വ്യാഖ്യാനകുറിപ്പ്

ആദം നബി ((عليه السلام )യുടെയും, ഇബ്‌ലീസിന്‍റെയും കഥ ഒരു ഉദാഹരണം മാത്രമാണോ?
ആദം നബി (عليه السلام) യുടെയും ഇബ്‌ലീസിന്‍റെയും കഥ ക്വുര്‍ആനില്‍ പല പ്രാവശ്യം വ്യക്തമായ ഭാഷയില്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളതാണ്. പക്ഷേ, ഹൃദയത്തില്‍ ചില പ്രത്യേക താല്‍പര്യം വെച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ക്വുര്‍ആന്‍ എത്രതന്നെ സ്പഷ്ടമാക്കിപ്പറഞ്ഞ വിഷയവും, തങ്ങളുടെ ഇഷ്ടത്തിനൊത്ത് വ്യാഖ്യാനിക്കാതിരിക്കുവാന്‍ മനസ്സ് വരികയില്ലല്ലോ. സാധാരണക്കെതിരായോ, പഞ്ചേന്ദ്രിയങ്ങള്‍ക്കതീതമായോ ഉള്ള വസ്തുക്കളെയും, വസ്തുതകളെയും ക്വുര്‍ആനിലോ, ഹദീഥിലോ പ്രസ്താവിച്ചതുകൊണ്ടുമാത്രം-തങ്ങളുടെ ശാസ്ത്രത്തിന്‍റെയും, യുക്തിയുടെയും അനുമതി കിട്ടാതെ-സമ്മതിച്ചു കൊടുക്കുവാന്‍ ഇവര്‍ക്ക് സാധ്യമല്ല. അതുകൊണ്ട് ഇവര്‍ പലപ്പോഴും വിഷമിക്കാറുണ്ട്. അതില്‍ ഒന്നാണ് ഈ കഥയും. ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ച ഒരു കഥയല്ലെന്നും, മനുഷ്യജീവിതത്തെ ഉദാഹരിക്കുന്ന ഒരു ഉദാഹരണം മാത്രമാണെന്നുമത്രെ ഇവര്‍ സമര്‍ത്ഥിക്കുന്നത്. ഇതിനായി, പരസ്പര വിരുദ്ധവും, ബാലിശവുമായ ചില ദുര്‍വ്യാഖ്യാനങ്ങള്‍ ഇവര്‍ ചെയ്യേണ്ടി വന്നിരിക്കുന്നു.

ഇവരില്‍, വളരെ പുരോഗമനേച്ഛുക്കളാണെന്ന് ഗണിക്കപ്പെടുന്ന ചിലര്‍ ഇവിടെ പ്രസ്താവിക്കുന്നതിന്‍റെ ചുരുക്കം ഇതാണ്.: ‘മനുഷ്യന്‍ വളരെ ഉല്‍കൃഷ്ടനും ഉന്നതനുമാണ്. നന്‍മക്കു മാത്ര(*)മുള്ള വാസനയോടുകൂടി സൃഷ്ടിക്കപ്പെട്ടവനാണ്. വേണമെങ്കില്‍ അവന് ഈ ലോകത്തെ സ്വര്‍ഗമയമാക്കാം; നരകമാക്കാം. നരകശിക്ഷയുടെ എല്ലാ വശങ്ങളും ഇവിടെ അനുഭവിക്കാം. ഈ പ്രപഞ്ചത്തെ അടക്കി ഭരിക്കുവാനും ശ്രമിക്കാം.എല്ലാവസ്തുക്കളും അവന് കീഴ്‌പ്പെട്ടാണിരിക്കുന്നത്. എല്ലാം അവന് തലകുനിക്കണം… പക്ഷേ, അവന് മറ്റൊരു സ്വഭാവമുണ്ട്: അവന്‍ പുരോഗമാനേച്ഛുവാകകൊണ്ട് ആരെങ്കിലും വല്ലതും ചൂണ്ടിക്കാട്ടികൊടുത്താല്‍ വേഗം അതിനു വശംവദനാകും, ദോഷങ്ങളെക്കുറിച്ചു ചിന്തിക്കുകയില്ല. ഒടുക്കം ഖേദിക്കും. ഈ സ്വഭാവമാണ് ഈ കഥയില്‍ ചൂണ്ടിക്കാട്ടുന്നത്… ആനന്ദസാഗരത്തില്‍ ആറാടിക്കൊണ്ടിരിക്കുമ്പോള്‍, അവന് പലതും തോന്നും. ചിലപ്പോള്‍ പത്ഥ്യമല്ലാത്തതു അല്പമൊന്നുകഴിക്കും. അപ്പോഴേക്കും മട്ടുമാറി തലചുറ്റും, ഛര്‍ദ്ദിക്കും, പിച്ചും പേയും പറയും, വസ്ത്രമഴിയും, നഗ്നത വെളിപ്പെടും. എല്ലാം കഴിഞ്ഞു ബോധം വരുമ്പോള്‍ ലജ്ജിച്ചു തല താഴ്ത്തും. തുണി അഴിഞ്ഞുപോയവന്‍ കുറേ ഇല പറിച്ചു പൊത്തിപ്പിടിക്കും. ഇങ്ങിനെ പല വിധത്തിലും തന്‍റെ പോരായ്മ മൂടിവെക്കുവാന്‍ പല ഉപായവും ഉപയോഗിക്കും. ഫലമെന്ത്? എന്നിങ്ങനെ മനുഷ്യജീവിതത്തെ ഉദാഹരിച്ചതാണ് ആദമിന്‍റെയും ഇബ്‌ലീസിന്‍റെയും കഥ. ഇതാണ് ഇവരുടെ വര്‍ണനയുടെ സ്വഭാവം. ഇപ്പറഞ്ഞതില്‍, ഈ കഥ വെറും ഒരു സങ്കല്പ കഥയാണെന്നു ഖണ്ഡിതമായി പ്രസ്താവിച്ചിട്ടില്ലെങ്കിലും ഇതു കേവലം ഒരു യഥാര്‍ത്ഥ സംഭവമല്ലെന്നുള്ള പശ്ചാത്തലത്തിലാണ് ഈ വര്‍ണന എന്ന് പറയേണ്ടതില്ല. താഴെക്കാണുന്ന ഇവരുടെ ചില ന്യായവാദങ്ങളില്‍ നിന്ന് ഈ വസ്തുത കൂടുതല്‍ സ്പഷ്ടമായി കാണാവുന്നതുമാണ്.


(*) നന്മക്കു മാത്രമുള്ള വാസനയാണ് മനുഷ്യനുള്ളതെന്ന വാദം തുടങ്ങി ചിലതെല്ലാം ഇതില്‍ വിമര്‍ശനാര്‍ഹമാണ്. സന്ദര്‍ഭം മറ്റൊന്നായതുകൊണ്ട് അതിനെപ്പറ്റി പ്രത്യേകം ഇവിടെ സ്പര്‍ശിക്കുന്നില്ല.


ഈ സംഭവം ക്വുര്‍ആനില്‍ പലേടത്തും ആവര്‍ത്തിച്ചു പ്രസ്താവിക്കപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞുവല്ലോ. സൂഃ അഅ്‌റാഫ്: 11-27 ലാണ് കൂടുതല്‍ വിശദീകരിച്ചിട്ടുള്ളത്. ഇങ്ങിനെ ആവര്‍ത്തിച്ചു പറയുന്നത് അതില്‍ നിന്ന് നമുക്ക് ചില പാഠങ്ങള്‍ പഠിക്കേണ്ടതുള്ളതു കൊണ്ടു തന്നെയാണ്, സംശയമില്ല. ഇവര്‍ ചൂണ്ടിക്കാട്ടിയ മേലുദ്ധരിച്ച കഥാപാഠങ്ങളുടെ ചില വശങ്ങള്‍ സ്വീകാര്യങ്ങളാണെങ്കിലും അതിലെ മറ്റു ചില വശങ്ങള്‍ ഇസ്‌ലാമിന്‍റെയും ക്വുര്‍ആന്‍റെയും അദ്ധ്യാപനങ്ങള്‍ക്ക് നിരക്കാത്തവയാണ് എന്ന് പറയാതിരിക്കുവാന്‍ തരമില്ല. ഭൗതികലക്ഷ്യം വെച്ചുകൊണ്ടും, മനുഷ്യന് ഇല്ലാത്ത കഴിവുകള്‍ സ്ഥാപിച്ചുകൊണ്ടുമുള്ള ഭാഗങ്ങള്‍ ഒഴിച്ചു ബാക്കിഭാഗം സാമാന്യേന കഥാപാഠമായി നമുക്കും സ്വീകരിക്കാം. വേണ്ടാ, ഈ കഥയില്‍ നിന്ന് നാം പഠിക്കേണ്ടുന്ന പാഠങ്ങളെ അല്ലാഹു തന്നെ ക്വുര്‍ആനില്‍ പലേടത്തായി ചൂണ്ടിക്കാട്ടിത്തന്നിട്ടുണ്ട്. ഈ കഥ വിസ്തരിച്ചു പറഞ്ഞശേഷം സൂഃ അഅ്‌റാഫില്‍ ഇങ്ങിനെ പറയുന്നു:يَا بَنِي آدَمَ لَا يَفْتِنَنَّكُمُ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُم مِّنَ الْجَنَّةِ – الأعراف ٢٧

(ആദമിന്‍റെ സന്തതികളേ! പിശാച് നിങ്ങളുടെ മാതാപിതാക്കളെ സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കിയതുപോലെ, നിങ്ങളെ അവന്‍ കുഴപ്പത്തിലാക്കാതിരിക്കട്ടെ).സൂറത്തുല്‍ കഹ്ഫില്‍ ഈ കഥ ചുരുക്കിപ്പറഞ്ഞശേഷം ഇങ്ങിനെ പറയുന്നു:

