ആമുഖം

എന്തിനു വേണ്ടി അവതരിച്ചു?
ലോക രക്ഷിതാവായ അല്ലാഹു എന്താവശ്യാര്‍ത്ഥമാണ് വിശുദ്ധ ഖുർആന്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് സാമാന്യമായെങ്കിലും അറിയാത്ത ആളുകളുണ്ടായിരിക്കുമെന്ന് തോന്നുന്നില്ല. ഭൂലോകജനതയുടെ വിജയവും, മോക്ഷവുമാണ് അതിന്‍റെ ലക്ഷ്യമെന്ന് ഖുർആന്‍ അറിയാത്തവര്‍ പോലും സമ്മതിക്കും. ഖുർആന്‍, അതിന്‍റെ അവതരണോദ്ദേശ്യങ്ങളെക്കുറിച്ച് പല സ്ഥലങ്ങളിലും പ്രസ്താവിച്ചിരിക്കുന്നത് കാണാം. അവയില്‍ ചിലത് ഇവിടെ ഉദ്ധരിക്കുന്നത് സന്ദര്‍ഭോചിതമായിരിക്കും. വിശദീകരണമൊന്നും കൂടാതെത്തന്നെ, ഖുർആന്‍റെ ലക്ഷ്യങ്ങളെന്തൊക്കെയാണെന്ന അതില്‍നിന്ന് നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും. ആയത്തുകളുടെ മൂലങ്ങള്‍ മുസ്വ്ഹഫ് നോക്കി യഥാസ്ഥാനങ്ങളില്‍നിന്നു കണ്ടുപിടിക്കാം. അവയുടെ സാരം മാത്രം താഴെ ഉദ്ധരിക്കുന്നു:- അല്ലാഹു പറയുന്നു:- ‘ആ ഗ്രന്ഥം ഭയഭക്തന്മാര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്നതാണ് ‘ (അല്‍ബക്വറഃ-2) . നബിയോടായി: ‘നീ താക്കീതു നല്‍കുവാനും, സത്യവിശ്വാസികള്‍ക്ക് ഉപദേശമായിക്കൊണ്ടും നിനക്ക് വേദഗ്രന്ഥം ഇറക്കി ത്തന്നിരിക്കുന്നു’ (അഅ്‌റാഫ്: 2) മനുഷ്യരോടായി: ‘നിങ്ങള്‍ ബുദ്ധികൊടുത്തു ചിന്തി ക്കുവാന്‍ വേണ്ടിയാണ് അറബി ഭാഷയിലുള്ള ഖുർആന്‍ നാം ഇറക്കിയിരിക്കുന്നത്’ (യൂസുഫ്: 2). നബിയോടായി: ‘മനുഷ്യരുടെ രക്ഷിതാവിന്‍റെ അനുവാദപ്രകാരം നീ ജനങ്ങളെ അന്ധകാരങ്ങളില്‍ നിന്നു പ്രകാശത്തിലേക്ക്, പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവിന്‍റെ പാതയിലേക്ക്, കൊണ്ടുവരുവാന്‍ വേണ്ടി നിനക്ക് നാം അവതരിപ്പിച്ച വേദഗ്രന്ഥമാണത്’ (ഇബ്‌റാഹീം:1). ‘നിശ്ചയമായും, ഈ ഖുർആന്‍, ഏറ്റവും ചൊവ്വായതിലേക്ക് മാര്‍ഗദര്‍ശനം നല്‍കുന്നു. സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലുതായ പ്രതിഫലമുണ്ടെന്ന്, അതവരെ സന്തോഷ വാര്‍ത്തയറിയിക്കുകയും ചെയ്യുന്നു. പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് വേദനയേറിയ ശിക്ഷ നാം ഒരുക്കിവെച്ചിട്ടുണ്ടെന്നും. (ബനൂ ഇസ്‌റാഈല്‍:9,10). നബിയോടായി: ‘നീ ഇതു (ഖുർആന്‍) മുഖേന ഭയഭക്തന്മാര്‍ക്ക് സന്തോഷവാര്‍ത്തയറിയിക്കുവാനും, കുതര്‍ക്കികളായ ജനങ്ങളോട് താക്കീത് ചെയ്യുവാനും വേണ്ടി തന്നെയാണ് നാമിത് നിന്‍റെ ഭാഷയില്‍ എളുപ്പമാക്കിത്തന്നിരിക്കുന്നത്’ (മര്‍യം:97). ‘ഈ ഖുർആനില്‍ മനുഷ്യര്‍ക്ക് (ആവശ്യമായ) സകല ഉപമകളും നാം വിവരിച്ചിരി ക്കുന്നു’ (റൂം:58). ‘അതു ജീവസ്സുള്ളവരെ താക്കീതു ചെയ്യുവാനും അവിശ്വാസികളുടെ മേല്‍ (ശിക്ഷയുടെ) വാക്യം സ്ഥിരപ്പെടുവാനും വേണ്ടിയുള്ള ഉപദേശവും സ്പഷ്ടമായ ഖുർആനും (പാരായണ ഗ്രന്ഥവും) അല്ലാതെ മറ്റൊന്നുമല്ല’ (യാസീന്‍:69,70). ‘നമസ്‌കാരം നിലനിര്‍ത്തുകയും, സകാത്ത് കൊടുക്കുകയും, പരലോകത്തില്‍ ദൃഢവിശ്വാസം കൊള്ളുകയും ചെയ്യുന്ന സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും, സന്തോഷവാര്‍ത്തയുമാണ് ഖുർആനാകുന്ന വേദഗ്രന്ഥത്തിലെ സൂക്തങ്ങള്‍;’ (നംല്: 1-3). നബിയോടായി: ‘അവര്‍ അതിന്‍റെ ആയത്തുകളെ ഉറ്റാലോചിക്കുവാനും, ബുദ്ധിമാന്മാര്‍ ഓര്‍മവെക്കുവാനും വേണ്ടി നാം നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഒരു അനുഗൃഹീത ഗ്രന്ഥമാണത്’. (സ്വാദ്: 29). നബിയോട്: ‘ഖുർആനില്‍ നിന്നും നാം അവതരിപ്പിക്കുന്നത് സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളതാകുന്നു. അക്രമികള്‍ക്ക് അത് നഷ്ടമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല’. (ബനൂഇസ്‌റാഈല്‍: 82). ഇതുപോലെ ഇനിയും പല ഖുർആന്‍ വചനങ്ങള്‍ കാണാം. സൂറത്തുല്‍ മാഇദഃയില്‍ (46-48) തൗറാത്തിനെക്കുറിച്ച് പ്രസ്താവിച്ച ശേഷം, ഈസാ (عليه السلام) നെ സംബന്ധിച്ചും ഇന്‍ജീലിനെ സംബന്ധിച്ചും مُصَدِّقًا لِمَا بَيْن يدَيْهِ مِنَ التَّوْرَاة ഇതിനു മുമ്പുള്ള തൗറാത്തിനെ സത്യമെന്ന് സ്ഥാപിക്കുന്നത് എന്നു വിശേഷിപ്പിച്ചിരിക്കുന്നത് കാണാം. ഇന്‍ജീലിനെപ്പറ്റി لِّلْمُتَّقِين وَ مَوْعِظَةً وَهُدًى (ഭയഭക്തന്മാര്‍ക്ക് മാര്‍ഗദര്‍ശനവും, സദുപദേശവും) എന്നും പ്രസ്താവിച്ചിരിക്കുന്നു. പിന്നീട് തുടര്‍ന്നുകൊണ്ട് ഖുർആനെ പറ്റി നബി (ﷺ) യോട് അല്ലാഹു ഇങ്ങിനെ പറയുന്നു: وَأَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ ۖ فَاحْكُم بَيْنَهُم بِمَا أَنزَلَ اللَّهُ ۖ وَلَا تَتَّبِعْ أَهْوَاءَهُمْ عَمَّا جَاءَكَ مِنَ الْحَقِّ ۚ لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا – المائدة ٤٨ – ٤٦ (ഇതിനു മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ സത്യമെന്ന് സ്ഥാപിക്കുന്നതായും, അതില്‍ മേലന്വേഷണം നടത്തുന്നതായുംകൊണ്ട് നാം നിനക്ക് സത്യസമേതം വേദഗ്രന്ഥം (ഖുർആന്‍) ഇറക്കിത്തന്നിരിക്കുന്നു. അതിനാല്‍ അല്ലാഹു അവതരിപ്പിച്ചതുകൊണ്ട് നീ അവര്‍ക്കിടയില്‍ വിധി കല്‍പിക്കണം, നിനക്ക് വന്നിട്ടുള്ള സത്യത്തെവിട്ട് അവരുടെ തന്നിഷ്ടങ്ങളെ നീ പിന്‍പറ്റിപ്പോകരുത്. നിങ്ങളില്‍ ഓരോ കൂട്ടര്‍ക്കും ഓരോ നടപടി ക്രമവും, പദ്ധതിയും നാം ഏര്‍പ്പെടുത്തിയിട്ടുണ്ട്…) അപ്പോള്‍, ഇന്‍ജീലും ഈസാ നബി (عليه السلام) യും അതിന് മുമ്പുള്ള വേദഗ്രന്ഥമായ തൗറാത്തിന്‍റെ സത്യത സ്ഥാപിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നു. അതുപോലെ, ഖുർആന്‍ അതിനു മുമ്പുള്ള എല്ലാ വേദഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുന്നുണ്ട്. അതേ സമയത്ത് അവയുടെയെല്ലാം ഒരു മേലന്വേഷണം കൂടി ഖുർആന്‍ നടത്തുന്നുവെന്ന് ഇതില്‍ നിന്നു സ്പഷ്ടമാകുന്നു. മുന്‍വേദക്കാര്‍ അവരുടെ വേദഗ്രന്ഥങ്ങളില്‍ കൈകടത്തിയിട്ടുള്ള ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടുക, അതതു കാലത്തെ പരിതഃസ്ഥിതിക്കനുസരിച്ച് മാത്രം നടപ്പാക്കപ്പെട്ടിരുന്ന നിയമങ്ങളും, അനുഷ്ഠാന മുറകളും ദുര്‍ബ്ബലപ്പെടുത്തി അതിനു പകരം സുസ്ഥിരവും കൂടുതല്‍ പ്രായോഗികവുമായ നിയമാനുഷ്ഠാനങ്ങള്‍ നടപ്പില്‍ വരുത്തുക മുതലായവയാണ് ഇതുകൊണ്ട് വിവക്ഷിക്കപ്പെട്ടിരിക്കുന്നത്. മേലുദ്ധരിച്ച ഖുർആന്‍ വാക്യങ്ങളില്‍ നിന്നു ഖുർആന്‍റെ അവതരണോദ്ദേശ്യം നല്ലപോലെ ഗ്രഹിക്കാം. ഒന്നു രണ്ടു സംഗതികള്‍ ഇവിടെ പ്രത്യേകം ശ്രദ്ധാര്‍ഹമാകുന്നു. അതായത്; ബുദ്ധിയും, ശ്രദ്ധയും കൊടുത്തു ചിന്തിക്കുവാനും, മനസ്സമാധാനവും, ബോദ്ധ്യവും വന്നാല്‍ പഴയതെല്ലാം വിട്ട് ഖുർആന്‍റെ മാര്‍ഗദര്‍ശനം നിരുപാധികം സ്വീകരിക്കുവാനും തയ്യാറുള്ളവര്‍ക്ക് മാത്രമേ ഖുർആന്‍ ഫലം ചെയ്യുകയുള്ളൂ . സത്യം സ്വീകരിക്കുവാനും നിഷ്പക്ഷമായി ചിന്തിക്കാനും തയ്യാറില്ലാത്തവര്‍ക്ക് ഖുർആന്‍ അനുഗ്രഹമായിത്തീരുന്നതല്ല. നേരേമറിച്ച് കൂടുതല്‍ നാശനഷ്ടത്തിന്ന് അതു വഴിവെക്കുന്നതുമാണ്. നബി (ﷺ) ഈ വസ്തുത ഇങ്ങിനെ ചൂണ്ടിക്കാട്ടുന്നു. ‘നിശ്ചയമായും, ഈ വേദഗ്രന്ഥം മുഖേന അല്ലാഹു ചില ജനങ്ങളെ ഉയര്‍ത്തിവെക്കുകയും, വേറെ ചില ജനങ്ങളെ താഴ്ത്തിവെക്കുകയും ചെയ്യുന്നു.