ആമുഖം

ഖുർആന്‍ പരിഭാഷാ ഗ്രന്ഥങ്ങള്‍
ഖുർആന്‍ പരിഭാഷകള്‍ എന്നല്ല, ഇസ്‌ലാമിക വിജ്ഞാനഗ്രന്ഥങ്ങള്‍ പൊതുവില്‍ തന്നെ, പൂര്‍വ്വ നൂറ്റാണ്ടുകളില്‍ അറബി അല്ലാത്ത ഭാഷകളില്‍ രചിക്കപ്പെടുന്ന പതിവ് അധികമൊന്നും ഉണ്ടായിരുന്നതായി കാണുന്നില്ല. നേരെ മറിച്ച്, ഒന്നു രണ്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോഴേക്കും ഇതരഭാഷകളിലുള്ള എത്രയോ ഗ്രന്ഥങ്ങള്‍ അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്ന സമ്പ്രദായം പ്രചാരത്തില്‍ വരികയുണ്ടായി. അറബിഭാഷക്ക് നാനാഭാഗങ്ങളിലും ഉണ്ടായ സ്വാധീനം, ഇസ്‌ലാമിക വിജ്ഞാനം സമ്പാദിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ അറബിഭാഷ മുഖേനത്തന്നെ അതിന് തയ്യാറെടുത്തു വന്നിരുന്നത് എന്നിങ്ങനെ പലതുമായിരിക്കും അതിനുള്ള സ്വാഭാവികമായ കാരണങ്ങള്‍. സ്ഥിതിഗതികളുടെ മാറ്റത്തോടുകൂടി, അറബിയല്ലാത്ത ഭാഷകളിലും ഇസ്‌ലാമിക വിജ്ഞാനങ്ങള്‍ വിരചിതമായിത്തുടങ്ങി. അറബിയുടെ അയല്‍ഭാഷയും, അതുമായി പല നിലക്കും ബന്ധവും, സാദൃശ്യവുമുള്ള ഭാഷയുമാകകൊണ്ട്, പേര്‍ഷ്യന്‍ ഭാഷയിലാണ് ഇത് ഏറെ പ്രചാരത്തില്‍ വന്നത്. ക്രമേണ ഖുർആന്‍ പരിഭാഷാ പ്രവര്‍ത്തനവും ഉണ്ടായിത്തീര്‍ന്നുവെന്ന് സാമാന്യമായിപ്പറയാം. ഖുർആന്‍റെ ഒന്നാമത്തെ പരിഭാഷ എതായിരുന്നുവെന്ന് നമുക്കറിയില്ല. ക്രിസ്ത്വബ്ദം ഏതാണ്ട് 1143 ല്‍ ഹിജ്‌റഃ 6-ാം നൂറ്റാണ്ടില്‍- ലത്തീന്‍ ഭാഷയില്‍ ഖുർആന്‍ പരിഭാഷചെയ്യപ്പെട്ടിട്ടുണ്ടെന്നും, അത് ക്രിസ്ത്വബ്ദം 1543 ല്‍ മാത്രമാണ് ക്രിസ്തീയ മിഷനറിമാരാല്‍ പ്രസിദ്ധപ്പെടുത്തപ്പെട്ടതെന്നും അല്ലാമാ യൂസുഫലി പ്രസ്താവിച്ചു കാണുന്നു. ക്രി. 17-ാം നൂറ്റാണ്ടിലും, അതിന് ശേഷവുമായി പല യൂറോപ്യന്‍ ഭാഷകളിലും പുറത്തിറക്കിയ ചില പരിഭാഷകളെക്കുറിച്ചും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. അവയുടെ കര്‍ത്താക്കളില്‍ മുസ്‌ലിംകളെയും, അമുസ്‌ലിംകളെയും കാണാം. അടുത്ത ഒന്നു രണ്ട് നൂറ്റാണ്ടുകളിലാണ് പ്രധാനപ്പെട്ട പല ഭാഷകളിലും ഖുർആന്‍ പരിഭാഷ പ്രചാരത്തില്‍ വന്നിട്ടുള്ളതെന്നാണ് മനസ്സിലാകുന്നത്. لله اعلم വ്യാഖ്യാനത്തോടുകൂടിയും അല്ലാതെയും, മുഴുവന്‍ ഭാഗം ഉള്‍ക്കൊള്ളുന്നതായും ചില ഭാഗങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്നതായും -ഇങ്ങിനെ പല തരത്തിലും- ഉള്ള ഖുർആന്‍ പരിഭാഷകള്‍ ഇന്ന് മിക്ക പ്രധാന ഭാഷകളിലും കാണാം. പ്രാചീന ഭാഷകളില്‍, പേര്‍ഷ്യനും (ഫാരിസിയും) ആധുനിക ഭാഷകളില്‍ ഉര്‍ദുവും ഇസ്‌ലാം ചരിത്രവുമായി വളരെ ബന്ധമുള്ളത് കൊണ്ട് ഈ രണ്ട് ഭാഷകളിലും പല ഖുർആന്‍ പരിഭാഷകളും, അനേകം ഇസ്‌ലാമിക വിജ്ഞാന ഗ്രന്ഥങ്ങളും കാണാവുന്നതാണ്. ലത്തീന്‍, ജര്‍മനി, ഫ്രഞ്ച്, ഇംഗ്ലീഷ് തുടങ്ങിയ യൂറോപ്യന്‍ ഭാഷകളിലും, ബങ്കാളി, മലയാ, തമിഴ് തുടങ്ങിയ പല പൗരസ്ത്യ ഭാഷകളിലും പല ഖുർആന്‍ പരിഭാഷകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ് പരിഭാഷകളില്‍ അല്ലാമാ യൂസുഫലിയുടെ -വ്യാഖ്യാനത്തോടുകൂടിയ- ഗ്രന്ഥം വളരെ പ്രധാനപ്പെട്ടതാകുന്നു. അടുത്ത കൊല്ലങ്ങളിലായി, സുഊദി ഗവര്‍മ്മെ് വക കൊല്ലംതോറും അതിന്‍റെ ധാരാളക്കണക്കിലുള്ള കോപ്പികള്‍ ഹജ്ജാജികള്‍ക്ക് വിതരണം ചെയ്യപ്പെട്ടുവരുന്നത് പ്രസ്താവ്യമാകുന്നു. മാല്‍ദ്വീപുകാരായ മുസ്‌ലിംകളുടെ വകയായി, അവരുടെ ഭാഷയിലുള്ള പരിഭാഷ ഈയിടെയാണ് മലബാറില്‍ നിന്ന് അച്ചടി തീര്‍ന്നത്. ശാഹ്‌വലിയുല്ലാഹിദ്ദഹ്‌ലവീ (رحمه الله) അദ്ദേഹത്തിന്‍റെ ‘ഫൗസുല്‍ കബീറി’ല്‍ -തനിക്ക് ഖുർആന്‍ വ്യാഖ്യാന വിഷയത്തില്‍ അല്ലാഹു പ്രദാനം ചെയ്തുതന്നിട്ടുള്ള അനുഗ്രഹത്തെക്കുറിച്ച് കൃതജ്ഞതാപൂര്‍വ്വം പ്രസ്താവിക്കുന്ന മദ്ധ്യേ- ഇപ്രകാരം പറയുന്നു: ‘നമുക്കു സിദ്ധിച്ച ജ്ഞാനങ്ങളുടെ കൂട്ടത്തില്‍ പെട്ടതാണ് വാചകത്തിന്‍റെ വലിപ്പത്തിലും മറ്റും അറബിഭാഷയോടുള്ള സാദൃശ്യമായ നിലയില്‍, പേര്‍ഷ്യന്‍ ഭാഷയില്‍ ഖുർആന്‍ പരിഭാഷചെയ്‌വാന്‍ സാധിച്ചത് ‘ഫത്ത്ഹു-റഹ്മാന്‍- ഫീ- തര്‍ജ്ജുമത്തില്‍ ഖുർആന്‍’ (ഖുർആന്‍ പരിഭാഷയില്‍ പരമകാരുണികന്‍ നല്‍കിയ വിജയം) എന്ന ഗ്രന്ഥത്തിലാണ് നാമിത് ചെയ്തിരിക്കുന്നത്. പക്ഷേ, ചില സ്ഥലങ്ങളില്‍ വിശദീകരണം കൂടാതെ വായനക്കാര്‍ക്ക് കാര്യം ഗ്രഹിക്കുവാന്‍ കഴിയുകയില്ലെന്ന് ഭയപ്പെട്ടതു നിമിത്തം ഈ നിബന്ധന- അറബിയുടെ അതേ അളവിലായിരിക്കുക എന്ന നിശ്ചയം-നാം വിട്ടുകളഞ്ഞിട്ടുണ്ട്. ഹിജ്‌റഃ 1176 ലാണ് ദഹ്‌ലവീ (رحمه الله) യുടെ വിയോഗം അപ്പോള്‍ ചുരുങ്ങിയ പക്ഷം 207 കൊല്ലം മുമ്പ് അദ്ദേഹം ഈ ഗ്രന്ഥം രചിച്ചുകഴിഞ്ഞിരിക്കും. ഈ മഹാനെപ്പറ്റി ഇതിനു മുമ്പ് നാം പരിചയപ്പെടുത്തിയിട്ടുണ്ട്. ഖുർആന്‍ വ്യാഖ്യാന നിദാനമായ അദ്ദേ ഹത്തിന്‍റെ ‘ഫൗസുല്‍കബീറും’ അദ്ദേഹം രചിച്ചത് പേര്‍ഷ്യന്‍ ഭാഷയിലാണ്.(*) ഹിജ്‌റഃ 12-ാം നൂറ്റാണ്ടിലെ മതോദ്ധാരകനായി എണ്ണപ്പെട്ട ഒരു മഹാപണ്ഡിതനും, ഇസ്‌ലാമിനും, മുസ്‌ലിംകള്‍ക്കും വേണ്ടി എത്രയോ വിജ്ഞാന സേവനങ്ങള്‍ നടത്തിയ മഹാനുമായ അദ്ദേഹത്തെക്കുറിച്ച് മനസ്സിലാക്കുവാന്‍, അദ്ദേഹത്തിന്‍റെ ‘ഹുജ്ജത്തുല്ലാഹില്‍ ബാലിഗഃ’ ( حجة لله البال غة ) എന്ന ഒരൊറ്റ ഗ്രന്ഥം പരിശോധിച്ചാല്‍ മതിയാകും. ഇസ്‌ലാമിന്‍റെ സകല തുറകളിലുമുള്ള നിയമങ്ങളുടെയും യുക്തിവശങ്ങളും, തത്വ രഹസ്യങ്ങളും യുക്തിയുക്തം- ഖുർആന്‍റെയും, ഹദീഥിന്‍റെയും, യുക്തിയുടെയും അടിസ്ഥാനത്തില്‍- വിവരിച്ചിട്ടുള്ള അനിതര സാധാരണമായ ഒരു മഹല്‍ഗ്രന്ഥമാണത്. മേല്‍ കാണിച്ച ഖുർആന്‍ പരിഭാഷ മുഴുമിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചത് എത്രമാത്രം അനുഗ്രഹമായിട്ടാണ് അദ്ദേഹം കണക്കാക്കുന്നതെന്ന് അദ്ദേഹത്തിന്‍റെ പ്രസ്താവനയില്‍ നിന്ന് അനുമാനിക്കാം. പേര്‍ഷ്യന്‍ ഭാഷക്ക് അറബിഭാഷയോടും, ഇസ്‌ലാമിനോടുമുള്ള ബന്ധങ്ങള്‍ക്ക് പുറമെ, അതിന് ഇന്ത്യയോടും- വടക്കെ ഇന്ത്യയോട് പ്രത്യേകിച്ചും- ചരിത്രപരമായ പല ബന്ധങ്ങളും ഉണ്ടായിട്ടുണ്ടല്ലൊ. അതുകൊണ്ടായിരിക്കും അദ്ദേഹം പേര്‍ഷ്യന്‍ ഭാഷയില്‍ പരിഭാഷ രചിച്ചത്. لله اعلم
(*) അല്ലാമാ മുഹമ്മദ് മനീര്‍ദിമശ്ക്വീയാണ് അത് അറബിയിലേക്ക് വിവര്‍ത്തനം ചെയ്തത്. ഈ അറബി പരിഭാഷയെ ആസ്പദമാക്കിയാണ് നാം അതിലെ വാക്യങ്ങള്‍ ഉദ്ധരിക്കാറുള്ളത്. നമ്മുടെ ഉപരി മദ്രസകളിലും മറ്റും പാഠ്യഗ്രന്ഥമായി അംഗീകരിക്കപ്പെട്ടുവരുന്നതും അതാണ്.