أَفَتَتَّخِذُونَهُ وَذُرِّيَّتَهُ أَوْلِيَاءَ مِن دُونِي وَهُمْ لَكُمْ عَدُوٌّ

(എന്നിരിക്കെ, എന്നെ വിട്ട്‌ അവനെയും – ഇബ്‌ലീസിനെയും – അവന്‍റെ സന്തതികളെയും നിങ്ങള്‍ കാര്യകര്‍ത്താക്കളാക്കുന്നുവോ? അവരാകട്ടെ, നിങ്ങള്‍ക്ക് ശത്രുക്കളാണ്!)ഇതുപോലെയുള്ള ഉദാഹരണങ്ങള്‍ വേറെയും കാണാം. ഈ കഥയില്‍നിന്നു പഠിക്കേണ്ടുന്ന പ്രധാന പാഠങ്ങള്‍ ആ ക്വുര്‍ആന്‍ വചനങ്ങളില്‍ നിന്നു തന്നെ നമുക്ക് വ്യക്തമാണ്. എന്നാല്‍, മേല്‍പറഞ്ഞ പാഠങ്ങള്‍ക്കുവേണ്ടി ‘ആദം (عليه السلام), ആദമിന്‍റെ ഭാര്യ (ഹവ്വാഉ്), ഇബ്‌ലീസ് (പിശാച്), സുജൂദ്, സ്വര്‍ഗം, വൃക്ഷം, നഗ്നത വെളിപ്പെടല്‍, ഇലയെടുത്ത് നഗ്നത മറക്കല്‍’ ആദിയായി ആയത്തുകളില്‍ സ്പഷ്ടമായ ഭാഷയില്‍-ഉപമാലങ്കാരങ്ങളുടെ പ്രതീതിയൊന്നും കലരാത്ത ഭാഷയില്‍ – പ്രസ്താവിച്ചിട്ടുള്ളതെല്ലാം സങ്കല്‍പവും ഉപമാലങ്കാര പ്രയോഗങ്ങളുമാണെന്ന് സമ്മതിക്കുവാന്‍, അല്ലാഹുവിലും ക്വുര്‍ആനിലും യഥാര്‍ത്ഥമായി വിശ്വസിക്കുന്ന ആര്‍ക്കും തന്നെ ധൈര്യം വരികയില്ല. അത് വാസ്തവത്തില്‍ ക്വുര്‍ആനിനെ ഒരു കഥയോ നോവലോ ആക്കുന്ന ഏര്‍പ്പാടായിരിക്കും തികച്ചും സ്പഷ്ടമായ ഭാഷയില്‍ ആവര്‍ത്തിച്ചു വിവരിക്കുകയും, യഥാര്‍ത്ഥ സംഭവമാണെന്ന അടിസ്ഥാനത്തില്‍ മറ്റു പല കാര്യങ്ങളും അതോട് ബന്ധപ്പെടുത്തി പ്രസ്താവിക്കുകയും ചെയ്തിരിക്കെ, പിന്നെയും അതൊരു ഉപമ മാത്രമാണെന്നുവെച്ച് വ്യാഖ്യാനം നല്‍കുന്നത് തീര്‍ച്ചയായും ക്വുര്‍ആന്‍റെ നേര്‍ക്കുള്ള വമ്പിച്ച ഒരു കയ്യേറ്റമത്രെ.يُحَرِّفُونَ الْكلِمَ عَن مَّوَاضِعِه

