്റുവാങ്ങിയ ശേഷം, അത് കൊണ്ടുവന്ന ദൂതനോട് :ഞാനിതാ യുദ്ധത്തിന് പുറപ്പെടുന്നു, നിങ്ങളെയെല്ലാം ഞാൻ നാട്ടിൽ നിന്ന് പുറത്താക്കും. എന്നൊക്കെ പറഞ്ഞയക്കുവാൻ ഒരു നെറികെട്ട രാജാവ് പോലും മുതിരുമെന്ന് തോന്നുന്നില്ല. ഇതാലോചിച്ചപ്പോൾ നമ്മുടെ കുട്ടർക്കും ഒരു വല്ലായ്മ തോന്നിയിട്ടുണ്ടെന്ന് മനസ്സിലാകുന്നു. അത് കൊണ്ടായിരിക്കാം അവർ ഇങ്ങനെ പറഞ്ഞു കാണുന്നത്: സുലൈമാൻ നബിയെ യുദ്ധം ചെയ്ത് കീഴടക്കുവാൻ പ്ലാനിട്ടവരാണവർ. രഹസ്യം പുറത്തായപ്പോൾ വശീകരിക്കാനായി ശ്രമം. അദ്ദേഹത്തിന്റെ കത്ത് കിട്ടിയപ്പോഴാണ് അദ്ദേഹത്തിന്റെ യഥാർത്ഥ നില മനസ്സിലായത്. അപ്പോഴാണ് സമ്മാനവും കൊണ്ട് ആളെയച്ചത്. ആ സമ്മാനങ്ങൾ വാങ്ങി വെച്ചു അവരെ വെറുതെയങ്ങ് വിട്ടയക്കുവാൻ പാടുണ്ടോ? ഇല്ല. അത്തരക്കാരെ ഒതുക്കി നിറുത്തുക തന്നെ വേണം. അത് കൊണ്ടാണ് സമ്മാനം കൊണ്ടുവന്ന ദൂതനോട് ഇത്ര പരിഷമായ സ്വരത്തിൽ സംസാരിക്കുന്നത്. ഈ സമർത്ഥനം എത്രകണ്ട് യുക്തമാണെന്ന് ബുദ്ധിയുള്ളവർ ചിന്തിച്ചു നോക്കുക! സമ്മാനം വാങ്ങി വെച്ചാൽ അതു കൊണ്ടുവന്നവരെ വെറുതെ വിടാൻ പാടില്ലെന്ന് നാമും പറയുന്നു. അതെ, അവരെ ആദരിക്കുകയും, അവർക്ക് വല്ല പാരിതോഷികവും കൊടുക്കുകയും അവരെ അയച്ച രാജാവിനെ താൽക്കാലികമായെങ്കിലും തൃപ്തിപ്പെടുത്തുകയും വേണ്ടതാണ്. അല്ലാതെ, കിട്ടിയതെല്ലാം വാങ്ങി വെച്ചു യുദ്ധത്തിനൊരുങ്ങുകയല്ല വേണ്ടത്.



بَلْ أَنتُم بِهَدِيَّتِكُمْ تَفْرَحُونَ

(പക്ഷേ, നിങ്ങൾ നിങ്ങളുടെ സമ്മാനം കൊണ്ട് സന്തോഷം കൊള്ളുന്നു) എന്നാണല്ലോ സുലൈമാൻ (عليه السلام) ദൂതനോട് പറഞ്ഞ ഒരു വാചകം. ഇതിന്റെ താൽപര്യം എന്താണെന്ന് അതിന്റെ മുമ്പും പിമ്പുമുള്ള വാക്യങ്ങൾ നോക്കിയാൽ ആർക്കും വ്യക്തമാകും. നിങ്ങളുടെ സമ്മാനം എനിക്കാവശ്യമില്ല, എനിക്കതിൽ സന്തോഷവുമില്ല എന്നാണത് കാണിക്കുന്നത്.ഇന വാസ്തവം മൂടിവെക്കുവാനായി ഇക്കൂട്ടർ ആ വാചകത്തിന് കൽപിക്കുന്ന അർത്ഥം വളരെ വിചിത്രം തന്നെ! നിങ്ങളുടെ സമ്മാനത്തിൽ (എനിക്കല്ല) നിങ്ങൾക്കാണ് വലിയ അഭിമാനമുള്ളത്. ചെരുപ്പിനൊപ്പിച്ച് കാൽ മുറിക്കുകയാണ് ഈ അർത്ഥം വഴി ഇവർ ചെയ്യുന്നത്. സുലൈമാൻ (عليه السلام) ആ സമ്മാനം സ്വീകരിച്ചിട്ടുണ്ടെന്നും, അതിൽ ഏറെക്കുറെ അഭിമാനം കൊണ്ടിട്ടുണ്ടെന്നും വരുത്തിത്തീർക്കുവാൻ ചെയ്ത വിദ്യയാണ് ഈ അർത്ഥത്തിൽ മുഴച്ചു കാണുന്നത് ഇതിൽ ‘എനിക്കല്ല’ എന്ന് ധ്വനിപ്പിച്ചതും, ‘വലിയ’ എന്ന വിശേഷണം കൂട്ടിച്ചേർത്തതും തനി കുതന്ത്രമാണെന്ന് അറബി ഭാഷ അറിയുന്നവർക്കറിയാം. ഇങ്ങിനെയുള്ള അതിസാമർത്ഥ്യങ്ങളെല്ലാം നടത്തി ക്വുർആൻ ആയത്തുകളെ അന്യഥാ വ്യാഖ്യാനിക്കുവാൻ മുതിരുന്നതിനെക്കാൾ ഭേദം, ഇന്നിന്ന ആയത്തുകളിൽ പ്രസ്താവിച്ച ഇന്നിന്ന കാര്യങ്ങൾ ഞങ്ങളുടെ അഭിപ്രായത്തിന് യോജിക്കുന്നില്ലെന്ന് തുറന്നു പറയുകയായിരുന്നു! (معاذ الله)






ബിൽക്വീസിന്റെ സമ്മാനങ്ങളിൽ സിംഹാസനം ഉണ്ടായിരുന്നുവോ?






സുലൈമാൻ നബി (عليه السلام) ക്ക് ബിൽക്വീസ് കൊടുത്തയച്ച സമ്മാനങ്ങൾ അദ്ദേഹം സ്വീകരിച്ചിട്ടുണ്ടെന്ന് ഇവർ വാദിച്ചതിലടങ്ങിയ ഗൂഢ രഹസ്യം 38-ാം വചനത്തിലേക്ക് കടക്കുമ്പോഴാണ് നമുക്ക് കാണാൻ കഴിയുക. അവർ മുസ്ലീംകളായികൊണ്ട് തന്റെ അടുക്കൽ വരുന്നതിന് മുമ്പ് ആരാണ് അവളുടെ സിംഹാസനം എനിക്ക് കൊണ്ടുവന്നു തരിക എന്ന് സുലൈമാൻ (عليه السلام) തന്റെ ആൾക്കാരോട് ചോദിച്ചു (……أَيُّكُمْ يَأْتِينِي بِعَرْشِهَا) എന്നാണ് ആ വചനത്തിലുള്ളത്. യമനിൽ സ്ഥിതി ചെയ്യുന്നതും, ഒരു വമ്പിച്ച സിംഹാസനം (عَرْشٌ عَظِيمٌ) എന്ന് മരക്കൊത്തി വിശേഷിപ്പിച്ചതുമായ ആ സിംഹാസനമാണ് ഇവിടെ അവളുടെ സിംഹാസനം (عَرْشَهَا) കൊണ്ട് വിവക്ഷ. സുലൈമാൻ (عليه السلام) തന്റെ സ്ഥാനത്ത് നിന്ന് എഴുന്നേറ്റു പോകും മുമ്പ് താനത് കൊണ്ടുവന്നു തരാമെന്ന് ഒരു ജിന്ന് പറഞ്ഞുവെന്നും, കണ്ണടച്ചു മിഴിക്കുമ്പോഴേക്ക് കൊണ്ടുവരാമെന്ന് വേറൊരാൾ പറഞ്ഞുവെന്നും, അങ്ങനെ അത് തന്റെ മുമ്പിൽ എത്തിക്കണ്ടപ്പോൾ അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു വെന്നുമാണ് 39 ഉം 40 ഉം വചനങ്ങളുടെ ചുരുക്കം. ഇത് സമ്മതിക്കുവാൻ തക്കം വണ്ണം ഇവരുടെ ശാസ്ത്രവും, യുക്തിയും പുരോഗമിച്ചിട്ടില്ലല്ലോ. ഇതിന് പരിഹാരമായി ഇവർ താഴെ കാണുന്ന രണ്ട് ന്യായങ്ങളാണ് കണ്ടു പിടിച്ചത്:



(1) രാജ്ഞിയുടെ സമ്മാനങ്ങൾ സുലൈമാൻ (عليه السلام) സ്വീകരിച്ചിരുന്നു. അതിൽ ഒരു സിംഹാസനവും ഉണ്ടായിരുന്നു. അദ്ദേഹം ഫലസ്തീനിൽ സൂക്ഷിച്ചിരുന്നു. രാജ്ഞി വരുമ്പോൾ സ്വീകരിക്കാനായി അദ്ദേഹം ഒരു പളുങ്കു കൊട്ടാരം നിർമിച്ചത് വഴി മദ്ധ്യെ വെച്ചായിരുന്നു. അപ്പോഴാണ് രാജ്ഞി വന്നാൽ യോജിച്ച ഒരു സീറ്റ് കൊടുക്കേണ്ട കാര്യം ആലോചിച്ചത്. ഉടനെ ആ സിംഹാസനം കൊണ്ടുവരണമെന്നായി. സൂര്യാരാധകൻമാരായ യമൻകാർ നിർമിച്ച ആ സിംഹാസനത്തിൽ പല ദേവീദേവൻമാരുടെ ചിത്രങ്ങളും ഉണ്ടായെന്നു വരും. അതൊക്കെ ഒന്ന് ഭേദപ്പെടുത്തിയാൽ തൽക്കാലം അവളെ അതിൻമേൽ ഇരുത്താമെന്ന് അദ്ദേഹം കരുതി. കണ്ണടച്ചു മിഴിക്കുമ്പോഴേക്ക് എന്ന് പറഞ്ഞതിന് വളരെ വേഗം എന്നേ അർത്ഥമുള്ളൂ. ഇതാണ് ഒന്നാമത്തെ ന്യായത്തിന്റെ പോക്ക്.ഈ പ്രസ്താവന വളരെ സമർത്ഥം തന്നെ! എന്നാൽ യഥാർത്ഥ വിരുദ്ധവും, യുക്തിഹീനവുമായിപ്പോയി!



(2) രാജ്ഞിയും കൂട്ടരും യമനിൽ നിന്ന് പുറപ്പെട്ടു പോന്നശേഷം, അവർ കോട്ടക്കകത്ത് വെച്ചു പൂട്ടിപ്പോന്ന സിംഹാസനം എങ്ങിനെയാണ് ഒരു നബി മോഷ്ടിച്ചു കൊണ്ടുവരുവാൻ ആവശ്യപ്പെടുക? ആകയാൽ അവളുടെ സിംഹാസനം എന്ന് പറഞ്ഞത് യമനിൽ സ്ഥിതിചെയ്യുന്ന അതേ സിംഹാസനമായിരിക്കുവാൻ നിവൃത്തിയില്ല;സമ്മാനങ്ങളുടെ കൂട്ടത്തിൽ മുമ്പ് വാങ്ങി വെച്ചതും, ഫലസ്തീനിൽ സൂക്ഷിച്ചതുമായ ആ സിംഹാസനം തന്നെയാണ്. ഇതാണ് രണ്ടാമത്തെ ന്യായം. സ്വന്തം യുക്തിവാദങ്ങളല്ലാതെ ഈ രണ്ട് ന്യായങ്ങൾക്കും ഇവർ ഒരു തെളിവും കൊണ്ടുവരുന്നില്ല.



