വ്യാഖ്യാനകുറിപ്പ്

ജിന്നും ശൈത്വാനും (الجنّ والشّيطان)
ജിന്നുകളെയോ പിശാചുകളെയോ സംബന്ധിച്ച് പ്രസ്താവിക്കുന്ന പല ക്വുര്‍ആന്‍ വചനങ്ങളും ദുര്‍വ്യാഖ്യാനം ചെയ്യുവാനും, അതുവഴി മുസ്ലിംകളില്‍ പല ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുവാനും ചില തല്‍പരകക്ഷികള്‍ മുതിരുന്നത് കാണാം. ഇതിന്റെ പിന്നിലുള്ള പ്രധാന കാരണം, അവര്‍ ‘ജിന്നി’നെയും, ‘ശൈത്വാ’നെയും നിഷേധിക്കുന്നതാണ്. അതുകൊണ്ട് ജിന്നിനെയും ശൈത്വാനെയും കുറിച്ച് ഇസ്ലാമിന്റെ പ്രമാണങ്ങള്‍ എന്ത് പറയുന്നുവെന്ന് മനസ്സിലാക്കുന്നത് വളരെ ഉപകാരപ്രദമായിരിക്കും.



എല്ലാവര്‍ക്കും സുപരിചിതമായ രണ്ട് വാക്കുകളാണ് ജിന്നും, ശൈത്വാനും. നമ്മുടെ ബാഹ്യ ദൃഷ്ടിക്ക് അതീതമായ ഒരുതരം അദൃശ്യസൃഷ്ടികളാണ് അവരെന്ന്‍ പരക്കെ അറിയപ്പെട്ടതാണ്. ക്വുര്‍ആനിലും, ഹദീഥിലും മതഗ്രന്ഥങ്ങളിലും അവരെപ്പറ്റി പലതും പ്രസ്താവിച്ചിട്ടുമുണ്ട്. പക്ഷേ, യുക്തിവാദികള്‍ക്കും, ഭൗതിക വാദികള്‍ക്കും അതൊന്നും ബാധകമല്ലാത്തതുകൊണ്ട് കേവലം അദൃശ്യങ്ങളായ ജിന്ന്, ശൈത്വാന്‍ മുതലായ പലതിനെയും അവര്‍ നിഷേധിക്കുന്നതില്‍ അല്‍ഭുതമില്ല. അവരുടെ നിഷേധത്തെ ന്യായീകരിക്കുവാന്‍ മതപ്രമാണങ്ങളെ വ്യാഖ്യാനിച്ചു ബുദ്ധിമുട്ടേണ്ടുന്ന ആവശ്യവും അവര്‍ക്കില്ല. എന്നാല്‍, ക്വുര്‍ആനിലും മതമൂല്യങ്ങളിലും വിശ്വസിക്കുന്ന ചിലര്‍പോലും അവയെ നിഷേധിക്കുകയും, അതിനുവേണ്ടി മതപ്രമാണങ്ങളെ വളച്ചുതിരിച്ചു വ്യാഖ്യാനിക്കുകയും, അവഗണിക്കുകയും ചെയ്യുന്നതിലാണ് അല്‍ഭുതം. മതമൂല്യങ്ങളിലുള്ള വിശ്വാസക്കുറവും, ഭൗതികചിന്താഗതിയുമാണ് വാസ്തവത്തില്‍ ഇതിനു കാരണം. പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുവാനും, വഴിപിഴപ്പിക്കുവാനും ഇവരുടെ പ്രക്രിയകളാണ് കൂടുതല്‍ കാരണമായിത്തീരുന്നത്. ഇവരുടെ സംസാരം ഇസ്ലാമിന്റെ പേരിലായിരിക്കുമല്ലോ.



ബാഹേന്ദ്രിയങ്ങള്‍കൊണ്ടു ഗ്രഹിക്കുവാന്‍ കഴിയാത്ത കാര്യങ്ങളെ യുക്തികൊണ്ടോ, ശാസ്ത്രം കൊണ്ടോ മനസ്സിലാക്കുവാനും, സ്ഥാപിക്കുവാനും സാധ്യമല്ല. ദൈവീകവും, വൈദീകവുമായ മാര്‍ഗ്ഗദര്‍ശനങ്ങള്‍മുഖേന മാത്രമേ അതിനു സാധിക്കുകയുള്ളു. അതുകൊണ്ട് സ്വര്‍ഗ്ഗം, നരകം, പരലോകം, ആത്മാവ്, ജിന്ന്, മലക്ക് ആദിയായവയെക്കുറിച്ചും, അവയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കുവാന്‍ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം – അല്ലാഹുവിന്റെ വചനങ്ങളും, അവന്റെ റസൂല്‍ മുഖേന ലഭിക്കുന്ന അറിവുകളും മാത്രമാണ് അവലംബം. ഈ രണ്ടില്‍നിന്നും എന്തെല്ലാം മനസ്സിലാക്കുവാന്‍ കഴിയുമോ അതിനപ്പുറം മറ്റൊരു അഭിപ്രായം ഉണ്ടായിരിക്കുവാന്‍ മുസ്ലിംകള്‍ക്കു പാടില്ല. അവയില്‍നിന്നു നേര്‍ക്കുനേരെ വ്യക്തമായതിനെ മറ്റു പ്രകാരത്തില്‍ വ്യാഖ്യാനിക്കുവാനും പാടില്ല.



വാക്കര്‍ത്ഥം:-






ج ن ن (ജീം – നൂന്‍ -നൂന്‍) എന്നീ മൂന്നക്ഷരങ്ങള്‍ ചേര്‍ന്നതാണ് ‘ജിന്ന്’ (الجنّ) എന്ന പദം. ഏതെങ്കിലും പ്രകാരത്തിലുള്ള ഒരു അപ്രത്യക്ഷത – അഥവാ മറവ് – ഉള്‍ക്കൊള്ളുന്ന അര്‍ത്ഥങ്ങളായിരിക്കും ഈ അക്ഷരങ്ങളില്‍ നിന്നുത്ഭവിക്കുന്ന മിക്കവാറും എല്ലാ പദങ്ങള്‍ക്കും ഉണ്ടായിരിക്കുക. അറബി നിഘണ്ടുകള്‍ പരിശോധിച്ചാല്‍ ഇത് മനസ്സിലാക്കാം.

ചില ഉദാഹരണങ്ങള്‍ നോക്കുക:-

جنه : ستره (അതിനെ: മറച്ചു) ;

جن اليل : أظلم (രാത്രി: ഇരുട്ടുമൂടി) ;

أجن عنه : استتر (അതില്‍ നിന്ന്: മറഞ്ഞു) ;

ألجنة : الستر (മറ) ;

ألجنين : المستور من كل شيئ, القبر/ المقبور, الولد في الرحم (എല്ലാറ്റില്‍ നിന്നും മറക്കപ്പെട്ടത്, ക്വബ്ര്‍, ക്വബ്റില്‍ അടക്കം ചെയ്യപ്പെട്ടവര്‍, ഗര്‍ഭാശയത്തിലെ ശിശു) ;

ألجنة : كل بستان ذى شجر يستر باشجاره الارض (ഭൂമിയെ മറച്ചു കളയുമാറ് മരങ്ങളുള്ള തോട്ടം) .



ക്വുര്‍ആന്റെ നിഘണ്ടുവായ ‘മുഫ്റദാത്തു – റാഗിബി’ല്‍ ഇങ്ങിനെ പറയുന്നു:



اصل الجن ستر الشيئ عن الحاسة (‘ജ – ന്‍ -ന്’ എന്നതിന്റെ സാക്ഷാല്‍ അര്‍ത്ഥം ബാഹേന്ദ്രിയങ്ങളില്‍ നിന്ന് വസ്തുക്കളെ മറക്കുക എന്നാകുന്നു).



പ്രസിദ്ധ അറബി നിഘണ്ടുവായ ‘ക്വാമൂസി’ലും ഈ കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. ജിന്നുവര്‍ഗ്ഗത്തിനു ‘ജിന്നു’ എന്നു പേര്‍ വരുവാന്‍ കാരണം ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നതാണ്.



എനി, ‘ജിന്നു’ (الجنّ) എന്ന വാക്കിനു നിഘണ്ടുകളിലുള്ള അര്‍ത്ഥങ്ങള്‍ കാണുക.

1. മനുഷ്യന്‍ എന്നതിന്റെ എതിരില്‍ ബാഹ്യേന്ദ്രിയങ്ങളില്‍നിന്നു മറഞ്ഞുനില്‍ക്കുന്ന ആത്മീയജീവികള്‍.

2. ചില ആത്മീയ ജീവികള്‍.

3. മനുഷ്യര്‍ക്കും ആത്മാക്കള്‍ക്കും ഇടയ്ക്കുള്ളതായി കരുതപ്പെടുന്ന ഒരു സൃഷ്ടി.

4. പിശാച്. 5. രാക്ഷസന്‍. 6. ഭൂതം. 7. കുലദേവന്‍. 8. ദേവത. 9. മനുഷ്യന്റെ വിപരീതമായ ‘ജിന്നി’. (*) . ഇങ്ങിനെയുള്ള അര്‍ത്ഥങ്ങളല്ലാതെ, മനുഷ്യരില്‍പെട്ട ഏതെങ്കിലും ഒരു വിഭാഗത്തിനു ‘ജിന്നു’ എന്ന വാക്ക് ഉപയോഗിക്കാമെന്നു കാണിക്കുന്ന ഒരു അര്‍ത്ഥം നിഘണ്ടുകളില്‍ കാണുന്നില്ല. ‘ജാന്ന്‍, ജിന്നത്ത്’ (الجان, الجنّة) എന്നീ വാക്കുകളും ഈ അര്‍ത്ഥങ്ങില്‍ വരുന്ന പര്യായപദങ്ങളാകുന്നു.

‘ശൈത്ത്വാന്‍’ (الشيطان) എന്ന വാക്കിനു നിഘണ്ടുകളിലെ അര്‍ത്ഥങ്ങള്‍:

1. ദുരാത്മാവ്‌.

2. മനുഷ്യരിലോ, ജിന്നിലോ, ജീവികളിലോ ഉള്ള ദുഷിച്ച ധിക്കാരശീലന്‍.

3. സര്‍പ്പം.

4. അഗ്നിയാല്‍ സൃഷ്ടിക്കപ്പെട്ട ഒരു സൃഷ്ടി.

5. ഭൂതം, പിശാചു, ചെകുത്താന്‍, രാക്ഷസന്‍, സാത്താന്‍ മുതലായവയാണ്. (**) .






(*) . ആദ്യത്തെ രണ്ടും ‘മുഫ്റദാത്തി’ലും ‘മുന്‍ജിദിലും’ ബാക്കി ‘ഫറാഇദ്ദുര്-രിയ്യഃയിലും, ‘ക്വാമൂസുല്‍ അസ്വ്-രീ’യിലും കാണാം. ഇവക്കു പുറമെ ‘മലക്കുകള്‍’ എന്ന ഒരു അര്‍ത്ഥംകൂടി ‘ക്വാമൂസില്‍’ കാണുന്നു. ‘മുഫ്റദാത്തി’ന്റെ വാചകം ഇതാണ്:

الجن يقال على وجهين احدهما للروحانين المستترة عن الحواس كلها بازاء الانس وقيل بل الجن بعض الروحانين – المفردات.

‘മുന്‍ജിദി’ലെ വാചകം ഇതാണ് الجن والجنة مخلوق مزعوم بين الانس والارواح-المنجد.

‘ഫറാഇദ്ദുര്-രിയ്യയിലെ വാക്കുകള്‍: The Gennii (opp. to Men) جن وجان وجنة എന്നും,

ക്വാമൂസുല്‍ -അസ്വ്-രിയി’ല്‍ : Demon, Gnome, Jinnee جن, جان എന്നുമാണ്.



(**) . ‘മുഫ്റദാത്ത്’, ‘ക്വാമൂസ്’, ‘മുന്‍ജിദ്’, ക്വാമൂസ് അസ്വ്-രി’, ‘ഫറാഇദ്ദ്ദുര്-രിയ്യ’ മുതലായവ നോക്കുക.






മേല്‍കണ്ട അര്‍ത്ഥങ്ങള്‍ പരിശോധിക്കുമ്പോള്‍ താഴെ പറയുന്ന സംഗതികള്‍ മനസ്സിലാക്കുവാന്‍ കഴിയും:

1. ജിന്നും മനുഷ്യനും രണ്ടു പ്രത്യേക വര്‍ഗ്ഗങ്ങളാണ്.

2. ജിന്നു വര്‍ഗ്ഗത്തിലെ ദുഷിച്ച ഒരു വിഭാഗമാണു ശൈത്ത്വാന്‍. എല്ലാ ജിന്നും ശൈത്ത്വാനല്ല.

3. മനുഷ്യരില്‍ ദുഷിച്ചവര്‍ക്കും – ഇത്തരജീവികളില്‍ ദുഷിച്ചവര്‍ക്കുതന്നെയും – ശൈത്ത്വാന്‍ എന്നു പറയപ്പെടും. ഇതു ഒരു ഉപമാലങ്കാര പ്രയോഗമാണുതാനും (***) .

4. മനുഷ്യന്റെ ബാഹേന്ദ്രിയങ്ങളാല്‍ കണ്ടെത്തുവാന്‍ കഴിയാത്ത വര്‍ഗ്ഗമാണ് ജിന്നും ശൈത്ത്വാനും. കൂടുതല്‍ വിവരം താഴെ നിന്നു മനസ്സിലാക്കാം.






(*) . ‘മുഫ്റദാത്തി’ല്‍ ഇങ്ങിനെ കാണാം:- العفريت من الجن هو العارم الخبيث ويستعار ذلك للانسان استعارة للشيطان له (‘ഇഫ്‌രീത്ത്’ എന്നാല്‍ കടുത്ത ദുഷ്ടനായ ജിന്നാണ്. മനുഷ്യന് ‘ശൈത്വാന്‍’ എന്ന വാക്ക് കടമെടുക്കുന്നതുപോലെ – സാദൃശ്യാലങ്കാരരൂപത്തില്‍ പറയുന്നതുപോലെ – ആ വാക്ക് അവനും കടമെടുക്കാറുണ്ട്‌). ധീരനായ മനുഷ്യന് ധൈര്യത്തില്‍ സിംഹത്തോടുള്ള സാദൃശ്യം മനസ്സില്‍ വെച്ചുകൊണ്ട് ‘അവന്‍ സിംഹമാണ്’ (هو أسد) എന്നും പറയുംപോലെയുള്ള ഉപമാലങ്കാര പ്രയോഗത്തിനാണ് استعارة (കടമെടുക്കല്‍) എന്ന് പറയുന്നത്.






ജിന്നും മനുഷ്യനും വെവ്വേറെ വര്‍ഗങ്ങള്‍:

സൂറത്തു റഹ്മാനില്‍ അല്ലാഹു പറയുന്നു:



خَلَقَ الْإِنسَانَ مِن صَلْصَالٍ كَالْفَخَّارِ ﴿١٤﴾ وَخَلَقَ الْجَانَّ مِن مَّارِجٍ مِّن نَّارٍ ﴿١٥ : الرحمن



(സാരം: ചൂളമണ്ണുപോലെ മുട്ടിയാല്‍ ‘ചലചല’ ശബ്ദമുണ്ടാക്കുന്ന ഉണങ്ങിയ കളിമണ്ണില്‍നിന്നു അവന്‍ – അല്ലാഹു – മനുഷ്യനെ സൃഷ്ടിച്ചു. പുക കലരാത്ത തനി അഗ്നിയില്‍നിന്നു ജിന്നിനെയും സൃഷ്ടിച്ചു). .



സൂ: ഹിജ്റില്‍ പറയുന്നു:

وَلَقَدْ خَلَقْنَا الْإِنسَانَ مِن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ ﴿٢٦﴾ وَالْجَانَّ خَلَقْنَاهُ مِن قَبْلُ مِن نَّارِ السَّمُومِ ﴿٢٧﴾ وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي خَالِقٌ بَشَرًا مِّن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ ﴿٢٨

(സാരം: മണത്തില്‍ മാറ്റം വന്ന് കറുത്തതും ‘ചലചല’ ശബ്ദമുണ്ടാകുന്നതുമായ മണ്ണില്‍നിന്നു നാം മനുഷ്യനെ സൃഷ്ടിച്ചിട്ടുണ്ട്. രോമക്കുത്തുകളില്‍കൂടി കടന്നുചെല്ലുന്ന അത്യുഷ്ണമായ അഗ്നിയാല്‍ മുമ്പ് ജിന്നിനെയും നാം സൃഷ്ടിച്ചിരിക്കുന്നു).



ഇബ്ലീസ്‌ ആദം (عليه السلام) നബിക്കു സുജൂദു ചെയ്യാത്തതിനെക്കുറിച്ചു അല്ലാഹു ആക്ഷേപിച്ചപ്പോള്‍ അവന്‍ പറഞ്ഞതായി സൂ: സ്വാദില്‍ ഇങ്ങിനെ പ്രസ്താവിക്കുന്നു:

قَالَ أَنَا خَيْرٌ مِّنْهُ ۖ خَلَقْتَنِي مِن نَّارٍ وَخَلَقْتَهُ مِن طِينٍ ﴿٧٦ : ص:٧٦

(ഞാന്‍ അവനെക്കാള്‍ ഉത്തമനാകുന്നു. നീ എന്നെ അഗ്നിയാല്‍ സൃഷ്ടിച്ചിരിക്കുന്നു. അവനെ കളിമണ്ണിനാലും നീ സൃഷ്ടിച്ചിരിക്കുന്നു) .



