ആമുഖം

പഠനവും പാരായണവും 
ഖുർആന്‍ പഠിക്കുക, പഠിപ്പിക്കുക, ഗ്രഹിക്കുക, കേള്‍ക്കുക, മനഃപാഠമാക്കുക, പാരായണം ചെയ്യുക എന്നിവയെല്ലാം വലിയ പുണ്യകര്‍മങ്ങളാകുന്നു. ഇതില്‍ മുസ്‌ലിംകള്‍ക്കാര്‍ക്കും സംശയം ഉണ്ടായിരിക്കുകയില്ല. അനുഷ്ഠാനത്തില്‍ മിക്കവരും വീഴ്ച വരുത്തുന്നുണ്ടെങ്കിലും ശരി. ഖുർആന്‍ വചനങ്ങളും, നബി വചനങ്ങളും ഇതിന്‍റെ പ്രാധാന്യത്തെ വളരെ ഊന്നിപ്പറഞ്ഞിട്ടുള്ളതാണ്. ചിലത് ചൂണ്ടിക്കാട്ടുക മാത്രമേ നമുക്ക് ഇവിടെ ചെയ്യേണ്ടതുള്ളൂ. അല്ലാഹു പറയുന്നു: ‘നിശ്ചയമായും അല്ലാഹുവിന്‍റെ കിതാബ് (വേദഗ്രന്ഥം) പാരായണം ചെയ്യുകയും, നമസ്‌കാരം നിലനിര്‍ത്തുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചിലവഴിക്കുകയും ചെയ്യുന്ന ആളുകള്‍, തീരെ നഷ്ടപ്പെട്ടുപോകാത്ത ഒരു വ്യാപാരത്തെ ആഗ്രഹിക്കുകയാണ് ചെയ്യുന്നത്…’ (സു: ഫാത്വിര്‍:29) നമസ്‌കാരം, ദാനധര്‍മം എന്നിവപോലെ സല്‍ക്കര്‍മങ്ങളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു പ്രധാന കര്‍മമാണ് ഖുർആന്‍ പാരായണവും എന്നാണല്ലോ ഈ വചനം കാണിക്കുന്നത്. വീണ്ടും പറയുന്നു: ‘അല്ലാഹു ഏറ്റവും നല്ല വൃത്താന്തം അവതരിപ്പിച്ചിരിക്കുന്നു. അതായത്: പരസ്പര സാദൃശ്യമുള്ള ആവര്‍ത്തിത വചനങ്ങളായ ഒരു ഗ്രന്ഥം! തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ തൊലികള്‍ അതു നിമിത്തം വിറകൊള്ളുന്നതാണ്. പിന്നീട് അവരുടെ തൊലികളും, ഹൃദയങ്ങളും അല്ലാഹുവിന്‍റെ സ്മരണയിലേക്ക് മയമായി വരുകയും ചെയ്യുന്നു.’ (സൂ: സുമര്‍:23). ‘നിശ്ചയമായും സത്യവിശ്വാസികള്‍ എന്നാല്‍, അല്ലാഹുവിനെക്കുറിച്ചു പ്രസ്താവിക്കപ്പെടുമ്പോള്‍ ഹൃദയങ്ങള്‍ പേടിച്ചു നടുങ്ങുകയും, അവന്‍റെ ആയത്തുകള്‍ ഓതിക്കേള്‍പ്പിക്കപ്പെടുമ്പോള്‍ അവ തങ്ങള്‍ക്ക് സത്യവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നവര്‍ മാത്രമാകുന്നു. അവര്‍ തങ്ങളുടെ രക്ഷിതാവില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുന്നതാകുന്നു’ (അന്‍ഫാല്‍: 2). പ്രഭാതവേളയില്‍ ഖുർആന്‍ പാരായണം ചെയ്തു നമസ്‌കരിക്കണം. പ്രഭാതവേളയിലെ ഖുർആന്‍ പാരായണം പ്രത്യേകം പ്രധാന്യം അര്‍ഹിക്കുന്നതാണ്. രാത്രി ഖുർആന്‍ ഓതി ‘തഹജ്ജുദ്’ (ഉറക്കില്‍ നിന്ന് എഴുന്നേറ്റു ചെയ്യുന്ന സുന്നത്ത് നമസ്‌കാരം) നടത്തണം എന്നൊക്കെ സൂറത്തു ബനൂഇസ്‌റാ ഈല്‍ 78-79ല്‍ അല്ലാഹു പറയുന്നത് കാണാം. ഇങ്ങിനെ-നമസ്‌ക്കാരത്തിലായാലും അല്ലാതെയും-ഖുർആന്‍ പാരായണം ചെയ്‌വാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ഖുർആന്‍ വചനങ്ങള്‍ പലതുണ്ട്. നമസ്‌കാരത്തില്‍ ഖുർആന്‍ ധാരാളം ഓതണമെങ്കില്‍, അത് മനഃപാഠമുണ്ടായിരിക്കണമെന്ന് പറയേണ്ടതില്ലല്ലോ. പാരായണം ചെയ്യുന്നത് ഖുർആന്‍റെ അര്‍ത്ഥവും സാരവും ഗ്രഹിച്ചുകൊണ്ടും ചിന്തിച്ചുകൊണ്ടും ആയിരിക്കണം. താന്‍ വായകൊണ്ട് പറയുന്നതെന്താണെന്നു അറിയാതെയും, ഓര്‍മിക്കാതെയും ഉരുവിടുന്നതുകൊണ്ട് വിശേഷിച്ചു ഫലമൊന്നും ഉണ്ടാകുവാനില്ല. സാമാന്യമായെങ്കിലും ഖുർആന്‍റെ അര്‍ത്ഥം ഓരോ മുസ്‌ലിമും അറിഞ്ഞിരിക്കേണ്ടതാവശ്യമാണ് . അര്‍ത്ഥം അറിയുകയില്ലെങ്കില്‍ പോലും, ദൈവവാക്യമാണെന്ന ബഹുമാനത്തോടെ അതു പാരായണം ചെയ്യുന്നതും ഒരു നല്ല കാര്യം തന്നെ. പക്ഷേ, അര്‍ത്ഥം ഒട്ടും ഗ്രഹിക്കാതെയും, വായിക്കുന്ന വാക്യങ്ങളില്‍ തീരെ മനസ്സിരുത്താതെയും പാരായണം ചെയ്യുന്നത്മൂലം ഖുർആന്‍റെ അവതരണ ലക്ഷ്യം നിറവേറുന്നില്ല എന്നു വ്യക്തമാണല്ലോ. സൂറത്തു സ്വാദിലെ 29-ാം വചനംകൊണ്ടു തന്നെ ഈ വസ്തുത ശരിക്കും മനസ്സിലാക്കാം. ‘ജനങ്ങള്‍ (ഖുർആന്‍റെ) ആയത്തുകള്‍ ഉറ്റാലോചിക്കുവാനും, ബുദ്ധിമാന്മാര്‍ ഓര്‍മവെക്കുവാനും വേണ്ടി’യാണ് അല്ലാഹു ആ അനുഗൃഹീത വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത് എന്ന് അല്ലാഹു അതില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു. ‘ഖുർആനെ ചിന്തിച്ചു പഠിക്കുവാന്‍ നാം സൗകര്യപ്പെടുത്തിയിട്ടുണ്ട്. ആരെങ്കിലും ഉറ്റാലോചിച്ചു നോക്കുവാന്‍ തയ്യാറുണ്ടോ?’ എന്ന് സൂറത്തുല്‍ ക്വമറില്‍ അല്ലാഹു പലവട്ടം ആവര്‍ത്തിച്ചാവര്‍ത്തിച്ചു ചോദിച്ചിട്ടുള്ളതും ഇവിടെ സ്മരണീയമാകുന്നു. ഖുർആനില്‍ ശ്രദ്ധ പതിക്കാതിരിക്കുകയും, അതേ സമയം പലതരം കഥകള്‍, നോവലുകള്‍ മുതലായവയില്‍ വ്യാപൃതരാവുകയും ചെയ്യുന്ന ആളുകളെപ്പറ്റി അല്ലാഹു പറയുന്നത് കാണുക: ‘മനുഷ്യരിലുണ്ട് ചിലര്‍: യാതൊരു അറിവുമില്ലാതെ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്നു (ജനങ്ങളെ) വഴിപിഴപ്പിക്കുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദ വാര്‍ത്തകളെ അവര്‍ വാങ്ങുന്നു. അക്കൂട്ടര്‍ക്ക് നിന്ദ്യമായ ശിക്ഷയുണ്ട്. അങ്ങിനെയുള്ളവന്ന് നമ്മുടെ ആയത്തുകള്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍, അവന്‍ അഹംഭാവം പ്രകടിപ്പിച്ചുകൊണ്ട്-അതു കേട്ടിട്ടില്ലാത്ത ഭാവത്തില്‍ -അവന്‍റെ രണ്ടു കാതിലും ഒരു ഭാരമുള്ളതുപോലെ- തിരിഞ്ഞു കളയും. (നബിയേ), അവന് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക!"(ലുക്വ് മാന്‍: 6,7). മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു: ‘നീ ഖുർആന്‍ വായിച്ചാല്‍, നിനക്കും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കുമിടയില്‍, ശക്തിമത്തായ ഒരു മറയെ നാം ഏര്‍പ്പെടുത്തുന്നതാണ്. അതു ഗ്രഹിക്കുന്നതിന്ന് (തടസ്സമായി) അവരുടെ ഹൃദയങ്ങളില്‍ ഒരു തരം ഭാരവും നാം ഏര്‍പ്പെടുത്തുന്നതാണ്……..’ (ബനൂ ഇസ്‌റാഈല്‍:45,46) . അര്‍ത്ഥോദ്ദേശ്യങ്ങള്‍ മനസ്സിലാക്കുവാന്‍ ശ്രമിക്കാതെ ഉരുവിടുന്നത് കൊണ്ട് മാത്രം തൃപ്തിയടയുന്നവരും, അര്‍ത്ഥം ഗ്രഹിച്ചു കഴിഞ്ഞാല്‍മതി-പാരായണം ചെയ്തുകൊള്ളണമെന്നില്ല- എന്നു ധരിക്കുന്നവരും മേലുദ്ധരിച്ച ക്വുര്‍ ആന്‍ വചനങ്ങളും, താഴെ ഉദ്ധരിക്കുന്ന നബി വചനങ്ങളും ശ്രദ്ധിച്ചിരിക്കേണ്ടതാകുന്നു. പലതരം പുസ്തകങ്ങളും, കലാസാഹിത്യങ്ങളും വായിച്ചുകൊണ്ടിരിക്കുന്ന പതിവുണ്ടെങ്കിലും ഖുർആന്‍ പാരായണത്തില്‍ വിമുഖത കാണിച്ചുകൊണ്ടിരിക്കുന്ന വിദ്വാന്മാര്‍, സൂറ: ലുക്വ്മാനിലെ മേലുദ്ധരിച്ച വചനവും പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അല്ലാഹു നമുക്ക് തൗഫീക്വ് നല്‍കട്ടെ! ആമീന്‍. ചില നബി വചനങ്ങള്‍കൂടി ഇവിടെ ഉദ്ധരിക്കാം. 1). നബി (ﷺ) അരുള്‍ചെയ്തതായി ഉഥ്മാന്‍ (رضي الله عنه) ഉദ്ധരിക്കുന്നു: خيركم من تعلم القران وعلمه – البخاري (നിങ്ങളില്‍ ഉത്തമനായുള്ളവന്‍, ഖുർആന്‍ പഠിക്കുകയും അതു പഠിപ്പിക്കു കയും ചെയ്യുന്നവനാകുന്നു) 2). അബൂഹുറയ്‌റഃ (رضي الله عنه) പറയുന്നു: നബി (ﷺ) ചോദിച്ചു: ‘നിങ്ങളില്‍ ഒരുവന്‍ തന്‍റെ വീട്ടുകാരിലേക്ക് മടങ്ങിച്ചെല്ലുമ്പോള്‍, തടിച്ചു കൊഴുത്ത ഗര്‍ഭിണികളായ മൂന്ന് ഒട്ടകങ്ങളെ അവിടെ കണ്ടുകിട്ടുന്നത് അയാള്‍ക്ക് ഇഷ്ടമായിരിക്കുമോ?’. ഞങ്ങള്‍ ഉത്തരം പറഞ്ഞു: ‘അതെ’. അപ്പോള്‍ തിരുമേനി പറഞ്ഞു: فثلاث ايات يقرأ من احدكم في صلاة خير له من ثلاث خلفات عظام – مسلم (എന്നാല്‍, നിങ്ങളൊരാള്‍ നമസ്‌കാരത്തില്‍ ഓതുന്ന മൂന്ന് ആയത്തുകള്‍, മൂന്ന് തടിച്ചുകൊഴുത്ത ഗര്‍ഭിണികളായ ഒട്ടകങ്ങളെക്കാള്‍ അവന്നു ഗുണമേറിയതാണ്). 3). നബി (ﷺ) പറഞ്ഞതായി ആഇശാഃ (رضي الله عنها) ഉദ്ധരിക്കുന്നു الماھر بالقرآن مع السغرة الكرام البررة والذي يقرأ القرآن ويتتعتع ف يه وھو عليه شاق له اجران – متفق عليه (ഖുർആനില്‍ നൈ പുണ്യം നേടിയവന്‍, പുണ്യവാളന്മാരായ മാന്യദൂതന്മാരോടുകൂടിയായിരിക്കും. ഖുർആന്‍ ഓതുന്നതു ഞെരുക്കമായിരിക്കുകയും, അതില്‍ വിക്കിവിക്കിക്കൊണ്ടിരി ക്കുകയും ചെയ്യുന്നവനാകട്ടെ, അവന്നു രണ്ടു പ്രതിഫലമുണ്ട്). ഇവിടെ ‘ദൂതന്മാര്‍’ (السغرة) എന്നു പറഞ്ഞതിന്‍റെ വിവക്ഷ നബിമാരും മലക്കുകളും ആകാവുന്നതാകുന്നു. ശരിക്കു വായിക്കുവാന്‍ സാധിക്കാതെ, വിഷമിച്ചു ഞെരുങ്ങിക്കൊണ്ട് വായിക്കുന്നവന്ന് അതു പാരായണം ചെയ്തതിന്‍റെ പേരിലും -വിഷമം സഹിച്ചതിന്‍റെ പേരിലും-രണ്ടു നിലക്കും- പ്രതിഫലം ലഭിക്കുമെന്നു താല്‍പര്യം. 