ആമുഖം

മരണാനന്തര കാര്യങ്ങള്‍ 
മരണം, മരണവേളയില്‍ മനുഷ്യന്‍റെ സ്ഥിതിഗതികളിലുണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍, മലക്കുകള്‍ പ്രത്യക്ഷപ്പെടുന്നത്, അനന്തരം അനുഭവപ്പെടുന്ന സുഖ ദുഃഖ വാര്‍ത്തകള്‍, ലോകാവസാന സമയം, അതിന്‍റെ പ്രത്യാഘാതങ്ങള്‍, സംഭവവികാസങ്ങള്‍ മുതലായവ പലപ്പോഴും ഖുർആനിന്‍റെ പ്രതിപാദന വിഷയങ്ങളാകുന്നു. ലോകാവസാനസമയത്തെപ്പറ്റി ആര്‍ക്കും അറിയാത്തവണ്ണം വളരെ പെട്ടെന്നൊരിക്കലാണ് അത് സംഭവിക്കുകയെന്ന് ഖുർആന്‍ ഖണ്ഡിതമായി ആവര്‍ത്തിച്ചു പറയുന്നു. എന്നാല്‍, അതിന്‍റെ മുന്നോടിയായി ഉണ്ടാവുന്ന ചില കാര്യങ്ങളെയും അത് ചൂണ്ടിക്കാട്ടുന്നുണ്ട്. ഈസാ നബി (عليه السلام) യുടെ വരവിനെ പറ്റി നിസാഇലും, ‘യഅ്ജൂജ്-മഅ്ജൂജി’നെപ്പറ്റി അല്‍കഹ്ഫിലും, അന്‍ബിയാഇലും, ഭൂമിയില്‍ നിന്ന് ഒരു മൃഗം -അല്ലെങ്കില്‍ ജന്തു (دابة من الارض)- പ്രത്യക്ഷപ്പെടുന്നതിനെ കുറിച്ച് നംലിലും കാണാം. (ചില തല്‍പരകക്ഷികള്‍ ഇതൊക്കെ ദുര്‍വ്യാഖ്യാനം ചെയ്യാറുണ്ട്. അതിനെപ്പറ്റി അതാതു സ്ഥാനങ്ങളില്‍ നാം സംസാരിക്കുന്നതാണ്. (إِن شَاءَ اللَّهُ) എല്ലാവരും നശിച്ചുപോകുവാന്‍ വേണ്ടിയും, പിന്നീട് പുനര്‍ജ്ജീവിക്കാന്‍ വേണ്ടിയുമുള്ള രണ്ടു കാഹളം ഊത്തിനെയും, അന്ന് ഭൂമിയില്‍ ഉണ്ടാകുന്ന വമ്പിച്ച മാറ്റങ്ങളെയും സംബന്ധിച്ച് പ്രസ്താവിച്ചിട്ടുണ്ട്. വിചാരണക്കായി എല്ലാവരെയും ഒരുമിച്ചു കൂട്ടുന്നത്, ഓരോരുത്തരുടെയും നന്മ തിന്മകള്‍ രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥങ്ങള്‍ അവരവര്‍ക്ക് നല്‍കുന്നത്, അല്ലാഹു എല്ലാവരെയും വിചാരണ നടത്തുന്നത്, പല തരത്തിലുള്ള സാക്ഷികള്‍ തെളിവിന്നു കൊണ്ടുവരപ്പെടുന്നത്, തന്മതിന്മകള്‍ തൂക്കിക്കണക്കാക്കപ്പെടുന്നത്, സത്യവിശ്വാസികളെ സ്വര്‍ഗത്തിലേക്ക് സാദരം കൊണ്ടുപോകുന്നത്, അവര്‍ക്ക് അവിടെ ലഭിക്കുന്ന അവര്‍ണനീയമായ സുഖസൗകര്യങ്ങള്‍, അവിശ്വാസികളെയും പാപികളെയും നരകത്തിലേക്ക് കൊണ്ടുപോകുന്നത്, അവര്‍ അനുഭവിക്കേണ്ടിവരുന്ന കഠിനകഠോരമായ ശിക്ഷകള്‍, സ്വര്‍ഗക്കാരും, നരകക്കാരും തമ്മില്‍ നടക്കുന്ന ചില സംഭാഷണങ്ങള്‍ എന്നിങ്ങനെ പലതും- ചിലേടത്ത് സംക്ഷിപ്തമായും, മറ്റു ചില സ്ഥലത്ത് സവിസ്തരമായും- ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്.