ആമുഖം

ഖുർആന്‍ വ്യാഖ്യാതാക്കള്‍: പിന്‍ഗാമികളായ മുഫസ്സിറുകള്‍
മേല്‍കണ്ട മഹാന്മാരുടെ കാലങ്ങള്‍ കഴിയുമ്പോഴേക്കും മുസ്‌ലിംകളുടെ സ്ഥിതിഗതികളില്‍ ക്രമേണ പല മാറ്റങ്ങളും സംഭവിച്ചു തുടങ്ങി. മുമ്പില്ലാത്ത ശാസ്ത്രീയ വിജ്ഞാനങ്ങളും വൈദേശിക സംസ്‌കാരങ്ങളും പ്രചാരത്തില്‍ വന്നുകൊണ്ടിരുന്നു. ഇസ്‌ലാമിക വിജ്ഞാനങ്ങള്‍ പലതും ശാസ്ത്രീയ രൂപം പൂണ്ടുകൊണ്ടിരിക്കുകയായി. വിവിധ തുറകളിലും ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. മുഖാമുഖമായും, നിവേദന പരമ്പരകളില്‍ കൂടിയുമായിരുന്ന ജ്ഞാനസമ്പാദന മാര്‍ഗങ്ങളിലും, ഖുർആന്‍റെ വ്യാഖ്യാനത്തിന്‍റെ രീതിയിലും ഇതോടെ മാറ്റം സംഭവിച്ചു. മുന്‍ഗാമികളുടെ പ്രസ്താവനകളും, അഭിപ്രായങ്ങളും ഉദ്ധരിക്കുന്നതില്‍ നിവേദന പരമ്പര വിവരിക്കുകയും, ബലാബലം പരിശോധിക്കുകയും ചെയ്യുന്ന സമ്പ്രദായം വിസ്മരിക്കപ്പെട്ടു. ശാസ്ത്രങ്ങളുടെയും യുക്തിവാദങ്ങളുടെയും അടിസ്ഥാനത്തിലും ആദര്‍ശങ്ങളുടെയും കക്ഷികളുടെയും അടിസ്ഥാനത്തിലുമുള്ള ചിന്താഗതികളും താല്പര്യങ്ങളും ഉടലെടുത്തു. ഇത്യാദി കാരണങ്ങളാല്‍ -മറ്റു പലതിലുമെന്നപോലെ- ഖുർആന്‍ വ്യാഖ്യാന വിഷയത്തിലും പുതിയ സമ്പ്രദായങ്ങള്‍ രംഗപ്രവേശം ചെയ്തു. കാലം ചെല്ലുന്തോറും അതതു കാലത്തിന്നനുസരിച്ച ചില മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നതല്ലാതെ, ഖുർആന്‍റെ ഉള്ളടക്കം യഥാവിധി സമുദായത്തിനു മനസ്സിലാക്കികൊടുക്കുകയും, കാമ്പും കാതലുമായ വശങ്ങളിലേക്ക് ജനങ്ങളെ ആനയിക്കുകയും ചെയ്തിരുന്ന ആ പഴയ പരമ്പര്യം രണ്ടാമത് ഉടലെടുക്കുകയുണ്ടായില്ല. പൊതുനിലയാണ് ഇപ്പറഞ്ഞത്. എങ്കിലും, നാളിതുവരെയും- ഇടക്കിടെ അല്ലാഹു സമുദായത്തിനു പ്രദാനം ചെയ്തുകൊണ്ടിരിക്കുന്ന ചില മഹാവ്യക്തികളുടെ സേവനങ്ങള്‍ മുഖേന-വിശുദ്ധ ഖുർആന്‍റെ വ്യാഖ്യാനസമ്പത്ത് സമുദായത്തിനു മുഴുവന്‍ നഷ്ടപ്പെടാതെ, അതിന്‍റെ സ്മരണകള്‍ അവന്‍ നിലനിറുത്തിക്കൊണ്ടുവന്നിട്ടുണ്ട്. الحمد لله അങ്ങനെ, ചില