4) . ബറാഉ് (رضي الله عنه) പറയുന്നു : ഒരാള്‍ (സ്വഹാബി) സൂറത്തുല്‍ കഹ്ഫ് ഓതുകയായിരുന്നു. അദ്ദേഹത്തിന്‍റെ അടുക്കല്‍ രണ്ടു പിരിച്ച കയറുകളാല്‍ കെട്ടിയ ഒരു കുതിരയുമുണ്ടായിരുന്നു. ഒരു മേഘം അദ്ദേഹത്തെ ആവരണം ചെയ്തു അടുത്തടുത്ത് വരികയായി. കുതിര വിറളി എടുക്കുകയുമായി. നേരം പുലര്‍ന്നപ്പോള്‍, അദ്ദേഹം നബി (ﷺ) യുടെ അടുക്കല്‍ ചെന്നു വിവരം പറഞ്ഞു. അപ്പോള്‍ തിരുമേനി പറഞ്ഞു: تلك السكينة تنزلت بالقرآن – متفق عليه (അത് ശാന്തിയാണ്. അത്, ഖുർആന്‍ നിമിത്തം ഇറങ്ങി വന്നതാണ്). 5). ഉസൈദുബ്‌നു ഹുദൈ്വര്‍ (اسيد بن حضير – رض) എന്ന സ്വഹാബി സൂറത്തുല്‍ ബക്വറഃ ഓതിയപ്പോഴും, കെട്ടിയിട്ടിരുന്ന അദ്ദേഹത്തിന്‍റെ കുതിര വട്ടം ചുറ്റിക്കൊണ്ടിരിക്കുകയുണ്ടായി. അതു നിമിത്തം തന്‍റെ പുത്രനായ യഹ്‌യാക്കു വല്ല ആപത്തും പിണഞ്ഞേക്കുമോ എന്നു ഭയന്ന് അദ്ദേഹം ഓത്തു നിറുത്തി. അദ്ദേഹം മേല്‍പ്പോട്ട് നോക്കുമ്പോള്‍, മേഘം പോലെ ഒരു വസ്തു കാണുകയും, അതില്‍ വിളക്കുകളെന്നപോലെ എന്തോ ചിലതു കാണുകയും ചെയ്തിരുന്നു. ഈ വിവരം അറിയിച്ചപ്പോള്‍ നബി തിരുമേനി (ﷺ) പ്രസ്താവിച്ചത് ഇപ്രകാരമായിരുന്നു: تلك الملئكة دنت لصوتك ولو قرأت لاصبحت ينظر الناس اليها لاتتوارى عنهم (അത് മലക്കുകളാണ്. താങ്കളുടെ (ഓത്തിന്‍റെ) ശബ്ദം നിമിത്തം അടുത്ത് വന്നിരിക്കുകയാണ്. താങ്കള്‍ ഓതിക്കൊണ്ടിരുന്നുവെങ്കില്‍-ജനങ്ങളില്‍ നിന്നു മറഞ്ഞുപോകാതെ അവര്‍ക്കു നോക്കിക്കാണാവുന്നവിധത്തില്‍-അത് രാവിലെയും ഉണ്ടാകുമായിരുന്നു). 6). നബി (ﷺ) പറഞ്ഞതായി അബൂഹുറയ്‌റഃ (رضي الله عنه) ഉദ്ധരിക്കുന്ന അല്പം ദീര്‍ഘമായ ഒരു ഹദീഥില്‍ ഇപ്രകാരം വന്നിരിക്കുന്നു و ما اجتمع قوم فى بيت من ب يوت لله يتلون كتاب لله ويتدا رسونه بينهم الا نزلت عليهم السكينة وغشيهم الرحمة وحفتهم الملئكة وذ كرھم لله فيمن عنده – مسلم ഏതെങ്കിലും ഒരു ജനത അല്ലാഹുവിന്‍റെ വീടുകളില്‍ പെട്ട ഒരു വീട്ടില്‍ (പള്ളിയില്‍) ഒരുമിച്ചുകൂടി അല്ലാഹുവിന്‍റെ കിതാബ് പാരായണം ചെയ്യുകയും, അവര്‍ അന്യോന്യം അത് പഠിക്കുകയും ചെയ്യുന്ന പക്ഷം, അവരില്‍ ശാന്തി ഇറങ്ങുകയും, കാരുണ്യം അവരെ ആവരണം ചെയ്യുകയും, മലക്കുകള്‍ അവരെ വലയം ചെയ്യുകയും, അല്ലാഹുവിങ്കലുളളവരുടെ (മലക്കുകളുടെ) മദ്ധ്യേ അവരെപ്പറ്റി അവന്‍ പ്രസ്താവിക്കുകയും ചെയ്യാതിരിക്കുകയില്ല). 7). നബി (ﷺ) യില്‍ നിന്ന് അബൂഹുറയ്‌റഃ (رضي الله عنه) ഉദ്ധരിച്ചിരിക്കുന്നു: لا تجعلوا بيوتكم مقابر ان الشيطان ينفر من البيت الذى يقرأ فيه سورة البقرة – مسلم (നിങ്ങളുടെ വീടുകള്‍ ക്വബ്ര്‍ സ്ഥാനങ്ങളാക്കരുത് . നിശ്ചയമായും സൂറത്തുല്‍ ബക്വറഃ ഓതപ്പെടാറുളള വീട്ടില്‍ നിന്നു പിശാച് വിറളിയെടുത്ത് പോകുന്നതാകുന്നു). ‘ക്വബ്ര്‍ സ്ഥാനങ്ങളാക്കുക’ എന്നുവെച്ചാല്‍ ക്വബ്ര്‍ സ്ഥാനങ്ങളെപ്പോലെ മൂകങ്ങളാക്കുക എന്നു സാരം. ഈ ഹദീഥില്‍ നിന്നു സൂറത്തുല്‍ ബക്വറഃയുടെ പ്രാധാന്യം മനസ്സിലാക്കാം. ഇസ്‌ലാമിലെ അനേകം നിയമങ്ങളും, തത്വങ്ങളും വിശദീകരി ക്കപ്പെട്ടിട്ടുള്ള ഏറ്റവും ദീര്‍ഘമായ സൂറത്താണത്. മറ്റു ചില സൂറത്തുകളെക്കുറിച്ചും ചില ഹദീഥുകള്‍ കാണാം. ദൈര്‍ഘ്യം ഭയന്നു ഉദ്ധരിക്കുന്നില്ല. സന്ദര്‍ഭോചിതം ചിലതെല്ലാം വഴിയെ നമുക്ക് വായിക്കാം. إِن شَاءَ اللَّهُ 8). നബി (ﷺ) പറഞ്ഞതായി ഇബ്‌നു ഉമര്‍ (رضي الله عنه) ഉദ്ധരിക്കുന്നു: يقال لصاحب القرآن اقرأ وارتق ورتل كما كنت ترتل فى الدنيا فان منزلك عند اخراية تقرأھا – احمد والترمذي وابوداود والنسائى (ഖുർആന്‍റെ ആളോടു പറയപ്പെടും: നീ ഓതുക, കയറിപ്പോകുക, ഇഹത്തില്‍ വെച്ച് നീ എപ്രകാരം സാവകാശത്തില്‍ (നന്നാക്കി) ഓതിയിരുന്നുവോ അപ്രകാരം സാവകാശത്തില്‍ ഓതിക്കൊള്ളുക! നീ ഓതുന്ന അവസാനത്തെ ആയത്തിങ്കല്‍ വെച്ചായിരിക്കും നിന്‍റെ താവളം). അതായത്, ഇഹത്തില്‍ വെച്ച് ഓതിയിരുന്ന പോലെ സാവകാശത്തില്‍ നന്നാക്കിക്കൊണ്ടുള്ള ഓത്ത് എത്ര ദീര്‍ഘിച്ചു പോകുന്നുവോ അതനുസരിച്ച് സ്വര്‍ഗത്തില്‍ ഉന്നത പദവികള്‍ അവര്‍ക്കു ലഭിക്കുമെന്ന് സാരം. ഖുർആന്‍ നന്നാക്കി ഓതുവാനും, കഴിയുന്നത്ര മനഃപാഠമാക്കുവാനുമുള്ള പ്രോത്സാഹനമാണ് ഈ ഹദീഥില്‍ ഉള്ളത്. 9). നബി (ﷺ) അരുളിയതായി ഇബ്‌നു മസ്ഊദ് (رضي الله عنه) ഉദ്ധരിക്കുന്നു: من قرأ حرفا من كتاب لله فله به حسنة والحسنة بعشرة امثالها لا اقول الم حرف الف حرف ولام حرف وميم حرف- الترمذى والدارمى (ആരെങ്കിലും, അല്ലാഹുവിന്‍റെ കിതാബില്‍നിന്നു ഒരക്ഷരം ഓതിയാല്‍ അതിനു പകരം അവനു ഒരു നന്മയുണ്ട്. നന്മയാകട്ടെ (ഖുർആനില്‍ പറഞ്ഞിരിക്കുന്നതുപോലെ) പത്തിരട്ടി പ്രതിഫലമുള്ളതാണ്.അലിഫ്-ലാം-മീം എന്നുള്ളത് ഒരു അക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. ‘അലിഫ്’ ഒരക്ഷരം, ‘ലാം’ ഒരക്ഷരം, ‘മീം’ ഒരക്ഷരം എന്നിങ്ങനെയാണ്) ചില സൂറത്തുകളുടെ ആരംഭങ്ങളിലുള്ള കേവലാക്ഷരങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒന്നാണ് ‘അലിഫ്-ലാം-മീം’ (الم) ഇവയെപ്പറ്റി സന്ദര്‍ഭോചിതം നാം സംസാരിക്കുന്നതാണ്. ഏതായാലും, അവയുടെ അര്‍ത്ഥം എന്താണെന്ന് നമുക്കറിയില്ല. അര്‍ത്ഥം ഗ്രഹിക്കുവാന്‍ സാധിക്കുന്നില്ലെങ്കിലും വിശുദ്ധ ഖുർആന്‍ പാരായണം ചെയ്യുന്നതിന് അല്ലാഹുവിങ്കല്‍ പ്രതിഫലം കിട്ടുമെന്നും, അര്‍ത്ഥം അറിയാത്തവര്‍ ഖുർആന്‍ പാരായണം ചെയ്യുന്നതില്‍ യാതൊരു നന്മയുമില്ലെന്ന് ചിലര്‍ പറയാറുള്ളത് ശരിയല്ലെന്നും ഈ ഹദീഥ് തെളിയിക്കുന്നു. പക്ഷേ, അര്‍ത്ഥം ഗ്രഹിക്കുവാന്‍ സാധിക്കുന്ന വചനങ്ങളുടെ അര്‍ത്ഥം ഗ്രഹിക്കുവാന്‍ ശ്രമിക്കാതിരിക്കുന്നതില്‍ മുസ്‌ലിംകള്‍ തെറ്റുകാരായിരിക്കുമെന്ന് പറയേണ്ടതില്ല. 10. അബൂ ഉമാമഃ (رضي الله عنه) നബി (ﷺ) യില്‍ നിന്ന് ഉദ്ധരിക്കുന്നു: فانه يأتي يوم القيامة شفيعا لاصحابه – مسلم (നിങ്ങള്‍ ഖുർആന്‍ ഓതുവീന്‍, നിശ്ചയമായും അതു ക്വിയാമത്തുനാളില്‍ അതിന്‍റെ ആള്‍ക്കാര്‍ക്ക് ശുപാര്‍ശകനായി വരുന്നതാകുന്നു). 