പല നിലക്കും പ്രാധാന്യം അര്‍ഹിക്കുന്ന ഒരു മഹാഗ്രന്ഥമാണ് മൗലാനാ അബ്ദുല്‍ഹക്വ് ദഹ്‌ലവീ (رحمه الله) യുടെ ഉറുദു തഫ്‌സീര്‍ ( تفسير حقانى ) 70 ല്‍ പരം കൊല്ലങ്ങള്‍ക്ക് മുമ്പാണ് അത് ആദ്യം അച്ചടിക്കപ്പെട്ടത്. ഇപ്പോള്‍ 30 ഭാഗങ്ങളായി അതിന്‍റെ പുതിയ പതിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്. ഖുർആന്‍റെ സിദ്ധാന്തങ്ങള്‍ പ്രമാണസഹിതം, യുക്തിയുക്തമായ നിലയില്‍, മുന്‍ഗാമികളായ മഹാന്മാരുടെ പാതയില്‍ നിന്ന് തെറ്റാതെ, വിശദീകരിച്ച് വിവരിച്ചിട്ടുള്ള ഒരു തഫ്‌സീറാണിത്. ശാസ്ത്രീയവും, ചരിത്രപരവുമായ വശങ്ങള്‍ പണ്ഡിതോചിതമായ നിലയില്‍ അദ്ദേഹം അതില്‍ വിവരിച്ചിരിക്കുന്നു. മൗലാനാ അബുല്‍ കലാം ആസാദ് അവര്‍കളുടെ തര്‍ജ്ജുമാനുല്‍ ഖുർആനും ( ترجمان القرآن ) ഉര്‍ദു തഫ്‌സീറുകളുടെ കൂട്ടത്തില്‍ വളരെ വമ്പിച്ചൊരു മുതല്‍ക്കൂട്ടാണ്. അദ്ദേഹത്തെപ്പറ്റി ഇന്ന് ഇന്ത്യക്കാരെ ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ഹൃദ്യവും സരളവുമായ ഭാഷയില്‍, വിഷയങ്ങളെ സയുക്തികം പ്രതിപാദിച്ചു കാണിക്കുവാനുള്ള കഴിവും, വിജ്ഞാനത്തിന്‍റെ നാനാ തുറകളിലുള്ള അദ്ദേഹത്തിന്‍റെ പാണ്ഡിത്യവും അതിന്‍റെ അടിമുതല്‍ മുടിവരെ അനുഭവപ്പെടുന്നതാകുന്നു. പക്ഷേ, ഖുർആന്‍റെ മൂന്നില്‍ രണ്ടു ഭാഗത്തിന്‍റെ തഫ്‌സീര്‍ അടങ്ങുന്ന ഭാഗം മാത്രമേ ഇതഃപര്യന്തം പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായിട്ടുള്ളൂ. ഈ രണ്ട് തഫ്‌സീറുകളും നമ്മുടെ ഈ ഗ്രന്ഥത്തിലേക്ക് വളരെ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് ഇവിടെ പറഞ്ഞുകൊള്ളട്ടെ. മലയാള ഭാഷയെ സംബന്ധിച്ചു പറയുകയാണെങ്കില്‍, ഏറെക്കുറെ ഈ (ഹിജ്‌റഃ 14-ാം) നൂറ്റാണ്ടിന്‍റെ ആദ്യം മുതല്‍ക്കോ, കഴിഞ്ഞ (13-ാം) നൂറ്റാണ്ടിന്‍റെ അവസാനം മുതല്‍ക്കോ അറബി മലയാള ലിപിയിലുള്ള ‘ഖുർആന്‍ തര്‍ജ്ജമ’കള്‍ പുറത്തിറങ്ങിത്തുടങ്ങിയിരിക്കുന്നുവെന്നാണ് മനസ്സിലാവുന്നത്. അറിവായിടത്തോളം കണ്ണൂര്‍ക്കാരനായ മായന്‍കുട്ടി എളയാ(*) എന്ന പണ്ഡിതന്‍റെ തര്‍ജ്ജമയാണ് -കാലപ്പഴക്കംകൊണ്ടും ഖുർആന്‍റെ അത്യാവശ്യവിവരണത്തോടുകൂടിയ മുഴുവന്‍ പരിഭാഷ എന്ന നിലക്കും- കൂട്ടത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. അതിന്‍റെതാണെന്നു തോന്നുന്ന (സു: ഫാത്വിര്‍ മുതല്‍ സു: ഫത്ഹു കൂടിയുള്ള) ഒരു ഭാഗം മാത്രമാണ് ഞങ്ങളുടെ മുമ്പിലുള്ളത്.(**)
