അത്യഗാധമായ ഒരു വിജ്ഞാന മഹാസാഗരമത്രെ വിശുദ്ധ ഖുർആന്‍. ബുദ്ധിശക്തിയും പരിശ്രമവും അനുസരിച്ച് അതില്‍ നിന്ന് വിജ്ഞാനങ്ങള്‍ കരസ്ഥമാകുന്നു. ഉദ്ദേശ്യലക്ഷ്യങ്ങളും, താല്പര്യവും, അഭിരുചിയും, ഭാഗ്യവും അനുസരിച്ച് അതില്‍ ഏറ്റക്കുറവുണ്ടായിരിക്കും. ഓരോ ആവര്‍ത്തി പരിശോധിക്കുമ്പോഴും മുമ്പ് ലഭിക്കാത്ത വിഭവങ്ങള്‍ പലതും വായനക്കാരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത് കാണാം. ഒരു വൈയാകരണന് വ്യാകരണപാഠങ്ങള്‍ കൂടുതല്‍ ലഭിക്കുമ്പോള്‍ ഒരു സാഹിത്യകാരന് സാഹിത്യത്തിലേക്ക് മുതല്‍ക്കൂട്ടുകള്‍ ധാരാളം ലഭിക്കുന്നു. ഒരു മതോപദേഷ്ടാവിന് സദുപദേശങ്ങളും താക്കീതുകളുമാണ് കൂടുതല്‍ കണ്ടെത്തുവാന്‍ സാധിക്കുന്നതെങ്കില്‍, ഒരു കര്‍മ ശാസ്ത്രപണ്ഡിതന് കര്‍മപരമായ നിയമനിര്‍ദ്ദേശങ്ങളും, സൂചനകളുമായിരിക്കും അധികം കെടുക്കുവാന്‍ കഴിയുക. ഒരു സമുദായ നേതാവിന് അനേകം സാമൂഹ്യ നിയമങ്ങളും ഭരണമുറകളും പഠിക്കുവാന്‍ കഴിയുന്ന അതേ ഗ്രന്ഥത്തില്‍നിന്നു ഒരു താര്‍ക്കികന് തര്‍ക്ക ശാസ്ത്രവിജ്ഞാനങ്ങളും മനസ്സിലാക്കുവാന്‍ കഴിയുന്നു. ഭയഭക്തിയും, പരലോക വിശ്വാസവും അടിയുറച്ചു കഴിഞ്ഞിട്ടുള്ള ഒരു വ്യക്തിക്ക് സത്യവിശ്വാസവും, സന്മാര്‍ഗവും അത് വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കും. അതേ സമയത്ത് അവിശ്വാസത്തിന്‍റെ കണ്ണുകള്‍ കൊണ്ട് നോട്ടമിടുകയും, നിഷേധമനസ്സോടുകൂടി വീക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് അത് നഷ്ടമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല താനും. അങ്ങനെ, ശാസ്ത്രവീക്ഷകന് ശാസ്ത്രീയ വിജ്ഞാനങ്ങളും, ബുദ്ധിമാന് ബുദ്ധി വികാസവും സഹൃദയന് സല്‍കര്‍മ വാഞ്ഛയും അത് പ്രദാനം ചെയ്യുന്നു. അല്ലാഹു പറയുന്നു: مَافَرَّطْنَافِي الْكِتَابِ مِنْ شَيْءٍ (ഈ ഗ്രന്ഥത്തില്‍ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല).
അല്ലാഹുവിന്‍റെ അസ്തിത്വം, അവന്‍റെ ഏകത്വം, മരണാനന്തരജീവിതം, പരലോക രക്ഷാ ശിക്ഷകള്‍, വിശുദ്ധ ഖുര്‍ആന്‍റെയും നബി തിരുമേനി (ﷺ) യുടെയും സത്യത ആദിയായ മൗലിക പ്രധാനങ്ങളായ വിഷയങ്ങളാണ് ഖുർആനിലെ മുഖ്യപ്രതിപാദ്യം. ഖുർആനിലെ പ്രതിപാദ്യവിഷയങ്ങളെ പലരും പലവിധത്തില്‍ ഭാഗിക്കാറുണ്ടെങ്കിലും-ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍- അവയെല്ലാം താഴെ കാണുന്ന അഞ്ച് ഇനങ്ങളില്‍ ഉള്‍പ്പെട്ടതാകുന്നു.
