ആമുഖം

മലയാള വിവര്‍ത്തനം
ഇതുവരെ നാം സംസാരിച്ചത്, അറബിയല്ലാത്ത മറ്റേതെങ്കിലും ഭാഷയിലേക്ക് ഖുർആന്‍ വിവര്‍ത്തനം ചെയ്യുന്നതിനെ സംബന്ധിച്ചാണല്ലോ. എനി, അറബിയും, മലയാളവും തമ്മിലുള്ള അന്തരവും, അകല്‍ച്ചയും നോക്കുകയാണെങ്കിലോ? അത് വളരെകൂടുതലുമാണ്. അറബി ഭാഷ വലത്തുനിന്ന് ഇടത്തോട്ടും, മലയാളം ഇടത്ത് നിന്ന് വലത്തോട്ടുമാണ് എഴുതുകയെന്നതുപോലെത്തന്നെ, പദങ്ങളുടെ ഘടനക്രമങ്ങളിലും മറ്റും അവ തമ്മില്‍ അജഗജാന്തരമാണുള്ളത്. അതിലും, ഒരു സര്‍വ്വ സ്വീകാര്യമായ നിയമം കൈക്കൊള്ളുവാനില്ലാത്തതാണ് കൂടുതല്‍ വിഷമം. ചിലപ്പോള്‍ ഒരു അറബിവാക്യത്തിന് മലയാളത്തില്‍ അര്‍ത്ഥം കൊടുക്കേണ്ടത്, അതിലെ ഒടുവിലത്തെ പദം തുടങ്ങി പിന്നോട്ട് പിന്നോട്ടായിരിക്കും. വേറെ ചിലപ്പോള്‍, മദ്ധ്യത്തില്‍ നിന്ന് പിന്നോട്ടും, പിന്നീട് അവസാനം തൊട്ട് മദ്ധ്യത്തില്‍ അവസാനിപ്പിക്കുകയും ചെയ്യേണ്ടിവരും. നന്നച്ചുരുക്കം സ്ഥലങ്ങളില്‍, യഥാക്രമം അര്‍ത്ഥം പറയുവാന്‍ സാധിച്ചെന്നും വരാം. വ്യാകരണരൂപത്തിലും, പ്രയോഗങ്ങളിലും, ആശയങ്ങളെ ചിത്രീകരിക്കുന്ന സ്വഭാവങ്ങളിലുമെല്ലാം തന്നെ, രണ്ടു ഭാഷകളും തമ്മില്‍ വളരെ വ്യത്യാസം കാണാം. മിക്ക ഭാഷകള്‍ക്കും ആ ഭാഷക്കാരുടെ പൂര്‍വ്വീക മത സംസ്‌കാരവാദികളുമായി ഒരു പ്രത്യേക ബന്ധമുണ്ടായിരിക്കുക സ്വാഭാവികമാണല്ലോ. ആ മത തത്വങ്ങളും, സാംസ്‌കാരിക വിഷയങ്ങളും കൈകാര്യം ചെയ്‌വാന്‍ ഏറെക്കുറെ സൗകര്യമുള്ള സാങ്കേതിക പദങ്ങളും, സാഹിത്യപ്രയോഗങ്ങളും ആ ഭാഷയില്‍ കൂടുതലുണ്ടായിരിക്കും. ഈ നിലക്കു നോക്കുമ്പോഴും അറബിയും, മലയാളവും തമ്മില്‍ വളരെ അകല്‍ച്ച കാണാം. ബഹുദൈവ വിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരു പാരമ്പര്യമാണ് മലയാള സാഹിത്യത്തിന് അടുത്തകാലം വരെ ഉള്ളത്. കുറച്ച് കാലം മുതല്‍ മലയാള സാഹിത്യം വളരെ പുരോഗിമിച്ചിട്ടുണ്ടെന്നത് വാസ്തവമാണ്. എങ്കിലും, തൗഹീദില്‍ അധിഷ്ഠിതമായ ഏക ദൈവീക മതമാകുന്ന ഇസ്‌ലാമിന്‍റെ ഭാഷയായ -മതഭാഷയും, സാംസ്‌കാരിക ഭാഷയും, സാഹിത്യഭാഷയും, രാഷ്ട്രീയ ഭാഷയും, വിജ്ഞാനഭാഷയും എല്ലാം തന്നെയായ- അറബിയുടെയും, മലയാളത്തിന്‍റെയും ഇടക്കുള്ള സ്വഭാവ വൈരുദ്ധ്യത്തില്‍ വേണ്ടത്ര ലഘൂകരണം ഉണ്ടായിക്കഴിഞ്ഞിട്ടില്ല. അറബിയാണെങ്കില്‍, പൗരാണിക ‘സെമിറ്റിക് ‘ ഭാഷകളില്‍ പെട്ടത്. മലയാളം ആര്യഭാഷയായ സംസ്‌കൃതത്തിന്‍റെയും, ദ്രാവിഡ ഭാഷയായ തമിഴിന്‍റെയും