ആമുഖം

വ്യാഖ്യാനിക്കേണ്ടുന്ന രീതി
പ്രമുഖരായ ഖുർആന്‍ വ്യാഖ്യാതാക്കളുടെ കൂട്ടത്തില്‍ പലനിലക്കും പ്രസിദ്ധി നേടിയ രണ്ട് മഹാന്മാരാണ് ഇമാം ഇബ്‌നുജരീരിത്ത്വബ്‌രീ (رحمه الله) യും, ഇമാം ഇബ്‌നുകഥീറും (رحمه الله). ഇബ്‌നു ജരീര്‍ (رحمه الله) ഹിജ്‌റഃ 3-ാം നൂറ്റാണ്ടില്‍ ജീവിച്ച് 4-ാം നൂറ്റാിന്‍റെ ആദ്യത്തില്‍- ഹിജ്‌റഃ 310 ല്‍ അന്തരിച്ച ആളാണ്. ഖുർആന്‍ വ്യാഖ്യാനത്തില്‍ എന്നപോലെ ഹദീഥിലും, ഇസ്‌ലാം ചരിത്രത്തിലും ലോകപ്രസിദ്ധി നേടിയ ഒരു മഹാനാണദ്ദേഹം. ഖുർആന്‍റെയും ഹദീഥിന്‍റെയും അടിസ്ഥാനത്തില്‍ -സ്വഹാബികളുടെയും, താബിഉകളുടെയും വ്യാഖ്യാനങ്ങളെ മുമ്പില്‍വെച്ചു കൊണ്ടും, അഭിപ്രായവ്യത്യാസങ്ങളില്‍ ലക്ഷ്യസഹിതം പരിശോധിച്ചു വിധി കല്‍പ്പിച്ചുകൊണ്ടും – വിരചിതമായ ഒരു മഹല്‍ ഗ്രന്ഥമത്രെ അദ്ദേഹത്തിന്‍റെ പ്രസിദ്ധ തഫ്‌സീര്‍ ഗ്രന്ഥം ( جامع البيان فى تفسير ال قرآن ). "അതുപോലെയുള്ള ഒരു തഫ്‌സീര്‍ ഗ്രന്ഥം മറ്റാരാലും രചിക്കപ്പെടുകയുണ്ടായിട്ടില്ല എന്നകാര്യത്തില്‍ മുസ്‌ലിം സമുദായത്തിനിടയില്‍ ഭിന്നാഭിപ്രായമില്ല" എന്നാണ് ഇമാം നവവി (رحمه الله) അതിനെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത്. ഖുർആനും ഹദീഥും ധാരാളക്കണക്കിനുദ്ധരിച്ചുകൊണ്ടും, കാര്യകാരണ സഹിതം വിഷയങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടും- മുന്‍ഗാമികളായ മഹാന്മാരുടെ മാര്‍ഗത്തില്‍ നിന്നു ഒട്ടും വ്യതിചലിക്കാതെ- ഖുർആന്‍ വ്യാഖ്യാനിച്ച മദ്ധ്യകാല പണ്ഡിതനാണ് ഇബ്‌നുകഥീര്‍ (رحمه الله). ഇദ്ദേഹം ഹിജ്‌റഃ 774-ല്‍ അന്തരിച്ചു. അദ്ദേഹത്തിന്‍റെ തഫ്‌സീര്‍ ഗ്രന്ഥം ( تفسير القرآن العظيم ) പൂര്‍വ്വ നൂറ്റാണ്ടുകള്‍ക്കുശേഷം രചിക്കപ്പെട്ട തഫ്‌സീറുകളില്‍ പ്രധാനപ്പെട്ടതും, എല്ലാവരാലും അംഗീകരിക്കപ്പെട്ടതുമാകുന്നു. ഈ രണ്ടു മഹല്‍ഗ്രന്ഥങ്ങളുടെയും മുഖവുരകളില്‍ ആ മഹാന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ള വിഷയങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാകുന്നു. അവയിലെ പ്രസക്ത ഭാഗങ്ങളാണ് ഈ അധ്യായത്തില്‍ നാം പ്രധാനമായി അവലംബമാക്കുന്നത്. ഖുർആന്‍, ഹദീഥ്, സ്വഹാബികളുടെ വചനങ്ങള്‍ തുടങ്ങിയ തെളിവുകള്‍ നിരത്തിക്കാട്ടിക്കൊണ്ട് ഖുർആന്‍ വ്യാഖ്യാന സംബന്ധമായ പല കാര്യങ്ങളെക്കുറിച്ചും -കാര്യകാരണത്തോടുകൂടി- സുദീര്‍ഘം സംസാരിച്ചശേഷം ഇബ്‌നുജരീര്‍ (رحمه الله) പ്രസ്താവിച്ച ചില വരികളുടെ സംഗ്രഹം ഇപ്രകാരമാകുന്നു:- "ഖുർആന്‍ വ്യാഖ്യാനം ചെയ്യുന്നതിന്‍റെ പല വശങ്ങളെക്കുറിച്ചും നാം ഇതിനു മുമ്പ് സംസാരിച്ചു. ഖുർആന്‍റെ വ്യാഖ്യാനം മൊത്തത്തില്‍ ഇങ്ങിനെ മൂന്നു വിധത്തിലാണെന്നും നാം പ്രസ്താവിച്ചു. അതിലൊന്ന്: അല്ലാഹുവിനു മാത്രം അറിയാവുന്നതും, മറ്റാര്‍ക്കും അറിയുവാന്‍ കഴിയാത്തതുമാകുന്നു. അന്ത്യഘട്ടത്തിന്‍റെ (ക്വിയാമത്തു നാളിന്‍റെ) സമയം, ഈസാ (عليه السلام) ഇറങ്ങിവരുന്ന സമയം, കാഹളത്തില്‍ ഊതുന്ന സമയം എന്നിങ്ങനെ വരാനിരിക്കുന്ന സംഭവങ്ങളുടെ സമയങ്ങളും അതുപോലെയുള്ള മറ്റുകാര്യങ്ങളുമാണിത്. രണ്ടാമത്തേത്: നബി (ﷺ) ക്ക് മാത്രം അല്ലാഹു അറിയിച്ചുകൊടുത്തിട്ടുള്ളതും, ജനങ്ങളില്‍ മറ്റാര്‍ക്കും അറിയുവാന്‍ കഴിയാത്തതുമായ കാര്യങ്ങളാകുന്നു. അതായത്: നബി തിരുമേനി (ﷺ) വിവരിച്ചുകൊടുക്കാതെ ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാത്തവ (മതവിധികള്‍, ശിക്ഷാനിയമങ്ങള്‍, അനുഷ്ഠാനക്രമങ്ങള്‍ മുതലായവ). മൂന്നാമത്തേത്: ഖുർആന്‍ അവതരിച്ച ഭാഷ അറിയുന്നവര്‍ക്ക് ഗ്രഹിക്കാവുന്നത്. എന്നുവെച്ചാല്‍, അറബിഭാഷയും, അതിന്‍റെ വ്യാകരണവും അറിയുന്നവര്‍ക്ക് മാത്രം ഗ്രഹിക്കാവുന്നത്. "യഥാര്‍ത്ഥം ഇതാണെങ്കില്‍, ജനങ്ങള്‍ക്ക് അറിയുവാന്‍ സാധ്യമായ വശങ്ങളെ വ്യാഖ്യാനിക്കുന്നതില്‍ സത്യത്തോടു യോജിക്കുവാന്‍ ഏറ്റവും അവകാശപ്പെട്ടവരും, ഏറ്റവും വ്യക്തമായ തെളിവുകള്‍ സഹിതം വ്യാഖ്യാന വിവരണം നല്‍കുന്നവരും ഇങ്ങിനെയുള്ളവരായിരിക്കും: അതായത് നബി (ﷺ) യില്‍ നിന്ന് വ്യാഖ്യാനം ലഭിക്കേണ്ട വിഷയത്തില്‍, നബി (ﷺ) യുടെ ഹദീഥുകള്‍ വഴി കൂടുതല്‍ തെളിവു നല്‍കുന്നവര്‍. പലമാര്‍ഗങ്ങളില്‍ കൂടിയും പ്രസിദ്ധമായ ഹദീഥുകളെ ഉദ്ധരിച്ചോ, അല്ലെങ്കില്‍ വിശ്വസ്തരും, മര്യാദക്കാരുമായ നിവേദകന്മാരില്‍ നിന്നു ഉദ്ധരിച്ചോ ഇത് ചെയ്യാം. അല്ലാത്തപക്ഷം ഹദീഥുകളുടെ ബലാബലം പരിശോധിക്കുന്നതിന് നിശ്ചയിക്ക പ്പെട്ടിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലും ഇത് ചെയ്യാവുന്നതാണ്. ഭാഷാജ്ഞാനങ്ങള്‍ വഴി ലഭിക്കാവുന്ന വ്യാഖ്യാനങ്ങളില്‍, ഭാഷക്കാരുടെ പ്രസിദ്ധ കവിതകളില്‍ നിന്നോ, അവര്‍ക്കിടയില്‍ സുപരിചിതമായ സംസാരശൈലികളില്‍ നിന്നോ സാക്ഷ്യം നല്‍കിക്കൊണ്ടായിരിക്കണം വ്യാഖ്യാനിക്കുന്നത്. മുന്‍ഗാമികളായ സ്വഹാബികള്‍, ഇമാമുകള്‍, പിന്‍ഗാമികളായ താബിഉകള്‍, സമുദായത്തിലെ പണ്ഡിതന്മാര്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ക്ക് പുറത്തുപോകാതിരിക്കുന്നപക്ഷം- ഇങ്ങിനെയുള്ള വ്യാഖ്യാനം ആരുടെതായിരുന്നാലും ശരി-ആ വിവരണവും, വ്യാഖ്യാനവും കൊള്ളാവുന്നതാകുന്നു". (തഫ്‌സീര്‍ ഇബ്‌നുജരീര്‍ വാ: 1 പേ: 21). ഇനി, ഇബ്‌നുകഥീര്‍ (رحمه الله) ചെയ്ത പ്രസ്താവനയിലെ പ്രസക്ത ഭാഗങ്ങള്‍ പരിശോധിക്കാം. അദ്ദേഹം പറയുന്നു:- "ഖുർആന്‍ വ്യാഖ്യാനിക്കുന്ന മാര്‍ഗങ്ങളില്‍ വെച്ച് ഏറ്റവും നല്ല മാര്‍ഗം ഏതാണെന്ന് ചോദിച്ചാല്‍ ഇങ്ങിനെ മറുപടി പറയാം:- ഏറ്റവും നല്ല മാര്‍ഗമിതാണ്: ഖുർആന്‍ കൊണ്ട് തന്നെ അതിനെ വ്യാഖ്യാനിക്കുക. ഒരിടത്ത് സാമാന്യമായി ചുരുക്കിപ്പറഞ്ഞ വിഷയം മറ്റൊരിടത്ത് വിശദീകരിച്ചു പറഞ്ഞിരിക്കും. അതിനു സാധ്യമാകാതെ വന്നാല്‍, നീ സുന്നത്തിനെ മുറുകെ പിടിച്ചുകൊള്ളുക. അത് ഖുർആനെ വിവരിച്ചുതരുന്നതും, വ്യക്തമാക്കിത്തരുന്നതുമാണ്. അത്രയുമല്ല, നബി (ﷺ) ഏതെല്ലാം കാര്യം വിധിച്ചിട്ടുണ്ടോ അതെല്ലാം തന്നെ, തിരുമേനി ഖുർആനില്‍ നിന്ന് ഗ്രഹിച്ചതാണ് എന്നത്രെ ഇമാം ശാഫിഈ (رحمه الله) പറയുന്നത്. അല്ലാഹു പറയുന്നു: إِنَّا أَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ بِمَا أَرَاكَ اللَّهُ ۚ وَلَا تَكُن لِّلْخَائِنِينَ خَصِيمًا – النساء ١٠٥ (നിനക്ക് അല്ലാഹു കാണിച്ചു -മനസ്സിലാക്കി- തന്നിട്ടുള്ളത് കൊണ്ട് ജനങ്ങള്‍ക്കിടയില്‍ നീ വിധി നടത്തുവാനായി നാം നിനക്ക് യഥാര്‍ത്ഥ പ്രകാരം വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു. നീ ചതിയന്മാര്‍ക്ക്‌ വേണ്ടി തര്‍ക്കം നടത്തുന്നവനാകരുത്). അല്ലാഹു വീണ്ടും പറയുന്നു: وَمَا أَنزَلْنَا عَلَيْكَ الْكِتَابَ إِلَّا لِتُبَيِّنَ لَهُمُ الَّذِي اخْتَلَفُوا فِيهِ ۙ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ – النحل ٦٤ (അവര്‍ യാതൊന്നില്‍ ഭിന്നിച്ചിരിക്കുന്നുവോ അത് നീ അവര്‍ക്കു വിവരിച്ചുകൊടുക്കുവാന്‍ വേണ്ടിയും, വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമായിക്കൊണ്ടും അല്ലാതെ, നാം നിന്‍റെമേല്‍ വേദഗ്രന്ഥം അവതരിപ്പിച്ചിട്ടില്ല). وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ (മനുഷ്യര്‍ക്ക് ഇറക്കപ്പെട്ടിട്ടുള്ളത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കുവാന്‍ വേണ്ടിയും അവര്‍ ചിന്തിച്ചേക്കുവാന്‍ വേണ്ടിയും നാം നിനക്ക് പ്രമാണം -ഖുർആന്‍-അവതരിപ്പിച്ചിരിക്കുന്നു). "ഇത്‌കൊണ്ടാണ് റസൂല്‍ (ﷺ) ഇപ്രകാരം അരുള്‍ചെയ്തത്: الا انى اوتيت القرآن ومثلھ معھ – ابوداود وابن ماجھ (അറിയുക: എനിക്ക് ഖുർആനും, അതോടൊപ്പം അത്രയും കൂടി നല്കപ്പെട്ടിരിക്കുന്നു). തിരുമേനിയുടെ സുന്നത്താണ് ഇതുകൊണ്ടുദ്ദേശ്യം. വാസ്തവത്തില്‍, സുന്നത്തും നബി (ﷺ) ക്ക് ലഭിക്കുന്ന വഹ്‌യ്തന്നെയാണ്. പക്ഷേ, ഖുർആന്‍ (വേദഗ്രന്ഥമെന്ന നിലക്ക്) പാരായണം ചെയ്യപ്പെടുന്നു. സുന്നത്ത് (ആ നിലക്ക്) പാരായണം ചെയ്യപ്പെടുന്നില്ല. ഈ വസ്തുത അനേകം ലക്ഷ്യങ്ങള്‍ മുഖേന ഇമാം ശാഫിഈ (رحمه الله) മുതലായ മഹാന്മാര്‍ തെളിയിച്ചിട്ടുള്ളതാണ്. അത് വിവരിക്കേണ്ട സ്ഥാനം ഇതല്ല. ഖുർആന്‍റെ വ്യാഖ്യാനം ഖുർആനില്‍ നിന്ന്തന്നെ അന്വേഷിക്കുക, ലഭിക്കാത്ത പക്ഷം സുന്നത്തില്‍ നിന്നും. ഇതാണിവിടെ പറയുവാനുള്ളത്. "മുആദ് ( معاذ – رض )നെ യമനിലേക്ക് അയച്ചപ്പോള്‍ നബി (ﷺ) അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചത് ഇങ്ങിനെയായിരുന്നു. തിരുമേനി അദ്ദേഹത്തോട് ചോദിച്ചു: നീ ഏതനുസരിച്ചു വിധിക്കും? അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ കിതാബനുസരിച്ച്. തിരുമേനി: അല്ലാഹുവിന്‍റെ കിതാബില്‍ നീ കണ്ടില്ലെങ്കിലോ? മുആദ്:എന്നാല്‍ അല്ലാഹുവിന്‍റെ റസൂലിന്‍റെ സുന്നത്തനുസരിച്ച്. തിരുമേനി: (അതിലും) കണ്ടില്ലെങ്കിലോ? അദ്ദേഹം പറഞ്ഞു: ഞാന്‍ എന്‍റെ അഭിപ്രായം ആരായും. അപ്പോള്‍ തിരുമേനി അദ്ദേഹത്തിന്‍റെ നെഞ്ചില്‍ (സന്തോഷപൂര്‍വ്വം) കൊട്ടിക്കൊണ്ട് ഇങ്ങിനെ പറഞ്ഞു: അല്ലാഹുവിന്‍റെ റസൂല്‍ തൃപ്തിപ്പെടുന്ന കാര്യത്തിലേക്ക് അല്ലാഹുവിന്‍റെ റസൂലിന്‍റെ ദൂതന് ഉതവിചെയ്ത അല്ലാഹുവിന് സര്‍വ്വസ്തുതിയും! ഈ ഹദീഥ് പല ഹദീഥ്ഗ്രന്ഥങ്ങളിലും ഉദ്ധരിക്കപ്പെട്ടിട്ടുള്ളതും, നിവേദന പരമ്പര നല്ലതാണെന്ന് സ്ഥിരപ്പെട്ടിട്ടുള്ളതുമാണ്.(*)
(*) അബൂദാവൂദ്, തിര്‍മദീ, ദാരിമി (رحمه الله) എന്നിവര്‍ ഉദ്ധരിച്ച പ്രസിദ്ധമായ ഒരു ഹദീഥാണിത്. ഇത് മുമ്പൊരിക്കല്‍ ഉദ്ധരിച്ചിട്ടുണ്ട്.