ബിൽക്വീസ് കൊടുത്തയച്ചിരുന്ന സമ്മാനം സ്വർണം, രത്നം മുതലായവയായിരുന്നുവെന്നാണ് മുഫസ്സിറുകൾ പറഞ്ഞു കാണുന്നത്. സ്വർണപ്പാത്രങ്ങളായിരുന്നുവെന്നതാണ് ഇബ്നു കഥീർ (رحمه الله) ബലപ്പെടുത്തിയിട്ടുള്ളത് (*) അല്ലാഹുവിനിയാം. ഏതായാലും, ആ സമ്മാനത്തിൽ ഒരു സിംഹാസനമുണ്ടായിരുന്നതായി ആരും പ്രസ്താവിക്കുന്നില്ല. ഉണ്ടായിരുന്നുവെങ്കിൽ ഇവർ തന്നെ അത് തേടിപ്പിടിക്കുമായിരുന്നു. സമ്മാന വസ്തുക്കൾ എന്ത് തന്നെ ആയിരുന്നാലും, അതു സ്വീകരിക്കാതെ നിരസിക്കുകയാണ് സുലൈമാൻ നബി (عليه السلام) ചെയ്തതെന്ന് നാം ഇതിനു മുമ്പ് കണ്ട് കഴിഞ്ഞതാണ്. യമനിൽ സ്ഥിതി ചെയ്യുന്ന ഒരു സിംഹാസനം, കേവലം സാധാരണ മനുഷ്യ സാധ്യമല്ലാത്ത മാർഗേണ പെട്ടന്ന് സുലൈമാൻ നബി (عليه السلام) യുടെ അടുക്കൽ എത്തിച്ചേർന്നുവെന്ന് വരാതിരിക്കുവാൻ വേണ്ടി സംഭവത്തിനൊരു പുതിയരൂപം ഇവർ നിർമിച്ചുണ്ടാക്കി എന്നേ 1-ാം ന്യായത്തെപ്പറ്റി പറയുവാനുള്ളൂ.






(*) ബിൽക്വീസ് സമ്മാനം കൊടുത്തയച്ച സംഭവം ബൈബിളിൽ കാണുന്നില്ലെങ്കിലും, അവൾ സുലൈമാൻ (عليه السلام) യുടെ കീർത്തികേട്ട് നേരിൽ സന്ദർശിക്കുവാൻ ചെന്നുവെന്നും, അനവധി സ്വർണവും, രത്നങ്ങളും, സുഗന്ധദ്രവ്യങ്ങളും കൊണ്ടുപോയിരുന്നുവെന്നും അതിലും കാണുന്നു. (1 രാജാക്കൾ :10)






രാജ്ഞിയുടെ കൊട്ടരത്തിലിരിക്കുന്ന സിംഹാസനമായിരുന്നു സുലൈമാൻ നബി (عليه السلام) യുടെ അടുക്കൽ കൊണ്ടുവരപ്പെട്ടതെങ്കിൽ, അതൊരു മോഷണമോ, കൊള്ളയോ ആയി ഗണിക്കപെടുമോ എന്നാണെനി ആലോചിക്കുവാനുള്ളത്. ഒന്നുകിൽ വഹ് യ് മൂലം, അല്ലെങ്കിൽ ബിൽക്വീസ് നേരത്തെക്കൂട്ടി വിവരമറിയിച്ചതു നിമിത്തം, അതുമല്ലെങ്കിൽ മരക്കൊത്തി കത്ത് കൊടുത്തു മടങ്ങി വന്നപ്പോൾ അറിയിച്ച പ്രകാരം- ഇങ്ങിനെ ഏതെങ്കിലും വിധേന- ബിൽക്വീസും കൂട്ടരും മുസ്ലിംകളായികൊണ്ടും, കീഴൊതുങ്ങികൊണ്ടും, തന്റെ അടുക്കൽ വരുവാൻ പോകുന്നുണ്ടെന്ന വിവരം സുലൈമാൻ (عليه السلام) മുൻകൂട്ടി അറിഞ്ഞിരുന്നുവെന്ന് തീർച്ചയാണ്. അവർ മുസ്‌ലിംകളായിക്കൊണ്ട് എൻെറ അടുക്കൽ വരും മുമ്പ് ആരാണവളുടെ സിംഹാസനം കൊണ്ട് വന്നു തരുക? (ايكم يءتيني بعرشها قبل أن يءتوني مسلمين) എന്നാണല്ലോ അദ്ദേഹം പറഞ്ഞത്. അത് പോലെത്തന്നെ, സുലൈമാൻ നബി (عليه السلام) യുടെ സ്ഥിതിഗതികൾ അദ്ദേഹത്തിന്റെ അടുക്കൽ ചെല്ലുന്നതിനു മുമ്പുതന്നെ ബിൽക്വീസും ഏറെക്കുറെ മനസ്സിലാക്കിയിരുന്നു. സമ്മാനം കൊണ്ട് പോയിരുന്ന ദൂതൻമാർ മുഖാന്തരമായിരിക്കാം അത്. 42-ാം വചനത്തിൽ ഞങ്ങൾക്ക് ഇതിന് മുമ്പ് തന്നെ അറിവ് നൽകപെട്ടിരിക്കുന്നു ഞങ്ങൾ മുസ്‌ലിംകളാകുകയും ചെയ്തിരിക്കുന്നു. واوتيناالعلم من قبلها وكنا مسلمين) എന്ന് ബിൽക്വീസും പ്രസ്താവിക്കുന്നത് അതുകൊണ്ടാകുന്നു. രണ്ടാളുടെ വാക്കിലും മുസ്‌ലിംകളായിക്കൊണ്ട് എന്നു പറഞ്ഞതിൻെറ താല്പര്യം, ഇസ്ലാമിനെ അംഗീകാരിക്കുക വഴി അല്ലാഹുവിന് കീഴൊതുങ്ങിയവരായി കൊണ്ട് എന്നാണെന്ന് നാം ഇതിനു മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.



മുസ്‌ലിമായിക്കഴിയുന്നതോടൊപ്പം സുലൈമാൻ നബി (عليه السلام) യിൽ വിശ്വസിക്കലും, അദ്ദേഹത്തിന് കീഴൊതുങ്ങലും അനിവാര്യമാണ് താനും. ചുരുക്കത്തിൽ ബിൽക്വീസും കൂട്ടരും വരുന്നത് മുസ്‌ലിംകളായിക്കൊണ്ടും, സുലൈമാൻ നബി (عليه السلام) യുടെ മഹത്വം മനസ്സിലാക്കികൊണ്ടുമാണ് ഈ വിവരം അദ്ദേഹം മുൻകൂട്ടി അറിയുകയും ചെയ്തിരിക്കുന്നു. എന്നിരിക്കെ, താൻ യമനിൽ സൂക്ഷിച്ചു പോന്ന ആ സിംഹാസനം അവൾ ഫലസ്തീനിൽ വരുമ്പോൾ അവിടെ എത്തി കണ്ടാൽ അത് സുലൈമാൻ (عليه السلام) മോഷ്ടിച്ചതോ കവർന്നെടുത്തതോ ആണെന്ന് പറയുമോ? ഊഹിക്കുമോ? ഒരിക്കലുമില്ല. മറിച്ച് അദ്ദേഹം അല്ലാഹുവിനാൽ പ്രത്യേകം അനുഗ്രഹിക്കപ്പെട്ട ഒരു പ്രവാചകൻ തന്നെയാണ് അദ്ദേഹത്തിന് അല്ലാഹു സാധിപ്പിച്ചു കൊടുത്ത ഒരു അമാനുഷിക ദൃഷ്ടാന്തമാണത്. തങ്ങൾ അനുമാനിച്ചതിനെക്കാൾ കവിഞ്ഞ നിലപാടണ് അദ്ദേഹത്തിനുള്ളത് എന്നൊക്കെ അവൾക്ക് ബോധ്യപ്പെടുകയും, അത് പ്രഖ്യാപിക്കുകയുമായിരിക്കും ഉണ്ടാവുക. അദ്ദേഹത്തിന്റെ പേരിൽ അവൾക്ക് അതിന് മുമ്പുണ്ടായിരുന്ന മതിപ്പ് വർദ്ധിക്കുകയും ചെയ്യും. (*) സംശയമില്ല. എനി അവൾ സുലൈമാൻ നബി (عليه السلام) യോട് : താങ്കൾ എൻെറ സിംഹാസനം ഇവിടെ വരുത്തിച്ചതിൽ താങ്കൾക്കുള്ള ദിവ്യ സഹായം ഞാൻ മനസ്സിലാക്കി; എങ്കിലും ഇതെൻെറ സിംഹാസനമല്ലേ- ഇതെനിക്ക് തന്നെ തിരിച്ചു കിട്ടണം എന്ന് പറഞ്ഞുവെന്നുവെക്കുക; അപ്പോൾ, തീർച്ചയായും അദ്ദേഹം അതവൾക്കുതന്നെ- ഒരു പക്ഷേ, അവളുടെ കണ്ണടച്ചു മിഴിക്കുമ്പോഴേക്ക് തന്നെ-തിരിച്ചെത്തിച്ചു കൊടുക്കുകയും ചെയ്തിരിക്കാം. പിന്നീട് എന്ത് സംഭവിച്ചുവെന്ന് അല്ലാഹുവിനറിയാം.






* സുലൈമാൻ നബി (عليه السلام) യുടെ അടുക്കൽ നേരിൽ വന്നു കണ്ടപ്പോൾ, താൻ അദ്ദേഹത്തെപ്പറ്റി മുമ്പ് കേട്ടിരുന്നതെല്ലാം സത്യമാണെന്ന് ബോധ്യപ്പെട്ടുവെന്നും, കേട്ട കീർത്തിയെക്കാൾ എത്രയോ അധികമുള്ളതായിട്ടാണ് അനുഭവത്തിൽ കണ്ടതെന്നും രാജ്ഞി പ്രസ്താവിച്ചതായി ബൈബ്ളിൽ (രാജാക്കൾ : 10) പറഞ്ഞിട്ടുള്ളതും സ്മരണീയമാണ്.






രാജ്ഞി വരുന്നതിനു മുമ്പ് ആ സിംഹാസനം അവിടെ കൊണ്ടുവന്നതിൻെറ ഉദ്ദേശ്യം എന്തായിരിക്കും? അവൾക്ക് യോജിച്ച ഒരു സീറ്റ് കൊടുക്കാനാണെന്ന് ഇവർ പറഞ്ഞത് ഒരിക്കലും ശരിയല്ല. രാജ്ഞിയെ സ്വീകരിക്കുവാൻ പെട്ടെന്ന് വഴി മദ്ധ്യേ വെച്ച് ഒരു വമ്പിച്ച പളുങ്കുകൊട്ടാരം തയ്യാറാക്കിയ സുലൈമാൻ നബി (عليه السلام) ക്ക് അവൾക്ക് വന്നിരിക്കുവാൻ അനുയോജ്യമായ ഒരു ഇരിപ്പിടം തയ്യാറാക്കാൻ കഴിഞ്ഞില്ലെന്നോ, അതിന്റെ ഓർമ വന്നില്ലെന്നോ കരുതുവാനും, അത് പറയുവാനും ഇവർക്കേ സാധിക്കുകയുള്ളൂ. അതിന്റെ നിവാരണാർത്ഥം – ഇവരുടെ വാദപ്രകാരം- അവൾ മുമ്പ് സമ്മാനിച്ച അതേ ഇരിപ്പിടം തന്നെ കൊടുക്കുകയും, അതവൾ അറിയുകയും ചെയ്യുക, ഇതെത്രമാത്രം അപമാനവും, പോരായ്മയുമാണെന്ന് ആലോചിച്ചു നോക്കുക! സാധാരണക്കാരനായ ഒരാൾക്ക്‌ പോലും അതിന്ന് മനസ്സ് സമ്മതിക്കുമോ, ! പിന്നെയുണ്ടോ സുലൈമാൻ നബി (عليه السلام) ക്ക്, ! അല്ലാഹുവിൻെറ സ്പഷ്ടമായ പ്രസ്താവനകൾ പോലും വികൃതമാക്കി ചിത്രീകരിക്കുവാൻ ധൈര്യപ്പെടുന്നവർക്ക് സുലൈമാൻ നബി (عليه السلام) യുടെ മാന്യതയും മഹത്വവും പരിഗണിക്കാത്തതിൽ ആശ്ചര്യപ്പെടുവാനില്ല. സിംഹാസനം കൊണ്ടുവന്നതിൻെറ രഹസ്യത്തെപ്പറ്റി മുഫസ്സിറുകൾ പലവിധത്തിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും യുക്തമായിത്തോന്നുന്നത് അല്ലാമാ സയ്യിദ് ക്വുത്ബ് അവർകൾ അദ്ദേഹത്തിന്റെ തഫ്സീറിൽ പറഞ്ഞതാണ്. അതിപ്രകാരമാകുന്നു:



نرجح أن هذه كانت وسيلة لعرض مظاهر القوة الخارقة التى تؤيده لتؤثر في قلب الملكة وتقو دها الى الا ءيمان بالله والاذءان لدءوته (فى ظلال القران)



(സാരം: രാജ്ഞിയുടെ ഹൃദയത്തിൽ പതിയേണ്ടതും, അല്ലാഹുവിൽ വിശ്വാസിക്കുവാനും, തൻെറ-സുലൈമാൻ നബി (عليه السلام) യുടെ –ക്ഷണം സ്വീകരിക്കുവാനും അവളെ പ്രേരിപ്പിക്കുന്നതിനും വേണ്ടി അദ്ദേഹ (ത്തിൻെറ പ്രവാചകത്വ) ത്തെ ശക്തി പ്പെടുത്തുന്ന അസാധാരണ ശക്തിയുടെ രംഗങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു മാർഗമായിരുന്നു അത് (സിംഹാസനം വരുത്തിയത്) എന്നത്രേ നാം ബലമായി അഭിപ്രായപ്പെടുന്നത്. الله اءلم

സിംഹാസനം കൊണ്ടുവന്നതെങ്ങിനെ?



