ആമുഖം

വക്വ്ഫും വസ്വ്‌ലും
ഖുർആന്‍ വായനയില്‍ പ്രത്യേകം മനസ്സിരുത്തേണ്ട കാര്യങ്ങളാണ് ‘വക്വ്ഫും’ ‘വസ്വ്‌ലും’. നിറുത്തിവായിക്കുക, അഥവാ രണ്ടു പദങ്ങള്‍ക്കിടയില്‍ മുറിച്ചു ചൊല്ലുകയാണ് ‘വക്വ്ഫ്’. നിറുത്താതെ കൂട്ടിച്ചേര്‍ത്തു വായിക്കലാണ് ‘വസ്വ്ല്‍’. നിറുത്തേണ്ട സ്ഥാനത്ത് നിറുത്താതെയൊ, നേരെമറിച്ചോ വായിക്കുന്ന പക്ഷം ചിലപ്പോള്‍ വാക്യങ്ങളുടെ അര്‍ത്ഥത്തില്‍ മാറ്റമോ അവ്യക്തതയോ സംഭവിച്ചേക്കും. അതുകൊണ്ടാണ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേതുണ്ടെന്ന് പറഞ്ഞത്. ഗൗനിക്കേണ്ട മറ്റൊരു വിഷയമാണ് ‘മദ്ദ്’ (المد = ദീര്‍ഘം). ‘മദ്ദ്’കളില്‍ അല്പം മാത്രം ദീര്‍ഘിപ്പിക്കേണ്ടതും കൂടുതല്‍ ദീര്‍ഘിപ്പിക്കേണ്ടതുമുണ്ട്. ഒരക്ഷരം മറ്റൊരക്ഷരത്തിനു മുമ്പില്‍ വരുമ്പോള്‍ തമ്മില്‍ മുറിച്ചു ചൊല്ലേണ്ടതും, ഒന്നൊന്നില്‍ ചേര്‍ത്തു ചൊല്ലേണ്ടതും ഉണ്ടായിരിക്കും. ഇത്തരം കാര്യങ്ങളെല്ലാം പ്രതിപാദിക്കുന്ന പല അറബി ഗ്രന്ഥങ്ങളും കാണാം. അറബി മലയാളത്തിലും ചിലതെല്ലാം നിലവിലുണ്ട്. മലയാള ലിപിയില്‍ ഈ വക വിഷയങ്ങള്‍ കൈകാര്യം ചെയ്യപ്പെടുവാന്‍ സൗകര്യം പോരാ. ഖുർആന്‍ പാരായണം ചെയ്യുന്നവര്‍ ഓരോന്നും അതതിന്‍റെ സ്ഥാനങ്ങളില്‍ ഓര്‍മിക്കുവാനായിട്ടത്രെ മുസ്വ്ഹഫുകളില്‍ ചില ചിഹ്നങ്ങള്‍ അടയാളപ്പെടുത്തി വരുന്നത്. അവയില്‍ കൂടുതല്‍ ഉപയോഗത്തിലിരിക്കുന്നവയും, അവയുടെ ഉദ്ദേശ്യങ്ങളും ഇവിടെ ചുരുക്കി വിവരിക്കാം. കാര്യകാരണ സഹിതം വിശദീകരിച്ചു വിവരി ക്കുവാന്‍ ഇവിടെ സൗകര്യമില്ല. م വക്വ്ഫ് ചെയ്യല്‍ അത്യാവശ്യമാണ്. ഇല്ലാത്തപക്ഷം വാക്യങ്ങളുടെ അര്‍ത്ഥത്തില്‍ വ്യത്യാസം നേരിട്ടേക്കും. ط വക്വ്ഫ് ചെയ്യല്‍ വളരെ നല്ലതാണ്. പക്ഷേ സംസാരിക്കുന്ന വിഷയം പൂര്‍ത്തിയായിട്ടില്ല. വാചകം പൂര്‍ത്തിയായിട്ടുമുണ്ട്. ج വക്വ്ഫു ചെയ്യാം. വക്വ്ഫു ചെയ്യാതിരിക്കുന്നതിനും വിരോധമില്ല. ز വക്വ്ഫു ചെയ്യലാണ് നല്ലത്. ق വക്വ്ഫിന്‍റെ ആവശ്യമില്ല. قف വായിക്കുന്നവന്‍ കൂട്ടിവായിച്ചേക്കുവാന്‍ ഇടയുണ്ട്. എങ്കിലും വക്വ്ഫാണ് വേണ്ടത്. سكتة،س അല്പമൊന്ന് നിറുത്തുക. വക്വ്ഫ് വേണ്ടതില്ല താനും. وقفة അല്‍പംകൂടി അധികം നിറുത്തുക ص ചേര്‍ത്തുവായിക്കുകയാണ് വേത്. നിറുത്തുന്നതിനു വിരോധവുമില്ല. لا മുമ്പും പിമ്പുമുള്ള വാക്കുകള്‍ തമ്മില്‍ ഘടനാപരമായ ബന്ധമുള്ളതുകൊണ്ട് ഇവിടെ പൂര്‍ത്തിയായ വക്വ്ഫ് ഇല്ല. ആയത്തിന്‍റെ (സൂക്തത്തിന്‍റെ) അവസാനത്തിലാണെങ്കില്‍ വക്വ്ഫ് ചെയ്യാം. ഇടയ്ക്കു വെച്ചായിരുന്നാല്‍ -വായനക്കാരന്‍ വക്വ്ഫ് ചെയ്യാന്‍ ഹിതമുെങ്കിലും-വക്വ്ഫ് ചെയ്യാതിരിക്കുകയാണ് വേണ്ടത് ﴾﴿ O ﴾﴿ ആയത്തുകളുടെ അവസാനത്തെ കുറിക്കുന്നു. (ഈ ആവശ്യാര്‍ത്ഥം പലരും പല ചിഹ്നങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഈ ചിഹ്നമാണ് കൂടുതല്‍ ഉപയോഗിച്ചു വരുന്നത്). ആയത്തുകളുടെ അവസാനത്തില്‍ നിറുത്തി ഓതുകയാണ് വേണ്ടത്. ع ഒരു റുകൂഅ് (വിഭാഗം) അഥവാ ഖണ്ഡിക അവസാനിച്ചു. سجدة ഓത്തിന്‍റെ സുജൂദ് ചെയ്യേണ്ടുന്ന സ്ഥലം آ മദ്ദ് (ദീര്‍ഘിപ്പിക്കണം എന്ന അടയാളം) ഇതില്‍ അധികം ദീര്‍ഘിപ്പിക്കേണ്ടതും അല്ലാത്തതുമായി ഒന്നിലധികം തരമുണ്ട്. അവയെപ്പറ്റി അന്വേഷിച്ചറിയേണ്ടതാണ്. മുസ്വ്ഹഫുകളുടെ വരികള്‍ക്കിടയില്‍ സാധാരണ കാണപ്പെടാറുള്ള ചിഹ്നങ്ങളാണിവ. കൂടാതെ വേറെ ചിലതും കണ്ടേക്കും. പക്ഷേ, മലബാറില്‍ അച്ചടിക്കപ്പെടുന്ന മുസ്വ്ഹഫുകളില്‍ ഇങ്ങിനെയുള്ള ചിഹ്നങ്ങളെപ്പറ്റി അധികമൊന്നും ഗൗനിച്ചു കാണാറില്ല. വ്യക്തമായ തെറ്റുകളും, അക്ഷരപ്പിഴവുകളും മലബാരീ മുസ്വ്ഹഫുകളില്‍ സാധാരണമാണെന്ന് വ്യസനസമേതം പറയേണ്ടിയിരിക്കുന്നു. അച്ചുകൂടക്കാര്‍ ഇക്കാര്യം ഗൗരവപൂര്‍വ്വം ശ്രദ്ധിക്കേണ്ടതാകുന്നു. സാധാരണ ഗ്രന്ഥങ്ങളില്‍, വാക്യങ്ങള്‍ക്കിടയില്‍ ഉപയോഗിക്കപ്പെട്ടുകാണാറുള്ള പൂര്‍ണവിരാമം, അര്‍ദ്ധ വിരാമം, കോമ (. ; ,) മുതലായ ചിഹ്നങ്ങളുടെ സ്ഥാനമാണ് മുസ്വ്ഹഫുകളില്‍ മേല്‍ കണ്ട ചിഹ്നങ്ങള്‍ക്കുള്ളത്. അല്പം ബോധമുള്ള വായനക്കാരന്‍ വായനാവേളയില്‍ ഇത്തരം ചിഹ്നങ്ങളെപ്പറ്റി ഗൗനിക്കുമല്ലോ. ഗൗനിക്കാത്ത പക്ഷം ഉദ്ദേശ്യം മനസ്സിലാക്കുന്നതില്‍ ആശയക്കുഴപ്പവും അബദ്ധവും നേരിടുന്നതുമാകുന്നു. അതുപോലെത്തന്നെയാണ് -അതിലും കൂടുതലാണ് -മുസ്വ്ഹഫില്‍ കാണപ്പെടുന്ന പ്രസ്തുത ചിഹ്നങ്ങളുടെയും സ്ഥിതി. ഖുർആന്‍റെ അര്‍ത്ഥം അറിയുകയും, അത് ഓര്‍ത്തുകൊണ്ട് വായിക്കുകയും ചെയ്യുന്നവര്‍ക്ക് ഈ ചിഹ്നങ്ങളുടെ സന്ദര്‍ഭങ്ങളും ആവശ്യങ്ങളും ശരിക്ക് ഗ്രഹിക്കുവാന്‍ കഴിയും. ‘ഖുർആനിലെ വക്വ്ഫുകള്‍ അറിയാത്തവന് ഖുർആന്‍ അറിയുകയില്ല’ എന്ന മഹദ്‌വാക്യം വളരെ അര്‍ത്ഥവത്താകുന്നു.