(വേദഗ്രന്ഥത്തിലെ വാക്കുകളെ അവര്‍ സ്ഥാനമാറ്റം ചെയ്യുന്നു) എന്ന് വേദക്കാരെപ്പറ്റി അല്ലാഹു പ്രസ്താവിച്ച കൂട്ടത്തില്‍ ഇത് ഉള്‍പ്പെടുകയില്ലേ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു!തൗറാത്തില്‍ (ബൈബ്ളില്‍) ആദം നബി (عليه السلام) ക്ക് സൂജൂദു ചെയ്യുവാന്‍ കലപിച്ച വിവരം കാണുന്നില്ല. പക്ഷേ, വൃക്ഷത്തില്‍ നിന്നു ഭുജിച്ച സംഭവവും മറ്റും കാണാം. ക്വുര്‍ആനോട് യോജിച്ച ഏത് ഭാഗവും പൂര്‍വ്വ ഗ്രന്ഥങ്ങളില്‍ കണ്ടാലത് തിരസ്‌കരിക്കുവാന്‍ പാടില്ല. ക്വുര്‍ആനോട് എതിരായ ഭാഗമേതും സ്വീകരിക്കുവാനും പാടില്ല. ഈ വിഷയത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ തര്‍ക്കമില്ലാത്തതാണ്. എന്നാല്‍, ഈ കഥാവിവരണത്തില്‍, തൗറാത്തിന്‍റെ വാചകങ്ങള്‍ ചിലത് ക്വുര്‍ആന്‍ വാക്യങ്ങളോട് തികച്ചും യോജിക്കുന്നതും, ചിലത് യോജിക്കാത്തതുമാകുന്നു. എന്നിരിക്കെ, ഈ വിഷയകമായി തൗറാത്തിലുള്ളത് അപ്പടി കെട്ടുകഥയാണെന്നു പറഞ്ഞു തള്ളിക്കളയുകയും, അതില്‍നിന്നാണ് ഇതൊരു യഥാര്‍ത്ഥ സംഭവമാണെന്നു മുസ്‌ലിംകള്‍ കരുതിപ്പോരുവാന്‍ ഇടവന്നതെന്നു ധ്വനിപ്പിക്കുകയുമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ഇതു ഒട്ടും ശരിയല്ല . ക്വുര്‍ആനിലും, തൗറാത്തിലും, ഒരേവിധത്തില്‍ വ്യക്തമായിപ്പറഞ്ഞതിനെ, അതിന്‍റെ സാക്ഷാല്‍ രൂപത്തില്‍ ഇവര്‍ക്ക് സ്വീകരിക്കുവാന്‍ കഴിയാത്ത അതേ സമയത്ത്, തങ്ങളുടെ വാദത്തിന് അല്‍പം ഗുണമായിക്കാണുന്ന ചിലഭാഗങ്ങള്‍ അതേ തൗറാത്തിന്‍റെ വാക്കുകളില്‍ നിന്നു തന്നെ ഇവര്‍ എടുത്തുദ്ധരിക്കുകയും, തെളിവായി സ്വീകരിക്കുകയും ചെയ്യുന്നു.സ്വര്‍ഗത്തില്‍വെച്ച് ആദം നബി (عليه السلام) യോട് വിരോധിക്കപ്പെട്ട വൃക്ഷം ഏതായിരുന്നുവെന്ന് പരിശോധിക്കേണ്ട കാര്യം നമുക്കില്ല. എങ്കിലും അതേതായിരുന്നുവെന്നതിനെക്കുറിച്ചു പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും അഭിപ്രായം പറഞ്ഞുകാണുമെന്ന് തീര്‍ച്ചയാണ്. അക്കൂട്ടത്തില്‍ ‘നെല്ല്, ഗോതമ്പ്, മുന്തിരി’ എന്നൊക്കെ പറഞ്ഞവരുണ്ട്. ഇതിനെപ്പറ്റി ക്വുര്‍ആന്‍ ഉപയോഗിച്ചവാക്ക് شَجَرَةْ (ശജറത്ത്) എന്നാകുന്നു. ‘വൃക്ഷം, മരം’ എന്നൊക്കെയാണ് ഈ പദത്തിന് അര്‍ത്ഥം. ചെറിയ ചെടികള്‍ക്കും ഈ വാക്ക് അറബിയില്‍ ഉപയോഗിക്കപ്പെടുമെങ്കിലും, കാണ്‍ഡത്തിന്മേല്‍ നിലകൊള്ളുന്ന വൃക്ഷത്തിനാണ് സാധാരണ അതു ഉപയോഗിക്കപ്പെടാറുള്ളത്. ഈ വസ്തുതയെ പൊക്കിപ്പിടിച്ചുകൊണ്ട് മേല്‍സൂചിപ്പിച്ച അഭിപ്രായക്കാരെപ്പറ്റി: ‘ക്വുര്‍ആന്‍ ഉപയോഗിച്ച വാക്കുപോലും ഇവര്‍ ഗൗനിച്ചില്ല’ എന്നും, സസ്യങ്ങള്‍ക്കും വള്ളികള്‍ക്കും ആ വാക്ക് (ശജറത്ത്) അറബിയില്‍ ഉപയോഗിക്കുകയില്ല’ എന്നും മറ്റും പറഞ്ഞ് ഇക്കൂട്ടര്‍ പരിഹസിച്ചു കാണാം. (*) അതെ അവസരത്തില്‍ ഇവിടെ വൃക്ഷം (ശജറത്ത്) കൊണ്ടുദ്ദേശ്യം ‘തിന്‍മയാണെന്ന് ഇവര്‍ ജല്‍പിക്കുകയും ചെയ്യുന്നു. ‘തിന്‍മ’ക്കു ‘വൃക്ഷ’മെന്നും ‘തിന്‍മചെയ്തു’ എന്നതിന്ന് ‘വൃക്ഷത്തില്‍നിന്ന് തിന്നു فَاكلاَ مِنها എന്നും പറയാമെങ്കില്‍, നെല്ലിനും മുന്തിരിക്കും എന്ത്‌കൊണ്ട് വൃക്ഷമെന്ന് പറഞ്ഞുകൂടാ?


(*) ഈ പദത്തിന്നു ക്വാമൂസ് ( القاموس ) അര്‍ത്ഥംകൊടുക്കുന്നത് ഇപ്രകാരമാണ്: ما قام على ساق اوما سما بنفسه دق او جل قاوم الشتاء او عجز عنه (കാണ്ഡത്തില്‍ നിലകൊള്ളുന്നത് എന്നര്‍ത്ഥം. അല്ലങ്കില്‍, സ്വയം പൊന്തിനില്‍ക്കുന്നത് എന്നര്‍ത്ഥം-അത് നന്നെ ചെറുതാകട്ടെ, വലുതാകട്ടെ; ഹേമന്തകാലത്തെ ചെറുത്തു നില്‍ക്കട്ടെ, അതിനു കഴിയാതിരിക്കട്ടെ).