മനുഷ്യനും ജിന്നും ഉത്ഭവത്തില്‍ തന്നെ രണ്ടു പ്രത്യേക വര്‍ഗ്ഗങ്ങളാണെന്നും, ആകൃതിയിലും, പ്രകൃതിയിലുമെല്ലാം അവര്‍ വ്യത്യസ്തമായിരിക്കുമെന്നും ഉള്ളതിനു ഇതിലധികം തെളിവ് ഒരു മുസ്ലിമിന് എനി ആവശ്യമുണ്ടോ?!



എങ്കിലും , ഏതു തെളിവു കണ്ടാലും ജിന്ന് എന്നൊരു പ്രത്യേക വര്‍ഗ്ഗത്തെ സമ്മതിക്കുവാന്‍ തയ്യാറില്ലാത്തവര്‍, ഇതിനൊരു പ്രതിവിധി കണ്ടുപിടിച്ചതു ഇതാണ്: സൂ: അമ്പിയാഉ് 37ല്‍ മനുഷ്യന്‍ ധൃതിയാല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു (خُلِقَ الْإِنسَانُ مِنْ عَجَلٍ) എന്നു പറഞ്ഞിട്ടുണ്ടല്ലോ. ഇവിടെ, ധൃതി (عَجَل) യാകുന്ന പദാര്‍ത്ഥത്തില്‍നിന്നു സൃഷ്ടിച്ചു എന്നല്ല – ധൃതിയാകുന്ന സ്വഭാവത്തോടുകൂടി സൃഷ്ടിച്ചു എന്നാണല്ലോ ഉദ്ദേശ്യം. അതുപോലെ, അഗ്നിയുടെ കാഠിന്യവും, മണ്ണിന്റെ പാകതയുമാണത്രെ ഈ ആയത്തുകളിലും ഉദ്ദേശ്യം! അഥവാ അഗ്നി എന്നാല്‍ കാഠിന്യവും, മണ്ണു എന്നാല്‍ പാകതയും!! അഗ്നിയും, കളിമണ്ണും പദാര്‍ത്ഥങ്ങളാണെന്നും, ധൃതി ഒരു സ്വഭാവഗുണമാണെന്നുമുള്ള വ്യത്യാസം ദുര്‍വ്യാഖ്യാനത്തിന്റെ വെമ്പലില്‍ ഇവര്‍ മറന്നുപോയിരിക്കയാണ്‌. ഒന്നിലധികം സ്ഥലത്തു അല്ലാഹു മനുഷ്യനെ മണ്ണിനാല്‍ സൃഷ്ടിച്ചിരിക്കുന്നുവെന്നു ആവര്‍ത്തിച്ചു പറയുകയും, ഒരു സ്ഥലത്തുമാത്രം ധൃതിയാല്‍ സൃഷ്ടിക്കപ്പെട്ടുവെന്നു പറയുകയും ചെയ്ത സ്ഥിതിക്ക് – ‘മണ്ണി’നെ ‘പാകത’യും ‘തീയി’നെ ‘കാഠിന്യ’വുമാക്കി മാറ്റുന്നതിനു പകരം – ‘ധൃതി’യെ ‘മണ്ണാ’ക്കി വ്യാഖ്യാനിക്കുകയായിരുന്നില്ലേ ന്യായം?!






ഇന്‍സും, ജിന്നും (الإنس والجنّ) തമ്മില്‍:-






‘നാടന്‍ – കാടന്‍’ എന്നും, ‘പരിഷ്കൃതന്‍ – അപരിഷ്കൃതന്‍’ എന്നുമൊക്കെ പറയാറുള്ളതുപോലെ, ഒരേ വര്‍ഗത്തില്‍ (മനുഷ്യരില്‍) പെട്ട രണ്ട് വിഭാഗക്കാരാണ് ‘ഇന്‍സും ജിന്നും’ എന്നാണിവരുടെ വാദം. അഥവാ, പരസ്പരം ഇണങ്ങിയും സമ്പര്‍ക്കം പുലര്‍ത്തിയും വരുന്ന വിഭാഗക്കാര്‍ ഇന്‍സും, മലമ്പ്രദേശങ്ങളിലോ മറ്റോ ഒറ്റപ്പെട്ടു ജീവിക്കുന്ന വിഭാഗക്കാര്‍ മാത്രം ജിന്നും! അറബി ഭാഷയിലോ നിഘണ്ടുകളിലോ ഇവരുടേതല്ലാത്ത സാഹിത്യങ്ങളിലോ ഇപ്പറഞ്ഞതിന് യാതൊരു തെളിവുമില്ല. നേരെമറിച്ചാണ് തെളിവുള്ളത്. നോക്കുക:-



1. മനുഷ്യന്‍, ജിന്നിന്റെ എതിര്, ജിന്നും മലക്കും അല്ലാത്തവന്‍, മനുഷ്യ വര്‍ഗ്ഗം എന്നിങ്ങനെയല്ലാതെ -‘നാടനെ’ന്നോ, ‘പരിഷ്കൃതനെ’ന്നോ വരത്തക്ക – യാതൊരര്‍ത്ഥവും ‘ഇന്‍സ്’ എന്ന വാക്കിന് നിഘണ്ടുകളില്‍ കാണുന്നില്ല. (*) .






(*) . ‘ഇന്‍സ്’ എന്ന വാക്കിന് അര്‍ത്ഥം നിഘണ്ടുകളില്‍ കൊടുക്കുന്നതിങ്ങനെയാണ്: الانس : البشر او غير الجن والملاك (المنجد ), الانس : البشر كالانسان (القاموس ), الانس :خلاف الجن (المفردات)

انس :Man, Mankind (الفرائد)

انس غير الجن : Mankind, The human race (القاموس العصري)






2. ‘ഇന്‍സി’ന് മനുഷ്യന്‍ എന്നര്‍ത്ഥമായതുകൊണ്ട് മാത്രമാണ് അതിന്റെ എതിരില്‍ ‘ജിന്ന്’ എന്ന വാക്കു ഉപയോഗിക്കപ്പെടുന്നത്. അല്ലാതെ അതിന് ‘നാടനെ’ന്നോ, പരിഷ്കൃതനെ’ന്നോ മറ്റോ അര്‍ത്ഥമുള്ളതുകൊണ്ടല്ല. ‘ഇന്‍സി’ലെ മൂന്നക്ഷരങ്ങളായ ا ن س യില്‍ നിന്നുത്ഭവിക്കുന്ന മറ്റേതെങ്കിലും പദങ്ങള്‍ക്ക് ‘ജിന്ന്’ എന്നതിലുള്ള ج ن ن എന്നീ അക്ഷരങ്ങള്‍ ഉള്‍കൊള്ളുന്ന പദങ്ങള്‍ എതിര്‍പദ (ضد) ങ്ങളായി വരുന്നില്ല. و ح ش എന്നീ അക്ഷരങ്ങളില്‍ നിന്നുള്ള പദങ്ങളായിരിക്കും എതിര്‍പദങ്ങളായി വരുക. ദുര്‍ല്ലഭമായി ن ف ر യില്‍ നിന്നുള്ള പദങ്ങളും ചിലപ്പോള്‍ വന്നേക്കും. നിഘണ്ടുകളിലെ ഉദാഹരണങ്ങളില്‍ നിന്ന് ഇത് മനസ്സിലാക്കാവുന്നതാണ്. ചില നിഘണ്ടുകളില്‍ ഈ സംഗതി പ്രത്യേകം എടുത്തുപറയുകയും ചെയ്തിട്ടുണ്ട്. (*) . അറബിവാക്കുകള്‍ക്കു ഇതരഭാഷകളില്‍ അര്‍ത്ഥം കൊടുക്കുന്ന ചില നിഘണ്ടുകളില്‍, ‘ജിന്ന് – ഇന്‍സ് – വഹ്ശു’ എന്നീ വാക്കുകള്‍ക്കു കൊടുത്തിട്ടുള്ള അര്‍ത്ഥങ്ങള്‍ പരിശോധിച്ചാലും ഈ വസ്തുത വ്യക്തമാകും.






(*) . ക്വാമൂസില്‍ “انسه ضدا وحشه, الانسة ضد الوحشة” എന്നും; മുന്‍ജിദില്‍ انس ضد وحش എന്നും الانس – بالضم – خلاف الفور എന്നും കാണാം. ഈ മൂന്ന്‍ ധാതുക്കളില്‍ നിന്ന് വരുന്ന ക്രിയാ രൂപങ്ങളുടെ അര്‍ത്ഥം ഇപ്രകാരമായിരിക്കും: جن ستر (മറച്ചു) ; انس الف (ഇണങ്ങി) توحش صار كالو حش (കാട്ടുജീവിയെപ്പോലെയായി) .






ചുരുക്കിപ്പറഞ്ഞാല്‍, ബാഹേന്ദ്രിയങ്ങളാല്‍ കണ്ടെത്തപ്പെടാത്ത ഒരു പ്രത്യേകവര്‍ഗ്ഗം ജീവികള്‍ക്കാണ് ‘ജിന്ന്, ജാന്ന്, ജിന്നത്ത്, ജിന്നിയ്യ്’ എന്നീ പദങ്ങള്‍ ഉപയോഗിക്കപ്പെടുന്നത്. ഇവയുടെ എതിരില്‍ മനുഷ്യന്‍ എന്ന അര്‍ത്ഥത്തിനു ‘ഇന്‍സ്, ബശര്‍, ഇന്‍സാന്‍, ഇന്‍സിയ്യ്’ എന്നും, ഉപയോഗിക്കും. മനുഷ്യരുമായി ഇണക്കവും സമ്പര്‍ക്കവുമില്ലാത്തവര്‍ക്കു ‘വഹ്ശു, മുതവഹ്ഹിശ്, വഹ്ശിയ്യ്’ എന്നും, ഇവയുടെ വിപരീതാര്‍ത്ഥങ്ങളില്‍ ‘ഉന്‍സ്, അനീസ്‌, ഉന്‍സിയ്യ്’ എന്നുമാണ് ഉപയോഗിക്കപ്പെടുക. ഈ കുറിപ്പ് ദീര്‍ഘിച്ചു പോകുമെന്നു കരുതി കൂടുതല്‍ വിശദീകരിക്കുന്നില്ല. (മനുഷ്യരെ സംബന്ധിച്ചിടത്തോളം, ജിന്നുവര്‍ഗ്ഗവും, മലക്കുകളും ഒരുപോലെ അദൃശ്യങ്ങളാകകൊണ്ടു ചില നിഘണ്ടുകളില്‍ ‘ജിന്ന്’ എന്നതിന്ന് മലക്കുകളും കൂടി ഉള്‍പ്പെടുന്ന അര്‍ത്ഥം നല്‍കിയിട്ടുള്ളതു സൂ: സ്വാഫ്ഫാത്ത് 158ന്റെ വിവരണത്തില്‍ നാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.






ജിന്നിനെയും ശൈത്വാനെയും സംബന്ധിച്ച ക്വുര്‍ആന്റെ ചില പ്രസ്താവനകള്‍:-






താഴെ കാണുന്ന ക്വുര്‍ആന്‍ വാക്യങ്ങള്‍ ഓര്‍മിക്കുക:-



يَا بَنِي آدَمَ لَا يَفْتِنَنَّكُمُ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُم مِّنَ الْجَنَّةِ يَنزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْآتِهِمَا ۗ إِنَّهُ يَرَاكُمْ هُوَ وَقَبِيلُهُ مِنْ حَيْثُ لَا تَرَوْنَهُمْ ۗ إِنَّا جَعَلْنَا الشَّيَاطِينَ أَوْلِيَاءَ لِلَّذِينَ لَا يُؤْمِنُونَ ﴿٢٧



ആദമിന്റെ മക്കളേ, നിങ്ങളുടെ മാതാപിതാക്കള്‍ക്കു അവരുടെ നഗ്നത കാണിക്കുവാനായി അവരുടെ വസ്ത്രം അവരില്‍നിന്നു നീക്കിക്കൊണ്ട് ശൈത്വാന്‍ (പിശാച്) സ്വര്‍ഗ്ഗത്തില്‍നിന്നു അവരെ പുറത്താക്കിയതുപോലെ നിങ്ങളെ അവന്‍ കുഴപ്പത്തിലാക്കാതിരുന്നു കൊള്ളട്ടെ. നിശ്ചയമായും അവനും, അവന്റെ കൂട്ടരും, നിങ്ങള്‍ അവരെ കാണാത്തവിധം നിങ്ങളെ (ഇങ്ങോട്ടു) കാണുന്നതാണ്. വിശ്വസിക്കാത്തവര്‍ക്കു ശൈത്വാന്മാരെ നാം മിത്രങ്ങളാക്കി – അഥവാ കാര്യകര്‍ത്താക്കളാക്കി – യിരിക്കുന്നു. (സൂ: അഅ്റാഫ്: 27) .



وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ كَانَ مِنَ الْجِنِّ فَفَسَقَ عَنْ أَمْرِ رَبِّهِ ۗ أَفَتَتَّخِذُونَهُ وَذُرِّيَّتَهُ أَوْلِيَاءَ مِن دُونِي وَهُمْ لَكُمْ عَدُوٌّ ۚ بِئْسَ لِلظَّالِمِينَ بَدَلًا ﴿٥٠﴾



ആദമിന്നു സുജൂദു ചെയ്യുവിന്‍ എന്നു നാം മലക്കുകളോടു പറഞ്ഞപ്പോള്‍ അവര്‍ സുജൂദു ചെയ്തു; ഇബ്ലീസ്‌ ഒഴികെ. അവന്‍ ജിന്നില്‍പെട്ടവനായിരുന്നു. അങ്ങനെ, അവന്‍ തന്റെ റബ്ബിന്റെ കല്‍പനയെ ധിക്കരിച്ചു. എന്നിരിക്കെ, എന്നെവിട്ട് അവനെയും അവന്റെ സന്തതികളെയും നിങ്ങള്‍ കാര്യകര്‍ത്താക്കള്‍ അഥവാ മിത്രങ്ങള്‍ ആക്കുകയോ?! അവരാകട്ടെ, നിങ്ങള്‍ക്ക് ശത്രുക്കളുമാണ്. (അല്‍കഹ്ഫ്‌: 50) .



وَأَنَّهُ كَانَ يَقُولُ سَفِيهُنَا …. وَأَنَّا مِنَّا الْمُسْلِمُونَ وَمِنَّا الْقَاسِطُونَ -سورة الجن



‘ഞങ്ങളില്‍ – ജിന്നുകളില്‍ – ഉള്ള വിഡ്ഢികള്‍ അല്ലാഹുവിന്റെ പേരില്‍ കടുത്ത അനീതി പറയാറുണ്ടായിരുന്നു. ’…. ‘ഞങ്ങളില്‍ നല്ലവരുമുണ്ട്, അതല്ലാത്തവരുമുണ്ട്’…. ‘ഞങ്ങളില്‍ മുസ്ലിംകളുമുണ്ട്, നീതികെട്ടവരുമുണ്ട്’. (ഈ മൂന്നു വാക്യങ്ങള്‍ ജിന്നുകള്‍ നബി (ﷺ) യില്‍ നിന്നു ക്വുര്‍ആന്‍ കേട്ടശേഷം അവര്‍ ചെയ്ത പ്രസ്താവനകളുടെ കൂട്ടത്തില്‍ അല്ലാഹു സൂറത്തുല്‍ ജിന്നില്‍ ഉദ്ധരിച്ചതാണ്). .



ഈ മൂന്ന്‍ ക്വുര്‍ആന്‍ വാക്യങ്ങളില്‍ നിന്നുമായി താഴെ പറയുന്ന കാര്യങ്ങള്‍ തുറന്ന ഹൃദയമുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാം:-

(1) . മനുഷ്യരെല്ലാം ആദമിന്റെയും ഹവ്വാഇന്റെയും മക്കളായിരിക്കെ, ‘ആദമിന്റെ മക്കളേ’ എന്ന് വിളിച്ചുകൊണ്ടും, ‘നിങ്ങളുടെ മാതാപിതാക്കളെ പുറത്താക്കിയപോലെ’ എന്ന് അനുസ്മരിപ്പിച്ചുകൊണ്ടും ശൈത്വാനെക്കുറിച്ചും, ശൈത്വാന്‍മാരെക്കുറിച്ചും ഒന്നാമത്തെ ആയത്തില്‍ അല്ലാഹു താക്കീത് ചെയ്യുന്നു. അപ്പോള്‍, മനുഷ്യരും ശൈത്വാന്‍മാരും ഒരു വര്‍ഗത്തില്‍പ്പെട്ടവരാകുവാന്‍ നിവൃത്തിയില്ല.



(2) . ആദ്യം ‘ശൈത്വാന്‍’ (الشَّيْطَانُ) എന്ന് ഏകവചനമായി പറഞ്ഞത് ഇബ്ലീസിനെയും, പിന്നീട് ശ്വൈതാന്‍മാര്‍ الشَّيَاطِينَ എന്ന് പറഞ്ഞത് അവനെയും അവന്റെ കൂട്ടുകാരെയും ഉദ്ദേശിച്ചാണ്. അവരെല്ലാം ഒരേ വര്‍ഗവുമാണ്.



(3) . മനുഷ്യവര്‍ഗത്തിന്റെ ജനയിതാക്കളായ ആദമും ഹവ്വാഉം മാത്രമായിരുന്ന – അവര്‍ക്ക് സന്തതികള്‍ ജനിക്കുന്നതിന് മുമ്പുള്ള – കാലത്ത് തന്നെ ശൈത്വാന്‍മാര്‍ ഉണ്ടായിരുന്നു. എന്നിരിക്കെ, അവരും മനുഷ്യരും ഒരു വര്‍ഗമായിരിക്കുന്ന പ്രശ്നമില്ല.



(4) . ഇബ്ലീസാകുന്ന ശൈത്വാനെപ്പറ്റി അവന്‍ ജിന്നില്‍പെട്ടവനാണ് (كَانَ مِنَ الْجِنِّ) എന്ന് പറഞ്ഞിരിക്കക്കൊണ്ട് മറ്റു ശൈത്വാന്‍മാരും ജിന്നില്‍പെട്ടവരാണെന്ന് വരുന്നു.



(5) . ജിന്ന് വര്‍ഗം ഒന്ന് വേറെതന്നെയാണെന്ന് മാത്രമല്ല, ആ വര്‍ഗം മനുഷ്യവര്‍ഗത്തിനു മുമ്പേ നിലവിലുണ്ടുതാനും. (സൂറഃ ഹിജ്റില്‍ നിന്നു മേലെ ഉദ്ധരിച്ച ആയത്തില്‍ മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ ജിന്നിനെ സൃഷ്ടിച്ചു (وَالْجَانَّ خَلَقْنَاهُ مِن قَبْلُ) എന്നു അല്ലാഹു വ്യക്തമായിത്തന്നെ പറഞ്ഞിട്ടുണ്ടല്ലോ). .



(6) . ആദമിന്റെ സന്തതികളാകുന്ന മനുഷ്യവര്‍ഗ്ഗത്തെ ജിന്നില്‍ പെട്ട ഇബ്ലീസാകുന്ന ശൈത്ത്വാനും അവന്റെ കൂട്ടരായ മറ്റു ശൈത്ത്വാന്‍മാരും ഇങ്ങോട്ടു കാണുന്നു. അതേ സമയത്ത് മനുഷ്യര്‍ അവരെ അങ്ങോട്ടു കാണുകയുമില്ല. എനി, വല്ലപ്പോഴും നബി (ﷺ) യോ മറ്റോ ജിന്നിനെ കണ്ടുവെന്നു തെളിയുന്നപക്ഷം – മലക്കിനെ കാണുന്നതുപോലെത്തന്നെ – അതു അസാധാരണ സംഭവങ്ങളുടെ ഇനത്തില്‍ പെട്ടതായിരിക്കും.



(7) . ജിന്നുവര്‍ഗ്ഗത്തില്‍ വിഡ്ഢികളും അല്ലാത്തവരും, നല്ലവരും അല്ലാത്തവരും, മുസ്ലിംകളും അല്ലാത്തവരും ഉണ്ടായിരിക്കും.



(8) . ശൈത്ത്വാന്‍മാരെല്ലാം മനുഷ്യരുടെ ശത്രുക്കളാണ്. എന്നാല്‍, ജിന്നുകളെല്ലാവരും മനുഷ്യശത്രുക്കളാകുന്നില്ല. കാരണം, ജിന്നുകളില്‍ നല്ലവരും ചീത്തപ്പെട്ടവരുമുണ്ട്‌. ശൈത്ത്വാന്‍മാരെല്ലാം ദുഷിച്ചവരുമാണ്. ജിന്നുകള്‍ മനുഷ്യശത്രുവാണെന്നു ക്വുര്‍ആന്‍ എവിടെയും പറഞ്ഞിട്ടുമില്ല. ശൈത്ത്വാന്‍മാര്‍ ശത്രുക്കളാണെന്നേ പറഞ്ഞിട്ടുള്ളു.



(9) . ഇബ്ലീസിനെയും, അവന്റെ സന്തതികളെയും (وَذُرِّيَّتَهُ) എന്നു പറഞ്ഞിരിക്കക്കൊണ്ട് അവനു സന്തതികള്‍ ഉണ്ടെന്നു വരുന്നു. പക്ഷേ, ഈ സന്തതികള എങ്ങിനെയുള്ളവരാണെന്നു നമുക്കു അറിഞ്ഞുകൂടാ.



മേലുദ്ധരിച്ച ക്വുര്‍ആന്‍ വചനങ്ങള്‍ക്കു പുറമെ, ജിന്നിനെയും ശൈത്ത്വാനെയും കുറിച്ചു പ്രസ്താവിക്കുന്ന പല ക്വുര്‍ആന്‍ വാക്യങ്ങളും, നബിവാക്യങ്ങളും കാണാം. അവ പരിശോധിച്ചാല്‍ – വക്രമനസ്ഥിതിയില്ലാത്ത ആര്‍ക്കും – മനസ്സിലാക്കുവാന്‍ സാധിക്കും, മനുഷ്യനു സാധ്യമല്ലാത്ത പലതും അവര്‍ക്കു കാണ്മാനും ചെയ്‌വാനും കഴിയുമെന്ന് സുലൈമാന്‍ (عليه السلام) നബിയുടെ ചരിത്രത്തില്‍ നിന്നും മറ്റും ഇതു നല്ലപോലെ തെളിഞ്ഞിട്ടുള്ളതുമാണ്. പക്ഷേ, മറ്റെല്ലാ സൃഷ്ടികളെയും, വര്‍ഗ്ഗങ്ങളെയും പോലെ, ജിന്നുവര്‍ഗ്ഗത്തിനും ചില പ്രകൃതിവ്യവസ്ഥകളും, നിയമ പരിധികളും അല്ലാഹു നിശ്ചയിച്ചിരിക്കുമെന്നു തീര്‍ച്ചയാകുന്നു. ആ വലയത്തിനുള്ളില്‍ മാത്രമേ അവര്‍ക്കു എന്തിനും കഴിവും സ്വാതന്ത്യ്രവും ഉണ്ടായിരിക്കുകയുള്ളു.






മനുഷ്യരില്‍ പിശാചുക്കളുണ്ട് – ജിന്നുകളില്ല:-






ജിന്നുവര്‍ഗ്ഗത്തില്‍ ദുഷിച്ച വിഭാഗക്കാര്‍ക്കാണ് ശൈത്ത്വാന്‍ എന്ന പേര്‍ സാക്ഷാല്‍ പറയപ്പെടുന്നതെങ്കിലും മനുഷ്യരില്‍ ദുഷിച്ച ആളുകള്‍ക്കും ഈ പേര്‍ ഉപമാരൂപത്തില്‍ പറയാറുണ്ടെന്നു മുമ്പു നാം ചൂണ്ടിക്കാട്ടുകയുണ്ടായി. ജിന്നുകളിലെ പിശാചുക്കളെമാത്രം ഉദ്ദേശിച്ചും, മനുഷ്യപ്പിശാചുക്കളെ മാത്രം ഉദ്ദേശിച്ചും ഇരുവര്‍ഗ്ഗത്തിലുമുള്ള പിശാചുക്കളെ ഉദ്ദേശിച്ചും ആ വാക്കു ക്വുര്‍ആനില്‍ ഉപയോഗിച്ചുകാണാം. മേലെ ഉദ്ധരിച്ച 1-ാമത്തെ ആയത്തില്‍ ജിന്നിലെ പിശാചുണ്ട് എന്നതിന്റെ ഉദ്ദേശം. ‘മനുഷ്യരിലും ജിന്നുകളിലുമുള്ള പിശാചുക്കള്‍’ (شَيَاطِينَ الْإِنسِ وَالْجِنِّ-الأنعام:١١٢) എന്നുതന്നെ ക്വുര്‍ആന്‍ ഒരു സ്ഥലത്ത് പറഞ്ഞിരിക്കുന്നു. ധനം ധൂര്‍ത്തടിക്കുന്നവരെപ്പറ്റി ‘പിശാചുക്കളുടെ സഹോദരന്മാര്‍’ (إِخْوَانَ الشَّيَاطِينِ:الإسراء:٢٧) എന്ന് പറഞ്ഞിരിക്കുന്നു. പിശാചുക്കളെ പോലെയുള്ളവര്‍ എന്ന് സാരം. കപടവിശ്വാസികള്‍ അവരുടെ നേതാക്കളുടെ അടുക്കല്‍ ചെല്ലുന്നതിനെപ്പറ്റി ‘അവര്‍ അവരുടെ പിശാചുക്കളിലേക്ക് ഒഴിഞ്ഞു ചെന്നാല്‍’ (وَإِذَا خَلَوْا إِلَىٰ شَيَاطِينِهِمْ:البقرة:١٤) എന്നും പറഞ്ഞിട്ടുണ്ട്.






ചില പണ്ഡിതാഭിപ്രായങ്ങള്‍:-






സ്വഹീഹുല്‍ ബുഖാരിയില്‍ ‘ജിന്നുകളെയും, അവരുടെ പ്രവര്‍ത്തനത്തെയും, കുറിച്ചു പ്രസ്താവിക്കുന്ന അദ്ധ്യായം’ (بَابُ ذِكْر الْجِنّ وَثَوَابهمْ وَعِقَابهمْ) എന്നൊരദ്ധ്യായമുണ്ട്. ‘മഹ്ശറി’ല്‍ (*) വെച്ചു ജിന്നുകളോടും മനുഷ്യരോടും അല്ലാഹു ചോദിക്കുന്ന ഒരു ചോദ്യം അടങ്ങിയ സൂ: അന്‍ആമിലെ 128-ാം വചനവും ഒരു ഹദീഥുമാണ് ആ അദ്ധ്യായത്തില്‍ ബുഖാരി (رحمه الله) പ്രധാനമായും ഉദ്ധരിച്ചിരിക്കുന്നത്. ആയത്ത് ഇതാണ്:

يَا مَعْشَرَ الْجِنِّ وَالْإِنسِ أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَقُصُّونَ عَلَيْكُمْ آيَاتِي …. : الأنعام:١٣٠

(ജിന്നിന്റെയും ഇന്‍സിന്റെയും സമൂഹമേ, എന്റെ ആയത്തുകള്‍ നിങ്ങള്‍ക്ക് വിവരിച്ചുതന്നുംകൊണ്ടു നിങ്ങളില്‍ നിന്നും നിങ്ങള്‍ക്കു ദൂതന്‍മാര്‍ വന്നിരുന്നില്ലേ?!) അപ്പോള്‍, അല്ലാഹുവിന്റെ വിധിവിലക്കുകള്‍ ജിന്നുകള്‍ക്കും ബാധകമാണെന്നു വന്നുവല്ലോ. (ഈ ആയത്തിനെ സംബന്ധിച്ച മറ്റുചില വിവരങ്ങള്‍ താഴെ വരുന്നുണ്ട്). . അതിലെ ഹദീഥിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: “നമസ്കാരത്തിനു ബാങ്കു വിളിക്കുന്നത് ഉച്ചത്തിലായിരിക്കണം. കാരണം, അതു കേള്‍ക്കുന്ന ജിന്നും, മനുഷ്യനും, മറ്റു വസ്തുക്കളും ക്വിയാമത്തുനാളില്‍ ബാങ്കു വിളിച്ചവനു സാക്ഷിയായി വരുന്നതാണ് എന്ന് നബി (ﷺ) അരുളിച്ചെയ്തിരിക്കുന്നു”.






(*) . സൃഷ്ടികളെല്ലാം അല്ലാഹുവിന്റെ കോടതിയില്‍ ഹാജരാക്കപ്പെടുന്ന മഹാസദസ്സ്.






ഈ അദ്ധ്യായത്തിന്റെ വിവരണത്തില്‍ ഇമാം അസ്ക്വലാനീ (رحمه الله) ഫത്ത്ഹുല്‍ബാരിയില്‍ സുദീര്‍ഘമായ ഒരു പ്രസ്താവന ചെയ്തുകാണാം. അതിലെ ചില പ്രസക്തഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നതു സന്ദര്‍ഭോചിതമാണ്. അദ്ദേഹം പറയുന്നു:



ഈ ശീര്‍ഷകം കൊണ്ടു ബുഖാരിയുടെ ഉദ്ദേശ്യം, ജിന്നു് എന്നൊരു കൂട്ടരുണ്ടെന്നും, അവര്‍ മതശാസനങ്ങള്‍ക്കു വിധേയരാണെന്നും സ്ഥാപിക്കലാണ്. എന്നാല്‍, തത്വശാസ്ത്രജ്ഞന്‍മാരിലും (*) നിര്‍മ്മതവാദികളിലും, (** ), ‘ക്വദ്-രിയ്യഃ’ (***) വിഭാഗത്തിലുംപെട്ട പലരും ജിന്നുകളുടെ അസ്തിത്വം നിഷേധിക്കുന്നവരാണെന്നു ഇമാമുല്‍ ഹറമൈനി (رحمه الله) പ്രസ്താവിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: “മതത്തില്‍ വിശ്വസിക്കാത്തവര്‍ അതു നിഷേധിക്കുന്നതില്‍ ആശ്ചര്യമില്ല. ക്വുര്‍ആന്റെ വ്യക്തമായ തെളിവുകളും,നിരവധി ഹദീഥുകളും ഉണ്ടായിട്ടുപോലും മതത്തില്‍ വിശ്വസിക്കുന്ന ചില ആളുകള്‍ നിഷേധിക്കുന്നതിലാണ് ആശ്ചര്യം. വാസ്തവത്തില്‍, ബുദ്ധിപരമായി നോക്കുമ്പോള്‍ അതില്‍ അസംഗത്യമായി ഒന്നുമില്ലതാനും. മനുഷ്യന്‍ ജിന്നിനെ കാണുന്നില്ലെന്നുള്ളതു മാത്രമാണ് ഈ നിഷേധത്തിന്റെ പ്രധാന അടിസ്ഥാനം. അല്ലാഹുവിന്റെ അത്യത്ഭുതകരങ്ങളായ കഴിവുകളെപ്പറ്റി ശരിക്കു മനസ്സിലാക്കാത്തവര്‍ക്കു മാത്രമേ അതൊരു പ്രയാസകരമായി തോന്നുകയുള്ളു. ” ക്വാദ്വി അബൂബക്കര്‍ (****) പറയുന്നു: “ഈ നിഷേധികളില്‍ ചിലര്‍ ജിന്നു് എന്നൊരു വര്‍ഗ്ഗത്തെ സമ്മതിക്കുമെങ്കിലും, ഇപ്പോള്‍ അവര്‍ നിലവിലില്ലെന്നു പറയുന്നു. വേറെ ചിലര്‍, ജിന്നുകള്‍ മനുഷ്യരില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തുന്നതിനെ നിഷേധിക്കുന്നവരാണ്. ” . ‘മുഅ്ത്തസിലീ’ നേതാവായ അബ്ദുല്‍ജബ്ബാര്‍ പറയുന്നു: ‘ജിന്നുകള്‍ ഉണ്ടെന്നുള്ളതിനു തെളിവ് മതപ്രമാണങ്ങളാണ് – ബുദ്ധിയല്ല. കാരണം, ജിന്നു് ദൃശ്യവസ്തുവല്ല. അതുകൊണ്ടാണതില്‍ അഭിപ്രായഭിന്നിപ്പുണ്ടായത്. പക്ഷേ, നമുക്ക് അനിവാര്യമായി അറിയുവാന്‍ സാധിച്ചിട്ടുണ്ട്, മതത്തില്‍ അവരുടെ അസ്തിത്വത്തെ നബി (ﷺ) അംഗീകരിച്ചിട്ടുണ്ടെന്നു്. ഇതു തെളിയിക്കുവാന്‍ സമയം ചിലവഴിക്കേണ്ടതില്ല. കാരണം, അത്രയും പ്രസിദ്ധമായതാണത്. ’






(*) . الفلاسفة (Philosophers)

(**) . الزنادفة (Atheists)

(***) . القدرية (Fatalists-ദൈവവിധി നിഷേധിക്കുന്നവര്‍) .

(****) . القاضي أبو بكر الباقلاني-رحمه الله






പിന്നീട്, ജിന്നുകളെ മനുഷ്യര്‍ക്കു് കാണ്മാന്‍ കഴിയാത്തതിനു കാരണം എന്താണെന്നതിനെക്കുറിച്ചു ചിലതെല്ലാം സംസാരിച്ചശേഷം അസ്ക്വലാനി (رحمه الله) മറ്റുചില സംഗതികള്‍ ചൂണ്ടിക്കാട്ടുന്നു. അവ ഇങ്ങനെ സംഗ്രഹിക്കാം:-



1. ജിന്നുകള്‍ക്കു പല വേഷവും സ്വീകരിക്കുവാന്‍ സാധിക്കുമെന്നു ഹദീഥുകളില്‍നിന്നു വ്യക്തമാകുന്നു. ഇതു യഥാര്‍ത്ഥത്തിലുള്ള വേഷംതന്നെയാണല്ലോ, അതല്ല പ്രത്യക്ഷത്തില്‍ തോന്നുന്നതു മാത്രമായിരിക്കുമോ എന്നതില്‍ ഭിന്നാഭിപ്രായമുണ്ട്.



2. ജിന്നുകളെല്ലാം ഒരേ വര്‍ഗ്ഗത്തില്‍പെട്ടവരാണെന്നാണു പ്രബലമായ അഭിപ്രായം.



3. ജിന്നുകള്‍ മതശാസനകള്‍ക്കു വിധേയരല്ലെന്ന അഭിപ്രായം തെറ്റാണ്.



4. ജിന്നുകളിലേക്കു അവരില്‍നിന്നു (പ്രവാചകത്വമുള്ള) ദൈവദൂതന്‍മാര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടോ, ഇല്ലേ എന്നതിലും, മനുഷ്യരിലുള്ള ദൈവദൂതന്‍മാര്‍ അവരിലേക്കുകൂടി നിയോഗിക്കപ്പെട്ടിരുന്നുവോ എന്നതിലും അഭിപ്രായവ്യത്യാസമുണ്ട്. പക്ഷെ, നബി (ﷺ) തിരുമേനി മനുഷ്യരിലേക്കെന്നപോലെ ജിന്നുകളിലേക്കും



5. തൌഹീദ് മുതലായ പ്രധാന മതകാര്യങ്ങളല്ലാത്ത – ശാഖാപരമായ – വിഷയങ്ങളില്‍ അവരും മനുഷ്യരും തമ്മില്‍ വ്യത്യാസമുണ്ടായിരിക്കും.