1). മതനിയമങ്ങള്‍ (الأحكام). ആരാധനാകര്‍മങ്ങള്‍, ഇടപാടുകള്‍, പെരുമാറ്റങ്ങള്‍, ഗാര്‍ഹികവും സാമൂഹികവുമായ കാര്യങ്ങള്‍ തുടങ്ങി ജീവിതവശങ്ങളെ ബാധിക്കുന്ന വിധിവിലക്കുകളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. മതനിയമങ്ങള്‍ അഞ്ചുതരത്തിലാണുള്ളത്.
(1) നിര്‍ബന്ധം: അഥവാ ഉപേക്ഷിക്കുവാന്‍ പാടില്ലാത്തത് (الواجب)
(2) ഐച്ഛികം: അഥവാ നിര്‍ബന്ധമല്ലാത്തതും അനുഷ്ഠിക്കുവാന്‍ പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുള്ളതും (المندوب)
(3) അനുവദനീയം: അഥവാ അനുഷ്ഠിക്കുകയോ ഉപേക്ഷിക്കുയോ ചെയ്യാവുന്നത് (المباح).
(4) അനഭിലഷണീയം: അഥവാ വിരോധിക്കപ്പെട്ടിട്ടില്ലെങ്കിലും ഉപേക്ഷിക്കുവാന്‍ പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യം ( المكروه )
(5) നിഷിദ്ധം: അഥവാ നിരോധിക്കപ്പെട്ടത് (الحرام). ഈ അഞ്ചു വിധികള്‍ الاحكام الشرعية (ശരീഅത്ത് വിധികള്‍) എന്ന പേരില്‍ അറിയപ്പെടുന്നു. ഈ വിഭാഗത്തെപ്പറ്റി വിശകലനം ചെയ്യുന്ന വിജ്ഞാന ശാസ്ത്രത്തിനാണ് ഇസ്‌ലാമിക കര്‍മശാസ്ത്രം അല്ലെങ്കില്‍ ധര്‍മശാസ്ത്രം (علم الفقه) എന്നുപറയുന്നത്.
2. ന്യായവാദങ്ങളും വിമര്‍ശനങ്ങളും. അതായത്, സത്യനിഷേധികളുടെ വാദങ്ങള്‍ ഉദ്ധരിച്ച് ഖണ്ഡിക്കുക, അവരുടെ ന്യായവാദങ്ങള്‍ക്ക് മറുപടി പറയുക, അവയുടെ നിരര്‍ത്ഥത സ്ഥാപിക്കുക മുതലായവ. ഖുർആന്‍ അവതരിക്കുമ്പോള്‍ അതിന്‍റെ എതിരാളികള്‍ പ്രധാനമായി നാലു കൂട്ടരായിരുന്നു. ബഹുദൈവവിശ്വാസികളും (മുശ്‌രിക്കുകള്‍), യഹൂദരും, ക്രിസ്ത്യാനികളും, കപടന്മാരും (മുനാഫിക്വുകള്‍). (ഇവരെപ്പറ്റി കൂടുതല്‍ വിവരം താഴെ വരുന്നുണ്ട്). നിരീശ്വരവാദികളെക്കുറിച്ചും പ്രകൃതിവാദികളെ ക്കുറിച്ചും ഖുർആനില്‍ പലതും പ്രസ്താവിച്ചിട്ടുണ്ട്. എങ്കിലും, ഖുർആന്‍ അവതരിച്ച കാലത്ത് ഒരു പ്രത്യേക കക്ഷിയെന്ന നിലക്ക് അവര്‍ നിലവിലുണ്ടായിരുന്നില്ല. ആകയാല്‍, അവരുമായുള്ള സംവാദങ്ങള്‍ ഖുർആനില്‍ താരതമ്യേന കുറവായിക്കാണാം. ഈ വിജ്ഞാന വിഭാഗത്തെപ്പറ്റി പ്രധാനമായും പ്രതിപാദിക്കപ്പെടുന്ന ശാസ്ത്രമാണ് ഇസ്‌ലാമിക വിശ്വാസ ശാസ്ത്രം (علم الكلام او علم العقائد)
3. അല്ലാഹുവിന്‍റെ ഉല്‍കൃഷ്ട ഗുണങ്ങള്‍, ദൃഷ്ടാന്തങ്ങള്‍, അനുഗ്രഹങ്ങള്‍ ആദിയായവയെ സംബന്ധിച്ചുള്ള ഉല്‍ബോധനങ്ങള്‍.