ബിൽക്വീസും കൂട്ടരും വരുന്നതിനു മുമ്പ് അവളുടെ സിംഹാസനം ആരാണ് കൊണ്ടുവരുക എന്ന് സുലൈമാൻ (عليه السلام) . ചോദിച്ചപ്പോൾ, അങ്ങുന്ന് ഈ സ്ഥാനത്ത് നിന്നെഴുന്നേൽക്കും മുമ്പ് ഞാൻ കൊണ്ടുവരാമെന്ന് ജിന്ന് വർഗത്തിൽപെട്ട ഒരു ഇഫ് രീത്ത് പറഞ്ഞു. (39-ാം വചനം) അദ്ദേഹത്തിന്റെ പട്ടാളത്തിൽ ജിന്ന് വർഗമുള്ളതും, ജിന്നുകൾക്ക് മനുഷ്യസാധ്യമല്ലാത്ത പലതിനും കഴിവുണ്ടെന്നതും അനിഷേധ്യമത്രേ. എന്നാൽ, അതിനെക്കാൾ വേഗത്തിൽ കൊണ്ടുവരണമെന്നായിരുന്നു സുലൈമാൻ നബി (عليه السلام) യുടെ ആവശ്യം. അപ്പോൾ, കിതാബിൽ നിന്നുള്ള ഒരു അറിവ് കൈവശമുണ്ടായിരുന്ന ഒരാൾ (الذي ءنده ءلم من الكتب) പറഞ്ഞു: അടച്ച കണ്ണു തുറക്കുമ്പോഴേക്ക് – അഥവാ കണ്ണു ചിമ്മിമിഴിക്കുമ്പോഴേക്ക് – ഞാനത് കൊണ്ടുവരാമെന്ന്. അങ്ങനെ, അത് തൻെറ അടുക്കൽ എത്തിക്കണ്ടപ്പോൾ അദ്ദേഹം അല്ലാഹുവിന് സ്തോത്രവും നന്ദിയും അരുളുകയും ചെയ്തു. (40 -ാം വചനം നോക്കുക) ഇതാണ് സിംഹാസനം കൊണ്ടു വന്നതിനെക്കുറിച്ച് അല്ലാഹു പ്രസ്താവിച്ചത്.



‘കിതാബ് ‘ കൊണ്ടുദ്ദേശ്യം ഏതാണ്? ഒരു അറിവ് എന്ന് പറഞ്ഞത് ഏത് തരത്തിലുള്ളതാണ്, ഈ അറിവ് നേടിയ ആൾ ആരായിരുന്നു, അയാൾ സിംഹാസനം എങ്ങിനെ എത്തിച്ചു, ഇതൊന്നും തീർത്തു പറയത്തക്ക യാതൊരു ലക്ഷ്യവുമില്ല. അല്ലാഹു പറഞ്ഞു തന്നത് അതേ രൂപത്തിൽ വിശ്വസിക്കുക മാത്രമാണ് നമ്മുടെ കടമ. കൂടുതൽ വിശദമായി അറിയൽ ആവശ്യമായിരുന്നുവെങ്കിൽ അല്ലാഹു തന്നെ വിശദീകരിച്ചു പറയുമായിരുന്നു. കിതാബ് കൊണ്ടുദ്ദേശ്യം തൗറാത്താണെന്നും, പൊതുവിലുള്ള വേദഗ്രന്ഥങ്ങളാണെന്നും, സുലൈമാൻ നബി (عليه السلام) ലഭിച്ചിരുന്ന പ്രത്യേക ദൈവീക സന്ദേശങ്ങളാണെന്നും മുഫസ്സിറുകൾ അഭിപ്രായപ്പെട്ടു കാണുന്നുണ്ട്. ഇതെല്ലാം തന്നെ കിതാബിൻെറ അർത്ഥവ്യാപ്തിയിൽ ഉൾപ്പെടുമെന്നല്ലാതെ ഒന്നും സ്ഥിരീകരിക്കുവാൻ തെളിവുകളില്ല. 28, 29 വചനങ്ങളിൽ സുലൈമാൻ നബി (عليه السلام) യുടെ കത്തിനെക്കുറിച്ച് കിതാബ് എന്ന് പറഞ്ഞിട്ടുള്ളതുകൊണ്ട് അതാവാം ഇവിടെ ഉദ്ദേശ്യമെന്നും ചിലർ പറയുന്നു. പല കാരണങ്ങൾ കൊണ്ട് ഈ അഭിപ്രായവും സ്വീകരിക്കുവാൻ വഴി കാണുന്നില്ല. എഴുത്ത്, ഗ്രന്ഥം, രേഖ എന്നൊക്കെ ആ വാക്കിന് അർത്ഥമുണ്ടെങ്കിലും ഇവിടെ അതുകൊണ്ട് എന്താണുദ്ദേശ്യം എന്ന് നിർണയിക്കുവാൻ വല്ല തെളിവും വേണം. തെളിവൊന്നുമില്ലാത്തപ്പോൾ വേദഗ്രന്ഥം എന്ന അർത്ഥത്തിലാണ് ആ വാക്ക് ഖുർആൻ ഉപയോഗിച്ചു കാണാറുള്ളത്.



നമ്മുടെ പുതിയ വ്യാഖ്യാനക്കാർ പറയുന്നത് ശാസ്ത്ര ഗ്രന്ഥങ്ങളെയാണ് കിതാബ് കൊണ്ടുദ്ദേശ്യമെന്നും ശാസ്ത്രജ്ഞാനമാണ് അറിവ് കൊണ്ടുദ്ദേശ്യമെന്നുമാകുന്നു. ഈ ഉദ്ദേശ്യത്തിൽ കിതാബ് എന്ന പദം ക്വുർആനിൽ എവിടെയും ഉപയോഗിച്ചിട്ടില്ല. കാര്യപ്പെട്ട ഒരു മുഫസ്സിറും അങ്ങിനെ അഭിപ്രായപ്പെട്ടിട്ടുമില്ല. ശാസ്ത്രനേട്ടവും യാന്ത്രിക ശക്തിയും ഇന്ന് അങ്ങേയറ്റം പുരോഗമിച്ചിരിക്കുകയാണല്ലോ. എന്നിട്ട് പോലും ഇക്കാലം വരെ സിംഹാസനം പോലെയുള്ള ഒരു വലിയ വസ്തു നൊടിയിടകൊണ്ട് നൂറുകണക്കിന് നാഴിക ദൂരത്തേക്ക് നീക്കം ചെയ്യാൻ മനുഷ്യന് കഴിഞ്ഞതായി അറിയില്ല. അൽപം മുമ്പ് റഷ്യയിലെ ചരിത്ര പ്രസിദ്ധമായ ഒരു കോട്ട തൽസ്ഥാനത്ത് നിന്ന് കുറച്ചകലത്തേക്ക് അടിയോടെ നീക്കം ചെയ്ത വാർത്ത പത്രങ്ങളിൽ കണ്ടിരുന്നു. പക്ഷേ, എത്രയോ വിദഗ്ധ ൻമാരുടെയും പല യന്ത്രങ്ങളുടെയും വമ്പിച്ച പ്രവർത്തനങ്ങൾ സംയോജിപ്പിച്ചുകൊണ്ട് നിർവഹിക്കപെട്ട ആ കൃത്യം പ്രായോഗികമാകുവാൻ കുറെ നാളുകൾ വേണ്ടി വന്നിട്ടുണ്ടെന്നത് സ്മരണീയമാണ്. ശാസ്ത്രീയ വീക്ഷണത്തിന്റെ പരിധിക്കപ്പുറത്ത യാതൊന്നും നോക്കിക്കാണുവാൻ തയ്യാറില്ലാത്തവർക്കും, ബാഹ്യമായ ഈ ഭൗതിക പ്രകൃതിനിയമങ്ങൾക്കതീതമായി സ്ഥിതി ചെയ്യുന്ന സാധ്യതയുടെ വൃത്തവിശാലതയെകുറിച്ച് മനസിലാക്കാത്തവർക്കും യമനിൽ ഇരിക്കുന്ന സിംഹാസനം ഫലസ്തീനിൽ കൊണ്ടുവരുവാൻ ശാസ്ത്ര വിജ്ഞാനമല്ലാതെ മറ്റൊരു വിജ്ഞാനവും ഉള്ളതായി ഊഹിക്കുവാനോ സമ്മതിക്കുവാനോ സാധ്യമല്ല തന്നെ.