شَجَرَةْ (വൃക്ഷം) കൊണ്ട് ഇവിടെ ‘തിന്‍മയാണുദ്ദേശ്യമെന്ന് സ്ഥാപിക്കുവാന്‍ ഇവര്‍ കൊണ്ടുവരുന്ന തെളിവുകളാണ് കൂടുതല്‍ വിചിത്രം.(1) സൂ: അഅ്‌റാഫ് 19 ല്‍ പിശാചിന്‍റെ അനുസരണക്കേടും ധിക്കാരവും എടുത്തു പറഞ്ഞതിനെത്തുടര്‍ന്നുകൊണ്ടാണ് وَلا تَقْرَبَا هَذِه اِلشَّجَرَةَ (ഈ വൃക്ഷത്തെ സമീപിക്കരുത്) എന്നു പറഞ്ഞിരിക്കുന്നത്.

(2) തൗറാത്തില്‍ (ഉല്‍പത്തി: 2: 17 ല്‍) ‘നന്‍മതിന്‍മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷം’ എന്നു ഈ വൃക്ഷത്തെ വിശേഷിപ്പിച്ചത്.

(3) ക്വുര്‍ആനില്‍ (14: 24 -26) നന്മയെയും തിന്‍മയെയും ഓരോ വൃക്ഷത്തോട് ഉപമിച്ചത്. ഇവയാണുപോല്‍, ഇതിനുള്ള തെളിവുകള്‍!പിശാചിന്‍റെ സ്വഭാവത്തെപ്പറ്റി പ്രസ്താവിച്ചതിനെത്തുടര്‍ന്ന ‘ഈ വൃക്ഷത്തെ സമീപിക്കരുത്’ ( وَلا تَقْرَبَا هَذِه اِلشَّجَرَةَ ) എന്നു പറഞ്ഞതുകൊണ്ട് ‘ശജറത്ത്’ (വൃക്ഷം) എന്ന വാക്കിന്‍റെ ഉദ്ദേശ്യം ‘തിന്‍മ’യായി മാറിക്കൊള്ളണമെന്നില്ലല്ലോ. മാത്രമല്ല, ത്വാഹാ 121 ല്‍ അവര്‍ രണ്ടാളും (ആദമും ഹവ്വാഉം ആ മരത്തെ സമീപിച്ചു എന്നു പറയാതെ അതില്‍ നിന്ന് തിന്നു ( فَاكلاَ مِنها ) എന്നാണ് പറഞ്ഞത് ആ ശജറത്ത് വാസ്തവത്തില്‍ ഒരു മരം തന്നെയായിരുന്നുവെന്നും, അതില്‍ ഭക്ഷിക്കുവാന്‍ പറ്റിയ കായയോ മറ്റോ ഉണ്ടായിരുന്നവെന്നും, ഇതില്‍നിന്ന് വ്യക്തമാക ുന്നു. സൂറത്തു-അഅ്‌റാഫില്‍ അല്ലാഹു പറയുന്നു:وَيَا آدَمُ اسْكُنْ أَنتَ وَزَوْجُكَ الْجَنَّةَ فَكُلَا مِنْ حَيْثُ شِئْتُمَا وَلَا تَقْرَبَا هَٰذِهِ الشَّجَرَةَ فَتَكُونَا مِنَ الظَّالِمِينَ – الأعراف -(ആദമേ! നീയും നിന്‍റെ ഭാര്യയും സ്വര്‍ഗത്തില്‍ വസിച്ചുകൊള്ളുക. എന്നിട്ട് നിങ്ങള്‍ ഉദ്ദേശിക്കുന്നേടത്തുനിന്ന് ഭക്ഷിച്ചുകൊള്ളുക-ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിക്കരുത്. എന്നാല്‍, നിങ്ങള്‍ അക്രമികളില്‍ പെട്ടു പോകും). (7:19)ആദ്യം ഇഷ്ടമുള്ളേടത്തുനിന്ന് ഭക്ഷിക്കാമെന്ന് പറഞ്ഞതിനു ശേഷമാണ് ഒരു വൃക്ഷത്തെ ചൂണ്ടിക്കൊണ്ട് ഈ വൃക്ഷത്തോടടുക്കരുത് എന്ന് കല്‍പിക്കുന്നത്. അപ്പോള്‍, വൃക്ഷത്തോട് സമീപിക്കരുത് എന്ന് പറഞ്ഞതിന്‍റെ ഉദ്ദേശ്യം അതില്‍നിന്ന് തിന്നരുതെന്നായിരിക്കണമല്ലോ (*) അതുകൊണ്ട് തന്നെയാണ് ആ കല്‍പനയെ ലംഘിച്ചതിനെക്കുറിച്ച് പറഞ്ഞപ്പോള്‍, അവര്‍ അതിനെ സമീപിച്ചു ( تقربا ) എന്നോ മറ്റോ പറയാതെ ‘അവര്‍ അതില്‍ തിന്നു’ ( فَأَكَلا مِنْهَا ) എന്നു തന്നെ അല്ലാഹു പറഞ്ഞതും. ‘വൃക്ഷത്തെ സമീപിക്കരുത്’ എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം, ‘തിന്‍മയോട് അടുക്കരുത്’ എന്നായിരുന്നുവെങ്കില്‍, ‘അവര്‍ അതിനെ സമീപിച്ചു’ എന്നായിരുന്നു പറയേണ്ടിയിരുന്നത്. ത്വാഹാ 116 മുതല്‍ 121 വരെ ആയത്തുകള്‍ ശാന്തമായി വായിച്ചു നോക്കിയാലും ഈ പരമാര്‍ത്ഥം സ്പഷ്ടമാകുന്നതാണ്.


