ആമുഖം

സമാപനം (ഞങ്ങളുടെ പ്രവര്‍ത്തനം)
അല്ലാഹു ഉദ്ദേശിക്കുമ്പോഴാണല്ലോ ഏതൊരുകാര്യവും ഉണ്ടാവുക. ഒരു കാര്യം ഉണ്ടാവണമെന്ന് അവന്‍ നിശ്ചയിക്കുമ്പോള്‍, അതു പ്രയോഗത്തില്‍ വരുന്നതി നാവശ്യമായ എല്ലാ സാഹചര്യങ്ങളും സൃഷ്ടിച്ച് അവന്‍ അതിന് സന്ദര്‍ഭം ശരിപ്പെടുത്തുന്നു. പരേതനായ ഖാന്‍ബഹദൂര്‍ വി.കെ. ഉണ്ണിക്കമ്മുസാഹിബ് അവര്‍കളുടെ പുത്രനും, കേരളത്തിലെ ഒരു പൗരപ്രധാനിയുമായ ജനാബ് കെ.പി. മുഹമ്മദ് സാഹിബ് (ബി.എ) അവര്‍കള്‍ക്ക് വിശുദ്ധ ഖുർആന്‍ മുഴുവന്‍ ഭാഗവും മലയാളത്തില്‍ പരിഭാഷ ചെയ്തു പുറത്തിറക്കിയാല്‍ കൊള്ളാമെന്ന് ഒരു ആഗ്രഹം അല്ലാഹു ജനിപ്പിച്ചു. മൂന്നുകൊല്ലം മുമ്പ് ഒരു സുദിനത്തില്‍ അദ്ദേഹത്തിനുണ്ടായ ഈ സ്തുത്യര്‍ഹമായ പ്രചോദനമാണ് ഈ മഹത്തായ സംരംഭത്തില്‍ ഞങ്ങള്‍ ഏര്‍പ്പെടുവാന്‍ കാരണമായിത്തീര്‍ന്നത്. അദ്ദേഹം, തന്‍റെ ആഗ്രഹം പണ്ഡിതവര്യനായ ജനാബ് കെ.എം. മൗലവി സാഹിബിനെ അറിയിക്കുകയും, തുടര്‍ന്നുണ്ടായ കൂടിയാലോചനകള്‍ക്ക് ശേഷം മൗലവി സാഹിബിന്‍റെ ഉപദേശനിര്‍ദ്ദേശങ്ങള്‍ മാനിച്ചുകൊണ്ട് പരിഭാഷാ പ്രവര്‍ത്തനം ഞങ്ങള്‍ നടത്തുവാന്‍ നിശ്ചയിക്കപ്പെടുകയും ചെയ്തു. വിശുദ്ധ ഖുർആന്‍റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ തനിക്കും പങ്കെടുക്കണമെന്നുള്ള അതിയായ ആഗ്രഹം നിമിത്തം ജ: മുഹമ്മദ് സാഹിബിന്‍റെ കനിഷ്ഠ സഹോദരനും, പൗരപ്രധാനിയുമായ ജനാബ് കെ.പി. മൊയ്തീന്‍കുട്ടി സാഹിബ് (ബി.എ) അവര്‍കളും ഈ സംരംഭത്തില്‍ ആവേശപൂര്‍വ്വം ഭാഗഭാക്കാവുകയുണ്ടായി. അങ്ങിനെ, ഈ രണ്ടു മാന്യസഹോദരന്മാരും കൂടിയാണ് ഈ പരിഭാഷ പ്രവര്‍ത്തനത്തിനും, ഇതിന്‍റെ പ്രസിദ്ധീകരണത്തിനും വേണ്ടുന്ന എല്ലാവിധ ധനവ്യയവും നിര്‍വ്വഹിച്ചുവന്നത്. ഉദാരമതികളും സമുദായ തല്പരരുമായ ഈ മാന്യ സഹോദരന്മാരുടെ ഇത്തരം മാതൃകാസേവനങ്ങള്‍ക്ക് പരമകാരുണികനായ അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുകയും, ഇത്തരം സേവനങ്ങള്‍ പതിവായി നടത്തിക്കൊണ്ടിരിക്കുവാനുള്ള ആവേശവും, കഴിവും അവര്‍ക്ക് പ്രദാനം ചെയ്യുകയും ചെയ്യട്ടെ. ഇതുപോലെയുള്ള പരിപാവനമായ ഇസ്‌ലാമിക സേവനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുവാന്‍ സമുദായത്തിലെ എല്ലാ പൗരപ്രധാനികള്‍ക്കും അവന്‍ പ്രചോദനം നല്കുമാറാകട്ടെ! ആമീന്‍. ഹിജ്‌റഃ വര്‍ഷം 1380 റബീഉല്‍അവ്വല്‍ 15-ാം തിയ്യതി (1960 സപ്തംബര്‍ 7-ാം നു) ബുധനാഴ്ച ‘ളുഹ്ര്‍’ നമസ്‌ക്കാരാനന്തരം പരിഭാഷയുടെ പ്രവര്‍ത്തനം ആരംഭിച്ചു. മൂന്ന് തവണകളിലായി-ഏതാണ്ട് ഇരുപത് മാസത്തെ പ്രവര്‍ത്തനം കൊണ്ട്-1382 റബീഉല്‍ ആഖിര്‍ 28 ന് (1962 സപ്തമ്പര്‍ 28-ാം നു) വെള്ളിയാഴ്ച ജുമുഅക്ക് മുമ്പായി സൂറത്തുല്‍ കഹ്ഫ് മുതല്‍ സൂറത്തുന്നാസ് വരെയുള്ള ഭാഗത്തിന്‍റെ- ഖുർആന്‍റെ രണ്ടാമത്തെ പകുതിയുടെ- പരിഭാഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. الحمد لله حمدا كثيرا (അല്ലാഹുവിന് ധാരാളം സ്തുതി!) സൂറത്തുല്‍ ഫാതിഹഃ മുതല്‍ അല്‍കഹ്ഫ് വരെയുള്ള ഒന്നാമത്തെ പകുതിയും തുടര്‍ന്ന് പരിഭാഷ ചെയ്യണമെന്ന് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. പൂര്‍ത്തിയായ ഭാഗം അച്ചടിക്കു തയ്യാറാക്കുക മുതലായ ആവശ്യങ്ങളെ മുന്‍നിറുത്തി തല്‍ക്കാലത്തേക്ക് പരിഭാഷയുടെ എഴുത്തുജോലി നിര്‍ത്തിവെച്ച അവസരത്തിലാണ് ഈ മുഖവുര തയ്യാറാക്കപ്പെട്ടത്. മുമ്പ് സൂചിപ്പിക്കപ്പെട്ടതുപോലെ, ഞങ്ങള്‍ ഈ പ്രവര്‍ത്തനം ആരംഭിക്കുന്ന കാലത്ത് ഖുർആന്‍റെ രണ്ടാമത്തെ പകുതിയുടെ മലയാള പരിഭാഷ ആരാലും പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നില്ല. അതു കൊണ്ടാണ്, ഞങ്ങള്‍ രണ്ടാമത്തെ പകുതി മുതല്‍ പരിഭാഷ ചെയ്‌വാന്‍ ആരംഭിച്ചത്. ഈ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കേ, രണ്ടാം പകുതിയുടെ പരിഭാഷയും വെളിക്കുവന്ന് കഴിഞ്ഞിരിക്കുകയാണ്. ഇത് ഞങ്ങള്‍ക്ക് കുറേ ആശ്വാസം നല്‍കിയിട്ടുണ്ടെന്ന് വിശിഷ്യാ പറയേണ്ടതില്ല. വളരെ ധൃതിപ്പെടാതെ, പ്രധാന വിഷയങ്ങള്‍ ഏറെക്കുറെ വിശദീകരിച്ചെഴുതുവാനും മറ്റും ഇത് ഞങ്ങള്‍ക്ക് അവസരം ഉണ്ടാക്കിത്തന്നിരിക്കുകയാണ്. വിശുദ്ധ ഖുർആനുമായി കൂടുതല്‍ ബന്ധപ്പെടുവാനും, അതിന്‍റെ വിജ്ഞാന തുറകളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുവാനും, അതിന്‍റെ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ചുരുങ്ങിയ പങ്കുവഹിക്കാനും ഈ സംരംഭം ഞങ്ങള്‍ക്ക് വളരെ സഹായകമായിട്ടുണ്ടെന്ന് വ്യക്തമാണ്. അതിന് തൗഫീക്വും, സന്ദര്‍ഭവും തന്നരുളിയതില്‍, ഞങ്ങള്‍ അല്ലാഹുവിനെ സര്‍വ്വാത്മനാ സ്തുതിച്ചുകൊള്ളുന്നു. അതിന് കാരണക്കാരായ ഇതിന്‍റെ പ്രസാധകന്മാരോട് ഖുർആന്‍റെ പേരില്‍ ഞങ്ങള്‍ നന്ദി പറയുകയും ചെയ്യുന്നു. ബാക്കിഭാഗം എഴുതിത്തീര്‍ക്കുവാന്‍ ഞങ്ങള്‍ക്കും പ്രസിദ്ധീകരണം പൂര്‍ത്തിയാക്കുവാന്‍ അവര്‍ക്കും സര്‍വ്വശക്തനായ അല്ലാഹു ആയുരാരോഗ്യവും, അനുകൂല സാഹചര്യങ്ങളും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ! ആമീന്‍.(*)