‘അവരില്‍ ഭക്ഷണപാനീയങ്ങളുടെയും, വിവാഹാദി കാര്യങ്ങളുടെയും പതിവുണ്ടോ എന്നതിലും അഭിപ്രായമുണ്ട്. ഭക്ഷണം കഴിക്കാറുണ്ടെന്നാണ്‌ ഹദീഥുകളില്‍നിന്നു മനസ്സിലാകുന്നത്. സ്വര്‍ഗ്ഗീയ സ്ത്രീകളെപ്പറ്റി لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَانٌّ :الرحمن:٥٦ (അവരുടെ – സ്വര്‍ഗ്ഗസ്ഥരായ ആളുകളുടെ – മുമ്പ് ആ സ്ത്രീകളെ മനുഷ്യനാകട്ടെ, ജിന്നാകട്ടെ സ്പര്‍ശിച്ചിട്ടില്ല) എന്നു പ്രസ്താവിച്ചതും, أَفَتَتَّخِذُونَهُ وَذُرِّيَّتَهُ أَوْلِيَاءَ:الكهف:٥٠ (അവനെ – ഇബ്ലീസിനേയും അവന്റെ സന്തതികളെയും നിങ്ങള്‍ കാര്യകര്‍ത്താക്കള്‍ – അഥവാ ബന്ധുക്കള്‍ – ആക്കുകയോ?) എന്നു പറഞ്ഞിട്ടുള്ളതും നോക്കുമ്പോള്‍, അവരില്‍ വിവാഹവും ജനനവും നടക്കുന്നുണ്ടെന്നാണ് വരുന്നത്. (فتح الباري ج ٦ ص : ٢٢٤-٢٢٦) . സൂറഃ ഹാമീം സജദഃയില്‍ فِي أُمَمٍ قَدْ خَلَتْ مِن قَبْلِهِم مِّنَ الْجِنِّ وَالْإِنسِ – حم السجدة :٢٥ (തങ്ങളുടെ മുമ്പ് ജിന്നില്‍നിന്നും മനുഷ്യരില്‍നിന്നും കഴിഞ്ഞുപോയിട്ടുള്ള സമുദായങ്ങളില്‍ – 41:25) എന്നും പ്രസ്താവിച്ചതിനെ ആസ്പദമാക്കി അവരില്‍ മരണം ഉണ്ടാകാമെന്നും ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. الله أعلم



ഇമാം റാസി (رحمه الله) അദ്ദേഹത്തിന്റെ തഫ്സീറില്‍ ഇങ്ങനെ പറയുന്നു: ജിന്നുവര്‍ഗ്ഗത്തെപ്പറ്റി മുമ്പും ഇപ്പോഴും അഭിപ്രായവ്യതാസമുണ്ട്. മിക്ക തത്വശാസ്ത്രപണ്ഡിതന്‍മാരില്‍നിന്നും നിഷേധമാണ് കാണുന്നത്. അബൂ അലിസീനാ (*) യുടെ വാക്കു തെറ്റിദ്ധരിച്ചതാണ് ഇതിനു കാരണം. എന്നാല്‍, മതത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുന്നവരില്‍ ഭൂരിഭാഗവും ജിന്നിനെ സ്ഥാപിക്കുന്നവരത്രെ. പൌരാണിക തത്ത്വശാസ്ത്രജ്ഞന്മാരിലും, ആത്മീയവാദികളിലും (**) ഒരു വലിയ വിഭാഗം ആളുകളും ജിന്നിനെ സമ്മതിക്കുന്നവരാണ്. അധോലോകാത്മാക്കള്‍ (الارواح السفيلة) എന്നാണ് അവര്‍ ജിന്നുകളെപ്പറ്റി പറയുന്നത്. ’ തുടര്‍ന്നുകൊണ്ട് ഇമാം റാസി (رحمه الله) ജിന്നിനെ നബി (ﷺ) കണ്ടിട്ടുണ്ടോ എന്ന വിഷയത്തെക്കുറിച്ചു ചില അഭിപ്രായങ്ങള്‍ ഉദ്ധരിക്കുകയും, കണ്ടിട്ടുണ്ടെന്ന അഭിപ്രായം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. (من تفسير الرازي ج ٨ ص ٢٢٤) .






(*) . അബൂഅലിസീനാ (Avisenne) ക്രി. 10-ാം നൂറ്റാണ്ടില്‍ ബുഖാറയില്‍ ജനിച്ച ആളും മുസ്ലിം ഫിലോസഫറുകളില്‍ അഗ്രഗണ്യനുമായിരുന്നു. പൗരാണിക ഗ്രീക്ക് തത്വശാസ്ത്ര പണ്ഡിതനായിരുന്ന أرسط എന്ന അരിസ്റ്റോട്ടലി (Aristotle) ന്റെ തത്വസിദ്ധാന്തങ്ങളില്‍ അഗാധ പാണ്ഡിത്യം നേടിയിരുന്ന അദ്ദേഹം വിലപ്പെട്ട പലഗ്രന്ഥങ്ങളും ശാസ്ത്രത്തിന് സമ്മാനിച്ചിട്ടുണ്ട്.



(**) . الروحانيون (Spiritualists) .






ഒരു ആധുനിക മഹാപണ്ഡിതനായ അല്ലാമാ ഫരീദ് വജ്ദീ (*) സൂഃ സ്വാഫ്ഫാത്തിലെ ആയത്തുകളില്‍വെച്ച് ഇങ്ങിനെ പറയുന്നു: “ശൈത്ത്വാന്‍” എന്നാല്‍ എന്ത്? ‘മാരിദ്’ (മുരട്ടുശീലക്കാരന്‍ مَارِد) എന്നാല്‍ എന്ത്? എന്നൊക്കെ ചോദിച്ചാല്‍ നാം പറയും അവരെ കാണുകയില്ല. ഈ പദാര്‍ത്ഥലോകത്തിനപ്പുറം വേറെ ചില ബുദ്ധിലോകങ്ങളുണ്ടെന്നു പ്രകൃതിശാസ്ത്രപടുക്കള്‍ക്കു ബോധ്യപ്പെടുകയും, അവരതു സ്ഥാപിക്കുകയും ചെയ്തിരിക്കെ പദാര്‍ത്ഥലോകത്തിനപ്പുറം നടമാടുന്ന കാര്യങ്ങളെ വ്യാജമാക്കിത്തള്ളാവുന്ന കാലമല്ല ഇത്. ദുര്‍ഭാഗ്യവാന്മാര്‍ക്കല്ലാതെ ഇമ്മാതിരി വിഷയത്തില്‍ തിമിരം പിടിപെടുകയില്ല. ’ (صفوة العرفان ص ٤٢٤) തുടര്‍ന്നുകൊണ്ട് ‘ആധുനികയുഗത്തില്‍ ഇസ്‌ലാം’ എന്ന വിഷയത്തെക്കുറിച്ച് പ്രത്യേകം അദ്ദേഹം എഴുതിയിട്ടുള്ള ഒരു ഗ്രന്ഥം (… الإسلام فى عصر العلم) നോക്കുവാന്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തിരിക്കുന്നു.






(*) ’ഇരുപതാം നൂറ്റാണ്ടിന്റെ വിജ്ഞാനകോശം’ (دائرة معارف القرن العشرون) എന്ന എന്‍സൈക്ലോപീഡിയയുടെ കര്‍ത്താവാണ് ഫരീദ്ഫജ്ദി (محمد فريد الوجدي) .

20 വാള്യം വരുന്ന ആ മഹല്‍ ഗ്രന്ഥം ക്രി. 1936 ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ – ചെറുതെങ്കിലും – വിലയേറിയ ഒരു തഫ്സീറാണ് ‘സ്വഫ്വത്തുല്‍ ഇര്‍ഫാന്‍’ (صفوة العرفان) .






ആധുനിക ക്വുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥങ്ങളില്‍ വളരെ പ്രസിദ്ധി നേടിയതും, പണ്ഡിതലോകത്ത് കുറെകാലം കോലിളക്കം ഉണ്ടാക്കിയതുമാണു തഫ്സീറുല്‍മനാല്‍ (تفسير المنار) . അതില്‍ അല്ലാമാ റഷീദ് റിദ്വാ (السيد رشيد رضا) സൂ: സ്വാഫ്ഫാത്തില്‍വെച്ച് ജിന്നുകളെപ്പറ്റി പ്രസ്താവിക്കുന്ന മദ്ധ്യേ പറയുന്നു: ഈ വിഷയം നാം ആവര്‍ത്തിച്ചു പറയുന്നതു, ഇവിടെ അതിന്റെ സന്ദര്‍ഭമായതുകൊണ്ടും, ജിന്നിനെയും, ശൈത്ത്വാനെയും നിഷേധിക്കുന്നവര്‍ക്കുള്ള മറുപടി സത്യവിശ്വാസികളെ ഓര്‍മ്മിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നതുകൊണ്ടുമാകുന്നു. അവര്‍ ജിന്നുകളെ കാണുന്നില്ല, അല്ലെങ്കില്‍ അവരുടെ പരിചയത്തിനും ചിന്തക്കും അതു ഇണങ്ങുന്നില്ല എന്നതാണ് അവരുടെ നിഷേധത്തിനു കാരണം. വാസ്തവത്തില്‍ പിശാചുക്കളുടെ ഏറ്റവും വിശാലമായ പാര്‍പ്പിടം അവരില്‍തന്നെയാണ്. ’ പിന്നീട് പിശാചുക്കളെ സംബന്ധിച്ചു പൊതുജനങ്ങളില്‍ കടന്നുകൂടിയിട്ടുള്ള ചില അന്ധവിശ്വാസങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം തുടരുന്നു: ‘ഈ അന്ധവിശ്വാസങ്ങള്‍ മൂലം, സത്യവിശ്വാസികളുടെ മേല്‍ ഭൗതികവാദികള്‍ക്കു പല ആക്ഷേപങ്ങളും പുറപ്പെടുവിക്കുവാന്‍ ഇടയായിട്ടുണ്ട്. അവര്‍ വിശ്വസിക്കുന്നതെല്ലാം പിശാചിനുണ്ടെന്നു മതം സ്ഥാപിച്ചിട്ടില്ല. മനുഷ്യഹൃദയങ്ങളില്‍ ദുര്‍വിചാരങ്ങളും, ദുഷ്പ്രേരണകളും ഉണ്ടാക്കുകയാണ് പിശാചിനു മനുഷ്യരില്‍ ഉള്ളതായി രേഖപ്പെടുത്തിയിട്ടുള്ള പ്രവൃത്തി. അതിനുള്ള പ്രതിവിധിയും അതു നിര്‍ദ്ദേശിച്ചിരിക്കുന്നു…. ’



‘നബി (ﷺ) ജിന്നിനെ കണ്ടിട്ടില്ലെന്നു ഇബ്നുഅബ്ബാസ് (رَضِيَ اللهُ عَنْهُ) ല്‍ നിന്നു വന്നിട്ടുണ്ട്. പക്ഷേ, ഇബ്നു മസ്ഊദ് (رَضِيَ اللهُ عَنْهُ) ല്‍ നിന്നു വന്നിട്ടുള്ളതു ഉണ്ടെന്നാണ്. മറ്റു ചില രിവായത്തുകളിലും ഇതു വന്നിട്ടുണ്ട്. ഇതു നബിമാരുടെ പ്രത്യേകതയാണെന്നാണ് ഇമാം ശാഫീ (رحمه الله) യുടെ അഭിപ്രായം. ജിന്നുകളുടെ സാക്ഷാല്‍ രൂപത്തില്‍ കാണുന്നതുമാത്രമേ നബിമാരുടെ പ്രത്യേകതയായിട്ടുള്ളുവെന്നത്രെ മറ്റു ചിലരുടെ അഭിപ്രായം. ജിന്നുകള്‍ക്കു പല രൂപങ്ങള്‍ സ്വീകരിക്കാന്‍ കഴിയുമോ എന്നതില്‍ ഭിന്നാഭിപ്രായമാണുള്ളത്. ഭൂരിപക്ഷം, സ്വീകരിക്കാമെന്നാകുന്നു. ചിലരുടെ അഭിപ്രായം ബാഹ്യദൃഷ്ടിയില്‍ മാത്രമേ അതു സംഭവിക്കുകയുള്ളു എന്നാണ്. (من تفسير المنار ج ٨ ص ٦٦-٣٦٩) .



ശൈഖ് അബ്ദുല്‍വഹ്ഹാബ് നജ്ജാര്‍ (*) ജിന്നുകളെക്കുറിച്ചു പ്രസ്താവിച്ചിട്ടുള്ളതു ശ്രദ്ധേയമാണ്. അതിന്റെ സംക്ഷിപ്തരൂപം ഇതാകുന്നു: അല്ലാഹുവിന്റെ സൃഷ്ടികളില്‍പെട്ട ഒരു കൂട്ടരാണവര്‍. നമുക്കവരെ കാണ്മാന്‍ കഴിയുകയില്ല. അല്ലാഹു പറയുന്നു: ‘അവനും അവന്റെ കൂട്ടുകാരും നിങ്ങള്‍ അവരെ (അങ്ങോട്ടു) കാണാത്തവിധം നിങ്ങളെ (ഇങ്ങോട്ടു) കാണുന്നു. എന്നു് (**) . നാമതു വിശ്വസിക്കല്‍ നിര്‍ബ്ബന്ധമാണ്. ബുദ്ധിയല്ല, വേദപ്രമാണങ്ങളാണതിനു തെളിവ്. അവരില്‍ ജനനവും സന്താനോല്‍പാദനവുമുണ്ട്. ‘അവനെ – ഇബ്ലീസിനെ – യും അവന്റെ സന്തതികളെയും നിങ്ങള്‍ കാര്യകര്‍ത്താക്കളാക്കുകയാണോ?’ എന്നു അല്ലാഹു പറഞ്ഞിരിക്കുന്നു. അവരില്‍ നല്ലവരും ദുഷിച്ചവരും ഉണ്ട്. അല്ലാഹു (ജിന്നുകളുടെ പ്രസ്താവനയില്‍) പറയുന്നു: ‘ഞങ്ങളില്‍ മുസ്ലിംകളും നീതികെട്ടവരും ഉണ്ട്. ’ ജിന്നുകള്‍ മനുഷ്യരെക്കാള്‍ ഉല്‍കൃഷ്ടന്മാരല്ല. ‘ജിന്ന്, ജാന്ന്, ജിന്നത്ത്’ എന്നീ വാക്കുകളിലായി 34 സ്ഥലത്ത് അവരെപ്പറ്റി ക്വുര്‍ആന്‍ പ്രസ്താവിച്ചിരിക്കുന്നു. ‘ജിന്ന്, ജാന്ന്, ശൈത്ത്വാന്‍, ഇബ്ലീസ്‌, ശൈത്ത്വാന്മാര്‍’ എന്നീ വാക്കുകളില്‍ തൌറാത്തിലും (ബൈബ്ലിന്റെ പഴയ നിയമത്തിലും) പലേടത്തും പറഞ്ഞിരിക്കുന്നു. ’ (قَصَصُ الْأنبياء للنجار) . തുടര്‍ന്നുകൊണ്ടു ബൈബ്ലിലെ കുറെ സൂക്തങ്ങള്‍ അദ്ദേഹം ഉദാഹരണത്തിന് ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്.






(*) ഈജിപ്തിലെ ഒരു ചരിത്ര പ്രൊഫസറായ ഇദ്ദേഹം (عبد الوهاب النجار) ക്വുര്‍ആനില്‍ വന്ന നബിമാരുടെ സംഭവങ്ങളെല്ലാം ക്രോഡീകരിച്ച് യുക്തിയുക്തം അപ്രഗ്രഥനം നടത്തിക്കൊണ്ടു രചിച്ചിട്ടുള്ള ഒരു ഗ്രന്ഥമാണ് قَصَصُ الْأنبياء (നബിമാരുടെ കഥകള്‍) . ഒന്നാം പതിപ്പു പുറത്തായതോടെ ജാമിഉല്‍ അസ്ഹറിലെ ഒരു പണ്ഡിതസംഘം അതിന്റെ ചില ഭാഗങ്ങള്‍ ഖണ്ഡിക്കുകയുണ്ടായി. ഹി: 1355 (ക്രി. 1936) ല്‍ രണ്ടാം പതിപ്പു പുറത്തായപ്പോള്‍ അതിനു അദ്ദേഹം തക്ക മറുപടികളും കൊടുത്തു. നമ്മുടെ നാടുകളില്‍ ഖുറാഫാത്തുകളാല്‍ നിറക്കപ്പെട്ട ഒരു قَصَصُ الْأنبياء കാണാം. അതല്ല ഇത്.



(**) . ഈ ഉദ്ധരണിയിലുള്ള ക്വുര്‍ആന്‍ വാക്യങ്ങളും അവയുടെ മൂലങ്ങളും മുകളില്‍ നാം വായിച്ചതാണ്.






ജിന്നുകളെക്കുറിച്ചു പലതും പറഞ്ഞശേഷം മര്‍ഹൂം സയ്യിദ് ഖുത്ത്ബ് പറയുന്നു: “നാം ഇന്ന് അണുരഹസ്യങ്ങളെക്കുറിച്ചു പ്രസ്താവിച്ചുവരുന്ന പല കാര്യങ്ങളും ഒരു അഞ്ചു നൂറ്റാണ്ടുകള്‍ക്കുമുമ്പ് ആരെങ്കിലും പറഞ്ഞിരുന്നുവെങ്കില്‍ അന്നുള്ളവര്‍ അവനെ തനി ഭ്രാന്തനാക്കുമായിരുന്നു. അഥവാ, ജിന്നുവര്‍ഗ്ഗത്തെപ്പറ്റി പറയപ്പെടാവുന്നതിനെക്കാള്‍ ആശ്ചര്യകരമായി അവരതിനെ കണക്കാക്കുമായിരുന്നു. ” (في ظلال القرآن ج ٢٦ ص ٢٣) .




നിഷേധികള്‍ക്കുള്ള ചില ന്യായങ്ങള്‍:-


ജിന്നിനെയും പിശാചിനെയും സംബന്ധിച്ച് ഇസ്ലാമിന്റെ നിലപാടും മുസ്ലിംകളുടെ വിശ്വാസങ്ങളും എന്തൊക്കെയാണെന്നു മേല്‍വിവരിച്ചതില്‍ നിന്നു നമുക്കു മനസ്സിലായി. ഈ തുറയില്‍ നമുക്കുള്ള അവലംബം ബുദ്ധിയോ, യുക്തിയോ, ശാസ്ത്രമോ അല്ലെന്നും, ക്വുര്‍ആനും ഹദീഥുമാണെന്നും പറയേണ്ടതില്ല. യുക്തിക്കെതിരായോ, ബുദ്ധിക്കു വിപരീതമായോ അതില്‍ ഒന്നുംതന്നെ ഇല്ലതാനും. നിഷേധികള്‍ക്കു അവരുടെ നിഷേധത്തിനു ക്വുര്‍ആനില്‍ നിന്നോ, ഹദീഥില്‍നിന്നോ വ്യക്തമായ എന്തെങ്കിലും തെളിവു സമര്‍പ്പിക്കുവാനില്ലെങ്കിലും, അവര്‍ക്കെതിരായിക്കാണുന്ന തെളിവുകളെ ദുര്‍വ്യാഖ്യാനം ചെയ്യാനും, അനുകൂലമാക്കിക്കാണിക്കുവാന്‍ വല്ല പഴുതും കാണുന്ന പ്രസ്താവനകളെ പൊക്കിക്കാട്ടുവാനും ശ്രമിക്കുക അവരുടെ പതിവാണ്. മതവിശ്വാസികളായ സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കുവാന്‍ താരതമ്യേന ഇതു കൂടുതല്‍ എളുപ്പമാര്‍ഗ്ഗവുമായിരിക്കും. അതുകൊണ്ടു അവരുടെ ഇത്തരം ചില ന്യായീകരണങ്ങളെക്കുറിച്ചാണ് എനി നമുക്കല്‍പം ആലോചിക്കുവാനുള്ളത്. അവ ഇങ്ങിനെ സംഗ്രഹിക്കാം:-



(1) . ജിന്ന് ഒരു പ്രത്യേക വര്‍ഗ്ഗമാണെങ്കില്‍ മുഹമ്മദു (ﷺ) നബിയും, മറ്റു നബിമാരും അവരില്‍ എങ്ങിനെയാണ് തങ്ങളുടെ റസൂല്‍ എന്ന നിലക്കുള്ള കൃത്യങ്ങള്‍ നടത്തുക? ‘ജിന്നി’നും ‘ഇന്‍സി’നും റസൂല്‍ വന്നിട്ടുണ്ടെന്നു ക്വുര്‍ആന്‍ (സൂ: അന്‍ആം: 130ല്‍) പറയുന്നു. അതേ സമയത്തു മനുഷ്യരില്‍ നിന്നല്ലാതെ റസൂല്‍ വന്നിട്ടുണ്ടെന്നുള്ളതിനു തെളിവില്ലതാനും. പക്ഷേ, ഇല്ലെന്നുള്ളതിനാണ് തെളിവു കാണുന്നത്. അപ്പോള്‍ ജിന്നും ഇന്‍സും ഒന്നായിരിക്കണമല്ലോ.



(2) അല്ലാഹു ഒരു മനുഷ്യനെ റസൂലായി അയച്ചിരിക്കുകയാണോ എന്നു ചോദിച്ച മുശ്രിക്കുകള്‍ക്കുള്ള മറുപടിയില്‍ ‘സമാധാനചിത്തരായിക്കൊണ്ട് നടക്കുന്ന മലക്കുകളാണ് ഭൂമിയില്‍ ജീവിക്കുന്നതെങ്കില്‍ ആകാശത്തുനിന്നു ദൈവദൂതനായി ഒരു മലക്കിനെത്തന്നെ അവരുടെ അടുക്കലേക്കു നാം അയക്കുമായിരുന്നു. ’ എന്നാണ് അല്ലാഹു (സൂ: ഇസ്രാഉ് 95ല്‍) പറഞ്ഞത്. റസൂലും അദ്ദേഹത്തിന്റെ ജനതയും തമ്മില്‍ സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിയണമെന്നാണിതിന്റെ സാരം. ജിന്നു ഒരു പ്രത്യേക വര്‍ഗ്ഗമാണെങ്കില്‍ അതു സാധ്യമാകുമോ?



(3) . വിശേഷബുദ്ധിയും മറ്റും ഉള്ളതുകൊണ്ടാണ് മറ്റു സൃഷ്ടികള്‍ക്കില്ലാത്ത ഉത്തരവാദിത്തം മനുഷ്യനുമാത്രം നല്‍കിയിരിക്കുന്നതെന്ന് (സൂ: അഹ്സാബ് :72ല്‍) ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജിന്നുകള്‍ക്കും ഇന്‍സുകള്‍ക്കും ഹൃദയവും, കണ്ണും, കാതും ഉണ്ടെന്നും (സൂ: അഅ്റാഫ് :179ലും മറ്റും) പ്രസ്താവിച്ചിരിക്കുന്നു. അപ്പോള്‍ രണ്ടുകൂട്ടരും ഒരേ വര്‍ഗ്ഗക്കാരാണെന്നു വരുന്നില്ലേ?



(4) . ജിന്നുകള്‍ വേറെ ഒരു വര്‍ഗ്ഗമാണെന്നു വെക്കുമ്പോള്‍, ‘പ്രപഞ്ചത്തിലെ ഏറ്റവും ഉല്‍കൃഷ്ട സൃഷ്ടി എന്ന സ്ഥാനം മനുഷ്യനു നഷ്ടപ്പെടുന്നതാണ്.



(5) . സൂറത്തുല്‍ ജിന്നില്‍ رِجَالٍ مِّنَ الْجِنِّ എന്നു പറഞ്ഞിരിക്കുന്നു. ഇതിലെ رِجَال (രിജാല് = പുരുഷന്‍മാര്‍) എന്ന വാക്കു മനുഷ്യരിലുള്ള പുരുഷന്‍മാര്‍ക്കേ ഉപയോഗിക്കാറുള്ളൂ. ഇതും ജിന്നുകള്‍ മനുഷ്യവര്‍ഗ്ഗത്തില്‍പെട്ട ഒരു വിഭാഗക്കാരാണെന്നു കാണിക്കുന്നു. അതുകൊണ്ട് പരസ്പരം ഇണക്കവും സമ്പര്‍ക്കവുമില്ലാത്ത കാടന്‍മാര്‍ – അഥവാ അപരിഷ്കൃതര്‍ – എന്ന അര്‍ത്ഥത്തിലാണ് ജിന്നുകളെന്നു പറയുന്നതെന്നു മനസ്സിലാക്കാം. ’ ഇവക്കുള്ള മറുപടികള്‍ താഴെ വിവരിക്കുന്നതില്‍ നിന്നു മനസ്സിലാക്കാം:-




‘റസൂല്‍’ എന്ന് ആര്‍ക്കെല്ലാം പറയാം?


‘റസൂല്‍’ (رَسُول) എന്ന വാക്കിനു ദൂതന്‍ എന്നാണ് വാക്കര്‍ത്ഥം. ഏതെങ്കിലും ഒരു ദൗത്യവുമായി അയക്കപ്പെടുന്ന എല്ലാവര്‍ക്കും ഭാഷയില്‍ ‘റസൂല്‍’ എന്നു പറയാം. ‘മലക്കുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും അല്ലാഹു റസൂലുകളെ – ദൂതന്‍മാരെ – തിരഞ്ഞെടുക്കുന്നു’ (اللَّـهُ يَصْطَفِي مِنَ الْمَلَائِكَةِ رُسُلًا وَمِنَ النَّاسِ :الحج:٧٥) എന്നും, മലക്കുകളെ റസൂലുകളാക്കിയവന്‍’ (جَاعِلِ الْمَلَائِكَةِ رُسُلًا …فاطر) എന്നും അല്ലാഹു പറയുന്നു: മര്‍യം (عليها الصلاة والسلام) ന്റെ അടുക്കല്‍ ഒരു മകനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുവാന്‍ വന്ന മലക്ക് അവരോട്: ‘ഞാന്‍ നിന്റെ റബ്ബിന്റെ റസൂല്‍ മാത്രമാണ്. ’ (إِنَّمَا أَنَا رَسُولُ رَبِّكِ:مريم:١٩) എന്നു പറയുകയുണ്ടായി. ഇബ്രാഹീം (عليه السلام) നബിക്കു ഒരു മകനെക്കുറിച്ചു സന്തോഷവാര്‍ത്ത അറിയിക്കുവാനും ലൂത്ത്വ് (عليه السلام) നബിയുടെ രാജ്യത്തെ നശിപ്പിക്കുവാനും അയക്കപ്പെട്ട മലക്കുകളെക്കുറിച്ചും റസൂലുകള്‍ എന്നു (സൂ: ഹൂദ്‌: 69, 77) പറഞ്ഞിരിക്കുന്നു. മനുഷ്യരില്‍ നിന്നുള്ള റസൂലും, മലക്കുകളില്‍ നിന്നുള്ള റസൂലും ഒരേ അര്‍ത്ഥത്തിലുള്ള റസൂലുകളല്ലെന്നു തീര്‍ച്ചയാണല്ലോ. പ്രവാചകന്‍മാരായതോടുകൂടി ദിവ്യദൗത്യവും നല്‍കപ്പെട്ടവര്‍ക്കാണ് മനുഷ്യരില്‍ നിന്നു റസൂലുകള്‍ എന്നു പറയുന്നത്. മലക്കുകളിലെ റസൂലുകളിലാകട്ടെ, പ്രവാചകന്‍മാരില്ല. ഇരുകൂട്ടരുടെയും ദൗത്യത്തിലും, ദൗത്യത്തിന്റെ നിര്‍വ്വഹണരൂപത്തിലും വ്യത്യാസമുണ്ടായിരിക്കും. അഥവാ, അയക്കപ്പെടുന്ന ആളുടെയും, ഏല്‍പിക്കപ്പെടുന്ന ദൗത്യത്തിന്റെയും, ആരിലേക്കു അയക്കപ്പെടുന്നുവോ അവരുടെയും സ്വഭാവമനുസരിച്ച് റസൂലിന്റെ കൃത്യത്തിലും സ്വഭാവത്തിലും മാറ്റമുണ്ടായിരിക്കും.



അപ്പോള്‍, മുഹമ്മദ്‌ (ﷺ) തിരുമേനിയോ, മറ്റു പ്രവാചകന്‍മാരോ ജിന്നുവര്‍ഗ്ഗത്തിലേക്കുകൂടി റസൂലായി അയക്കപ്പെടുന്നതില്‍ അസാംഗത്യമൊന്നുമില്ല. കാരണം, മനുഷ്യരില്‍ നിര്‍വ്വഹിക്കപ്പെടേണ്ടുന്ന അതേ രൂപത്തില്‍ തന്നെയായിരിക്കും – എല്ലാ നിലക്കും – ജിന്നുകളില്‍ നിര്‍വ്വഹിക്കപ്പെടേനടുന്ന ദൌത്യത്തിന്റെ സ്വഭാവവും എന്നു അനുമാനിച്ചുകൂടാ. നബി (ﷺ) ജിന്നുകളെ നേരില്‍ കണ്ടിട്ടുണ്ടോ എന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും, നബി (ﷺ) യില്‍ നിന്നു ജിന്നുകള്‍ ക്വുര്‍ആന്‍ ശ്രദ്ധിച്ചു കേട്ടതായും, കേട്ടവര്‍ തങ്ങളുടെ ജനതയില്‍ ചെന്നു അവരെ ഉപദേശിച്ചതായും (സൂ: അഹ്ക്വാഫിലും, സൂ ജിന്നിലും) അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. ജിന്നും മനുഷ്യനും രണ്ടു പ്രത്യേക സ്വഭാവത്തോടുകൂടിയ വ്യത്യസ്ത വര്‍ഗ്ഗങ്ങളാണെന്നു നാം സ്ഥാപിച്ചുവല്ലോ. എന്നിരിക്കെ മനുഷ്യരുമായുള്ള അതേ സമ്പര്‍ക്കം തന്നെ ജിന്നുകളുമായും ആവശ്യമാണെന്നു വരികയില്ല. എന്നാല്‍, നബി (ﷺ) തിരുമേനിയല്ലാത്ത മറ്റു പ്രവാചകന്‍മാരാരും ജിന്നുകളിലേക്കു റസൂലായി നിയോഗിക്കപ്പെട്ടിട്ടില്ലെന്നും, നബി (ﷺ) തിരുമേനി മനുഷ്യരിലേക്കും, ജിന്നുകളിലേക്കും റസൂലായിരുന്നുവെന്നുമാണു ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും അഭിപ്രായം. ഇമാം അസ്ക്വലാനീ (رحمه الله) യുടെ ചില വാക്യങ്ങളില്‍നിന്നു കൂടുതല്‍ വിവരം മനസ്സിലാക്കാം:



‘ജിന്നുകളില്‍ നബിമാരുണ്ടോ എന്നതില്‍ ഭിന്നാഭിപ്രായമുണ്ട്. ഉണ്ടെന്നാണ് ദ്വഹ്ഹാക്കി (رحمه الله) -الضحاك ല്‍ നിന്നു നിവേദനം ചെയ്യപ്പെട്ടിരിക്കുന്നത്. ജിന്നിലും മനുഷ്യരിലും റസൂലുകളുണ്ടെന്നു അല്ലാഹു (സൂ: അന്‍ആം: 130ല്‍) പ്രസ്താവിച്ചിരിക്കുന്നു. ഇതാണതിനു തെളിവ്. ഇതിനു ഭൂരിപക്ഷം പണ്ഡിതന്‍മാരുടെ മറുപടി ഇപ്രകാരമാകുന്നു: ഇവിടെ മനുഷ്യരിലുള്ള റസൂലുകളെന്നു പറഞ്ഞതു അല്ലാഹുവിനാല്‍ അവരിലേക്കയക്കപ്പെട്ട (പ്രവാചകന്‍മാരായ) റസൂലുകളാണ്. ജിന്നുകളില്‍നിന്നുള്ള റസൂലുകളെയാകട്ടെ, അല്ലാഹു ഭൂമിയില്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. അവര്‍ മനുഷ്യരായ റസൂലുകളുടെ വാക്കുകള്‍ കേള്‍ക്കുകയും, അതവരുടെ സമുദായത്തിനു എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു. നബി (ﷺ) യില്‍ നിന്ന് ക്വുര്‍ആന്‍ കേട്ടശേഷം ഇവരില്‍പെട്ട ചിലര്‍ തങ്ങളുടെ ജനതയുടെ അടുക്കല്‍ ചെന്നു. അവരെ ഉപദേശിച്ചതു അതുകൊണ്ടാണ്. ഇബ്നു ഹസ്മു (റ) ഇതിന്നു തെളിവു പറയുന്നതു ഇപ്രകാരമാകുന്നു: ‘മുന്‍കാലത്തു പ്രവാചകന്‍മാര്‍ അവരവരുടെ ജനങ്ങളിലേക്കു മാത്രമായിരുന്നു നിയോഗിക്കപ്പെട്ടിരുന്നത്’ എന്നു നബി (ﷺ) അരുളിച്ചെയ്തിട്ടുണ്ട്. (*) . ആ ജനങ്ങളില്‍ ജിന്നുകള്‍ ഉള്‍പ്പെടുന്നില്ല. അതിനാല്‍, (ആ കാലങ്ങളില്‍) ജിന്നുകളില്‍ തന്നെ അവരിലേക്കുള്ള പ്രവാചകന്‍മാര്‍ ഉണ്ടായിരിക്കുമെന്നു വരുന്നു. നമ്മുടെ നബിയല്ലാതെ മനുഷ്യരില്‍ നിന്നു ജിന്നുകളിലേക്ക് റസൂലായി നിയോഗിക്കപ്പെട്ടിട്ടില്ല. തിരുമേനി (ﷺ) യുടെ നിയോഗം മനുഷ്യരിലേക്കും ജിന്നുകളിലേക്കും പൊതുവെയുള്ളതാണെന്ന കാര്യം പണ്ഡിതന്‍മാരുടെ യോജിച്ച അഭിപ്രായമാണല്ലോ. ’ (فتح الباري ج ٦ ص ٢٦٥) .






(*) . ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീഥിന്റെ ആദ്യമാണിതു. ബാക്കി ഭാഗം ഇങ്ങിനെയാകുന്നു: ‘ഞാന്‍ മനുഷ്യരിലേക്കു മുഴുവനും നിയോഗിക്കപ്പെട്ടിരിക്കുന്നു.








