എതിരാളികളും അവരോടുള്ള നയങ്ങളും: മുശ്‌രിക്കുകള്‍
അറേബ്യയിലെ മുശ്‌രിക്കുകള്‍, തങ്ങള്‍ ഇബ്‌റാഹീം നബി (عليه السلام)യുടെ മതക്കാരാണെന്നും, അദ്ദേഹത്തിന്‍റെ മാര്‍ഗത്തിലാണ് നിലകൊള്ളുന്നതെന്നും വാദിക്കു ന്നവരായിരുന്നു. അവര്‍, തങ്ങളെപ്പറ്റി ‘ഹുനഫാഉ്’ എന്നു പറഞ്ഞിരുന്നു. (*) ഇബ്‌റാഹീം നബി (عليه السلام)യുടെ മാര്‍ഗം സ്വീകരിച്ചവര്‍ എന്നാണ് ഈ വാക്കുകൊണ്ടു വിവക്ഷി ക്കപ്പെടുന്നത്. ഹജ്ജ്കര്‍മം അനുഷ്ഠിക്കുക, കഅ്ബയെ ‘ക്വിബ്‌ല’യായി (അഭിമുഖകേന്ദ്രമായി) അംഗീകരിക്കുക, അതിനെ ബഹുമാനിക്കുക, ചേലാകര്‍മം ചെയ്യുക, രക്തബന്ധവും മുലകുടിബന്ധവുമുള്ളവര്‍ തമ്മില്‍ വിവാഹം നടത്താതിരിക്കുക മുതലായ പലതും അവര്‍ സ്വീകരിച്ചുപോന്നിരുന്നു. ദാനധര്‍മാദികള്‍, കുടുംബബന്ധം പാലിക്കല്‍, വാഗ്ദത്തം നിര്‍വ്വഹിക്കല്‍, അതിഥിസല്‍ക്കാരം തുടങ്ങിയ കാര്യങ്ങള്‍ അവര്‍ക്കിടയില്‍ അംഗീകരിക്കപ്പെട്ട ഗുണങ്ങളായിരുന്നു. നമസ്‌കാരം, നോമ്പ്, ശുദ്ധീകരണം മുതലായവയും ചില രൂപത്തില്‍ അവര്‍ അനുഷ്ഠിച്ചിരുന്നു. കൊല, വ്യഭിചാരം, കളവ് തുടങ്ങിയവ നിഷിദ്ധങ്ങളായും അവര്‍ കരുതി വന്നിരുന്നു. മതദൃഷ്ട്യാ ഇങ്ങിനെ പലതും -അനുഷ്ഠിക്കേണ്ടതായും ഉപേക്ഷിക്കേണ്ടതായും- ഉണ്ടെന്ന് അവര്‍ സമ്മതിച്ചിരുന്നുവെങ്കിലും, കര്‍മ രംഗത്ത് നോക്കുമ്പോള്‍ ചില വ്യക്തികളൊഴിച്ചു മറ്റെല്ലാവര്‍ക്കുമിടയിലും, മതപരമായ ഒരു അരാജകത്വമാണ് അന്നുണ്ടായിരുന്നത്.
(*) ഹുനഫാഉ് (حنفاء) എന്നത് ‘ഹനീഫ്’ (حنيف) എന്നതിന്‍റെ ബഹുവചനമാകുന്നു. ഋജുവായ മാര്‍ഗം സ്വീകരിച്ചവര്‍ എന്നാണ് വാക്കിന്‍റെ താല്‍പര്യം.
