ആമുഖം

വ്യാഖ്യാനിക്കുമ്പോള്‍ മനസ്സിരുത്തേണ്ട ചില വിഷയങ്ങള്‍: മുഹ്കമും" "മുതശാബിഹും"
‘അല്‍മുഹ്കം’ ( المحكم ) എന്നാല്‍ ‘ബലവത്തായത്, ദൃഢപ്രധാനമായത്, നിയമബലമുള്ളത്’ എന്നൊക്കെ അര്‍ത്ഥം വരുന്ന പദമാകുന്നു. സൂറത്തു ഹൂദിന്‍റെ ആരംഭത്തില്‍ ഖുർആനെപ്പറ്റി كِتَابٌ أُحْكِمَتْ آيَاتُهُ (അതിന്‍റെ ആയത്തുകള്‍ ബലവത്താക്കപ്പെട്ടിരിക്കുന്നു) എന്ന് പറഞ്ഞിരിക്കുന്നു. അനാവശ്യമോ, അകാര്യമോ ഇല്ലാതെ, സുദൃഢവും സുശക്തവുമായ സത്യയാഥാര്‍ത്ഥ്യങ്ങള്‍ നിറഞ്ഞതാണ് അവ എന്ന് സാരം. ‘അല്‍മുതശാബിഹ്’ ( المتشابه ) എന്നാല്‍, ‘പരസ്പര സാദൃശ്യമുള്ളത്’ എന്നര്‍ത്ഥം. സൂറഃ സുമര്‍:23ല്‍ كِتَابًا مُّتَشَابِهًا (പരസ്പര സാദൃശ്യമുള്ള ഗ്രന്ഥം) എന്ന് അല്ലാഹു ഖുർആനെപ്പറ്റി പറഞ്ഞിരിക്കുന്നു. അതായത്, വാചകത്തിന്‍റെ മേന്മയിലും, സാരങ്ങളുടെ ഉല്‍കൃഷ്ടതയിലുമെല്ലാം പരസ്പര സാദൃശ്യമുള്ളതും, ഒന്നിനൊന്ന് മെച്ചപ്പെട്ടതുമാണ് അതിലെ ഭാഗങ്ങള്‍ എന്നുദ്ദേശ്യം. അപ്പോള്‍, ഒരു നിലക്കു നോക്കുമ്പോള്‍ ഖുർആന്‍ മുഴുവനും ‘മുഹ്കമും’, മറ്റൊരു നിലക്ക് നോക്കുമ്പോള്‍ അത് മുഴുവനും ‘മുതശാബിഹും’ ആകുന്നു. അന്യോന്യം പൊരുത്തക്കേടില്ലാത്ത അര്‍ത്ഥങ്ങളാണ് ഇവിടെ ഈ രണ്ടു പദങ്ങള്‍ക്കും കല്പിക്കപ്പെട്ടിരിക്കുന്നത് എന്ന് വ്യക്തമാണ്. എന്നാല്‍ പരസ്പര വൈരുദ്ധ്യമുള്ള രണ്ട് ഉദ്ദേശ്യാര്‍ത്ഥങ്ങളിലും ഈ പദങ്ങള്‍ ഖുർആനില്‍ ഉപയോഗിച്ചിട്ടുണ്ട്. ആ അടിസ്ഥാനത്തിലാണ് ഈ അധ്യായത്തില്‍ മുഹ്കമിനെയും മുതശാബിഹിനെയും കുറിച്ച് പ്രതിപാദിക്കപ്പെടുന്നത്. വളരെ ശ്രദ്ധാപൂര്‍വ്വം മനസ്സിരുത്തേണ്ടുന്ന ഒരു വിഷയമാണിത്. സുഃ ആലുഇംറാനില്‍ അല്ലാഹു പറയുന്നു:- هُوَ الَّذِي أَنزَلَ عَلَيْكَ الْكِتَابَ مِنْهُ آيَاتٌ مُّحْكَمَاتٌ هُنَّ أُمُّ الْكِتَابِ وَأُخَرُ مُتَشَابِهَاتٌ ۖ فَأَمَّا الَّذِينَ فِي قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَابَهَ مِنْهُ ابْتِغَاءَ الْفِتْنَةِ وَابْتِغَاءَ تَأْوِيلِهِ – آل عمران ٧ സാരം: ‘നിനക്ക് വേദഗ്രന്ഥം ഇറക്കിത്തന്നിട്ടുള്ളവന്‍ അവനത്രെ (അല്ലാഹുവത്രെ). അതില്‍ ‘മുഹ്കമാ’യ (ദൃഢ പ്രധാനമായ) ആയത്തുകളുണ്ട്. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൂലമായുള്ളത്. വേറെ ചിലത് ‘മുതശാബിഹു’കളും (പരസ്പര സാദൃശ്യമുള്ളവയും) ആകുന്നു. എന്നാല്‍, തങ്ങളുടെ ഹൃദയങ്ങളില്‍ വക്രതയുള്ളവര്‍, കുഴപ്പത്തെ ആഗ്രഹിച്ചുകൊണ്ടും, വ്യാഖ്യാനം ചെയ്യുവാന്‍- പൊരുളറിയുവാന്‍- ആഗ്രഹിച്ചുകൊണ്ടും അതില്‍ നിന്നും ‘മുതശാബിഹാ’യതിനു പിന്നാലെ കൂടുന്നു. ഈ വചനത്തിലെ ‘മുഹ്കം – മുതശാബിഹു’കളുടെ നിര്‍വ്വചനം പല മഹാന്മാരും പല വാചകങ്ങളില്‍ പ്രസ്താവിച്ചു കാണാം. ചില സൂറത്തുകളുടെ ആരംഭത്തില്‍ കാണാവുന്ന കേവലാക്ഷരങ്ങള്‍ പോലെ, അല്ലെങ്കില്‍ പരലോക സംബന്ധമായ അദൃശ്യകാര്യങ്ങള്‍ പോലെ, യാഥാര്‍ത്ഥ്യം അല്ലാഹുവിന്നു മാത്രം അറിയാവുന്ന കാര്യങ്ങള്‍ക്കാണ് മുതശാബിഹ് എന്നു പറയുന്നത് എന്നത്രെ ചിലരുടെ പക്ഷം. വേറെയും അഭിപ്രായങ്ങളുണ്ട്. അവയെല്ലാം പരിശോധിച്ചാല്‍ ലഭിക്കുന്ന ആകെ സാരവും, അവയില്‍വെച്ച് ഏറ്റവും യുക്തമായി കാണുന്നതും ഇമാം ഇബ്‌നുകഥീര്‍ (رحمه الله) മുതലായ മഹാന്മാര്‍ നല്‍കുന്ന നിര്‍വ്വചനമാകുന്നു. അദ്ദേഹം ‘മുഹ്കമു’കള്‍ക്ക് നല്‍കിയ നിര്‍വ്വചനം ഇതാണ്: اي بينات واضحات الدلالة لاالتباس فيها على احد (ഒരാള്‍ക്കും ആശയക്കുഴപ്പമില്ലാത്തവണ്ണം സ്പഷ്ടമായും വ്യക്തമായും സാരം നല്‍കുന്നവ). ‘മുതശാബിഹു’കള്‍ക്ക് അദ്ദേഹത്തിന്‍റെ നിര്‍വ്വചനം ഇപ്രകാരമാകുന്നു. اي تحتمل دلالتها موافقة الحكم وقد تحتمل شيأ اخر من حيث اللفظ والتركيب لا من حيث المراد (അതായത് , പദങ്ങളും ഘടനയും നോക്കുമ്പോള്‍ -ഉദ്ദേശ്യം നോക്കുമ്പോഴല്ല- മുഹ്കമിനോട് യോജിക്കുന്ന സാരമായിരിക്കുവാനും, മറ്റുവല്ല സാരവും ആയിരിക്കുവാനും ഹിതമുണ്ടായിരിക്കുന്നവ). ഉദ്ദേശ്യം വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിക്കുന്ന ഒരു വിഭാഗവും സാക്ഷാല്‍ ഉദ്ദേശ്യമെന്താണെന്ന് തിരിച്ചറിയുവാന്‍ കഴിയാത്തവണ്ണം പരസ്പര സാദൃശ്യമുള്ള ഒന്നിലധികം അര്‍ത്ഥസാരങ്ങള്‍ വരാവുന്ന മറ്റൊരു വിഭാഗവും ഖുർആനിലുണ്ട്. ആദ്യത്തെ വിഭാഗമാണ് ഖുർആനിന്‍റെ മൂലപ്രധാനമായ ഭാഗം. രണ്ടാമത്തെ വിഭാഗത്തില്‍ പെട്ട ആയത്തുകള്‍ക്ക് വ്യാഖ്യാനം നല്‍കുവാനും, അതിന്‍റെ സാക്ഷാല്‍ ഉദ്ദേശ്യം ചുഴിഞ്ഞന്വേഷിക്കുവാനും മുതിരുന്നത് കുഴപ്പം സൃഷ്ടിക്കലാണ്. അതിന് മിനക്കെടുന്നവര്‍ ഹൃദയത്തില്‍ വക്രത – ദുരുദ്ദേശ്യവും കാപട്യവും- ഉള്ളവരായിരിക്കും. സംശയം നേരിടുമ്പോള്‍, ഒന്നാമത്തെ വിഭാഗത്തിലേക്ക് മടങ്ങുകയും, അവയുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ക്ക് തീരുമാനം കാണുകയും വേണം എന്നൊക്കെയാണ് ഈ വചനം പഠിപ്പിക്കുന്നത്. ഇമാം ശാഹ് വലിയുല്ലാഹി-ദ്ദഹ്‌ലവി (رحمه الله) അദ്ദേഹത്തിന്‍റെ(*) ‘അല്‍ഫൗസുല്‍ കബീര്‍’ (الفوز الكبير) എന്ന വിശ്രുത ഗ്രന്ഥത്തില്‍ ‘മുഹ്കമിനും’, ‘മുതശാബിഹി’നും ഉദാഹരണ സഹിതം നല്‍കിയിട്ടുള്ള നിര്‍വ്വചനങ്ങളുംകൂടി നമുക്കൊന്ന് പരിശോധിക്കാം. അദ്ദേഹം പറയുന്നു:-