(*) അറബിഭാഷയിലെ സാഹിത്യശാസ്ത്ര ( عِلْمُ البَلاَغَة ) നിയമങ്ങളെപ്പറ്റി പരിചയമുള്ളവര്‍ക്ക് ഇത് വേഗം മനസ്സിലാക്കാം.


എനി, തൗറാത്തില്‍ ആ വൃക്ഷത്തിനു നല്‍കിയ പേരിനെപ്പറ്റി നോക്കാം. ‘നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷം’ എന്നാണല്ലോ പറഞ്ഞത്. അല്ലാതെ ‘തിന്മയുടെ വൃക്ഷം’ എന്നോ, ‘നന്മയുടെ വൃക്ഷം’ എന്നോ അല്ല. ഈ പ്രയോഗത്തിന്‍റെ അടിസ്ഥാനത്തില്‍ ‘വൃക്ഷത്തിന്‍റെ അര്‍ത്ഥം മാറ്റുകയാണെങ്കില്‍ ‘നന്മതിന്മകള്‍’ എന്നായിരുന്നു പറയേണ്ടിയിരുന്നത്. അതില്‍നിന്നു ‘തിന്മ’യെമാത്രം ഇവര്‍ തിരഞ്ഞെടുത്തത് ഒരിക്കലും ന്യായമായില്ല. ത്വാഹാ 120 ല്‍ കാണാവുന്നതുപോലെ, ഇബ്‌ലീസ് ആ വൃക്ഷത്തെക്കുറിച്ചു ‘ شجرة الخلد (നിത്യവാസത്തിന്‍റെ വൃക്ഷം) എന്ന് പറഞ്ഞിട്ടുണ്ടല്ലോ. ഇത് ക്വുര്‍ആന്‍ ഉദ്ധരിച്ച സ്ഥിതിക്ക് ‘വൃക്ഷം’ കൊണ്ടുദ്ദേശ്യം ‘നിത്യവാസം’ ആണെന്ന് ഇവര്‍ക്ക് പറയാമായിരുന്നു! ഇതായിരുന്നു അതിനേക്കാള്‍ ഭേദം.മൂന്നാമത്തെ തെളിവ് ക്വുര്‍ആനില്‍ (14: 24-26) നന്മതിന്മകളെ വൃക്ഷത്തോട് ഉപമിച്ചതാണല്ലോ. അതെ, സൂഃ ഇബ്‌റാഹീമില്‍ وَمَثلُ كَلِمَةٍ خَبِيثَةٍ كَشَجَرَة خٍبِيثَةٍ الخ (ഒരു ചീത്ത വാക്കിന്‍റെ ഉപമ ഒരു ചീത്ത വൃക്ഷംപോലെയാണ്…) എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. അതിനുമുമ്പായി مَثَلا كَلِمَة طًيِّبَةً كَشَجَرة طٍيِّبَةٍ الخ (നല്ല ഒരു വാക്കിന്‍റെ ഉപമ ഒരു നല്ല വൃക്ഷംപോലെയാണ്…) എന്നും അല്ലാഹു പറഞ്ഞിരിക്കുന്നു. ഈ രണ്ട് വചനങ്ങളിലും തന്നെ, നന്മ അല്ലെങ്കില്‍ തിന്മ, ഒരു വൃക്ഷമാണെന്നോ, വൃക്ഷം നന്മയോ അല്ലെങ്കില്‍ തിന്മയോ ആണെന്നോ അല്ല അല്ലാഹു പറയുന്നത്. നല്ലതും ചീത്തയുമായ വാക്കുകളെ, (ആയത്തില്‍ തുടര്‍ന്ന് വിവരിക്കുന്നതരത്തിലുള്ള) ചില പ്രത്യേകതരം വൃക്ഷങ്ങളോട് ഉപമിച്ചിരിക്കുക മാത്രമാണ്. അത് ഉപമയാണെന്നു അതില്‍തന്നെ സ്പഷ്ടമായി പറഞ്ഞിട്ടുമുണ്ട്. സൂഃ അല്‍കഹ്ഫ് 45 ല്‍ ‘ഐഹികജീവിതത്തിന്‍റെ ഉപമ വെള്ളം (മഴവെള്ളം) പോലെയാണ്.’ എന്ന് അല്ലാഹു പറഞ്ഞുവല്ലോ. ഇതുപേലെ വേറെ പല ഉപമകളും കാണാം. ഇക്കാരണത്താല്‍ വല്ലവരും ‘ഐഹികജീവിതമെന്നാല്‍ വെള്ളമാണെന്നോ മറിച്ചോ പറയുമോ? ക്വുര്‍ആന്‍ 29: 41 ല്‍ ബഹുദൈവാരാധകന്‍മാരെ എട്ടു കാലിയോട് ഉപമിച്ചിട്ടുണ്ട്. ഇതുകൊണ്ട് ബഹുദൈവാരാധകന്മാര്‍ എട്ടുകാലിയാണെ’ന്നോ മറിച്ചോ ആരും പറയുകയില്ലല്ലോ.