സൂറത്തുല്‍ മുഅ്മിനൂന്‍ 6ലും മറ്റു പല ഖുര്‍ആന്‍ വചനങ്ങളിലും ‘വലങ്കൈകള്‍ ഉടമപ്പെടുത്തിയവര്‍’ എന്നാല്‍ ആരാണ്? {” معنى ” مَا مَلَكَتْ أَيْمَانُهُمْ}
സ്ഥാപിതതാല്പര്യത്തിനനുസരിച്ച് ഖുര്‍ആനെ വ്യാഖ്യാനിക്കാറുള്ള ചിലര്‍ مَا مَلَكَتْ أَيْمَانُهُمْ (മാ മലക്കത്ത് – ഐമാനുഹും) എന്ന വാക്കിന് ‘അവരുടെ നിയന്ത്രണത്തിന്‍കീഴില്‍ ജീവിക്കുന്നവര്‍’ എന്ന് അര്‍ത്ഥം കൊടുത്തു കാണുന്നു. ഇങ്ങിനെയാണ് ഈ വാക്കിന് അര്‍ത്ഥം നല്‍കേണ്ടതെന്നും അവര്‍ പ്രസ്താവിക്കുന്നു. ഇതിന് കാരണമായി രണ്ട് വാദങ്ങളാണ് അവര്‍ കൊണ്ടുവരുന്നത്.
1) അതൊരു അലങ്കാരപ്രയോഗം (മജാസ് – المجاس) ആണെന്നും
2) ഇസ്‌ലാമില്‍ ഒരു പ്രകാരത്തിലുള്ള അടിമത്തവും അംഗീകരിക്കപ്പെട്ടിട്ടില്ല (ആകയാല്‍ അടിമത്വം ധ്വനിക്കുന്ന അര്‍ത്ഥം കൊടുക്കാവതല്ല) എന്നും. എങ്കിലും, ഇതേ കൂട്ടര്‍തന്നെ ഈ വാക്കിന് ചിലപ്പോള്‍ അവരുടെ കൃതികളില്‍ സൂറത്തുന്നിസാഉ് 3,24,25 എന്നീ ആയത്തുകളില്‍) കൊടുത്തുകാണുന്നത് നാം കല്‍പിച്ചിട്ടുള്ള അതേ അര്‍ത്ഥം തന്നെയാണ് താനും. ഒരിടത്ത്: ‘ഉടമസ്ഥതയില്‍ വന്നുചേര്‍ന്നിട്ടുള്ള സ്ത്രീകള്‍’ എന്നും, മറ്റൊരിടത്ത്: ഉടമസ്ഥതയിലുള്ള സ്ത്രീകള്‍ എന്നും, മൂന്നാമതൊരിടത്ത് : ‘ഉടമപ്പെടുത്തിയിട്ടുള്ള അടിമ സ്ത്രീകള്‍’ എന്നും അര്‍ത്ഥം പറഞ്ഞിരിക്കുന്നു. ഈ വാക്കുകള്‍ തമ്മില്‍ അല്പാല്പം അക്ഷരവ്യത്യാസം ഉണ്ടെങ്കിലും സാരത്തില്‍ വ്യത്യസ്തങ്ങളല്ല. എന്തോ കാരണത്താല്‍ അവിടങ്ങളില്‍ അങ്ങിനെയെല്ലാം ആലോചിക്കാതെ മുമ്പ് പറഞ്ഞുപോയതുകൊണ്ടായിരിക്കാം, ‘ഒരു പ്രകാരത്തില്‍ ആ വാക്കിന് ‘വലംകൈകള്‍ ഉടമപ്പെടുത്തിയത്’ എന്നും തര്‍ജ്ജമകൊടുക്കാമെന്ന് ഇവിടെ എത്തിയപ്പോള്‍ അവര്‍ പതുക്കെ സമ്മതിച്ചു കാണുന്നത്. ‘ഏതായാലും അധീനത്തില്‍ കീഴില്‍ ജീവിക്കുന്നവര്‍’ എന്നാണു പോല്‍ ശരിയായ തര്‍ജ്ജമ?! ഭാര്യമാരില്‍പ്പെട്ട ഒരു വിഭാഗം തന്നെയാണ് ഈ വാക്കുകൊണ്ടുദ്ദേശമെന്നും ഇവര്‍ വാദിക്കുന്നു.