വിശ്വാസപരമായി നോക്കുന്ന പക്ഷം, ആകാശഭൂമികള്‍ ഉള്‍ക്കൊള്ളുന്ന ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ട്. ലോകത്ത് നടക്കുന്ന മഹല്‍ കാര്യങ്ങളെല്ലാം അവന്‍റെ കൈക്കാണ് നടക്കുന്നത്. അവന്‍ സര്‍വ്വശക്തനും സര്‍വ്വജ്ഞനുമാണ്. അവന്‍റെ വിധിനിര്‍ണയങ്ങള്‍ക്കനുസരിച്ചേ കാര്യങ്ങള്‍ സംഭവിക്കുകയുള്ളൂ. സൃഷ്ടികളില്‍ മലക്കുകളാകുന്ന ഒരുതരം ആത്മീയ ജീവികളുണ്ട്, അവര്‍ പരിശുദ്ധരാണ് എന്നിങ്ങനെയുള്ള വിശ്വാസങ്ങള്‍ അറബികള്‍ക്കുണ്ടായിരുന്നു. പക്ഷേ, സിദ്ധാന്തങ്ങളും, തത്വങ്ങളും ഇങ്ങിനെയെല്ലാമായിരുന്നുവെങ്കിലും, ആ അടിസ്ഥാനത്തിലായിരുന്നില്ല അവരുടെ ജീവിതരീതി.
മുസ്‌ലിം സമുദായത്തിന്‍റെ ഇന്നത്തെ പൊതുനില പരിശോധിച്ചു നോക്കിയാല്‍ തന്നെ ഇപ്പറഞ്ഞത് വേഗം മനസ്സിലാവുന്നതാണ്. മൂലതത്വങ്ങളും പ്രധാന കടമകളുമെല്ലാം-മനസ്സുകൊണ്ടും വാക്കുകൊണ്ടും- അംഗീകരിക്കുന്നതോടൊപ്പം, അനുഷ്ഠാനരംഗത്ത് നാം കാണുന്നതെന്താണ്? നമസ്‌കാരം, നോമ്പ്, സകാത്ത് മുതലായവ തീരെ ഉപേക്ഷിക്കുകയും, കള്ളുകുടി, പലിശ, അക്രമം, കളവ്, വ്യഭിചാരം തുടങ്ങിയവ നിസ്സങ്കോചം പതിവാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവരുടെ സംഖ്യ ഒത്തുനോക്കുക! തൗഹീദാണ് (ഏകദൈവവിശ്വാസമാണ്) തങ്ങളുടെ അടിസ്ഥാന വിശ്വാസമെന്ന് സമ്മതിക്കാത്ത മുസ്‌ലിം നാമധാരികള്‍ ഉണ്ടായിരിക്കുകയില്ല. പക്ഷേ, ഫലം മറിച്ചും! ഒരുപ്രകാരത്തിലല്ലെങ്കില്‍ മറ്റൊരു പ്രകാരത്തില്‍, ശിര്‍ക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, അത് മതമായി ഗണിക്കുകയും ചെയ്യുന്ന കാഴ്ചയാണ് മിക്കവരിലും കാണുന്നത്. മതത്തിന്‍റെ പേരില്‍ കെട്ടിച്ചമച്ച അനാചാരങ്ങളും, മാമൂലുകളും ഇതിന്നു പുറമെയും! ഇത്തരം ദുഷ്‌ചെയ്തികളില്‍ മുഴുകിക്കൊണ്ടിരിക്കുന്ന ആളുകള്‍ തങ്ങളെപ്പറ്റി നടിക്കുന്നതോ? തങ്ങളാണ് ഏറ്റവും മതവിശ്വാസവും മതഭക്തിയും ഉള്ളവരെന്നുമായിരിക്കും! ഏറെക്കുറെ ഈ നില തന്നെയായിരുന്നു അറബി മുശ്‌രിക്കുകളുടെതും. ചില വശങ്ങളില്‍ അവര്‍ കൂടുതല്‍ അതിരു കവിഞ്ഞിരുന്നുവെന്നു മാത്രം.