(*) ആറു വാല്യങ്ങളിലായി പൂര്‍ത്തിയാക്കപ്പെട്ട 1-ാം പകുതിയുടെ ആദ്യത്തെ നാലു വാല്യങ്ങളും പ്രസ്തുത മാന്യന്മാരുടെ ചിലവില്‍ത്തന്നെ ലാഭേച്ഛ കൂടാതെ പ്രസിദ്ധീകരിക്കപ്പെട്ടശേഷം അവരുടെ അതിന്മേലുള്ള അവകാശങ്ങള്‍ മുജാഹിദീന്‍ ട്രസ്റ്റിനു സംഭാവന നല്‍കുകയും, പിന്നീടുള്ള വാല്യങ്ങള്‍ ട്രസ്റ്റു വകയായി പ്രസിദ്ധികരിക്കപ്പെടുകയും ചെയ്തു. എഴുതിത്തീര്‍ക്കുവാന്‍ ബാക്കിയുണ്ടായിരുന്ന ആദ്യത്തെ 15 ജൂസുവോളം വരുന്ന 1-ാം പകുതിയുടെ എഴുത്തും അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹം കൊണ്ട് ഇപ്പോള്‍ എഴുതിക്കഴിഞ്ഞിട്ടുണ്ടെന്ന് പറയാറായിരിക്കുന്നു. الحمد لله كثيرا അതും പൂര്‍ണമായി പ്രസിദ്ധീകൃതമാകുവാന്‍ അല്ലാഹു തുണക്കട്ടെ. ആമീന്‍
വാര്‍ദ്ധക്യ സഹജമായ അനാരോഗ്യത്തെ അവഗണിച്ചുകൊണ്ട് ആരംഭം മുതല്‍ക്കേ ഞങ്ങള്‍ക്കു വിലയേറിയ ഉപദേശ നിര്‍ദ്ദേശങ്ങള്‍ തന്നുകൊണ്ടിരുന്ന വന്ദ്യനായ കെ.എം മൗലവി സാഹിബിന്‍റെ സഹായസഹകരണങ്ങള്‍ മറക്കാവതല്ല. ഇസ്‌ലാമിനും, സമുദായത്തിനും അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന വിജ്ഞാന സേവനങ്ങള്‍ എനിയും ചിരകാലം നിലനില്‍ക്കുമാറാകട്ടെ എന്ന് അല്ലാഹുവിനോട് ദുആ(*) ചെയ്യുന്നു. ഞങ്ങള്‍ക്ക് ആവശ്യമായ പല ഗ്രന്ഥങ്ങള്‍ ഉപയോഗത്തിന് തന്നും മറ്റും ഞങ്ങള്‍ക്ക് സഹായസഹകരണങ്ങള്‍ നല്‍കിയിട്ടുള്ള എല്ലാ മാന്യസഹോദര ങ്ങള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു. എല്ലാവര്‍ക്കും അല്ലാഹു തക്ക പ്രതിഫലം നല്‍കട്ടെ! ആമീന്‍
(*) ഈ ആദ്യത്തെ വാല്യം ഒന്നാം പതിപ്പ് അച്ചടി കഴിഞ്ഞ് പുറത്താകുമ്പോഴേക്കും മൗലാനാ കെ.എം. മൗലവി സാഹിബ് പരലോകം പ്രാപിക്കുകയാണുണ്ടായത്. അല്ലാഹു അദ്ദേഹത്തിന്‍റെ സേവനങ്ങള്‍ക്ക് മഹത്തായ പ്രതിഫലം നല്‍കുകയും, അദ്ദേഹത്തിന്‍റെ പാപങ്ങളെല്ലാം പൊറുത്തുകൊടുത്ത് സ്വര്‍ഗീയ ജീവിതം നല്‍കി അനു ഗ്രഹിക്കുകയും ചെയ്യട്ടെ. ഖുർആനെയും സുന്നത്തിനെയും പിന്‍പറ്റിക്കൊണ്ടുള്ള അദ്ദേഹത്തിന്‍റെ മാതൃകാപരമായ ജീവിതത്തെ മാതൃകയാക്കി ജീവിക്കുവാന്‍ അവന്‍ നമുക്കും തൗഫീക്വ് നല്‍കുകയും ചെയ്യട്ടെ. ആമീന്‍
ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങള്‍ മറന്നു കളയുകയോ, അബദ്ധം പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, നീ ഞങ്ങളെ പിടിച്ചു ശിക്ഷിക്കരുതേ! ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങള്‍ക്ക് മുമ്പുള്ളവരുടെ മേല്‍ചുമത്തിയതുപോലെ ഞങ്ങളുടെ മേല്‍ ഭാരം ചുമത്തരുതേ! ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങള്‍ക്കു കഴിവില്ലാത്ത കാര്യം ഞങ്ങളെ വഹിപ്പിക്കുകയും ചെയ്യരുതേ! ഞങ്ങള്‍ക്കു മാപ്പു നല്‍കുകയും, ഞങ്ങള്‍ക്കു പൊറുത്തു തരുകയും, ഞങ്ങള്‍ക്കു കരുണ ചെയ്യുകയും വേണമേ! നീയത്രെ, ഞങ്ങളുടെ യജമാനന്‍. ആകയാല്‍, അവിശ്വാസികള്‍ക്കെതിരില്‍ നീ ഞങ്ങളെ സഹായിക്കേണമേ! രക്ഷിതാവേ! ഞങ്ങളില്‍ നിന്ന് (ഞങ്ങളുടെ കര്‍മങ്ങള്‍) നീ സ്വീകരിക്കേണമേ! നീയാണ്, എല്ലാം അറിയുന്നവനും കേള്‍ക്കുന്നവനും. ഞങ്ങള്‍ക്കു പശ്ചാത്താപം സ്വീകരിച്ചു തരുകയും ചെയ്യേണമേ! നീയാണ് പശ്ചാത്താപം വളരെ സ്വീകരിക്കുന്നവനും, കരുണാനിധിയും. ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങള്‍ക്കും ഞങ്ങളുടെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികളായ എല്ലാ സ്ത്രീപുരുഷന്മാര്‍ക്കും പൊറുത്തു തരേണമേ! ഇഹത്തിലും, പരത്തിലും നീ ഞങ്ങള്‍ക്ക് നന്മ നല്‍കേണമേ! അല്ലാഹുവേ! ഞങ്ങളുടെ ഈ പ്രവര്‍ത്തനം നിന്‍റെ അടുക്കല്‍ തൃപ്തിപ്പെട്ട സല്‍ക്കര്‍മമായി സ്വീകരിക്കുകയും, ഇത് മൂലം, നിന്‍റെ തിരുവചനമായ വിശുദ്ധ ഖുർആന്‍റെ വിജ്ഞാന സമ്പത്ത് മലയാളക്കാരായ ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുവാന്‍ കാരണമാക്കുകയും ചെയ്യേണമേ! ഇതില്‍, ഞങ്ങളുടെ പക്കല്‍ വന്നുപോയേക്കാവുന്ന എല്ലാ പാകപ്പിഴവുകളും, തെറ്റുകുറ്റങ്ങളും പൊറുത്തുതരുകയും, യഥാര്‍ത്ഥം ഗ്രഹിക്കുവാനുള്ള മാര്‍ഗദര്‍ശനവും സഹായവും ഞങ്ങള്‍ക്ക് കനിഞ്ഞേകുകയും വേണമേ! അല്ലാഹുവേ! വിശുദ്ധ ഖുർആന്‍റെ അനുയായികളുടെ എണ്ണം ലോകത്ത് കൂടുതല്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയും, അതിന്‍റെ സന്ദേശങ്ങളും, സിദ്ധാന്തങ്ങളും കലവറ കൂടാതെ അനുഷ്ഠിച്ച് നടപ്പില്‍ വരുത്തുവാന്‍ എല്ലാവര്‍ക്കും സന്മനസ്സും തൗഫീക്വും നല്കുകയും ചെയ്യേണമേ! അല്ലാഹുവേ! നീ ഞങ്ങള്‍ക്ക് പഠിപ്പിച്ചു തന്നിട്ടുള്ളതിനെ ഞങ്ങള്‍ക്ക് പ്രയോജനപ്പെടുത്തിത്തരികയും, ഞങ്ങള്‍ക്കു പ്രയോജനകരമായതു പഠിപ്പിച്ചു തരുകയും ഞങ്ങള്‍ക്കു അറിവ് വര്‍ദ്ധിപ്പിച്ചു തരുകയും ചെയ്യേണമേ! നീയല്ലാതെ ഞങ്ങള്‍ക്ക് ആശ്രയമില്ല. നിന്നെക്കൊല്ലാതെ ഞങ്ങള്‍ക്ക് കഴിവുമില്ല. നീ അത്യുന്നതനും, അതിമഹാനുമത്രെ! ആമീന്‍. سبحان ر بك رب العزة عما يصفون و سلام على المر سلين والحمد لله ربّ العالمين പരിഭാഷകന്മാര്‍ 1383 റബീഉല്‍ അവ്വല്‍ 9-ാം നു 1963 ജൂലായ് 31-ാം നു കുറിപ്പ് :- ഈ പതിപ്പില്‍ അല്‍പം ചില പരിഷ്‌കരണങ്ങള്‍ വരുത്തുകയും, ചുരുക്കം ചില വിശദീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 16-9-1977 /شوال،۱۳۶۷ ،۲ ::മുഹമ്മദ് അമാനി