ഇതൊരു അലങ്കാരപ്രയോഗം (‘മജാസ്’) ആകുന്നുവെന്നുള്ളത് ശരിതന്നെ. സാക്ഷാല്‍ അര്‍ത്ഥം ഉദ്ദേശിക്കപ്പെടുവാന്‍ തരമില്ലാതെ അതുമായി ബന്ധപ്പെട്ട മറ്റൊരു അര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെടുന്ന വാക്കുകള്‍ക്കാണല്ലോ ‘മജാസ്’ – അഥവാ അലങ്കാരപ്രയോഗം – എന്ന് പറയുന്നത്. എന്നാല്‍, ഈ വാക്ക് ‘മജാസാ’ണു എന്നു പറയുന്നതിന്റെ താല്പര്യമെന്താണെന്നും, ഈ വാക്കില്‍ എവിടെയാണ് ഈ അലങ്കാരം അടങ്ങിയിട്ടുള്ളതെന്നും നോക്കേണ്ടതുണ്ട്. مَلَكَتْ (മലക്കത്ത്) എന്ന ക്രിയയിലാണോ? അല്ല. ‘ഉടമപ്പെടുത്തി’ അല്ലെങ്കില്‍, ‘ഉടമയാക്കി’ എന്നാണതിന്റെ അര്‍ത്ഥം. ഈ ക്രിയയിലാണ് ‘മജാസു’ള്ളതെങ്കില്‍ അതിന്റെ അര്‍ത്ഥം ‘അധീനത്തിന്‍ കീഴില്‍ ജീവിച്ചു’ എന്നോ മറ്റോ ആണെന്ന് വാദിക്കാമായിരുന്നു. ‘ഐമാന്‍’ ( أَيْمَان) എന്ന വാക്കിലാണോ മജാസുള്ളത്? അതുമല്ല. അതിന് വലങ്കൈകള്‍ എന്ന അസ്സല്‍ അര്‍ത്ഥം തന്നെയാണുള്ളതും. പിന്നെയോ? വാസ്തവത്തില്‍, ‘ഐമാന്‍’ എന്ന നാമത്തെ ‘മലകത്ത്’ എന്ന ക്രിയയുടെ കര്‍ത്താവാക്കിയതിലാണ് ‘മജാസുള്ളത്’ (*) കാരണം: ‘ഐമാന്‍’ എന്ന വാക്കിന്റെ അര്‍ത്ഥം വലങ്കൈകള്‍ എന്നാണല്ലോ. ഉടമപ്പെടുത്തുക എന്ന കാര്യം മനുഷ്യന്റെ പ്രവര്‍ത്തനങ്ങളില്‍ പെട്ടതാണ് – വലങ്കൈകളുടെ പ്രവൃത്തിയല്ല അതു കൊണ്ട് മാത്രമാണ് ഇവിടെ ‘മജാസു’ണ്ടെന്നു പറയേണ്ടി വന്നത്. അപ്പോള്‍ ‘അവരുടെ വലങ്കൈകള്‍ ഉടമപ്പെടുത്തി’ (مَا مَلَكَتْ أَيْمَانُهُمْ) എന്ന് പറയുന്നതിന്റെ ഉദ്ദേശ്യമാകുന്ന അലങ്കാരാര്‍ത്ഥം (المعنى المجازى) ‘അവര്‍ ഉടമപ്പെടുത്തി’ എന്നാകുന്നു. ഇതാണ് ഈ വാക്ക് അലങ്കാരപ്രയോഗമാണെന്ന്‍ പറഞ്ഞതിന്റെ താല്പര്യം. ‘അവന്‍ പ്രവര്‍ത്തിച്ചു’ എന്ന ഉദ്ദേശ്യത്തില്‍ ‘അവന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചു’ എന്നിങ്ങിനെയുള്ള പ്രയോഗം അറബിയിലെന്നപോലെ മലയാളത്തിലും കാണാവുന്നതാണ്. ഇവിടെ ‘പ്രവര്‍ത്തിച്ചു’ എന്ന ക്രിയയുടെയോ ‘കരങ്ങള്‍’ എന്ന നാമത്തിന്റെയോ അര്‍ത്ഥത്തിലല്ല അലങ്കാരം നടക്കുന്നത്. ‘കരങ്ങളെ’ ആ ക്രിയയുടെ കര്‍ത്താവാക്കിയതിലാണ്. അറബിസാഹിത്യശാസ്ത്രത്തില്‍ (علم البلاغة) അല്‍പം പരിചയമുള്ളവര്‍ക്ക് ഇപ്പറഞ്ഞത് വേഗം മനസ്സിലാക്കുവാന്‍ കഴിയും.