മുശ്‌രിക്കുകള്‍ വഴിപിഴച്ചിരുന്നതിന്‍റെ പ്രധാന കാരണം ശിര്‍ക്ക്തന്നെ. അല്ലാഹുവിന് പ്രത്യേകമായുള്ള, അധികാരാവകാശങ്ങളിലും, ഗുണവിശേഷണ ങ്ങളിലും, പ്രവര്‍ത്തനങ്ങളിലും ഇതര വസ്തുക്കള്‍ക്ക് പങ്കോ, സാമ്യതയോ കല്‍പിക്കുന്നതാണല്ലോ ശിര്‍ക്ക്. ലോക കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിലും, അദൃശ്യകാര്യങ്ങളെ അറിയുന്നതിലും, രോഗം, സൗഖ്യം, ശാപം, അനുഗ്രഹം, ആഹാരം, രക്ഷ, ശിക്ഷ മുതലായവ നല്‍കുന്നതിലും മഹാത്മാക്കളായ ചിലര്‍ക്കും ചില പങ്കുകളുണ്ടെ ന്നായിരുന്നു അവര്‍ ധരിച്ചുവന്നത്. അല്ലാഹുവിന്‍റെ അറിവും, കഴിവും, എല്ലാറ്റിനുമുപരിയായതാണെന്ന് അവര്‍ക്കറിയാം. പക്ഷേ, ഒരു മഹാരാജാവ് തന്‍റെ അധികാരാവകാശങ്ങളില്‍ ചിലത് തനിക്ക് പ്രിയപ്പെട്ട ചില പ്രത്യേകക്കാര്‍ക്ക് വിട്ടുകൊടുക്കുന്നതുപോലെ, അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ ചിലത് അവന്‍ ചില മഹാന്മാര്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്നായിരുന്നു അവരുടെ വിശ്വാസം. അങ്ങനെ, ആ മഹാത്മാക്കളുടെ പ്രീതി അല്ലാഹുവിന്‍റെ പ്രീതിക്കും, അവരുടെ അപ്രീതി അല്ലാഹുവിന്‍റെ അപ്രീതിക്കും കാരണമാണെന്നും, അവരുടെ ശുപാര്‍ശ അല്ലാഹു സ്വീകരിക്കുകയും, അത് അവന്‍റെ അടുക്കല്‍ സ്വാധീനം ചെലുത്തുകയും ചെയ്യുമെന്നും അവര്‍ ധരിച്ചുവശായി. ഈ അടിസ്ഥാനത്തില്‍, പലതരം ആരാധനകളും നേര്‍ച്ച വഴിപാടുകളും ആ മഹാത്മാക്കള്‍ക്കുവേണ്ടിയും അവര്‍ നടത്തിവന്നു. ഇതുവഴി, പ്രസ്തുത മഹാത്മാക്കള്‍ക്ക് യഥാര്‍ത്ഥ ദൈവത്തിന്‍റെ സ്ഥാനം കല്‍പ്പിക്കപ്പടുകയും, സകലവിധ ആരാധനകളും അവര്‍ക്കായി അര്‍പ്പിക്കപ്പെടുകയും പതിവായിത്തീര്‍ന്നു. അതുമാത്രമാണ് മുക്തിമാര്‍ഗമെന്നതുവരെ കാര്യം എത്തി. യഥാര്‍ത്ഥ ദൈവമായ അല്ലാഹുവിനുള്ള സ്ഥാനമാനങ്ങള്‍ വാക്കുകളില്‍ മാത്രം അവശേഷിക്കുകയും ചെയ്തു.
