ആമുഖം

പാരായണ മര്യാദകള്‍ 
ഇതര ഗ്രന്ഥങ്ങളെപ്പോലെ കണക്കാക്കാവുന്ന ഒന്നല്ല, വിശുദ്ധ ഖുർആന്‍. ഒരു ഗ്രന്ഥത്തിലെ ഉള്ളടക്കം ശരിക്കു ഗ്രഹിക്കുകയും, അതു മനഃപാഠമാക്കുകയും ചെയ്തു കഴിഞ്ഞാല്‍, പിന്നീടത് വായിക്കുന്നതില്‍ വലിയ പ്രയോജനമൊന്നുമില്ല. കവിഞ്ഞ പക്ഷം, മറന്നു പോകാതിരിക്കുവാനായി ഇടക്കു ഓരോന്നു നോക്കേിവരുമെന്നു മാത്രം. ഖുർആന്‍ അല്ലാഹുവിന്‍റെ വചനമാണ്. അത് വായിക്കുന്നതുതന്നെ ഒരു പുണ്യ കര്‍മമാണ്. അതിലെ വിജ്ഞാനങ്ങള്‍ക്ക് ഒടുക്കമില്ല. ഓരോ പ്രാവശ്യം വായിക്കുമ്പോഴും മുമ്പു കാണാത്ത പല വിജ്ഞാനങ്ങളും, തത്വങ്ങളും പുത്തനായി അതില്‍ നിന്നു ലഭിച്ചുകൊണ്ടിരിക്കും. വിശ്വാസദാര്‍ഢ്യവും, മാനസിക പരിവര്‍ത്തനവും വര്‍ദ്ധിച്ചുകൊണ്ടിരിക്കും. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളിലും കാരുണ്യത്തിലുമുള്ള ആവേശവും, ആഗ്രഹവും, അവന്‍റെ ശിക്ഷയെയും കോപത്തെയും കുറിച്ചുള്ള ഭയവും അത് വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കും. അതിലെ ദൃഷ്ടാന്തങ്ങള്‍ കൂടുതല്‍ സ്പഷ്ടമായിക്കൊണ്ടിരിക്കും. ആശ്ചര്യങ്ങള്‍ കൂടുതലായിക്കൊണ്ടിരിക്കും. ഒരു ഹദീഥില്‍ ഇപ്രകാരം വന്നിരിക്കുന്നു: وفضل كلام الله على سائر الكلام كفضل الله على خلقه – الترمذى والبيهقى അല്ലാഹുവിന്‍റെ വചനത്തിനു ഇതര വചനങ്ങളെ അപേക്ഷിച്ചുള്ള ശ്രേഷ്ഠത, അല്ലാഹുവിനു അവന്‍റെ സൃഷ്ടികളെ അപേക്ഷിച്ചുള്ള ശ്രേഷ്ഠത പോലെയാകുന്നു.) ഇതാണ് ഖുർആനും, ഇതര വചനങ്ങളും തമ്മിലുള്ള താരതമ്യത്തിന്‍റെ ചുരുക്കം. അതുകൊണ്ട് ഖുർആന്‍ പാരായണം ചെയ്യുമ്പോള്‍ പല മര്യാദകളും പ്രത്യേകം അനുഷ്ഠിക്കേതുണ്ട്. അതര്‍ഹിക്കുന്ന തരത്തിലുള്ള ബഹുമാനത്തോടും, അച്ചടക്കത്തോടും കൂടിയായിരിക്കേണ്ടതുമുണ്ട്. ‘അഊദുവും ബിസ്മിയും’ (التعوذ والبسملة) കൊണ്ടായിരിക്കണം ഖുർആന്‍ പാരായണമാരംഭിക്കേണ്ടത്. ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവിനോട് ശരണം തേടുന്നതിനാണ് ‘അഊദു’ എന്നു പറയുന്നത്. فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ – النحل ٩٨ (നീ ഖുർആന്‍ പാരായണം ചെയ്യുന്നതായാല്‍ ആട്ടപ്പെട്ട -ശപിക്കപ്പെട്ട- പിശാചില്‍ നിന്ന് അല്ലാഹുവില്‍ ശരണം