ആളുകള്‍ തങ്ങളുടെ തഫ്‌സീറുകളില്‍ ‘ഇല്‍മുല്‍കലാം’ (വിശ്വാസശാസ്ത്രം) സംബന്ധമായ വാഗ്വാദങ്ങളും, ഖണ്ഡനമണ്ഡനങ്ങളും, ചോദ്യോത്തരങ്ങളും പ്രധാന വിഷയമാക്കി. അല്ലാഹുവിന്‍റെ തിരുനാമങ്ങള്‍ക്കും ഗുണവിശേഷണങ്ങള്‍ക്കും ( اسماء لله وصفاته ) ശാസ് ത്രീയ വ്യാഖ്യാനങ്ങള്‍ നല്കുകയും, എതിര്‍ കക്ഷികള്‍ക്കു മറുപടി പറയുകയും ചെയ്യുന്നതില്‍ അവര്‍ വ്യാപൃതരായി. മറ്റൊരു കൂട്ടര്‍, ഖുർആന്‍റെ സാഹിത്യത്തിലും, ഭാഷാഭംഗിയിലും ശ്രദ്ധകേന്ദ്രീകരിച്ചു. അതിന്‍റെ അമാനുഷിക ഗുണം വെളിപ്പെടുത്തുന്നതില്‍ മാത്രം സമയം വിനിയോഗിച്ചു. വേറൊരു കൂട്ടര്‍, വ്യാകരണ സംബന്ധമായും, ഭാഷാപരവുമായുള്ള വശങ്ങളിലാണ് പൂണ്ടുപിടിച്ചത്. വായനാമുറകള്‍, ഉച്ചാരണരീതി, പാരായണ മര്യാദകള്‍ ആദിയായവയാണ് മറ്റു ചിലര്‍ പ്രധാനമായും പരിശോധിച്ചത്. ഇനിയും ചിലര്‍, ഖുർആനില്‍ അന്തര്‍ഭവിച്ചുകിടപ്പുള്ള അന്തസാരങ്ങളും, രഹസ്യവിജ്ഞാനങ്ങളും കണ്ടുപിടിക്കുവാന്‍ അതിന്‍റെ ആഴം തപ്പിക്കൊണ്ടിരുന്നു. അതേസമയത്തു ഒരുതരം ആളുകള്‍, ഖുർആന്‍വാക്യങ്ങളെ ചികിത്സകള്‍ക്കും, മന്ത്രവാദത്തിനും ഉപയോഗപ്പെടുത്തുന്ന സൂത്രങ്ങള്‍ ആരായുകയാണ് ചെയ്തിരുന്നത്. വേറൊരു കൂട്ടര്‍ ചെയ്തത് ഇതൊന്നുമല്ല. ഓരോ ആയത്തിനോടും യോജിക്കുന്ന കഥകളും, വാര്‍ത്താനിവേദനങ്ങളും തേടിപ്പിടിച്ച് ശേഖരിക്കുകയാണ് ചെയ്തത്. സ്വീകാര്യമെന്നോ അല്ലാത്തതെന്നോ വിവേചനം ചെയ്യാതെ നബി തിരുമേനി (ﷺ) യുടെ ഹദീഥുകള്‍, സ്വഹാബിമാരുടെയും പണ്ഡിതന്മാരുടെയും പ്രസ്താവനകള്‍, ഇസ്‌റാഈലീ വൃത്താന്തങ്ങള്‍, നാടോടിക്കഥകള്‍ തുടങ്ങി കണ്ടതും കേട്ടതുമെല്ലാം അവര്‍ തഫ്‌സീറുകളില്‍ ഉള്‍ക്കൊള്ളിച്ചു. അതിശയോക്തികളും, കള്ളക്കഥകളും മാത്രമല്ല ഇത്തരം തഫ്‌സീറുകളില്‍ സ്ഥലം പിടിച്ചത്. ഖുർആന്‍റെ സിദ്ധാന്തങ്ങള്‍ക്കും, ഇസ്‌ലാമിലെ മൗലിക തത്വങ്ങള്‍ക്കും കടകവിരുദ്ധമായ കഥകളും, പ്രസ്താവനകളും തഫ്‌സീര്‍ ഗ്രന്ഥങ്ങളില്‍ കടന്നുകൂടി. മദ്ധ്യനൂറ്റാണ്ടുകളിലും, അനന്തര