ലാളനകളില്‍ വളര്‍ന്നതും. അപ്പോള്‍, അവ തമ്മില്‍ ഇത്തരം വ്യത്യാസം കാണുന്നത് സ്വാഭാവികം മാത്രമാണ്. അറബിമൂലം മലയാളത്തിലേക്കോ, മറിച്ചോ വിവര്‍ത്തനം ചെയ്യുമ്പോള്‍, വളരെ നീക്കുപോക്കുകളും, കുറേ ഇടമുഴകളും കൂടാതെ -‘ചെരുപ്പിനുചെരുപ്പെന്നോണം’- ഒപ്പിക്കുവാന്‍ സാധ്യമല്ലെന്നു കാണിക്കുകയാണ്, ചുരുക്കത്തില്‍ ഇപ്പറഞ്ഞതിന്‍റെ താല്പര്യം. ഒരേ പദത്തിന് വളരെ അര്‍ത്ഥങ്ങള്‍ ഉണ്ടായിരിക്കുക, ഒരു അര്‍ത്ഥത്തിന് ധാരാളം പര്യായപദങ്ങള്‍ ഉണ്ടായിരിക്കുക, ചെറുവാക്യത്തില്‍ വലിയ ആശയം അടക്കം ചെയ്‌വാന്‍ സൗകര്യമുണ്ടായിരിക്കുക, ഒരേ ക്രിയാരൂപത്തിന് ഒന്നിലേറെ അര്‍ത്ഥങ്ങള്‍ വരുവാന്‍ സാധ്യതയുണ്ടായിരിക്കുക, ഒരേ ക്രിയയില്‍ ഒരേ സമയത്ത് മറ്റൊരു ക്രിയയുടെ അര്‍ത്ഥം കൂടി ഉള്‍പ്പെട്ടിരിക്കുക, ക്രിയയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന അവ്യയങ്ങള്‍ക്കനുസരിച്ച് അതിന്‍റെ അര്‍ത്ഥത്തില്‍ മാറ്റംവരുക എന്നിങ്ങനെ അനേകം കാര്യത്തില്‍ മലയാളവും, അറബിയും തമ്മില്‍ പൊരുത്തക്കുറവുണ്ട്. ഒന്നുരക്ഷരങ്ങള്‍കൊണ്ട് അറബിയില്‍ പ്രകാശിപ്പിക്കാവുന്ന ഒരു ആശയം ചിലപ്പോള്‍ ഒരു വാചകംകൊണ്ടുതന്നെ മലയാളത്തില്‍ നിര്‍വ്വഹിക്കേണ്ടി വരും. വാചകത്തിന്‍റെ ഘടകങ്ങളായ പല പദങ്ങളിലും അറബിയില്‍ സര്‍വ്വനാമങ്ങള്‍ അടങ്ങിയിരിക്കുന്നതായി കാണാം. മലയാളത്തില്‍ ആ സര്‍വ്വനാമങ്ങള്‍ അനാവശ്യ ങ്ങളായിരിക്കും. അല്ലെങ്കില്‍ അവയുടെ സ്ഥാനത്ത് സാധാരണ നാമങ്ങള്‍തന്നെ ആവശ്യമായെന്നും വരും. പല അറബി പദങ്ങള്‍ക്കും ശരിക്ക് യോജിക്കുന്ന മലയാള പദങ്ങള്‍ ഇല്ലെന്നുള്ളതും, സാങ്കേതിക പദങ്ങളുടെ വിരളതയും- ഇസ്‌ലാമിക വിജ്ഞാനരംഗങ്ങളില്‍ പ്രത്യേകിച്ചും- ഒരു പരിഭാഷകനെ സദാ അലട്ടാറുള്ള വസ്തുതകളാണ്. 28 അക്ഷരം മാത്രമുള്ള അറബി ലിപികളില്‍ 13 എണ്ണത്തിന്‍റെ ഉച്ചാരണങ്ങളും-അറബി ഭാഷയുടെ ഇരട്ടിയോളം വരുന്ന മലയാള ലിപികളില്‍ എഴുതിക്കാണിക്കുക സാധ്യമല്ലാത്തവയാണ്. ഇത് മൂലം, മലയാളക്കാര്‍ക്കിടയില്‍ സുപരിചിതങ്ങളായ അറബി പദങ്ങള്‍പോലും മലയാളത്തില്‍ എഴുതുവാന്‍ പലപ്പോഴും നിവൃത്തിയുണ്ടാകയില്ല. കേരള മുസ്‌ലിംകള്‍ക്കിടയില്‍ പ്രചാരത്തിലിരിക്കുന്ന അറബി മലയാള ലിപി ഈ വിഷയത്തില്‍ മാത്രമല്ല, മറ്റു പല കാര്യങ്ങളിലും അറബി മൂല്യങ്ങള്‍ക്ക് പരിഭാഷ എഴുതുവാന്‍ സൗകര്യപ്പെട്ടതാകുന്നു. ഇസ്‌ലാമിക വിജ്ഞാനങ്ങള്‍ എഴുതുവാന്‍ അറബി മലയാള