11. നബി (ﷺ) പ്രസ്താവിച്ചതായി ഇബ്‌നു ഉമര്‍ (رضي الله عنه) ഉദ്ധരിക്കുന്നു: لَا حَسَدَ إِلَّا عَلَى اثْنَتَيْنِ رَجُلٌ آتَاهُ اللَّهُ الْكِتَابَ وَقَامَ بِهِ آنَاءَ اللَّيْلِ وَرَجُلٌ أَعْطَاهُ اللَّهُ مَالًا فَهُوَ يَتَصَدَّقُ بِهِ آنَاءَ اللَّيْلِ وَالنَّهَارِ – متفق عليه (രണ്ടാളുകളുടെ കാര്യത്തിലല്ലാതെ അസൂയയില്ല. ഒരാള്‍, അല്ലാഹു അവന്ന് ഖുർആന്‍ നല്‍കിയിരിക്കുന്നു (പഠിപ്പിച്ചിരിക്കുന്നു) എന്നിട്ട് രാത്രിസമയങ്ങളിലും, പകല്‍ സമയങ്ങളിലും അതു പാരായണം ചെയ്തുകൊണ്ട് അവന്‍ നമസ്‌കാരം നടത്തുന്നു. മറ്റൊരാള്‍, അല്ലാഹു അവന്നു ധനം നല്‍കിയിരിക്കുന്നു, എന്നിട്ട് രാത്രി സമയങ്ങളിലും പകല്‍ സമയങ്ങളിലും അവന്‍ അതില്‍ നിന്നു (നല്ല മാര്‍ഗത്തില്‍) ചിലവഴിച്ചുകൊണ്ടിരിക്കുന്നു). ‘അസൂയ’ കൊണ്ട് ഇവിടെ ഉദ്ദേശ്യം, ഒരാള്‍ അവനെപ്പോലെ തനിക്കും ആയിത്തീരണമെന്ന ആഗ്രഹത്തോടുകൂടി പരിശ്രമം നടത്തുക എന്നത്രെ. എന്നല്ലാതെ അവന്‍റെ നന്മയില്‍ അനിഷ്ടം കരുതുകയും, അവനെതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നല്ല. മറ്റൊരാള്‍ ഖുർആന്‍ ഓതുമ്പോള്‍ അത് ശ്രദ്ധകൊടുത്തു കേള്‍ക്കുക, അന്യോന്യം ഓതിക്കേള്‍പ്പിക്കുക, പാഠം ഒത്തുനോക്കുക മുതലായവയും നല്ലതാകുന്നു. സാരങ്ങള്‍ പരസ്പരം ഗ്രഹിക്കുവാനും, അഭിപ്രായവിനിമയങ്ങള്‍ നടത്തുവാനും അത് ഉതകുന്നു. മനഃപാഠമാക്കിയ ഭാഗം മറന്നു പോകാതെ സൂക്ഷിക്കുന്നതും അത്യാവശ്യമാകുന്നു. ഒരിക്കല്‍ നബി തിരുമേനി (ﷺ) ഇബ്‌നുമസ്ഊദ് (رضي الله عنه)നോട് തനിക്ക് ഖുർആന്‍ ഓതിക്കേള്‍പ്പിക്കുവാന്‍ ആവശ്യപ്പെടുകയുണ്ടായി. ‘ഖുർആന്‍ അവതരിച്ചിരിക്കുന്നത് അങ്ങേക്കായിരിക്കെ ഞാന്‍ അങ്ങേക്ക് ഓതിത്തരികയോ?’ എന്ന് അദ്ദേഹം ചോദിച്ചു. احب ان اسمعه من غيرى – متفق عليه (അത് മറ്റൊരാളില്‍ നിന്നു കേള്‍ക്കുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു) എന്നായിരുന്നു തിരുമേനിയുടെ മറുപടി. അങ്ങനെ, അദ്ദേഹം സൂറത്തുന്നിസാഉ് ഓതിക്കേള്‍പ്പിക്കുകയായി. അതിലെ 41-ാം വചനമെത്തിയപ്പോള്‍ തിരുമേനി حسبك الان (ഇപ്പോള്‍ മതി!) എന്നു പറയുകയുണ്ടായി. ഇബ്‌നുമസ്ഊദ് (رضي الله عنه) നോക്കുമ്പോള്‍ തിരുമേനിയുടെ കണ്ണുകള്‍ രണ്ടും അശ്രുധാര ഒഴുക്കുന്നുണ്ടായിരുന്നു. പ്രസ്തുത വചനം ഇതാകുന്നു: فَكَيْفَ إِذَا جِئْنَا مِن كُلِّ أُمَّةٍ بِشَهِيدٍ وَجِئْنَا بِكَ عَلَىٰ هَٰؤُلَاءِ شَهِيدًا ”അപ്പോള്‍, എല്ലാ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ടുവരികയും, ഇക്കൂട്ടര്‍ക്കു സാക്ഷിയായി നിന്നെ കൊണ്ടുവരികയും ചെയ്യുമ്പോഴത്തെ അവസ്ഥ എന്തായിരിക്കും?!”