4. സത്യവിശ്വാസികളായ സജ്ജനങ്ങളുടെ സല്‍ഫലങ്ങളും, അവിശ്വാസികളായ ദുര്‍ജ്ജനങ്ങളുടെ ദുഷ്ഫലങ്ങളും ഉദാഹരിക്കുന്ന ചരിത്രസംഭവങ്ങളുടെ വിവരണം
5. മരണം, മരണാനന്തര ജീവിതം, വിചാരണ, രക്ഷാശിക്ഷകള്‍ തുടങ്ങിയ പാര ത്രിക കാര്യങ്ങളെക്കുറിച്ചുള്ള വിവരണം. ഈ മൂന്ന് തുറകളിലും വിരചിതമായ ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ ധാരാളമുണ്ട്.
ഈ അഞ്ചുതരം വിജ്ഞാനങ്ങളില്‍, അവസാനത്തെ നാലിനങ്ങള്‍ക്കാണ് ഖുർആന്‍ ഒന്നാമത്തെതിനെക്കാള്‍ പ്രാധാന്യം നല്‍കിക്കാണുക. കാരണം: സത്യവിശ്വാസവും, സന്മാര്‍ഗവും സ്വീകരിക്കുന്നതിനുമുമ്പായി കാര്‍മിക നിയമങ്ങള്‍ ഉപദേശിച്ചിട്ടു ഫലമില്ലല്ലോ. സത്യവിശ്വാസവും, സന്മാര്‍ഗവും സ്വീകരിച്ചു കഴിഞ്ഞവര്‍ക്ക് അവരുടെ ചര്യയെ വ്യവസ്ഥപ്പെടുത്തുന്നതിനാവശ്യമായ നിയമങ്ങളെ പറ്റി അറിയേണ്ട ആവശ്യം നേരിടുകയും അവരത് അനുഷ്ഠാനത്തില്‍ വരുത്തിക്കൊള്ളുകയും ചെയ്യും. നേരെമറിച്ച് അവിശ്വാസത്തിലും, ദുര്‍മാര്‍ഗത്തിലും മുഴുകിക്കിടക്കുന്നവരെ അതില്‍ നിന്ന് മോചിപ്പിച്ചു സത്യത്തിലേക്ക് കൊണ്ടുവരുവാനുള്ള ഉപദേശലക്ഷ്യങ്ങളാകട്ടെ, ഒന്നോ രണ്ടോ പ്രാവശ്യം ആവര്‍ത്തിച്ചു കേള്‍പ്പിച്ചാല്‍ മതിയാവുകയില്ല. അവര്‍ക്ക് മാനസാന്തരം ഉണ്ടാകുന്നതുവരെ ആവര്‍ത്തിച്ചും വിവരിച്ചും കേള്‍പ്പിക്കല്‍ ആവശ്യമാകുന്നു. ഇതുകൊണ്ടാണ് പ്രവാചകത്വത്തിന്‍റെ ആദ്യകാലങ്ങളില്‍ അവതരിച്ച സൂറത്തുകളില്‍, നിയമനിര്‍ദ്ദേശങ്ങളും വിധിവിലക്കുകളും ഉള്‍ക്കൊള്ളുന്ന ഭാഗം അധികമൊന്നും കാണാതിരിക്കുന്നത്. ജനങ്ങള്‍ സത്യമാര്‍ഗവുമായി പരിചയപ്പെടുകയും, മൂലസിദ്ധാന്തങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്തതോടുകൂടിയാണ് കര്‍മവശങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ മിക്കവാറും അവതരിക്കുവാന്‍ തുടങ്ങിയത്. അജ്ഞതാന്ധകാരത്തില്‍ മുഴുകിക്കിടക്കുന്ന ജനങ്ങളെ സത്യത്തിലേക്ക് ക്ഷണിക്കുന്ന ഉപദേശകന്മാരും ഖുർആന്‍റെ ഈ നയം അനുകരിക്കേതാകുന്നു.