ആദം നബിയുടെയും ഇബ്‌ലീസിന്‍റെയും കഥ വെറും ഉപമാര്‍ത്ഥം പറയപ്പെട്ടിട്ടുള്ള ഒരു സങ്കല്‍പ കഥയാണെന്നു വരുത്തിത്തീര്‍ക്കുവാന്‍ വേണ്ടി ഇവര്‍ കൊണ്ടുവന്ന ഏറ്റവും ബലപ്പെട്ട തെളിവുകളാണ് മേല്‍ കണ്ടത്. അവ ബാലിശങ്ങളാണെന്ന് നാം കണ്ടു. ക്വുര്‍ആനില്‍ ആവര്‍ത്തിച്ചു പ്രതിപാദിക്കപ്പെട്ടിട്ടുള്ളതും, വളരെ ആയത്തുകള്‍ വിനിയോഗിക്കപ്പെട്ടിട്ടുള്ളതുമാകുന്നു ഈ കഥ. ഇതൊരു യഥാര്‍ത്ഥ സംഭവമാണെന്ന നിലക്ക് ക്വുര്‍ആനിലും, ഹദീഥുകളിലും മറ്റനേകം കാര്യങ്ങള്‍ പ്രസ്താവിക്കുകയും ചെയ്യുന്നു. എന്നാല്‍, അതില്‍ ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ ഈ സംഭവം ഒരു ഉപമ മാത്രമാണെന്ന് കാണിക്കുന്ന വല്ല സൂചനയും കാണപ്പെടാത്ത സ്ഥിതിക്ക്-ഉണ്ടെങ്കില്‍ ഇക്കൂട്ടര്‍ അത് എടുത്ത് പൊക്കിക്കാട്ടുമായിരുന്നുവല്ലോ – ഈ ഉപമാവാദം സത്യവിശ്വാസിയായ ഒരാള്‍ക്കും സ്വീകാര്യമല്ലതന്നെ. യഥാര്‍ത്ഥത്തില്‍, ഈ ഉപമാവാദം പുറപ്പെടുവിക്കുവാന്‍ ഇവരെ പ്രേരിപ്പിക്കുന്ന കാരണങ്ങള്‍ വേറെ ചിലതാണ്.അതെന്തെന്നുവെച്ചാല്‍: ‘ഇബ്‌ലീസ്’ എന്ന് പറയുന്നത് ഒരു പ്രത്യേക വസ്തുവൊന്നുമല്ല, ഒരുതരം ചീത്ത സ്വഭാവത്തെ-അല്ലെങ്കില്‍ ദുഷിച്ച പ്രകൃതിയെ-ഉദ്ദേശിച്ചാണ്; ‘ജിന്നും പിശാചു’ (ശൈത്ത്വാനു)മെല്ലാം മനുഷ്യരില്‍തന്നെയുള്ള ചില പ്രത്യേക വിഭാഗക്കാരാണ്, അഥവാ നമ്മുടെ ദൃഷ്ടിക്കതീതമായ സൃഷ്ടികളൊന്നുമല്ല; എന്നിങ്ങിനെയുള്ള ഇവരുടെ ചില പുത്തന്‍ വിശ്വാസങ്ങളില്‍നിന്നും, നവീന വാദങ്ങളില്‍നിന്നുമാണ് വാസ്തവത്തില്‍ ഇത്തരം പ്രസ്താവനകള്‍ പുറത്തുവരുന്നത്. ഇതുപോലെ ക്വുര്‍ആനില്‍നിന്നും, ഹദീഥില്‍നിന്നും വ്യക്തമായി മനസ്സിലാക്കാവുന്നതും, മുസ്‌ലിംകള്‍ പൊതുവില്‍ വിശ്വസിച്ചു സ്വീകരിച്ചുവരുന്നതുമായ മറ്റു പല കാര്യത്തിലും ഇവര്‍ക്ക് പുത്തന്‍ അഭിപ്രായങ്ങള്‍ കാണാം. എന്നിരിക്കെ, പലപ്പോഴും ഇമ്മാതിരി വ്യാഖ്യാനങ്ങളെ ശരണം പ്രാപിക്കുകയല്ലാതെ ഇവര്‍ക്ക് നിവൃത്തിയില്ലല്ലോ. (ഇബ്‌ലീസ്, ജിന്ന്, പിശാച് മുതലായവയെപ്പറ്റി സൂഃ ഹിജ്‌റിന്‍റെ അവസാനത്തില്‍ കൊടുക്കുന്ന വ്യാഖ്യാനക്കുറിപ്പില്‍ വിവരിക്കുന്നതാണ്. إن شاء الله)അല്ലാഹു നമ്മെ യഥാര്‍ത്ഥ സത്യങ്ങളില്‍ വിശ്വസിക്കുന്ന സജ്ജനങ്ങളില്‍ ഉള്‍പ്പെടുത്തട്ടെ.