"ഖുർആനിലും, സുന്നത്തിലും വ്യാഖ്യാനം കണ്ടെത്താത്തപ്പോള്‍ നാം സ്വഹാബികളുടെ വചനങ്ങളിലേക്ക് മടങ്ങണം. മറ്റാര്‍ക്കും കൈവന്നിട്ടില്ലാത്ത അവസരങ്ങളും സന്ദര്‍ഭങ്ങളും ലഭിച്ചവരാണല്ലോ അവര്‍. തികഞ്ഞ ബുദ്ധി ശക്തിയും, യഥാര്‍ത്ഥമായ വിജ്ഞാനവും സല്‍ക്കര്‍മശീലവും അവര്‍ക്ക് – അവരില്‍ നിന്നുള്ള പണ്ഡിത ന്മാരായ മഹാന്മാര്‍ക്ക് പ്രത്യേകിച്ചും- നല്‍കപ്പെട്ടിട്ടുമുണ്ട്. ഇബ്‌നുമസ്ഊദ് (رضي الله عنه) പ്രസ്താവിച്ചതായി ഇബ്‌നുജരീര്‍ (رحمه الله) ഇങ്ങിനെ ഉദ്ധരിച്ചിരിക്കുന്നു: "താനല്ലാതെ മറ്റൊരു ഇലാഹും ഇല്ലാത്തവനായ അല്ലാഹു തന്നെയാണ! അല്ലാഹുവിന്‍റെ കിതാബിലെ ഏതൊരു ആയത്തും ആരുടെ കാര്യത്തില്‍ അവതരിച്ചുവെന്നും എവിടെ വെച്ച് അവതരിച്ചുവെന്നും എനിക്ക് നല്ലപോലെ അറിയാത്തതായിട്ടില്ല. അല്ലാഹുവിന്‍റെ കിതാബിനെ പറ്റി എന്നെക്കാള്‍ അറിയുന്ന ഒരാള്‍, വാഹനം ചെന്നെത്താവുന്ന വല്ല സ്ഥലത്തും ഉണ്ടെങ്കില്‍ ഞാന്‍ അദ്ദേഹത്തിന്‍റെ അടുക്കലേക്ക് പോകുമായിരുന്നു" ഇബ്‌നു മസ്ഊദ് (رضي الله عنه) ല്‍ നിന്ന് അഅ്മശ് ( الاعمش – رح ) ഉദ്ധരിക്കുന്നു : "ഞങ്ങളില്‍ – സ്വഹാബികളില്‍- ഒരാള്‍ ഒരു പത്ത് ആയത്ത് പഠിച്ചാല്‍, അവയുടെ സാരങ്ങളും, അവയനുസരിച്ചുള്ള പ്രവര്‍ത്തനവും മനസ്സിലാക്കാതെ അതിനപ്പുറം കടക്കുകയില്ലായിരുന്നു". അബൂഅബ്ദിര്‍ റഹ്മാന്‍ സലമീ (رحمه الله) പറയുന്നു: "ഞങ്ങള്‍ക്ക് ഖുർആന്‍ ഓതിത്തരുന്നവര്‍ (സ്വഹാബികള്‍) ഞങ്ങളോട് ഇപ്രകാരം പറഞ്ഞിട്ടുണ്ട്: വ്യാഖ്യാനിക്കേണ്ടുന്ന രീതി നബി (ﷺ) യില്‍ നിന്ന് തങ്ങള്‍ ഖുർആന്‍ ഓതിക്കേട്ടിരുന്നു. പത്ത് ആയത്തുകള്‍ പഠിച്ചാല്‍, അവയില്‍ അടങ്ങിയ കാര്യം പ്രവര്‍ത്തനത്തില്‍ കൊണ്ടുവരാതെ അവയുടെ പുറകെ വേറെ ആയത്തുകള്‍ ഞങ്ങള്‍ പഠിക്കുകയില്ല. അങ്ങനെ, ഖുർആനും അതനുസരിച്ചുള്ള പ്രവര്‍ത്തനവും ഒന്നിച്ചുതന്നെ ഞങ്ങള്‍ പഠിച്ചു". ഇബ്‌നു കഥീര്‍ (رحمه الله) തുടരുന്നു: "സ്വഹാബികളില്‍ ഖുർആനിനെ പറ്റി കൂടുതല്‍ അറിയുന്നവരുടെ കൂട്ടത്തില്‍ ഒരാളാണ് തിരുമേനിയുടെ പിതൃവ്യപുത്രന്‍ അബ്ദുല്ലാഹിബ്‌നു അബ്ബാസ് (رحمه الله). തിരുമേനിയുടെ പ്രാര്‍ത്ഥനാ ഫലമായി "തര്‍ജുമാനുല്‍ ഖുർആന്‍" ( ترجمان ال قرآن ) ഖുർആന്‍ വ്യാഖ്യാതാവ് എന്ന പേരില്‍ അദ്ദേഹം പ്രസിദ്ധനായി. "അല്ലാഹുവേ, ഇവന് മതത്തില്‍ വിജ്ഞാനം നല്‍കുകയും, വ്യാഖ്യാനം പഠിപ്പിക്കുകയും വേണമേ! ( اللھم فقھھ فى ا لدين وعلمھ التأويل ) എന്നു തിരുമേനി അദ്ദേഹത്തിനുവേണ്ടി "ദുആ" ചെയ്തിരുന്നു. അദ്ദേഹത്തെക്കുറിച്ച് ഇബ്‌നുമസ്ഊദ് (رضي الله عنه) ഖുർആന്‍റെ വളരെ നല്ല ഒരഭിഭാഷകനാണ് ഇബ്‌നുഅബ്ബാസ്" എന്ന് പറഞ്ഞിരിക്കുന്നു. ഹിജ്‌റഃ 23 ലാണ് ഇബ്‌നുമസ്ഊദ് (رضي الله عنه) ന്‍റെ വിയോഗം. അതിനു ശേഷം ഇബ്‌നു അബ്ബാസ് (رضي الله عنه) 36 കൊല്ലം ജീവിച്ചിരുന്നിട്ടുണ്ട്. അപ്പോള്‍ ഇബ്‌നുമസ്ഊദ് (رضي الله عنه) നു ശേഷവും അദ്ദേഹം എത്രയോ വിജ്ഞാനങ്ങള്‍ കരസ്ഥമാക്കിയിരിക്കുമല്ലോ. അലി (رضي الله عنه) ഒരിക്കല്‍ അദ്ദേഹത്തെ ഹജ്ജിന്‍റെ അമീറായി നിശ്ചയിച്ചിരുന്നു. അന്ന് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ സൂറത്തുല്‍ ബക്വറഃ-സൂറത്തുന്നൂറാണെന്നും ഒരു രിവായത്തുണ്ട്- ഓതി വ്യാഖ്യാനിക്കുകയുണ്ടായി. റോമക്കാരും, തുര്‍ക്കികളും, ദൈലമു (*) കാരും ആ വ്യാഖ്യാനം കേട്ടിരുന്നുവെങ്കില്‍ അവരെല്ലാം ഇസ്‌ലാമില്‍ വരുമായിരുന്നു" എന്നിങ്ങിനെ അബൂവാഇല്‍ (رحمه الله) പ്രസ്താവിച്ചിരിക്കുന്നു. "ഇങ്ങിനെയുള്ള കാരണങ്ങള്‍കൊണ്ടാണ് ഇസ്മാഈല്‍(**) സുദ്ദീ (رحمه الله) അദ്ദേഹത്തിന്‍റെ തഫ്‌സീറില്‍ ഉദ്ധരിക്കുന്ന മിക്ക വ്യാഖ്യാനങ്ങളും ഇബ്‌നുമസ്ഊദ് (رضي الله عنه), ഇബ്‌നു അബ്ബാസ് (رضي الله عنه) എന്നീ രണ്ടു പേരില്‍നിന്ന് വന്നിട്ടുള്ള വ്യാഖ്യാനങ്ങളായത്. എങ്കിലും, വേദക്കാരില്‍ നിന്ന് ഉദ്ധരിച്ചുകൊള്ളുവാന്‍ നബി (ﷺ) അനുവദിച്ച ഇനത്തില്‍പ്പെട്ട ചില പ്രസ്താവനകള്‍ സ്വഹാബികള്‍ മുഖേന