ഇറാക്വുകാരനായ ഒരാളോട് ഒരു സന്ദര്‍ഭത്തില്‍ ആഇശഃ (رضي الله عنها) പ്രസ്താവിച്ച ചില വാക്യങ്ങള്‍ ഇവിടെ സ്മരണീയമാകുന്നു. ആ വാക്യങ്ങളുടെ സാരം ഇപ്രകാരമാണ്. ‘നബി (ﷺ) ക്കു ആദ്യമായി അവതരിച്ചത് ‘മുഫസ്സ്വലാ’യ (ചെറിയ) സൂറത്തുകളില്‍ ഒന്നായിരുന്നു. അതില്‍ സ്വര്‍ഗനരകങ്ങളെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നു. അങ്ങനെ, ജനങ്ങള്‍ ഇസ്‌ലാമിലേക്ക് വന്നുചേര്‍ന്നുകൊണ്ടിരുന്നപ്പോള്‍, ‘ഹലാലും’, ‘ഹറാമും’ (മതനിയമങ്ങള്‍) അവതരിക്കുകയുണ്ടായി. ആദ്യം തന്നെ, ‘നിങ്ങള്‍ കള്ളുകുടിക്കരുത്’ എന്നു അവതരിച്ചിരുന്നുവെങ്കില്‍ അവര്‍ പറഞ്ഞേക്കും: ‘ഞങ്ങളൊരിക്കലും കള്ള് ഉപേക്ഷിക്കുകയില്ല’ എന്ന്. നിങ്ങള്‍ ‘വ്യഭിചരിക്കരുത്’ എന്ന് അവതരിച്ചിരുന്നുവെങ്കില്‍, അവര്‍ പറഞ്ഞേക്കും: ‘ഞങ്ങള്‍ ഒരിക്കലും വ്യഭിചാരം ഉപേക്ഷിക്കുകയില്ല’ എന്ന്. ഞാന്‍ കളിച്ചു നടക്കുന്ന ഒരു പെണ്‍കുട്ടിയായിരുന്ന കാലത്ത് (എന്‍റെ ചെറുപ്പത്തില്‍) തന്നെ, മക്കയില്‍ വെച്ച് മുഹമ്മദ് നബി (ﷺ) ക്ക് ഈ വചനം അവതരിച്ചു: بَلْ السَّاعَةُ مَوْعِدُهُمْ وَالسَّاعَةُ أَدْهَى وَأَمَرُّ (…..പക്ഷേ, അന്ത്യസമയമത്രെ അവരുടെ നിശ്ചിത സമയം. അന്ത്യസമയമാകട്ടെ, ഏറ്റവും ആപല്‍കരവും, ഏറ്റവും കയ്പുരസമുള്ളതുമായിരിക്കും). സൂറത്തുല്‍ ബക്വറഃയും സൂറത്തുന്നിസാഉം ആകട്ടെ ഞാന്‍ തിരുമേനിയുടെ അടുക്കല്‍ വന്നതിനുശേഷം (മദീനയില്‍വെച്ചു) അല്ലാതെ അവതരിച്ചിട്ടില്ല’ (ബുഖാരി).
തിരുമേനിക്കു ഏറ്റവും ആദ്യമായി അവതരിച്ചത് സൂറത്തുല്‍ ‘അലക്വ്’ (العلق) ലെ ആദ്യവചനങ്ങളാണെങ്കിലും, അനന്തരം കുറേ ദിവസങ്ങളോളം വഹ്‌യ് വരാതിരിക്കുകയുണ്ടായല്ലോ. പിന്നീട് ആദ്യമായി അവതരിച്ചത് സൂറത്തുല്‍ മുദ്ദഥ്ഥിര്‍ (المد ثر) ആയിരുന്നു. ഈ സൂറത്താണ് നബി (ﷺ) ക്ക് ആദ്യം അവതരിച്ചതായി ആഇശാഃ (رضي الله عنها) ആദ്യം ചൂണ്ടിക്കാട്ടിയത്. പിന്നീട് ചൂണ്ടിക്കാട്ടിയ വചനം സൂറത്തുല്‍ ക്വമറിലെ 46-ാം വചനവുമാകുന്നു. മേല്‍ പറഞ്ഞ അഞ്ചുതരം വിജ്ഞാന വിഭാഗങ്ങളെക്കുറിച്ച് അടുത്ത അധ്യായങ്ങളില്‍ നമുക്ക് വിവരിക്കാം. അതിനു മുമ്പായി ഖുർആന്‍റെ പ്രതിപാദന സ്വഭാവത്തെ പറ്റി ചിലത് മനസ്സിലാക്കേണ്ടിയിരിക്കുന്നു.