നൂഹ് നബി (عليه السلام) യുടെ കാലം മുതല്‍ക്കുതന്നെ വിഗ്രഹാരാധന ലോകത്ത് നടപ്പുണ്ടെന്ന് ഖുർആന്‍ കൊണ്ട് സ്പഷ്ടമാകുന്നു (സൂറത്തു നൂഹ് നോക്കുക). എന്നാല്‍, അറബികളില്‍ അത് നടപ്പില്‍ വരുത്തിയത് അംറുബ്‌നുലുഹാ ( عمرو بن لحى ) എന്നു പേരായ ഒരാളായിരുന്നു. മിക്കവാറും ക്രിസ്ത്വബ്ദം 3-ാം നൂറ്റാണ്ടില്‍ ജീവിച്ച ഒരു നാട്ടുരാജാവായിരുന്ന ഇയാള്‍, ശാമില്‍ നിന്നാണ് ഹിജാസിലേക്കു വിഗ്രഹാരാധന കടത്തിക്കൊണ്ടുവന്നത്. മരണപ്പെട്ടുപോയ മഹാത്മാക്കളുടെ സ്മരണക്കായിട്ടാണ്-പിശാചിന്‍റെ പ്രേരണപ്രകാരം- ആദ്യം ജനങ്ങള്‍ പ്രതിമകളുണ്ടാക്കി പ്രതിഷ്ഠിച്ചത് എന്നും, ക്രമേണ ആ പ്രതിമകള്‍ ആരാധ്യവസ്തുക്കളായി പരിണമിക്കുകയാണ് ഉണ്ടായിട്ടുള്ളതെന്നും നബി വചനങ്ങളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് പ്രതിമകള്‍ ഉണ്ടാക്കുകയും, പ്രതിഷ്ഠിക്കുകയും ചെയ്യുന്നതിനെ നബി (ﷺ) അതികഠിനമായി വിരോധിച്ചിട്ടുള്ളതും. വിഗ്രഹങ്ങളുടെ കൂട്ടത്തില്‍, മരണപ്പെട്ട മഹാത്മാക്കുളുടെ പ്രതിമകള്‍ മാത്രമല്ല കാലക്രമത്തില്‍ ചില മലക്കുകളുടെയും, ചില ജിന്നുകളുടെയും പേരിലും വിഗ്രഹങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ദേവീദേവന്മാരെന്ന പേരിലാണ് ഇന്ന് അവ അറിയപ്പെടുന്നത്. മലക്കുകള്‍ ദൈവത്തിന്‍റെ പുത്രിമാരാണെന്നായിരുന്നു അവരുടെ സങ്കല്പം. ചുരുക്കിപ്പറഞ്ഞാല്‍, ലോകത്ത് തൗഹീദിന്‍റെ കേന്ദ്രമായി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ദേവാലയമായ പരിശുദ്ധ കഅ് ബയുടെ പരിസരങ്ങളിലായി -ഖുർആന്‍ അവതരിക്കുന്ന കാലത്ത്- വിവിധ തരത്തിലുള്ള 360 വിഗ്രഹങ്ങള്‍ സ്ഥലം പിടിച്ചിരുന്നു. അക്കൂട്ടത്തില്‍, അതേ വിശുദ്ധ മന്ദിരം കെട്ടിഉയര്‍ത്തിയ ഇബ്‌റാഹീം നബി (عليه السلام), ഇസ്മാഈല്‍ നബി (عليه السلام) എന്നീ പ്രവാചകവര്യന്മാരുടെ പ്രതിമകളും ഉണ്ടായിരുന്നു.