തുടര്‍ന്നുകൊണ്ട് നബി (ﷺ) ജിന്നുകളിലേക്കുംകൂടി റസൂലായിരുന്നുവെന്നു പലരും പ്രസ്താവിച്ചിട്ടുള്ളതിനെ അസ്ക്വലാനീ (رحمه الله) ഉദ്ധരിച്ചിരിക്കുന്നു. സ്വഹാബികളിലും താബിഉകളിലും, മതനേതാക്കളിലുംപെട്ട പണ്ഡിതന്‍മാരെല്ലാം ഇതില്‍ യോജിച്ചിരിക്കുന്നുവെന്ന് ഇബ്നു തൈമിയ്യഃ (رحمه الله) പറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. നബി (ﷺ) ക്കു പ്രവാചകത്വം സിദ്ധിച്ചതു മുതല്‍ വിയോഗം വരെയുള്ള 23കൊല്ലക്കാലത്തു എത്രയോ പ്രാവശ്യം ജിബ്രീല്‍ (عليه السلام) തിരുമേനി (ﷺ) യുടെ അടുക്കല്‍ വന്നുപോയിട്ടുണ്ട്. നബി (ﷺ) അറിയിക്കുമ്പോഴല്ലാതെ, സ്വഹാബികള്‍ക്കു അതറിയുവാന്‍ കഴിഞ്ഞിരുന്നില്ല. അതുപോലെ, നബി (ﷺ) യും ജിന്നുകളും തമ്മില്‍ ബന്ധപ്പെടുന്നതു മറ്റാരും അറിയാതിരുന്നാല്‍ അതില്‍ ഒട്ടും അത്ഭുതത്തിനവകാശമില്ലല്ലോ.






മലക്കുകളെ റസൂലുകളാക്കാതിരുന്നതു എന്തുകൊണ്ട്?






മനുഷ്യനെ റസൂലായി അയച്ചിയിരിക്കയാണോ എന്നു ചോദിച്ച മുശ്രിക്കുകളോട് ‘സമാധാനചിത്തരായി നടക്കുന്ന മലക്കുകളാണ് ഭൂമിയില്‍ ജീവിച്ചിരിക്കുന്നതെങ്കില്‍ ആകാശത്തുനിന്നു ഒരു മലക്കിനെത്തന്നെ റസൂലായി അയക്കുമായിരുന്നു എന്നു അല്ലാഹു മറുപടി കൊടുത്തതിന്റെ താല്‍പര്യം. റസൂലും തന്റെ ജനതയും തമ്മില്‍ സമ്പര്‍ക്കം പുലര്‍ത്തുവാന്‍ കഴിയണമെന്നാണെന്നും, ജിന്നുകള്‍ ഒരു പ്രത്യേക വര്‍ഗ്ഗമാണെങ്കില്‍ അതു സാധ്യമാകുന്നതല്ലെന്നുമാണല്ലോ ഇവര്‍ പറയുന്നത്. ഇവിടെ, അല്ലാഹു കൊടുത്ത മറുപടിയുടെ മര്‍മ്മം എന്താണെന്നും, ആയത്തിലെ വാചകത്തിന്റെ ശരിയായ അര്‍ത്ഥം എന്താണെന്നും ആദ്യം പരിശോധിക്കാം.



അല്ലാഹു നല്‍കിയ മറുപടിയുടെ വാചകം ഇതാണ്:

قُل لَّوْ كَانَ فِي الْأَرْضِ مَلَائِكَةٌ يَمْشُونَ مُطْمَئِنِّينَ لَنَزَّلْنَا عَلَيْهِم مِّنَ السَّمَاءِ مَلَكًا رَّسُولًا : بنوا إسرائيل : ٩٥

(പറയുക: ഭൂമിയില്‍ സമാധാനചിത്തരായി നടക്കുന്ന മലക്കുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ ആകാശത്തുനിന്നു ഒരു മലക്കിനെ അവരില്‍ നാം റസൂലായി ഇറക്കുമായിരുന്നു. ’ ഇതില്‍ لَّوْ كَانَ فِي الْأَرْضِ مَلَائِكَةٌ എന്ന വാക്കിനു ‘ഭൂമിയില്‍ മലക്കുകളുണ്ടായിരുന്നുവെങ്കില്‍’ എന്നാണര്‍ത്ഥം. ഇക്കൂട്ടര്‍ പറയുംപോലെ ‘ഭൂമിയില്‍ മലക്കുകളാണ് ജീവിക്കുന്നതെങ്കില്‍’ എന്നല്ല, (*) അതുപോലെത്തന്നെ, ‘ആകാശത്തുനിന്നു നാം മലക്കിനെ ഇറക്കുമായിരുന്നു – അഥവാ അയക്കുമായിരുന്നു ( عَلَيْهِم مِّنَ السَّمَاءِ مَلَكًا) എന്നു മാത്രമെ അല്ലാഹു പറഞ്ഞിട്ടുള്ളു. ഇവര്‍ പറയുംപോലെ ‘ഒരു മലക്കിനെത്തന്നെ അയക്കുമായിരുന്നു’ എന്നും അതിലില്ല. ഈ രണ്ടു വ്യത്യാസങ്ങളും പ്രത്യക്ഷത്തില്‍ നിസ്സാരമായിത്തോന്നാമെങ്കിലും, ആയത്തിലെ വാചകഘടനക്കു എതിരാണെന്നു മാത്രമല്ല, തങ്ങളുടെ വാദത്തിന് തെളിവുണ്ടാക്കുവാന്‍വേണ്ടി താല്‍പര്യപൂര്‍വ്വം സൂത്രത്തില്‍ നടത്തുന്ന ഒരു ഉപായംകൂടിയാണത്. അറബിഭാഷയിലും വ്യാകരണത്തിലും അല്‍പം പരിചയമുള്ള ആര്‍ക്കും ഇതു വേഗം മനസ്സിലാക്കാം.






(*) . يعنى إن كان تامة وملئكة فاعلها ولو كان المعنى كما يزعمون فلا بد أن تكون كان ناقصة وملئكة منصوبا والاسم مقدرا مخذوفا فليتأمل للنصف






ഭൂമിയില്‍ മനുഷ്യരല്ലാതെ വേറെ വല്ല ബുദ്ധിവര്‍ഗ്ഗവും ഉണ്ടോ ഇല്ലേ എന്നതിനെ ആസ്പദമാക്കിയല്ല ഈ മറുപടി. ഭൂമിയില്‍ സമാധാനച്ചിത്തരായി നടക്കുന്ന മലക്കുകള്‍ ഉണ്ടോ ഇല്ലേ എന്നതിനെ ആസ്പദമാക്കിയാണ്. വേറെ വല്ല വര്‍ഗ്ഗവും ഉണ്ടായിരുന്നാലും ഇല്ലെങ്കിലും ശരി, മലക്കുകള്‍ ഭൂമിയില്‍ നിവസിക്കുന്നുണ്ടെങ്കില്‍ ഒരു മലക്കിനെ അയക്കാമായിരുന്നുവെന്നു സാരം. മനുഷ്യനുപുറമെ ജിന്നു എന്നൊരു വര്‍ഗ്ഗം ഭൂമിയിലുണ്ടോ ഇല്ലേ എന്ന വിഷയത്തിലേക്കുള്ള യാതൊരു സൂചനയും ചോദ്യത്തിലില്ല. ചോദ്യകര്‍ത്താക്കളായ മുശ്രിക്കുകളാകട്ടെ, ജിന്നുവര്‍ഗ്ഗത്തില്‍ വിശ്വസിക്കുന്നവരുമാണ്. മറുപടിയിലും അതില്ല. ചോദ്യത്തിനാണല്ലോ മറുപടി. ഏതായാലും, മനുഷ്യരിലേക്കു നിയോഗിക്കപ്പെടുന്ന റസൂല്‍ മനുഷ്യരുമായി സമ്പര്‍ക്കം പുലര്‍ത്തുവാന്‍ പറ്റിയവരായിരിക്കണമെന്ന തത്വം ഈ മറുപടിയില്‍ അടങ്ങിയിരിക്കുന്നുവെന്നു നാമും സമ്മതിക്കുന്നു. സ്ഥൂലജീവികളായ മനുഷ്യരിലേക്കുള്ള ദൌത്യം നിര്‍വ്വഹിക്കുവാനും അവരുമായി സമ്പര്‍ക്കം പുലര്‍ത്തുവാനും മനുഷ്യന്‍ തന്നെയാണ് റസൂലായിരിക്കേണ്ടതെന്നുള്ളതിലും സംശയമില്ല. പക്ഷേ, മറ്റു ചില സംഗതികള്‍ ആലോചിക്കേണ്ടതുണ്ട്:-



ജിന്നുവര്‍ഗ്ഗത്തിനു അവരുടെ പ്രകൃതിക്കനുസരിച്ചുള്ള ദൈവിക സന്ദേശങ്ങള്‍ എത്തിച്ചേരേണ്ടതിനു അവരില്‍ നിന്നുള്ള പ്രവാചകന്‍മാരായ റസൂലുകള്‍ തന്നെ അനിവാര്യമാണോ? പ്രകാശത്താല്‍ സൃഷ്ടിക്കപ്പെട്ട ആത്മീയ ജീവികളായ മലക്കുകളാകുന്ന റസൂലുകളും, മണ്ണിന്റെ മക്കളായ മനുഷ്യരില്‍ നിന്നുള്ള പ്രവാചകന്‍മാരായ റസൂലുകളും തമ്മില്‍ ബന്ധപ്പെട്ടിട്ടാണല്ലോ മനുഷ്യര്‍ക്കു ദൈവിക സന്ദേശങ്ങള്‍ മിക്കപ്പോഴും ലഭിക്കുന്നത്. അതുപോലെയുള്ള ഏതെങ്കിലും ക്രമത്തില്‍, പ്രവാചകന്മാര്‍ ജിന്നുകളുമായോ, അതല്ലെങ്കില്‍ ജിന്നുകളിലെ ചില പ്രത്യേക ദൂതന്‍മാരുമായോ ബന്ധപ്പെട്ടുകൊണ്ടു അവര്‍ക്കു ദൈവിക സന്ദേശങ്ങള്‍ എത്തിക്കുന്നതിനു വല്ല വിരോധവുമുണ്ടോ? പ്രവാചകന്‍മാര്‍ക്കു മനുഷ്യരിലും, ജിന്നുകളിലും നടത്തുവാനുള്ള കൃത്യങ്ങളെല്ലാം ഒരേ തരത്തില്‍ പെട്ടതാണോ? ഇതിലൊന്നും ഖണ്ഡിതമായ ഒരു തീരുമാനം പറയുവാന്‍ നമുക്കു സാധ്യമല്ല. ഇങ്ങിനെ പല സാധ്യതയും കാണുന്നുവെന്നുമാത്രം. ഏതായാലും, ജിന്നുകളിലേക്കു മനുഷ്യന്‍ റസൂലായി നിയോഗിക്കപ്പെട്ടുകൂടാ എന്നു വാദിക്കുവാന്‍ ന്യായമില്ല. നാം മുകളില്‍ വായിച്ചുകഴിഞ്ഞതും, ജിന്നുകളിലുള്ള റസൂലുകളെപ്പറ്റി താഴെ പ്രസ്താവിക്കുന്ന ചില സംഗതികളും ആലോചിക്കുമ്പോള്‍ ജിന്നുകളും പ്രവാചകന്‍മാരും തമ്മില്‍ ആവശ്യമായ സമ്പര്‍ക്കത്തിന്റെ കാര്യം ഇവിടെ ഒരു പ്രശ്നമാകുന്നില്ലതാനും. ഏതായാലും ജിന്നുവര്‍ഗ്ഗത്തിന്റെ അസ്തിത്വം മതിയായ ലക്ഷ്യങ്ങളാല്‍ സംശയാതീതമായി സ്ഥാപിതമായിരിക്കെ, ഈ സമ്പര്‍ക്ക പ്രശനം അതിനു അല്‍പമെങ്കിലും ഇളക്കം വരുത്തുവാന്‍ പര്യാപ്തമല്ലെന്നാണ് ചുരുക്കത്തില്‍ നമുക്ക് ഇവിടെ പറയുവാനുള്ളത്.






ജിന്നിലും മനുഷ്യരിലും വെവ്വേറെ റസൂലുണ്ടോ?:-






‘ജിന്നിലും ഇന്‍സിലും റസൂലുകള്‍ വന്നിട്ടുണ്ടെന്നു ക്വുര്‍ആനില്‍ പറയുന്നു: പക്ഷേ, മനുഷ്യരില്‍ നിന്നല്ലാതെ റസൂലുകള്‍ വന്നിട്ടുള്ളതിന്നു തെളിവില്ല; അതുകൊണ്ട് ജിന്നും ഇന്‍സും ഒരേ വര്‍ഗ്ഗമാണെന്നു വരുന്നു’ എന്നാണ് ഇവരുടെ മറ്റൊരു വാദം. മഹ്ശറില്‍ വെച്ചു ജിന്നുകളെയും മനുഷ്യരെയും അഭിമുഖീകരിച്ചുകൊണ്ടു അല്ലാഹു ചോദിക്കുന്ന ഒരു ചോദ്യമാണ് ക്വുര്‍ആന്‍ വചനം കൊണ്ടുദ്ദേശ്യം:

يَا مَعْشَرَ الْجِنِّ وَالْإِنسِ أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَقُصُّونَ عَلَيْكُمْ آيَاتِي وَيُنذِرُونَكُمْ لِقَاءَ يَوْمِكُمْ هَـٰذَا ۚ : الأنعام:١٣٠

(ജിന്നിന്റെയും ഇന്‍സിന്റെയും സമൂഹമേ, എന്റെ ആയത്തുകള്‍ നിങ്ങള്‍ക്കു വിവരിച്ചുതരുകയും, നിങ്ങളുടെ ഈ ദിവസത്തെ നിങ്ങള്‍ കാണുന്നതിനെക്കുറിച്ചു നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുകയും ചെയ്തുകൊണ്ട് നിങ്ങളില്‍ നിന്നു നിങ്ങള്‍ക്കു റസൂലുകള്‍ വന്നില്ലേ?!)



കാട്ടിലോ മറ്റോ ഒറ്റപ്പെട്ടു ജീവിക്കുന്ന അപരിഷ്കൃത മനുഷ്യരാണ് ജിന്നുകളെന്നും, പരസ്പരം സമ്പര്‍ക്കത്തിലും ഇണക്കത്തിലും ജീവിക്കുന്ന നാടന്‍മാരാണ് ഇന്‍സുകളെന്നുമാണല്ലോ ഇവരുടെ വാദം. അതനുസരിച്ച് ഈ ക്വുര്‍ആന്‍ വചനത്തിന്റെ സാരം, ‘നാടന്‍മാരും പരിഷ്കൃതരുമായ ഇന്‍സുവിഭാഗത്തിന് അവരില്‍ നിന്നുള്ള കാടന്‍മാരും റസൂലുകളായി വന്നിട്ടുണ്ടെന്നായിരിക്കണമല്ലോ. അപ്പോള്‍, റസൂലുകളില്‍ കാടന്‍വിഭാഗവും നാടന്‍വിഭാഗവും വേണ്ടിവരും. ഇങ്ങിനെ ഇവര്‍ക്കു വാദമുണ്ടാകുമെന്നു തോന്നുന്നില്ല. അല്ലെങ്കില്‍ ഇന്‍സുവിഭാഗമായ നാടന്‍മാരില്‍ മാത്രമാണ് റസൂലുള്ളതെന്നും അവര്‍തന്നെയാണ് കാടന്‍മാരായ ജിന്നുവിഭാഗത്തിനും റസൂലുകളെന്നും പറയേണ്ടിവരും. അപ്പോഴും സമ്പര്‍ക്കത്തിന്റെയും മറ്റും പ്രശ്നം നേരിടും. ഇന്നത്തെപ്പോലെ ഗതാഗതസൌകര്യങ്ങളും സമ്പര്‍ക്കസാധ്യതയും ഇല്ലാതിരുന്ന മുന്‍കാലത്തു വിശേഷിച്ചും.



എന്നിരിക്കെ, ആയത്തിന്റെ താല്പര്യം എന്തായിരിക്കുമെന്നാണ് നാം നോക്കേണ്ടത്. രണ്ടില്‍ ഒരു വിധിത്തിലാവാം;



ഒന്ന്:- രണ്ടുകൂട്ടരെയും – ജിന്നിനെയും ഇന്‍സിനെയും -ഒന്നിച്ചുവിളിച്ചുകൊണ്ടുള്ള ഒരു പൊതു ചോദ്യമാണല്ലോ ഇത്. അതുകൊണ്ടു ഇരുകൂട്ടരും അടങ്ങുന്ന ആ സമൂഹത്തില്‍ നിന്ന് അവര്‍ക്കു റസൂലുകള്‍ വന്നിരുന്നില്ലേ എന്നായിരിക്കാം ചോദ്യത്തിന്റെ താല്പര്യം. ഇങ്ങനെയാണെങ്കില്‍, റസൂലുകള്‍ വന്നിട്ടുള്ളതു യഥാര്‍ത്ഥത്തില്‍ മനുഷ്യരില്‍ നിന്നു മാത്രമോ, ജിന്നുകളില്‍നിന്നു മാത്രമോ ആയിരുന്നാലും പ്രസ്തുത ചോദ്യം ചോദിക്കാവുന്നതാണ്. അഥവാ, രണ്ടുകൂട്ടരില്‍ നിന്നും വെവ്വേറെ റസൂലുകള്‍ വന്നിരിക്കണമെന്നില്ല. മറ്റൊന്ന്, രണ്ടുകൂട്ടരില്‍നിന്നും വെവ്വേറെ റസൂലുകള്‍ വന്നിട്ടില്ലേ എന്നും ആവാം ഉദ്ദേശ്യം. ഇങ്ങിനെയാണെങ്കില്‍, ജിന്നുകളുടെ റസൂലും, മനുഷ്യരുടെ റസൂലും ശരിക്കും ഒരേ അര്‍ത്ഥത്തിലുള്ള റസൂലായിരിക്കയില്ല. നാം മുമ്പ് ചൂണ്ടിക്കാട്ടിയതുപോലെ, വ്യത്യസ്തസ്വഭാവത്തിലുള്ള റസൂലുകളായിരിക്കും. മറ്റൊരു പ്രകാരത്തില്‍ പറഞ്ഞാല്‍, മനുഷ്യരില്‍ നിന്നുള്ള റസൂല്‍ കൊണ്ടുദ്ദേശ്യം പ്രവാചകന്‍മാരായ ദൂതന്‍മാരും, ജിന്നുകളില്‍ നിന്നുള്ള റസൂലുകൊണ്ടുദ്ദേശ്യം ജിന്നുകളെ ഉപദേശിക്കുകയും താക്കീതു ചെയ്കയും ചെയ്യുന്ന ചില വ്യക്തികളും ആയിരിക്കാം. (الله أعلم) .