‘വേദഗ്രന്ഥം പഠിച്ചതുകൊണ്ട് ഇത്തരം കാര്യങ്ങൾക്കു സാധിക്കുന്നതല്ല ‘ എന്നാണ് ഇവരതിനു ന്യായം കാണുന്നത്. വേദഗ്രന്ഥം പഠിച്ചവരിൽ തന്നെ തോന്നിയവാസികളെയും ദുഷ്ടന്മാരെയും കാണപ്പെടാറുണ്ട്. അവരിൽ അല്ലാഹുവിൻറെ കാരുണ്യത്തിനും, പ്രീതിക്കും പാത്രവാന്മാരായ പുണ്യാത്മാക്കളെയും കാണാം. അപ്പോൾ, വേദഗ്രന്ഥം പഠിച്ചതുമാത്രം ഇത്തരം കാര്യങ്ങൾ നിർവ്വഹിക്കുവാനുള്ള അർഹതയായി നാമും ഗണിക്കുന്നില്ല. പക്ഷേ, വേദഗ്രന്ഥത്തിൽനിന്ന് ലഭിക്കുന്ന അറിവും, അറിവുകൊണ്ടുളള പ്രയോജനവും എല്ലാവർക്കും ഒരുപോലെയല്ല വിശുദ്ധ ഖുർആനിൽനിന്ന് ലഭിക്കുന്ന അറിവും, അറിവുകൊണ്ടുള്ള പ്രയോജനവും എല്ലാവർക്കും ഒരുപോലെയല്ല വിശുദ്ധ ഖുർആനിൽനിന്ന് നബി (ﷺ) തിരുമേനിക്കും, അബൂബക്കർ ഉമ്മർ (رضي الله عنه) മുതലായവർക്കും, നമ്മെപ്പോലെയുള്ള സാധാരണക്കാർക്കും ലഭിക്കുന്ന അറിവുകളും, ഖുർആൻ്റെ ബദ്ധവൈരികളായ ചിലർക്ക് അതിൽ നിന്നു കിട്ടുന്ന അറിവും എല്ലാം തന്നെ ഒരേ കിടയിലുള്ളതാണെന്ന് ആരും കരുതുമെന്ന് തോന്നുന്നില്ല. (*) അതേ സമയത്ത് വേദഗ്രന്ഥം ‘പഠിച്ചറിഞ്ഞ ഒരാൾ ‘എന്നല്ല അല്ലാഹു ഇവിടെ പറഞ്ഞട്ടുള്ളത്. الَّذِي عِندَهُ عِلْمٌ مِنَ الْكِتَابِ (വേദഗ്രന്ഥത്തിൽനിന്നുമുള്ള ഒരു അറിവ് തൻ്റെ പക്കലുണ്ടായിരുന്ന ഒരാൾ) എന്നത്രെ അല്ലാഹു പറഞ്ഞ വാക്ക്. വേദ ഗ്രന്ഥത്തിൽനിന്ന് എല്ലാവർക്കും ലഭിക്കാറില്ലാത്ത ഏതോ ഒരു പ്രത്യക വിജ്ഞാനം അയാളുടെ പക്കൽ ഉണ്ടായിരുന്നുവെന്നാണ് ഈ പ്രയോഗത്തിൽനിന്നു മനസിലാക്കേണ്ടത്. ഇതേതുതരം ജ്ഞാനമായിരുന്നുവെന്നു നമുക്കറിഞ്ഞുകൂടാ. എങ്കിലും ഒരു യാഥാർഥ്യം അനിഷേധ്യമാണ്. പല മഹാന്മാരും അതാണിവിടെ ചൂണ്ടിക്കാട്ടുന്നതും. അല്ലാഹുവിന്റെ അപാരമായ കഴിവ്, പ്രവാചകന്മാരുടെ കൈക്ക് ചിലപ്പോൾ അവൻ വെളിപ്പെടുത്താറുള്ള അമാനുഷിക ദൃഷ്ടാന്തങ്ങൾ, അല്ലാഹുവിന്റെ സാമീപ്യവും പ്രീതിയും ലഭിച്ചവരുടെ പ്രാർത്ഥനക്കുള്ള ശക്തി, മഹാത്മാക്കളായ ചിലർക്ക് അള്ളാഹു കൊടുത്തരുളുന്ന അനുഗ്രഹസിദ്ധി ആധിയായവയുടെ മുമ്പിൽ ഈ ശാസ്ത്രീയ വീക്ഷണങ്ങൾക്കും, ന്യായവാദങ്ങൾക്കും സ്ഥാനമില്ലാത്തതാണ്.






(*) നബി തിരുമേനിക്കും മറ്റെല്ലാവരെ പോലെയല്ലാതെ ഖുർആൻ മനസ്സിലാക്കുവൻ കഴിയുകയില്ലെന്ന് പരോക്ഷമായിട്ടെങ്കിലും വാദിക്കുന്ന ചില കക്ഷികളും ഇപ്പോൾ ഉടലെടുത്തിട്ടുണ്ട്‌. ഇസ്ലാമിന്റെ പേരിൽ എനി ഏതെല്ലാം കക്ഷികളാണ് ഉണ്ടാവുക എന്ന് അല്ലാഹുവിന്‌ അറിയാം.






‘കിതാബ് ‘ കൊണ്ട് ഇവിടെ ഉദ്ദേശ്യം അല്ലാഹുവിന്റെ ജ്ഞാനരേഖയാകുന്ന ‘ലൗഹുൽ മഹ്ഫൂള്വ് ‘ (اللوح المخفوظ) ആണെന്നും ചില മഹാന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അപ്പോൾ, അല്ലാഹുവിൽനിന്നുള്ള വഹ് യു മൂലം നൊടിയിടകൊണ്ട് സിംഹാസനം എത്തിക്കുവാനുള്ള ഒരു രഹസ്യമാർഗം സുലൈമാൻ നബി (عليه السلام) ക്കോ, അദ്ദേഹം വഴി അദ്ദേഹത്തിനുവേണ്ടി അദ്ദേഹത്തിൻ്റെ ആൾക്കാരിൽ ഒരാൾക്കോ തുറന്നുകിട്ടിയെങ്കിൽ അതിലൊട്ടും അസാംഗത്യമില്ല. വേദഗ്രന്ഥത്തിൽനിന്നുള്ള ആ അറിവ് നേടിയിരുന്ന ആൾ ആദ്യത്തെ ജിന്നിനേക്കാൾ ഉന്നതനായിരുന്ന മറ്റൊരു ജിന്നാണെന്നും, അതല്ല ഒരു മനുഷ്യനായിരുന്നുവെന്നും അഭിപ്രായങ്ങളുണ്ട്. സുലൈമാൻ (عليه السلام) നബി തന്നെയായിരുന്നു ആ ആളെന്നാണ് ഇമാം റാസി (رحمه الله) മുതലായ ചിലർ പറയുന്നത്. പക്ഷെ, ഖുർആൻ്റെ വാക്യങ്ങളുടെ പ്രത്യക്ഷ സ്വഭാവം നോക്കുമ്പോൾ അതു സുലൈമാൻ (عليه السلام) ആയിരിക്കുകയില്ലെന്നാണ് മനസിലാകുന്നത്. അല്ലാഹുവിനറിയാം.



‘വേദഗ്രന്ഥത്തിൽനിന്നുള്ള അറിവ് ‘ (عِلْمٌ مِّنَ الْكِتَابِ) എന്ന് പറഞ്ഞതിൻ്റെ താല്പര്യം, ‘ ഇസ് മുൽ അഅ്‌ള്വം ‘ (اسم اللّه الاعظم) (അഥവാ അല്ലാഹുവിൻ്റെ ഏറ്റവും മഹത്തായ തിരുനാമം) ആണെന്നത്രെ ചില മഹാന്മാർ പ്രസ്താവിച്ചുകാണുന്ന വേറൊരഭിപ്രായം. നാം ഈ അഭിപ്രായത്തെ ശരിവെക്കുവാനോ, നിഷേധിക്കുവാനോ തയ്യാറില്ല. രണ്ടിനും തെളിവു കാണുന്നുമില്ല എന്നാൽ, നമ്മുടെ ശാസ്ത്രീയക്കാർ ഈ അഭിപ്രായത്തെയും പരിഹസിച്ചുതള്ളുന്ന രീതി വിചിത്രമാണ്. ‘അസ്മാഇന്റെ പണിയാകട്ടെ, അത് അനിസ്ലാമികമാണ്. അതിലുള്ള വിശ്വാസം ഇസ്‌ലാമിന് നിരക്കാത്തതുമാണ് ‘. ഇതാണ് ആ ന്യായം. ‘അജ്ഞനം നമുക്കറിയാം, മഞ്ഞൾ പോലെ വെളുത്തിട്ട്’ എന്നൊരു പഴഞ്ചൊല്ലുണ്ട്‌. അത്പോലെയാണീ ന്യായം. ഇസ്‌മുൽ അഅ്‌ള്വമിനെക്കുറിച്ചുളള അറിവും അസ്മാഇന്റെ പണിയും ഒന്നാണ് പോൽ! സ്വന്തം ആശയങ്ങൾക്കെതിരായ ഹദീസുകളെ പരിഹാസപൂർവ്വം പുറംതള്ളിക്കളയുന്ന ഇവർക്ക് ഹദീഥ് ഉദ്ധരിച്ചു കാര്യം മനദ്‌സിലാക്കാമെന്ന ധാരണ നമുക്കില്ല.എങ്കിലും സത്യവിശ്വാസികൾക്ക് ധാരണ മനസ്സിലാക്കാൻ വേണ്ടിയും, ഇവരുടെ ആശയങ്ങൾ ഖുർആനിൽ ഉൾക്കൊള്ളിക്കുന്നതിന് ഇവർ നടത്തുന്ന ഉപായങ്ങൾ സാധാരണക്കാർ ഗ്രഹിക്കുവാൻ വേണ്ടിയും നബി (ﷺ) അരുളിച്ചെയ്ത ഒരു ഹദീഥ്‌ ഇവിടെ ഉദ്ധരിക്കാം. അല്ലാഹുവിന്റെ തിരുനാമങ്ങളിൽപ്പെട്ട ചില നാമങ്ങൾ ഉപയോഗിച്ചുകൊണ്ട് പ്രാർത്ഥനചെയ്ത ഒരാളെപ്പറ്റി അവിടുന്ന് പറഞ്ഞവാക്ക് ഇപ്രകാരമാണ്:

دعا اللّه باسمه الأعظم الذي اذا دعى به أجاب وإذا سئل به أعطى رواه الترمذي وأبو داود والنسائي وابن ماجة

(അല്ലാഹുവോട് പ്രാർത്ഥിച്ചാൽ അവൻ ഉത്തരം നൽകുകയും അവനോട് ചോദിച്ചാൽ അവൻ കൊടുക്കുകയും ചെയ്യുന്നതായ അവന്റെ അതിമഹത്തായ നാമത്തിലാണ് അവൻ പ്രാർത്ഥിച്ചത്. (തി: അബൂ: ന: ഇ:)



ഇതുപോലെയുള്ള ഹദീഥുകൾ വേറെയും കാണാം. എന്നാൽ, ഏതാണ് ഈ നാമങ്ങളെന്ന് ഹദീഥുകളിൽ ഖണ്ഡിതമായി പ്രസ്താവിക്കപ്പെട്ടു കാണുന്നില്ല. ഇതിൽ ചില യുക്തികൾ അടങ്ങിയിരിക്കാം. സ്ഥലദൈർഘ്യം ഭയന്നു ഇവിടെ ആ ഭാഗത്തേക്ക് തിരിയുന്നില്ല.



ശാസ്ത്രീയമായ അറിവ് ഉപയോഗപ്പെടുത്തിയാണ് കണ്ണടച്ചു മിഴിക്കുമ്പോഴേക്ക് സിംഹാസനം കൊണ്ടുവന്നതെന്ന് വാദിച്ചപ്പോൾ ഇവർക്കൊരു സംശയം! അത്ര വേഗത്തിൽ കൊണ്ടുവരാൻ ശാസ്ത്രജ്ഞാനത്തിന്‌ സാധിക്കുകയില്ലല്ലോ എന്ന്. അതിനൊരു സൂത്രവും ഇവർ കണ്ടെത്തി: വേഗം എന്നേ ആ പറഞ്ഞതിനർത്ഥമുള്ളൂവെന്ന്! ഇത് ഒരർത്ഥത്തിൽ നാമും സമ്മതിക്കാം. പക്ഷെ, ദൈവികമായ പ്രത്യേക സഹായങ്ങളൊന്നും കൂടാതെ, ശാസ്ത്രീയജ്ഞാനം മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ട് സിംഹാസനം അവിടെ എത്തിക്കുവാൻ വേണ്ടുന്ന ചുരുങ്ങിയ സമയം എന്നാണ് ഇവർ ഉദ്ദേശിക്കുന്നതെങ്കിൽ – അതാണിവരുടെ ഉദ്ദേശ്യം എന്ന് വ്യക്തമാണ്‌ – അത് ശരിയല്ല. കാരണം, സുലൈമാൻ നബി (عليه السلام) തന്റെ സ്ഥാനത്ത് നിന്ന് എഴുന്നേൽക്കുംമുമ്പായി താനത് കൊണ്ട് കൊണ്ടുവരാമെന്ന് ഒരു ജിന്ന് പറഞ്ഞത് പോരാഞ്ഞിട്ടാണല്ലോ കണ്ണടച്ചു മിഴിക്കുമ്പോഴേക്ക്കൊണ്ടുവരാൻ ഞാൻ തയ്യാറാണെന്ന് വേറൊരാൾ പറഞ്ഞത്. ആ നിലക്ക് കുറെ മാസങ്ങളോ, ദിവസങ്ങളോ – മണിക്കൂറുകൾ തന്നെയോ പിടിക്കുന്ന ആ വേഗത്തിനു ഇവിടെ സ്ഥാനമില്ല.






അതെല്ലാം സുലൈമാൻ (عليه السلام) നബിക്ക് സിദ്ധിച്ച പ്രത്യേകാനുഗ്രഹങ്ങളായിരുന്നു.






