ആമുഖം

ചരിത്രസംഭവങ്ങള്‍
ചരിത്രസംഭവങ്ങള്‍ വിവരിക്കുമ്പോള്‍ ആദ്യംതൊട്ട് അവസാനംവരെ എല്ലാവശങ്ങളും നിരത്തിക്കാട്ടുന്ന സമ്പ്രദായമല്ല ഖുർആന്‍ പൊതുവെ സ്വീകരിച്ചി ട്ടുള്ളത്. ഓരോ സംഭവത്തിലും പ്രത്യേകം മനസ്സിരുത്തേണ്ട പാഠങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുകയാണ് പതിവ്. സത്യവിശ്വാസികളും സജ്ജനങ്ങളുമായുള്ളവര്‍ക്ക് ലഭിച്ച നേട്ടങ്ങള്‍, സത്യമാര്‍ഗത്തില്‍ അവര്‍ അനുഭവിക്കേണ്ടി വന്ന ത്യാഗങ്ങളും കഷ്ടപ്പാടുകളും, അല്ലാഹു അവര്‍ക്ക് നല്‍കിയ സഹായം മുതലായവയും, ദുര്‍മാര്‍ഗികള്‍ കൈക്കൊണ്ട അക്രമങ്ങളും താല്‍ക്കാലികമായി അവര്‍ക്ക് ലഭിച്ച സുഖസൗകര്യങ്ങളും ഒടുക്കം അവര്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടനഷ്ടങ്ങളും അവരുടെ പര്യവസാനവും -ഇങ്ങിനെ പലതും- മനസ്സിലാക്കുവാന്‍ ഉതകുന്ന ഉദാഹരണ സംഭവങ്ങളായിരിക്കും അത് ഉദ്ധരിക്കുക. അഥവാ ധാര്‍മിക ബോധവും മനഃസംസ്‌കാരവും ഉളവാക്കുന്ന കഥാപാഠങ്ങളായിരിക്കും. അല്ലാതെ, നേരം പോക്കിനോ, കലാപ്രദര്‍ശനത്തിനോ വേണ്ടിയുള്ള ഒരൊറ്റ ഉദാഹരണവും അതില്‍ കാണുകയില്ല. പല ചരിത്ര കഥകളും വേദക്കാര്‍ വഴിയോ, മറ്റൊ അറബികള്‍ക്ക് കുറെയൊക്കെ കേട്ടുപരിചയമുള്ളവയായിരിക്കും. അങ്ങിനെയുള്ള കഥകളില്‍ കടന്നുകൂടിയിട്ടുള്ള അബദ്ധങ്ങളില്‍ നിന്നും, അനാവശ്യഭാഗങ്ങളില്‍ നിന്നും സംശുദ്ധമായിരിക്കും ഖുർആന്‍റെ വിവരണം. ഓരോ കഥയും, ഓരോ സംഭവവും, അവസരോചിതം -ചുരുക്കിയും വിസ്തരിച്ചും, വ്യക്തമായും, സൂചനയായും- ആവര്‍ത്തിച്ചു പറയുവാന്‍ അത് മടിക്കാറില്ല. പക്ഷേ, ഓരോ ആവര്‍ത്തനത്തിലും പുതിയപുതിയ തത്വങ്ങളും, സാരങ്ങളും അടങ്ങിയിരിക്കുകയും ചെയ്യും. ഒന്നോ രണ്ടോ പ്രാവശ്യം മാത്രം പറഞ്ഞു മതിയാക്കിയ കഥകളും ഇല്ലാതില്ല. ചിലപ്പോള്‍, കഥയുടെ നടുവില്‍ നിന്നോ, ഇടയില്‍ നിന്നോ ആരംഭിച്ചുകൊണ്ടായിരിക്കും മറ്റു ഭാഗങ്ങളിലേക്കു നീങ്ങുക. ചിലപ്പോള്‍ ഏതെങ്കിലും ഒരു വക്താവിന്‍റെ വാചകങ്ങള്‍ ഉദ്ധരിക്കുന്ന കൂട്ടത്തിലായിരിക്കും കഥയുടെ കുറേ ഭാഗങ്ങള്‍ അടങ്ങിയിരിക്കുക. സാധാരണ ചരിത്രകഥാവിവരണം പോലെ, ആദ്യാവസാനം വിസ്തരിച്ച ഒരു കഥയാണ് യൂസുഫ് നബി (عليهم السلام) യുടെ കഥ. അതിലും വായനക്കാര്‍ക്ക് പാഠം നല്‍കുന്ന ഓരോ വശത്തിലേക്കും പ്രത്യേകം ശ്രദ്ധ തിരിച്ചിട്ടുണ്ട്. ആദം നബി (عليهم السلام) യെ സൃഷ്ടിച്ചത്, മലക്കുകള്‍ അദ്ദേഹത്തിനു