തേടിക്കൊള്ളുക) എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു. അല്ലാഹുവിന്‍റെ തിരുനാമത്തില്‍ ആരംഭിക്കുന്നതിനാണ് ‘ബിസ്മി’ എന്നുപറയുന്നത്. ഒന്നാമതായി അവതരിച്ച ഖുർആന്‍ വചനം തന്നെ, അല്ലാഹുവിന്‍റെ നാമത്തില്‍ പാരായണം ചെയ്യണമെന്ന് കല്‍പിക്കുന്നതായിരുന്നുവല്ലോ. ഖുർആന്‍ എന്നുമാത്രമല്ല, ഏതൊരു നല്ല കാര്യവും ആരംഭിക്കുമ്പോള്‍ ബിസ്മി ചൊല്ലണമെന്ന് ഹദീഥുകളാല്‍ വ്യക്തമാണ്. ‘അഊദി’ന്‍റെയും ‘ബിസ്മി’യുടെയും പൂര്‍ണരൂപം എല്ലാവര്‍ക്കും അറിയാമല്ലോ. കുറേ വായിച്ചുതീര്‍ക്കുകയെന്ന നിലക്കു ഖുർആന്‍ പാരായണം ചെയ്യരുത്. വായിക്കുന്ന ഭാഗം ഉന്മേഷത്തോടും ഹൃദയ സാന്നിദ്ധ്യത്തോടും കൂടി വായിക്കണം. اقرأوا القرآن ما ائتلفت عليه قلوبكم فاذا اختلفتم فقوموا عنه – متفقن عليه (നിങ്ങളുടെ ഹൃദയങ്ങള്‍ക്കു ഖുർആനുമായി ഇണക്കമുള്ളപ്പോള്‍ നിങ്ങളത് ഓതിക്കൊള്ളുവിന്‍. നിങ്ങള്‍ക്കു ഇണക്കക്കേടുണ്ടാകുമ്പോള്‍ നിങ്ങള്‍ മതിയാക്കി എഴുന്നേറ്റുപോയിക്കൊള്ളുവിന്‍) എന്നാണ് നബി (ﷺ) ഉപദേശിക്കുന്നത്. ഉച്ചാരണവും ശബ്ദവും, എടുപ്പും വെപ്പും, നീട്ടലും മണിക്കലും തുടങ്ങിയ(*) തെല്ലാം കഴിയുന്നത്ര നല്ല നിലയിലും, അതതിന്‍റെ പ്രത്യേക സ്വഭാവങ്ങളോടുകൂടിയും ആയിരിക്കേതുണ്ട്. ഈ വിഷയകമായും പല ഹദീഥുകള്‍ കാണാവുന്നതാകുന്നു. ഒരു ഹദീഥില്‍ നബി (ﷺ) പറയുന്നു: ما اذن لله لشيئ ما اذن ل نبي حسن الصوت بالقرآن يج هر به – متفق عليه സാരം: ശബ്ദഭംഗിയുള്ള പ്രവാചകന് ഖുർആന്‍ ഉറക്കെ ഓതുവാന്‍ സമ്മതം നല്‍കിയിട്ടുള്ളത്ര മറ്റൊന്നിനും-മറ്റൊന്നും ഓതുന്നതിന്-അല്ലാഹു സമ്മതം കൊടുത്തിട്ടില്ല). ഖുർആന്‍ ശബ്ദം നന്നാക്കി ഉറക്കെ ഓതുന്നത് വളരെ നല്ലതാണെന്നു താല്‍പര്യം. മറ്റൊരു ഹദീഥില്‍ തിരുമേനി പറയുന്നു زينوا القرآن باصواتكم -احمد وابو داود وا بن ما جة നിങ്ങളുടെ ശബ്ദങ്ങള്‍കൊണ്ട് ഖുർആനെ അലങ്കരിക്കുവിന്‍). വേറൊരു വചനം ഇപ്രകാരമാകുന്നു: ليس منا من لم يت غن بالقرآن-البخارى (ഖുർആന്‍ മണിച്ച് ഓതാത്തവന്‍ നമ്മില്‍ പെട്ടവനല്ല). രാഗാത്മകമാക്കുക എന്നല്ല. ശബ്ദം നന്നാക്കി ഉച്ചത്തില്‍ ഭംഗിയായി ഓതുകയെന്നത്രെ മണിച്ചോതുക എന്നു പറഞ്ഞതിന്‍റെ വിവക്ഷ. വേറെ പല ഹദീഥുകളില്‍ നിന്നും ഇതു മനസ്സിലാക്കാവുന്നതാണ്.