(*).يعني ان المجازهنا في اسناد ملكت الى الا يمان على انها فاعل ملكت لا في “ملكت” ولا في “الا يمان”.
മറ്റൊരു കാര്യം ഇവിടെ ശ്രദ്ധേയമാണ് : ‘അവരുടെ ഭാര്യമാര്‍’ (أَزْوَاجهِمْ) എന്ന് പറഞ്ഞതിനെത്തുടര്‍ന്നാണല്ലോ ഖുര്‍ആനില്‍ ഇവിടെയും മറ്റു പലസ്ഥലത്തും أَوْ مَا مَلَكَتْ أَيْمَانُهُمْ (അല്ലെങ്കില്‍ അവരുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയവര്‍) എന്ന് അല്ലാഹു പറയുന്നത്: അപ്പോള്‍ ‘ഭാര്യമാര്‍’ (أَزْوَاج) എന്ന വാക്കില്‍ ഉള്‍പ്പെടാത്ത മറ്റൊരു വിഭാഗം സ്ത്രീകളെക്കുറിച്ചാണ് ഇത് പറഞ്ഞിട്ടുള്ളതെന്ന് അല്‍പം ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും – ഇക്കൂട്ടര്‍ക്കൊഴികെ. ഇക്കൂട്ടര്‍ക്ക് ഇത് മനസ്സിലാക്കുവാന്‍ കഴിയാത്തതില്‍ അത്ഭുതമില്ല. കാരണം: ‘ജിന്നും മനുഷ്യനും’ (اَلْجِنُّ وَالْاِنْسُ) എന്നോ, ‘ജിന്നുകളും മനുഷ്യരും’ (اَلْجنَّةُ وَالنَّاسُ) എന്നോ, പറയുന്നിടത്തെല്ലാം ജിന്നും മനുഷ്യരും ഒന്നുതന്നെയാണെന്നോ, മനുഷ്യരില്‍പെട്ട ഒരു പ്രത്യേക തരക്കാരാണ് ജിന്നുകളെന്നോ അര്‍ത്ഥമാക്കി വ്യാഖ്യാനിക്കുന്നത് ഇവരുടെ സാധാരണ പതിവാണ്. അതേ പതിവ് ഇവിടെയും ആവര്‍ത്തിച്ചുവെന്നേയുള്ളു. അങ്ങനെ, ‘വലങ്കൈകള്‍’ ഉടമപ്പെടുത്തിയവര്‍’ (അല്ലെങ്കില്‍ ‘നിയന്ത്രണത്തിന്‍കീഴില്‍ ജീവിക്കുന്നവര്‍’) എന്ന് പറഞ്ഞത് ‘ഭാര്യമാരി’ല്‍പെട്ട ഒരു പ്രത്യേക വര്‍ഗ്ഗത്തെപ്പറ്റിയാണെന്ന് ഇവര്‍ ഇവിടെയും വാദിച്ചിരിക്കുന്നത്. ഈ പ്രത്യേകവര്‍ഗ്ഗം കൊണ്ടുദ്ദേശ്യം ‘യുദ്ധത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട് മറ്റുള്ളവരുടെ അധീനത്തില്‍പെട്ടവരാണ്’ എന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ ആയത്തില്‍ (أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ എന്ന്) പറഞ്ഞതിന്റെ സാരം: അവരുടെ ഭാര്യമാരെയോ അല്ലെങ്കില്‍ യുദ്ധത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട് മറ്റുള്ളവരുടെ അധീനത്തില്‍പെട്ട പ്രത്യേകവര്‍ഗ്ഗം ഭാര്യമാരെയോ’ എന്നായിത്തീരുമല്ലോ. ഇത് പറഞ്ഞപ്പോള്‍ ഇക്കൂട്ടര്‍ക്കുതന്നെ ചില സംശയങ്ങള്‍ ഉദിക്കുന്നു:-
ആ സംശയങ്ങളുടെയും, അതിന് അവര്‍ തന്നെ നല്‍കുന്ന മറുപടിയുടെയും ചുരുക്കം ഇതാണ്: ‘അപ്പോള്‍ രണ്ടുതരം ഭാര്യമാര്‍ക്കും (അധീനത്തില്‍ ജീവിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും) വേണം, നികാഹും മഹ്റും. വിവാഹം കഴിക്കേണമെങ്കില്‍ ഇരുകൂട്ടരുടെയും രക്ഷിതാക്കളുടെ അനുമതിയും വേണം. പിന്നെയെന്താണ് രണ്ടുകൂട്ടരും തമ്മില്‍ വ്യത്യാസം? ഉണ്ട് – വ്യത്യാസമുണ്ട്. സ്വതന്ത്രകളായ (അധീനത്തില്‍ ജീവിക്കുന്നവരല്ലാത്ത) സ്ത്രീകളില്‍ ജനിക്കുന്ന കുട്ടികള്‍ സ്വതന്ത്രബോധവും ഉല്‍കൃഷ്ടചിന്തയും ഉള്ളവരായിരിക്കും. അന്യരുടെ നിയന്ത്രണത്തിന്‍ കീഴില്‍ വല്ല ‘കാലിത്തൊഴുത്തിലോ മറ്റോ’ ജീവിച്ച സ്ത്രീകളില്‍ നിന്ന് ജനിക്കുന്ന കുട്ടികള്‍ പതിതസ്വഭാവക്കാരുമായിരിക്കും’ ഇതാണ് ഇവര്‍ പറയുന്നത്. തനി ബാലിശവും കണ്ണു ചിമ്മി ഇരുട്ടാക്കുന്നതുമായ ഈ തത്വശാസ്ത്രം ചരിത്രത്തിന്റെ വെളിച്ചത്തില്‍ ശരിയോ തെറ്റോ എന്ന് പരിശോധിക്കുവാന്‍ നാം ഇവിടെ മിനക്കെടേണ്ടതില്ല. പക്ഷേ, ഇക്കാരണത്തെ മുന്‍നിര്‍ത്തി ഈ പ്രത്യേക വര്‍ഗ്ഗത്തെ ‘ഭാര്യമാരു’ടെ ( أَزْوَاجُهِمْ) കൂട്ടത്തില്‍ അല്ലാഹു ഉള്‍പ്പെടുത്താതിരുന്നതാണെന്ന് വരുത്തിത്തീര്‍ക്കുവാനുള്ള ഇവരുടെ ധൈര്യം കാണുമ്പോള്‍ ആശ്ചര്യം തോന്നുകയാണ്. ‘തനിക്ക് ലജ്ജയില്ലെങ്കില്‍ താനുദ്ദേശിച്ചത് ചെയ്തുകൊള്ളുക’ (إذَا لَمْ تَسْتَحِ فَاصْنَعْ مَا شِئْت) എന്ന നബിവചനമാണ് ഓര്‍മ്മവരുന്നത്.