സൂ: അഹ്ക്വാഫ് 29ല്‍ അല്ലാഹു പറയുന്നു:

وَإِذْ صَرَفْنَا إِلَيْكَ نَفَرًا مِّنَ الْجِنِّ يَسْتَمِعُونَ الْقُرْآنَ فَلَمَّا حَضَرُوهُ قَالُوا أَنصِتُوا فَلَمَّا قُضِيَ وَلَّوْا إِلَىٰ قَوْمِهِم مُّنذِرِينَ.

(ജിന്നുകളില്‍ നിന്നു ഒരു കൂട്ടരെ ക്വുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കുവാനായി നാം നിന്റെ അടുക്കലേക്കു തിരിച്ചുവിട്ട സന്ദര്‍ഭം ഓര്‍ക്കുക. അങ്ങനെ, അവര്‍ അതിനടുക്കല്‍ ഹാജരായപ്പോള്‍ അവര്‍ – തമ്മില്‍ – മൗനമായിരിക്കുവിന്‍ എന്നുപറഞ്ഞു. എന്നിട്ട് അതു തീര്‍ന്നപ്പോള്‍ അവര്‍ താക്കീതു നല്‍കുന്നവരായുംകൊണ്ട് തങ്ങളുടെ ജനതയിലേക്കു തിരിച്ചുപോയി) . താകീതുകാരന്‍, മുന്നറിയിപ്പു നല്‍കുന്നവന്‍ (نَذِير: مُّنذِر) എന്നീ പേരുകള്‍ റസൂലുകളെ ഉദ്ദേശിച്ചുപറയല്‍ ക്വുര്‍ആനില്‍ സാധാരണമാണുതാനും. ക്വുര്‍ആന്‍ കേട്ടശേഷം സ്വജനതയെ താക്കീതുചെയ്യാന്‍ പോയ ജിന്നുകള്‍ സാധാരണ നിലയിലുള്ള ഉപദേഷ്ടാക്കള്‍ മാത്രമായിരുന്നില്ലെന്നാണ് ഈ പ്രയോഗത്തില്‍ നിന്നു വരുന്നത്.






ദൈവശാസനകള്‍ മനുഷ്യനു മാത്രം ബാധകമാണോ?:-






വിശേഷബുദ്ധിയും മറ്റും ഉള്ളതു കൊണ്ടാണ് ഇതരസൃഷ്ടികള്‍ക്കില്ലാത്ത ഉത്തരവാദിത്വം മനുഷ്യനു നല്‍കിയിരിക്കുന്നതെന്നു സൂഃ അഹ്സാബ്: 72ല്‍ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കകൊണ്ടും, ജിന്നിനും ഇന്‍സിനും ഹൃദയവും, കണ്ണും, കാതും ഉണ്ടെന്നു സൂഃ അഅ്റാഫ് : 179ല്‍ പ്രസ്താവിച്ചിരിക്കകൊണ്ടും ഇന്‍സും ജിന്നും ഒരേ വര്‍ഗ്ഗമാണ് എന്നു വരുന്നുവെന്നാണ് പിന്നെ വേറൊരു വാദമുള്ളത്. വിശേഷബുദ്ധിയും മറ്റും ഉള്ളതുകൊണ്ടാണ് ദൈവശാസനകള്‍ക്കും, മത നിയമങ്ങള്‍ക്കും മനുഷ്യന്‍ വിധേയനായതെന്നു ആ ആയത്തില്‍ അല്ലാഹു വ്യക്തമായിപ്പറഞ്ഞിട്ടില്ല. എങ്കിലും, അതില്‍നിന്നു അതു മനസ്സിലാക്കാമെന്നുള്ളതില്‍ സംശയമില്ല. പക്ഷേ, മനുഷ്യനല്ലാത്ത മറ്റാര്‍ക്കും യാതൊരു തരത്തിലുള്ള നിയമങ്ങളും ശാസനകളും ബാധകമല്ലെന്ന ഒരു സൂചനയും അതില്‍ ഇല്ല. മനുഷ്യന്റെ അതേ രീതിയിലും, അതേ സ്വഭാവത്തിലുമുള്ള ഉത്തരവാദിത്വം മറ്റാര്‍ക്കുമില്ലെന്നേ അതില്‍നിന്നു വരുന്നുള്ളു. ഇതുസംബന്ധിച്ചു കൂടുതല്‍ വിവരം യഥാസ്ഥാനത്തുവെച്ചു നാം ഉദാഹരണസഹിതം ചൂണ്ടിക്കാട്ടിയിരിക്കുന്നു. അവിടെ നോക്കുക. ചുരുക്കത്തില്‍, മനുഷ്യന്‍ ഏറ്റെടുക്കേണ്ടിവന്ന ഉത്തരവാദിത്വം, തികച്ചും അതേ രൂപത്തില്‍ ജിന്നുകള്‍ക്കോ മലക്കുകള്‍ക്കോ മറ്റോ ഇല്ലെന്നുമാത്രം. അല്ലാഹുവിനു ആരാധന ചെയ്‌വാന്‍ ജിന്നും, ഇന്‍സം കടപ്പെട്ടവരാണ് (51:56) . മലക്കുകളും അല്ലാഹുവിനു ആരാധന നടത്തുന്നു (7:206) . എല്ലാവരുടെയും ആരാധനാക്രമം ഒന്നായിരിക്കയില്ലെന്നു വ്യക്തമാണല്ലോ.



കണ്ണ്, കാതു മുതലായ ചില അവയവങ്ങളുണ്ടെന്നു പറഞ്ഞതുകൊണ്ടും ജിന്നുകള്‍ മനുഷ്യവര്‍ഗ്ഗമാണെന്നു വിധി കല്‍പിച്ചുകൂടാ. മനുഷ്യവര്‍ഗ്ഗത്തില്‍പെടാത്ത പക്ഷിമൃഗാദികള്‍ക്കും അങ്ങിനെയുള്ള അവയവങ്ങളുളളതുകൊണ്ട് അവയൊന്നും മനുഷ്യനാകുന്നില്ലല്ലോ. മലക്കുകള്‍ക്കു ചിറകുകളുണ്ടെന്നു (സൂഃ ഫാത്ത്വിറില്‍) അല്ലാഹു പറയുന്നു. അതുകൊണ്ട് അവര്‍ പക്ഷികളുമാകുന്നില്ല. കസേരക്കു കയ്യുംകാലും ഉള്ളതുകൊണ്ട് അത് ജീവിയാണെന്നും വരുന്നില്ല. ഓരോന്നിന്റെയും അവയവങ്ങള്‍ അതിന്റെ പ്രകൃതിസ്വഭാവമനുസരിച്ചായിരിക്കും. അവയെപ്പറ്റി പ്രസ്താവിക്കുമ്പോള്‍, മനുഷ്യര്‍ക്കു പരിചയമുള്ള വാക്കുകളിലും പേരുകളിലുമായിരിക്കും അവയേപ്പറ്റി സംസാരിക്കുക എന്നുമാത്രം. ജിന്നുകളുടെ ഹൃദയവും, കണ്ണും, കാതും എപ്രകാരമായിരിക്കുമെന്നു നിര്‍ണ്ണയിക്കുവാന്‍ നമുക്കു കഴിവില്ല എന്നല്ലാതെ ഇതുകൊണ്ട് ജിന്നും ഇന്‍സും ഒരു വര്‍ഗ്ഗമാണെന്നു വിധി കല്പിച്ചുകൂടാത്തതാണ്.






പ്രപഞ്ചത്തിലെ ഏറ്റവും ഉല്‍കൃഷ്ട സൃഷ്ടി:-






ജിന്നുകള്‍ ഒരു പ്രത്യേക വര്‍ഗ്ഗമാണെങ്കില്‍ ‘പ്രപഞ്ചത്തിലെ ഏറ്റവും ഉല്‍കൃഷ്ട സൃഷ്ടി’ എന്ന മനുഷ്യന്റെ സ്ഥാനം നഷ്ടപ്പെടുമെന്നുള്ള ഇവരുടെ ഭയമാണ് എനി ആലോചിക്കുവാനുള്ളത്. മനുഷ്യന്‍ വളരെ ഉല്‍കൃഷ്ട സൃഷ്ടി തന്നെ. പക്ഷേ, പ്രപഞ്ചത്തിലെ ഏറ്റവും ഉല്‍കൃഷ്ട സൃഷ്ടിയെന്നു തീര്‍ത്തുപറയാമോ? ഇതിനു വ്യക്തമായ യാതൊരു തെളിവുമില്ല. മനുഷ്യവര്‍ഗ്ഗത്തിന്റെ ഉന്നതസ്ഥാനം ചൂണ്ടിക്കാട്ടുന്ന ഏറ്റവും വ്യക്തമായ ക്വുര്‍ആന്‍ വചനം ഇതാണ്:

وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا : الإسراء:٧٠

(ആദമിന്റെ സന്താനങ്ങളെ നാം ആദരിച്ചിട്ടുണ്ട്. കരയിലും, കടലിലും നാം അവരെ വഹിച്ചുകൊണ്ടുപോകുകയും, അവര്‍ക്കു നല്ല വസ്തുക്കളില്‍ നിന്നും ആഹാരം കൊടുക്കുകയും ചെയ്തു. നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ വളരെ എണ്ണത്തെക്കാളും അവരെ നാം ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു). എല്ലാവരെക്കാളും ശ്രേഷ്ഠരാക്കി എന്നു അല്ലാഹു പറയുന്നില്ല. വളരെ എണ്ണത്തെക്കാളും ശ്രേഷ്ഠത നല്‍കി (فَضَّلْنَاهُمْ عَلَىٰ كَثِيرٍ) എന്നു മാത്രമേ പറഞ്ഞിട്ടുള്ളു. മറ്റേതെങ്കിലും വാക്യങ്ങില്‍നിന്നു മനുഷ്യന്‍ പ്രപഞ്ചത്തിലെ ഏറ്റവും ഉല്‍കൃഷ്ട സൃഷ്ടിയാണെന്നു വല്ലവര്‍ക്കും തോന്നിയാല്‍തന്നെയും ഈ സ്പഷ്ടമായ വചനത്തിന്നെതിരില്‍ അതു സ്വീകാര്യമായിരിക്കയില്ല. അപ്പോള്‍, ചില സൃഷ്ടികളെങ്കിലും ചുരുങ്ങിയതു മനുഷ്യരെപ്പോലെ ശ്രേഷ്ഠതയുള്ളവര്‍ വേറെ ഉണ്ടായിരിക്കണമല്ലോ. ഈ സൃഷ്ടികള്‍ ആരായിരിക്കുമെന്നു നമുക്കറിഞ്ഞുകൂടാ. അല്ലാഹുവിനു മാത്രമേ അറിയൂ. മനുഷ്യര്‍ക്കറിയാത്ത എത്രയോ സൃഷ്ടികള്‍ ഈ പ്രപഞ്ചത്തില്‍ വേറെയുണ്ടായിരിക്കാവുന്നതാണ്. وَيَخْلُقُ مَا لَا تَعْلَمُونَ (നിങ്ങളറിയാത്തതു അവന്‍ സൃഷ്ടിക്കുന്നു).



എന്നാല്‍, മനുഷ്യന്‍ ജിന്നുകളെക്കാള്‍ ഉല്‍കൃഷ്ടനാണെന്നതില്‍ മുസ്‌ലിംകള്‍ക്കിടയില്‍ തര്‍ക്കമില്ല. അവര്‍ ബുദ്ധിജീവികളും, മതാവലംബികളും ആണെന്നുള്ളതുകൊണ്ട് മനുഷ്യന്റെ ഉല്‍കൃഷ്ടതക്കോ, ഔന്നത്യത്തിനോ യാതൊരു വിഘ്നവും നേരിടുവാനുമില്ല. അങ്ങിനെ ഇവര്‍ക്കു ഒരു ഭയം തോന്നാനുള്ള കാരണം എന്താണാവോ?! ബുദ്ധിജീവികളായ മനുഷ്യന്റെ അറിവില്‍ പെട്ടിടത്തോളം, മനുഷ്യനും ജിന്നിനും പുറമെയുള്ളതു മലക്കുകളാണ്. മലക്കുകളും, മനുഷ്യരും തമ്മില്‍ നോക്കുമ്പോള്‍ കൂടുതല്‍ ശ്രേഷ്ഠത ആര്‍ക്കാണെന്നതില്‍ മുസ്ലിംകളില്‍ ഭിന്നാഭിപ്രായമാണുള്ളത്. ഖണ്ഡിതമായ തെളിവ് ഇല്ലാത്തതാണിതിനു കാരണം. മലക്കുകള്‍ക്കാണ് കൂടുതല്‍ ശ്രേഷ്ഠത എന്നാണ് മുഅ്തസിലഃ (المعتزلة) വിഭാഗവും, ചില തത്വശാസ്ത്രജ്ഞന്‍മാരും, അഹ്ലുസ്സുന്നഃ വിഭാഗക്കാരായ ചുരുക്കം പണ്ഡിതന്‍മാരും പറയുന്നത്. ഇമാം സമഖ്ശരീ (*) ഈ വിഷയത്തില്‍ വലിയ ഒരു പ്രസ്താവന തന്നെ ചെയ്തിട്ടുണ്ട്. മലക്കുകള്‍ക്കു ശ്രേഷ്ഠത നല്‍കുവാന്‍ അദ്ദേഹം പറഞ്ഞ ന്യായങ്ങളില്‍, നബിമാരെപ്പറ്റി മര്യാദക്കേടു പറഞ്ഞുപോയിട്ടുണ്ടെന്നുപോലും ചിലര്‍ ആക്ഷേപിച്ചിരിക്കുന്നു. പക്ഷേ, അഹ്ലുസ്സുന്നത്തില്‍ പെട്ട ബഹുഭൂരിഭാഗവും അഭിപ്രായപ്പെടുന്നതും, പൊതുവില്‍ മുസ്‌ലിംകള്‍ അംഗീകരിച്ചു വരുന്നതും മനുഷ്യവര്‍ഗ്ഗത്തിലെ സജ്ജനങ്ങള്‍ മറ്റേതു വര്‍ഗ്ഗത്തേക്കാളും ശ്രേഷ്ഠന്മാരാകുന്നുവെന്നത്രെ. വിശദീകരണവേളയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ പലതും കാണാം. (كما في فتح الباري وغيره) .






(*) . കശ്ശാഫ് (الكشالى) എന്ന പ്രസിദ്ധ തഫ്സീറിന്റെ കര്‍ത്താവും മുഅ്തസിലഃ വിഭാഗത്തിലെ ഒരു നേതാവുമാണ് ഇമാം സമഖ്ശരീ (جار الله الزمخشري)






വാസ്തവത്തില്‍ – ശൈഖ് അബ്ദുല്‍ വഹാബ് നജ്ജാര്‍ മുതലായവര്‍ പറഞ്ഞതുപോലെ മലക്കുകളോ മനുഷ്യരോ ആരാണ് കൂടുതല്‍ ശ്രേഷ്ഠതയുള്ളവര്‍ എന്നതിനെപ്പറ്റി ഒരു തീരുമാനമോ വിശദീകരണമോ പറയാതിരിക്കുന്നതാണ് കൂടുതല്‍ നല്ലത്. ഒന്നിനും വേണ്ടത്ര തെളിവുകളില്ല. മനുഷ്യന്‍ നന്നായിത്തീര്‍ന്നാല്‍ അങ്ങേഅറ്റം ശ്രേഷ്ഠനാകുവാനും, ദുഷിച്ചാല്‍ ഇങ്ങേഅറ്റം നികൃഷ്ടനാകുവാനും സാധ്യമാണ് എന്നുവെച്ച് നമുക്കു സമാധാനിക്കുക. ഈ ഭൌമിക ജീവികളില്‍ ഉല്‍കൃഷ്ടന്‍ താന്‍തന്നെ എന്നു മനുഷ്യന്നു തീര്‍ച്ചയായും അഭിമാനിക്കാവുന്നതുമാകുന്നു.