പ്രവാചകന്മാരെല്ലാം ഒരേ നിലക്കാരല്ല, അവരിൽ ചിലർക്കു ചിലരെക്കാൾ ശ്രേഷ്ഠതയുണ്ടായിരിക്കുമെന്ന് അല്ലാഹു ഖുർആനിൽ പ്രസ്താവിച്ചതാണ്. (2, 253; 17; 55). മുഹമ്മദ് നബി (ﷺ) തിരുമേനിയാണ് പൊതുവിൽ എല്ലാ പ്രവാചകന്മാരിലുംവെച്ച് കൂടുതൽ ശ്രേഷ്ഠനെന്ന കാര്യത്തിൽ ഭിന്നാഭിപ്രായമില്ല. എങ്കിലും ചില പ്രവാചകന്മാർക്കു മറ്റുള്ളവർക്കു സിദ്ധിക്കാത്ത ചില പ്രത്യേകാനുഗ്രഹങ്ങൾ നൽകപ്പെട്ടിരിക്കാം. വിരോധമില്ല. ഉദാഹരണമായി : അല്ലാഹുവിന്‍റെ സംസാരം കേൾക്കുകയെന്ന മഹാ ഭാഗ്യം സിദ്ധിച്ച പ്രവാചകനാണ് മൂസാ (عليه السلام) നബി. ‘അല്ലാഹുവിന്‍റെ സുഹൃത്ത് ‘ (خليل الله) എന്ന സ്ഥാനം ലഭിച്ചത് ഇബ്രാഹിം (عليه السلام) നബിക്കാണ്. ഇതുപോലെ, നബിമാരുടെ കൈക്ക് വെളിപ്പെടുന്ന അമാനുഷിക ദൃഷ്ടാന്തങ്ങളി (المعجزات) ലും വ്യത്യാസം കാണും. മൂസാ (عليه السلام) നബിയുടെ ദൃഷ്ടാന്തങ്ങളും, ഈസാ (عليه السلام) നബിയുടെ ദൃഷ്ടാന്തങ്ങളും ഇതിനുദാഹരണമാണ്. ദാവൂദ് (عليه السلام) നബിക്കു പ്രത്യേകമായും, അദ്ദേഹത്തിന്‍റെ പുത്രനായ സുലൈമാൻ (عليه السلام) നബിക്കു പ്രത്യേകമായും, രണ്ടാൾക്കും കൂട്ടായും മാത്രം സിദ്ധിച്ചതായി ഖുർആനിൽ ചില കാര്യങ്ങളും എടുത്തു പറഞ്ഞിട്ടുണ്ട്.



തന്നോടൊന്നിച്ച് രാവിലെയും വൈകുന്നേരവും തസ്ബീഹു നടത്തുമാറ് പർവ്വതങ്ങളും, പക്ഷികളും വിധേയമാക്കിക്കൊടുക്കപ്പെട്ടതും (38 : 18, 19 ; 34 : 10) ഇരുമ്പ് മിനുസപ്പെടുത്തിക്കൊടുത്തതും (34 : 10) മറ്റും ദാവൂദ് (عليه السلام) നബിയുടെ പ്രത്യേകതയായി പ്രസ്താവിച്ചിരിക്കുന്നു. കാറ്റു കീഴ്പ്പെടുത്തിക്കൊടുത്തതും (21 : 81 ; 34 : 12) ജിന്നുകളെ വശപ്പെടുത്തിക്കൊടുത്തതും (34 : 12) ചെമ്പുദ്രാവകത്തിന്‍റെ ഉറവ് ഒഴുക്കിക്കൊടുത്തതും (34 : 12) പിശാചുക്കളെ കീഴ്പ്പെടുത്തിക്കൊടുത്തതും (38 : 37 ; 21 : 82) മറ്റും സുലൈമാൻ (عليه السلام) നബിയുടെ പ്രത്യേകതയായും പ്രസ്താവിച്ചു കാണാം. രാജത്വം (الملك) നൽകപ്പെട്ടതായി പ്രവാചകന്മാരുടെ കൂട്ടത്തിൽ ഈ രണ്ടു പ്രവാചകന്മാരെപ്പറ്റി മാത്രമേ ഖുർആൻ പ്രസ്താവിച്ചിട്ടുള്ളു. പക്ഷികളുടെ സംസാരവും മറ്റാർക്കും അറിയിച്ചുകൊടുക്കപ്പെട്ടതായി പ്രസ്താവിച്ചിട്ടില്ല. ഇതിൽ രണ്ടുപേരും പങ്കുണ്ടായിരുന്നുവെന്നാണ് 38 : 19 ; 21: 79 എന്നീ വചനങ്ങളും, ഈ സൂറത്തിലെ 16 ഉം 19 ഉം വചനങ്ങളും പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്. ഈ പ്രത്യേകതകളിൽ രാജത്വം ഒഴിച്ച് മറ്റുള്ള ഓരോന്നിലും, ഖുർആൻ വാക്യങ്ങളിൽനിന്ന് നേർക്കുനേരെ സ്പഷ്ടമാകുന്ന അർത്ഥോദ്ദേശ്യങ്ങൾക്കു പകരം ഇവർക്കു ഇവരുടേതായ വ്യാഖ്യാനങ്ങളാണ് മിക്കവാറും ഉള്ളത്.



15 -ാം വചനം മുതൽക്കാണ് ഈ സൂറത്തിൽ സുലൈമാൻ (عليه السلام) നബിയുടെ കഥ തുടങ്ങുന്നത്. അതിൽ ആദ്യത്തെ വാചകം ‘ദാവൂദിനും സുലൈമാന്നും നാം ജ്ഞാനം നൽകുകയുണ്ടായി ‘ (وَلَقَدْ آتَيْنَا دَاوُدَ وَسُلَيْمَانَ عِلْمًا) എന്നാണ്. വേറെ ചില നബിമാരെക്കുറിച്ചും ഇതുപോലെ അല്ലാഹു പ്രസ്താവിച്ചു കാണാം. (ഖസ്വസ്വ് : 14 ; അമ്പിയാഉ് : 74 മുതലായ നോക്കുക). അവിടെയൊന്നും പതിവില്ലാത്ത – അവയിൽ നിന്നെല്ലാം വ്യത്യസ്തമായ – ഒരു കാര്യമാണ് ഈ ആയത്തിൽ തുടർന്നു പ്രസ്താവിക്കുന്നത്: ‘സത്യവിശ്വാസികളായ തന്‍റെ അടിയാന്മാരിൽ മിക്കവരെക്കാളും ഞങ്ങൾക്ക് ശ്രേഷ്ഠത നൽകിയ അല്ലാഹുവിന് സർവ്വസ്തുതിയും! എന്ന് അവർ രണ്ടുപേരും പറയുകയും ചെയ്തു.’ (و قال الحمد لله الذي فضلنا علي كثير من عباده المؤمنين) ഇതാണാ വാചകം. അപ്പോൾ അവർക്കു നൽകപ്പെട്ടിരുന്ന അറിവിൽ, മറ്റുള്ള മിക്ക ആളുകളെക്കാളും തങ്ങൾക്കു ശ്രേഷ്ഠത കൈവരുത്തുന്ന തരത്തിലുള്ള എന്തോ അറിവും ഉണ്ടായിരിക്കണമല്ലോ. ഇതിനു ഉപോൽബലമായി വേറെയും ഉദ്ധരിക്കുവാനുണ്ടെങ്കിലും ദീർഘിപ്പിക്കുന്നില്ല.



16 -ാം വചനത്തിൽ സുലൈമാൻ (عليه السلام) ദാവൂദി (عليه السلام) നെ അനന്തരമെടുത്തു (و ورث سليمان داود) എന്നു പറഞ്ഞുവല്ലോ. വെറും സ്വത്തിന് മാത്രം അവകാശിയായി എന്നല്ല ഇതിന്‍റെ താൽപര്യം. അങ്ങിനെയാണെങ്കിൽ അതിൽ സാധാരണയിൽകവിഞ്ഞ് വലിയ ഒരു തത്വമൊന്നും അടങ്ങുന്നില്ല. ദാവൂദ് (عليه السلام) നബിക്ക് നൽകപ്പെട്ടിട്ടുള്ളതായി ഖുർആനിൽ പ്രത്യേകം എടുത്തു പറയപ്പെടാറുള്ള മറ്റ് അനുഗ്രഹങ്ങൾ അദ്ദേഹത്തിനും പൈതൃകമായി സിദ്ധിച്ചുവെന്നായിരിക്കും ഇതിന്‍റെ താൽപര്യം. ‘അനന്തരമെടുത്ത്’ എന്നു പറഞ്ഞതിനെത്തുടർന്ന് സുലൈമാൻ (عليه السلام) നബിയുടെ മൂന്നു വാചകങ്ങളാണ് അല്ലാഹു ഉദ്ധരിച്ചിരിക്കുന്നത്. അതിൽനിന്നു നമുക്കു ചിലതൊക്കെ ഇവിടെ മനസ്സിലാക്കുവാൻ കഴിയും. അതിൽ ഒന്നാമത്തേതു : ‘ ഹേ, മനുഷ്യരെ, നമുക്കു പക്ഷികളുടെ സംസാരം പഠിപ്പിച്ചു തരപ്പെട്ടിരിക്കുന്നു ‘ ِيَا أَيُّهَا النَّاسُ عُلِّمْنَا مَنطِقُ الطَّيْر എന്നാണ്. രണ്ടാമത്തെ വാചകം : ‘ നമുക്കു എല്ലാ വസ്തുവിൽനിന്നും നൽകപ്പെട്ടിരിക്കുന്നു (ٍوَ أُوتِينَا مِن كُلِّ شَيْء) എന്നും, മൂന്നാമത്തേത് : ‘നിശ്ചയമായും ഇതുതന്നെയാണ് സ്പഷ്ടമായ ശ്രേഷ്ഠത – അഥവാ അനുഗ്രഹം’ (ُإِنَّ هَذَا لَهُوَ الْفَضْلُ الْمُبِين) എന്നുമാകുന്നു. ഈ ഓരോ വാചകത്തിലും പ്രകടമായിക്കാണുന്ന അഭിമാനത്തോടും, കൃതജ്ഞതയോടും കൂടി ജനമദ്ധ്യെ പ്രഖ്യാപിക്കുവാൻ പോരുന്ന നേട്ടങ്ങളായിരിക്കണം അദ്ദേഹത്തിനു പിതാവിൽ നിന്നു ലഭിച്ച ആ പിൻതുടർച്ചാവകാശം. അതെ, രണ്ടുപേർക്കും പ്രത്യേകമായി സിദ്ധിച്ച അനുഗ്രഹങ്ങളെയാണ് ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത്.



17-ാം വചനത്തിൽ അദ്ദേഹത്തിന്‍റെ സൈന്യത്തിൽ ജിന്നുകളും പക്ഷികളും ഉണ്ടായിരുന്നതായും പ്രസ്താവിക്കുന്നു. ഇതു മറ്റാർക്കും സിദ്ധിക്കാത്ത അനുഗ്രഹമത്രെ. 19-ാം വചനത്തിൽ ‘ നംലത്തി ‘ന്‍റെ (ഉറുമ്പിന്‍റെ) സംസാരം കേട്ടു മനസ്സിലായതിനെത്തുടർന്ന് അദ്ദേഹം പറഞ്ഞ വാക്യങ്ങൾ നോക്കുക : ‘എനിക്കും എന്‍റെ മാതാപിതാക്കൾക്കും നീ ചെയ്തു തന്ന അനുഗ്രഹങ്ങൾക്കു നന്ദി ചെയ് വാൻ എനിക്കു സാധിപ്പിക്കണേ’ എന്നു തുടങ്ങുന്ന ആ പ്രാർത്ഥനയും ഇതേ യാഥാർത്ഥ്യം ചൂണ്ടിക്കാട്ടുന്നു. സൂ : സ്വാദ് 17 -40; സൂ : അമ്പിയാഉ് 78 – 82 മുതലായ സ്ഥലങ്ങൾ പരിശോധിച്ചാൽ ഇനിയും കൂടുതൽ വിവരം കാണാം. ദീർഘിക്കുമെന്നു കരുതി ഉദ്ധരിക്കുന്നില്ല.