ലഭിച്ചിട്ടുള്ളതും അദ്ദേഹം -സുദ്ദീ (رحمه الله)- ചിലപ്പോള്‍ ഉദ്ധരിക്കാറുണ്ട്. തിരുമേനി അരുളിയത് ഇതാണ് : عَنِّي وَلَوْ آيَةً وَحَدِّثُوا عَنْ بَنِي إِسْرَائِيلَ وَلَا حَرَجَ وَمَنْ كَذَبَ عَلَيَّ مُتَعَمِّدًا فَلْيَتَبَوَّأْ مَقْعَدَهُ مِنْ النَّار – البخاري (ഒരു ആയത്തായിരുന്നാല്‍ പോലും നിങ്ങള്‍ എന്നില്‍ നിന്നും- മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കണം. ഇസ്‌റാഈല്യരില്‍ നിന്ന് ഉദ്ധരിക്കാം, വിരോധമില്ല. ആരെങ്കിലും എന്‍റെ മേല്‍ കരുതിക്കൂട്ടി കളവ് പറയുന്ന പക്ഷം അവന്‍ നരകത്തിലുള്ള തന്‍റെ ഇരിപ്പിടം കാത്തിരുന്നുകൊള്ളട്ടെ -ബു.) ഈ ഹദീഥ് ഇബ്‌നുഉമര്‍ (رضي الله عنه) ഉദ്ധരിച്ചതാണ്. വേദക്കാരില്‍ നിന്ന് വാര്‍ത്തകള്‍ ഉദ്ധരിക്കാമെന്ന് അദ്ദേഹം ഈ ഹദീഥില്‍ നിന്ന് മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ടാണ് യര്‍മൂക് യുദ്ധത്തില്‍ വെച്ച് വേദക്കാരുടെ ചില ഗ്രന്ഥക്കെട്ടുകള്‍ അദ്ദേഹത്തിന് കിട്ടിയശേഷം അതില്‍ നിന്ന് അദ്ദേഹം വര്‍ത്തമാനങ്ങള്‍ ഉദ്ധരിച്ചു വന്നിരുന്നത്.
(*) കാസ്പിയന്‍ കടലിന്‍റെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഗീലാനി ( جيلان ) ലെ മലമ്പ്രദേശം. (**) اسماعيل بن عبد الرحمن السدي الكبير – رح
"എന്നാല്‍, ഇസ്‌റാഈലീ വാര്‍ത്തകള്‍ (വേദക്കാരില്‍ നിന്ന് ലഭിക്കുന്ന വാര്‍ത്തകള്‍) ഉദ്ധരിക്കുന്നത് അതുമുഖേന വിഷയങ്ങളെ സ്ഥിരപ്പെടുത്തുവാന്‍ വേണ്ടിയല്ല, സാക്ഷ്യപ്പെടുത്തുവാന്‍ വേണ്ടി മാത്രമാകുന്നു. കാരണം, ഇസ്‌റാഈലീ വാര്‍ത്തകള്‍ ഈ മൂന്നില്‍ ഒരു പ്രകാരമുള്ളവയായിരിക്കും: 1 ) നമ്മുടെ കൈവശമുളള രേഖകളാല്‍ സത്യമാണെന്ന് നമുക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നവ. ഇത് ശരിയായിട്ടുള്ളത്തന്നെ. 2) എതിരായ രേഖകള്‍ നമ്മുടെ കൈവശമുള്ളതിനാല്‍, കളവാണെന്ന് നമുക്ക് മനസ്സിലാക്കാവുന്നത്. 3) സത്യമെന്നോ അസത്യമെന്നോ അറിയത്തക്ക തെളിവില്ലാത്തവ. ഇത് നമുക്ക് വിശ്വസിക്കുവാനോ, കളവാക്കി തള്ളുവാനോ നിവൃത്തിയില്ല. മേല്‍ പറഞ്ഞ ആവശ്യാര്‍ത്ഥം (സാക്ഷ്യപ്പെടുത്തുവാന്‍ വേണ്ടി) അത് ഉദ്ധരിക്കാവുന്നതാണ്. ഇത്തരം ഉദ്ധരണികളാകട്ടെ, മിക്കവാറും മതസംബന്ധമായി യാതൊരു പ്രയോജനവും നല്‍കാത്തവയുമായിരിക്കും. വേദക്കാരായ പണ്ഡിതന്മാര്‍ക്കിടയില്‍ തന്നെ, ഈ വിഭാഗത്തില്‍ വളരെ ഭിന്നിപ്പുകള്‍ കാണുന്നതും അതുകൊണ്ടാണ്. അതേ കാരണത്താല്‍, ഖുർആന്‍ വ്യാഖ്യാതാക്കള്‍ക്കിടയിലും അതില്‍ ഭിന്നാഭിപ്രായം ഉണ്ടായിക്കൊണ്ടിരിക്കും. "അസ്വ്ഹാബുല്‍ കഹ്ഫി"ന്‍റെ (ഗുഹാവാസികളുടെ) എണ്ണം, പേര്, അവരുടെ നായയുടെ വര്‍ണം, മൂസാ നബി (عليه السلام)യുടെ വടി ഏത് വൃക്ഷത്തില്‍ നിന്നുള്ളതായിരുന്നു, ഇബ്‌റാഹീം നബി (عليه السلام)ക്ക് അല്ലാഹു ജീവിപ്പിച്ചു കൊടുത്ത പക്ഷികള്‍ ഏതെല്ലാമായിരുന്നു, മൂസാ (عليه السلام) അല്ലാഹുവിന്‍റെ സംസാരം കേട്ടത് ഏത് വൃക്ഷത്തിങ്കല്‍ നിന്നാണ് എന്നിങ്ങനെ ഖുർആനില്‍ വ്യക്തമാക്കിയിട്ടില്ലാത്ത വിഷയങ്ങളില്‍ കാണപ്പെടുന്ന പ്രസ്താവനകളെല്ലാം ഈ ഇനത്തില്‍- സത്യമോ അസത്യമോ എന്ന് നിര്‍ണയിക്കുവാന്‍ കഴിയാത്തതും പ്രയോജനമില്ലാത്തതുമായ ഇസ്‌റാഈലീ വാര്‍ത്തകളില്‍- ഉള്‍പ്പെട്ടതാകുന്നു. "ഇസ്‌റാഈല്യരില്‍ നിന്ന് ഇങ്ങിനെ ഭിന്നമായ പ്രസ്താവനകള്‍ ഉദ്ധരിക്കുന്നതിന് തെറ്റില്ലെന്ന് ഖുർആന്‍ മുഖേനതന്നെ മനസ്സിലാക്കാവുന്നതാണ്. അല്ലാഹു പറയുന്നു: ………. سَيَقُولُونَ ثَلَاثَةٌ رَّابعُهُمْ كَلْبُهُمْ – الكهف (അവര്‍, ഗുഹാവാസികള്‍ -മൂന്നാളാണ്, അവരില്‍ നാലാമത്തേത് അവരുടെ നായയാണ് എന്ന് അവര്‍ പറയും. അഞ്ചാളാണ്, ആറാമത്തേത് അവരുടെ നായയാണ് എന്നും പറയും. അദൃശ്യകാര്യത്തില്‍ ഊഹപ്രകടനം നടത്തുകയത്രെ (അവര്‍ ചെയ്യുന്നത്)! ഏഴു പേരാണ്, എട്ടാമത്തേത് അവരുടെ നായയാണ് എന്നും പറയുന്നു. (നബിയേ) പറയുക: അവരുടെ എണ്ണത്തെക്കുറിച്ച് എന്‍റെ റബ്ബ് ശരിക്കറിയുന്നവനാകുന്നു. അല്പം