ആമുഖം

പ്രതിപാദന രീതി 
ഖുർആനില്‍ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന രീതി ഒരു പ്രത്യേക തരത്തിലുള്ള താകുന്നു. ശാസ്ത്രം, ചരിത്രം, സാഹിത്യം തുടങ്ങിയ കൃതികളിലൊന്നും തന്നെ സ്വീകരിക്കപ്പെടാറുള്ള പ്രതിപാദനരീതിയും, സംസാര ശൈലിയും അല്ല ഖുർആന്‍ സ്വീകരിച്ചിട്ടുള്ളത്. ഒരു വിഷയമോ, സംഭവമോ വിവരിക്കുമ്പോള്‍, അതു സംബന്ധമായ എല്ലാ കാര്യവും അവിടെ തന്നെ വിവരിക്കുക, ആദ്യം തൊട്ട് അന്ത്യം വരെ എല്ലാ വശങ്ങളും, ഉപാധികളും ക്രമമായി അതില്‍ ഉള്‍ക്കൊള്ളിക്കുക, ഒരു വിഷയം തീര്‍ന്ന ശേഷം മാത്രം മറ്റൊന്നിലേക്കു നീങ്ങുക, ആദ്യം പ്രസ്താവിച്ചതുമായി പ്രത്യക്ഷ ബന്ധമുള്ള വിഷയം മാത്രം തുടര്‍ന്നു പ്രസ്താവിക്കുക, ഇന്ന അധ്യായത്തില്‍ ഇന്നിന്ന വിഷയങ്ങള്‍ വിവരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുക ഇത്യാദികാര്യങ്ങളൊന്നും ഖുർആനില്‍ പതിവില്ല. ഗ്രന്ഥരചനയും ശാസ്ത്രവിജ്ഞാനങ്ങളും പ്രചാരത്തില്‍ വന്നു കഴിഞ്ഞിട്ടില്ലാത്ത ഒരു കാലത്തും, അവയുമായി പരിചയം സിദ്ധിച്ചിട്ടില്ലാത്ത ഒരു ജനതാമദ്ധ്യത്തിലുമാണല്ലോ ഖുർആന്‍ അവതരിച്ചത്. അതേ സമയത്ത് തങ്ങളറിയാതെ തന്നെ, സാഹിത്യത്തിന്‍റെ മുന്‍പന്തിയില്‍ ആ ജനത എത്തി ക്കഴിഞ്ഞിട്ടുമുണ്ടായിരുന്നു. കവിതകളും പ്രസംഗങ്ങളുമാണ് അവരുടെ സാഹിത്യരംഗങ്ങള്‍. ഈ പരിതഃസ്ഥിതിയില്‍, ഒന്നാമതായി പ്രസ്തുത ജനതയെ അഭിമുഖീകരിച്ചുകൊണ്ട് അവതരിക്കുന്ന ദൈവിക ഗ്രന്ഥം, അവര്‍ക്ക് പരിചിതമല്ലാത്ത ഒരു ശൈലീസമ്പ്രദായത്തോടുകൂടിയായിരിക്കുന്നത് യുക്തമല്ലല്ലോ. ആ ഗ്രന്ഥമാകട്ടെ, ലോകാവസാനം വരെയുള്ള ജനങ്ങളെ ആകമാനം ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതുമാണ്. അപ്പോള്‍, ആ ജനതക്കും ഭാവിതലമുറകള്‍ക്കും ഒരുപോലെ ഹൃദ്യവും ആസ്വാദ്യ കരവുമായിത്തീരുന്ന സ്വഭാവ സവിശേഷതയോടുകൂടിയായിരിക്കണം ആ ഗ്രന്ഥം. അങ്ങനെ, ഖുർആന്‍ അവതരിച്ച കാലത്തേക്കും ഭാവികാലങ്ങള്‍ക്കും പറ്റിയ ഒരു പ്രത്യേകതരം പ്രതിപാദന രീതിയാണ് ഖുർആനില്‍ അല്ലാഹു സ്വീകരിച്ചിട്ടുള്ളത്. ഖുർആന്‍റെ പല