ആമുഖം

വര്‍ത്തമാന കാല സംഭവങ്ങള്‍
മേൽപറഞ്ഞ കഥകളെല്ലാം, നബി (ﷺ) ക്ക് മുമ്പ് കഴിഞ്ഞ സംഭവങ്ങളാണല്ലോ. നബി (ﷺ) യുടെ കാലത്ത് നടന്ന പല സംഭവങ്ങളും ഖുർആനിൽ പ്രസ്താവിച്ചിട്ടുണ്ട്. ഈ രണ്ടു തരത്തിലുള്ള സംഭവങ്ങൾ വിവരിക്കുന്നതിൽ ഖുർആൻ ചില വ്യത്യാസങ്ങൾ സ്വീകരിച്ചു കാണാം. അതു മനസ്സിരുത്തേണ്ടതാകുന്നു. വർത്തമാനകാല സംഭവങ്ങൾ വിവരിക്കുമ്പോൾ, അവ സൂചനാ രൂപത്തിലായിരിക്കും മിക്കവാറും പ്രസ്താവിക്കപ്പെടുക. മാത്രമല്ല ,ചുരുക്കം ചില സംഭവങ്ങൾ ഒഴിച്ച് ബാക്കിയുള്ളതിലെല്ലാം, കഥാപാത്രങ്ങളുടെ പേർ പ്രസ്താവിക്കപ്പെടാറുമില്ല.ശ്രോതാക്കളുടെ ഇടയിൽവച്ചു നടന്ന സംഭവങ്ങളായതു കൊണ്ട് പേര് പറയാതെത്തന്നെ കാര്യം മനസ്സിലാക്കാമെന്നത് മാത്രമല്ല അതിനു കാരണം. സമുദായത്തിലെ ഭാവി തലമുറകളിൽ, അവ ഉദ്ധരിച്ചതിന്റെ താൽപര്യം കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണെന്ന് കരുതപ്പെടാതിരിക്കുവാനും കൂടിയാകുന്നു അത്. അതിനെപ്പറ്റി കൂടുതൽ വിവരം താഴെ വരുന്നതാണ്. إن شاء الله സൂറ: അൻഫാലിൽ ബദ്ർ യുദ്ധവും, ആലുഇംറാനിൽ ഉഹ്ദും, അഹ്സാബിൽ ഖൻദഖും, ഫത്ത്ഹിൽ ഹുദൈബിയാ സംഭവവും, ഹശ്റിൽ ബനൂ-നള്വീറും, ബറാഅത്തിൽ തബൂക്കും, അഹ്സാബിൽ സൈനബഃ (رضي الله عنها) യുടെ വിവാഹവും, നൂറിൽ ആയിശാ (رضي الله عنها) യുടെ പേരിലുണ്ടായ ആരോപണ സംഭവവും, അഹ്ഖാഫിലും, ജിന്നിലും ജിന്നുകൾ ഖുർആൻ കേട്ടതും, ബനൂഇസ്രാഈലിൽ നബി (ﷺ) ബൈത്തുൽ മുഖദ്ദസിലേക്കു രാവുയാത്ര (الإسراء) ചെയ്തതും സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. കൂടാതെ, സത്യവിശ്വാസികളിൽ ചിലരുടെ മാതൃകാ സേവനങ്ങളും, ത്യാഗങ്ങളും,അവിശ്വാസികളിൽ ചിലരുടെ കടുത്ത പ്രവർത്തനങ്ങളും, കപട വിശ്വാസികളുടെ ചില ഗൂഢപ്രവർത്തനങ്ങളും അവിടവിടെ ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്