ഈ വാക്കിന്റെ (مَا مَلَكَتْ أَيْمَانُهُمْ) അര്‍ത്ഥം മാറ്റുവാനും, അതിന് ഇത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കുവാനുമുള്ള ഒന്നാമത്തെ കാരണത്തെക്കുറിച്ചാണ് നാം ഇതുവരെ സംസാരിച്ചത്. ഇത്രയെല്ലാം പാടുപെട്ടും, വളച്ചുതിരിച്ചും, ലജ്ജാവഹമായ ന്യായം പറയുവാന്‍ സാഹസപ്പെട്ടതു വാസ്തവത്തില്‍ രണ്ടാമത്തെ കാരണത്തിന്റെ സ്ഥാപനത്തിന് വേണ്ടി മാത്രമാണ്. കാലത്തിന്റെ ഒഴുക്കും, ആധുനികലോകത്തിന്റെ ഹിതവും അനുസരിച്ച് പുതിയ ആശയങ്ങള്‍ പ്രകടിപ്പിക്കുവാനും, അതിനോട് യോജിപ്പിച്ച് ഖുര്‍ആനെയും, ഇസ്‌ലാമിനെയും തങ്ങളുടെ വശത്താക്കുവാനും ശ്രമിക്കുന്ന ഒരു പതിവ് ഇന്ന് പലരിലും കാണാറുള്ളതാണ്. ഇസ്ലാം ശരീഅത്ത് പുനപരിശോധിച്ച് പരിഷ്ക്കരിപ്പിക്കുവാനും നാളിതുവരെ ഒരൊറ്റ മുസ്ലിമിന്നും ഭിന്നാഭിപ്രായം തോന്നാത്ത ചില മതനിയമങ്ങള്‍ക്കു രൂപഭേദം വരുത്തുവാനും മുസ്‌ലിം സമുദായത്തില്‍ തന്നെ ഉള്‍പ്പെടുന്ന ചിലരുടെ ‘ശുദ്ധീകരണ പ്രസ്ഥാനങ്ങള്‍’ ഇന്ന് പുറത്ത് വന്നുകൊണ്ടിരിക്കുന്നത് നമുക്കറിയാമല്ലോ. അക്കൂട്ടത്തില്‍ ഒന്നത്രെ ഇസ്‌ലാമില്‍ യാതൊരു പ്രകാരത്തിലുള്ള അടിമത്തവും അംഗീകരിക്കുകപ്പെടുകയുണ്ടായിട്ടില്ല എന്നും, ഇത് സംബന്ധമായി ഖുര്‍ആനില്‍ കാണപ്പെടുന്ന പ്രസ്താവനകളത്രയും ഇതുവരെ മുസ്ലിംകള്‍ പൊതുവില്‍ മനസ്സിലാക്കിയിട്ടില്ല എന്നുമുള്ള വാദങ്ങളും.
അടിമത്ത സമ്പ്രദായത്തെ ഇസ്ലാം അങ്ങേയറ്റം നിയന്ത്രിച്ചിട്ടുണ്ട്. അടിമത്വം കല്‍പിക്കപ്പെടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ അത് പരിമിതപ്പെടുത്തിയിട്ടുമുണ്ട്. അടിമത്തത്തെ അത് നിരുത്സാഹപ്പെടുത്തുകയും, അടിമകള്‍ സ്വതന്ത്രരാക്കപ്പെടുവാന്‍ പല മാര്‍ഗ്ഗങ്ങളും നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അടിമത്തത്തെ അടിയോടെ, അത് നിയമവിരുദ്ധമാക്കിയിട്ടില്ല. ഇതാണ് വാസ്തവം. ഇതിനെപ്പറ്റി സന്ദര്‍ഭോചിതം പിന്നീട് നാം സംസാരിക്കുന്നതാണ്. പ്രത്യേകിച്ച് സൂ: അഹ്സാബിലും, അതിനെത്തുടര്‍ന്നുള്ള വ്യാഖ്യാനക്കുറിപ്പിലും, സൂ: മുഹമ്മദിലും ഇതിനെക്കുറിച്ച് കൂടുതല്‍ വിവരിക്കുന്നതുമാണ്.
إن شاء الله