(*) ഖുർആന്‍, ഹദീഥ്, ഫിക്വ്ഹ്, ശരീഅത്ത് നിയമ രഹസ്യങ്ങള്‍ ആദിയായ ഇസ്‌ലാമിക വിഷയങ്ങളില്‍ മഹദ് ഗ്രന്ഥങ്ങള്‍ രചിച്ച ഒരു മഹാപുരുഷനത്രെ ദഹ്‌ലവീ. ( الإمام شاه ولى لله الدھلوى –رحمه لله ) ഡല്‍ഹിക്കാരനായ ഇദ്ദേഹം, ഹിജ്‌റഃ വര്‍ഷം 1176 ലാണ് പരലോകം പ്രാപിച്ചത്. ഇന്ത്യന്‍ മുസ്‌ലിംകളില്‍ -പണ്ഡിത ലോകത്ത് വിശേഷിച്ചും- മതപരവും വിജ്ഞാനപരവുമായ പുതിയ ഉണര്‍വ്വും, വിപ്ലവകരമായ പരിഷ്‌കരണങ്ങളും വരുത്തിയ ഒരു സമുദായോദ്ധാരകന്‍ കൂടിയായിരുന്നു ശാഹ്‌വലിയുല്ലാഹി. الفوز الكبير فى أصول التفسير (ഖുർആന്‍ വ്യാഖ്യാന നിദാനങ്ങളില്‍ മഹത്തായ വിജയം) എന്ന പേരില്‍ അദ്ദേഹം രചിച്ചിട്ടുള്ള ഗ്രന്ഥം- വലിപ്പത്തില്‍ അധികമൊന്നുമില്ലെങ്കിലും- ഉള്‍ക്കനവും ഉള്ളടക്കവും നോക്കുമ്പോള്‍, ഖുർആന്‍ വ്യാഖ്യാന രംഗത്ത് ഒരു മഹത്തായ നേട്ടമാണ്.
‘അറിയുക: ‘മുഹ്കം’ എന്നാല്‍, ഭാഷാപരിജ്ഞാനമുള്ളവന് ഒരേ ഒരു ആശയം (സാരം) അല്ലാതെ മനസ്സിലാക്കുവാന്‍ കഴിയാത്തതാകുന്നു. ആശയം മനസ്സിലാക്കുന്ന കാര്യത്തില്‍ പൂര്‍വ്വ അറബികളുടെ നിലപാടാണ് പരിഗണിക്കപ്പെടേണ്ടത്. അഥവാ, നമ്മുടെ കാലത്തുള്ള സൂക്ഷ്മ ഗവേഷകന്മാരുടെ നിലപാടല്ല. നിഷ്പ്രയോജനകരമായ സൂക്ഷ്മ ഗവേഷണം നടത്തല്‍ ഇന്നൊരു മഹാരോഗമായിത്തീര്‍ന്നിരിക്കുകയാണ്. അത് ‘മുഹ്കമി’നെ ‘മുതശാബിഹും’ അറിയപ്പെട്ടതിനെ അറിയപ്പെടാത്തതും ആക്കിത്തീര്‍ക്കുന്നു. ‘മുതശാബിഹ്’ എന്നാല്‍ രു (ഒന്നിലധികം) ആശയങ്ങള്‍ വരുവാന്‍ ഹിതമുള്ളതാകുന്നു. തുടര്‍ന്നുകൊണ്ട് ഒന്നിലധികം സാരങ്ങള്‍ വരുവാനുള്ള കാരണങ്ങളും, ഓരോന്നിനും ഉദാഹരണങ്ങളും ദഹ്‌ലവീ (رحمه الله) വിവരിച്ചിരിക്കുന്നു. അതിന്‍റെ ചുരുക്കം ഇതാണ് :- 1) ഒരു സര്‍വ്വനാമം (ضمير) കൊണ്ട് ഉദ്ദേശിക്കപ്പെടാവുന്ന നാമങ്ങള്‍ ( ( المراجع ഒന്നിലധികം ഉണ്ടായിരിക്കുക. ഉദാഹരണം: امرنى الامير ان العن فلانا لعنه لله ഇന്ന ആളെ ശപിക്കണമെന്ന് അമീര്‍ എന്നോട് കല്പിച്ചു. അല്ലാഹു അയാളെ ശപിക്കട്ടെ) ഈ വാക്യത്തില്‍ ‘അയാളെ’ എന്നുള്ള സര്‍വ്വനാമം കൊണ്ടുദ്ദേശ്യം, ‘ഇന്നവനും’ ‘അമീറും’ ആകാവുന്നതാണല്ലോ. 2) രണ്ടു അര്‍ത്ഥമുള്ള പദമായിരിക്കുക. ഉദാഹരണം لامستم (‘ലാമസ്തും’) കൈകൊണ്ട് സ്പര്‍ശിച്ചു എന്നും, സംയോഗംമൂലം സ്പര്‍ശിച്ചു എന്നും ഇതിനു അര്‍ത്ഥം വരും. 