അടിത്തറ ഇളകിയാല്‍ കെട്ടിടത്തിന് ഇളക്കം ബാധിക്കുകയും, അത് സ്ഥാനം തെറ്റിയാല്‍ കെട്ടിടം ആകെ തകരുകയും ചെയ്യുമല്ലോ. അതുപോലെ തൗഹീദാകുന്ന അസ്തിവാരം നിലതെറ്റിയതോടെ, അറബികളുടെ ജീവിതക്രമം ആകമാനം അവതാളത്തിലായി. അതോടെ, ‘ശിര്‍ക്കും’ ‘തശ്ബീഹും’, ‘തഹ്‌രീഫും"(*) (അല്ലാഹുവിനോട് പങ്കുചേര്‍ക്കലും, അവനു സാദൃശ്യം കല്‍പിക്കലും, മതവിധികളെ എതിരാളികളും അവരോടുള്ള നയങ്ങളും മാറ്റിമറിക്കലും) രംഗപ്രവേശം ചെയ്തു. അനേകതരം അന്ധവിശ്വാസങ്ങളും അനാചാര ദുരാചാരങ്ങളും, ദുര്‍ന്നടപ്പുകളും മതതത്വങ്ങളായി മാറി. മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം നശിച്ചതാണ് അവരെ ഏറ്റവും അധഃപതിപ്പിച്ചത്. മരിച്ചു മണ്ണായിക്കഴിഞ്ഞാല്‍ പിന്നെ, മറ്റൊരു ജീവിതമോ, രക്ഷാ ശിക്ഷകളോ ഇല്ലെന്നും, അതോടെ എല്ലാം അവസാനിച്ചുവെന്നും അവര്‍ ഉറപ്പിച്ചുവെച്ചു. മരണാനന്തര ജീവിതത്തെപ്പറ്റി പൂര്‍വ്വവേദങ്ങളില്‍ പ്രസ്താവിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഖുർആനിലേതുപോലെ അത്ര വിശദവും, വ്യക്തവുമായ നിലയില്‍ അവയില്‍ അതിനെക്കുറിച്ച് പ്രതിപാദിക്കപ്പെട്ടിട്ടില്ലായിരുന്നു. മുശ്‌രിക്കുകളായ അറബികള്‍ക്ക് പൂര്‍വ്വവേദങ്ങളെ സംബന്ധിച്ചിടത്തോളം, അടുത്ത പരിചയവും ഇല്ല. ഇബ്‌റാഹീം നബി (عليه السلام)യുടെയും, ഇസ്മാഈല്‍ നബി (عليه السلام)യുടെയും ശേഷം, മറ്റൊരു പ്രവാചകനുമായി അവര്‍ക്ക് നേരില്‍ ബന്ധം സ്ഥാപിക്കാന്‍ അവസരവും ഉണ്ടായിട്ടില്ല. അങ്ങനെ, ദേഹേച്ഛയും, പാരമ്പര്യവും, അനുകരണവും സര്‍വ്വാധാരമായി ചിരകാലം നിലനിന്നുപോന്ന ആ സമുദായത്തിനു ഭൗതിക ദൃഷ്ടിക്കപ്പുറമുള്ള ഒരു ജീവിതത്തെ സംബന്ധിച്ച് വിശ്വസിക്കുവാന്‍ കഴിയാതായിത്തീര്‍ന്നു.
(*) الشرك والتشبيه والتحريف
ഇതിന്‍റെയെല്ലാം അനിവാര്യഫലമായിട്ടാണ്, മുശ്‌രിക്കുകള്‍ നബി തിരുമേനി (ﷺ) യുടെ പ്രവാചകത്വവും, ഖുർആനും നിഷേധിച്ചത്. പ്രവാചകത്വത്തെപ്പറ്റി അവര്‍ക്ക് നേരിട്ട് പരിചയമില്ലെങ്കിലും, തങ്ങളുടെ ഇടയില്‍ ജീവിച്ചു വരുന്ന വേദക്കാര്‍ വഴിയും മറ്റും കേട്ടു പരിചയം ഉണ്ടെന്നതില്‍ സംശയമില്ല. തങ്ങളുടെ പൂര്‍വ്വ പിതാക്കളും, വന്ദ്യ നേതാക്കളുമാണല്ലോ ഇബ്‌റാഹീം നബി (عليه السلام)യും, ഇസ്മാഈല്‍ നബി (عليه السلام)യും. മൂസാ നബി (عليه السلام)യെയും, ഈസാ നബി (عليه السلام)യെയും കുറിച്ച് അവര്‍ക്ക് കേട്ടറിവുമുണ്ട്. ആകയാല്‍, അല്ലാഹു മനുഷ്യരില്‍ നിന്ന് പ്രവാചകന്മാരെയും, ദൈവദൂതന്മാരെയും നിയമിക്കുക പതിവുണ്ടെന്ന വസ്തുത അവര്‍ക്ക് അജ്ഞാതമല്ല. എന്നാല്‍ പ്രവാചക ന്മാരുടെ യഥാര്‍ത്ഥ നിലപാടുകളും സ്ഥിതിഗതികളും എന്തെല്ലാമായിരുന്നുവെന്നോ, ജനങ്ങളും അവരുമായുള്ള ബന്ധം എപ്രകാരമായിരുന്നുവെന്നോ അവര്‍ക്കറിഞ്ഞുകൂടാ. ഊഹാപോഹങ്ങളും, പഴഞ്ചന്‍ കഥകളും വഴി, പ്രവാചകന്മാരെ പറ്റി അവര്‍ എന്തൊക്കെയോ ഊഹിച്ചുവെച്ചിരിക്കുകയായിരുന്നു. മുഹമ്മദ് നബി തിരുമേനി (ﷺ) യാണെങ്കില്‍ അവര്‍ക്കിടയില്‍ അനാഥനായി പെറ്റു വളര്‍ന്നുവന്ന ഒരു സാധാരണ വ്യക്തി. മഹാത്മാക്കള്‍ക്ക് -മഹാത്മാക്കളുടെ പേരില്‍ നിര്‍മിക്കപ്പെട്ട പ്രതിമകള്‍ക്കുപോലും- ദിവ്യത്വം കല്‍പിച്ചുവശായ അവര്‍ക്ക്, തങ്ങളില്‍പെട്ട ഒരു മനുഷ്യന്‍ ദൈവദൂതനായിത്തീരുകയെന്നത് അസംഭവ്യകാര്യമായിത്തോന്നി. അങ്ങനെ, പ്രവാചകന്‍ എങ്ങിനെയാണ് തിന്നുകയും, കുടിക്കുകയും അങ്ങാടിയില്‍കൂടി നടക്കുകയുമെല്ലാം ചെയ്യുന്നത്? എന്നിത്യാദി ചോദ്യങ്ങള്‍ അവരില്‍ നിന്നു പുറത്തുവന്നു.
ചുരുക്കിപ്പറഞ്ഞാല്‍ ശിര്‍ക്ക്, പരലോക നിഷേധം, ഇബ്‌റാഹീം നബി (عليه السلام)യുടെ മാര്‍ഗമനുസരിച്ചാണ് തങ്ങള്‍ നിലകൊള്ളുന്നതെന്ന വാദം, മുഹമ്മദ് നബി (ﷺ) യുടെ പ്രവാചകത്വത്തിന്‍റെ നിഷേധം ഇങ്ങനെയുള്ള ചില സംഗതികളായിരുന്നു മുശ്‌രിക്കുകളെ സംബന്ധിച്ച് ഖുർആനിന് പ്രധാനമായി വിമര്‍ശിക്കേണ്ടിയിരുന്ന വിഷയങ്ങള്‍. ഈ തുറകളില്‍ അവര്‍ കൊണ്ടു വരുന്ന ന്യായവാദങ്ങള്‍ക്ക് മറുപടി പറയുകയും ആവശ്യമായിരുന്നു. അക്കാര്യങ്ങള്‍ ശരിയായിത്തീര്‍ന്നാല്‍, മറ്റുള്ളെതല്ലാം പ്രയാസമെന്യെ ശരിപ്പെട്ടുകൊള്ളുമായിരുന്നു. ഇതിനായി മുശ്‌രിക്കുകളെ സംബന്ധിച്ച് ഖുർആന്‍ സ്വീകരിച്ച നയങ്ങള്‍ പലതാണ്. ഉദാഹരണമായി:-
1). പൂര്‍വ്വീകന്മാരുടെ അനുകരണവും, പരമ്പരാഗതമായ ഊഹാപോഹങ്ങളുമല്ലാതെ, ബുദ്ധിപൂര്‍വ്വകമോ, വൈദീകമോ ദൈവികമോ ആയ യാതൊരു തെളിവും അവര്‍ക്കില്ലെന്നു ഉല്‍ബോധിപ്പിക്കുക.