(*) വടക്കേ മലബാറിലെ പ്രസിദ്ധ കേയിവംശത്തില്‍ ഒരു താവഴിയായ ചൊവ്വരക്കാരന്‍ വലിയ പുരയിലെ മായിന്‍കുട്ടികേയി എന്ന ഇദ്ദേഹം, കണ്ണൂര്‍ അറക്കല്‍ രാജസ്വരൂപത്തില്‍ വിവാഹം കഴിച്ചതിന്‍റെ പേരിലാണ് അദ്ദേഹത്തെ ‘എളയാവ്’ എന്ന് വിളിക്കുന്നത്. മക്കാശരീഫില്‍ മലയാള ഹാജിമാരുടെ താമസ കേന്ദ്രമായിരുന്ന ‘കേയീറുബാത്തി’ന്‍റെ സ്ഥാപകനത്രെ അദ്ദേഹം. ഹിജ്‌റഃ 1294 ല്‍ സ്ഥാപിക്കപ്പെട്ട ആ റുബാത്ത് അല്പ വര്‍ഷങ്ങള്‍ക്കു മുമ്പ് മസ്ജിദുല്‍ ഹറാമിന്‍റെ വികസനാര്‍ത്ഥം പൊളിച്ചു നീക്കപ്പെട്ട കെട്ടിടങ്ങളില്‍ ഉള്‍പ്പെട്ടു. അതിന്‍റെ വില (4 ലക്ഷം സുഊദി റിയാല്‍) ഖജനാവില്‍ നിക്ഷേപിക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ പകരം മറ്റൊരു റുബാത്ത് സ്ഥാപിക്കപ്പെടുന്നത് സംബന്ധിച്ച സംരംഭങ്ങള്‍ നടന്നുവരികയാണ്. (23-10-71 ലെ ചന്ദ്രിക വാരാന്തപതിപ്പില്‍ നിന്ന്.) (**) ഏറെക്കുറെ മുപ്പതു കൊല്ലങ്ങള്‍ക്കുമുമ്പ് കാലഗതി പ്രാപിച്ച ഒരു മതഭക്തനും ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ വായിക്കുന്നതില്‍ ഉത്സുകനുമായിരുന്ന ഒരു മാന്യ വൃദ്ധന്‍റെ അനന്തരാവകാശികളില്‍ നിന്നാണ് പ്രസ്തുതഭാഗം കണ്ടു കിട്ടിയത്. അതിന്‍റെ ഇരുപുറത്തുമുള്ള കുറേ കഷ്ണങ്ങള്‍ നശിച്ചുപോയത് കൊണ്ട് ഗ്രന്ഥകര്‍ത്താവിന്‍റെയോ, അച്ചടിച്ച കാലത്തിന്‍റെയോ വിവരം അറിയുവാന്‍ കഴിയുന്നില്ല. അതിലെ ഭാഷാശൈലി, അതിന്‍റെ കാലപ്പഴക്കത്തെപ്പറ്റി നമുക്ക് മനസ്സിലാക്കിത്തരുന്നു. ഒരു ചരിത്രസ്മരണിക എന്ന നിലക്കും, വായനക്കാര്‍ക്ക് അതിന്‍റെ ഏകദേശ സ്വഭാവം മനസ്സിലാക്കുവാനുമായി, ആ മഹാനുഭാവന്‍ അന്നത്തെ അറബി മലയാളത്തിലെഴുതിയ ചില വാചകങ്ങള്‍ നമുക്കിവിടെ ഉദ്ധരിക്കാം. സൂറഃ സുമറിലെ 7-ാം വചനത്തിന്‍റെ പരിഭാഷയില്‍ അദ്ദേഹം പറയുന്നു:- ”വൊരുകുറ്റം ചെയ്ത തടിചുമക്കയില്ലാ ബേറെവൊരു തടിന്‍റെ കുറ്റത്തിനെ, പിന്നെ നിങ്ങളെ റബ്ബിനെക്കൊള്ളയായിരിക്കും നിങ്ങള്‍ക്കുള്ളെ മടങ്ങും താനം. നിങ്ങള്‍ അമല്‍ ചെയ്യുന്നോല് ആയിരിന്നിരിന്നു അങ്ങനെത്തെയാവൊന്നുകൊണ്ടു നിങ്ങളോട് അവന്‍ ബിശയം അറിവിക്കുന്നദു മൂലം. നുച്ചിയംതന്നെ അല്ലാഹുയാകുന്നത് അറിയുന്നോ നായിരിക്കും. ‘ഖല്‍ബു’കളിന്‍റെ അകത്തുള്ളയാവൊന്നുകൊണ്ടു ഒക്കെയും”
ഖുർആന്‍റെ പല ‘ജുസ്ഉ്’ (ഭാഗം)കളും, സൂറത്തുകളും പലരാലും അറബി മലയാളത്തില്‍ തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുള്ളതു ഇന്നും പ്രചാരത്തിലുണ്ട്. ഓരോന്നിന്‍റെയും ഭാഷയില്‍, കാലത്തിനൊത്ത മാറ്റങ്ങളും കാണാം. അറബി മലയാള ലിപിയില്‍ ഇസ്‌ലാമിക വിജ്ഞാനങ്ങള്‍ വ്യവഹരിക്കുവാനുളള സൗകര്യം, മലയാള ലിപിയില്‍ അതിനുള്ള അസൗകര്യം, അറബി മലയാളം മുസ്‌ലിംകളുടെ ഒരു പ്രത്യേക സമ്പത്താണെന്ന ബോധം, മലയാളം അഭ്യസിക്കുന്നതില്‍ മുസ്‌ലിംകള്‍ക്കുണ്ടായിരുന്ന പിന്നോക്ക മനഃസ്ഥിതി, അത് അമുസ്‌ലിംകളുടെ ഭാഷയാണെന്നുണ്ടായിരുന്ന തെറ്റുധാരണ, അറബി മലയാളത്തിന് മുസ്‌ലിംകള്‍ക്കിടയിലുണ്ടായിരുന്ന പ്രചാരം ഇങ്ങിനെ പല കാരണങ്ങളാല്‍ ഖുർആന്‍ പരിഭാഷകളും, ഇതര ഇസ്‌ലാമിക ഗ്രന്ഥങ്ങളും അടുത്തകാലം വരെ അറബി മലയാളലിപിയിലായിരുന്നു എഴുതപ്പെട്ടിരുന്നത്. (‘തര്‍ജ്ജമ’എന്ന് പറഞ്ഞാല്‍തന്നെ, അറബിമലയാളത്തിലുള്ള ഗ്രന്ഥം എന്നായിരുന്നു അര്‍ത്ഥം കല്പിക്കപ്പെട്ടിരുന്നത്.) അടുത്ത ചില വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖുർആന്‍റെ മുഴുവന്‍ ഭാഗവും- അത്യാവശ്യ വ്യാഖ്യാനത്തോടുകൂടി- അറബി മലയാളത്തില്‍ പരിഭാഷ പൂര്‍ത്തിയാക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥം ജനാബ് കെ. ഉമര്‍ മൗലവി സാഹി ബിനാല്‍ വിരചിതമായിട്ടുണ്ട്. അതിന്‍റെ ഏതാനും ഭാഗമേ ഇതപര്യന്തം പ്രസിദ്ധീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുള്ളൂ. ബാക്കി ഭാഗങ്ങളും താമസിയാതെ പുറത്തുവരുമെന്നാശിക്കാം.(*)
(*) ഇതിനകം മുഴുവന്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞിട്ടുണ്ട്. മലയാള ലിപിയില്‍ പലതവണ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു.