. (നിസാഅ്) ക്വിയാമത്തുനാളില്‍ വരാനിരിക്കുന്ന ആ രംഗത്തെപ്പറ്റി ആലോചിച്ചത് കൊണ്ടാണ് തിരുമേനി കണ്ണുനീരൊഴുക്കിക്കൊണ്ട് ‘ഇപ്പോള്‍ മതി’ എന്നു പറഞ്ഞത്. ഒരിക്കല്‍ ഉബയ്യുബ്‌നുകഅ്ബ് (رضي الله عنه)നോട് തിരുമേനി: ‘താങ്കള്‍ക്ക് ഖുർആന്‍ ഓതിക്കേള്‍പ്പിക്കുവാന്‍ അല്ലാഹു എന്നോട് കല്പിച്ചിട്ടുണ്ട്’ എന്നു പറയുകയുണ്ടായി. അദ്ദേഹം ചോദിച്ചു: അല്ലാഹു എന്‍റെ പേരെടുത്തു പറഞ്ഞിരിക്കുന്നുവോ? തിരുമേനി: ‘അതെ’ എന്നു ഉത്തരം പറഞ്ഞപ്പോള്‍ -അല്ലാഹുവിന്‍റെ സന്നിധിയില്‍ തന്‍റെ പേര് പ്രസ്താവിക്കപ്പെട്ടുവല്ലോ എന്ന സന്തോഷാധിക്യത്താല്‍-അദ്ദേഹത്തിന്‍റെ കണ്ണുകള്‍ ഒഴുകുകയുണ്ടായി. ഈ രണ്ടു സംഭവങ്ങളും ബുഖാരിയും, മുസ്‌ലിമും (رحمه الله) ഉദ്ധരിച്ചിട്ടുള്ളതാകുന്നു. ഉബയ്യ് (رضي الله عنه), ഇബ്‌നു മസ്ഊദ് (رضي الله عنه) എന്നീ രണ്ടു പേരും ഖുർആന്‍ പാരായണത്തില്‍ നൈപുണ്യം നേടിയ സ്വഹാബികളില്‍ പെട്ടവരായിരുന്നു. ഖുർആന്‍ വളരെ നന്നായി ഓതിയിരുന്ന മറ്റൊരു സ്വഹാബിയാണ് അബുമൂസല്‍ അശ്അരി (رضي الله عنه). ഒരു രാത്രി അദ്ദേഹം ഖുർആന്‍ പാരായണം ചെയ്യുന്നത് നബി (ﷺ) ചെവികൊടുത്തുകൊണ്ടിരുന്നു. പിറ്റേന്ന് അദ്ദേഹത്തോടു തിരുമേനി പറഞ്ഞു: ‘ഇന്നലെ രാത്രി ഞാന്‍ തന്‍റെ ഓത്ത് ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്നത് താന്‍ കണ്ടിരുന്നുവെങ്കില്‍!’ അപ്പോള്‍, അബൂമൂസാ (رضي الله عنه) പറഞ്ഞു: ‘അല്ലാഹുവാണ സത്യം! അവിടുന്ന് എന്‍റെ ഓത്ത് ശ്രദ്ധിച്ചു കേട്ടിരുന്നതായി ഞാന്‍ അറിഞ്ഞിരുന്നുവെങ്കില്‍, ഞാനതു വളരെ ഭംഗിയായി ഓതിക്കാണിച്ചു തരുമായിരുന്നു’. ഈ സംഭവം മുസ്‌ലിം ഉദ്ധരിച്ചിരിക്കുന്നു. ജമാഅത്ത് നമസ്‌കാരത്തില്‍ ഇമാം (മുമ്പില്‍ നില്‍ക്കുന്നവന്‍) ഉറക്കെ ഖുർആന്‍ ഓതണമെന്നും, പിന്നിലുള്ളവര്‍ (മഅ്മൂമുകള്‍) അത് സശ്രദ്ധം കേള്‍ക്കണമെന്നും നിശ്ചയിക്കപ്പെട്ടിട്ടുള്ളതും ഇവിടെ സ്മരണീയമാകുന്നു. നബി (ﷺ) യും ജിബ്‌രീലും (അ) കൂടി റമദ്വാന്‍ മാസങ്ങളില്‍ ഖുർആന്‍ പാഠം നോക്കാറുണ്ടായിരുന്നത് നാം മുമ്പ് ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. ഖുർആന്‍ പാരായണം കേള്‍ക്കുമ്പോള്‍ അതിലേക്ക് ശ്രദ്ധപതിപ്പിക്കുകയും, അതിനു ഭംഗവും വിഘാതവും ഉണ്ടാക്കാതിരിക്കുകയും ചെയ്യേണ്ടതാകുന്നു. സുറ: അഅ്‌റാഫ് 204ല്‍ അല്ലാഹു പറയുന്നു: ‘ഖുർആന്‍ ഓതപ്പെട്ടാല്‍ നിങ്ങള്‍ അതിലേക്ക് ശ്രദ്ധ കൊടുത്തു കേള്‍ക്കുകയും മൗനമായിരിക്കുകയും ചെയ്യുവീന്‍. നിങ്ങള്‍ക്ക് കരുണ ചെയ്യപ്പെട്ടേക്കുന്നതാണ്’. ഖുർആനുമായി ജനങ്ങള്‍ സദാ ഇടപഴകിക്കൊണ്ടിരിക്കുവാന്‍ വേണ്ടി എന്തുമാത്രം നടപടികളാണ് ഇസ്‌ലാം സ്വീകരിച്ചിട്ടുള്ളതെന്നു ഇതില്‍ നിന്നൊക്കെ മനസ്സിലാക്കാം. പഠിച്ച ഭാഗം മറന്നുപോകുവാന്‍ ഇടയാക്കരുതെന്നും നബി (ﷺ) പ്രത്യേകം താക്കീത് നല്‍കിയിട്ടുണ്ട്. അവിടുന്ന് പറയുന്നു: تعا ھدوا ال قرآن فوا لذى نف سى ب يده ل هو ا شد (നിങ്ങള്‍, ഖുർആനെ ഗൗനിച്ചുകൊണ്ടിരിക്കണം. കാരണം, എന്‍റെ ആത്മാവ് ഏതൊരുവന്‍റെ കൈവശമാണോ അവന്‍ തന്നെ സത്യം! നിശ്ചയമായും അത്, കെട്ടിയിട്ട ഒട്ടകത്തെക്കാള്‍ വേഗം കുതറിപ്പോകുന്നതാണ്). മറ്റൊരു വചനത്തില്‍ وا ستذكروا ال قرآن (നിങ്ങള്‍ ഖുർആനെ ഓര്‍മ പുതുക്കിക്കൊണ്ടിരിക്കണം) എന്നാണുള്ളത്. ഖുർആന്‍ പാരായണം വെറും ഒരു തൊഴിലായി സ്വീകരിച്ചുവരുന്നവര്‍ താഴെ കാണുന്ന രണ്ടു ഹദീഥുകള്‍ ഗൗനിക്കേണ്ടിയിരിക്കുന്നു. ഒരിക്കല്‍ ഇംറാന്‍ (عمران بن الحصين – رض) ഒരു കഥാകാരന്‍ (വഅള് പറയുന്നവര്‍) ഖുർആന്‍ ഓതുകയും പിന്നീട് ജനങ്ങളോട് സഹായം ചോദിക്കുകയും ചെയ്യുന്നതു കണ്ടു. ഉടനെ അദ്ദേഹം ‘ഇസ്തിര്‍ജാഉ് ചൊല്ലി’. (*) അദ്ദേഹം പറഞ്ഞു: റസൂല്‍ തിരുമേനി (ﷺ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിരിക്കുന്നു: من قرأ القرآن فليسأ ل لله به فانه سيجئ اقوام ي قرأون القرآن يقرأون القرآن يسألون به الناس – احمد والترمذى (ഒരാള്‍ ഖുർആന്‍ ഓതുന്നതായാല്‍, അതിന് പ്രതിഫലം അല്ലാഹുവിനോട് ചോദിച്ചുകൊള്ളട്ടെ. എന്നാല്‍, വഴിയെ ചില ജനങ്ങള്‍ വരുവാനുണ്ട്, അവര്‍, ജനങ്ങ ളോട് ചോദിക്കുവാനായി ഖുർആന്‍ ഓതുന്നതാണ്). വേറൊരു നബി വചനം ബുറയ്ദ (رضي الله عنه) ഉദ്ധരിക്കുന്നതു ഇപ്രകാരമാകുന്നു : من قرأ القرآن ي تأ كل به الناس جاء يوم القي مة ووج هه ع ظم ل يس عل يه ل حم – البيهقى فى شعب الأي مان (ആരെങ്കിലും ജനങ്ങളെ പറ്റിത്തിന്നുവാനായി ഖുർആന്‍ ഓതുന്നതായാല്‍ ക്വിയാമത്തുനാളില്‍, അവന്‍ മുഖത്തു മാംസമില്ലാതെ എല്ലുമാത്രമായിക്കൊണ്ട് വരുന്നതാണ്). ജനങ്ങളോട് യാചിച്ചു നടക്കുന്നത് നബി (ﷺ) കഠിനമായി ആക്ഷേപിച്ചിട്ടുള്ളതാണല്ലോ. യാചകന്‍ ക്വിയാമത്തുനാളില്‍ മുഖത്തു മാംസമില്ലാത്ത വിധത്തില്‍ വരുവാന്‍ അതും കാരണമാകുമെന്നും താക്കീതു ചെയ്തിരിക്കുന്നു. എന്നിരിക്കെ, യാചനക്കു ഖുർആനെ ഒരു ആയുധം കൂടി ആക്കുമ്പോള്‍, അതു കൂടുതല്‍ ദോഷകരമാണെന്ന് പറയേണ്ടതില്ല. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. امين
(*) വല്ല ആപത്തോ അപായമോ അറിയുമ്പോള്‍ انا لله وانا اليه راجعون (നാമെല്ലാം അല്ലാഹുവിന്‍റെതാണ്. നാം അവനിലേക്കുതന്നെ മടങ്ങുന്നവരാണ്) എന്ന് പറയുന്നത് നല്ലതാകുന്നു. ഇതിന്നാണ് ‘ഇസ്തിര്‍ജാഉ്’ (سترجاع) എന്നു പറയുന്നത്. മടക്കം കാണിക്കുക എന്നു വാക്കര്‍ത്ഥം.