സൂ : സ്വാദ് 35 ൽ സുലൈമാൻ (عليه السلام) നബിയെക്കുറിച്ച് ഇങ്ങിനെ പറയുന്നു ;

قَالَ رَبِّ اغْفِرْ لِي وَهَبْ لِي مُلْكًا لَّا يَنبَغِي لِأَحَدٍ مِّن بَعْدِي ۖ إِنَّكَ أَنتَ الْوَهَّابُ

(അദ്ദേഹം പറഞ്ഞു : എന്‍റെ രക്ഷിതാവേ, എനിക്കു പൊറുത്തുതരേണമേ! എന്‍റെ ശേഷം ഒരാൾക്കും സൗകര്യപ്പെടാത്ത (*) ഒരു ഭരണാധിപത്യം നീ എനിക്കു പ്രദാനം ചെയ്യുകയും വേണമേ! നിശ്ചയമായും നീയത്രെ വളരെ പ്രദാനം ചെയ്യുന്നവൻ). ഈ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചിരിക്കുമെന്നു തീർച്ചയാണ്. ഇതിന്‍റെ മുമ്പും പിമ്പുമുള്ള വചനങ്ങൾ തന്നെ അതു കാട്ടിത്തരുന്നു. അദ്ദേഹം ഭരണവിഷയകമായ ഒരു പരീക്ഷണത്തിന് വിധേയമായതിനെത്തുടർന്നു ചെയ്തതാണ് ഈ പ്രാർത്ഥന എന്ന് ഇതിന്‍റെ മുമ്പത്തെ വചനം കാണിക്കുന്നു. ഈ പ്രാർത്ഥന ഉദ്ധരിച്ചശേഷം അല്ലാഹു പ്രസ്താവിക്കുന്നത് : ‘അപ്പോൾ അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെ കൽപനപ്രകാരം സഞ്ചരിക്കുന്ന വിധം കാറ്റിനെയും, കെട്ടിട നിർമ്മാണം, മുങ്ങൽജോലി എന്നിവയെല്ലാം നിർവ്വഹിക്കുന്ന പിശാചുക്കളെയും നാം കീഴ്പ്പെടുത്തിക്കൊടുത്തു’ എന്നുമത്രെ. ഈ പ്രാർത്ഥനയുടെ ഫലമാണിതെന്നു വ്യക്തമാണ്. മാത്രമല്ല, ഇതൊക്കെ നമ്മുടെ വക ദാനമാണെന്നും, അദ്ദേഹത്തിനു നമ്മുടെ അടുക്കൽ അടുത്ത സ്ഥാനവും, നല്ല പര്യവസാനവുമുണ്ടെന്നുകൂടി അല്ലാഹു തുടർന്നു പ്രസ്താവിക്കുന്നു. (സൂ : സ്വാദ് : 34 മുതൽ 40 കൂടിയ വചനങ്ങൾ നോക്കുക). ഇതെല്ലാം ദുർവ്യാഖ്യാനം ചെയ്യാത്തപക്ഷം, അദ്ദേഹത്തിന്‍റെ ഭരണത്തിന്‍റെ സവിശേഷതയാകുന്ന ഇത്തരം പ്രത്യേകാനുഗ്രഹങ്ങളിൽ മറ്റാർക്കും പങ്കുണ്ടായിരിക്കുവാൻ അവകാശമില്ലല്ലോ അതുകൊണ്ടു തന്നെയാണ്, ഒരു ഉറുമ്പിന്‍റെ വർത്തമാനം കേട്ടതു, അപ്പോൾ പുഞ്ചിരി തൂകിയതു, മരക്കൊത്തിയെ കാണാതായതു, അത് ചില വിവരങ്ങൾ അറിയിച്ചതു, എഴുത്തുകൊണ്ടുപോയതു, സിംഹാസനം കൊണ്ടുവന്നതു എന്നീ വിഷയങ്ങളെല്ലാം ഇത്ര മേൽ പരിഗണനയോടുകൂടി അല്ലാഹു ഖുർആനിൽ വിവരിക്കുന്നതും.






(لا ينبغى لا يتيسر ولا يتسهل (مفردات الراغب (*)






ഇക്കൂട്ടർ ഈ ആയത്തും തങ്ങളുടെ ആശയത്തിനൊപ്പിക്കുവാൻ മറന്നുപോയിട്ടില്ല. ഇൗ ആയത്തിന് ഇവർ നല്കുന്ന അർത്ഥം: ‘എനിക്ക് ശേഷം ഒരാൾക്കും (പിടിച്ചടുക്കുക) ക്ഷിപ്രസാധ്യമല്ലാത്ത ഒരാധിപത്യം എനിക്ക് പ്രദാനം ചെയ്യേണമേ’ എന്നാകുന്നു. ‘പിടിച്ചെടുക്കുക’ എന്ന് ഇടക്ക്‌‌ ചേർത്തത് ഇവരുടെ സ്വന്തം വകയാണ്. ഇൗ ഒരൊറ്റ വാക്ക്കൊണ്ട് സുലൈമാൻ നബി (عليه السلام) യുടെ ഭരണാധിപത്യത്തിന്റെ പ്രത്യേകതകളും, സവിശേഷതകളുമെല്ലാം ഇവർ എടുത്തുകളഞ്ഞു അതിനെ കേവലം ഒരു സാധാരണ ‘പ്രബലരാഷ്ട്രം’ മാത്രമാക്കി തരംതാഴ്ത്തിയിരിക്കുന്നു. വാസ്തവത്തിൽ ആർക്കും ഉണ്ടായിരിക്കുവാണിടയില്ലാത്ത വിധത്തിലുള്ള ഒരു സവിശേഷ ഭരണത്തെയാണ് – അദ്ദേഹം നബി (عليه السلام) യുടെയും പിതാവ് ദാവൂദ് നബി (عليه السلام) യുടെയും ചരിത്രത്തിൽ മറ്റെവിടെയും കാണപ്പെടാത്തതും, യുക്തിവാദക്കാർക്ക്‌ കൂടുതൽ തലവേദനയുണ്ടാക്കുന്നതുമായ സംഭവങ്ങൾ പലതും ഖുർആനിൽ കാണപ്പെടുന്നതും. ഇൗ ആയതിനു നബി (ﷺ) തിരുമേനി മനസ്സിലാക്കിയ അർത്ഥവും നാം ചൂണ്ടിക്കാട്ടിയ അർത്ഥം തന്നെയായിരുന്നുവെന്ന് താഴെ കാണുന്ന ഹദീഥിൽ നിന്നും വ്യക്താകും.



ബുഖാരി, മുസ്ലിം (رحمه الله) മുതലായവർ രേഖപ്പെടുത്തിയിട്ടുള്ള ഒരു ഹദീഥിന്റെ ചുരുക്കം ഇപ്രകാരമാകുന്നു. നബി (ﷺ) പറഞ്ഞു. ‘ജിന്നുകളിൽ പെട്ട ഒരു ഭൂതത്താൻ (عِفْريتٌ) ഇന്നലെ രാത്രി എന്റെമേൽ കുതറിച്ചാടുവൻ ശ്രമിക്കുകയുണ്ടായി. അവനെ പിടിക്കുവാൻ അല്ലാഹു എനിക്ക് സാധിപ്പിച്ചുതന്നു. നേരം പുലരുവോളം പള്ളിയുടെ ഒരു തൂണിൻന്മെൽ കെട്ടിയിടുവാൻ ഞാൻ ഉദ്ദേശിച്ചു. അപ്പോൾ എന്റെ സഹോദരൻ സുലൈമാൻ (عليه السلام) رَبِّ اغْفِرْلِي وَهَبْ لِي مُلْكًا لاَّ يَنبَغِي لأَحَدٍ مِّنْ بَعْدِي എന്ന് പറഞ്ഞിരുന്നത് ഞാൻ ഓർത്തു, അങ്ങനെ ഞാനവനെ വിട്ടയച്ചു’.



പിശാചുക്കളെ കീഴ്പ്പെടുത്തുവാനും, ബന്ധത്തിലാക്കുവാനും മറ്റും സുലൈമാൻ നബി (عليه السلام) ക്ക് സാധ്യമായിരുന്നത് പോലെയുള്ള കാര്യങ്ങളിൽ, അദ്ദേഹത്തിന്റെ ഭരണം ഇണയില്ലാത്തതായിരിക്കണമെന്നാണ് അ പ്രാർത്ഥനക്ക് നബി (ﷺ) യും മനസ്സിലാക്കിയ അർത്ഥമെന്ന് ഇതിൽ നിന്ന് സ്പഷ്ടമാണല്ലോ. തന്റെ കാലശേഷം ഒരാൾക്കും പിടിച്ചെടുക്കുവാൻ കഴിയാത്ത ഒരു രാഷ്ട്രം എന്നാണദ്ദേഹം ഉദ്ദേശിച്ചിരുന്നതെങ്കിൽ നബി (ﷺ) യുടെ ഇ പ്രസ്താവനക്ക് അർത്ഥമില്ല. കൂടാതെ സുലൈമാൻ നബി (عليه السلام) യുടെ അ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചിട്ടില്ലന്ന് സമ്മതികേണ്ടിയും വരും. കാരണം, അദ്ദേഹത്തിന്റെ രാഷ്ട്രമായിരുന്ന ഫലസ്തീനും പരിസരപ്രദേശങ്ങളും, അദ്ദേഹം ചരമമടഞ്ഞു ഏറെതാമസിയാതെ അന്യാധീനപെട്ട് പോയിട്ടുള്ളത് ചരിത്ര പ്രസിദ്ധമാണ്. എന്റെ ശേഷം ഒരാൾക്കും പിടിച്ചെടുക്കുക സാധ്യമല്ലാത്ത എന്ന വാക്ക് അർത്ഥവത്താകണമെങ്കിൽ ലോകാവസാനം വരെ ആ ഭരണം അതെ നിലയിൽ തന്നെ തുടരേണ്ടതാണല്ലോ!



ഇൗ സൂറത്തിലെ 19-ാം വചനത്തിൽ പ്രസ്താവിച്ച ഉറുമ്പ് അതിന്റെ കൂട്ടുകാരോട് ചെയ്ത താക്കീതിന്റെ സാരം: സുലൈമാനും കൂട്ടുകാരും വരുന്നുണ്ട്, വേഗം മാളത്തിൽ പ്രവേശിക്കണം. ഇല്ലെങ്കിൽ അവർ അറിയാതെ നമ്മെ ചവിട്ടിച്ചതക്കുവാൻ ഇടവന്നേക്കും എന്നാണല്ലോ. ഇൗ ഉറുമ്പിനെ ഒരു നംല് ഗോത്രകാരിയാക്കിയ ഇവർ ഈ താക്കിതിന് നല്കുന്ന വിവരണം ഇങ്ങനെയാണ് : ‘ നമുക്ക് സുലൈമാൻ നബി (عليه السلام) യോട് ശത്രുതയൊന്നും ഇല്ല; നമ്മെ ശത്രുപക്ഷക്കരായിട്ടണവർ ഗണിക്കുക ; അത് നിമിത്തം നമ്മെ ചവിട്ടിത്തേച്ചും കൊണ്ട് അവർ മുന്നോട്ട് പോകും; അതിനിടവരുത്തരുത്; നാം നമ്മുടെ വീടുകളിൽ കടന്നിരുന്നാൽ ശത്രുപക്ഷക്കാരല്ലെന്ന് അവർക്ക് വ്യക്തമാകും ‘. ആലോചിച്ചുനോക്കുക! യാതൊരു ദ്രോഹത്തിനും മുതിരാതെ സ്വന്തം ജോലികളിൽ വ്യാപൃതരായിക്കൊണ്ടിരിക്കുന്ന ഒരു ജനതയെ-ഇവരുടെ ഭാഷയിൽ ഒരു ഗ്രാമക്കാരെ-സുലൈമാൻ നബി (عليه السلام) പോകട്ടെ, അൽപ്പം നീതിബോധവും, മാനമര്യാദയുമുള്ള ഒരു രാജാവും, തന്റെ നേതൃത്വത്തിലുള്ള സൈന്യവും വെറുതെയങ്ങ് ചവിട്ടിത്തേക്കുവാൻ ഒരുമ്പെടുമെന്ന് ആരാണ് ഊഹിക്കുക? ഏതായാലും താക്കീത് കേട്ടപ്പോൾ സുലൈമാൻ നബി (عليه السلام) :ഒാ! നംല് ഗോത്രകാരിയായ സ്ത്രീ! ഞങ്ങൾ നിങ്ങളെ ചവിട്ടിതേക്കുവാൻ വന്നവരല്ല, നിങ്ങൾ ഭയപ്പെടേണ്ടതില്ല, എന്ന് പറഞ്ഞു അവളെ സമാധാനിപ്പിക്കയല്ല ചെയ്തത്. നിങ്ങളാരും ഈ പാവപെട്ട ഗ്രാമീണരെ ഉപദ്രവിക്കരുത് എന്ന് പട്ടാളത്തോടും പറഞ്ഞില്ല. പിന്നെയോ, ഒന്ന് പുഞ്ചിരിതൂകികൊണ്ട് റബ്ബേ! എനിക്കും എന്റെ മാതാപിതാക്കൾക്കും നീ ചെയ്ത് തന്ന അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യുവാൻ സാധിപ്പിച്ച് തരേണമേ! എന്നും മറ്റും പ്രാർത്ഥിക്കയാണ് ചെയ്തത്. നംല് ഗോത്രകാരിയുടെ വാക്ക് കേട്ടത് കൊണ്ടായിരിക്കുമോ അതല്ല, മറ്റുള്ളവർക്ക് ഗ്രഹിക്കുവാൻ സാധിക്കാത്ത ഉറുമ്പിന്റെ സംസാരം തനിക്ക് ഗ്രഹിക്കുവാൻ കഴിഞ്ഞതിന്റെ പേരിലായിരിക്കുമോ ഈ പ്രാർത്ഥന? ആലോചിച്ച് നോക്കുക! ഉറുമ്പിന്റെ ഈ സംഭവം തന്റെ കുടുംബത്തിനു ലഭിച്ച ഒരു പ്രത്യേകാനുഗ്രഹമാണെന്നല്ലെ ആ പ്രാർഥന കാണിക്കുന്നത്, !