ഉപരിസൂചിതങ്ങളായ സ്ഥിതിഗതികളില്‍ മാറ്റം വരുകയും, മുസ്‌ലിംകള്‍ക്കിടയില്‍ മലയാളലിപിയും, മലയാളസാഹിത്യവും പ്രചരിച്ചുതുടങ്ങുകയും ചെയ്തതോടെ -മലയാള അച്ചുകൂടങ്ങളില്‍ അറബി ടൈപ്പുകളും ഉപയോഗിക്കാന്‍ തുടങ്ങിയതോടുകൂടി വിശേഷിച്ചും- മലയാള ലിപിയില്‍ തന്നെ ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ പ്രചാരപ്പെടുവാന്‍ തുടങ്ങി. അങ്ങിനെ, രണ്ട് മൂന്ന് ദശവര്‍ഷങ്ങള്‍ക്കിപ്പുറം മുതല്‍ ഖുർആന്‍റെ പല ഭാഗങ്ങളുടെയും തര്‍ജ്ജമകള്‍ മലയാള ലിപിയില്‍ തന്നെ പ്രസിദ്ധീകരിക്ക പ്പെട്ടിരിക്കുന്നു. മുസ്‌ലിം മാസികാപത്രങ്ങള്‍ വഴിയായും അതിന്‍റെ പലഭാഗങ്ങളുടെയും പരിഭാഷ പുറത്തുവരുന്നുണ്ട്. ഖുർആന്‍റെ അറബി മൂലത്തോടുകൂടി പരിഭാഷാഗ്രന്ഥങ്ങള്‍ പുറത്തിറക്കുന്നതില്‍, ചില പണ്ഡിതന്മാര്‍ക്കൊക്കെ പ്രതിഷേധമുണ്ടായിരുന്നുവെങ്കിലും, ഇന്ന് ആ നിലക്കും വളരെ മാറ്റം വന്നുകഴിഞ്ഞിരിക്കുന്നു. ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍, ഖുർആന്‍റെ വിജ്ഞാനം പ്രചരിപ്പിക്കുന്നതില്‍ എല്ലാ വിഭാഗക്കാരും പൊതുവില്‍ ശ്രമിച്ചുവരുന്നുണ്ടെന്ന് പറയാം. 25 ല്‍ പരം കൊല്ലങ്ങള്‍ക്കു മുമ്പ് ഖുർആന്‍റെ ആദ്യത്തെ ചില ‘ജുസുഉ’കളുടെ പരിഭാഷ കോഴിക്കോട്, മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റി പ്രസിദ്ധീകരിക്കുകയുണ്ടായി. അതിന്‍റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ പുറത്തുവരികയുണ്ടായില്ല. പിന്നീട് പല പണ്ഡിതന്മാരുടെയും വകയായി, അവസാനത്തെ ചില ‘ജുസുഉ’കളുടെ പരിഭാഷകളും ചില സൂറത്തുകളുടെ പരിഭാഷകളും പലപ്പോഴായി പ്രസിദ്ധപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം അറബിമൂലത്തോടുകൂടി മലയാള ലിപിയിലാണുള്ളത്. ചുരുക്കം ചിലത് മാത്രം അറബിമൂലം കൂടാതെയും പ്രസിദ്ധീകരിക്കപ്പെടാതില്ല. ഇവയില്‍ പലതിലും, ഈ പരിഭാഷാഗ്രന്ഥത്തിന്‍റെ എളിയ കര്‍ത്താക്കളായ ഞങ്ങള്‍ക്കും ഏറെക്കുറെ പങ്കുവഹിക്കുവാന്‍ അല്ലാഹു നല്‍കിയ തൗഫീക്വ് കൃതജ്ഞതാപൂര്‍വ്വം ഇവിടെ സ്മരിച്ചുകൊള്ളുന്നു. ഖുർആന്‍റെ മുഴുവന്‍ മലയാള പരിഭാഷ അടങ്ങുന്ന ഒരു ഗ്രന്ഥം ഇതിനകം പുറത്തായിട്ടുള്ളത് ജനാബ് സി.എന്‍. അഹ്മദ് മൗലവി സാഹിബിന്‍റെ താകുന്നു. ആദ്യത്തെ വാള്യം, 10 കൊല്ലം മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഞങ്ങള്‍ ഈ പരിഭാഷ എഴുതിക്കൊണ്ടിരിക്കെ (ഒന്നരകൊല്ലം മുമ്പ്) അതിന്‍റെ തുടര്‍ന്നുള്ള ഭാഗങ്ങളുടെ പ്രസിദ്ധീകരണവും പൂര്‍ത്തിയാക്കപ്പെട്ടിട്ടുണ്ട്.(*)
(*) ഇതുവരെ ആരും സ്വീകരിച്ചിട്ടില്ലാത്തതും, ഇസ്‌ലാമിക പ്രമാണങ്ങള്‍ക്കു നിരക്കാത്തതുമായ ചില അര്‍ത്ഥവ്യാഖ്യാനങ്ങള്‍ അടങ്ങിയിരിക്കകൊണ്ട് ഈ ഗ്രന്ഥം കേരള മുസ്‌ലിംകള്‍ക്കിടയില്‍ വിമര്‍ശന വിധേയമായിട്ടുണ്ട്. രണ്ടാം പതിപ്പ് അച്ചടി തുടങ്ങും മുമ്പ് വേറെ ചില ഖുർആന്‍ പരിഭാഷകളും പുറത്തുവന്നിട്ടുണ്ട്.