ആളുകളല്ലാതെ അവരെക്കുറിച്ച് അറിയുന്നതല്ല. എന്നിരിക്കെ അവരുടെ കാര്യത്തില്‍ പ്രത്യക്ഷത്തിലുള്ള ഒരു തര്‍ക്കമല്ലാതെ നീ തര്‍ക്കിക്കരുത്. അവരുടെ കാര്യത്തില്‍, ഇവരില്‍ ഒരാളോടും നീ തീരുമാനമാവശ്യപ്പെടുകയും ചെയ്യരുത്" (അല്‍കഹ്ഫ് : 22). "ഇസ്‌റാഈലീ വാര്‍ത്തകളെ സംബന്ധിച്ച് നാം ഗൗനിക്കേണ്ട കാര്യങ്ങളെല്ലാം അല്ലാഹു ഈ വചനത്തില്‍ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. മൂന്നു അഭിപ്രായങ്ങളെ അല്ലാഹു ഇതില്‍ ഉദ്ധരിച്ചു. ആദ്യത്തെ രണ്ടും (ഊഹപ്രകടനമാണെന്ന് പറഞ്ഞ്) ബലഹീനമാക്കിക്കാണിച്ചു. മൂന്നാമത്തേതിനെപ്പറ്റി ശരിയോ തെറ്റോ എന്നു വ്യക്തമാക്കാതെ- മൗനമവലംബിച്ചു. അപ്പോള്‍, ഈ അഭിപ്രായം ശരിയായിരിക്കുമെന്ന് വരുന്നു. കാരണം, ഇതും തെറ്റായിരുന്നുവെങ്കില്‍, ഇതിനെപ്പറ്റിയും അത് തെറ്റാണെന്ന് ഉണര്‍ത്തേണ്ടിയിരുന്നു. ഏതായാലും അവരുടെ എണ്ണം അറിയുന്നതില്‍ വലിയ പ്രയോജനമൊന്നും ഇല്ലെന്നും അല്ലാഹു ഓര്‍മപ്പെടുത്തി. അവരുടെ എണ്ണം അല്ലാഹുവിന് നല്ലവണ്ണം അറിയാമെന്നും, അവരെപ്പറ്റി അറിയുന്നവര്‍ അല്പം ആളുകളേയുള്ളൂ എന്നും, അക്കാര്യത്തില്‍ പ്രയോജനമില്ലാത്ത തര്‍ക്കത്തിന് മുതിരേണ്ടതില്ലെന്നും പ്രസ്താവിച്ചു. ഇങ്ങിനെയുള്ള അഭിപ്രായ വ്യത്യാസങ്ങളിലെല്ലാം നാം കൈക്കൊള്ളേണ്ടതെന്താണെന്ന് ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതാകുന്നു. അതെ, അഭിപ്രായങ്ങളെല്ലാം ഉദ്ധരിക്കുക, അതില്‍ ശരിയായത് ഏതാണെന്ന് ചൂണ്ടിക്കാട്ടുക, അല്ലാത്തത് ദുര്‍ബ്ബലമാണെന്ന് കാണിക്കുക. വ്യത്യസ്താഭിപ്രായങ്ങളില്‍ അടങ്ങിയിരിക്കുന്ന തത്വം എടുത്തുകാട്ടുക, ഇങ്ങിനെ ചെയ്താല്‍, തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് അവസരം കുറയുന്നതാണ്. "എന്നാല്‍, ഒരു വിഷയത്തിലുള്ള ഒരു അഭിപ്രായം മാത്രം ഉദ്ധരിച്ചു ബാക്കി വിട്ടേച്ചു കളയുന്നവന്‍ കാര്യത്തിന് പോരാത്തവനാണ്. കാരണം, ഒരുപക്ഷേ, അവന്‍ ഉദ്ധരിക്കാതെ വിട്ടുകളഞ്ഞ അഭിപ്രായങ്ങളിലായിരിക്കും യഥാര്‍ത്ഥം അടങ്ങിയിട്ടുള്ളത്. അതുപോലെത്തന്നെ, വ്യത്യസ്ത അഭിപ്രായങ്ങളില്‍ ബലപ്പെട്ടതിനെക്കുറിച്ച് ഒന്നും പ്രസ്താവിക്കാതെ അപ്പടി ഉദ്ധരിച്ചു മതിയാക്കുന്നവനും പോരാത്തവന്‍ തന്നെ. യഥാര്‍ത്ഥത്തില്‍ ശരിയല്ലാത്തതിനെ കല്പിച്ചുകൂട്ടി ബലപ്പെടുത്തുന്ന പക്ഷം, തീര്‍ച്ചയായും അവന്‍ കല്പിച്ചുകൂട്ടി കളവ് കെട്ടിപ്പറയുകയാണ് ചെയ്യുന്നത്. എനി, അറിയാതെയാണിത് ചെയ്യുന്നതെങ്കില്‍, അവന്‍ അബദ്ധം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇപ്രകാരംതന്നെ, പ്രയോജനമില്ലാത്ത അഭിപ്രായങ്ങള്‍ എടുത്തു കാട്ടുന്നവരും, സാരം നോക്കുമ്പോള്‍ ഒന്നോ രണ്ടോ അഭിപ്രായമായി അവശേഷിക്കുമാറ് വാക്കുകളില്‍ മാത്രം പരസ്പര വ്യത്യാസമുള്ള പ്രസ്താവനകള്‍ ഉദ്ധരിച്ചുകൊണ്ടിരിക്കുന്നവരും വൃഥാ സമയം ചിലവഴിക്കുകയത്രെ ചെയ്യുന്നത്". ഇബ്‌നു കഥീര്‍ (رحمه الله) തുടരുന്നു: "മറ്റൊരു വിഷയം: എനി ഖുർആനിലും സുന്നത്തിലും വ്യാഖ്യാനം കണ്ടെത്തിയില്ല, സ്വഹാബികളില്‍ നിന്നും ലഭിച്ചില്ല എന്നാലോ? ഈ അവസരത്തില്‍ അധിക ഇമാമുകളും (പണ്ഡിത നേതാക്കളും) താബിഉകളുടെ പ്രസ്താവനകളിലേക്കാണ് മടങ്ങാറുള്ളത്. താബിഉകളില്‍ ഏറ്റവും പ്രധാനിയായ മഹാനാണ് മുജാഹിദ് (رحمه الله). അദ്ദേഹം ഖുർആന്‍ വ്യാഖ്യാനത്തില്‍ ഒരു ദൃഷ്ടാന്തം ( اية فى التفسير ) തന്നെയാകുന്നു. മുഹമ്മദ്ബ്‌നു ഇസ്ഹാക്വ് (رحمه الله) പറഞ്ഞതുപോലെ, മുസ്വ്ഹഫിന്‍റെ ആദ്യം മുതല്‍ അവസാനം വരെ ഓരോ ആയത്തി (വചനത്തി) ങ്കലും നിറുത്തി അതിനെപ്പറ്റി ചോദിച്ചറിഞ്ഞുകൊണ്ട് ഇബ്‌നു അബ്ബാസ് (رضي الله عنه) ന്‍റെ അടുക്കല്‍ നിന്ന് മൂന്നു പ്രാവശ്യം ഖുർആന്‍ പരിശോധന നടത്തിയ ആളാണ് മുജാഹിദ് (رحمه الله). ഇബ്‌നു അബ്ബാസ് (رضي الله عنه) ല്‍നിന്നു ഇദ്ദേഹം ഖുർആന്‍ വ്യാഖ്യാനം പഠിച്ചു എഴുതിയെടുത്തിരുന്നതായി ഇബ്‌നു അബീമുലൈക (رحمه الله)യും