സവിശേഷതകളില്‍ ഒന്നത്രെ അത്. സര്‍വ്വസ്വീകാര്യമായ തത്വങ്ങളുടെയും, പൊതുവില്‍ അംഗീകരിക്കപ്പെട്ട സിദ്ധാന്തങ്ങളുടെയും അടിസ്ഥാനത്തില്‍-സുഗ്രാഹ്യവും, സുപരിചിതവുമായ ഉപമകള്‍ സഹിതം -സുവ്യക്തങ്ങളായ ലക്ഷ്യ ദൃഷ്ടാന്തങ്ങളോടുകൂടി -മനസ്സിന്നു സമാധാനവും മനസ്സാക്ഷിക്ക് യുക്തവുമായിത്തോന്നുന്ന ന്യായവാദങ്ങളോടുകൂടി- അത് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. ചിലപ്പോള്‍ വളരെ സംക്ഷിപ്തമായി ഉദ്ധരിച്ച ഒരു വാര്‍ത്ത മറ്റൊരിക്കല്‍ വളരെ സവിസ്തരമായി പ്രതിപാദിക്കും. ശാസ് ത്രീ യവും താര്‍ക്കികവുമായ സാങ്കേതികാടിസ്ഥാനത്തില്‍ വിഷയങ്ങളെ ക്രമീകരിച്ച് ശ്രോതാക്കളെ ഉത്തരം മുട്ടിച്ച് വിജയഭേരി അടിക്കുന്ന സമ്പ്രദായം അതിനില്ല. ഹൃദയം കവരുന്നതും മനസ്സിനെ വശീകരിക്കുന്നതുമായ ഒരു നയമാണ് അത് കൈക്കൊണ്ടിട്ടുള്ളത്. എന്നാല്‍ താര്‍ക്കികവും ശാസ്ത്രീയവുമായ അടിസ്ഥാനത്തില്‍, ഖണ്ഡനങ്ങളോ വിമര്‍ശനങ്ങളോ ഖുർആനില്‍ തീരെ ഇല്ലെന്ന് ഇതിനര്‍ത്ഥമില്ല. നിശ്ചയമായും അതുണ്ട്. ഒരു സാധാരണക്കാരന്‍റെ ദൃഷ്ടിയില്‍, അതിന്‍റെ നയവും പതിവും മുകളില്‍ പറഞ്ഞതാണെങ്കിലും സമര്‍ത്ഥനായ ഒരു എതിര്‍വാദിയെ സംബന്ധിച്ചിടത്തോളം അത് ശാസ്ത്രരീത്യാതന്നെ അതിന്‍റെ ലക്ഷ്യങ്ങളെ സംവിധാനം ചെയ്തിട്ടുള്ളതായി അവന് അനുഭവപ്പെടുന്നതാണ്. പൊള്ളവാദങ്ങള്‍ക്ക് വായടപ്പന്‍ മറുപടിയും മുഷ്ടിവാദങ്ങള്‍ക്ക് കടുത്ത മറുപടിയും അത് നല്‍കും. ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തിലൊ, തത്വസംഹിതയിലോ വിശ്വസിച്ചിട്ടില്ലാത്ത ഒരാളെ സംബന്ധിച്ചിടത്തോളം ആ ശാസ്ത്രത്തിലെ, അല്ലെങ്കില്‍ ആ സംഹിതയിലെ ഓരോ വശവും ഓരോ ഖണ്ഡികയും പ്രത്യേകം പ്രത്യേകം എടുത്തുകാട്ടി സമ്മതിപ്പിക്കുവാനോ, അയാളുടെ അടുക്കല്‍ തികച്ചും സ്വീകാര്യമായ അടിസ്ഥാനത്തില്‍ അവയെ ന്യായീകരിച്ചു കാണിക്കുവാനോ, സാധ്യമാവുകയില്ല. നേരെ മറിച്ച് ചില പ്രാഥമിക തത്വങ്ങളും മൗലിക സിദ്ധാന്തങ്ങളുമായിരിക്കണം ആദ്യം അയാളുടെ ശ്രദ്ധക്കു വിഷയമാക്കേത്. അയാളുടെ ബുദ്ധിക്കും യുക്തിക്കും അവ യോജിക്കുന്നുവെന്ന് ബോധ്യപ്പെട്ട ശേഷം മറ്റുള്ള തത്വങ്ങളിലേക്ക് നീങ്ങണം. ആ പ്രാഥമിക തത്വങ്ങളും മൂല സിദ്ധാന്തങ്ങളും അടിസ്ഥാനപ്പെടുത്തിക്കൊണ്ടായിരിക്കണം ഈ നീക്കം. പിന്നീട് ഇതെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ട് അടുത്ത ഭാഗങ്ങളിലേക്ക് നീങ്ങാം. ഉദാഹരണമായി ഒരാള്‍ പ്രജായത്ത ഭരണ സമ്പ്രദായത്തില്‍ ഒട്ടും വിശ്വാസമില്ലാത്തവനും, തനി രാജകീയ ഭരണത്തില്‍ മാത്രം വിശ്വാസമുറപ്പിച്ചവനുമാണെന്ന് വിചാരിക്കുക. എന്നിരിക്കെ, ഒരു പ്രജായത്ത ഭരണഘടനയുടെ എല്ലാ വകുപ്പുകളും, അതതു വകുപ്പനുസരിച്ചുള്ള നിയമങ്ങളും എടുത്തുകാട്ടി അവയുടെ ഗുണഗണങ്ങള്‍ അയാളെക്കൊണ്ട് സമ്മതിപ്പിക്കുക സാധ്യമല്ലല്ലോ. ഇതുപോലെത്തന്നെയാണ് ഇസ്‌ലാമിന്‍റെയും ഖുർആനിന്‍റെയും സ്ഥിതിയും. അതില്‍ വിശ്വസിക്കാത്തവരെയും അതിന്‍റെ എതിരാളികളെയും അതിലെ ഓരോ ഇനങ്ങളും വെവ്വേറെ പെറുക്കി എടുത്ത് അവരുടെ അടുക്കല്‍ സുസമ്മതമായ ഒരടിസ്ഥാനത്തില്‍ തല കുലുക്കി സമ്മതിപ്പിക്കുവാന്‍ സാധിച്ചെന്നു വരികയില്ല. അതിനു പരിശ്രമിക്കുന്നത് പലപ്പോഴും പാഴ്‌വേലയായിരിക്കും. ചില തത്വങ്ങളെപ്പറ്റി അയുക്തികമെന്നോ മറ്റോ വിധി കല്പിച്ചു തള്ളിക്കളയുവാന്‍ അത് കാരണമാകും. മാത്രമല്ല, ഈ സാഹസത്തിന് മുതിരുന്നവര്‍, ചിലപ്പോള്‍ ചില യാഥാര്‍ത്ഥ്യങ്ങളെ വളച്ചുതിരിച്ചു ഒപ്പിച്ചു കാണിച്ചുകൊടുക്കുവാനോ, ചില വിട്ടുവീഴ്ചകളോടുകൂടി യാഥാര്‍ത്ഥ്യത്തെ ചിത്രീകരിക്കുവാനോ നിര്‍ബന്ധിതരായെന്നും വരും. നിരീശ്വരവാദിയായ ഒരുവനോട് തൗഹീദിന്‍റെ ഗുണഗണങ്ങളെക്കുറിച്ചോ, പരലോകകാര്യങ്ങളെക്കുറിച്ചോ, നമസ്‌കാരം, നോമ്പ് മുതലായവയെക്കുറിച്ചോ, വേദമോതിയിട്ടു കാര്യമില്ല. ആദ്യമായി, ലോകത്തിന് ഒരു സ്രഷ്ടാവുെന്നതിന്‍റെ തെളിവുകളും, അതിനുശേഷം ആ സ്രഷ്ടാവിന്‍റെ അനിവാര്യമായ ഗുണങ്ങളും ബോധ്യെ പ്പടുത്തണം. അനന്തരം ഒരു മതത്തിന്‍റെ ആവശ്യം, പ്രവാചകന്മാരുടെ ആവശ്യം, വേദഗ്രന്ഥത്തിന്‍റെ ആവശ്യം, അവയുടെ സാധ്യത, സംഭവ്യത എന്നിങ്ങനെ പലതും അയാള്‍ക്ക് വിശ്വാസ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെടുത്തണം. അങ്ങനെ, ഖുർആന്‍ ദൈവഗ്രന്ഥമാണെന്നും, മുഹമ്മദ് (ﷺ) അവന്‍റെ തിരുദൂതനാണെ ന്നുമുള്ളതുവരെ എത്തിക്കഴിഞ്ഞാല്‍ മാത്രമെ, ഖുർആനിലെ ഓരോ തത്വവും, ഓരോ നിയമവും തൊട്ടെണ്ണി അയാളുടെ ദൃഷ്ടിയില്‍ സ്വീകാര്യമാക്കുവാന്‍ നിവൃത്തിയുള്ളൂ. അല്ലാത്തപക്ഷം, ഏതോ ചില കാര്യങ്ങള്‍ -അയാളുടെ മനഃസ്ഥി തിക്കും താല്പര്യത്തിനും യോജിച്ചവമാത്രം -അയാള്‍ക്ക് സമ്മതിക്കുവാന്‍ സാധിച്ചേ ക്കുമെങ്കിലും പലതും അയാളെ സമ്മതിപ്പിക്കുവാന്‍ കഴിയാത്തവയായിരിക്കും. ഉദാഹരണമായി , ഇസ്‌ലാമിലെ സകാത്ത് പദ്ധതിയെക്കുറിച്ച് പ്രശംസിച്ചു പ്രസംഗിച്ചേക്കാവുന്ന ഒരു അമുസ്‌ലിം, അതേ സമയത്ത് അതിനെക്കാള്‍ ഖുർആന്‍ വില കല്‍പ്പിച്ചിട്ടുള്ള നമസ്‌കാരത്തെപ്പറ്റി പുച്ഛിച്ചു സംസാരിച്ചേക്കും. കാരണം സകാത്തിന്‍റെ പ്രായോഗികതലത്തെക്കുറിച്ച് അയാള്‍ക്ക് കുറെയെല്ലാം മനസ്സിലാക്കുവാന്‍ കഴിയും. നമസ്‌കാരത്തിന്‍റെ ഉദ്ദേശ്യ ലക്ഷ്യത്തെപ്പറ്റി ഊഹിക്കുവാനും, ചിന്തിക്കുവാനും അയാള്‍ക്ക് സാധിച്ചെന്നുവരില്ല. നേരെ മറിച്ച് ഖുർആനിലും, നബി (ﷺ) യിലും വിശ്വസിക്കുന്ന ഒരുവനെ സംബന്ധിച്ചിടത്തോളം, അവ രണ്ടിനുമിടയില്‍ വ്യത്യസ്തമായ ഒരു അഭിപ്രായം ഉണ്ടാകുവാന്‍ നിവൃത്തിയില്ല. അതുപോലെത്തന്നെ, ഇസ്‌ലാമല്ലാത്ത ഏതെങ്കിലും ഒരു മതത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് ഇസ്‌ലാമിലെ ഏതാനും കര്‍മങ്ങളെ തത്വപരമായിട്ടെങ്കിലും സ്വീകരിക്കുവാന്‍ കഴിയും. അതേ സമയത്ത് അതിലെ ചില ശിക്ഷാനിയമങ്ങളെയോ, വൈവാഹിക നിയമങ്ങളെയോ അനുകൂലിക്കുവാന്‍ കഴിഞ്ഞെന്നു വരികയില്ല. ഖുർആനിലെ പ്രതിപാദ്യവിഷയങ്ങളാകട്ടെ, നാനാമുഖങ്ങളോടുകൂടിയവയായിരിക്കും. നിരീശ്വരവാദികളെയും, നിര്‍മതവാദികളെയും ഉദ്ദേശിച്ചുള്ളത്, മതാവലംബികളാണെങ്കിലും ദൈവിക മതാവലംബികളല്ലാത്തവരെ ഉദ്ദേശിച്ചുളളത്, ഏകദൈവവിശ്വാസികളാണെങ്കിലും നേര്‍മാര്‍ഗത്തില്‍ നിന്ന് പിഴച്ചുപോയവരെ സംബന്ധിച്ചുള്ളത്, ഖുർആനിനെയും പ്രവാചകനെയും സ്വീകരിച്ചിട്ടുള്ള സത്യവിശ്വാസികളെ അഭിമുഖീകരിച്ചുള്ളത്, ഇങ്ങിനെ പലരീതിയിലുള്ളതുമായിരിക്കും. ആകയാല്‍ ഏതേതു തുറകളിലൂടെയാണ് അത് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് നോക്കിയും, ഏതേത് അടിസ്ഥാനത്തിലാണത് പ്രതിപാദിക്കുന്നതെന്ന് ആലോചിച്ചും വേണം ഓരോന്നിന്‍റെ തെളിവും, ന്യായവും പരിശോധിക്കുവാന്‍. മൗലിക സിദ്ധാന്തങ്ങളും ശാഖാ നിയമങ്ങളും ഒരേ മാനദണ്ഡംവെച്ചുകൊണ്ട് അളക്കുന്നതും യുക്തമല്ല. മുസ്‌ലിംകളെന്നോ, അമുസ്‌ലിംകളെന്നോ വ്യത്യാസമില്ലാതെ എല്ലാ വിഭാഗക്കാരും – മലയാളഭാഷ അറിയുന്നവരെല്ലാം-നമ്മുടെ ഈ ഗ്രന്ഥവും ഇതുപോലെ യുള്ള ഗ്രന്ഥങ്ങളും വായിച്ചറിയണമെന്നാണ് നമ്മുടെ ആവശ്യവും അഭിലാഷവും. അപ്പോള്‍, ആര്‍ക്കെങ്കിലും, ഖുർആനില്‍ പ്രസ്താവിച്ചതോ, അതിന്‍റെ പ്രസ്താവനാവൃത്തത്തില്‍ അടങ്ങിയതോ ആയ വല്ല വിഷയത്തിലും, എന്തെങ്കിലും പന്തികേടുണ്ടെന്ന് ഒറ്റനോട്ടത്തില്‍ തോന്നിയേക്കുന്ന പക്ഷം, മേല്‍ വിവരിച്ച യാഥാര്‍ത്ഥ്യം മുന്നില്‍ വെച്ചുകൊണ്ടായിരിക്കണം അവര്‍ വിധി കല്‍പ്പിക്കുന്നത്. അങ്ങിനെ ചെയ്യുന്ന പക്ഷം, ഏതൊരു വിഷയവും -അതെത്ര പ്രധാനമോ അപ്രധാനമോ ആയിക്കൊള്ളട്ടെ- യുക്തി പൂര്‍വ്വകവും, ന്യായപൂര്‍ണവുമായി കാണാവുന്നതാകുന്നു. ഈ അടിസ്ഥാനം ഗൗനിക്കാതെയുള്ള ഏതു തീരുമാനവും -ഖുർആനെ സംബന്ധിച്ചോ, മറ്റേതെങ്കിലും തത്വസംഹിതയെ സംബന്ധിച്ചോ ആയിക്കൊള്ളട്ടെ- കേവലം മൗഢ്യവും, വിഢ്ഡിത്തവുമായിരിക്കും. ഈ അടിസ്ഥാനം വീക്ഷിച്ചുകൊണ്ടല്ലാതെ, ഖുർആന്‍റെ ഓരോ തത്വവും വെവ്വേറെ മുറിച്ചെടുത്ത് എല്ലാ തരം ആളുകളും പ്രഥമ ദൃഷ്ടിയില്‍ തന്നെ നിരുപാധികം അംഗീകരിക്കത്തക്കവണ്ണം ചിത്രീകരിച്ചുകാണിക്കുവാന്‍ ശ്രമിക്കുന്നത് തികച്ചും പാഴ്‌വേലയായിരിക്കും. ഖുർആന്‍ പരിശോധിക്കുമ്പോള്‍, ഈ അടിസ്ഥാനം സ്വീകരിച്ചുകൊണ്ടുതന്നെയാണ് അത് വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ളതെന്ന് കാണാവുന്നതാകുന്നു. അതുകൊണ്ടുതന്നെയാണ്, ചില തത്വങ്ങള്‍ ബുദ്ധിയുടെയും യുക്തിയുടെയും അടിസ്ഥാനത്തിലും, ചിലത് ഖുർആന്‍ വാക്യങ്ങളുടെയും നബിവചനങ്ങളുടെയും മാത്രം അടിസ്ഥാനത്തിലും, മറ്റു ചില കാര്യങ്ങള്‍ മുന്‍ഗാമികളുടെ പ്രസ്താവനകളുടെയും വ്യാഖ്യാനങ്ങളുടെയും അടിസ്ഥാനത്തിലും പ്രമാണപ്പെട്ട ഖുർആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കപ്പെട്ടു കാണുന്നതും. ഒരു വിഷയം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന മദ്ധ്യേ, ശ്രോതാക്കള്‍ അറിഞ്ഞിരിക്കേ മറ്റൊരു കാര്യവും ഉണര്‍ത്തുക, ഒരു വാദത്തിന്‍റെ ഖണ്ഡനത്തില്‍ അതിന്‍റെ മറുവശത്തിന്‍റെ സ്ഥാപനവും ഉള്‍പ്പെടുത്തുക, തിന്മയെ വിമര്‍ശിക്കു ന്നതോടൊപ്പം നന്മയെ പ്രശംസിക്കുകയും ചെയ്യുക, രക്ഷയെക്കുറിച്ച് സന്തോഷവാര്‍ ത്ത അറിയിക്കുന്നതോടുകൂടി ശിക്ഷയെക്കുറിച്ച് താക്കീതും നല്‍കുക, പ്രകൃതി ദൃഷ്ടാന്തങ്ങള്‍ വിവരിക്കുന്നതിനിടയില്‍ കൂടി ചരിത്ര ലക്ഷ്യങ്ങളും ചൂണ്ടിക്കാട്ടുക, സൃഷ്ടി മാഹാത്മ്യങ്ങളെപ്പറ്റി സംസാരിക്കുന്ന മദ്ധ്യേ സ്രഷ്ടാവിന്‍റെ അനുഗ്രഹങ്ങളും നിരത്തിക്കാട്ടുക മുതലായ പലതും ഖുർആന്‍റെ പതിവുകളാകുന്നു. അങ്ങനെ ശ്രദ്ധകൊടുത്തു വായന നടത്തുന്നവരുടെ ജിജ്ഞാസ മന്ദീഭവിക്കുവാന്‍ അനുവദിക്കാതെ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുവാന്‍ അത് പ്രേരണനല്‍കുന്നു. നിയമങ്ങള്‍ ഒരു ഭാഗത്ത്, ചരിത്രം മറുഭാഗത്ത്, ഉപദേശങ്ങള്‍ ഒരു വശത്ത്, ഖണ്ഡനമണ്ഡനങ്ങള്‍ വേറൊരു വശത്ത് എന്നിങ്ങനെ പ്രത്യേക പംക്തികളായിരുന്നു ഖുർആനെങ്കില്‍, ആ ഗ്രന്ഥം രണ്ടോ നാലോ തവണ പാരായണം ചെയ്താല്‍ പിന്നീടത് ആവര്‍ത്തിക്കുവാന്‍ ആവേശം തോന്നുമായിരുന്നില്ല. വിഷയങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നത് അതിന്‍റെ സാധാരണ പതിവാകുന്നു. കാര്‍മികമായ മതനിയമങ്ങള്‍ മാത്രം അങ്ങിനെ ആവര്‍ത്തിക്കപ്പെടാറില്ല. ഓരോ ആവര്‍ത്തനത്തിലും, മറ്റുസ്ഥലങ്ങളില്‍ കാണപ്പെടാത്ത നവീനതകളും, പുതുമകളും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. വാചകഘടനകളും, അലങ്കാര പ്രയോഗങ്ങളും ഒന്നിനൊന്നു മാറ്റു കൂട്ടിക്കൊണ്ടുമിരിക്കും. വിഷയത്തിനും, സന്ദര്‍ഭത്തിനും അനുയോജ്യമായ രീതിയില്‍ മുമ്പ് പ്രസ്താവിച്ചതിനു ഉപോല്‍ബലകമെന്നോണം അര്‍ത്ഥഗര്‍ഭങ്ങളായ ചില