ആമുഖം

എഴുത്തിലും വായനയിലും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍
ഉഥ്മാന്‍ (رضي الله عنه) ന്‍റെ ഖിലാഫത്തു കാലത്ത് പല രാജ്യങ്ങളിലേക്കും മുസ്വ്ഹഫിന്‍റെ പകര്‍പ്പുകള്‍ അയച്ചുകൊടുത്തുവെന്നും, അതുകൊണ്ടാണ് മുസ്വ്ഹഫുകള്‍ക്ക് ‘ഉഥ്മാനീ മുസ്വ്ഹഫ്’ എന്നു പറയപ്പെടുന്നതെന്നും മുമ്പ് പറഞ്ഞുവല്ലോ. അന്ന് ആ മുസ്വ്ഹഫുകളില്‍ അംഗീകരിക്കപ്പെട്ടിരുന്ന സമ്പ്രദായത്തിലുള്ള എഴുത്തിന് ‘ഉഥ്മാനീ എഴുത്ത്’ (الرسم العثمانى) എന്ന് പറയപ്പെടുന്നു. മുസ്വ്ഹഫുകളില്‍ പൊതുവില്‍ അംഗീകരിക്കപ്പെട്ടുവരുന്നതും ഈ സമ്പ്രദായം തന്നെ. പക്ഷേ, മുന്‍കാലത്തില്ലാത്ത പലതരം പരിഷ്‌ക്കരണങ്ങളും പില്‍ക്കാലങ്ങളില്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഉഥ്മാനീ എഴുത്തും , സാധാരണ അറബി എഴുത്തും തമ്മില്‍ ചില സ്ഥലങ്ങളില്‍ വ്യത്യാസമുണ്ടായിരിക്കും. ഉച്ചാരണങ്ങളുടെ അടിസ്ഥാനത്തില്‍ പദങ്ങള്‍ എഴുതുന്ന സമ്പ്രദായം, വകഭേദങ്ങളുടെ അടിസ്ഥാനത്തില്‍ പദങ്ങള്‍ എഴുതുന്ന സമ്പ്രദായം എന്നിങ്ങനെ രണ്ടു സമ്പ്രദായങ്ങളുള്ളതാണ് ഈ വ്യത്യാസത്തിന് മുഖ്യകാരണം. ഉദാഹണമായി: ‘സ്വലാത്ത്’ എന്നു ശബ്ദം വരുന്ന പദം صلوة എന്നും صلاة എന്നും, ‘ജാവസ’ എന്നു വായിക്കുന്ന പദം جوز എന്നും جاوز എന്നും എഴുതപ്പെടുന്നു. ‘റഹ്മത്ത് ‘ എന്നുള്ളത് رحمة، رحمت , എന്നും, ‘അര്‍സല്‍നാക’ എന്നുള്ളത് ارسلنك، ارسلناك എന്നിങ്ങനെയും എഴുതിവരാറുണ്ട്. ഇതിനെപ്പറ്റി ഇവിടെ കൂടുതല്‍ വിവരിക്കുന്നില്ല. മുസ്വ്ഹഫുകളില്‍ ഉഥ്മാനീ എഴുത്തുതന്നെ സ്വീകരിക്കേണ്ടതുണ്ടോ, ഇല്ലേ, എന്നതില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഇമാം മാലിക് (رحمه الله), ഇമാം അഹ്മദ് (رحمه الله) മുതലായവരും ഭൂരിഭാഗം പണ്ഡിതന്മാരും ഉസ്മാനീ എഴുത്തു തന്നെ സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്ന പക്ഷക്കാരാകുന്നു. ഒരു പ്രത്യേക രീതിയിലുള്ള എഴുത്തുതന്നെ സ്വീകരിക്കണമെന്നുള്ളതിനു ബലപ്പെട്ട തെളിവുകളില്ലെന്നും, ഉഥ്മാന്‍ (رضي الله عنه) ന്‍റെ കാലത്തുള്ള മുസ്വ്ഹഫുകളും പില്‍ക്കാലങ്ങളില്‍ എഴുതപ്പെട്ട മുസ്വ്ഹഫുകളും തമ്മില്‍ എഴുത്തില്‍ പല വ്യത്യാസങ്ങളും കാണുന്നത് അതുകൊണ്ടാണെന്നുമാണ് മറ്റൊരു പക്ഷക്കാര്‍ പറയുന്നത്. എന്നാല്‍ വായനാവേളയില്‍ അര്‍ത്ഥോദ്ദേശ്യങ്ങളില്‍ മാറ്റം വരത്തക്ക വ്യത്യാസം നേരിടുന്നതിന് എഴുത്തിന്‍റെ രൂപഭേദം കാരണമായിക്കൂടാ എന്നത് തീര്‍ച്ചയാകുന്നു. മൂന്നാമതൊരു അഭിപ്രായം ഇതാണ്: അതാതു കാലത്ത് പ്രചാരത്തിലുള്ള ലിപി സമ്പ്രദായമാണ് മുസ്വ്ഹഫിലും ഉപയോഗിക്കേണ്ടത്. എങ്കിലും പഴയ സമ്പ്രദായത്തിലുള്ള എഴുത്ത് ഒരു ചരിത്ര ലക്ഷ്യമെന്ന നിലക്ക് സൂക്ഷിച്ചു വരേണ്ടതുണ്ട് താനും. ഈ അഭിപ്രായം കൂടുതല്‍ യുക്തമായിത്തോന്നുന്നു. لله اعلم പൂര്‍വ്വകാല സമ്പ്രദായത്തിലുള്ള ലിപി -പിന്നീട് സ്വീകരിക്കപ്പെട്ടപരിഷ്‌ക്കരണങ്ങ ളൊന്നും കൂടാതെ- അതേ രൂപത്തില്‍ ഉപയോഗിച്ചാല്‍ ജനങ്ങള്‍ കുഴപ്പത്തിലാകുന്നതുകൊണ്ട് ഇക്കാലത്ത് അത് ഉപയോഗിച്ചുകൂടാ എന്നും ചില പണ്ഡിതന്മാര്‍ പ്രസ്താവിച്ചിരിക്കുന്നു. നബി (ﷺ) യുടെയും സ്വഹാബികളുടെയും കാലത്ത് അറബി ലിപിയില്‍ പുള്ളിയും, ‘ഹര്‍കത്ത്-സുകൂന്‍’ ( َ ِ ُ ٌ ْ ّ ) മുതലായവയും നടപ്പിലുണ്ടായിരുന്നില്ല. അബ്ദുല്‍ മലികിന്‍റെ ഖിലാഫത്തു (ഹിജ്‌റഃ : 65-86) കാലത്ത് ഹജ്ജാജുബ്‌നു യൂസുഫിന്‍റെ പരിശ്രമഫലമായിട്ടാണ് അവ മുസ്വ്ഹഫില്‍ നടപ്പാക്കപ്പെട്ടത് എന്നാണ് പറയപ്പെടുന്നത്. അബുല്‍ അസ്‌വദ്ദുഅലി (رحمه الله) യാണ് ആദ്യമായി മുസ്വ്ഹഫില്‍ അക്ഷരങ്ങള്‍ക്ക് പുള്ളിയും മറ്റും കൊടുത്തതെന്നും അഭിപ്രായമുണ്ട്. ഏതായാലും, ഇത് സമുദായത്തിനു ലഭിച്ച മഹത്തായ ഒരു അനുഗ്രഹം തന്നെ. അതില്ലായിരുന്നുവെങ്കില്‍, ഖുർആനില്‍ എത്രയോ ഭിന്നിപ്പുകള്‍ ഉണ്ടാകുമായിരുന്നു. കാലക്രമത്തില്‍ ഇവക്കു പുറമെ, സൂറത്തുകളുടെ പ്രാരംഭങ്ങളും, പേരുകളും പ്രത്യേകം അടയാളപ്പെടുത്തപ്പെട്ടു. ഭാഗങ്ങളും ഉപവിഭാഗങ്ങളും (ജുസ്ഉകളും റുകൂഉകളും) ഓരോ ഭാഗങ്ങളുടെയും ¼, ½, ¾ മുതലായവയും നിര്‍ണയിക്കപ്പെട്ടു. നിറുത്തി വായിക്കേണ്ടതും, ചേര്‍ത്തു വായിക്കേണ്ടതുമായ സ്ഥാനങ്ങള്‍ക്ക് പ്രത്യേകം അടയാളങ്ങളും ചിഹ്നങ്ങളും നല്‍കപ്പെട്ടു. ഇങ്ങിനെയുള്ള പരിഷ്‌കരണങ്ങളെല്ലാം പിന്നീടുണ്ടായതാകുന്നു. ഇതെല്ലാം മുസ്വ്ഹഫുകള്‍ തുറന്നുനോക്കിയാല്‍ കാണാവുന്നതത്രെ.