2). മതാചാരങ്ങളും, മതസിദ്ധാന്തങ്ങളുമായി തങ്ങള്‍ ആചരിച്ചുവരുന്ന കാര്യങ്ങള്‍ പ്രവാചകന്മാരുടെയോ, വേദഗ്രന്ഥങ്ങളുടെയോ അധ്യാപനങ്ങളല്ലെന്നും, കെട്ടിച്ച മയ്ക്കപ്പെട്ടവ മാത്രമാണെന്നും ഓര്‍മിപ്പിക്കുക.
3). അല്ലാഹു അല്ലാത്ത മറ്റേതൊരു വസ്തുവിന്നും, റബ്ബോ, ഇലാഹോ (രക്ഷിതാവോ, ആരാധ്യനോ) ആയിരിക്കുവാന്‍ ഒരുവിധേനയും അര്‍ഹതയോ ന്യായമോ ഇല്ല എന്നും, അല്ലാഹുവിന് യാതൊരു പ്രകാരത്തിലുള്ള സാമ്യരും പങ്കുകാരും ഉണ്ടായിരിക്കുവാന്‍ നിവൃത്തിയില്ല എന്നും സ്ഥാപിക്കുക.
4). എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്തത് തൗഹീദ് മാത്രമായിരു ന്നുവെന്നും, അവരെല്ലാം അല്ലാഹുവിന്‍റെ അടിമകളും അടിയാന്മാരുമായിരുന്നുവെന്നും ഉറപ്പിക്കുക.
5) വിഗ്രഹങ്ങള്‍ ആരാധ്യവസ്തുക്കളാകുന്നത് പോയിട്ട് സാധാരണ മനുഷ്യരുടെ പദവിപോലും അവക്കില്ലെന്ന് കാര്യകാരണ സഹിതം ഉണര്‍ത്തുക.
6) അല്ലാഹുവിന് മക്കളുണ്ടെന്ന വാദം, അങ്ങേയറ്റം വഷളത്വം നിറഞ്ഞ നികൃഷ്ടവാദമാണെന്നും, അല്ലാഹുവിന് മറ്റേതെങ്കിലും വസ്തുവോട് യാതൊരു തരത്തിലുള്ള സാദ്യശ്യവും ഇല്ലെന്നും, അവന്‍ സര്‍വ്വോപരി പരിശുദ്ധനാണെന്നും സ്ഥാപിക്കുക.
7) മുഹമ്മദ് നബി (ﷺ) ഒന്നാമത്തെ പ്രവാചകനല്ല. അദ്ദേഹത്തിനു മുമ്പ് എത്രയോ പ്രവാചകന്മാര്‍ ഉണ്ടായിട്ടുണ്ട്. അവരുടെയെല്ലാം പ്രബോധന തത്വം ഒന്നു തന്നെയായിരുന്നു, അവരെല്ലാവരും തന്നെ മനുഷ്യരും, മനുഷ്യ പ്രകൃതിയോടു കൂടിയവരുമായിരുന്നു. വഹ്‌യ് ലഭിക്കുന്നുവെന്നത് കൊണ്ട് അദ്ദേഹം മനുഷ്യനല്ലാതാകുന്നില്ല എന്നൊക്കെ ഗ്രഹിപ്പിക്കുക.