3) ഒന്നിനെ മറ്റൊന്നുമായി കൂട്ടിച്ചേര്‍ത്ത് ( عطف ചെയ്തു) പറയുമ്പോള്‍, അത് അടുത്തുള്ള വാക്കിനോടും, അകലത്തിലുള്ള വാക്കിനോടും ചേര്‍ന്നതായിരിക്കുവാന്‍ സാധ്യതയുണ്ടാവുക. ഉദാഹരണം: وامسحوا برؤسكم وارجل كم (നിങ്ങളുടെ തലകളെ തടവുകയും ചെയ്യുവിന്‍; നിങ്ങളുടെ കാലുകളും) ഇതിന്‍റെ മുമ്പ് മുഖവും, കൈയും കഴുകണമെന്ന് പറഞ്ഞിട്ടുണ്ട്, ആകയാല്‍ وارجلكم (കാലുകളും) എന്ന വാക്ക് മുഖങ്ങളോടും കൈകളോടും ചേര്‍ന്നതാണെന്ന് വെക്കുവാനും തലകളോട് ചേര്‍ന്നതാണെന്ന് വെക്കുവാനും തരമുണ്ട്. ഒന്നാമത്തേതനുസരിച്ച് (വുദ്വൂ ചെയ്യുമ്പോള്‍) മുഖവും കയ്യും പോലെ കാലും കഴുകണമെന്ന് വരുന്നു. അപ്പോള്‍ ( وارجُلَ كم ) (‘വഅര്‍ജുലക്കും’) എന്നാണ് വായിക്കുക, രാമത്തേതനുസരിച്ച് തലയെപ്പോലെ കാലും വെള്ളംകൊണ്ടു തടവിയാല്‍ മതിയാകുമെന്ന് വരും. ഇതനുസരിച്ചാണ് وارجُلِكم (‘വ അര്‍ജുലിക്കും’) എന്ന് ഇവിടെ വായിക്കപ്പെട്ടിട്ടുള്ളത്. 4) ഒരു വാക്ക് അതിനു മുമ്പുള്ള വാചകത്തോട് ചേര്‍ത്തു പറയപ്പെട്ടതോ ( المعطوف) അല്ലെങ്കില്‍ പുതുതായി ആരംഭിക്കുന്നതോ (المستأنف) ആയിരിക്കുവാന്‍ സാദ്ധ്യതയുണ്ടാവുക. ഇതിനു ഉദാഹരണമായി ദഹ്‌ലവി കാണിച്ചിരിക്കുന്നത് ഈ അധ്യായത്തിന്‍റെ ആരംഭത്തില്‍ നാം ഉദ്ധരിച്ച (ആലുഇംറാനിലെ 7-ാമത്തെ) ആയത്തിന്‍റെ തുടര്‍ന്നുള്ള ഭാഗമാകുന്നു. അതില്‍നിന്ന് നമുക്ക് ഇവിടെ പലതും മനസ്സിലാക്കേണ്ടതുള്ളതുകൊണ്ട് അതിനപ്പറ്റി പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇതാണ് ആയത്തിന്‍റെ ബാക്കി ഭാഗം:- وَمَا يَعْلَمُ تَأْوِيلَهُ إِلَّا اللَّهُ ۗ وَالرَّاسِخُونَ فِي الْعِلْمِ يَقُولُونَ آمَنَّا بِهِ كُلٌّ مِّنْ عِندِ رَبِّنَا ۗ وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ﴿٧﴾ رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ – آل عمران വായനക്കാര്‍ക്ക് വിഷയം മനസ്സിലാക്കുന്നതിനും വിവരണത്തിന്‍റെ സൗകര്യത്തിനും വേണ്ടി ഇതിലെ ഓരോ വാക്യവും അതിന്‍റെ സാരവും നമുക്ക് വെവ്വേറെ പരിശോധിക്കാം :- وَمَا يَعْلَمُ تَأْوِيلَهُ إِلَّا اللَّهُ (അതിന്‍റെ -പരസ്പര സാദൃശ്യമുള്ളതിന്‍റെ-വ്യാഖ്യാനം, അഥവാ പൊരുള്‍ അല്ലാഹു അല്ലാതെ അറിയുന്നതുമല്ല) ഈ വാക്യത്തിന്‍റെ തൊട്ട വാക്യം തുടങ്ങുന്നത് وَ (‘വ’) എന്ന അവ്യയം കൊണ്ടാണല്ലോ. ഈ അവ്യയം ആ വാക്യത്തെ അതിന്‍റെ മുമ്പത്തെ വാക്യത്തോടു ചേര്‍ത്തു പറയാനുള്ളത് ( عطف ചെയ്‌വാനുള്ള അവ്യയം) ആയിരിക്കാനിടയുണ്ട്. അപ്പോള്‍ രണ്ട് വാചകവും ചേര്‍ത്ത് ഇങ്ങിനെ വായിക്കാം. وَمَا يَعْلَمُ تَأْوِيلَهُ إِلَّا اللَّهُ وَالرَّاسِخُونَ فِي الْعِلْمِ (അതിന്‍റെ വ്യാഖ്യാനം, അഥവാ പൊരുള്‍ അല്ലാഹുവും, അറിവില്‍ അടിയുറച്ചവരുമല്ലാതെ അറിയുന്നതുമല്ല). ഇതനുസരിച്ച് ഈ വാക്യത്തിന്‍റെ അവസാനത്തില്‍ ( فِي الْعِلْمِ എന്നിടത്തു) ‘വക്വ്ഫ്’ (വിരാമം) വേണ്ടതാകുന്നു. പ്രസ്തുത അവ്യയം و പുതിയ വാചകത്തിന്‍റെ തുടക്കം കുറിക്കുവാനുള്ളതും ( استئناف ന്‍റെതും) ആയിരിക്കാവുന്നതാണ്. അപ്പോള്‍, ആദ്യത്തെ വാചകം الا لله (‘ഇല്ലല്ലാഹു’) എന്നിടത്ത് അവസാനിക്കുന്നു. അവിടെ വക്വ്ഫ് ചെയ്യുകയും വേണം. രണ്ടാമത്തെ വാചകം ഇങ്ങിനെ വായിക്കാം: وَالرَّاسِخُونَ فِي الْعِلْمِ يَقُولُونَ الخ (അറിവില്‍ അടിയുറച്ചവരാകട്ടെ, അവര്‍ പറയുകയും ചെയ്യും………) ‘വ്യാഖ്യാനം’ അഥവാ ‘പൊരുള്‍’ എന്ന് നാമിവിടെ അര്‍ത്ഥം കല്പിച്ചത് تأويل (‘തഅ്‌വീല്‍’) എന്ന പദത്തിനാണ്. ഇതിനു ‘വ്യാഖ്യാനം, വിവരണം’ എന്നിങ്ങിനെയും, ‘ആന്തരാര്‍ത്ഥം, പൊരുള്‍, കലാശം’ എന്നിങ്ങിനെയും അര്‍ത്ഥങ്ങള്‍ വരുന്നതാകുന്നു. അല്ലാഹുവിന് മാത്രം അറിയാവുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍കൊള്ളുന്ന ആയത്തു കള്‍ക്കാണ് ‘മുതശാബിഹ്’ എന്നുപറയുന്നതെന്ന അഭിപ്രായക്കാരും, ‘തഅ്‌വീലിന്’ രണ്ടാമത് കാണിച്ച അര്‍ത്ഥം നല്‍കുന്നവരും ഒന്നാമത്തെ വാചകം الا لله എന്നിടത്ത് അവസാനിപ്പിച്ച് വക്വ്ഫ് ചെയ്യുന്നു. ഒന്നിലധികം സാരങ്ങള്‍ വരാവുന്ന ആയത്തുകള്‍ക്കാണ് ‘മുതശാബിഹ്’ എന്ന് പറയുന്നതെന്ന അഭിപ്രായക്കാരും, ‘തഅ്‌വീലിന്’ നാം ആദ്യം കാണിച്ച അര്‍ത്ഥം കല്പിക്കുന്നവരും فى العلم എന്നിടത്തും അവസാനിപ്പിച്ചു വക്വ്ഫ് ചെയ്യുകയും, തുടര്‍ന്നുള്ള വാക്യം يقو لون (‘യക്വൂലൂന’) മുതല്‍ ആരംഭിക്കുകയും ചെയ്യുന്നു. ഈ രണ്ടു പ്രകാരത്തിലും വക്വ്ഫ് ചെയ്യുന്ന പണ്ഡിതന്മാര്‍ പലരും ഉണ്ട്. ഓരോരുത്തരും ഓരോ വീക്ഷണ കോണില്‍കൂടിയാണ് അപ്രകാരം ചെയ്യുന്നത്. ശാഹ്‌വലിയുല്ലാഹിദ്ദഹ്‌ലവീ (رحمه الله) ഈ വചനം ‘മുതശാബിഹി’നു ഉദാഹരണമായിക്കാട്ടിയത് വളരെ യുക്തമായിട്ടുണ്ടെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാമല്ലോ. എനി, നമുക്ക് ആയത്തിന്‍റെ ബാക്കി ഭാഗത്തിലേക്ക് പ്രവേശിക്കാം:- ‘ഹൃദയത്തില്‍ വക്രതയുള്ളവര്‍ മുതശാബിഹിന്‍റെ പിന്നാലെ കൂടി കുഴപ്പമുണ്ടാക്കുവാനും അതിന് വ്യാഖ്യാനം നല്‍കുവാനും ശ്രമിക്കുന്നതാണ്’ എന്ന് അല്ലാഹു ആദ്യം പറഞ്ഞുവല്ലോ. ‘എന്നാല്‍, അറിവില്‍ അടിയുറച്ച ആളുകള്‍, അഥവാ മതവിജ്ഞാനത്തില്‍ പടുത്വം നേടിയ പണ്ഡിതന്മാര്‍ ‘മുതശാബിഹു’കളായ ആയത്തിനെക്കുറിച്ച് എന്തുനില കൈക്കൊള്ളും? ഇതാണ് അല്ലാഹു അടുത്ത വാക്യത്തില്‍ പ്രസ്താവിക്കുന്നത്. يَقُولُونَ آمَنَّا بِهِ كُلٌّ مِّنْ عِندِ رَبِّنَا (അവര്‍ പറയും: ഞങ്ങള്‍ അതില്‍ വിശ്വസിച്ചു. എല്ലാം ഞങ്ങളുടെ റബ്ബിന്‍റെ പക്കല്‍നിന്നുള്ളതാണ്. എന്ന്. ഇതിനെപ്പറ്റി അല്ലാഹു ഇങ്ങിനെ പ്രശംസിക്കുന്നു: وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ (ബുദ്ധിമാന്മാരല്ലാതെ ഉറ്റാലോചിക്കുന്നതല്ല) അവര്‍ ഇങ്ങിനെ തുടര്‍ന്നു പ്രാര്‍ത്ഥനയും നടത്തും: رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ (ഞങ്ങളുടെ റബ്ബേ, ഞങ്ങളെ നീ സന്മാര്‍ഗത്തിലാക്കി തന്നിട്ടുള്ളതിനുശേഷം, ഞങ്ങളുടെ ഹൃദയങ്ങളെ തെറ്റിച്ചുകളയരുതേ! ഞങ്ങള്‍ക്ക് നിന്‍റെ പക്കല്‍ നിന്ന് നീ കാരുണ്യം പ്രദാനം ചെയ്യുകയും വേണമേ! നിശ്ചയമായും നീ തന്നെയാണ് വളരെ പ്രദാനം ചെയ്യുന്നവന്‍.) ഈ ആയത്തില്‍നിന്നും, മേല്‍ വിവരിച്ചതില്‍നിന്നുമായി നമുക്ക് പല സംഗതികളും ഗ്രഹിക്കാവുന്നതാണ്: 1) സുവ്യക്തവും സ്പഷ്ടവുമായ അര്‍ത്ഥോദ്ദേശ്യങ്ങളുള്ളത് (المحكم) എന്നും, അല്ലാഹുവിന് മാത്രം അന്തഃസാരങ്ങള്‍ അറിയാവുന്നത് -അല്ലെങ്കില്‍, അല്ലാഹുവിനും പാണ്ഡിത്യത്തില്‍ അടിയുറച്ച ബുദ്ധിമാന്മാര്‍ക്കും അറിയാവുന്നത്- ( المتشابه ) എന്നും, ഇങ്ങിനെ രണ്ടു തരം വചനങ്ങള്‍ ഖുർആനിലുണ്ട്. 2) ആദ്യത്തെതാണ് ഖുർആനിന്‍റെ മൂലപ്രധാനമായ ഭാഗം. അതുകൊണ്ട് അതിനെ അവലംബമാക്കിക്കൊണ്ടായിരിക്കണം എല്ലാ തത്വങ്ങളും കാര്യങ്ങളും തീരുമാനിക്കപ്പെടുന്നതും, വ്യാഖ്യാനിക്കപ്പെടുന്നതും. 3) ‘മുതശാബിഹ്’ വിഭാഗത്തില്‍പ്പെട്ട വാക്യങ്ങള്‍ക്ക് ‘മുഹ്കമി’ന്‍റെ അടിസ്ഥാനത്തിലുള്ള വ്യാഖ്യാനവും വിവരണവുമല്ലാതെ, അവയെപ്പറ്റി കൂടുതല്‍ ചുഴിഞ്ഞന്വേഷണം നടത്തുവാനോ, അവയുടെ സാക്ഷാല്‍ ഉദ്ദേശ്യം തിട്ടപ്പെടുത്തി കുടുസ്സാക്കി കൈകാര്യം ചെയ്യുവാനോ, പാടില്ലാത്തതാകുന്നു. 4) അങ്ങിനെ ചെയ്യുന്നപക്ഷം, അത് മതത്തില്‍ കുഴപ്പമുണ്ടാക്കലാണ്. ഹൃദയത്തില്‍ വക്രതയുള്ള – ദുരുദ്ദേശ്യവും കാപട്യവും ഉള്ള- ആളുകളായിരിക്കും അതിനു മുതിരുക. 5) പാണ്ഡിത്യവും വിവേകവുമുള്ളവര്‍ അവയുടെ യാഥാര്‍ത്ഥ്യങ്ങള്‍ കരണ്ടു നോക്കി വ്യാഖ്യാനിക്കുവാന്‍ മുതിരുകയില്ല. മാത്രമല്ല, അവര്‍ ഉറ്റാലോചിക്കുകയും, അവരുടെ പക്കല്‍ അബദ്ധം വന്നുപോകാതിരിക്കുന്നതിനും, കൂടുതല്‍ മാര്‍ഗദര്‍ശനം ലഭിക്കുന്നതിനും വേണ്ടി അല്ലാഹുവോട് പ്രാര്‍ത്ഥിക്കുകയും ചെയ്യും. 6) അവയുടെ ഉദ്ദേശ്യം തങ്ങള്‍ക്കു മനസ്സിലായാലും ഇല്ലെങ്കിലും ശരി, അതില്‍ അവര്‍ ശരിക്കും വിശ്വസിക്കുകയും യഥാര്‍ത്ഥം അല്ലാഹുവിങ്കലേക്ക് വിട്ടേക്കുകയും ചെയ്യും. ചുരുക്കത്തില്‍ ആയത്തിന്‍റെ സാരം ഇതാണ്. ഇബ്‌നു അബ്ബാസ് (رضي الله عنه) വിന്‍റെ മുകളിലുദ്ധരിച്ച ഒരു പ്രസ്താവന ഈ ആയത്തിന്‍റെ ഉള്ളടക്കത്തിലേക്ക് വെളിച്ചം വീശുന്നതാകകൊണ്ട് നമുക്ക് അതിവിടെ ഒന്ന് കൂടി സ്മരിക്കാം: ‘തഫ്‌സീര്‍ നാല് വിധത്തിലാണുള്ളത്. 