വാക്കുകള്‍കൊണ്ട് ആയത്തുകള്‍ അവസാനിപ്പിക്കുന്നതും ഖുർആന്‍റെ പല പ്രത്യേകതകളില്‍ ഒന്നാകുന്നു. മിക്കവാറും ആയത്തുകളുടെ അവസാനം പരിശോധിച്ചാല്‍ ഇത് കാണാവുന്നതാണ്. ഇത്രയും പറഞ്ഞതില്‍ നിന്ന് ഖുർആന്‍ പാരായണം ഒരു പുണ്യകര്‍മമായി നിശ്ചയിക്കപ്പെട്ടതിലും, അത് സദാ പാരായണം ചെയ്‌വാന്‍ പ്രോത്സാഹിപ്പക്കപ്പെട്ട തിലും അടങ്ങിയ രഹസ്യം ഏറെക്കുറെ മനസ്സിലാക്കാമല്ലോ. പക്ഷേ, അതിന്‍റെ ഭാഷയിലൂടെയും, അതിന്‍റെ സാഹിത്യ ശൈലിയിലൂടെയുമല്ലാതെ ഇപ്പറഞ്ഞ മഹദ് ഗുണങ്ങള്‍ ആസ്വദിക്കുവാന്‍ വേണ്ടത്ര സാധ്യമല്ലെന്നുകൂടി നാം അറിഞ്ഞിരിക്കേതുണ്ട്. അതോടൊപ്പം ഹൃദയ സാന്നിദ്ധ്യവും ഉറ്റാലോചനയും വായനക്കാരില്‍ ഉണ്ടായിരിക്കുകയും വേണം. ومن الله التوفيق ഓരോ ആയത്തും അതിന്‍റെ അടുത്ത ആയത്തും തമ്മിലും, ഓരോ സൂറത്തും അടുത്ത സൂറത്തും തമ്മിലും പ്രത്യക്ഷബന്ധം സ്ഥാപിക്കുവാന്‍ ശ്രമിക്കുന്ന ഒരു പതിവ് പല വ്യാഖ്യാതാക്കളും സ്വീകരിച്ചിരിക്കുന്നത് കാണാം. പലപ്പോഴും അതിലവര്‍ വിജയിച്ചേക്കുമെങ്കിലും, ചിലപ്പോഴെല്ലാം അതിനായി അവര്‍ വളരെ സാഹസപ്പെടേണ്ടി വരുന്നുണ്ട്. അതുപോലെ തന്നെ, ഖണ്ഡനങ്ങള്‍, വിമര്‍ശനങ്ങള്‍, മതവിധികള്‍ എന്നീ തുറകളില്‍ വരുന്ന ആയത്തുകള്‍ക്കെല്ലാം അവതരണഹേതുക്കളാകുന്ന ചില കഥകള്‍ കണ്ടുപിടിക്കാനും ചിലര്‍ മുതിരാറുണ്ട്. ഇതും തന്നെ, മിക്ക സ്ഥലത്തും സ്വീകാര്യമായ ഏര്‍പ്പാടല്ല. ചില ആയത്തുകളും, ചില സൂറത്തുകളും തമ്മില്‍ വിഷയപരമായി അടുത്ത ബന്ധം ഉണ്ടായിരിക്കും. ചിലപ്പോള്‍ ഇല്ലാതിരിക്കുകയും ചെയ്യും. ചില ആയത്തുകള്‍ അവതരിച്ചതിന് പ്രത്യക്ഷ കാരണങ്ങളുണ്ടായിരിക്കും. ചിലതിന്‍റെ അവതരണം വല്ല പ്രത്യേക സംഭവത്തെ തുടര്‍ന്നുമായിരിക്കും. ചിലപ്പോള്‍ അങ്ങിനെയൊന്നും ഉണ്ടായില്ലെന്നോ, ഉണ്ടെങ്കില്‍ തന്നെ അത് അജ്ഞാതമായെന്നോ വന്നേക്കാം. ചില സന്ദര്‍ഭങ്ങളില്‍, ആയത്ത് അവതരിച്ച കാരണവും സന്ദര്‍ഭവും അറിയാത്ത പക്ഷം, അതിന്‍റെ ശരിയായ ഉദ്ദേശ്യം മനസ്സിലാക്കുവാന്‍പോലും പ്രയാസമായിരിക്കുകയും ചെയ്യും. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ നിശ്ചയമായും അത് ആരായേണ്ടതാണുതാനും. ഖുർആന്‍റെ അവതരണ കാലത്ത് നിലവിലുണ്ടായിരുന്ന അന്ധവിശ്വാസങ്ങളും അനാചാര -ദുരാചാരങ്ങളും, ശത്രുക്കള്‍ അതിന്‍റെ നേരെ സ്വീകരിച്ചുവന്ന സമ്പ്രദായ ങ്ങളുമെല്ലാംതന്നെ, അതതു വിഷയത്തെ സ്പര്‍ശിച്ചുകൊണ്ടുള്ള ആയത്തുകളുടെ അവതരണത്തിനു മതിയായ കാരണങ്ങളാകുന്നു. അഥവാ ഓരോ ആയത്തിനും പ്രത്യേകം അവതരണഹേതു ഉണ്ടായിരിക്കേണ്ട ആവശ്യമില്ല. സൂറത്തുകളുടെ പ്രാരംഭങ്ങളും, സമാപനങ്ങളും ഒരേ രീതിയിലല്ല ഉള്ളത്. അറബികള്‍ക്കിടയില്‍ പരിചയമുള്ളതും സാഹിത്യകാരന്മാര്‍ക്കിടയില്‍ അംഗീകരിക്കപ്പെട്ടിരുന്നതുമായ പല രീതികളും ഖുർആന്‍ അംഗീകരിച്ചതായി കാണാം. പ്രസംഗം, കവിത, ലിഖിതരേഖകള്‍, പ്രധാന സംഭാഷണങ്ങള്‍ ആദിയായവ ആരംഭിക്കുമ്പോള്‍ അവയുടെ ആദ്യത്തില്‍ വര്‍ണന, പ്രശംസ, ദൈവസ്‌തോത്രം, ഉദ്ദേശ്യ സൂചന മുതലായ പ്രാരംഭച്ചടങ്ങുകള്‍ ഉണ്ടായിരിക്കുക സാധാരണമാണല്ലോ. അതുപോലെ തന്നെ, വിഷയം അവസാനിക്കുമ്പോള്‍, ചില സമാപനച്ചടങ്ങുകളും സ്വീകരിക്കപ്പെട്ടേക്കും. ഇപ്രകാരം, ഖുർആനിലും ചില സൂറത്തുകള്‍ (അന്‍ആം, അല്‍കഹ്ഫ് മുതലായവ, അല്ലാഹുവിന്‍റെ സ്തുതി കീര്‍ത്തനങ്ങളോടുകൂടി ആരംഭിച്ചു കാണാം. അല്‍ബക്വറഃ, അന്നൂര്‍ മുതലായ ചില സൂറത്തുകളുടെ ആരംഭത്തില്‍, ഈ ഖുർആന്‍-അല്ലെങ്കില്‍ ഈ സൂറത്ത്- ഇന്ന പ്രകാരത്തിലുള്ളതാണ് എന്നിങ്ങനെ ഒരു മുഖവുര കാണാം. സുമര്‍, മുഅ്മിന്‍ മുതലായ ചില സൂറത്തുകളുടെ ആരംഭം, ഇത് അല്ലാഹുവിങ്കല്‍ നിന്നുള്ള ഗ്രന്ഥമാണെന്ന് സ്ഥാപിക്കുന്ന ഒരു പീഠികയോടുകൂടിയാവും. മറ്റു ചില സൂറത്തുകള്‍ (സ്വാഫ്ഫാത്ത്, ദാരിയാത്ത് പോലെയുള്ളവ) പ്രകൃതി വസ്തുക്കളെയോ, മലക്കുകള്‍ മുതലായവയെയോ കുറിച്ചുള്ള വര്‍ണനകളാകുന്നു. മുനാഫിക്വൂന്‍, മുജാദിലഃ പോലെ ചില സൂറത്തുകള്‍, യാതൊരു ആമുഖവും കൂടാതെ, ആദ്യം മുതല്‍ക്കേ വിഷയത്തില്‍ പ്രവേശിച്ചുകൊണ്ടുള്ളവയാണ്. സമാപന വേളയിലും ഇത്‌പോലെ വൈവിധ്യം കാണും. ഖുർആന്‍ സൂക്ഷിച്ചുവായിക്കുന്നവര്‍ക്ക് ഇതെല്ലാം സാമാന്യമായെങ്കിലും മനസ്സിലാക്കുവാന്‍ സാധിക്കുന്നതാണ്.