പ്രസ്താവിച്ചിരിക്കുന്നു. അതുകൊണ്ടാണ് "മുജാഹിദില്‍നിന്നു നിനക്കു തഫ്‌സീര്‍ ലഭിച്ചാല്‍ അതു തന്നെ മതി" എന്ന് സുഫ്‌യാനുഥ്ഥൗരി (رحمه الله) പറയാറുണ്ടായിരുന്നതും. അപ്രകാരം തന്നെ, സഈദുബ്‌നു ജുബൈര്‍, ഇക്‌രിമഃ, അത്വാഉ് , ഹസന്‍ബസ്വരീ, മസ്‌റൂക്വ്, സഈദുബ്‌നുല്‍ മുസ്വയ്യബ്, അബുല്‍ ആലിയഃ, റബീഉ്, ക്വത്താദഃ, ദ്വഹ്ഹാക്ക് മുതലായ താബിഉകള്‍, ഇവരുടെ പിന്‍ഗാമികളായ "താബിഉത്താബിഉകള്‍", അവരുടെ ശേഷമുള്ളര്‍ ഇവരെല്ലാം ഖുർആന്‍ വചനങ്ങളെപ്പറ്റി പ്രസ്താവിച്ചിട്ടുള്ളതും നോക്കണം. "ഇങ്ങിനെയുള്ളവരുടെ പ്രസ്താവനകള്‍ ഉദ്ധരിക്കുമ്പോള്‍, വാചകങ്ങളില്‍ പരസ്പരം വ്യത്യാസം കണ്ടേക്കും. വിവരമില്ലാത്ത ആളുകള്‍ അവയെല്ലാം വെവ്വേറെ അഭിപ്രായങ്ങളാണെന്നു ധരിക്കുകയും, അങ്ങനെ ആ നിലക്കു ഉദ്ധരിക്കുകയും ചെയ്‌തേക്കും. വാസ്തവം അതായിരിക്കുകയുമില്ല. ഒരു കാര്യത്തെക്കുറിച്ചു പറയുമ്പോള്‍, ചിലര്‍ സ്പഷ്ടമായ വാക്കുകളിലും, മറ്റുചിലര്‍ അതിന്നു സമാനമോ സദൃശമോ ആയ വേറെ വാക്കുകളിലും സംസാരിച്ചിട്ടുണ്ടായിരിക്കും. സാരത്തില്‍ എല്ലാം ഒന്നായിരിക്കുകയും ചെയ്യും. മിക്കപ്പോഴും ഇങ്ങിനെയായിരിക്കും സംഭവിക്കുക. ബുദ്ധിമാനായ മുഫസ്സിര്‍ (വ്യാഖ്യാതാവ്) ഈ വസ്തുത ഓര്‍മവെക്കേണ്ടതാകുന്നു. "ശുഅ്ബഃ (رحمه الله) മുതലായവര്‍ ഇങ്ങിനെ പറയാറുണ്ടായിരുന്നു: "താബിഉകളുടെ പ്രസ്താവനകള്‍ ശാഖാപരമായ കാര്യങ്ങളില്‍ പോലും തെളിവല്ല എന്നിരിക്കെ, എങ്ങിനെയാണ് ഖുർആന്‍ വ്യാഖ്യാനത്തില്‍ അവ തെളിവായിത്തീരുക? " ഇപ്പറഞ്ഞതിന്‍റെ താത്പര്യം, മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കെതിരില്‍ അവരുടെ അഭിപ്രായങ്ങള്‍ തെളിവാകുന്നില്ല എന്നത്രെ. നേറെ മറിച്ച് താബിഉകള്‍ ഏകോപിച്ചു പറഞ്ഞിട്ടുള്ള അഭിപ്രായം തെളിവാണെന്നുള്ളതില്‍ സംശയമില്ല. അവര്‍ ഏകോപിക്കാതെ ഭിന്നിച്ചിരിക്കുകയാണെങ്കിലോ? അപ്പോള്‍, അവരില്‍ ഒരാളുടെ അഭിപ്രായം അവരില്‍പ്പെട്ടവരോ ശേഷമുള്ളവരോ ആയ മറ്റുള്ളവര്‍ക്കെതിരില്‍ തെളിവാകുന്നതല്ല. ഈ സന്ദര്‍ഭത്തില്‍, ഖുർആന്‍റെ ഭാഷ, സുന്നത്ത് , അറബിഭാഷാശൈലി, സ്വഹാബികളുടെ വാക്കുകള്‍ മുതലായതിലേക്കു മടങ്ങേതാണ്". "സ്വന്തം അഭിപ്രായത്തിനൊത്തു ഖുർആന്‍ വ്യാഖ്യാനിക്കുന്നത് "ഹറാമാ"കുന്നു. നബി (ﷺ) അരുളിച്ചെയ്തതായി ഇബ്‌നു അബ്ബാസ് (رضي الله عنه) ഇപ്രകാരം നിവേദനം ചെയ്യുന്നു: من قال فى القرآن برأيه او مالا يعلم فليتبوآ مقعده من النار (ആരെങ്കിലും ഖുർആനില്‍ തന്‍റെ അഭിപ്രായം അനുസരിച്ചോ, തനിക്കറിയാത്തതിനെക്കുറിച്ചോ പ്രസ്താവിക്കുന്നതായാല്‍, അവന്‍ തന്‍റെ ഇരിപ്പിടം നരകത്തില്‍ നിന്നും പ്രതീക്ഷിച്ചുകൊള്ളട്ടെ!) ഈ ഹദീഥ് ഇബ്‌നുജരീര്‍, തിര്‍മദീ, അബൂദാവൂദ്, നസാഈ മുതലായവര്‍ ഉദ്ധരിച്ചതാകുന്നു. മറ്റൊരു "രിവായത്തിലെ" വാക്യം ഇതാണ്: من قال فى كتاب الله برأيه فاصاب فقد اخطأ (ആരെങ്കിലും അല്ലാഹുവിന്‍റെ കിതാബില്‍ തന്‍റെ അഭിപ്രായമനുസരിച്ച് പ്രസ്താവിക്കുകയും, എന്നിട്ടതു നേരായിരിക്കുകയും ചെയ്താലും അവന്‍ പിഴച്ചുപോയി). കാരണം, അവന്‍ തനിക്കു വിവരമില്ലാത്തതിനായി സാഹസം പ്രവര്‍ത്തിക്കുകയും, കല്പിക്കപ്പെടാത്തതില്‍ തലയിടുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് അവന്‍ പറഞ്ഞത് യഥാര്‍ത്ഥത്തില്‍ ശരിയാണെന്നു വന്നാല്‍ തന്നെ -അറിവില്ലാത്തവന്‍ കല്പിക്കുന്ന വിധി ശരിയായിരുന്നാലും അവന്‍ നരകത്തിലായിരിക്കുമെന്ന് (ഹദീഥില്‍) വന്നിട്ടുള്ളതുപോലെ- വേണ്ടാത്ത വിഷയത്തില്‍ പ്രവേശിച്ചത്‌നിമിത്തം അവന്‍ അബദ്ധം പ്രവര്‍ത്തിച്ചവനായിത്തീരുന്നു. വ്യഭിചാരാരോപണം ചെയ്യുകയും, അതിന് നാല് സാക്ഷികളെ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നവരെപ്പറ്റി അല്ലാഹു പറയുന്നു: فَإِذْ لَمْ يَأْتُوا بِالشُّهَدَاءِ فَأُولَٰئِكَ عِندَ اللَّهِ هُمُ الْكَاذِبُونَ (അവര്‍ സാക്ഷികളെ കൊണ്ടുവരാത്ത സ്ഥിതിക്ക് അല്ലാഹുവിന്‍റെ അടുക്കല്‍ അവര്‍ തന്നെയാണ് കളവു പറയുന്നവര്‍). ആരോപണം