(*) المخرج والصوت والابتداء والوقف والمد والغنة وغيرھا
നബി (ﷺ) യുടെ ഓത്ത് എപ്രകാരമായിരുന്നുവെന്നു ചോദിക്കപ്പെട്ടപ്പോള്‍ അനസ് (رضي الله عنه) പറഞ്ഞ മറുപടി ‘ كانت مدا مدا (അതു നീട്ടിനീട്ടിക്കൊണ്ടായിരുന്നു)’ എന്നായിരുന്നു. തുടര്‍ന്ന് അദ്ദേഹം ‘ബിസ്മി’ ഓതിക്കേള്‍പ്പിച്ചുകൊടുത്തു. അതില്‍ ‘ബിസ്മില്ലാഹി’ എന്നും, ‘അര്‍-റഹ്മാനി’ എന്നും, ‘അര്‍-റഹീം’ എന്നും പ്രത്യേകം പ്രത്യേകം നീട്ടിക്കൊണ്ടാണ് ഓതിക്കൊടുത്തത്. ഈ സംഭവം ബുഖാരി (رحمه الله) ഉദ്ധരിച്ചതാകുന്നു. ഉമ്മുസലമഃ (رضي الله عنها) യോട് അതിനെപ്പറ്റി ചോദിക്കപ്പെട്ടപ്പോള്‍ അവര്‍ ഓരോ അക്ഷരവും വ്യക്തമായി ഉച്ചരിച്ചുകൊണ്ട് ഓതിക്കൊടുക്കുകയാണ് ചെയ്തത്. ഇത് തിര്‍മദീ, അബൂദാവൂദ്, നസാഈ (رحمه الله) എന്നിവര്‍ ഉദ്ധരിച്ചിരിക്കുന്നു. ഒരിക്കല്‍ ഇശാ (عشاء) നമസ്‌കാരത്തില്‍ നബി (ﷺ) ‘വത്തീനി’ (والتين) സൂറത്ത് ഓതിയതിനെക്കുറിച്ച് ബറാഅ് (رضي الله عنه) പറഞ്ഞത് ഇപ്രകാരമായിരുന്നു: ما سمعت احدا احسن صوتا منه – متفق عليه (തിരുമേനിയെക്കാള്‍ ശബ്ദം നല്ല ഒരാളെ ഞാന്‍ കേട്ടിട്ടില്ല). മണിച്ചോതുക എന്നും, ശബ്ദം നന്നാക്കുക എന്നും പറഞ്ഞതിന്‍റെ ഉദ്ദേശ്യം ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാമല്ലോ. ശബ്ദം നന്നാക്കുന്നതോടൊപ്പം, വിനോദരസം പ്രദര്‍ശിപ്പിക്കുന്ന പ്രതീതി ഉളവാകാത്തതും, ഭക്തിബഹുമാനം പ്രകടമാക്കുന്ന തരത്തിലുള്ളതുമായിരിക്കണം വായന. ഖുർആനെ സംബന്ധിച്ചിടത്തോളം, ഏറ്റവും നല്ല ശബ്ദമുള്ളവനും, ഏറ്റവും നല്ല വായനക്കാരനും എങ്ങിനെയുള്ളവനായിരിക്കുംأي ال ناس اح سن صوتا لل قرآن واح سن قراءة എന്ന് നബി (ﷺ) യോട് ചോദിക്കപ്പെടുകയുണ്ടായെന്നും, അപ്പോള്‍ തിരുമേനി ഇപ്രകാരം മറുപടി പറഞ്ഞുവെന്നും ത്വാഊസ് (رحمه الله) പറയുന്നു: من اذا سمعتھ يقرأ اريت انھ يخشى لله-الدارمى (ഏതൊരുവന്‍ ഓതുന്നതു കേട്ടാല്‍, അവന്‍ അല്ലാഹുവിനെ ഭയപ്പെടുന്നുണ്ടെന്നു നിനക്കു തോന്നുന്നുവോ അങ്ങിനെയുള്ളവനാണ്). ത്വല്‍ക്വ് (رضي الله عنه) അപ്രകാരമുള്ള ആളായിരുന്നുവെന്നും ത്വാഊസ് (رحمه الله) പ്രസ്താവിച്ചിരിക്കുന്നു(*) ഖുർആന്‍ മനഃപാഠമാക്കിയ ആളുകളും സാധാരണ പാരായണവേളയില്‍ മുസ്വ്ഹഫ് നോക്കി ഓതുന്നതാണ് ഉത്തമം. ധൃതിയോട് കൂടിയും ഉച്ചാരണ ശുദ്ധി കൂടാതെയും ഖുർആന്‍ ഉരുവിടുന്നത് ഒട്ടും നന്നല്ല. അത് ഖുർആനോടുള്ള അനാദരവുകൂടിയാണ്. ഖുർആന്‍ ധൃതിപ്പെട്ട് ഓതരുതെന്ന് അല്ലാഹു അവന്‍റെ റസൂലിനോടുതന്നെ വിരോധിച്ചിട്ടുള്ളത് സുറത്തു ത്വാഹാ: 114 ലും മറ്റും കാണാവുന്നതാകുന്നു. അല്ലാഹുവിന്‍റെ രക്ഷാ ശിക്ഷകളെപ്പറ്റി വിവരിക്കുന്ന സന്ദര്‍ഭങ്ങളില്‍, ഓത്ത് നിറുത്തി കാരുണ്യത്തിനുവേണ്ടി അപേക്ഷിക്കുകയും, ശിക്ഷയില്‍ നിന്ന് രക്ഷക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടതാണ്. സന്ദര്‍ഭത്തിനൊത്ത പ്രതികരണവും ഹൃദയത്തില്‍ സംജാതമാകേണ്ടതുണ്ട്. സുജൂദ് ചെയ്യേണ്ടുന്ന ആയത്തുകള്‍ ഓതുമ്പോള്‍ സുജൂദ് ചെയ്യുകയും വേണം. (**) പകലത്തെക്കാള്‍ രാത്രിയിലും, മറ്റവസരങ്ങളെക്കാള്‍ നമസ്‌കാരത്തിലും, പ്രഭാതവേളയിലും മനഃസ്സാന്നിദ്ധ്യം കൂടുതല്‍ ലഭിക്കും. സൂറഃ മുസ്സമ്മിലി (مزّمّل)ല്‍ ഖുർആന്‍ സാവകാശം ഓതാനായി അല്ലാഹു കല്‍പിച്ചിരിക്കുന്നു.
