ആമുഖം

എതിര്‍കക്ഷികള്‍ അന്നും ഇന്നും
ഖുർആന്‍ അവതരിക്കുന്ന കാലത്ത് അതിന്‍റെ എതിര്‍ കക്ഷികളായി നിലവിലുണ്ടായിരുന്ന പ്രധാന കക്ഷികളെയും, അവരോട് ഖുർആന്‍ കൈകൊണ്ട സാമാന്യ നിലപാടും സംബന്ധിച്ചാണ് നാം മുകളില്‍ സംസാരിച്ചത്. കൂടുതല്‍ വിവരം ഖുർആനില്‍ അതാതിടത്തുവെച്ച് കാണുകയും ചെയ്യാം. തനി നിരീശ്വരവാദികളായ ആളുകള്‍ -ഏതോ ചില വ്യക്തികളുണ്ടായിരുന്നുവെന്നല്ലാതെ- ഖുർആന്‍റെ ഒരു എതിര്‍ കക്ഷിയായി അന്നു പ്രത്യക്ഷത്തിലുണ്ടായിരുന്നില്ല. അതുകൊണ്ട് അവരെക്കുറിച്ച് ഒരു കക്ഷിയെന്ന നിലക്കുള്ള സംവാദങ്ങളും, സംഭാഷണങ്ങളും ഖുർആനില്‍ അധികം കാണുകയില്ല. സന്ദര്‍ഭവശാല്‍ ചിലപ്പോഴെല്ലാം, നിരീശ്വരവാദികള്‍ക്കും, നാസ്തികന്മാര്‍ക്കും വായടപ്പന്‍ മറുപടികള്‍ കൊടുക്കാതിരുന്നിട്ടുമില്ല. സന്ദര്‍ഭം പോലെ നാം അവയെപ്പറ്റി ചൂണ്ടിക്കാട്ടുന്നതാണ് ( ان شاء لله ). ചുരുക്കിപ്പറഞ്ഞാല്‍, ഖുർആന്‍റെ മുമ്പില്‍ വിലങ്ങടിച്ചു നില്ക്കുന്ന എല്ലാവര്‍ക്കും -ശുദ്ധഹൃദയവും മനഃസ്സാക്ഷിയും ഉള്ള പക്ഷം- യഥാര്‍ത്ഥം ഗ്രഹിച്ചു സന്മാര്‍ഗം കെത്തുവാനുളള നിര്‍ദ്ദേശങ്ങളും, തെളിവുകളും ഖുർആനില്‍ തികച്ചും വ്യക്തമാക്കിക്കഴിഞ്ഞിരിക്കുന്നു. ഖുർആനില്‍ കാണുന്ന ആക്ഷേപങ്ങള്‍, താക്കീതുകള്‍ മുതലായവയെല്ലാം, അന്നത്തെ അതിന്‍റെ എതിരാളികളായിരുന്നവര്‍ക്കു മാത്രം ബാധകമായതാണെന്ന് ആരും ധരിക്കേണ്ടതില്ല. മുശ്‌രിക്ക് (ബഹുദൈവ വിശ്വാസി), കാഫിര്‍ (അവിശ്വാസി), മുനാഫിക്വ് (കപടവിശ്വാസി) എന്നിങ്ങനെയുള്ള അതിലെ പ്രയോഗങ്ങളും, അവരെ സംബന്ധിച്ച പ്രസ്താവനകളും, അക്കാലത്തുണ്ടായിരുന്നവര്‍ക്കെന്ന പോലെ, അതിനു ശേഷം ലോകാവസാനംവരെ ഉണ്ടാകുന്നവര്‍ക്കും ബാധകമാണ്. അല്ലാഹുവിന്‍റെ അവകാശാധികാരങ്ങളിലും, അവന്‍റെ പ്രത്യേക ഗുണഗണങ്ങളിലും ഇതരവസ്തുക്കളെ പങ്കുചേര്‍ക്കുന്നവരെല്ലാം ഖുർആന്‍റെ ദൃഷ്ടിയില്‍ മുശ്‌രിക്കുകളാകുന്നു. അങ്ങിനെ പങ്കു ചേര്‍ക്കലും, അതിലേക്കു വഴി തുറക്കലും അതിന്‍റെ ഭാഷയില്‍ ശിര്‍ക്കുമാകുന്നു. അല്ലാഹുവിലും, പരലോകത്തിലും, റസൂലിലും, ഖുർആനിലും വിശ്വസിക്കാത്തവരെല്ലാം- അവര്‍ ആസ്തികവാദക്കാരൊ, നാസ്തികവാദക്കാരോ ആയിക്കൊള്ളട്ടെ- അതിന്‍റെ ഭാഷയില്‍ കാഫിറാകുന്നു. പ്രത്യക്ഷത്തില്‍ വിശ്വാസം പ്രകടിപ്പിക്കുന്നുവെങ്കിലും, യഥാര്‍ത്ഥത്തില്‍ അതിനെതിരായ നിലപാടുകള്‍ സ്വീകരിച്ചവര്‍ മുനാഫിക്വുകളുമാണ്. പരിപൂര്‍ണവിശ്വാസത്തോടൊപ്പം അതിന്‍റെ സിദ്ധാന്തങ്ങള്‍ നിരുപാധികമായി സ്വീകരിക്കുന്നവരാരോ അവരാണ് അതിന്‍റെ ഭാഷയില്‍ മുഅ്മിനുകള്‍ (സത്യവിശ്വാസികള്‍). ഈ അടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങളും, അനുഷ്ഠാനമുറകളും, ആചാരമര്യാദകളും സ്വീകരിക്കുന്നവരെക്കുറിച്ചാണ് അത് ‘മുസ്‌ലിംകള്‍’ എന്നു പറയുന്നതും. ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന വാദത്തിന് ഖുർആന്‍റെ ദൃഷ്ടിയില്‍ യാതൊരു നിലയും വിലയുമില്ല. അല്ല, ഖുർആന്‍ ആ വാദങ്ങളെ അടിയോടെ തള്ളിക്കളയുകയും, ഒരു മുസ്‌ലിമിന് അത് അംഗീകരിക്കുവാന്‍ നിവൃത്തിയില്ലെന്ന് തുറന്ന ഭാഷയില്‍ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു: إِنَّ الدِّين عِنْدَ الّلهِ الإسْلام – آل عمران ١٩ (നിശ്ചയമായും, അല്ലാഹുവിന്‍റെ അടുക്കല്‍ മതം ഇസ്‌ലാമത്രെ). അപ്പോള്‍ ഇസ്‌ലാമല്ലാത്ത മറ്റൊരു മതവും അവന്‍ അംഗീകരിക്കുന്നില്ല. അതിനെ കുറിച്ച് തന്നെയാണ് മറ്റൊരു ആയത്തില്‍ ഇങ്ങനെ പറയുന്നത്: وَأَنَّ هَٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ ۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَتَّقُونَ – الأنعام ١٥٣ (ഇതാ- നേര്‍ക്കുനേരെ- ചൊവ്വായ നിലയില്‍ എന്‍റെ പാത. അത് നിങ്ങള്‍ പിന്‍പറ്റുവിന്‍. മറ്റു മാര്‍ഗങ്ങളെ നിങ്ങള്‍ പിന്‍പറ്റരുത്. എന്നാലവ നിങ്ങളെ അവന്‍റെ മാര്‍ഗത്തില്‍ നിന്ന് ഭിന്നിപ്പിച്ചുകളയും). മറ്റൊരു വചനത്തില്‍ അല്ലാഹു പറയുന്നത് നോക്കുക: وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ – آل عمران – ٨٥ (ഇസ്‌ലാം അല്ലാത്ത ഒന്നിനെ ആരെങ്കിലും മതമായി തേടുന്ന പക്ഷം അതവനില്‍ നിന്ന് സ്വീകരിക്കപ്പെടുന്നതേ അല്ല. അവന്‍ പരലോകത്തില്‍ നഷ്ടക്കാരുടെ കൂട്ടത്തിലുമായിരിക്കും). അപ്പോള്‍ മുസ്‌ലിമാണെന്ന് വാദിക്കുന്ന ഒരാള്‍ക്ക് മേല്‍വാദത്തെ ബാഹ്യമായെങ്കിലും അനുകൂലിക്കുവാന്‍ സാധിക്കുമോ?! ഒരു അമുസ്‌ലിമിന്‍റെ വായില്‍ നിന്നേ ആ വാദം പുറത്തുവരുവാന്‍ ന്യായമുള്ളൂ. എന്നാല്‍ ആ ഏകമാര്‍ഗത്തിലേക്ക് അത് ആരെയും നിര്‍ബന്ധിക്കുന്നില്ല. لَآ إِكْرَاهَ فِي الدِّينِ (മതത്തില്‍ നിര്‍ബന്ധം ചെലുത്തല്‍ ഇല്ല) എന്ന് അത് പ്രഖ്യാപിച്ചിരിക്കുന്നു. അതിന്‍റെ സിദ്ധാന്തങ്ങളും, നിയമാവലിയുമെല്ലാം ലോകത്തിന്‍റെ മുമ്പില്‍ തുറന്നുവെച്ചുകൊണ്ട് അത് ഇങ്ങിനെ ഉദ്‌ഘോഷിക്കുന്നു: وَقُلِ الْحَقُّ مِن رَّبِّكُمْ ۖ فَمَن شَاءَ فَلْيُؤْمِن وَمَن شَاءَ فَلْيَكْفُرْ (പറയുക: യഥാര്‍ത്ഥം നിന്‍റെ റബ്ബിങ്കല്‍ നിന്നുള്ളതാകുന്നു. അതുകൊണ്ട് വേണ്ടുന്നവര്‍ വിശ്വസിച്ചുകൊള്ളട്ടെ, വേണ്ടുന്നവര്‍ അവിശ്വസിച്ചുകൊള്ളട്ടെ!). വിശ്വസിക്കുവാനും അവിശ്വസിക്കുവാനും തല്ക്കാലം സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെങ്കിലും, അവിശ്വസിച്ചവരുടെ ഭാവിയെക്കുറിച്ച് അത് കടുകടുത്ത താക്കീതുകള്‍ നല്‍കുകയും ചെയ്യുന്നു. ഖുർആന്‍റെ അവതരണകാലത്ത് അതിന് ഏതെല്ലാം തരത്തിലുള്ള എതിര്‍ കക്ഷികള്‍ ഉണ്ടായിരുന്നുവോ അവ മിക്കവാറും കാലദേശങ്ങളുടെ പരിതഃസ്ഥിതി ക്കനുസരിച്ച വേഷം സ്വീകരിച്ച് ഇന്നും നിലവിലുണ്ട്. അന്ന് അവരോടും, അവരെ ക്കുറിച്ചും ഖുർആന്‍ എന്തെല്ലാം പ്രസ്താവിച്ചുവോ, അതെല്ലാം ഇന്ന് ഇവരോടും, ഇവരെക്കുറിച്ചും അതിന് പറയുവാനുള്ളത് തന്നെയാകുന്നു. ലോകാവസാനം വരെ അത് നിലനില്‍ക്കുകയും ചെയ്യും.