1) അറബികള്‍ അവരുടെ ഭാഷയില്‍ നിന്ന് മനസ്സിലാക്കുന്ന തഫ്‌സീര്‍, 2) ആര്‍ക്കും അറിയാതിരിക്കുവാന്‍ നിവൃത്തിയില്ലാത്ത തഫ്‌സീര്‍, 3) പണ്ഡിതന്മാര്‍ക്ക് അറിയാവുന്ന തഫ്‌സീര്‍, 4) അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയാവതല്ലാത്ത തഫ്‌സീര്‍ ഇവയാണത്’. അഹ്മദ്, ബുഖാരി, മുസ്‌ലിം (رحمه الله) മുതലായവര്‍ ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീഥില്‍ ആഇശഃ (رضي الله عنها) പറയുന്നു: റസൂല്‍ തിരുമേനി (സ.അ) ഈ ആയത്ത് (ആലുഇംറാനില്‍ നിന്നും നാം ഉദ്ധരിച്ചു വിവരിച്ച വചനം) ഓതിക്കൊണ്ട് ഇങ്ങിനെ പ്രസ്താവിക്കുകയുണ്ടായി فاذا رأيتم الذين يتبعون ما تشابه منه فأولئك الذين سمى الله فاحذروهم ( അപ്പോള്‍ , അതില്‍ പരസ്പര സാദൃശ്യമുള്ളതിന്‍റെ പിന്നാലെ പോകുന്നവരെ നിങ്ങള്‍ കണ്ടാല്‍ അവരത്രെ, അല്ലാഹു (ഹൃദയത്തില്‍ വക്രതയുള്ളവരെന്ന്) പേരുവെച്ച കൂട്ടര്‍. ആകയാല്‍, നിങ്ങളവരെ സൂക്ഷിച്ചുകൊള്ളണം). അഹ്മദ് (رحمه الله) ന്‍റെ നിവേദനത്തിലെ വാക്കുകള്‍ ഇതാണ് : فاذا رأيتم الذين يجادلون فيه فهم الذين عنى الله فاحذروهم (അതുകൊണ്ട് അതില്‍ തര്‍ക്കം നടത്തുന്നവരെ നിങ്ങള്‍ കണ്ടാല്‍, അവരത്രെ അല്ലാഹു ഉദ്ദേശിച്ചവര്‍. ആകയാല്‍ നിങ്ങള്‍ അവരെ സൂക്ഷിച്ചുകൊള്ളണം). വാക്കര്‍ത്ഥങ്ങളിലാകട്ടെ, വാചകങ്ങളുടെ അര്‍ത്ഥത്തിലാകട്ടെ, അവയുടെ താല്‍പര്യങ്ങളിലാകട്ടെ, പരസ്പരം വ്യത്യസ്തങ്ങളായ ഒന്നിലധികം രൂപം വരാവുന്ന സന്ദര്‍ഭങ്ങളില്‍, ഉദ്ദേശ്യം ഇന്നതാണെന്ന് വ്യക്തമായി മനസ്സിലാക്കാവുന്ന മറ്റു ഖുർആന്‍ വാക്യങ്ങളില്‍നിന്നോ നബി വചനങ്ങളില്‍നിന്നോ, മുന്‍ഗാമികളായ പണ്ഡിതന്മാരുടെ വാക്യങ്ങളില്‍നിന്നോ അവയുടെ സാക്ഷാല്‍ ഉദ്ദേശ്യം കണ്ടുപിടിക്കുവാന്‍ ശ്രമിക്കേണ്ടതാകുന്നു. കണ്ടുകിട്ടാത്ത പക്ഷം, അവയുടെ സാരം ഇന്നതാണെന്ന് നിര്‍ണയിക്കുവാനും, കണക്കിലേറെ ഗവേഷണം നടത്തി ഏതെങ്കിലുമൊന്ന് ഉറപ്പിക്കുവാനും പാടില്ലാത്തതുമാകുന്നു. കവിഞ്ഞ പക്ഷം, ഇന്നിന്ന പ്രകാരത്തിലെല്ലാം അതിന്‍റെ അര്‍ത്ഥവും, ഉദ്ദേശ്യവും വരാവുന്നതാണെന്ന് പറഞ്ഞു മതിയാക്കുകയും, യഥാര്‍ത്ഥം അല്ലാഹുവിനറിയാമെന്ന് വെച്ച് വിട്ടേക്കുകയും ചെയ്യാവുന്നതാകുന്നു ومن الله التوفيق ശാഹ്‌വലിയ്യുല്ലാഹിദ്ദഹ്‌ലവി (رحمه الله) യുടെ ഒരു പ്രസ്താവനകൂടി ഇവിടെ സ്മരിക്കുന്നത് നന്നായിരിക്കും. അദ്ദേഹം പറയുന്നു: ‘മുതശാബിഹായ ആയത്തുകള്‍ക്ക് വ്യാഖ്യാനം നല്‍കുന്നതിലും, അല്ലാഹുവിന്‍റെ ഗുണവിശേഷണങ്ങളെ ( صفات الله ) വിവരിക്കുന്നതിലും ‘മുതകല്ലിമു’കള്‍ ( المتكلمون -വിശ്വാസ ശാസ്ത്രപണ്ഡിതന്മാര്‍) സ്വീകരിച്ചുവരുന്ന സമ്പ്രദായം എന്‍റെ അഭിപ്രായഗതിക്ക് നിരക്കാത്തതാണ്. ഇമാം മാലിക്, ഥൗരീ ( الثورى ) ഇബ്‌നുല്‍ മുബാറക് (رحمه الله) മുതലായവരുടെയും, പൗരാണിക പണ്ഡിതന്മാരുടെയും അഭിപ്രായഗതിയാണ് എനിക്കുമുള്ളത്. മുതശാബിഹായുള്ളതിനെ അവയുടെ ബാഹ്യാര്‍ത്ഥത്തില്‍ തന്നെ വിട്ടേക്കുക, അവയുടെ വ്യാഖ്യാനത്തില്‍ പൂണ്ടു പിടിക്കാതിരിക്കുക, (ഖുർആനില്‍ നിന്നു) കണ്ടുകിട്ടുന്ന മതവിധികളില്‍ തര്‍ക്കം നടത്താതിരിക്കുക, ഏതെങ്കിലും ഒരു പ്രത്യേക അഭിപ്രായഗതി ( المذھب ) മുറുകെ പിടിച്ചുകൊണ്ടു മറ്റുള്ളതെല്ലാം അവഗണിച്ചുകളയാതിരിക്കുക മുതലായവയത്രെ അത്. ഖുർആനില്‍ നിന്ന് അറിയപ്പെടുന്ന തെളിവുകളെ തള്ളിക്കളയുവാന്‍ ഉപായം പ്രയോഗിക്കുന്നതു ശരിയല്ല. അത് ഖുർആന്‍ കൊണ്ട് തട്ടിക്കളിക്കുന്ന ( ( التدارء بالقرآن കൂട്ടത്തില്‍ ഉള്‍പ്പെടുമെന്ന് ഞാന്‍ ഭയപ്പെടുന്നു.(*) ആയത്തുകള്‍ മനസ്സിലാക്കിത്തരുന്ന സാരങ്ങള്‍ എന്താണെന്നു അന്വേഷിക്കുക, സ്വന്തം അഭിപ്രായം അതിനോടു യോജിച്ചാലും ഇല്ലെങ്കിലും അത് അപ്പടി സ്വീകരിക്കുക, ഇതാണ് വേണ്ടത്. എന്നാല്‍, ഖുർആന്‍റെ ഭാഷയെ സംബന്ധിച്ചേടത്തോളം മുന്‍ഗാമികളായ അറബികളുടെ ഉപയോഗങ്ങളില്‍നിന്നാണത് മനസ്സിലാക്കേണ്ടത്. ഇതില്‍, സ്വഹാബികളുടെയും താബിഉകളുടെയും പ്രമാണങ്ങളെയാണ് സാര്‍വ്വത്രികമായ അവലംബമായി ഗണിക്കേണ്ടത്. ( الفوز الكبير ) കൂടുതല്‍ വിശദീകരണം ആലുംഇംറാന്‍ 7-ാം ആയത്തിന്‍റെ വിവരണത്തില്‍.
(*) ചില കര്‍മ ശാസ്ത്ര പണ്ഡിതന്മാര്‍ തങ്ങളുടെ ‘മദ്ഹബു ‘കളെ ന്യായീകരിക്കുവാന്‍ വേണ്ടി നടത്താറുള്ള നയോപായങ്ങളെ ഉദ്ദേശിച്ചാണ് ദഹല്‌വി (رحمه الله) ഉപായം പ്രയോഗിക്കുക ( التحيل ) എന്നു പറഞ്ഞത്. ഒരു ഖുർആന്‍ വചനത്തില്‍ നിന്നു ലഭിക്കുന്ന ഒരു വിധിയെ മറ്റൊരു വചനംകൊണ്ടു ഖണ്ഡിക്കുവാന്‍ നടത്തുന്ന പരിശ്രമത്തിനാണ് ഖുർആന്‍കൊണ്ടു തട്ടിക്കളിക്കുക ( التدارء بالقرآن ) എന്നു പറഞ്ഞത്. ഇതു ഹദീഥില്‍ പ്രത്യേകം വിരോധിച്ചി ട്ടുള്ളതാകുന്നു. വാസ്തവത്തില്‍ ഖുർആന്‍ വചനങ്ങള്‍ പരസ്പരം ബലപ്പെടുത്തുകയല്ലാതെ, ഒരിക്കലും ഒന്നൊന്നിനു വിരുദ്ധമായിരിക്കുകയില്ലല്ലോ. സ്വന്തം അഭിപ്രായങ്ങളെ സ്ഥാപിക്കുന്ന തല്‍പരകക്ഷികളായിരിക്കും ഈ ദുഷ്‌കൃത്യത്തിനു മുതിരുക എന്നുപറയേണ്ടതില്ല.