(*) ത്വല്‍ക്വ് ( طلق – رض ) സ്വഹാബിയും, ത്വാഊസ് (طاؤوس- رح) താബിഈയും ആകുന്നു. (**) അല്ലാഹുവിന് സുജൂദ് (സാഷ്ടാംഗ നമസ്‌ക്കാരം) ചെയ്‌വാന്‍ പ്രേരിപ്പിക്കുന്ന ചില ആയത്തുകള്‍ ഓതുമ്പോള്‍ ഓതുന്നവരും, കേള്‍ക്കുന്നവരും ഓരോ സൂജൂദ് ചെയ്യേണ്ടതുണ്ടെന്ന് നബി (ﷺ) യുടെ സുന്നത്തിനാല്‍ സ്ഥാപിതമായിട്ടുള്ളതാണ്. ഇങ്ങിനെയുള്ള ആയത്തുകളുടെ അവസാനത്തില്‍ سجود التلاوة (ഓത്തിന്‍റെ സുജൂദ്) എന്ന് മുസ്വ്ഹഫുകളില്‍ അടയാളപ്പെടുത്തിയിട്ടുള്ളതുകൊണ്ട് അവയുടെ സ്ഥാനങ്ങള്‍ ആര്‍ക്കും മനസ്സിലാക്കുവാന്‍ പ്രയാസമില്ല. അതതു സ്ഥാനങ്ങളില്‍ യഥോചിതം നാം അവയെപ്പറ്റി ഉണര്‍ത്തുന്നതുമാണ്. إن شاء لله
വൃത്തിയോടുകൂടിയും, മാന്യവും ശുദ്ധവുമായ സ്ഥലത്തുവെച്ചും ആയിരിക്കുക, വുദ്വൂ (ചെറിയശുദ്ധി)വോടുകൂടിയായിരിക്കുക മുതലായവയും ഖുർആന്‍ പാരായണ മര്യാദകളില്‍ പെട്ടതാകുന്നു. വലിയ അശുദ്ധി (ജനാബത്ത്) ഉള്ളവര്‍ക്ക് ഖുർആന്‍ പാരായണവും, നമസ്‌കാരവും പാടില്ലെന്ന് വിരോധിക്കപ്പെട്ടിരിക്കുന്നു. പക്ഷേ, ഖുർആനല്ലാത്ത ദിക്ര്‍ (ദൈവകീര്‍ത്തനം), ദുആ (പ്രാര്‍ത്ഥന) മുതലായവ നടത്താവുന്നതുമാണ്. ഇവയെല്ലാം തന്നെ ക്വിബ്‌ലഃയെ അഭീമുഖീകരിച്ചുകൊണ്ടായിരിക്കുന്നതാണ് കൂടുതല്‍ നല്ലത്. വുദ്വൂ കൂടാതെ മുസ്വ്ഹഫ് എടുക്കുന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ രണ്ടഭിപ്രായമാണുള്ളത്. മുസ്വ്ഹഫ് എടുക്കുവാന്‍ വുദ്വൂ നിര്‍ബന്ധമാണെന്നാണ് പലരുടെയും പക്ഷം. മറ്റൊരു പക്ഷം നിര്‍ബന്ധമില്ലെന്നുമാകുന്നു. നിര്‍ബന്ധമാണെന്നതിനു മതിയായ തെളിവുകളൊന്നുമില്ല. എങ്കിലും വുദ്വൂവോടു കൂടി ആയിരിക്കുന്നതാണ് ഉത്തമമെന്നതില്‍ സംശയമില്ല. അത്രയുമല്ല, ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം കഴിയുന്നത്ര എല്ലാ സമയത്തും വുദ്വൂവോടു കൂടിയിരിക്കുക എന്നുള്ളത് വളരെ നല്ല കാര്യമാണെന്ന് നബി (ﷺ) യുടെ സുന്നത്തിനാല്‍ സ്ഥാപിതമായതാകുന്നു. അശുദ്ധമായ സ്ഥലങ്ങളിലോ, നിന്ദ്യമായ സ്ഥാനങ്ങളിലോ മുസ്വ്ഹഫ് വെക്കുന്നതും ഒഴിവാക്കേതുണ്ട്. ശത്രുക്കള്‍ ഖുർആനെ അവഹേളിക്കുവാന്‍ സംഗതിവരുന്ന പക്ഷം, മുസ്വ്ഹഫ് ശത്രുനാട്ടിലേക്ക് കൊണ്ടു പോകരുതെന്ന് ഹദീഥില്‍ പ്രത്യേകം വിരോധിച്ചിരിക്കുന്നു. ഖുർആന്‍റെ സിദ്ധാന്തങ്ങളും, തത്വങ്ങളും മാത്രമല്ല അതെഴുതിയ ഏടും ബഹുമാനിക്കപ്പെടേതുണ്ടെന്ന് ഇതില്‍ നിന്നു വ്യക്തമാകുന്നു. ബഹുമാന്യനായ ഒരാളുടെ എഴുത്തുപോലും നിന്ദിക്കപ്പെടുന്നത് ഒരു അപരാധ മായിക്കരുതപ്പെടുന്ന സ്ഥിതിക്ക് അല്ലാഹുവിന്‍റെ ഗ്രന്ഥത്തെ അനാദരിക്കുന്നതിനെപ്പറ്റി പറയേതുണ്ടോ?! ഇത്തരം സംഗതികളില്‍ ഇന്നു പൊതുവെ ഒരു അലസ നയമാണുള്ളത് എന്നു പറയേണ്ടിയിരിക്കുന്നു. വര്‍ത്തമാനപത്രങ്ങളുടെ കഷ്ണങ്ങളെന്നപോലെ, ഖുർആനോ നബിവചനങ്ങളോ എഴുതിയ കഷ്ണങ്ങളും പലരും പുറത്തെറിയുവാന്‍ മടിക്കാറില്ല. താരതമ്യേന ‘പുരോഗമനവാദി’കളിലാണ് ഈ വക കാര്യങ്ങള്‍ കൂടുതല്‍ കാണപ്പെടുക. ഹൃദയത്തില്‍ ഖുർആനോട് യഥാര്‍ത്ഥമായ സ്‌നേഹബഹുമാനം ഉള്ളവര്‍ ഒരിക്കലും അത് ചെയ്കയില്ല. ഖുർആന്‍റെ സിദ്ധാന്തങ്ങളെ കുറിച്ച് പ്രസംഗിക്കുന്നതുകൊണ്ടു മാത്രം അതിനോടുള്ള കടപ്പാടുകള്‍ തീര്‍ന്നുവെന്നോ, അതിനെ ബഹുമാനിച്ചുവെന്നോ പറഞ്ഞുകൂടാ. അനുസരണക്കേടിനെക്കാള്‍ വമ്പിച്ച അപരാധമാണ് അനാദരിക്കലും അപമാനിക്കലും എന്നോര്‍ക്കേണ്ടതുണ്ട്. സു: ഹജ്ജില്‍ അല്ലാഹു പറയുന്നു: ‘ആരെങ്കിലും അല്ലാഹുവിന്‍റെ പരിപാവന വസ്തുക്കളെ ബഹുമാനിക്കുന്നതായാല്‍ അത് തന്‍റെ രക്ഷിതാവിങ്കല്‍ അവന്ന് ഉത്തമമായിട്ടുള്ള താണ്’ (ഹജ്ജ്: 30). വീണ്ടും അതേ സൂറത്തില്‍ പറയുന്നു: ‘ആരെങ്കിലും അല്ലാഹുവിന്‍റെ ചിഹ്നങ്ങളെ ബഹുമാനിക്കുന്നതായാല്‍, നിശ്ചയമായും അത് ഹൃദയങ്ങളുടെ ഭക്തിയില്‍ നിന്നുള്ളതാണ്’ (ഹജ്ജ്:32). ഈ വചനം പ്രത്യേകം ശ്രദ്ധാര്‍ഹമാകുന്നു. വിശുദ്ധ ഖുർആന്‍ അല്ലാഹു ബഹുമാനിച്ചിട്ടുള്ള പരിപാവനമായ മതചിഹ്നമാണെന്നുള്ളതില്‍ സംശയമില്ലല്ലോ. ശത്രുക്കളുടെ അവഹേളനത്തിനോ പരിഹാസത്തിനോ പാത്രമാകുമെന്ന് കണ്ടാല്‍ ഖുർആനും കൊണ്ട് അവരുടെ അടുക്കലേക്ക് പോകരുതെന്ന് കല്‍പിക്കുന്ന ഒരു ഹദീഥ് ബുഖാരിയിലും മുസ്‌ലിമിലും വന്നിട്ടുണ്ട്. ബുഖാരിയുടെ വ്യാഖ്യാതാവായ ഇമാം അസ്‌ക്വലാനീ (رحمه الله) ‘ഫത്ഹുല്‍ബാരി’യിലും, മുസ്‌ലിമിന്‍റെ വ്യാഖ്യാതാവായ ഇമാം നവവീ (رحمه الله) ‘ശറഹു മുസ്‌ലിമി’ലും ഈ ഹദീഥിനെ വിശകലനം ചെയ്തതു കാണാം. ഈ വിഷയത്തില്‍ മുന്‍ഗാമികളുടെ വ്യത്യസ്താഭി പ്രായങ്ങള്‍ ഉദ്ധരിച്ചു വിശദീകരിച്ചിട്ടുമുണ്ട്. ഹദീഥില്‍ ചൂണ്ടിക്കാട്ടിയ കാരണം- അവഹേളനവും പരിഹാസവും-ഇല്ലാത്തപ്പോള്‍ അതിനു വിരോധമില്ലെന്ന് രണ്ടു പേരും വ്യക്തമാക്കിയിരിക്കുന്നു. അമുസ്‌ലിംകള്‍ ഖുർആന്‍ തൊടുന്നതിനെയും, അവര്‍ക്ക് ഖുർആന്‍ പഠിപ്പിക്കുന്നതിനെയും സംബന്ധിച്ചും ഇമാം അസ്‌ക്വലാനീ (رحمه الله) ഒന്നിലധികം സ്ഥലത്ത് സംസാരിച്ചിട്ടുണ്ട്. അദ്ദേഹം പ്രസ്താവിച്ചതിന്‍റെ രത്‌നച്ചുരുക്കം ഇതാണ്: ‘ഇമാമുകളില്‍ ചിലര്‍ പാടുണ്ടെന്നും, ചിലര്‍ പാടില്ലെന്നും തീര്‍ത്തു പറഞ്ഞിരിക്കുന്നു. പാടുള്ള അവസരവും, പാടില്ലാത്ത അവസരവും വെവ്വേറെ വിഭജിക്കുകയാണ് മറ്റു ചിലര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, ഖുർആന്‍റെ നേരെ അവഹേളനത്തിനും കയ്യേറ്റത്തിനും ഇടവരികയില്ലെന്നും, ഖുർആന്‍ മുഖേന വല്ല നന്മയും അവരില്‍ ഉണ്ടായേക്കാമെന്നും കാണുമ്പോള്‍ അതിനു യാതൊരു വിരോധവുമില്ല’ (ഫത്ഹുല്‍ബാരി വാ:1, പേ: 324, വാ :6. പേ: 81, 161, ശറഹ് മുസ്‌ലിം വാ: 2 പേ :132). ഖുർആനിലെ പദങ്ങളുടെയും, അക്ഷരങ്ങളുടെയും ഉച്ചാരണ മുറകള്‍, അക്ഷരങ്ങള്‍ പരസ്പരം കൂട്ടിവായിക്കുമ്പോഴത്തെ സ്വരവ്യത്യാസങ്ങള്‍, നീട്ടല്‍, കുറുക്കല്‍, മണിക്കല്‍, എടുപ്പ്, വെപ്പ് എന്നിങ്ങനെയുള്ള പലതിനെയും ശാസ്ത്രീയമായ രീതിയില്‍ വിവരിക്കുന്നതും, മുന്‍ഗാമികളായ മഹാന്മാരില്‍ നിന്നു മുഖാമുഖമായും നിവേദനമാര്‍ഗേണയും അറിയപ്പെട്ടിട്ടുള്ള വായനാ നിയമങ്ങള്‍ വിവരിക്കുന്നതുമായ പല ഗ്രന്ഥങ്ങളും പലരും രചിച്ചിട്ടുണ്ട്. علم القراءة والتجويد (ഖുർആന്‍ വായനയുടെയും നന്നായി വായിക്കുന്നതിന്‍റെയും ശാസ്ത്രം) എന്ന പേരില്‍ ഒരു ഇസ്‌ലാമികശാസ്ത്രവിഭാഗം തന്നെ നിലവിലുണ്ട്. അറബി ഭാഷാ ഗ്രന്ഥങ്ങള്‍ വായിക്കുന്നതില്‍ സാധാരണ ഗൗനിക്കേതില്ലാത്ത എത്രയോ കാര്യങ്ങള്‍ ഖുർആന്‍ പാരായണത്തില്‍ ഗൗനിക്കേണ്ടതായുണ്ട്. അവ നബി (ﷺ) യില്‍ നിന്നു സ്വഹാബികളും, അവരില്‍ നിന്ന് താബിഉകളും അവരില്‍ നിന്ന് പിന്‍ഗാമികളുമായി കര്‍ണാകര്‍ണികയായി പഠിച്ചു വന്ന പാരമ്പര്യ വിജ്ഞാനങ്ങളത്രെ. ചുരുക്കിപ്പറയുന്ന പക്ഷം, ഖുർആന്‍ പാരായണ നിയമങ്ങള്‍ ഒട്ടും