കാലങ്ങളിലും ഖുർആന്‍ വ്യാഖ്യാനത്തില്‍ പലരും സ്വീകരിച്ചുവന്ന പൊതുനില ഇതാണ്. പ്രചാരത്തിലിരിക്കുന്ന ചെറുതും വലുതുമായ പല തഫ്‌സീറുകളും പരിശോധിച്ചാല്‍, ഈ വസ്തുത മനസ്സിലാകുന്നതാകുന്നു. ഒരു കാര്യം നാം പ്രത്യേകം ഓര്‍മിച്ചിരിക്കേതുണ്ട്. ആദ്യ നൂറ്റാണ്ടുകള്‍ക്ക് ശേഷമുള്ള തഫ്‌സീര്‍ ഗ്രന്ഥങ്ങളുടെ പൊതുനില മേല്‍പറഞ്ഞ പ്രകാരമാണെന്ന് വെച്ച് അവയെല്ലാം അപ്പടി പുറം തള്ളിക്കളയേണ്ടതാണെന്നോ, അവയിലൊന്നും സമുദായത്തിന് ഉപകാരപ്രദങ്ങളായ സംഭാവനകള്‍ അടങ്ങിയിട്ടില്ലെന്നോ ധരിച്ചുകൂടാ. മൊത്തത്തില്‍ പറയുമ്പോള്‍, പല പോരായ്മകളും ന്യൂനതകളും ഉള്ളതോടൊപ്പം തന്നെ അനര്‍ഘങ്ങളായ അനേകം സംഭാവനകള്‍ അവ സമുദായത്തിന് സമര്‍പ്പിച്ചിട്ടുമുണ്ട്. വിലയേറിയ എത്രയോ വിജ്ഞാന രത്‌നങ്ങള്‍ കാഴ്ചവെച്ചിട്ടുമുണ്ട്. ഈ ശാസ്ത്രയുഗത്തില്‍ പുതുതായി രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുന്ന പല നൂതനവാദങ്ങള്‍ക്കും, ഭൗതികവീക്ഷണങ്ങളില്‍ നിന്ന് നാമ്പെടുക്കുന്ന പല ആശയക്കുഴപ്പങ്ങള്‍ക്കും ഖുർആന്‍റെ അടിസ്ഥാനത്തില്‍ മറുപടി കണ്ടുപിടിക്കുവാന്‍ വെളിച്ചം നല്‍കുന്ന പല തത്വങ്ങളും അവ മുഖേന നമുക്കു ലഭിക്കുന്നു. ഇതൊന്നും ആലോചിക്കാതെ- നല്ലതും ചീത്തയും വിവേചിക്കുവാന്‍ ശ്രമിക്കാതെ- അവയെപ്പറ്റി ഒന്നടങ്കം ‘കുറ്റം പറഞ്ഞു കൂലികഴിക്കു’വാന്‍ ശ്രമിക്കുന്നതും തികച്ചും അക്രമവും ധാര്‍ഷ്ട്യവുമാകുന്നു. ഖുർആനിലെ വിജ്ഞാനസമ്പത്തു സമുദായമദ്ധ്യേ വിതരണം ചെയ്യലാണ് എല്ലാവരുടെയും ലക്ഷ്യം. ഈ ലക്ഷ്യം നേടുന്നതിലുള്ള ജയാപജയ ങ്ങളുടെ തോത് വ്യത്യസ്തമായിരിക്കുമെന്നു മാത്രം. ഓരോന്നിലെയും നല്ല വശങ്ങള്‍ വിവേചിച്ചറിഞ്ഞ് നല്ലവശം ഉപയോഗപ്പെടുത്തുകയാണ് ആവശ്യം. അതാണ് ബുദ്ധി. പരിതഃസ്ഥിതികളുടെ ഒഴുക്കിനും, പരിസരങ്ങളുടെ സമ്മര്‍ദ്ദത്തിനും, കാലികമായ ആശയമാറ്റങ്ങള്‍ക്കുമനുസരിച്ച് മനഃസ്സാക്ഷി മാറാതെ, ആത്മ സംയമനവും, വിശ്വാസ ദാര്‍ഢ്യതയും പാലിക്കുന്നവരത്രെ ഭാഗ്യവാന്മാര്‍.