ലിപിയോളം സൗകര്യം മലയാള ലിപിയിലില്ലാ തിരുന്നിട്ടും, ഇന്ന് കേരള മുസ്‌ലിംകള്‍ ആ ലിപിയുടെ നേരെ കൈക്കൊള്ളുന്ന അവജ്ഞാ നയം വ്യസനകരമാണ്. ഏതായാലും, അറബി മലയാള ലിപി അറിയാത്തവര്‍ക്കും, അമുസ്‌ലിം മലയാളികള്‍ക്കും അത് ഉപയോഗപ്പെടുകയില്ലല്ലോ. മേല്‍ പ്രസ്താവിച്ച ഒരോന്നിന്നും ഉദാഹരണങ്ങള്‍ കാണിക്കുന്ന പക്ഷം അത് വളരെ ദീര്‍ഘിച്ചുപോകുന്നതുകൊണ്ട് അതിന് ഇവിടെ മുതിരുന്നില്ല. ഒരു കാര്യത്തില്‍ മാത്രം അറബിയും മലയാളവും തമ്മില്‍ വളരെ യോജിപ്പുണ്ടെന്ന് പറയേണ്ടിയിരിക്കുന്നു: ഇതരഭാഷക്കാരായ ആളുകള്‍ക്ക് പഠിക്കുവാനും, ശരിയാംവണ്ണം പയറ്റുവാനും കുറേയൊക്കെ പ്രയാസമുള്ള ഭാഷകളാണ് ഇവ രണ്ടും. ചിലര്‍ ധരിക്കാറുള്ളതുപോലെ, വളരെ ക്ഷണത്തിലൊന്നും വശത്താക്കാവുന്ന ഭാഷകളല്ല അറബിയും മലയാളവും.(*)
(*) കാറല്‍മാര്‍ക്‌സിന്‍റെ ഇണയും, തുണയുമായിരുന്ന ഏംഗല്‍സ് കാര്യങ്ങള്‍ ക്ഷണത്തില്‍ ഗ്രഹിക്കുന്ന ആളായിരുന്നുവെന്നും, ഇരുപത് ഭാഷ സംസാരിച്ചിരുന്നുവെന്നും മറ്റും പ്രശംസിച്ചു പറയുന്ന കൂട്ടത്തില്‍, പ്രൊഫസര്‍ കെ.സി. പീറ്റര്‍ ഇപ്രകാരം പറഞ്ഞതായി (മാതൃഭൂമി ആഴ്ചപ്പതിപ്പ് പു:39, ല:44 ല്‍) കാണാം: ‘….4000 ത്തിലധികം ധാതുക്കളുള്ള അറബി ഭാഷ മാത്രമേ, എംഗല്‍സിനെ ബുദ്ധിമുട്ടിച്ചിട്ടുള്ളൂ…….’ അറബി ഭാഷ ശരിക്ക് വശത്താക്കുവാന്‍ ചിലര്‍ പറയാറുള്ളതുപോലെ അത്ര എളുപ്പമല്ലെന്നു ഇതില്‍ നിന്നു മനസ്സിലാക്കാമല്ലോ.
അറബി ഗ്രന്ഥങ്ങള്‍, മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍, വിവര്‍ത്തകനെ അഭിമുഖീകരിക്കുന്ന ഏതാനും പ്രശ്‌നങ്ങളാണ് നാം മുകളില്‍ കണ്ടത്. അപ്പോള്‍, അല്ലാഹുവിന്‍റെ വചനമായ ഖുർആന്‍-അതിന്‍റെ സാഹിത്യവിശേഷതയും, അമാനുഷിക സ്വഭാവവും നമുക്കറിയാമല്ലോ- മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍, നേരിടുവാനിരിക്കുന്ന പ്രശ്‌നങ്ങള്‍ എത്രമേല്‍ അധികമായിരിക്കുമെന്ന് ഊഹിക്കാവുന്നതാണ്. ആകയാല്‍, ഖുർആന്‍റെ നേര്‍ക്ക്‌നേരെയുള്ള ഒരു പരിഭാഷ -കോട്ടമൊന്നും കൂടാതെ പരിപൂര്‍ണമായ നിലയില്‍- തയ്യാറാക്കുക സാധ്യമല്ലെന്ന് വ്യക്തമാണ്. അതെ, വ്യക്തികളുടെ അറിവും, സാമര്‍ത്ഥ്യവും, ഓരോരുത്തര്‍ക്കും അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന തൗഫീക്വും (ഉതവിയും) അനുസരിച്ച് പരിഭാഷകളുടെ ഖുർആന്‍ പരിഭാഷാ ഗ്രന്ഥങ്ങള്‍ ഗുണത്തില്‍ ഏറ്റപ്പറ്റുണ്ടായിരിക്കുമെന്നുമാത്രം.