ഇത് പോലെത്തന്നെ, കണ്ണ് ചിമ്മി മിഴിച്ചപ്പൊഴേക്ക് സിംഹാസനം തന്റെ മുമ്പിലെത്തിയത് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞ വാക്കും (40-ാം വചനത്തിൽ) ഒന്ന് പരിശോധിക്കുക! ഇത് എന്റെ റബ്ബ് നൽകിയ അനുഗ്രഹമാണ്, ഞാൻ നന്ദി കാണിക്കുമോ ഇല്ലേ എന്ന് പരീക്ഷിക്കുവാൻ വേണ്ടി അവൻ ചെയ്തതാണ്. നന്ദി ചെയ്താൽ ചെയ്തവനു തന്നെയാണത്തിന്റെ ഗുണം. എന്നിങ്ങനെയുള്ള ആ പ്രസ്താവനതന്നെ, അല്ലാഹു അദ്ദേഹത്തിന് സാധിപ്പിച്ചുകൊടത്ത ഒരു പ്രത്യേകനുഗ്രഹമായിരുന്നു അതും എന്ന് കാണിക്കുന്നു. ഇങ്ങനെയുള്ളതൊന്നും കണക്കിലെടുക്കാതെ തോന്നിയത് പോലെ ഖുർആനെ വിവരിക്കുവാനും, വ്യാഖ്യാനിക്കാനും ഒരുമ്പെടുന്ന പക്ഷം ആർക്കും എന്തും ഖുർആന്റെ പേരിൽ വെളിക്കിറക്കുവാൻ സാധിക്കുന്നതാണ്.






ഇതെല്ലാം പഴഞ്ചനാണ്






ഇവരുടെ പല ചോദ്യങ്ങളും, മുട്ടു തർക്കങ്ങളും നാം കണ്ടുവല്ലോ. വാസ്തവത്തിൽ, ഇതൊക്കെ ഇവരുടെ വക പുത്തനോ, മുമ്പാരും കാണാത്ത പുതിയ കണ്ടുപിടിത്തങ്ങളോ അല്ല. നൂറ്റാണ്ടുകൾ പഴക്കമുണ്ട് ആ ചോദ്യങ്ങൾക്ക്. മണ്ണടിഞ്ഞുകിടന്നിരുന്ന ആ ചോദ്യങ്ങൾക്ക് ഇവർ ആധുനിക വർണ്ണപ്പകിട്ടുകൾ നൽകിയെന്നെയുള്ളൂ. ഇമാം റാസി (رحمه الله) അദ്ദേഹത്തിന്റെ പ്രസിദ്ധ തഫ്സീർ രചിച്ചിട്ട് ഏതാണ്ട് എട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞു. അദ്ദേഹം അതിൽ പ്രസ്താവിച്ച ചില വരികളുടെ ചുരുക്കം കാണുക : ‘ ഈ കഥയെക്കുറിച്ച് നിർമതവാദികൾ (الملحدة) പല ആക്ഷേപങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട് :



(1) വിശേഷ ബുദ്ധിയുള്ളവരിൽ നിന്നല്ലാതെ ഉണ്ടാവതല്ലാത്ത സംസാരങ്ങൾ ഉറുമ്പും മരക്കൊത്തിയും സംസാരിച്ചുവെന്ന് ഈ വചനങ്ങളിൽ നിന്ന് വരുന്നു. ഇതൊരുതരം മിരട്ടുവാദമാണ്. അങ്ങിനെയാണെങ്കിൽ, ഇതരജീവികളിലും ഇത്തരം അറിവുണ്ടായിരിക്കേണ്ടതും, അവക്കിടയിൽ പ്രവാചകന്മാരും മതശാസനങ്ങളും മറ്റും ഉണ്ടായിരിക്കാവുന്നതാണ്. ഇതൊരുതരം ഭ്രാന്തായിരിക്കുമല്ലോ?!



(2) സുലൈമാൻ (عليه السلام) നബി ശാമിലായിരുന്നു എന്നിരിക്കെ, ചുരുങ്ങിയ സമയം കൊണ്ട് മരക്കൊത്തി എങ്ങിനെ യമനിൽ പോയിവന്നു?!



(3) സുലൈമാൻ (عليه السلام) നബിയുടെ ആധിപത്യവും, പ്രതാപവും വളരെ വമ്പിച്ചതായിരുന്നു. ജിന്നും, മനുഷ്യരുമെല്ലാം അദ്ദേഹത്തിന്റെ പട്ടാളത്തിലുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ബിൽഖീസിന്റെ ഭരണകൂടമാണെങ്കിൽ അതും വളരെ വമ്പിച്ചതായിരുന്നുവെന്നു പറയപ്പെടുന്നു. രണ്ടു രാഷ്ട്രങ്ങൾക്കുമിടയിലുള്ള ദൂരം മൂന്നു ദിവസത്തെ അകലമാണെന്നും കാണുന്നു. എന്നിട്ടും, ബിൽഖീസിനെകുറിച്ചുള്ള വിവരം അദ്ദേഹത്തിന് എങ്ങിനെ അജ്ഞാതമായിരിക്കും.



(4) അല്ലാഹുവിനെ കുറിച്ചും, അവന് മാത്രമേ സുജൂദ് ചെയ്യാൻ പാടുള്ളൂ സൂര്യന് സുജൂദ് ചെയ്യാൻ പാടില്ല, അതും പിശാചിന്റെ പ്രേരണയാണ് എന്നതിനെക്കുറിച്ചുമെല്ലാം മരക്കൊത്തിക്ക് എവിടെ നിന്നാണ് അറിവുണ്ടായത്?! എട്ടു നൂറ്റാണ്ടുകൾക്ക് മുമ്പ് ഖുർആന്റെ നേരെ തൊടുത്തുവിടപ്പെട്ട ചോദ്യങ്ങളാണിവ.



ഈ ചോദ്യകർത്താക്കൾക്ക് ഇരു രാഷ്ട്രങ്ങൾക്കുമുള്ള അകലം കുറച്ചുകാണിക്കേണ്ടി വന്നതു കൊണ്ട് അവർ മൂന്നു ദിവസത്തെ യാത്രാദൂരം കണക്കാക്കി. നമ്മുടെ വ്യാഖ്യാനക്കാർക്ക് ഇതു വർദ്ധിപ്പിച്ചു കാണിക്കേണ്ടിവന്നു. അവർ 1500 നാഴികയാക്കി വർദ്ധിപ്പിച്ചു. ഇതൊഴിച്ചാൽ, ബാക്കി ഭാഗങ്ങളെല്ലാം ഇവരും ചോദിക്കുന്ന ചോദ്യങ്ങളാണ്. اتواصوا به ام هم قوم طاغون (അവർ അന്യോന്യം ഇതിനെ പറ്റി ഒസ്യത്തുചെയ്തിരിക്കയാണോ, അതല്ല, ഇവർ ധിക്കാരികളായ ഒരു ജനതയാണോ?!) എന്ന ഖുർആൻ വചനം ഓർമ്മവരികയാണ്. ഇങ്ങനെയുള്ള ആരോപണങ്ങൾക്ക് തത്വശാസ്ത്രത്തിന്റെയും, യുക്തിയുടെയും അടിസ്ഥാനത്തിൽ, താർക്കികമായ സ്വഭാവത്തിൽ നീണ്ട മറുപടി കൊടുക്കുന്ന സമ്പ്രദായക്കാരനാണ് ഇമാം റാസി (رحمه الله) . എങ്കിലും, ഇവിടെ അദ്ദേഹം മിനക്കെട്ടില്ല. വളരെ ചുരുങ്ങിയതും, എന്നാൽ കനത്തതുമായ രണ്ടു വാചകങ്ങളിലാണദ്ദേഹം ഇതിന്ന് മറുപടി പറയുന്നത്. ഒന്നാമത്തെ ചോദ്യത്തിന്റെ മറുപ്പടി : പ്രാഥമിക ബുദ്ധിക്കൊണ്ട് ആലോചിക്കുമ്പോൾ അങ്ങിനെ സംശയം തോന്നാം. പക്ഷേ, വാസ്തവം അങ്ങിനെയല്ല, എന്നുള്ളതിൽ മുസ്ലീംകളുടെയിടയിൽ ഭിന്നാഭിപ്രായമില്ലാത്തതാണെന്ന വസ്തുത ആ സംശയത്തെ തള്ളിക്കളയുന്നതാണ്. (*) പിന്നീടുള്ള ചോദ്യങ്ങൾക്കെല്ലാം കൂടി അദ്ദേഹത്തിന്റെ മറുപടി ഇതാണ് :’ഇച്ഛിച്ചതുപോലെ പ്രവർത്തിക്കുന്നവനും സർവ്വശക്തനു (القادر المختار) മായുള്ള ഒരുവനെ – അല്ലാഹുവിനെ – അപേക്ഷിച്ചുകൊണ്ടാണ് ലോകം നിലക്കൊള്ളുന്നതെന്ന വിശ്വാസം ഈ സംശയങ്ങളെയെല്ലാംതന്നെ തള്ളിക്കളയുന്നു (راجع تفسير الرازى ص٠٤-ج٦)






(*) നബി (ﷺ) യുടെ കാലം തൊട്ട് ഇതേ വരെയും മുസ്‌ലിംകൾക്കിടയിൽ ഭിന്നാഭിപ്രായമില്ലാത്ത പല കാര്യങ്ങളും ഇന്നത്തെ പുത്തൻ വ്യാഖ്യാനക്കാർക്കിടയിൽ പുനഃപ്പരിശോധനക്കും, പുതിയ അഭിപ്രായരൂപീകരണങ്ങൾക്കും വിധേയമാകുന്നത് സാധാരണമാണ്.അത്രയുമല്ല, നാളിതുവരെ ആരാലും ചോദ്യം ചെയ്യപ്പെടാതെ സഥിരീകരിക്കപ്പെട്ടു വന്നിട്ടുള്ള പല ഇസ്ലാമിക സിദ്ധാന്തങ്ങളും, നിയമങ്ങളും തങ്ങളുടെ ഹിതത്തിനനുസരിച്ചവണ്ണം ഒരു പൊളിച്ചെഴുത്ത് നടത്തി ‘കാലോചിത’മാക്കേണ്ടതാണെന്നും ഇന്ന് ചിലർ അഭിപ്രായപ്പെട്ടു കാണാം.والعياذبالله






