ആമുഖം

വിശുദ്ധ ഖുർആന്‍ 
അന്ത്യപ്രവാചകനായ മുഹമ്മദ് തിരുമേനി (ﷺ) ക്കു 40-ാം വയസ്സില്‍ പ്രവാചകത്വം ലഭിച്ചതു മുതല്‍ 63-ാം വയസ്സില്‍ അവിടുത്തെ വിയോഗമുണ്ടായതുവരെയുള്ള കാലഘട്ടത്തില്‍ – പല സന്ദര്‍ഭങ്ങളിലായി – അല്ലാഹു അവതരിപ്പിച്ചു കൊടുത്തിട്ടുള്ള ഒരു വേദഗ്രന്ഥമത്രെ വിശുദ്ധ ഖുർആന്‍. ‘മുസ്വ്ഹഫ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ വിശുദ്ധ ഗ്രന്ഥം ഇന്ന് ലോകത്തിന്‍റെ ഏതു മൂലയിലും കാണാവുന്നതാണ്. ഏതൊരു മുസ്‌ലിമിന്‍റെ വീട്ടിലും അതിന്‍റെ ഒരു പ്രതിയെങ്കിലും കാണാതിരിക്കുക വിരളമാകുന്നു. ഇത്രയധികം പ്രതികള്‍ ലോകത്തു വെളിപ്പെട്ടിട്ടുള്ള മറ്റൊരു മത ഗ്രന്ഥവും ഇല്ലെന്നു പറയാം. ചെറുതും വലുതുമായി 114 അദ്ധ്യായങ്ങളും (സൂറത്തുകളും) 6000ത്തില്‍ പരം വചനങ്ങളും (ആയത്തുകളും) 77,000 ത്തില്‍ പരം പദങ്ങളും (കലിമത്തുകളും) 3,20,000 ത്തിലധികം അക്ഷരങ്ങളും അതുള്‍ക്കൊള്ളുന്നു. ഏകദേശം സമവലിപ്പത്തിലുള്ള 30 ഭാഗങ്ങളായി (ജുസ്ഉകളായി) അത് ഭാഗിക്കപ്പെട്ടിരിക്കുന്നു. സൂറത്തുകളുടെ ചെറുപ്പവലിപ്പങ്ങള്‍ക്കനുസരിച്ചും, വിഷയങ്ങളെ ആസ്പദമാക്കിയും പല വിഭാഗങ്ങള്‍ (റുകൂഉകള്‍) ആയി വീണ്ടും അവ വിഭജിക്കപ്പെട്ടിരിക്കുന്നു. ഒരു മാസംകൊണ്ട് ഖുർആന്‍ ഒരാവര്‍ത്തി (ഒരു ഖതം) പാരായണം ചെയ്തു തീര്‍ക്കുന്ന വര്‍ക്കും, നമസ്‌കാരത്തില്‍ ഓരോ റക്അത്തിലും കുറേശ്ശെ ഓതി വരുന്നവര്‍ക്കും ഈ വിഭജനങ്ങള്‍ വളരെ പ്രയോജനകരമാകുന്നു. കൂടാതെ, ജുസ്ഉകള്‍ പകുതി (നിസ്വ്ഫു)കളായും, കാലു (റുബുഉ്)കളായും മറ്റും ഭാഗിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം സാധാരണ മുസ്വ്ഹഫുകളില്‍ അടയാളപ്പെടുത്തിക്കാണാവുന്നതാണ്. ഇതിനെല്ലാം പുറമെ 1/8, 1/7, 1/4, 1/2 എന്നിങ്ങനെയും ഭാഗിച്ചു അടയാളപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. ഖുർആന്‍ പാരായണം ചെയ്യുന്നവരുടെ സൗകര്യാര്‍ത്ഥം മുന്‍കാലത്തുള്ള ചില മഹാന്മാര്‍ ചെയ്തു വെച്ച സേവനങ്ങളത്രെ ഇതെല്ലാം. പൂര്‍വ്വ മുസ്‌ലിംകള്‍ ഖുർആനെ സംബന്ധിച്ച് എത്രമാത്രം ഗൗനിച്ചുവന്നിരുന്നുവെന്നും, ജനങ്ങള്‍ ആ ഗ്രന്ഥം എത്രത്തോളം ഉപയോഗപ്പെടുത്തി വന്നിരുന്നുവെന്നും ഇതില്‍ നിന്നൊക്കെ ഗ്രഹിക്കാവുന്നതാണ്.