യഥാര്‍ത്ഥത്തില്‍ സത്യമായിരുന്നാല്‍ പോലും നാലു സാക്ഷികളില്ലാത്തപക്ഷം, അവര്‍ കളവു പറയുന്നവരാണെന്നാണല്ലോ ഈ വചനം വിധിക്കുന്നത്. തങ്ങള്‍ക്ക് പ്രസ്താവിക്കുവാന്‍ പാടില്ലാത്ത പ്രസ്താവനയാണ് അവര്‍ പുറപ്പെടുവിച്ചത് എന്നുള്ളതാണ് ഇതിന് കാരണം. മുന്‍ഗാമികളായ പല മഹാന്‍മാരും ശരിയായ വിധത്തില്‍ തങ്ങള്‍ക്കറിയാത്ത തഫ്‌സീറുകളെപ്പറ്റി സംസാരിക്കുവാന്‍ മടി കാണിച്ചിരുന്നത് ഇങ്ങിനെയുള്ള കാരണങ്ങളാലാകുന്നു. സൂക്ഷ്മമായി അറിയാത്തതോ, തെളിവ് ലഭിച്ചിട്ടില്ലാത്തതോ ആയ വ്യാഖ്യാനങ്ങള്‍ പറയുവാന്‍ സ്വഹാബികള്‍, താബിഉകള്‍ തുടങ്ങിയ മുന്‍ഗാമികള്‍ വളരെ വൈമനസ്യം കാണിച്ചിരുന്നുവെന്ന് സ്ഥാപിക്കുന്ന പല രിവായത്തുകളും, ഉദാഹരണങ്ങളും തുടര്‍ന്നുകൊണ്ട് ഇബ്‌നുകഥീര്‍ (رحمه الله) ഉദ്ധരിച്ചിട്ടുണ്ട്. അവയില്‍ ചിലതിലെ പ്രസക്തഭാഗം മാത്രം ഇവിടെ ഉദ്ധരിക്കാം:- "ഉമര്‍ (رضي الله عنه) പ്രസംഗപീഠത്തില്‍ നിന്നുകൊണ്ട് (സൂറത്ത് "അബസ"യിലെ وَفَاكِهَةً وَأَبًّا (പഴവര്‍ഗവും മേച്ചല്‍ ചെടികളും) എന്ന വചനം ഓതിക്കൊണ്ട് ഇങ്ങിനെ പറഞ്ഞു: وَفَاكِهَة ("ഫാകിഹത്ത്") നമുക്കു മനസ്സിലായി. എന്നാല്‍ وَأَبًّا ("അബ്ബ്") എന്തായിരിക്കും?" പിന്നീട് അദ്ദേഹം തന്നോടായിത്തന്നെ ഇങ്ങിനെ പറഞ്ഞു: "ഉമറേ (ഇതിനെപ്പറ്റി ആലോചിച്ചു) നീ ഇങ്ങിനെ വിഷമം പേറുന്നത് എന്തിനാണ്?!" ഭൂമിയില്‍ ഉല്പാദിപ്പിക്കുന്ന ചെടിവര്‍ഗമാണ് "അബ്ബ്" എന്ന് അദ്ദേഹത്തിന് അറിയാതിരിക്കുവാന്‍ തരമില്ല. പക്ഷേ, (ആയത്തിന്‍റെ താല്‍പര്യം ഗ്രഹിക്കുവാന്‍) അത് എങ്ങിനെയുള്ളതാണെന്നു സൂക്ഷ്മ പരിശോധന നടത്തേണ്ടതില്ല എന്നാണ് അദ്ദേഹം പറഞ്ഞതിന്‍റെ ഉദ്ദേശ്യം. ഇബ്‌നുഅബ്ബാസ് (رضي الله عنه) നോട് ഒരാള്‍, "ആയിരം കൊല്ലത്തോളം വലുപ്പമുള്ള ദിവസം ( يَوْمٍ كَانَ مِقْدَارُهُ أَلْفَ سَنَةٍ )." (32:5) എന്ന് അല്ലാഹു പറഞ്ഞതിനെപ്പറ്റി ചോദിക്കുകയുണ്ടായി. അദ്ദേഹം ഇങ്ങിനെ മറിച്ചുചോദിച്ചു: "അമ്പതിനായിരം കൊല്ലത്തോളം വലുപ്പമുള്ള ഒരു ദിവസം ( يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ ) (70:4) എന്നു അല്ലാഹു പറഞ്ഞത് ഏതാണ്?" ചോദ്യകര്‍ത്താവ് മറുപടി പറഞ്ഞു: "അത് പറഞ്ഞുതരുവാന്‍ വേണ്ടിതന്നെയാണ് ഞാന്‍ താങ്കളോടു ചോദിക്കുന്നതും", അദ്ദേഹം പറഞ്ഞു: "അങ്ങിനെ രണ്ടു ദിവസത്തെ കുറിച്ച് അല്ലാഹു ഖുർആനില്‍ പറഞ്ഞിട്ടുണ്ട്. അവ ഏതാണെന്ന് അല്ലാഹുവിനറിയാം". തനിക്ക് അറിയാത്തതിന് വ്യാഖ്യാനം നല്‍കുവാന്‍ ഇബ്‌നു അബ്ബാസ് (رضي الله عنه) ഇഷ്ടപ്പെട്ടില്ല എന്നു ചുരുക്കം. മസ്‌റൂക്വ് (رحمه الله) പ്രസ്താവിക്കുന്നു: اتقوا التفسير فانما ھو الرواية عن لله (നിങ്ങള്‍ ഖുർആന്‍ വ്യാഖ്യാനം ചെയ്യുന്നത് സൂക്ഷിക്കണം. കാരണം, നിശ്ചയമായും അത് അല്ലാഹുവില്‍ നിന്ന് നിവേദനം ചെയ്യലത്രെ). പിന്നീട് ഇബ്‌നുകഥീര്‍ (رحمه الله) തുടരുന്നു: "മേലുദ്ധരിച്ചതും, അതുപോലുള്ളതുമായ ബലവത്തായ പല രിവായത്തുകളും മുന്‍ഗാമികളായ ഇമാമുകളില്‍ നിന്നു വന്നിട്ടുണ്ട്. തങ്ങള്‍ക്കറിവില്ലാത്തതിന്‍റെ വ്യാഖ്യാനത്തില്‍ സംസാരിക്കുന്നത് അവരെല്ലാം തെറ്റായി ഗണിച്ചിരുന്നുവെന്നാണ് അവയെല്ലാം കാട്ടിത്തരുന്നത്. എന്നാല്‍, ഭാഷമുഖേനയും, മതവിജ്ഞാനം മുഖേനയും ലഭിക്കുന്ന വ്യാഖ്യാനം പറയുന്നതില്‍ വിരോധമില്ലതാനും. അതുകൊണ്ടാണ് മേല്‍പറഞ്ഞവരും, അല്ലാത്തവരുമായ മഹാന്മാരില്‍ നിന്ന് വ്യാഖ്യാനസംബന്ധമായ പ്രസ്താവനകള്‍ പലതും നിവേദനം ചെയ്യപ്പെടുന്നതും. എന്നുവെച്ചാല്‍, അവര്‍ തങ്ങള്‍ക്കറിയാവുന്നതില്‍ സംസാരിക്കുകയും, അറിയാത്തതില്‍ മൗനമവലംബിക്കുകയും ചെയ്തു. അതാണല്ലോ ഏവരുടെയും കടമ. അറിവില്ലാത്തതിനെപ്പറ്റി മൗനം അവലംബിക്കുന്നത് നിര്‍ബന്ധമാണെന്നപോലെ ത്തന്നെ, അറിയാവുന്നതിനെക്കുറിച്ച് ആരെങ്കിലും ചോദിക്കുമ്പോള്‍ അതു പറഞ്ഞുകൊടുക്കലും നിര്‍ബന്ധമാകുന്നു. നിശ്ചയമായും നിങ്ങളത് -വേദഗ്രന്ഥം- ജനങ്ങള്‍ക്കു വിവരിച്ചുകൊടുക്കണം. അതിനെ ഒളിച്ചു