ഹിജ്‌റ 1-ാം നൂറ്റാണ്ടിൽ തന്നെ ഇത്തരം ചില മിരട്ടുചോദ്യങ്ങളും, ആശയക്കുഴപ്പങ്ങളും ഖുർആന്റെ നേരെ കൊണ്ടുവരപ്പെട്ടിട്ടുണ്ടെന്ന് കാണിക്കുന്ന ഒരു സംഭവം മുജാഹിദ് (رضي الله عنه) സഈദുബ്നുൽ മുസയ്യബ് (رحمه الله) എന്നീ മഹാന്മാരിൽ നിന്നു ഇബ്നു കഥ്ഹീറും (رحمه الله) ഉദ്വരിക്കുന്നു. ആ മരംകൊത്തി സുലൈമാൻ നബി (عليه السلام) ക്കു വെള്ളത്തെ കുറിച്ച് അറിവ് നൽകുന്ന നിപുണനായിരുന്നു. ഭൂമിയുടെ അടിയിൽ വെള്ളം സ്ഥിതി ചെയ്യുന്ന സ്ഥാനം അതിനറിയാമായിരുന്നു. അദ്ദേഹം മരുഭൂമിയിൽ ആയിരിക്കുമ്പോൾ അത് വെള്ളത്തിന്റെ സ്ഥാനം അറിയിച്ചു കൊടുക്കും. ജിന്നുകൾ അവിടെ കുഴിച്ചു വെള്ളമെടുക്കും. ഒരു ദിവസം മരുഭൂമിയിൽ അദ്ദേഹം ഇറങ്ങി മരകൊത്തിയെ കാണുവാനായി പക്ഷികളെ പരിശോധിച്ചപ്പോൾ അതിനെ കണ്ടില്ല. അപ്പോഴാണ് അദ്ദേഹം എന്താണ് മരകൊത്തിയെ കാണാത്തതു (مالى لا ارى الهدهد) എന്ന് പറഞ്ഞത്. എന്നിങ്ങനെ ഇബ്നു അബ്ബാസ് (റ) ഒരു ദിവസം സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ, ഖവാരിജി (**) ൽപെട്ട നാഫിഉഃ (نافع ابن الأزرق) എന്ന് പേരായ ഒരാൾ – ഇദ്ദേഹം ഇബ്നു അബ്ബാസ് (റ) നോട് പല തർക്കവാദങ്ങളും പുറപ്പെടുവിക്കുക പതിവായിരുന്നു – ഇങ്ങിനെ പറഞ്ഞു :. ഇബ്നു അബ്ബാസ് നിൽക്കു! ഇന്ന് നിങ്ങൾക്ക് പരാജയം പിണഞ്ഞിരിക്കുന്നു. മരംകൊത്തി ഭൂമിയുടെ അടിയിലുള്ള വെള്ളം കാണുമെന്നും അതേ സമയത്ത് ഒരു കുട്ടി ഒരു കെണി കൂട്ടിൽ ഒരു ധാന്യ മണി വെച്ചു അതിനു മീതെ അല്പം മണ്ണും വാരി ഇട്ടു പോന്നാൽ അത് വന്നു കുട്ടിയുടെ കെണിയിൽ അകപ്പെടുമെന്നാണോ താങ്കൾ പറയുന്നത്, ഇത് കേട്ടപ്പോൾ ഇബ്നു അബ്ബാസ് (റ) പറഞ്ഞു : ഇയാൾ പുറത്തിറങ്ങി ഇബ്നു അബ്ബാസിനെ ഞാൻ ഖണ്ഡിച്ചിരിക്കുന്നു എന്ന് പറയുവാനിടവരുമായിരുന്നില്ലെങ്കിൽ, ഞാനിതിനു മറുപടി പറയുമായിരുന്നില്ല. പിന്നീടദ്ദേഹം പറഞ്ഞു : ഹേ മൂപ്പരെ, കല്പന (വിധി) വരുമ്പോൾ കണ്ണിനു അന്ധത ബാധിക്കുകയും, ജാഗ്രത വിട്ടുപോകുകയും ചെയ്തേക്കുന്നു. (انه اذا نزل القدر عمى البصر و ذهب الحذر) അപ്പോൾ നാഫിഉ പറഞ്ഞു (*) അല്ലാഹുവാണെ! എനി, ഖുറാനിൽ പെട്ട ഒന്നിനെ കുറിച്ച് ഞാൻ നിങ്ങളോടു ഒരിക്കലും തർക്കത്തിന് വരികയില്ല (ابن كثير)






(**) ഇസ്ലാമിലെ ഖിലാഫത്തിനെതിരിൽ പ്രവർത്തിച്ചിരുന്ന ഒരു ഭീകര പ്രസഥാനക്കാരായിരുന്നു ഖവാരിജ് (الخوارج) . അലി (റ) ന്റെ കാലത്താണ് ഈ കക്ഷി ഉടലെടുത്തത്. ഇബ്നു അബ്ബാസ് (റ) ഖവാരിജുമായി പലപ്പോഴും വാദപ്രതിവാദം നടത്തിയിരുന്നു. വളരെ കാലത്തോളം ഇവർ മൂലം ഇസ്ലാമിക ഭരണത്തിന് ശല്യം ഉണ്ടായിക്കൊണ്ടിരുന്നു.ഇപ്പോൾ ഈ കക്ഷി നിലവിലില്ല. എങ്കിലും, അവരിൽനിന്നു പകർത്തിയെടുത്ത ചില ആശയങ്ങളും, വാദങ്ങളും ഇന്നും ചില ആളുകളിൽ പ്രകടമാകാറുണ്ട്.






(*) നാഫിഉ് അല്ലാഹുവിന്റെ വിധി (القدر) യിൽ വിശ്വസിച്ചിരുന്നത് കൊണ്ടാണ് ഈ മറുപടിക്ക് വഴങ്ങിയതെന്ന് വ്യക്തമാണ്. എന്നാൽ നമ്മുടെ വ്യാഖ്യാനക്കാർ വിധിയെയും നിഷേധിക്കുന്നവരാണ്. മുഅ്തസിലഃ (المعتزلة) വിഭാഗക്കാരുടെ യുക്തിവാദങ്ങളും ക്വദ്രീയ്യത്തി (القدرية) ന്റെ ആശായങ്ങളുമാണ് ഇക്കാര്യത്തിൽ ഇവരുടെ മാതൃക. അതുകൊണ്ട് ഈ മറുപടി അവരെ തൃപ്തിപ്പെടുത്തുകയില്ലെങ്കിലും യഥാർത്ഥ വിശ്വാസികൾക്ക് അതിൽ വളരെ ചിന്തിക്കുവാനുണ്ട്.






സുലൈമാൻ നബി (عليه السلام) യുടെ കഥകളിൽ ഇക്കൂട്ടരുടെ വക പ്രസ്താവനകൾ എനിയും ചിലതൊക്കെ കാണാം. അവ ആകമാനം പരിശോധിച്ചാൽ ഈ രണ്ടിലൊരു പ്രകാരത്തിലുള്ളതായിരിക്കും.



(1) കണ്ടതും കേട്ടതുമെല്ലാം രേഖപ്പെടുത്താറുള്ള കഥാകാരന്മാർക്കിടയിൽ പ്രചാരത്തിലിരിക്കുന്ന ഭാഗങ്ങളെ പൊക്കി പിടിച്ചുകൊണ്ട് ഇതാണ് ഖുർആന്റെ വ്യാഖ്യാനമായി പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതെന്ന ഭാവേന യഥാർത്ഥ സംഭവങ്ങളെ ഖണ്ഡിക്കുവാനുള്ള ശ്രമം.



(2) അല്ലെങ്കിൽ തങ്ങൾ സ്വയം രൂപപ്പെടുത്തിയ സംഭവരൂപങ്ങളുടെ അടിസ്ഥാനത്തിൽ ആവിഷ്കരിക്കുന്ന വിശദീകരണം ഈ നിരൂപണം ഇത്രയും നീണ്ടു പോയ സ്ഥിതിക്ക് അവയെക്കുറിച്ച് എനി സംസാരിച്ചു ദീർഘിപ്പിക്കേണ്ടതില്ല. ഖുർആൻ വ്യാഖ്യാനത്തിനു ആരംഭിക്കുമ്പോൾ തന്നെ അതിൽ കാണുന്ന അമാനുഷിക ദൃഷ്ടാന്തങ്ങൾ (المعجزات) കൊണ്ട് വിഷമം അനുഭവപ്പെടുന്നവർക്കു അവയെ പറ്റി സംസാരിക്കുമ്പോൾ അങ്ങനെ പലതും ആവശ്യമായി വരുമെന്ന് നമുക്കു സമാധാനിക്കുക. ഏതായാലും കഥാകാരന്മാർ യഥാർത്ഥസംഭവങ്ങളിൽ അതിശയോക്തിയും, ഇല്ലാത്ത വിശദീകരണങ്ങളും കൂട്ടിച്ചേർക്കലാണ് ചെയ്യുന്നതെങ്കിൽ, ഇവർ യഥാർത്ഥങ്ങളെ അടിയോടെ നിഷേധിച്ചു പകരം ഇല്ലാത്തു സൃഷ്ടിക്കലാണ് പതിവ്.



فَوَيْلٌ لِّلَّذِينَ يَكْتُبُونَ الْكِتَابَ بِأَيْدِيهِمْ ثُمَّ يَقُولُونَ هَٰذَا مِنْ عِندِ اللَّهِ لِيَشْتَرُوا بِهِ ثَمَنًا قَلِيلًا ۖ فَوَيْلٌ لَّهُم مِّمَّا كَتَبَتْ أَيْدِيهِمْ وَوَيْلٌ لَّهُم مِّمَّا يَكْسِبُونَ -البقرة :٧٩



(തങ്ങളുടെ കരങ്ങൾ കൊണ്ട് ഗ്രന്ഥം എഴുതുകയും, എന്നിട്ടതുമൂലം അൽപമായ വില വാങ്ങുവാനായി ഇത് അള്ളാഹുവിൽ നിന്നുള്ളതാണെന്ന് പറയുകയും ചെയ്യുന്നവർക്ക് നാശം! അവരുടെ കരങ്ങൾ എഴുതിയുണ്ടാക്കിയതിനാൽ അവർക്ക് നാശം! അവർ സമ്പാദിച്ചുണ്ടാക്കുന്നതിനാലും അവർക്കു നാശം!) ജൂതന്മാരെക്കുറിച്ച് അള്ളാഹു പ്രസ്താവിച്ചതാണിത്. ഈ ദുരവസ്ഥ നമ്മിൽ വന്നുചേരാതെ അള്ളാഹു നമ്മളെ കാക്കട്ടെ. ആമീൻ. .



كذالك يضل الله من هومسرف مرتاب الذين يجادل في آيات الله بغير سلطان اتيهم كبر مقتا عند الله و عند الذين آمنوا-المؤمن

(…അപ്രകാരം, അതിരു കവിഞ്ഞവനും, സംശയാലുവുമായുള്ളവനെ അള്ളാഹു വഴിപിഴപ്പിക്കുന്നു. അതായത്: തങ്ങൾക്കു വന്നുകിട്ടിയ ലക്ഷ്യപ്രമാണമൊന്നും കൂടാതെ അള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ തർക്കം നടത്തുന്നവരെ, അള്ളാഹുവിങ്കലും, വിശ്വസിച്ചവരുടെ അടുക്കലും ഇത് ക്രോധത്തിൽ വളരെ വമ്പിച്ചതത്രെ). എന്നുള്ള താക്കീതിന് നാമാരും പാത്രമാകാതിരിക്കട്ടെ. ആമീൻ. നമ്മുടെ തെറ്റുകുറ്റങ്ങളെല്ലാം അള്ളാഹു പൊറുത്തു തരുകയും ചെയ്യട്ടെ. آمين



(امنا به كل من عند ربنا وما يتذكر الا اولو الإياب)

(كان القران من تقييد هذه المقالة لثامن من جمادي الاولي سنة ١٣٨٤ ٥الموافق١٥-٩-٦٤م٠









സൂറത്ത്
ജുസ്അ്
ആമുഖം
വ്യാഖ്യാനകുറിപ്പ്
Settings