അറിയാത്തവന് ഖുർആന്‍ ശരിക്കും വായിക്കുവാന്‍ സാധിക്കുകയില്ല. ഗ്രന്ഥത്തില്‍ നിന്നു മാത്രം പഠിച്ചാലും പോരാ, ഗുരുമുഖങ്ങളില്‍ നിന്നു തന്നെ നേരില്‍ കേട്ടു മനസ്സിലാക്കിയെങ്കില്‍ മാത്രമേ അവ വേണ്ടതുപോലെ പ്രയോഗത്തില്‍ വരുത്താന്‍ സാധിക്കുകയുള്ളൂ. പരസഹായം കൂടാതെ ഒരു മലയാളി മലയാളത്തില്‍ വിരചിതമായ ‘ഇംഗ്‌ളീഷ് ഭാഷാസഹായി’കളെ മാത്രം ആസ്പദമാക്കി ഇംഗ്ലീഷ് പഠിച്ചാലുള്ളതുപോലെ, അല്ലെ ങ്കില്‍ ഒരു ഇംഗ്ലീഷുകാരന്‍, ഇംഗ്ലീഷില്‍ രചിക്കപ്പെട്ട ‘മലയാള ഭാഷാ സഹായി’കളില്‍ നിന്നും മലയാളം പഠിച്ചാലുള്ളതുപോലെയായിരിക്കും ഗുരുസഹായം കൂടാതെ ഖുർആന്‍ വായന പഠിച്ചാലുള്ള അനുഭവം. സംഗീത രീതികള്‍ പുസ്തകത്തില്‍ നിന്നു മാത്രം പഠിച്ചു സംഗീതം പാടിയാലുള്ള കഥയും അങ്ങിനെത്തന്നെ. ഖുർആനാണെങ്കില്‍, സാധാരണ അറബി ഗദ്യങ്ങളുടെ മാതിരിയോ, പദ്യങ്ങളുടെ മാതിരിയോ ഉള്ള ഒന്നല്ല. അതിന്നു അതിന്‍റെതായ ഒരു പ്രത്യേക സ്വഭാവമാണുള്ളത്. അത് കവിതയല്ല; എന്നാലത് സാധാരണ രീതിയിലുള്ള ഗദ്യവുമല്ല. ആകയാല്‍ അതിന്നു അതിന്‍റെതായ വായനാരീതിയും, വായനാ നിയമവും ഉണ്ട്. ഖുർആന്‍ വായന ശരിപ്പെടുത്തുന്ന വിഷയത്തില്‍ അടുത്തകാലം വരെ – പണ്ഡിതന്മാരും പാമരന്മാരും അടക്കം- പില്‍ക്കാല മുസ്‌ലിംകള്‍ പൊതുവില്‍ കുറെ അതിരുകവിഞ്ഞു പോയിരുന്നു. അതേ സമയത്ത് അതിന്‍റെ അര്‍ത്ഥവും ആശയവും പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്നതില്‍ അവര്‍ വളരെ അമാന്തം കാണിച്ചിരുന്നുവെന്നതും ഒരു പരമാര്‍ത്ഥമത്രെ. അവരുടെ ശ്രമം മുഴുക്കെ ഉച്ചാരണത്തിലും, വായനാശൈലിയിലും മാത്രം കേന്ദ്രീകരിക്കുകയാണ് ചെയ്തത്. ഖുർആനോടുള്ള തങ്ങളുടെ കടമ അതോടെ അവസാനിച്ചുവെന്നും മിക്കവരും കരുതിവശായി. ഇന്ന് കാര്യവിവരമുള്ള പണ്ഡിതന്മാര്‍ പലരും ഇതിനെതിരില്‍ ശബ്ദം ഉയര്‍ത്തിയും സമരം നടത്തിയും കൊണ്ടിരിക്കുകയാണ്. തല്‍ഫലമായി ഒട്ടൊക്കെ ആളുകള്‍ക്ക് ഖുർആന്‍ മനസ്സിലാക്കണമെന്ന ബോധം ഉണ്ടായിത്തുടങ്ങിയിട്ടുണ്ടെന്നു പറയാം. الحمد لله നേരേമറിച്ച് ഖുർആന്‍റെ അര്‍ത്ഥം അറിഞ്ഞാല്‍മതി -അതിന്‍റെ വായനയും പാരായണ കാര്യവും എങ്ങിനെയെങ്കിലും ആയിക്കൊള്ളട്ടെ- എന്നൊരു നിലപാടുകൂടി അതോടൊപ്പം പലരിലും പ്രകടമായിക്കാണുന്നു. ഖുർആന്‍ ഗ്രഹിക്കുവാനുള്ള താല്‍പര്യത്തിലും, പരിശ്രമത്തിലും സ്വഹാബികള്‍ താബിഉകള്‍ തുടങ്ങിയ മുന്‍ഗാമികളെ കവച്ചുവെക്കുന്ന ഒരൊറ്റ വ്യക്തിയും ഇന്നില്ല. അതിന്‍റെ പാരായണ മുറകളിലും, വായന നന്നാക്കുന്നതിലും അവര്‍ എത്രമാത്രം ശ്രദ്ധ പതിപ്പിച്ചിരുന്നുവെന്ന് മുകളില്‍ വായിച്ച ഉദ്ധരണികളില്‍ നിന്നും മറ്റും നല്ല പോലെ ഗ്രഹിക്കാമല്ലോ. ‘തജ്‌വീദ്’ (നന്നാക്കി ഓതല്‍)നെ സംബന്ധിച്ചിടത്തോളം ഒരു അവഗണനാനയം മാത്രമല്ല, അതൊരു പഴഞ്ചനും അനാവശ്യവുമാണന്നുപോലും ഒരു ധാരണ ചിലരില്‍ കടന്നു കൂടിയിട്ടുണ്ട്. വേറെയും എത്രയോ പ്രവാചകചര്യകളെ ഈ ‘പരിഷ്‌കരണവാദികള്‍’ പഴഞ്ചനാക്കി പുറംതള്ളുക പതിവാണ്. അക്കൂട്ടത്തില്‍ ഒന്നു മാത്രമാണിതും. പണ്ഡിതന്മാരെന്ന് കരുതപ്പെടുന്ന പലരും ഇന്ന് ഖുർആന്‍ വായിക്കുന്നത് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നും. ഒരക്ഷരം മറ്റൊരക്ഷരമായി മാറുക, അര്‍ത്ഥ വ്യത്യാസം വന്നേക്കുമാറ് സ്ഥാനം തെറ്റി നിറുത്തുക (വക്വ്ഫ് ചെയ്യുക), നിറുത്തി വായിക്കല്‍ അത്യാവശ്യമായ സ്ഥാനങ്ങളില്‍ കൂട്ടിവായിക്കുക തുടങ്ങിയ അബദ്ധങ്ങള്‍ പലതും അവര്‍ നിര്‍ലജ്ജം ആവര്‍ത്തിക്കുന്നത് കാണാം. അതുപോലെത്തന്നെ, അറബിഭാഷ, അല്പമൊക്കെ കൈകാര്യം ചെയ്യാന്‍ അറിയാവുന്നവരില്‍ പോലും തെറ്റുകൂടാതെ അറബി എഴുതുവാന്‍ -ഖുർആന്‍ വിശേഷിച്ചും- കഴിയാത്ത പലരെയും കാണും. ഇതിലെല്ലാം ഇത്രയും അവഗണനാ നയം സ്വീകരിക്കുന്ന ഇതേ ആളുകള്‍, മറ്റു വല്ല പുസ്തകങ്ങളോ വര്‍ത്തമാനപത്രങ്ങളോ വായിക്കുമ്പോള്‍ ഒരാളുടെ പക്കല്‍ വല്ല അക്ഷരത്തെറ്റോ വടിവുകുറവോ കണ്ടാല്‍ അത് വളരെ പുച്ഛത്തോടുകൂടി വീക്ഷിക്കുകയും ചെയ്യും. കോമ, പുള്ളി മുതലായ ചിഹ്നങ്ങള്‍ ഗൗനിക്കാതിരുന്നാല്‍ പോലും പരിഹാസത്തിനു വിഷയമാക്കുന്ന ഇവര്‍, ഖുർആന്‍ വായനയിലെ തെറ്റുകളെപ്പറ്റി ശ്രദ്ധപതിപ്പിക്കുന്നത് പഴഞ്ചനും നിസ്സാരവുമാക്കുന്നത് കേവലം ഒരു വിരോധാഭാസമത്രെ. ഖുർആനെ ഉള്ളഴിഞ്ഞു സ്‌നേഹിക്കുകയും യഥാര്‍ത്ഥമായി ആദരിക്കുകയും ചെയ്യുന്നവര്‍ അതിന്‍റെ വായനയും, അതിന്‍റെ എഴുത്തും എല്ലാം തന്നെ ഗൗനിക്കാതിരിക്കയില്ല- ഗൗനിക്കേണ്ടതുമുണ്ട്.