آمينഅടുത്ത വചനം മുതല്‍ ഏതാണ്ട് നൂറോളം വചനങ്ങള്‍ മിക്കവാറും ഇസ്‌റാഈല്യരെ പരാമര്‍ശിച്ചും അഭിമുഖീകരിച്ചും കൊണ്ടുള്ളവയാകുന്നു. ഇടക്കുവെച്ച് സത്യവിശ്വാസികളെയും ക്രിസ്ത്യാനികളെയും മുശിരിക്കുകളെയും സംബന്ധിക്കുന്ന ചില പരാമര്‍ശങ്ങളും കാണാവുന്നതാണ്. ഇസ്‌റാഈല്യരെ സംബോധന ചെയ്തുകൊണ്ടുള്ള ദീര്‍ഘമായ പ്രസ്താവനകളില്‍ അടങ്ങിയ തത്വങ്ങളെ മൊത്തത്തില്‍ ഇങ്ങിനെ സംഗ്രഹിക്കാം:1) അവര്‍ പാരമ്പര്യമായി അംഗീകരിച്ചുവരുന്ന വേദഗ്രന്ഥവും പ്രവാചകന്‍മാരും പ്രബോധനം ചെയ്തുവന്ന തത്വങ്ങളും, ക്വുര്‍ആന്‍ മുഖേന നബി (ﷺ) പ്രബോധനം ചെയ്യുന്ന തത്വങ്ങളും ഒന്നു തന്നെയാണെന്ന് ഓര്‍മിപ്പിക്കുക.

2) ഒരു സമുദായമെന്ന നിലക്ക് അവര്‍ക്ക് സിദ്ധിച്ച പ്രത്യേകാനുഗ്രഹങ്ങളെ എടുത്തു കാട്ടിക്കൊണ്ട് അവരെ സത്യവിശ്വാസം സ്വീകരിക്കുവാന്‍ ഉല്‍സുകരാക്കുക.

3) അവര്‍ സന്മാര്‍ഗത്തില്‍നിന്ന് ബഹുദൂരം അകന്നുപോകുവാനും അല്ലാഹുവിന്‍റെ ശാപകോപങ്ങള്‍ക്ക് പാത്രമാകുവാനും അവരില്‍നിന്നുണ്ടായ കാരണങ്ങളെ അവര്‍ക്ക് നിഷേധിക്കുവാനാകാത്തവിധം തുറന്നു കാട്ടുക.

4) അതേ നില എനിയും തുടരുന്നപക്ഷം അവര്‍ക്ക് രക്ഷയില്ലെന്ന് താക്കിത് ചെയ്യുക.

5) അവരില്‍ നിലവിലുള്ള പരമ്പരാഗതമായ അന്ധവിശ്വാസങ്ങളും അഴിമതികളും ചൂണ്ടിക്കാട്ടുക.

6) വേദക്കാരല്ലാത്തവര്‍ അവരുടെ ദുഃസ്സമ്പ്രദായങ്ങളില്‍ അവരെ അനുകരിക്കുകയും, അവരുടെ പാരമ്പര്യവാദങ്ങള്‍ കേട്ട് വഞ്ചിതരായിപ്പോകുകയും ചെയ്യുന്നത് തടയുക.

7) മതത്തിന്‍റെ പേരില്‍ അവര്‍ അനുവര്‍ത്തിച്ചുവരുന്ന ആചാരങ്ങളെയും പ്രസ്താവനകളെയും ശരിവെക്കുന്നതില്‍നിന്ന് സത്യവിശ്വാസികളെ തടയുക മുതലായവ.നബി (ﷺ) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: ‘നിശ്ചയമായും നിങ്ങള്‍ നിങ്ങളുടെ മുമ്പുണ്ടായിരുന്നവരുടെ ചര്യകളെ ചാണിനു ചാണായും, മുഴത്തിനു മുഴമായും പിന്‍പറ്റിയേക്കുന്നതാണ്. എത്രത്തോളമെന്നാല്‍, അവര്‍ വല്ല ഉടുമ്പിന്‍റെ മാളത്തിലും പ്രവേശിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ (അതിലും) അവരെ പിന്തുടരും. ഇതു പറഞ്ഞപ്പോള്‍ തിരുമേനിയോട് ചോദിക്കപ്പെട്ടു: ‘അല്ലാഹുവിന്‍റെ റസൂലേ, യഹൂദികളെയും ക്രിസ്ത്യാനികളെയുമോ?’ അപ്പോള്‍ തിരുമേനി പറഞ്ഞു: (അല്ലാതെ) പിന്നെ ആരെയാണ്? !’ (ബു.മു) അപ്പോള്‍ വേദക്കാരുടെ ചെയ്തികളെ അനുകരിച്ചു വഴിപിഴച്ചുപോകാതിരിക്കുവാന്‍ മുസ്‌ലിംകള്‍ പ്രത്യേകം സൂക്ഷിക്കേണ്ടതുണ്ടെന്നും അവരുടെതായ സ്വഭാവ സംസ്‌കാരങ്ങളില്‍ അവരെ മാതൃകയാക്കുവാന്‍ മുസ്‌ലിംകള്‍ക്ക് പാടില്ലെന്നും ഇതില്‍നിന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. وممن الله التوفيق
സൂറത്ത്
ജുസ്അ്
ആമുഖം
വ്യാഖ്യാനകുറിപ്പ്
Settings