രിജാല്‍ (رجال) എന്ന വാക്ക്:-






رِجَال مِنَ الْجِنِّ (ജിന്നില്‍ നിന്നുള്ള പുരുഷന്‍മാര്‍) എന്നു ക്വുര്‍ആനില്‍ (സൂ: ജിന്നില്‍) പറഞ്ഞിരിക്കുന്നു. ഇതിലെ ‘രിജാല്‍’ എന്ന വാക്കു മനുഷ്യരിലുള്ള പുരുഷന്‍മാര്‍ക്കേ പറയാവൂ എന്നും, അതുകൊണ്ടു ജിന്നുകള്‍ മനുഷ്യരാണ് എന്നുമുള്ള വാദമാണ് എനി ബാക്കിയുള്ളത്. മനുഷ്യരിലുള്ള പുരുഷന്‍മാര്‍ക്കാണ് സാധാരണമായി ‘രിജാല്‍’ എന്നു പറയാറുള്ളതു എന്നല്ലാതെ, ജിന്നുവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്കു ഈ വാക്കു ഉപയോഗിച്ചുകൂടാ എന്നതിനു യാതൊരു രേഖയുമില്ല. ഇമാം റാസി (رحمه الله) ഇതു പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. (الرازى ج 8 ص 622) എനി, ‘രിജാലി’ന്റെ അര്‍ത്ഥം ഭാഷയില്‍ അങ്ങിനെത്തന്നെയാണെന്നു സമ്മതിക്കുക: എന്നാലും, ജിന്നുകളെക്കുറിച്ചു അതു ഉപയോഗിക്കുന്നതിനു യാതൊരു വിരോധവുമില്ല. മനുഷ്യരില്ലെന്നപോലെ, ജിന്നുകളിലെ ഓരോ തരക്കാരെപ്പറ്റിയും ഉപയോഗിക്കുവാനുള്ള പ്രത്യേക വാക്കുകള്‍ മനുഷ്യര്‍ക്കു അപരിചിതമാണ്. അതുകൊണ്ട് സാദൃശ്യ (تشبيه) രൂപത്തിലോ ഉപമാ (تمثيل) രൂപത്തിലോ അങ്ങിനെ ഉപയോഗിച്ചതായിരിക്കുവാന്‍ സാധ്യതയുണ്ട്. സൂറത്തുല്‍ ജിന്നിലെ ആയത്തില്‍ ആദ്യം മനുഷ്യരിലുള്ള പുരുഷന്‍മാരെക്കുറിച്ചു (رِجَالٌ مِّنَ الْإِنسِ എന്നു) പറഞ്ഞതിനെത്തുടര്‍ന്നാണ് ജിന്നുകളിലുള്ള പുരുഷന്‍മാര്‍ (رِجَالٍ مِّنَ الْجِنِّ) എന്നു പറഞ്ഞിരിക്കുന്നത്. ആദ്യത്തേതിനോട് കിടയൊപ്പിച്ച് രണ്ടാമത്തേതിലും അതേ വാക്കു ഉപയോഗിച്ചതും ആവാം. ഇതിനു അറബി സാഹിത്യശാസ്ത്രത്തില്‍ المشاكلة എന്നാണ് പേര്‍. അറബിഭാഷയില്‍ മാത്രമല്ല, മറ്റു ഭാഷകളിലും പതിവുള്ളതാണീ പ്രയോഗം.






ബൈബ്ലിലെ പ്രസ്താവനകള്‍:-






ജിന്നുകള്‍ മനുഷ്യവര്‍ഗ്ഗം തന്നെയാണെന്ന വാദത്തിന് വേറൊരു തെളിവു ഇവര്‍ ചൂണ്ടിക്കാട്ടാറുണ്ട്. സുലൈമാന്‍ (عليه السلام) നബിക്കു ജിന്നുകളെ അല്ലാഹു കീഴ്പ്പെടുത്തിയിരുന്നുവെന്നും, വമ്പിച്ച കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക മുതലായ ഭാരിച്ച പല ജോലികളും അവര്‍ അദ്ദേഹത്തിനുവേണ്ടി ചെയ്തിരുന്നുവെന്നും ക്വുര്‍ആനില്‍ പറഞ്ഞിരിക്കുന്നുവല്ലോ. ബൈബിളില്‍ ഈ ജോലികളെക്കുറിച്ചു പറയുമ്പോള്‍ ജിന്നുകളെപ്പറ്റി ഒന്നും പ്രസ്താവിച്ചുകാണുന്നില്ല. മാത്രമല്ല, ഇസ്രാഈല്യരല്ലാത്ത അന്യന്‍മാരെ ദാവൂദ് (عليه السلام) നബി എണ്ണം നോക്കിയതുപോലെ അദ്ദേഹവും എണ്ണം നോക്കിയെന്നും, ആയിരക്കണക്കില്‍ ആളുകളെ കല്ലുവെട്ടുകാരും, ചുമട്ടുകാരും മറ്റുമായി നിശ്ചയിച്ചുവെന്നും ബൈബ്ള്‍ (2. ദിനവൃത്താന്തം 2: 17, 18ല്‍) പ്രസ്താവിച്ചിരിക്കുന്നു. ഇസ്രാഈല്യരില്‍ ഉള്‍പ്പെടാത്തവരെ ഊഴിയ വേലക്കാരാക്കുകയും, ഇസ്രാഈല്യരെ ആരെയും ദാസന്‍മാരാക്കാതിരിക്കുകയും ചെയ്തുവെന്നും അതില്‍ (2: ദിനവൃത്താന്തം 8: 7-10ല്‍) പ്രസ്താവിച്ചിരിക്കുന്നു. ഇസ്രാഈല്യരെ കണക്കെടുത്ത് അവരെ പ്രമാണിമാരായും, ന്യായാധിപന്‍മാരായും, സ്തോത്രകീര്‍ത്തനങ്ങള്‍ നടത്തുന്നവരായും മറ്റും നിയമിക്കുകയും ചെയ്തു. (1. ദിനവൃത്താന്തം 23: 2-5ല്‍) . അപ്പോള്‍, ഇസ്രാഈല്യരല്ലാത്തവരും, അപരിഷ്കൃതമായ ആ അന്യജനവിഭാഗമാണ്‌ സുലൈമാന്‍ (عليه السلام) നബിക്കു കീഴ്പ്പെടുത്തിക്കൊടുക്കപ്പെട്ട ജിന്നുകള്‍ എന്നും, ആ അപരിഷ്കൃത വിഭാഗത്തിലുള്ള കടുത്ത പോക്കിരികളാണ് അദ്ദേഹത്തിനു കീഴ്പ്പെടുത്തപ്പെട്ടിരുന്നതായി ക്വുര്‍ആനില്‍ പറഞ്ഞ ശൈത്ത്വാന്‍മാര്‍ എന്നുമാണ് ഇവര്‍ സമര്‍ത്ഥിക്കുന്നത്.



മേപ്പടി സംഭവങ്ങള്‍ വിവരിച്ചതില്‍ മനുഷ്യരല്ലാത്ത മറ്റൊരു വര്‍ഗ്ഗത്തെക്കുറിച്ചു ബൈബ്ലില്‍ പ്രസ്താവിച്ചിട്ടില്ല എന്നുള്ളതു ശരിയാണ്. ഒരു കാര്യം പ്രസ്താവിക്കാത്തതുകൊണ്ടു അങ്ങിനെ ഒരു കാര്യം തന്നെ ഇല്ലെന്നു വരുകയില്ല. ക്വുര്‍ആനില്‍ പറഞ്ഞിട്ടുള്ളവരും അല്ലാത്തവരുമായ പല നബിമാരെക്കുറിച്ചും പല സംഭവങ്ങള്‍ വിശദീകരിച്ചു പറയാറുള്ള ബൈബ്ലിന്റെ (തൌറാത്തു വിഭാഗത്തിലെ) പുസ്തകങ്ങളില്‍ എവിടെയും സ്പര്‍ശിക്കുക പോലും ചെയ്യാത്ത ചില സംഭവങ്ങള്‍ ക്വുര്‍ആനില്‍ കാണാവുന്നതാണ്. അവയില്‍ പ്രസ്താവിച്ച സംഭവങ്ങളുടെ വിവരണത്തില്‍, ക്വുര്‍ആനും അവയും തമ്മില്‍ പലപ്പോഴും വ്യത്യാസമോ വൈരുദ്ധ്യമോ കാണാറും ഉണ്ട്. അക്കാരണത്താല്‍, ക്വുര്‍ആന്റെ പ്രസ്താവനകളെ ബൈബ്ലിന്റെ പ്രസ്താവനക്കനുസരിച്ചു വ്യാഖ്യാനിക്കുന്നതു ഒരിക്കലും ശരിയല്ല. ആദം (عليه السلام) നബിക്കു മലക്കുകള്‍ സുജൂദു ചെയ്തതും, ഇബ്ലീസു ചെയ്യാതിരുന്നതും ബൈബ്ലില്‍ പറയുന്നില്ല. അങ്ങിനെ പല ഉദാഹരണങ്ങളും.



സുലൈമാന്‍ നബി (عليه السلام) ജനങ്ങളുടെ കണക്കെടുക്കുന്നതിനുമുമ്പ് പിതാവ് ദാവൂദ് നബി (عليه السلام) അവരുടെ കണക്കെടുക്കുകയുണ്ടായെന്നു പറഞ്ഞുവല്ലോ. എന്നാല്‍, ദാവൂദ് നബി (عليه السلام) അവരുടെ കണക്കെടുക്കുവാന്‍ കാരണം തന്നെ, ‘സാത്താനാ’യിരുന്നു (ശൈത്തനായിരുന്നു) വെന്നാണ് ബൈബ്ലിന്റെ അതേ പുസ്തകം പറയുന്നത്. ‘അനന്തരം സാത്താന്‍ യിസ്രായേലിനു വിരോധമായി എഴുന്നേറ്റു യിസ്രായേലിനെ എണ്ണുവാന്‍ ദാവീദിന്നു തോന്നിച്ചു. ’ (1. ദി. വൃ. 21:1) . ഇതാണതിലെ വാചകം. പിശാചിന്റെ പ്രേരണക്കു ദാവൂദ് (عليه السلام) വഴിപ്പെട്ടുവെന്നു നാം കരുതുന്നില്ല. എങ്കിലും, മനുഷ്യനല്ലാത്ത ഒരു ‘സാത്താന്‍’ ഉണ്ടെന്നു ബൈബ്ലും പറയുന്നുണ്ടെന്നു ഇതില്‍ നിന്നറിയാമല്ലോ. ഈ സ്ഥലത്തു മാത്രമല്ല, പല സ്ഥലങ്ങളിലും ബൈബ്ള്‍ ജിന്നിനെയും ശൈത്ത്വാനേയും കുറിച്ചു പറഞ്ഞിട്ടുള്ളതു കാണാം. ‘ഭൂതം, സാത്താന്‍, പിശാച്, ദുഷ്ടന്‍, ദേവന്‍, ദുര്‍ഭൂതം’ എന്നിങ്ങിനെയുള്ള പേരുകളിലാണ് അതു ബൈബ്ലിന്റെ മലയാളപതിപ്പില്‍ ചേര്‍ത്തിട്ടുള്ളത്. (*) .






(*) . ഇയ്യോബ്, 2:1; സെഖര്യാവ്, 3:1,2; മത്തായി. 13:19; സങ്കീര്‍ത്തനങ്ങള്‍, 106:37; ആവര്‍ത്തനം, 32:17 മുതലായവ നോക്കുക.






ബിബ്ളിൻെറ നിഘണ്ടുവായ ‘വേദപുസ്തക നിഘണ്ടു’വില്‍ ‘ഭൂത’ങ്ങളെക്കുറിച്ചു പറയുന്ന കൂട്ടത്തില്‍ ഇങ്ങിനെ പറയുന്നു: ‘വിദ്യാഭ്യാസവും, പരിഷ്കാരവുമുള്ളവര്‍, അപരിഷ്കൃതന്‍മാരെപ്പോലെ ഇപ്രകാരം വിശ്വസിക്കുന്നില്ലെങ്കിലും അദൃശ്യമായി ജീവിക്കുന്ന അനേകം ആത്മാക്കള്‍ ഉണ്ടെന്നുള്ളതിന്നു ലക്ഷ്യങ്ങള്‍ കാണാവുന്നതാണെന്നു സമ്മതിക്കും. ഈ ആത്മാക്കളില്‍ ചിലതു നല്ലതും, ചിലതു ചീത്തയുമാണ്‌. (വേ. പു. നി. ഭാഗം 307) . ‘സാത്താനെ’ക്കുറിച്ചു വിവരിക്കുന്ന മദ്ധ്യെ അതില്‍ പറയുന്നു: ‘ചില വാക്യങ്ങളില്‍ (ബൈബിളില്‍) ‘സാത്താന്‍’ എന്നു പേരുള്ള പിശാചുക്കള്‍ പലതുണ്ടെന്നും, മറ്റു ചില വാക്യങ്ങളില്‍ പിശാചുക്കളുടെ തലവനായി ‘സാത്താന്‍’ എന്നു ഒരുവന്‍ ഉണ്ടെന്നും പറഞ്ഞിരിക്കുന്നു. ഈ സാത്താന്‍മാര്‍ മനുഷ്യരെ ദോഷം പ്രവര്‍ത്തിക്കുന്നതിനു പ്രേരിപ്പിക്കുമെന്നും, മനുഷ്യരുടെ മേല്‍ കുറ്റം ആരോപിക്കുമെന്നും …. ഹാ നോക്കിന്റെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നു…. . ഇവന്ന്‍ ദുഷ്ടന്‍ എന്നും പേരുണ്ട്…. . ഇവന്‍ പിശാചുക്കളുടെ തലവനാകുന്നു…. ഇവന്‍ മനുഷ്യരെ വഞ്ചിക്കുന്നു. ’ (വേ. പു. നി. ഭാഗം 535) .



‘മല്ലന്‍മാര്‍, വീരന്മാര്‍’ എന്നിങ്ങിനെ ചിലരെപ്പറ്റിയും ബൈബിള്‍ പറയുന്നുണ്ട്. (ഉല്‍പത്തി. 6:4; സങ്കീര്‍ത്തനങ്ങള്‍, 45:3 മുതലായവ) വേദപുസ്തക നിഘണ്ടുവില്‍ ഇവരെപ്പറ്റി ഇപ്രകാരം കാണാം. ‘നെ ഫിലീം’ എന്ന എബ്രായ (അബ്രാനീ) പദം മലയാളത്തില്‍ മല്ലന്‍മാര്‍ എന്നു ഭാഷാന്തരം ചെയ്യപ്പെട്ടിരിക്കുന്നു. നമ്മുടെ ദേശക്കാര്‍ അസുരന്‍മാരെക്കുറിച്ചു ഭയപ്പെടുന്നതുപോലെ, എബ്രായര്‍ ഇവരെക്കുറിച്ചു ഭയപ്പെടുന്നു. ‘നെഫിലീം’ എന്നതു ആ ദേശത്തിലെ ആദിമവാസികളെക്കുറിക്കുന്നുവെന്നു തോന്നുന്നു. പഴയ നിയമത്തില്‍ ഓഗ്, ഗോല്യാത്ത് (عوج , جالوت) മുതലായ ചില അസാധാരണ ദൈര്‍ഘ്യമുള്ള മനുഷ്യരെക്കുറിച്ചു നാം വായിക്കുന്നു. ഇവരെയും മല്ലന്‍മാരെന്നു പറഞ്ഞിരിക്കുന്നു. (വേ. പു. നി. ഭാ: 325) .



‘ജിന്നു’കള്‍ എന്നു പറയപ്പെടുന്നതു കാടന്‍മാരും അപരിഷ്കൃതരുമായ ആളുകളാണെന്നും, ‘ശൈത്ത്വാന്മാര്‍’ എന്നു പറയപ്പെടുന്നതു പോക്കിരികളും അതികായന്‍മാരുമാണെന്നും വാദിക്കുന്നവര്‍ പ്രസ്തുത ‘മല്ല’ന്മാരെ തെറ്റിദ്ധരിച്ചതോ, അല്ലെങ്കില്‍ കല്‍പിച്ചുകൂട്ടി ‘ഭൂത’ങ്ങളെയും, ‘പിശാചു’ക്കളെയും ‘മല്ല’ന്മാരാക്കി ചിത്രീകരിച്ചതോ ആയിരിക്കുമെന്നാണ് തോന്നുന്നത്.



മേല്‍ പ്രസ്താവിച്ചതില്‍നിന്നു ക്വുര്‍ആനിലും ഇസ്ലാം മത പ്രമാണങ്ങളിലും പറയപ്പെടുന്ന ജിന്നും ശൈത്ത്വാനും മനുഷ്യനില്‍നിന്ന് വ്യത്യസ്തമായ ഒരു പ്രത്യേക വര്‍ഗ്ഗമാണെന്നും, മനുഷ്യവര്‍ഗ്ഗത്തിലെ ഏതെങ്കിലും തരത്തിലുള്ള ഒരു വിഭാഗമല്ലെന്നും നിഷ്പക്ഷ ഹൃദയന്‍മാര്‍ക്കും, സത്യാന്വേഷികള്‍ക്കും ബോധ്യപ്പെട്ടിരിക്കുമെന്നു വിശ്വസിക്കുന്നു. ജിന്നുവര്‍ഗ്ഗത്തെയും, പിശാചുക്കളെയും നിഷേധിക്കുന്നതു ക്വുര്‍ആന്റെയും, ഹദീഥിന്റെയും നിഷേധമായതുകൊണ്ടും, ഈ നിഷേധം അനേകം ദുര്‍വ്യാഖ്യാനങ്ങള്‍ക്കും, പല മതതത്വങ്ങളുടെയും നിരാകരണത്തിന്നും, പരിഹാസത്തിനും ഇടവരുത്തുന്നതാകകൊണ്ടും ഇത്രയും വിവരിക്കേണ്ടി വന്നതാണ്. അല്ലാഹു നമുക്കു സത്യം ഗ്രഹിക്കാനും, അതനുസരിക്കുവാനും തൌഫീഖ് നല്‍കട്ടെ. ആമീന്‍.



اللهم الهمنا السداد والصواب وأرنا الأشياء كما هي





സൂറത്ത്
ജുസ്അ്
ആമുഖം
വ്യാഖ്യാനകുറിപ്പ്
Settings