വെക്കരുത്" (3:187) എന്ന് അല്ലാഹു പറയുന്നു. من سئل عن علم فكتمه الجم يوم القيمة بلجام من نار (ഒരു ജ്ഞാനത്തെക്കുറിച്ചു ഒരാളോടു ചോദിക്കപ്പെട്ടിട്ട് അവനത് ഒളിച്ചുവെച്ചാല്‍, ക്വിയാമത്തുനാളില്‍ അവന് അഗ്നിയാലുള്ള ഒരു കടിഞ്ഞാണ്‍കൊണ്ട് കടിഞ്ഞാണിടപ്പെടുന്നതാണ്.) എന്നുള്ള നബിവചനവും പല മാര്‍ഗങ്ങളില്‍ കൂടി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. "അല്ലാഹുവിനു മാത്രം അറിയാവുന്ന ഭാഗങ്ങളും, പണ്ഡിതന്മാര്‍ക്ക് അറിയാവുന്ന ഭാഗങ്ങളും, അറബികള്‍ക്ക് തങ്ങളുടെ ഭാഷ വഴി അറിയാവുന്നതും, ആര്‍ക്കും അറിയാതിരിക്കുവാന്‍ നിവൃത്തിയില്ലാത്തതും (ഇങ്ങിനെ പല ഇനങ്ങള്‍) ഖുർആനിലുണ്ട്. ഈ വസ്തുത ഇബ്‌നു അബ്ബാസ് (رضي الله عنه) വ്യക്തമാക്കിയിട്ടുള്ളത് ഇബ്‌നു ജരീര്‍ (رحمه الله) ഇങ്ങിനെ ഉദ്ധരിക്കുന്നു: التفسير على اربعة اوجه تفسير تعرفه العرب من كلامها وتفسير وتفسير لايعذر احد بجهالته وتفسير يعرفه العلماء وتفسير لا يعلمه أحد الا الله (തഫ്‌സീര്‍ നാലു വിധത്തിലുണ്ട്: അറബികള്‍ തങ്ങളുടെ ഭാഷയില്‍ നിന്നു മനസ്സിലാക്കുന്ന തഫ്‌സീര്‍, ആര്‍ക്കും അറിയാതിരിക്കുവാന്‍ പാടില്ലാത്ത തഫ്‌സീര്‍, പണ്ഡിതന്മാര്‍ക്ക് അറിയാവുന്ന തഫ്‌സീര്‍, അല്ലാഹു അല്ലാത്ത ഒരാള്‍ക്കും അറിഞ്ഞുകൂടാത്ത തഫ്‌സീര്‍ ഇവയാണിത്)" [ഇബ്‌നു കഥീറില്‍ നിന്നുള്ള ഉദ്ധരണി ഇവിടെ അവസാനിച്ചു]. ആര്‍ക്കും അറിയാതിരിക്കുവാന്‍ പാടില്ലാത്തത് എന്നു പറഞ്ഞതിന്‍റെ വിവക്ഷ. എല്ലാവരും അവശ്യം അറിഞ്ഞിരിക്കേണ്ടുന്ന "ഹലാലും ഹറാമും" (അനുവദനീയവും നിഷിദ്ധവും) പോലെയുള്ള മതവിധികളാണെന്ന് ആ രണ്ടു മഹാന്മാരുടെയും പ്രസ്താവനകളില്‍ നിന്ന് മനസ്സിലാക്കുവാന്‍ കഴിയും. ഖുർആന്‍ വ്യാഖ്യാനത്തില്‍ മുന്‍ഗാമികളായ മഹാന്മാര്‍ സ്വീകരിച്ചുവന്നതും, അനുകരണീയവുമായ പൗരാണിക രീതി-സലഫീ ശൈലി- എങ്ങിനെയായിരുന്നുവെന്ന് ഈ രണ്ടു മഹാന്മാരുടെയും, മേലുദ്ധരിച്ച പ്രസ്താവനകളില്‍ നിന്ന് നമുക്ക് മനസ്സിലായല്ലോ. അതേ മാര്‍ഗം തെറ്റാതെ അവര്‍ തങ്ങളുടെ തഫ്‌സീര്‍ ഗ്രന്ഥങ്ങള്‍ രചിച്ചു വന്നതുകൊണ്ടു തന്നെയാണ് പൗരാണിക തഫ്‌സീറുകളില്‍ ഇബ്‌നുജരീറിനും, മദ്ധ്യകാല തഫ്‌സീറുകളില്‍ ഇബ്‌നു കഥീറിനും ഉന്നതസ്ഥാനം ലഭിച്ചതും. ഖുർആന്‍ വ്യാഖ്യാനിക്കുമ്പോള്‍, ഓരോ വാക്കിനും, ഓരോ ആയത്തിനും മുന്‍ഗാമികള്‍ നല്‍കിയിട്ടുള്ള വ്യാഖ്യാനം മാത്രമേ നല്‍കാവൂ എന്നോ, അവരില്‍ നിന്ന് ലഭിക്കാത്ത യാതൊന്നും പറഞ്ഞുകൂടാ എന്നോ മേല്‍ വിവരിച്ചതില്‍ നിന്ന് ധരിക്കേണ്ടതില്ല. ആ പ്രസ്താവനകളുടെ രത്‌നച്ചുരുക്കം ഇങ്ങിനെ സംഗ്രഹിക്കാവുന്നതാണ്. 1) മുന്‍ഗാമികള്‍ ഏകോപിച്ച അഭിപ്രായത്തിനെതിരായി സ്വന്തം അഭിപ്രായം പറയരുത്. 2) അവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം കാണുന്നിടത്ത് പ്രത്യേക ലക്ഷ്യം കൂടാതെ ഒന്നിന് മറ്റേതിനെക്കാള്‍ മുന്‍ഗണന നല്‍കരുത്. 3) ഖുർആന്‍റെ ഭാഷാ സാഹിത്യത്തില്‍ നിന്നും, മതവിജ്ഞാനങ്ങളില്‍ നിന്നും ലഭിക്കുന്ന വ്യാഖ്യാനങ്ങള്‍ സ്വീകരിക്കുവാന്‍ പണ്ഡിതന്മാര്‍ക്ക് അവകാശമുണ്ട്. എന്നാലവ മുന്‍ഗാമികള്‍ സ്വീകരിച്ചതിന് വിരുദ്ധമാകരുത്. 4) മറ്റെല്ലാ പ്രസ്താവനകളെക്കാളും നബി (ﷺ) യുടെ സുന്നത്തിനാണ് വില കല്പിക്കേത്. രണ്ടാമതായി സ്വഹാബികളുടെ പ്രസ്താവനകള്‍ക്കും. 5) അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയാവതല്ലാത്ത കാര്യങ്ങളില്‍ ഖുർആന്‍റെ പ്രസ്താവനകളില്‍ നിന്ന് നേര്‍ക്കുനേരെ സ്പഷ്ടമായി മനസ്സിലാക്കുന്നതിനപ്പുറം കടന്നു വ്യാഖ്യാനിച്ചുകൂടാത്തതാണ്. 6) നബി (ﷺ) മുഖേന മാത്രം അറിയാവുന്ന കാര്യങ്ങളില്‍, നബി (ﷺ) യില്‍ നിന്ന് ലഭിച്ച വ്യാഖ്യാനം മാത്രമേ സ്വീകരിക്കാവൂ. ബാക്കിയുള്ള വിഷയങ്ങളില്‍ മാത്രമാണ് മേല്‍ ചൂണ്ടിക്കാട്ടിയ തത്വങ്ങള്‍ സ്വീകരിക്കേത്. 7) ഈ അടിസ്ഥാനത്തില്‍ അല്ലാത്ത വ്യാഖ്യാനങ്ങള്‍ സ്വന്തം അഭിപ്രായത്തിനൊത്ത വ്യാഖ്യാനത്തില്‍ ഉള്‍പ്പെടുന്നു.