സുജൂദ് ചെയ്തത്, ഇബ്‌ലീസ് അതിന് വിസമ്മതിച്ചത്, അവന്‍ അല്ലാഹുവിന്‍റെ ശാപകോപങ്ങള്‍ക്ക് പാത്രമായത്, അവന്‍ മനുഷ്യന്‍റെ ഒരു ശത്രുവായിത്തീര്‍ന്നത്, പ്രവാചകന്മാരായ നൂഹ്, ഹൂദ്, സ്വാലിഹ്, ഇബ്‌റാഹിം, ലൂത്വ്, ശുഐബ് (عليهم السلام) എന്നീ നബിമാരുടെയും അവരുടെ ജനതകളുടെയും കഥകള്‍; മൂസാ (عليهم السلام), ഫിര്‍ഔന്‍, ഇസ്‌റാഈല്യര്‍ എന്നിവരുടെ കഥകള്‍, മൂസാ നബി (عليهم السلام) യുടെ കൈക്ക് വെളിപ്പെട്ട ദൃഷ്ടാന്തങ്ങള്‍, ദാവൂദ് നബി (عليهم السلام) യുടെയും, സുലൈമാന്‍ നബി (عليهم السلام) യുടെയും കഥ, അവര്‍ക്ക് നല്‍കപ്പെട്ട പ്രത്യേക അനുഗ്രഹങ്ങള്‍, അയ്യൂബ് നബി (عليهم السلام) ക്കും, യൂനുസ് നബി (عليهم السلام) ക്കും നേരിട്ട പരീക്ഷണങ്ങളും തുടര്‍ന്നു ലഭിച്ച ദൈവ കാരുണ്യങ്ങളും, സകരിയ്യാ നബി (عليهم السلام) യുടെ പ്രാര്‍ത്ഥനാ ഫലം, ഈസാ നബി (عليهم السلام) യുടെ ജനനസംഭവം, അദ്ദേഹത്തിന്‍റെ കൈക്കുണ്ടായ ദൃഷ്ടാന്തങ്ങള്‍ എന്നിവയെല്ലാം പലവട്ടം ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളവയാണ്. ഇബ്‌റാഹിം നബി (عليهم السلام) യും, നംറൂദ് രാജാവും തമ്മിലുണ്ടായ വാദപ്രതിവാദം, ഇബ്‌റാഹിം നബി(عليهم السلام) ക്കു പക്ഷികളെ ജീവിപ്പിച്ചുകൊടുത്തത്, ഇസ്മാഈല്‍ നബി (عليهم السلام) യുടെ ബലിസംഭവം, യൂസുഫ് നബി (عليهم السلام) യുടെ കഥ, മൂസാ നബി (عليهم السلام) യുടെ ജനനകഥ, അദ്ദേഹം ക്വിബ്ത്വിയെ കൊന്നത്, മദ്‌യനിലേക്കു പോയത്, വിവാഹം കഴിച്ചത്, അല്ലാഹുവിന്‍റെ വചനം കേട്ടത്, ഇസ്‌റാഈല്യര്‍ പശുവിനെ അറുത്തത്, മൂസാ നബി (عليهم السلام) യും ഖിള്വ്‌റും (عليهم السلام) ഒരുമിച്ചു കൂടിയത്, ത്വാലൂത്തിന്‍റെയും ജാലൂത്തിന്‍റെയും കഥ, സബഇലെ രാജ്ഞിയുടെ (ബില്‍ക്വീസിന്‍റെ)യും സൂലൈമാന്‍ നബി (عليهم السلام) യുടെയും കഥ, ഗുഹാവാസികളുടെ (‘അസ്വ്ഹാബുല്‍ കഹ്ഫി’ന്‍റെ) കഥ, ദുല്‍ക്വര്‍നൈനിയുടെ കഥ മുതലായ പലതും അധികം ആവര്‍ത്തിക്കപ്പെട്ടിട്ടില്ലാത്തവയാകുന്നു. തൗഹീദിനെ സംബന്ധിച്ച കാര്യങ്ങള്‍, സദാചാരോപദേശങ്ങള്‍, ദുരാചാരങ്ങളെ കുറിച്ചുള്ള താക്കീതുകള്‍, നബിമാരോട് സമുദായങ്ങള്‍ നടത്തിയ വാഗ്വാദങ്ങള്‍, അതിന്‍റെ മറുപടികള്‍, നബിമാര്‍ക്കും, സത്യവിശ്വാസികള്‍ക്കും രക്ഷയും സഹായവും ലഭിച്ചത്, അവര്‍ നന്ദികാണിച്ചത്, എതിരാളികള്‍ അനുഭവിക്കേണ്ടിവന്ന യാതനകള്‍ എന്നിത്യാദി വശങ്ങള്‍ അവയിലെല്ലാം പ്രത്യേകം എടുത്തു പറയപ്പെട്ടിരിക്കും.