8) ജനങ്ങള്‍ ആവശ്യപ്പെടുന്ന ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുക്കലും, അദൃശ്യകാര്യങ്ങള്‍ അറിയലും നബിമാര്‍ക്ക് സാധ്യമായ കാര്യങ്ങളല്ല. അല്ലാഹു ഉദ്ദേശിച്ച ദൃഷ്ടാന്തം മാത്രമെ അവരുടെ കൈക്ക് വെളിപ്പെടുകയുള്ളൂ. അവന്‍ അറിയിച്ചുകൊടുക്കുന്ന അദൃശ്യകാര്യമല്ലാതെ അവര്‍ക്ക് അറിയുവാന്‍ കഴിയുന്നതുമല്ല. പുതിയ വല്ല ദൃഷ്ടാന്തങ്ങള്‍ കണ്ടാല്‍ തന്നെയും അതു ഗ്രഹിക്കുവാനോ, വിശ്വസിക്കുവാനോ അവര്‍ തയ്യാറാവുകയില്ല. അതേ സമയത്ത് സത്യാന്വേഷണം നടത്തുന്ന ഏതൊരുവനും സത്യം ഗ്രഹിക്കുവാന്‍ വേണ്ടത്ര ദൃഷ്ടാന്തങ്ങള്‍ അവരുടെ മുമ്പിലുണ്ട്താനും. ഏറ്റവും വലിയ ദൃഷ്ടാന്തം അവരുടെ മുമ്പിലിരിക്കുന്ന ഖുർആന്‍ തന്നെയാണ്. അതുപോലെയുള്ള ഒരു ഗ്രന്ഥമോ, അതിലെ അധ്യായം പോലെയുള്ള ഒരു അധ്യായമോ -അവര്‍ക്കാകട്ടെ, മറ്റാര്‍ക്കെങ്കിലുമാകട്ടെ- കൊണ്ടുവരുക സാദ്ധ്യമല്ല. അത് അല്ലാഹുവിന്‍റെ ഗ്രന്ഥമാണെന്നുള്ളതിന് ഇതുതന്നെ മതിയായ തെളിവാണ് എന്നൊക്കെ ഉല്‍ബോധനം ചെയ്യുക.
9) നിര്‍ജ്ജീവമായിക്കിടക്കുന്ന ഭൂമിയെ മഴ വര്‍ഷിപ്പിച്ച് ഉല്പാദനയോഗ്യമാക്കിത്തീര്‍ത്ത് സസ്യലതാദികള്‍ ഉല്പാദിപ്പിക്കുന്നതുപോലെ, നിര്‍ജ്ജീവ വസ്തുക്കളില്‍ നിന്നു ജീവികളെ ഉല്‍ഭവിപ്പിക്കുന്നതു പോലെ, മരണപ്പെട്ട മനുഷ്യന്‍ പുനരുജ്ജീവി പ്പിക്കപ്പെടുമെന്നതും, ആദ്യം സൃഷ്ടിച്ച സ്രഷ്ടാവിന് ആ സൃഷ്ടിയെ രണ്ടാമതും ജീവിപ്പിക്കുവാന്‍ ഒട്ടും പ്രയാസമില്ലെന്നതും, ഖുർആന്‍റെ ഒരു പുതിയ വാദമല്ല - മുന്‍വേദങ്ങളെല്ലാം ഘോഷിച്ചതു തന്നെയാണ്- ഇതെന്നും തെര്യപ്പെടുത്തുക.
10) സത്യവിശ്വാസവും സന്മാര്‍ഗവും സ്വീകരിച്ചാലുണ്ടാകുന്ന നേട്ടങ്ങളും അല്ലാത്ത പക്ഷം അനുഭവിക്കേണ്ടി വരുന്ന ഭവിഷ്യത്തുകളും, ശിക്ഷകളും വിവരിച്ചുകൊടുക്കുക. ഇങ്ങിനെയുളള വിവിധ മാര്‍ഗങ്ങളില്‍ കൂടിയാണ് ഖുർആന്‍ മുശ്‌രിക്കുകളെ സമീപിക്കുന്നതും, അഭിമുഖീകരിക്കുന്നതും. എല്ലാം തന്നെ അവര്‍ക്ക് സുഗ്രാഹ്യമായ ഭാഷാ ശൈലിയോടുകൂടിയും, സുവ്യക്തങ്ങളായ ലക്ഷ്യ ദൃഷ്ടാന്തങ്ങള്‍ സഹിതവും. പ്രതിപാദനരീതിയാകട്ടെ, കെട്ടിക്കുടുക്കും വക്രതയുമില്ലാത്തതും.